Input your search keywords and press Enter.

പൊതുവിദ്യാഭ്യാസ രംഗത്തിനു കരുത്തായി 53 ആധുനിക സ്‌കൂള്‍ കെട്ടിടങ്ങള്‍ മുഖ്യമന്ത്രി നാടിനു സമര്‍പ്പിച്ചു

പ്രഖ്യാപനങ്ങള്‍ ഉറപ്പായും നടപ്പാക്കും,പ്രോഗ്രസ് റിപ്പോര്‍ട്ട് ഇറക്കും: മുഖ്യമന്ത്രി

 

നാടിന്റെ വികസനത്തിനായി സര്‍ക്കാര്‍ പ്രഖ്യാപിക്കുന്ന പദ്ധതികള്‍ ഉറപ്പായും നടപ്പാക്കുമെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍. കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്തേതുപോലെ ഈ സര്‍ക്കാര്‍ ആദ്യ വര്‍ഷം പൂര്‍ത്തിയാക്കുന്ന വേളയിലും ജനങ്ങള്‍ക്കു മുന്നില്‍ പ്രോഗ്രസ് റിപ്പോര്‍ട്ട് അവതരിപ്പിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

 

തിരുവനന്തപുരം പൂവച്ചല്‍ ഗവണ്‍മെന്റ് വി.എച്ച്.എസ്.എസില്‍ 53 സ്‌കൂള്‍ കെട്ടിടങ്ങള്‍ നാടിനു സമര്‍പ്പിക്കുന്ന ചടങ്ങ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

 

സര്‍ക്കാര്‍ പറയുന്നതു നടപ്പാകും എന്ന കാര്യത്തില്‍ ജനങ്ങള്‍ക്ക് ഉറപ്പുണ്ടെന്നു മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. നടപ്പാകുന്ന കാര്യം മാത്രമേ പറയൂ എന്നതു സര്‍ക്കാരിനെ സംബന്ധിച്ചും നിര്‍ബന്ധമുണ്ട്. അതുകൊണ്ടാണു ചില പദ്ധതികള്‍ നടപ്പായാല്‍ തങ്ങളുടെ നിലനില്‍പ്പ് അപകടത്തിലാകുമോയെന്നു ചിലര്‍ക്ക് ആശങ്ക. കെ-റെയില്‍ പോലെ നാടിന് ഒഴിച്ചുകൂടാനാകാത്ത പദ്ധതികളെപ്പോലും എതിര്‍ക്കാന്‍ ചിലര്‍ രംഗത്തുവരുന്നത് ഇതുകൊണ്ടാണ്. പ്രഖ്യാപനങ്ങള്‍ പ്രഖ്യാപനങ്ങളായി കിടക്കേണ്ടതല്ല, പൂര്‍ത്തീകരിക്കാനുള്ളതാണെന്ന് ഉറപ്പായി കരുതുന്ന സര്‍ക്കാരാണ് ഇപ്പോഴുള്ളത്. ആ നിലയ്ക്കാകും ഇനിയുള്ള കാര്യങ്ങള്‍ നിര്‍വഹിക്കുക.

 

 

കഴിഞ്ഞ നാളുകളില്‍ ഒട്ടേറെ ദുരന്തങ്ങളാണു കേരളത്തിന് അഭിമുഖീകരിക്കേണ്ടിവന്നത്. ഓഖിയും നിപ്പയും മഹാപ്രളയവും അതിനെത്തുടര്‍ന്നുള്ള കാലവര്‍ഷക്കെടുതിയും കോവിഡ് മഹാമാരിയും വലിയ തിരിച്ചടിയുണ്ടാക്കി. കേരളം വലിയ ഒരുമയോടെ നിന്ന് ഇക്കാര്യങ്ങള്‍ അതിജീവിച്ചു. ഐക്യരാഷ്ട്ര സഭയുടെ കണക്കു പ്രകാരം മഹാപ്രളയത്തില്‍ മാത്രം നമുക്ക് 31,000 കോടി രൂപയുടെ നാശനഷ്ടമുണ്ടായി. കേരളത്തിന്റെ വാര്‍ഷിക പദ്ധതി അടങ്കലിനു സമാനമായ തുകയാണിത്. ഇതില്‍നിന്നു കരയേറാന്‍ കേന്ദ്ര സര്‍ക്കാരില്‍നിന്ന് ആവശ്യമായ സഹായം ലഭിച്ചില്ല. ചിലര്‍ സഹായിക്കാന്‍ തയാറായപ്പോള്‍ വേണ്ടെന്നു പറഞ്ഞു വിലക്കി. ഇത്തരം ഒട്ടേറെ പ്രതികൂല ഘടകങ്ങള്‍ അതിജീവിച്ചാണ് നാം നവകേരളം കെട്ടിപ്പടുക്കാനുള്ള ശ്രമം നടത്തുന്നത്.

