ശബരിമല വാര്‍ത്തകള്‍ /അറിയിപ്പുകള് ( 15/11/2023)
ശബരിമല : സുരക്ഷിത തീര്‍ഥാടനത്തിനായി എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയാക്കി പോലീസ് വകുപ്പ്
സുരക്ഷിത തീര്‍ത്ഥാടനത്തിനായി ശബരിമലയില്‍ എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായതായി ഡിജിപി ഷെയ്ഖ് ദര്‍വേശ് സാഹിബ് പറഞ്ഞു. ശബരിമല തീര്‍ഥാടനവുമായി ബന്ധപ്പെട്ട ഒരുക്കങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനായി പമ്പയില്‍ ചേര്‍ന്ന യോഗത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ആറ് ഘട്ടങ്ങളിലായി പതിമൂവായിരം പൊലീസുകാര്‍ തീര്‍ഥാടനകാലയളവില്‍ ഡ്യൂട്ടിയിലുണ്ടാകും. കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ദര്‍ശനത്തിന് പ്രത്യേക സൗകര്യം ഒരുക്കും. വാഹനങ്ങളില്‍ അലങ്കാരങ്ങള്‍ ഉപയോഗിക്കരുത്. സന്നിധാനം, നിലയ്ക്കല്‍, വടശേരിക്കര എന്നിവിടങ്ങളില്‍ മൂന്ന് താത്കാലിക പൊലീസ് സ്റ്റേഷനുകള്‍ നിര്‍മിക്കും. ഡ്രോണ്‍ സംവിധാനം ഉപയോഗിക്കും.
15 കൗണ്ടറുകളിലായാണ് വെര്‍ച്വല്‍ ക്യു സംവിധാനം ഏര്‍പ്പെടുത്തിയിരിക്കുന്നത്. എല്ലാ ഇടത്താവളങ്ങളിലും തീര്‍ഥാടകരുടെ വാഹനം പാര്‍ക്ക് ചെയ്യുന്നതിനായി സൗകര്യം ഏര്‍പ്പെടുത്തിയിട്ടുണ്ട്. പമ്പയിലെത്തുന്ന തീര്‍ഥാടകരുടെ വാഹനം നിലയ്ക്കലിലാണ് പാര്‍ക്ക് ചെയ്യേണ്ടത്. 17 ഗ്രൗണ്ടുകളിലായി അവിടെ പാര്‍ക്കിംഗ് സൗകര്യം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ദേവസ്വം ബോര്‍ഡിന്റെ നേതൃത്വത്തില്‍ ഫാസ്റ്റ് ടാഗ് സംവിധാനം ഉപയോഗിച്ചാണ് പാര്‍ക്കിംഗ് അനുവദിക്കുന്നതെന്നും വരുന്ന എല്ലാ വാഹനങ്ങള്‍ക്കും ഫാസ്റ്റ് ടാഗ് സംവിധാനമുണ്ടായിരിക്കണമെന്നും അദ്ദേഹം പറഞ്ഞു.
ക്രമസമാധാന വിഭാഗം എഡിജിപി എം ആര് അജിത്ത് കുമാര്‍, ദക്ഷിണമേഖലാ ഐ ജി ജി സ്പര്‍ജന്‍ കുമാര്‍, പോലീസ് ആസ്ഥാനത്തെ ഐ ജി നീരജ് കുമാര്‍ ഗുപ്ത, തിരുവനന്തപുരം റേഞ്ച് ഡി ഐ ജി ആര് നിശാന്തിനി, പത്തനംതിട്ട ജില്ലാ പൊലീസ് മേധാവി വി. അജിത്ത്, കോട്ടയം ജില്ലാ പൊലീസ് മേധാവി കെ. കാര്‍ത്തിക്, ആലപ്പുഴ ജില്ലാ പൊലീസ് മേധാവി ചൈത്ര തെരേസ ജോണ്‍, ഇടുക്കി ജില്ലാ പോലീസ് മേധാവി വി.യു കുര്യാക്കോസ് , സന്നിധാനം, പമ്പ, നിലയ്ക്കല്‍ എന്നിവിടങ്ങളില്‍ നിയമിതരായ സ്പെഷ്യല്‍ ഓഫീസര്‍മാര്‍, അസിസ്റ്റന്റ് സ്പെഷ്യല്‍ ഓഫീസര്‍മാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
ശബരിമല തീര്‍ഥാടനം: ആധുനിക വാര്‍ത്താവിനിമയ സംവിധാനങ്ങളുമായി ബിഎസ്എന്‍എല്‍
ശബരിമല തീര്‍ഥാടനവുമായി ബന്ധപ്പെട്ട് ആധുനിക വാര്‍ത്താവിനിമയ സേവനങ്ങള്‍ ഒരുക്കി ബി.എസ്.എന്‍.എല്‍. ശബരിമലയിലേക്കുള്ള പ്രധാന തീര്‍ഥാടന പാതകളില്‍ മൊബൈല്‍ കവറേജ് സുഗമമായി ലഭിക്കാന്‍ 23 മൊബൈല്‍ ടവറുകളാണ് ബിഎസ്എന്‍എല്‍ സജ്ജമാക്കിയിട്ടുള്ളത്.
