കോന്നി : നിർമ്മാണം പൂർത്തീകരിച്ച കേന്ദ്രീയ വിദ്യാലയത്തിലെ പുതിയ കെട്ടിടത്തിൽ ഉടൻ ക്ലാസുകള്‍ ആരംഭിക്കുമെന്ന് ആന്റോ ആന്റണി എം പി പറഞ്ഞു.കോന്നി പെരിഞൊട്ടക്കലിൽ നിർമ്മാണം പൂർത്തിയാക്കിയ കേന്ദ്രീയ വിദ്യാലയം കെട്ടിടം നിർമാണം വിലയിരുത്തിയ ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇന്ത്യയിൽ തന്നെ പൂർണ്ണമായി നിർമ്മാണം പൂർത്തീകരിച്ച ആദ്യത്തെ കെട്ടിടമാണ് കോന്നിയിലേത് എന്നും അദ്ദേഹം കൂട്ടി ചേർത്തു.
കോന്നി ഗ്രാമ പഞ്ചായത്തിലെ പെരിഞൊട്ടക്കലിൽ ആണ് കെട്ടിടം നിർമ്മിക്കുന്നത്. കെട്ടിടത്തിന്‍റെ തേപ്പ് കഴിഞ്ഞ് വെള്ള പൂശുന്ന ജോലികളും തീർന്നു.ജനലുകളും ജനൽ കതകുകളും സ്ഥാപിച്ചു.ചുറ്റുമതിൽ നിർമ്മാണവും വയറിങ് ജോലികളും പൂർത്തിയായി .29 കോടി രൂപ ചിലവിൽ 8 ഏക്കർ സ്ഥലത്താണ് കെട്ടിടം ഉയരുന്നത്.കേന്ദ്രീയ വിദ്യാലയത്തിലെ എ കാറ്റഗറിയിൽ ഉള്ള വിദ്യാലയം ആണ് കോന്നിയിൽ ഉയരുന്നത്.4500 സ്ക്വയർ മീറ്റർ വിസ്തീർണ്ണം വരുന്ന കെട്ടിടത്തിൽ 960 വിദ്യാർത്ഥികൾക്കുള്ള പഠനം സാധ്യമാകും.24 ക്ലാസ്സ് മുറികൾ, മുന്നൂറ് പേർക്ക് ഇരിക്കാവുന്ന മൾട്ടി പർപ്പസ് ഹാൾ,ജീവനക്കാർക്കായുള്ള പതിനേഴ് ക്വാട്ടേഴ്സ്കൾ എന്നിവയും നിർമ്മിക്കുന്നുണ്ട്.നിലവിൽ അട്ടച്ചാക്കൽ സെന്റ് ജോർജ്ജ് ഹയർ സെക്കണ്ടറി സ്‌കൂളിൽ ആണ് കേന്ദ്രീയ വിദ്യാലയം പ്രവർത്തിക്കുന്നത്.
കോന്നി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് അനി സാബു തോമസ്, ബ്ലോക്ക് അംഗങ്ങളായ പ്രവീൺ പ്ലാവിളയിൽ, ദേവകുമാർ, അരുവാപ്പുലം പഞ്ചായത്ത് വൈസ് പ്രസിഡന്റ് മണിയമ്മ രാമചന്ദ്രൻ,സന്തോഷ് കുമാർതുടങ്ങിയവർ പങ്കെടുത്തു.