കുടപ്പന ഇന്ന് വളരെ അപൂർവമായി മാത്രമേ നമ്മുടെ നാട്ടിൽ കാണപ്പെടുന്നുള്ളൂ.വംശനാശം സംഭവിച്ചതാണോ എന്നറിയില്ല, ഏതായാലും ഇത്തരം പനകളെക്കുറിച്ചു അറിയാവുന്നവർ വളരെ കുറവാണ്. ഈ ഒറ്റത്തടി വൃക്ഷത്തിന്റെ (Talipot Palm). ശാസ്ത്രീയനാമം: Corypha umbraculifera എന്നാണ്. കുടയുണ്ടാക്കാനായി ഇതുപയോഗിച്ചിരുന്നു പണ്ട്. എന്നാൽ അതിലുപരിയായി ഇതൊരു ഭക്ഷണമായും ഉപയോഗിച്ചിരുന്നു എന്ന് എത്ര പേർക്കറിയാം?
കുടപ്പനയുടെ പൂർണ്ണ വളർച്ചയുടെ അവസാനത്തിലാണ് ഇതിൽ പൂക്കൾ ഉണ്ടാകുന്നത്. ഇങ്ങനെ പൂക്കൾ ഉണ്ടായി കഴിഞ്ഞാൽ ആ സസ്യത്തിന്റെ എല്ലാ പോഷകങ്ങളും ആ പൂക്കളിലേക്കു പോവുകയും ക്രമേണ ആ മരം നശിച്ചു പോവുകയും ചെയ്യുന്നു. ഏകദേശം 60 വർഷത്തോളമെടുക്കും ഒരു പ്രായപൂർത്തിയായ പനയിൽ പൂക്കളുണ്ടാകാൻ. കുടപ്പനയുടെ ഉള്ളിലെ കാമ്പ് ഭക്ഷ്യയോഗ്യമായതിനാൽ ഇതിൽ പൂക്കൾ ഉണ്ടാകുന്നതിനു മുൻപ് തന്നെ ഈ പന വെട്ടുന്നു. ഒരു പന വെട്ടിക്കഴിഞ്ഞാൽ ആ നാട്ടിലുള്ളവർ പനയ്‌ക്കു വിലപറഞ്ഞു വാങ്ങുന്നു.
പിന്നീട് അന്നാട്ടിൽ ഒരുത്സവം പോലെയാണ്. എല്ലാവരും ആ പനയുടെ ഉള്ളിലെ കാമ്പ് വാങ്ങാനായി കുട്ടയും വട്ടിയുമൊക്കെയായി പനച്ചുവട്ടിൽ എത്തുന്നു. പന അടിക്കണക്കിനു അളന്നു വാങ്ങി അതിന്റെ തടി മുറിച്ചു അതിനുള്ളിലെ പട്ട വിലക്ക് വാങ്ങി പോകുന്നു. പിന്നീട് ആ പട്ട പൊടിച്ചു അട ചുട്ടു കഴിക്കുകയോ കുറുക്കു രൂപത്തിൽ കഴിക്കുകയോ ചെയ്യുന്ന ഒരു കാലം ഉണ്ടായിരുന്നത്രേ! പന പോകുന്നതിനു മുൻപ് വെട്ടുക എന്നതാണ് കണക്കു. പൂക്കാറാകുമ്പോൾ അറിയാൻ കഴിയും. ഇലകൾ ചെറുതായി വരും. അപ്പോളാണ് ആളുകൾ അത് വിലപറഞ്ഞു വാങ്ങുന്നത്.