 

വികസന പദ്ധതികള്‍ തടസപ്പെടാതിരിക്കാനാണ് കിഫ്ബി വഴി പണം കണ്ടെത്തി 50,000 കോടി രൂപയുടെ പശ്ചാത്തലസൗകര്യ വികസനത്തിനായി ചെലവഴിക്കാന്‍ തീരുമാനിച്ചത്. എന്നാല്‍ 62,000 കോടി രൂപയുടെ പദ്ധതികള്‍ നടപ്പാക്കാനായി. ഏതു ദുരന്ത ഘട്ടത്തിലും ദുരിതമനുഭവിക്കുന്ന ജനങ്ങള്‍ക്കൊപ്പം സര്‍ക്കാര്‍ ഉണ്ടാകുമെന്ന ബോധ്യമാണു ഭരണത്തുടര്‍ച്ചയിലേക്കു നയിച്ചത്. കൂടുതല്‍ മെച്ചപ്പെട്ട രീതിയില്‍ നാടിന്റെ വികസനം ഉറപ്പാക്കുക എന്നതു പ്രധാന കടമയായിക്കണ്ടാണു സര്‍ക്കാര്‍ പ്രവര്‍ത്തിക്കുന്നത്. കഴിഞ്ഞ അഞ്ചു വര്‍ഷം ചെയ്ത കാര്യങ്ങള്‍ തുടര്‍ച്ചയായി പൂര്‍ത്തീകരിക്കേണ്ടതായിട്ടുണ്ട്. ഇതിനൊപ്പം പുതിയ നിരവധി പദ്ധതികള്‍ വരേണ്ടതായിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

 

പൊതുവിദ്യാഭ്യാസ രംഗത്തിനു കരുത്തായി 53 ആധുനിക സ്‌കൂള്‍ കെട്ടിടങ്ങള്‍ മുഖ്യമന്ത്രി നാടിനു സമര്‍പ്പിച്ചു

 

നവകേരളം കര്‍മ പദ്ധതിയിലെ വിദ്യാകിരണം മിഷന്റെ ഭാഗമായി അത്യാധുനിക നിലവാരത്തില്‍ നിര്‍മിച്ച 53 സ്‌കൂള്‍ കെട്ടിടങ്ങള്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നാടിനു സമര്‍പ്പിച്ചു. കിഫ്ബിയില്‍നിന്നുള്ള അഞ്ചു കോടി രൂപ വീതം ചെലവാക്കി നിര്‍മിച്ച നാലു കെട്ടിടങ്ങള്‍, മൂന്നു കോടി വീതം ചെലവഴിച്ചു നിര്‍മിച്ച 10 കെട്ടിടങ്ങള്‍, ഒരു കോടിയുടെ രണ്ടു കെട്ടിടങ്ങള്‍, പ്ലാന്‍ ഫണ്ടും മറ്റും പ്രയോജനപ്പെടുത്തി നിര്‍മിച്ച 37 കെട്ടിടങ്ങള്‍ എന്നിവയടക്കം 90 കോടി രൂപയുടെ പദ്ധതികളാണ് മുഖ്യമന്ത്രി ഉദ്ഘാടനം ചെയതത്. സംസ്ഥാന സര്‍ക്കാരിന്റെ 100 ദിന കര്‍മ പരിപാടിയിലെ ആദ്യ പരിപാടിയായിരുന്നു ഇത്.