പ്ലാപ്പള്ളി, പമ്പ ടെലിഫോണ്‍ എക്സ്ചേഞ്ച്, പമ്പ കെഎസ്ആര്‍ടിസി, പമ്പ ഗസ്റ്റ് ഹൗസ്, പമ്പ ആശുപത്രി, പമ്പ ഹില്‍ടോപ്പ്, നിലക്കല്‍, ളാഹ, അട്ടത്തോട്, ശബരിമല സിഎസ്സി, ശബരിമല ടെലിഫോണ്‍ എക്സ്ചേഞ്ച് തുടങ്ങിയ നിലവിലുള്ള 12 മൊബൈല്‍ ടവറുകളില്‍ മൊബൈല്‍ സേവനം തടസമില്ലാതെ ലഭ്യമാക്കുന്നതിനുള്ള ക്രമീകരണങ്ങളും പൂര്‍ത്തിയായി. ഇലവുങ്കല്‍, നിലയ്ക്കല്‍ ആശുപത്രി, പമ്പ കെഎസ്ആര്‍ടിസി, ശരംകുത്തി, പ്രണവ് ബില്‍ഡിങ്, ശബരിമല ഗസ്റ്റ് ഹൗസ്, കൈലാഷ് ബില്‍ഡിങ്, പോലീസ് ബാരക്ക്, ശബരിമല നടപ്പന്തല്‍, അപ്പാച്ചിമേട്, നിലയ്ക്കല്‍ പാര്‍ക്കിംഗ് ഏരിയ തുടങ്ങിയ സ്ഥലങ്ങളില്‍ 11 അധിക മൊബൈല്‍ ടവറുകളുടെയും പ്രവര്‍ത്തനം സജ്ജമാക്കി.
ശബരിമല, പമ്പ, നിലയ്ക്കല്‍ എന്നിവിടങ്ങളില്‍ 300 എംബിപിഎസ് വേഗത ലഭിക്കുന്ന ഒപ്റ്റിക്കല്‍ ഫൈബര്‍ കണക്ടിവിറ്റി ലഭ്യമാകും. ഒപ്റ്റിക്കല്‍ ഫൈബര്‍ മുഖേനയുള്ള 150 ഇന്റര്‍നെറ്റ് കണക്ഷനുകള്‍, 26 ഹോട്ട് ലൈന്‍, ഫൈബര്‍ കണക്ടിവിറ്റിയിലൂടെ 15 ലിസ്ഡ് സര്‍ക്യൂട്ടുകള്‍ തുടങ്ങിയ സേവനങ്ങള്‍ വിവിധ വകുപ്പുകള്‍ക്ക് നല്‍കിയിട്ടുണ്ട്. പമ്പ മുതല്‍ സന്നിധാനം വരെ പ്രവര്‍ത്തിക്കുന്ന മുഴുവന്‍ ഓക്സിജന്‍ പാര്‍ലറുകള്‍, എമര്‍ജന്‍സി മെഡിക്കല്‍ സെന്റര്‍ എന്നിവയുടെ പ്രവര്‍ത്തനം സുഗമമാക്കുന്നതിനുള്ള ക്രമീകരണങ്ങളും ഏര്‍പ്പെടുത്തിയിട്ടുണ്ട്.
24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കസ്റ്റമര്‍ സര്‍വീസ് സെന്റര്‍ പമ്പയിലും ശബരിമലയിലും സജ്ജമാണ്. പുതിയ മൊബൈല്‍ കണക്ഷന്, അയല്‍സംസ്ഥാനങ്ങളിലുള്ള സിമ്മുകള്‍ എടുക്കുന്നത്, റീചാര്‍ജ്, ബില്‍ പെയ്മെന്റ് തുടങ്ങിയ സേവനങ്ങള്‍ ഇവിടെ ലഭിക്കും. പമ്പ വെര്‍ച്ചല്‍ ക്യൂ, ശബരി മല ക്യൂ കോംപ്ലസ് തുടങ്ങിയ സ്ഥലങ്ങളില്‍ തീര്‍ഥാടകര്‍ക്ക് പബ്ലിക് വൈഫൈ സൗകര്യവും ലഭിക്കും. ഗ്രാമീണമേഖലയില്‍ ഇന്റര്‍നെറ്റ് സംവിധാനം ലഭ്യമാക്കുന്ന ഭാരത് ഉദ്യമി പ്രകാരമുള്ള ബിഎസ്എന്‍എല്‍ ഫൈബര്‍ കണക്ഷനുകള്‍ ഓണ്‍ ഡിമാന്റ് ആയി നല്‍കുമെന്ന് ബി എസ് എന്‍ എല്‍ പ്രിന്‍സിപ്പല്‍ ജനറല്‍ മാനേജര്‍ കെ സാജു ജോര്‍ജ് അറിയിച്ചു.