പണ്ടുകാലത്തെ, ഭക്ഷ്യ ക്ഷാമം ഉണ്ടായിരുന്ന കാലത്തേ കാര്യമാണ് പറയുന്നത്.പണ്ട് ഇത് കുടയുണ്ടാക്കാനായി ഉപയോഗിച്ചിരുന്നു. ഇതിന്റെ ഓലകൾ (പട്ടകൾ) കുടയുണ്ടാകാനായി ഉപയോഗിച്ചിരുന്നതുകൊണ്ടാണ് ഇതിന്നു കുടപ്പന എന്ന പേർ വന്നത്. തിരുവനന്തപുരത്തെ കുടപ്പനക്കുന്ന് എന്ന സ്ഥലത്തിന് ആ പേര് വന്നത് ഒരു പക്ഷെ ആ സ്ഥലം നിറയെ കുടപ്പനകൾ ഉണ്ടായിരുന്നതിനാലാവാം. വീടുകളുടെ മേൽക്കൂര മേയാനായി ഇതിന്റെ ഓലകൾ വ്യാപകമായി പണ്ട് ഉപയോഗിച്ചിരുന്നു. കേരളത്തിൽ ആദ്യ കാലങ്ങളിൽ എല്ലാവരും ഉപയോഗിച്ചിരുന്നത് ഇതിന്റെ ഓലകൾ കൊണ്ടുണ്ടാക്കിയ കുടകളായിരുന്നു. ഇതുപയോഗിച്ചുണ്ടാക്കുന്ന കുടകൾ കാർഷികമേഖലയിൽ ഇന്നും ചുരുക്കമായി ഉപയോഗിച്ചുവരുന്നുണ്ട്. തൊപ്പിക്കുടകൾ പുരുഷന്മാരും കുണ്ടൻകുടകൾ കുനിഞ്ഞു നിന്നു പാടങ്ങളിൽ ജോലി ചെയ്യുന്ന സ്ത്രീകളും ഉപയോഗിക്കുന്നു. അനുഷ്ഠാനപരമായ ആവശ്യങ്ങൾക്കും അലങ്കാരാവശ്യത്തിനും ഇപ്പോഴും ഇതുകൊണ്ട് കുടകൾ ഉണ്ടാക്കാറുണ്ട്. കേരളത്തിന്റെയും കർണ്ണാടകത്തിന്റെയും തീരപ്രദേശങ്ങളിലേ കുടപ്പന കാണുന്നുള്ളൂ
ഇതിന്ന് മറ്റു പനകളെ അപേക്ഷിച്ച് വളർച്ചനിരക്ക് വളരെ കുറവാണ്. ഉയരം 20 മുതൽ 30 മീറ്റർ വരെ വയ്ക്കുന്നു. കുടപ്പനകളുടെ ഇലകൾക്ക് അവ നിലത്തു വിടർത്തിയിട്ടാൽ മൂന്നു മീറ്റർ വരെ വ്യാസം കണ്ടേക്കാം. അവയുടെ തണ്ടുകൾക്കു രണ്ടു മീറ്ററോളം നീളം കാണും. താരതമ്യേന നിവർന്നു മുകളിലേക്കായാണ് തണ്ടുകൾ നിലകൊള്ളുക. ഇലയുടേയും തണ്ടിന്റേയും നിറം കടുത്ത പച്ചയാണ്. വണ്ണവും കൂടുതലുണ്ടാകും. എല്ലാ പനവർഗ്ഗങ്ങളിലുമെന്നപോലെ തണ്ടിന്റെ രണ്ടരികിലും മുള്ളുകളുടെ നിരയുണ്ട്. ഇലകൾക്ക് ബലം കുറവാണ്. ഇവയുടെ ഇലകൾ കോട്ടി കമഴ്ത്തി വച്ച കുമ്പിൾ പോലെയാക്കി നരിച്ചീറുകൾ ( ചെറിയ ഇനം കടവാവലുകൾ) താവളമാക്കാറുണ്ട്.പനജാതിയിൽപ്പെട്ട എല്ലാ വൃക്ഷങ്ങളേയും പോലെ ഈ മരത്തിന്റെയും മുകളറ്റത്താണ് “ഓലകൾ” കാണപ്പെടുന്നത്.
ഇതിന്റെ പുഷ്പിക്കൽ പനയുടെ അവസാന കാലമാണ്. കുടപ്പന ഒരിക്കൽ മാത്രമേ പുഷ്പിക്കുകയുള്ളൂ. . ഇതിലൂടെ അനേകായിരം വിത്തുകൾ വ്യാപകമായി വിതരണം ചെയ്യപ്പെടുന്നു. പുഷ്പിക്കുന്ന പന സാവധാനം അവസാന ഓലകളും പൂത്തണ്ടും നശിച്ച് തായ്ത്തടി ജീർണ്ണിച്ച് പൂർണ്ണമായും നശിക്കുന്നു. പന പുഷ്പ്പിക്കുന്നതിനു മുൻപ് അവ വെട്ടിയെടുക്കുന്നതിനാലാവാം ഈ പന ഇപ്പോൾ ചുരുങ്ങിയത്. എങ്കിലും ചില സ്ഥലങ്ങളിൽ ഈ പന അലങ്കാര സസ്യം പോലെ വച്ച് പിടിപ്പിക്കുന്നുണ്ട്. ഇതിന്റെ ഓലകൾ വിടർന്നു നിൽക്കുന്നത് കാണാൻ വളരെ മനോഹരമാണ്.