 

പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം വഴി 9,34,000 വിദ്യാര്‍ഥികള്‍ പുതുതായി പൊതുവിദ്യാലയങ്ങളിലേക്കെത്തിയതായി മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. സ്‌കൂളുകളിലെ ഭൗതിക സാഹചര്യങ്ങള്‍ മാത്രമല്ല, വിദ്യാര്‍ഥികള്‍ക്കു ലഭ്യമാകേണ്ട മറ്റ് ആധുനിക സൗകര്യങ്ങളും സജ്ജമാക്കണം. വിജ്ഞാന സമൂഹമെന്ന കാഴ്ച്ചപ്പാടോടെയുള്ള മുന്നേറ്റത്തിനു അത് പ്രധാനമാണ്. 100 ദിന പരിപാടിയില്‍പ്പെടുത്തി കെ-ഫോണിലൂടെ 140 നിയമസഭാ മണ്ഡലങ്ങളിലായി 100 കുടുംബങ്ങള്‍ക്കുവീതം ബ്രോഡ്ബാന്‍ഡ് കണക്റ്റിവിറ്റി ഒരുക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. നാട് ആധുനിക ലോകത്തിന് അനുസൃതമായി മാറുന്നതിന്റെ സൂചകമാണിത്. സംസ്ഥാനത്തെ 30,000 സര്‍ക്കാര്‍ ഓഫീസുകള്‍ക്കും കെ-ഫോണിന്റെ ഭാഗമായുള്ള കണക്ഷന്‍ നല്‍കും. പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തില്‍ പൊതുവിദ്യാഭ്യാസ രംഗത്തിന് ഊന്നല്‍ നല്‍കിയ മാതൃകയില്‍ കേരളത്തിന്റെ ഉന്നത വിദ്യാഭ്യാസ മേഖലയേയും ശാക്തീകരിക്കും. അതിനുള്ള നടപടികള്‍ വൈകാതെയുണ്ടാകും.
സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികത്തിന്റെ ഭാഗമായി പ്രഖ്യാപിച്ച 100 ദിന കര്‍മ പരിപാടിയില്‍ ലൈഫ് മിഷനില്‍പ്പെടുത്തി 20,000 കുടുംബങ്ങള്‍ക്ക് 20,000 വീടുകള്‍ നല്‍കുമെന്നു മുഖ്യമന്ത്രി പറഞ്ഞു. വാതില്‍പ്പടി സേവനം എല്ലായിടത്തേക്കും വ്യാപിപ്പിക്കും. 15,000 പേര്‍ക്കു പട്ടയം നല്‍കാനാണു തീരുമാനിച്ചിരിക്കുന്നതെങ്കിലും അതിലുമേറെ പട്ടയം നല്‍കാന്‍ കഴിയും. സുഭിക്ഷ ഹോട്ടലുകള്‍ എല്ലാ ജില്ലകളിലും വ്യാപിപ്പിക്കും. 15 പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങള്‍, 150 വെല്‍നസ് സെന്ററുകള്‍, 150 വിദ്യാര്‍ഥികള്‍ക്ക് നവകേരള ഫെലോഷിപ്പ്, 1500 ഗ്രാമീണ റോഡുകള്‍, മാങ്കുളം ജലവൈദ്യുതി പദ്ധതി, ചേര്‍ത്തല മെഗാ ഫുഡ് പാര്‍ക്ക് തുടങ്ങി ഒട്ടേറെ പദ്ധതികള്‍ 100 ദിന പരിപാടിയുടെ ഭാഗമാണ്. കേരളത്തിന്റെ മുഖഛായ മാറ്റാനും നവകേരളം സൃഷ്ടിക്കാനുമാണു സര്‍ക്കാരിന്റെ ശ്രമം. അതിന് ഉതകുന്ന നടപടികളാണ് 100 ദിന പരിപാടിയുടെ ഭാഗമായി നടപ്പാക്കുക.

 