ശബരിമല: താല്‍ക്കാലിക ഡിസ്പന്സറികള് സജ്ജീകരിച്ച് ഹോമിയോപ്പതി വകുപ്പ്
ശബരിമല മണ്ഡല മകരവിളക്കിനോടനുബന്ധിച്ചു വിപുലമായ സജീകരണങ്ങളൊരുക്കി ഹോമിയോപതി വകുപ്പ്. പമ്പാ, സന്നിധാനം എന്നിവിടങ്ങളില്‍ താല്‍ക്കാലിക ഹോമിയോ ഡിസ്പന്സറികള് പ്രവര്‍ത്തിക്കും. ഏഴ് ഘട്ടങ്ങളിലായി 98 ജീവനക്കാരെ നിയോഗിച്ചു. മരുന്നുകള്‍, രോഗപ്രതിരോധ മരുന്നുകള്‍, ഫസ്റ്റ് എയ്ഡ് കിറ്റുകള്‍ എന്നിവ സജ്ജമാക്കി. പമ്പാ, സന്നിധാനം എന്നിവിടങ്ങളില്‍ മലയാളം, ഇംഗ്ലീഷ്, ഹിന്ദി, കന്നട, തമിഴ്, തെലുങ്ക് ഭാഷകളിലെ ബോര്‍ഡുകള്‍ സ്ഥാപിച്ചു. ജില്ലാ മെഡിക്കല്‍ ഓഫീസറുടെ ഫോണ്‍നമ്പര്‍, ഇമെയില്‍ ഐഡി, വകുപ്പില്‍ നിന്ന് ലഭിക്കുന്ന ചികിത്സാ പദ്ധതികള്‍ സംബന്ധിച്ചുള്ള വിവരങ്ങളും പ്രദര്‍ശിപ്പിച്ചിട്ടുണ്ടെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ഹോമിയോ) അറിയിച്ചു.
ഉദ്യോഗസ്ഥരെ നിയമിച്ചു
2023 ശബരിമല മണ്ഡല മകരവിളക്ക് മഹോത്സവവുമായി ബന്ധപെട്ട് കെഎസ്ആര്‍ടിസി ഉദ്യോഗസ്ഥരെ നിയമിച്ച ഉത്തരവായി.
പമ്പ കണ്ട്രോള് റൂം
ഫോണ്‍…. 0473 5203445
മൊബൈല്‍……. 9446592999
നിലയ്ക്കല്‍………….9188526703
ചെങ്ങന്നൂര്‍….9497725105
എറണാകുളം………9497024092
കോട്ടയം………..9447577119
സ്പെഷല്‍ ഓഫീസര്‍
ടി സുനില്‍ കുമാര്‍
മൊബൈല്‍…. 9497001629
ഫോണ്‍….04735 203446
അസിസ്റ്റന്റ് സ്പെഷല്‍ ഓഫീസര്‍
ഷാജു ലോറന്‍സ്
8921311249
ജനറല്‍ കണ്ട്രോളിംഗ് ഇന്‍സ്പെക്ടര്‍
എസ് എന്‍ അജിത്ത്
9447013040
ചീഫ് ട്രാഫിക് മാനേജര്‍
ബജറ്റ് ടൂറിസം സെല്‍
ജേക്കബ് സാം ലോപ്പസ്
9446332122
9495099901
വിശുദ്ധിസേന ശുചീകരണ പ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടനം നവംബര്‍ (16)
ശബരിമല മണ്ഡല മകരവിളക്ക് തീര്‍ഥാടനവുമായി ബന്ധപ്പെട്ടു ശബരിമല സാനിറ്റേഷന്‍ സൊസൈറ്റിയുടെ നേതൃത്വത്തില്‍ സന്നിധാനം,പമ്പ, നിലയ്ക്കല്‍ എന്നിവിടങ്ങളില്‍ വിശുദ്ധ സേനാംഗങ്ങളെ നിയോഗിച്ചു നടത്തുന്ന ശുചീകരണ പ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടനം ജില്ല കളക്ടര്‍ എ ഷിബു നവംബര്‍ 16 രാവിലെ 8 ന് പമ്പ ആഞ്ജനേയ ഓഡിറ്റോറിയത്തില്‍ നിര്‍വഹിക്കും.