സന്നിധാനത്ത് അയ്യനെ കാണാൻ ഭക്തജന തിരക്ക് : ഇന്ന് വെർച്വൽ ക്യൂ ബുക്ക് ചെയ്തത് 85,318 പേർ
മണ്ഡലകാലം പതിനഞ്ചു ദിവസം പിന്നിടുമ്പോൾ അയ്യപ്പനെ കണ്ടു മടങ്ങിയത് 6,80,610 ഭക്തന്മാര്. 7,52, 629 പേരാണ് ഇന്നുവരെ വെർച്വൽ ക്യൂ ബുക്ക് ചെയ്തിട്ടുള്ളത്. ഈ വർഷത്തെ ഏറ്റവും വലിയ വെർച്വൽ ക്യൂബുക്കിംഗാണ് വെള്ളിയാഴ്ച നടന്നത്.
ഓണ്‍ലൈന്‍ ആയി മാത്രം വിര്‍ച്വല്‍ ക്യു വഴി ബുക്ക് ചെയ്തത് 85,318 ഭക്തരാണ്. രാവിലെ പതിനൊന്നുവരെ 35,319 പേരാണ് സന്നിധാനത്തേക്കെത്തിയത്. പമ്പയില്‍ സ്പോട് രജിസ്ട്രേഷന് സംവിധാനം ഉള്‍പ്പെടുത്താതെയുള്ളകണക്കാണിത്.
വരും ദിവസങ്ങളില്‍ ഭക്തരുടെ തിരക്ക് വര്‍ധിക്കുമെന്നാണ് കരുതുന്നത്. അവ മുന്നില്‍ കണ്ട് വേണ്ട സജീകരണങ്ങള്‍ ഭക്തര്‍ക്കായി പമ്പയിലും സന്നിധാനത്തും ഒരുക്കുന്നുണ്ട്. സുരക്ഷിതമായ ഒരു മണ്ഡലകാലം ഭക്തർക്ക് നൽകുക എന്ന ലക്ഷ്യത്തോടെയാണ് എല്ലാ വകുപ്പുകളും ഏകോപനത്തോടെ പ്രവർത്തിക്കുന്നത്.
ശിവമണി സന്നിധാനത്ത് ദർശനം നടത്തി
പ്രശസ്ത ഡ്രം വിദഗ്ദൻ ശിവമണി ശബരിമല ദര്‍ശനം നടത്തി. രാവിലെ ഏഴു മണിക്കാണ് അദ്ദേഹം മകൾ മിലാനയോടൊപ്പം ദര്‍ശനത്തിന് എത്തിയത്. ഇരുമുടിക്കെട്ടേന്തി പതിനെട്ടാംപടി ചവിട്ടിയാണ് ശിവമണിയും സംഘവും അയ്യപ്പ ദര്‍ശനം നടത്തിയത്.
ശബരിമല മേൽശാന്തി പി.എൻ. മഹേഷ് നമ്പൂതിരിയെ കണ്ടതിനു ശേഷമാണ് അദ്ദേഹം മലയിറങ്ങിയത്. മേൽശാന്തി ശിവമണിയേയും, ഗായകൻ സുധീപ് കുമാർ, കീബോർഡ് പ്ലയറും ഈ വർഷത്തെ സംഗീത നാടക അക്കാദമി ജേതാവുമായ പ്രകാശ് ഉള്ളിയേരിയേയും പൊന്നാടയണിയിച്ചാദരിച്ചു.
പിറന്നാൾ ദിനത്തിൽ അയ്യപ്പനെ കാണാൻ കഴിഞ്ഞത് ഏറെ ഭാഗ്യമെന്നും തന്റെ ഉയർച്ചയ്ക്കു കാരണം അയ്യപ്പനാണെന്നും ഇനിയും താൻ അയ്യനെ കാണാൻ തിരുനടയിലെത്തുമെന്നും ശിവമണി പറഞ്ഞു.
അയ്യപ്പന് സമര്‍പ്പിക്കാന്‍ തെങ്ങിന്‍തൈ
പതിനെട്ടു തവണ തുടര്‍ച്ചയായി മല ചവിട്ടി സന്നിധാനത്തെത്തുന്നവര്‍ അയ്യപ്പന് തെങ്ങിന് തൈ സമര്‍പ്പിക്കുന്നത് ശബരിമലയിലെ സവിശേഷമായ ആചാരങ്ങളിലൊന്നാണ്. 18 തവണ മല ചവിട്ടുന്നയാള്‍ പിന്നീട് ഗുരുസ്വാമിയാണ്. ഗുരുസ്വാമിയായ തീര്ഥാടകന് സന്നിധാനത്തു തെങ്ങിന് തൈ നടണം.
സന്നിധാനത്തിനുപടിഞ്ഞാറുള്ള ഭസ്മക്കുളത്തിന് സമീപമാണ് തെങ്ങിന് തൈ നടുന്നത്. പതിനെട്ടാം പടി കയറി അയ്യപ്പനെ ദര്‍ശിച്ച ശേഷമാണ് തെങ്ങിന് തൈ നടുക. 36 വര്‍ഷം തുടര്‍ച്ചയായി മലകയറുന്ന അയ്യപ്പന്മാര് വീണ്ടും ഒരു തെങ്ങിന് തൈ കൂടി അയ്യപ്പനുസമര്‍പ്പിക്കാറുണ്ട്.
കര്പ്പൂരമുഴിഞ്ഞു പൂജിച്ച ശേഷമാണ് തൈ നടുക. കേരളത്തില്‍ നിന്നുള്ള തീര്‍ഥാടകരും ഇതര സംസ്ഥാനങ്ങളില്‍ നിന്നുള്ള തീര്‍ഥാടകരും ഒരുപോലെ ഈ ആചാരം മുടങ്ങാതെ പാലിക്കുന്നുണ്ട്.