നൂറു ദിന പരിപാടിയുടെ ഭാഗമായി വിവിധ വകുപ്പുകളുടെ സഹകരണത്തോടെ 23 ലക്ഷത്തോളം തൊഴില്‍ ദിനങ്ങള്‍ സൃഷ്ടിക്കാന്‍ കഴിയുമെന്നാണു പ്രതീക്ഷിക്കുന്നതെന്നു മുഖ്യമന്ത്രി പറഞ്ഞു. നിര്‍മാണ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ടു വരുന്നവയാണ് ഇത്. 100 ദിന പരിപാടിയില്‍ 1557 പദ്ധതികളുണ്ടാകും. 17,183 കോടി രൂപയാണ് ഇതില്‍ മുതല്‍മുടക്കുന്നത്. ഇത്ര ഭീമമായ തുകയ്ക്കുള്ള പരിപാടികള്‍ ചുരുങ്ങിയ ദിവസങ്ങള്‍ക്കുള്ളില്‍ പ്രാവര്‍ത്തികമാകാന്‍ പോകുകയാണ്. ഏതെങ്കിലും ഒരു വിഭാഗത്തെയോ പ്രദേശത്തെയോ കേന്ദ്രീകരിച്ചല്ല, സമൂഹത്തിന്റെയും നാടിന്റെയും എല്ലാ ഭാഗങ്ങളേയും സമഗ്രമായി സ്പര്‍ശിക്കുന്ന പദ്ധതികളാണ് നടപ്പാക്കുന്നത്.

 

 

നാടിന്റെ വികസനം ഉറപ്പാക്കുക എന്നതാണ് ജനങ്ങള്‍ അധികാരത്തിലേറ്റിയ സര്‍ക്കാരിന്റെ പ്രധാന കടമ. വികസനം ഏതെങ്കിലും വിഭാഗത്തിന് ആസ്വദിക്കാനുള്ളതല്ല, നാടിനാകെ ആസ്വദിക്കാനുള്ളതാണ്. ഇപ്പോഴത്തെ വികസന പദ്ധതികള്‍ ഇന്നു നാം കാണുന്ന മുതിര്‍ന്നവര്‍ക്കുള്ളതല്ല, ഇന്നു പഠിക്കുന്നവരും നാളെ പഠിക്കേണ്ടവരും അങ്ങനെ നമ്മുടെ ഭാവി തലമുറയ്ക്കും വേണ്ടിയുള്ളതാണ്. ഇവ ഒരുക്കാന്‍ കഴിയുന്നില്ലെങ്കില്‍ വലിയ കുറ്റമായി മാറും. സര്‍ക്കാര്‍ ചെയ്യേണ്ട കാര്യങ്ങള്‍ ചെയ്യുന്നില്ലെന്നു ജനങ്ങള്‍ കുറ്റപ്പെടുത്തും. ചെറുതും വലുതുമായ പദ്ധതികള്‍ നാടിന്റെ വികസനത്തിനാണെന്ന മനോഭാവത്തോടെയാകണം കാണേണ്ടതെന്നും മുഖ്യമന്ത്രി പറഞ്ഞു.

 

 

ഭൗതിക നിലവാരത്തിനൊപ്പം അക്കാദമിക് നിലവാരവും വര്‍ധിപ്പിക്കാനുള്ള ഊര്‍ജിത നടപടികള്‍ അടുത്ത അധ്യയന വര്‍ഷം മുതലുണ്ടാകുമെന്നു ചടങ്ങില്‍ അധ്യക്ഷത വഹിച്ച പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവന്‍കുട്ടി പറഞ്ഞു. എല്ലാ സ്‌കൂളുകളിലും ആധുനിക നിലവാരത്തിലുള്ള ലബോറട്ടറി, ലൈബ്രറി സൗകര്യങ്ങള്‍ ഇതിന്റെ ഭാഗമായി സജ്ജമാക്കും. കോവിഡ് സാഹചര്യത്തില്‍നിന്ന് സാധാരണ അന്തരീക്ഷത്തിലേക്കു വിദ്യാലയങ്ങള്‍ തിരികെയെത്തുന്നതിനുള്ള എല്ലാ ശ്രമങ്ങളും ജാഗ്രതയോടെ വിദ്യാഭ്യാസ വകുപ്പ് സ്വീകരിക്കുകയാണ്. പാഠഭാഗങ്ങള്‍ കൃത്യമായി പഠിപ്പിച്ചു തീര്‍ക്കുന്നതിനുള്ള പരിശ്രമങ്ങള്‍ നടക്കുന്നു. പരീക്ഷകള്‍ കൃത്യസമയത്തു നടത്തുന്നതിനുള്ള നടപടികള്‍ സ്വീകരിച്ചു കഴിഞ്ഞതായും അദ്ദേഹം പറഞ്ഞു.

 

 

തിരുവനന്തപുരം പൂവച്ചല്‍ വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നടന്ന സംസ്ഥാനതല ഉദ്ഘാടന ചടങ്ങില്‍ മന്ത്രിമാരായ ആന്റണി രാജു, ജി.ആര്‍. അനില്‍, ജി. സ്റ്റീഫന്‍ എം.എല്‍.എ, ചീഫ് സെക്രട്ടറി ഡോ. വി.പി. ജോയ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡി. സുരേഷ് കുമാര്‍, തദ്ദേശ സ്വയംഭരണ സ്ഥാപന അധ്യക്ഷന്മാര്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

 

പുതുശേരിമല ഗവ.യുപി സ്‌കൂളിന്റെ പുതിയ കെട്ടിടം മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു

 

സ്‌കൂളിന്റെ വികസന പ്രവര്‍ത്തങ്ങള്‍ ഘട്ടം ഘട്ടമായി പൂര്‍ത്തിയാക്കും: അഡ്വ. പ്രമോദ് നാരായണ്‍ എംഎല്‍എ
പുതുശേരിമല ഗവ.യുപി സ്‌കൂളിന്റെ പുതിയ കെട്ടിടം മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്തു. വിദ്യാകിരണം മിഷന്റെ ഭാഗമായി നിര്‍മിച്ച 53 സ്‌കൂള്‍ കെട്ടിടങ്ങളുടെ സംസ്ഥാന തല ഉദ്ഘാടനത്തിന്റെ ഭാഗമായാണ് പുതുശേരിമല ഗവ.യുപി സ്‌കൂളിന്റെ പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനം മുഖ്യമന്ത്രി നിര്‍വഹിച്ചത്.

 

പുതുശേരിമല ഗവ.യു.പി.സ്‌കൂളില്‍ നടന്ന സ്‌കൂള്‍ തല ഉദ്ഘാടനം അഡ്വ.പ്രമോദ് നാരായണ്‍ എംഎല്‍എ നിര്‍വഹിച്ചു. സ്‌കൂളിന്റെ ഇനിയുള്ള വിവിധ വികസന പ്രവര്‍ത്തങ്ങള്‍ ഘട്ടം ഘട്ടമായി പൂര്‍ത്തിയാക്കുമെന്ന് അഡ്വ. പ്രമോദ് നാരായണ്‍ എംഎല്‍എ പറഞ്ഞു. പുതുശേരിമല ഗവ.യു.പി. സ്‌കൂളില്‍ പഠിച്ച മുന്‍ തലമുറയ്ക്കുള്ള ദക്ഷിണയാണ് പുതിയ സ്‌കൂള്‍ കെട്ടിടം. ആധുനിക കേരളത്തിന്റെ വൈജ്ഞാനിക തല വികസനത്തിന് വലിയ പ്രാധാന്യം നല്‍കുന്ന സര്‍ക്കാരാണിത്. ഗ്രാമ പഞ്ചായത്തും, പിടിഎയും, അധ്യാപകരും വിദ്യാര്‍ഥികള്‍ക്ക് നല്‍കുന്ന പിന്തുണ വളരെ വലുതാണ്. നല്ല മനുഷ്യരെ സൃഷ്ടിക്കുന്ന കേന്ദ്രമായി സ്‌കൂളുകള്‍ മാറണം. സ്വപ്ന പദ്ധതിയായ നോളജ് വില്ലേജ് വരും കാല തലമുറയ്ക്കുവേണ്ടിയുള്ള പദ്ധതിയാണ്. വിദ്യാര്‍ഥികള്‍ക്ക് പഠിക്കുവാനുള്ള പശ്ചാത്തല സൗകര്യങ്ങള്‍ ഒരുക്കിക്കൊടുക്കുക എന്നത് നമ്മുടെ ഉത്തരവാദിത്വമാണെന്നും എംഎല്‍എ പറഞ്ഞു.

 

 

42.5 ലക്ഷം രൂപ ചിലവിലാണ് പുതിയ സ്‌കൂള്‍ കെട്ടിടം പൂര്‍ത്തിയാക്കിയത്. ഒരു വര്‍ഷം കൊണ്ടാണ് നിര്‍മാണം നടത്തിയത്. രണ്ട് ക്ലാസ് റൂം, സ്റ്റെയര്‍കേസ് 135.66 മീറ്റര്‍ സ്‌ക്വയര്‍ പ്ലിന്ത് ഏരിയയിലാണ് കെട്ടിടം നിര്‍മിച്ചത്.

 

അഡ്വ. പ്രമോദ് നാരായണ്‍ എംഎല്‍എ ശിലാഫലകം അനാഛാദനം ചെയ്തു. റാന്നി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശോഭാ ചാര്‍ളി അധ്യക്ഷത വഹിച്ച ചടങ്ങില്‍ ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ്. അയ്യര്‍, മുന്‍ എംഎല്‍എ രാജു എബ്രഹാം, ജില്ലാ പഞ്ചായത്ത് അംഗം ജോര്‍ജ് എബ്രഹാം, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.എസ്.ഗോപി, ബ്ലോക്ക് പഞ്ചായത്ത് അംഗം നയനാ സാബു, പഞ്ചായത്ത് അംഗം സുധാകുമാരി, കെസിഎം നിയോജക മണ്ഡലം പ്രസിഡന്റ് ആലിച്ചന്‍ ആറൊന്നില്‍, ജില്ലാ വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടര്‍ കെ.എസ്. ബീനാറാണി, ഡയറ്റ് പ്രിന്‍സിപ്പല്‍ പി.കെ. വേണുഗോപാല്‍, വിദ്യാകിരണം മിഷന്‍ ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ എസ്. രാജേഷ്, എഇഒ ഷംജിത്ത്, ഹെഡ്മിസ്ട്രസ് എ.ആര്‍. ഷീജ തുടങ്ങിയവര്‍ പങ്കെടുത്തു.

വിദ്യാലയങ്ങള്‍ ചരിത്രം സൃഷ്ടിക്കുന്നത് അധ്യാപകരിലൂടെ:അഡ്വ. പ്രമോദ് നാരായണ്‍ എംഎല്‍എ
അയിരൂര്‍ ഗവണ്‍മെന്റ് എല്‍.പി. സ്‌കൂളിന്റെ പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനം മുഖ്യമന്ത്രി നിര്‍വഹിച്ചു

അയിരൂര്‍ ഗവണ്‍മെന്റ് എല്‍.പി. സ്‌കൂളില്‍ വിദ്യാകിരണം മിഷന്റെ ഭാഗമായി നിര്‍മിച്ച പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ ഓണ്‍ലൈനായി നിര്‍വഹിച്ചു. വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി അധ്യക്ഷത വഹിച്ചു.

 

വിദ്യാര്‍ഥികളിലേക്ക് ഉന്നം പിഴയ്ക്കാത്ത സ്വപ്നം കൈമാറാന്‍ അധ്യാപകര്‍ക്ക് സാധിക്കുമ്പോഴാണ് വിദ്യാലയങ്ങള്‍ക്ക് ചരിത്രം നിര്‍മിക്കാന്‍ കഴിയുകയെന്ന് ശിലാഫലക അനാച്ഛാദനം നിര്‍വഹിച്ച അഡ്വ. പ്രമോദ് നാരായണ്‍ എംഎല്‍എ പറഞ്ഞു. വിദ്യാര്‍ഥികള്‍ ഭാവിയില്‍ നല്ല മനുഷ്യരാകാനുള്ള കര്‍മമാണ് സ്‌കൂളുകളില്‍ നടക്കുന്നത്. റാന്നിയുടെ ഭാവി ക്ലാസ് മുറികളിലാണെന്നും ലോകത്തിന്റെ മാറുന്ന വൈജ്ഞാനിക സാധ്യതകളിലേക്ക് മണ്ഡലത്തിലെ വിദ്യാര്‍ഥികള്‍ ഉയരുന്നതിനാണ് നോളജ് വില്ലേജ് എന്ന ആശയം നടപ്പാക്കിയതെന്നും എംഎല്‍എ പറഞ്ഞു.

 

ലൈബ്രറി ഉദ്ഘാടനം പത്തനംതിട്ട ജില്ലാ പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ ആര്‍. അജയകുമാര്‍ നിര്‍വഹിച്ചു. അയിരൂര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് അനിതകുറുപ്പ് അധ്യക്ഷത വഹിച്ചു. മുന്‍ എംഎല്‍എ രാജു എബ്രഹാം, ജില്ലാ പഞ്ചായത്ത് മെമ്പര്‍ സാറാ തോമസ്, കോയിപ്രം ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഉണ്ണി പ്ലാച്ചേരി, അയിരൂര്‍ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് വിക്രമന്‍ നാരായണന്‍, ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ വി.പ്രസാദ്, ഗ്രാമ പഞ്ചായത്ത് മെമ്പര്‍ ബി. ജയശ്രീ, വെണ്ണിക്കുളം എഇഒ സുധാകരന്‍ ചന്ദ്രത്തില്‍, കെ.റ്റി. സുബിന്‍, വിദ്യാകിരണം കോ-ഓര്‍ഡിനേറ്റര്‍ എസ്. രാജേഷ്, ഡിപിഒ എ.കെ. പ്രകാശ്, അഡ്വ. കെ.എന്‍. മോഹന്‍ ദാസ്, തോമസ് ദാനിയേല്‍, എം.പി. സോമശേഖരന്‍ പിള്ള, കെ.എം. വര്‍ഗീസ്, മാത്യു നൊച്ചുമണ്ണില്‍, കെ.സി. മാത്യു, പി. ഉഷാകുമാരി, സുരേഷ് കണിപറമ്പില്‍, മെറിന്‍ സക്കറിയ, പിടിഎ പ്രസിഡന്റ് ജോസ് ജോര്‍ജ്, ഹെഡ്മിസ്ട്രസ് വി. അനിത എന്നിവര്‍ സംസാരിച്ചു.

പൊതുമരാമത്ത് കെട്ടിട വിഭാഗം അസി.എഞ്ചിനിയര്‍ ആശ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ഇരു നിലകളിലായി എട്ട് ക്ലാസ് റൂമുകളുള്ള സ്‌കൂള്‍ കെട്ടിടം ഒന്നര വര്‍ഷം കൊണ്ട് ഒരു കോടി രൂപ വിനിയോഗിച്ചാണ് നിര്‍മിച്ചത്.

 

ഭൗതിക സാഹചര്യങ്ങള്‍ക്കൊപ്പം വിദ്യാഭ്യാസ നിലവാരത്തിലും പൊതുവിദ്യാലയങ്ങള്‍ ഏറെ മുന്നില്‍: മന്ത്രി വീണാജോര്‍ജ്

 

സ്‌കൂളിന്റെ ഭൗതിക സാഹചര്യങ്ങളുടെ വളര്‍ച്ചയ്‌ക്കൊപ്പം വിദ്യാഭ്യാസ നിലവാരത്തിന്റെ കാര്യത്തിലും പൊതുവിദ്യാലയങ്ങള്‍ ഏറെ മുന്നിലാണെന്ന് ആരോഗ്യമന്ത്രി വീണാജോര്‍ജ് പറഞ്ഞു. ഓമല്ലൂര്‍ പന്ന്യാലി ഗവ.യുപി സ്‌കൂളില്‍ വിദ്യാകിരണം മിഷന്റെ ഭാഗമായി നിര്‍മിച്ച പുതിയ കെട്ടിടത്തിന്റെ ശിലാഫലകം അനാച്ഛാദനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് തുടക്കമിട്ട പൊതുവിദ്യാഭ്യാസസംരക്ഷണ യജ്ഞത്തിന്റെ തുടര്‍ച്ചയായാണ് വിദ്യാകിരണം മിഷന്‍ നടപ്പാക്കുന്നത്. പൊതുവിദ്യാലയങ്ങളെ മികവിന്റെ കേന്ദ്രങ്ങളാക്കി മാറ്റുകയാണ് ലക്ഷ്യമെന്നും മന്ത്രി പറഞ്ഞു.

 

എല്ലാവര്‍ക്കും മാതൃകയാക്കാവുന്ന ഓമല്ലൂരിന്റെ കൂട്ടായ്മയാണ് പന്ന്യാലി ഗവ. യുപി സ്‌കൂളിലെ പുതിയ കെട്ടിടത്തിന്റെ പൂര്‍ത്തീകരണത്തിന് പിന്നില്‍. ഓമല്ലൂരിനെ സംബന്ധിച്ചിടത്തോളം പന്ന്യാലി ഗവ.യുപി സ്‌കൂള്‍ ഒരു വികാരമാണെന്നും നാട് ഒന്നടങ്കം സ്‌കൂളിന് പുതിയ കെട്ടിടമെന്ന ആവശ്യവുമായി ഒന്നിച്ച് നിന്നുവെന്നും മന്ത്രി പറഞ്ഞു. സ്‌കൂളിന്റെ ശതാബ്ദി ആഘോഷം ഒരു ഉത്സവമായാണ് കൊണ്ടാടിയത്. കുട്ടികളെ ചിന്തയുടേയും വായനയുടേയും ലോകത്തേക്ക് എത്തിക്കാനുള്ള ആളുകളാണ് അധ്യാപകര്‍. സ്‌കൂളിന്റെ പുതിയ കെട്ടിടത്തിന്റെ നിര്‍മാണ സമയത്ത് ഓരോ ഘട്ടത്തിലും ഒപ്പം നിന്നവര്‍ക്ക് നന്ദി പറയുന്നുവെന്നും മന്ത്രി പറഞ്ഞു.

 

ഓമല്ലൂര്‍ പന്ന്യാലി ഗവ.യുപി സ്‌കൂളിന്റെ പുതിയ കെട്ടിടം മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു

നൂറ്റാണ്ടിന്റെ പാരമ്പര്യമുള്ള ഓമല്ലൂര്‍ പന്ന്യാലി ഗവ.യുപി സ്‌കൂളില്‍ വിദ്യാകിരണം മിഷന്റെ ഭാഗമായി നിര്‍മിച്ച പുതിയ കെട്ടിടം മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്തു. വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി അധ്യക്ഷത വഹിച്ചു. ആരോഗ്യമന്ത്രി വീണാജോര്‍ജ് ശിലാഫലകം അനാച്ഛാദനം ചെയ്തു. 1917 ല്‍ എല്‍പി സ്‌കൂളായാണ് പന്ന്യാലി ഗവ.യുപി സ്‌കൂള്‍ പ്രവര്‍ത്തനം ആരംഭിച്ചത്.

 

 

75 ലക്ഷം രൂപ വിനിയോഗിച്ചാണ് സ്‌കൂളിന്റെ പുതിയ കെട്ടിടത്തിന്റെ നിര്‍മാണം പൂര്‍ത്തിയാക്കിയത്. ശതാബ്ദി ആഘോഷത്തില്‍ പങ്കെടുത്ത അന്നത്തെ വിദ്യാഭ്യാസ മന്ത്രിയായ പ്രൊഫ.സി രവീന്ദ്രനാഥ്, എംഎല്‍എ ആയിരുന്ന വീണ ജോര്‍ജ് എന്നിവര്‍ പ്രധാനകെട്ടിടത്തിന്റെ അപര്യാപ്തത മനസിലാക്കിയതോടെയാണ് പുതിയ സ്‌കൂള്‍ കെട്ടിടത്തിനുള്ള അനുമതി നല്‍കിയത്. പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം കോ-ഓര്‍ഡിനേറ്റര്‍ എസ് രാജേഷിന്റെ മേല്‍നോട്ടത്തിലാണ് കെട്ടിട നിര്‍മാണം പൂര്‍ത്തിയാക്കിയത്.

 

ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.ഓമല്ലൂര്‍ ശങ്കരന്‍, ഓമല്ലൂര്‍ പഞ്ചായത്ത് പ്രസിഡന്റ് ജോണ്‍സണ്‍ വിളവിനാല്‍, ഓമല്ലൂര്‍ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ അഡ്വ. എസ്. മനോജ് കുമാര്‍, ജില്ലാ പഞ്ചായത്ത് മെമ്പര്‍ റോബിന്‍ പീറ്റര്‍, ഇലന്തൂര്‍ ബ്ലോക്ക് പഞ്ചായത്ത് അംഗം വി.ജി. ശ്രീവിദ്യ, ഓമല്ലൂര്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സ്മിത സുരേഷ്, വികസനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ ഷാജി ജോര്‍ജ്, വിദ്യാഭ്യാസ ഉപഡയറക്ടര്‍ ബീനാറാണി, വിദ്യാകിരണം മിഷന്‍ ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ എസ്. രാജേഷ്, പന്ന്യാലി ഗവ.യുപിഎസ് പ്രഥമ അധ്യാപിക സ്മിതാകുമാരി, വിവിധ ഗ്രാമപഞ്ചായത്തംഗങ്ങള്‍, ജനപ്രതിനിധികള്‍, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

error: Content is protected !!