PAMBAVISION.COM : സാമൂഹ്യ പരിഷ്കർത്താവായ മന്നത്ത് പത്മനാഭന്റെ സ്മരണയിലാണ് തട്ടയിൽ കല്ലൂഴത്തിൽ തറവാട് . 1104 ധനു ഒന്നിന് മന്നത്ത് പദ്മനാഭന്റെ സാന്നിദ്ധ്യത്തിൽ തട്ടയിലെ ഇടയിരേത്ത് , കല്ലു ഴത്തിൽ തറവാടുകളിൽ നടന്ന നായർ കരപ്രമാണിമാരുടെ യോഗത്തിലാണ് കരയോഗ പ്രസ്ഥാനവും പിടിയരി പ്രസ്ഥാനവും വിളംബരം ചെയ്തത്. ഒന്നും രണ്ടും നമ്പർ നായർ കരയോഗങ്ങൾ തട്ടയിലുണ്ടായതും അങ്ങനെയാണ് .കല്ലുഴത്തിൽ തറവാടിന്റെ നാലുകെട്ട് പൂമുഖം ഒന്നര നൂറ്റാണ്ടിന്റെ പ്രൗഢപാരമ്പര്യം കാത്തുസൂക്ഷിച്ച് ഇന്നും അതേപടി നിലനിൽക്കുന്നു
ചലച്ചിത്രതാരം മോഹൻലാലിന്റെ മുത്തച്ഛൻ മാടപ്പാടത്ത് രാമൻ നായരും മോഹൻലാലിന്റെ മുത്തശ്ശി ഗൗരിയമ്മയും ഏറെക്കാലം താമസിച്ചിട്ടുണ്ട് ഈ വീട്ടിൽ പന്തളം തെക്കേക്കര (തട്ട) യിലെ പ്രവർത്തിയാറായിരുന്നു പതിറ്റാണ്ടുകൾക്ക് മുൻപ് മാടപ്പാടത്ത് രാമൻ നായർ. ഇലന്തൂർ സ്വദേശിയായ അദ്ദേഹത്തിന് ഗതാഗത സൗകര്യം കുറവായ അക്കാലത്ത് അവിടെനിന്ന് പന്തളം തെക്കേക്കരയിലേക്ക് പോയിവരിക ബുദ്ധിമുട്ടായിരുന്നു.കുടുംബസുഹൃത്തിന്റെ വീടായ കല്ലുഴത്തിൽ തറവാട്ടിൽ അദ്ദേഹം കുടുംബത്തോടൊപ്പം താമസിക്കുകയായിരുന്നു .മോഹൻലാലിന്റെ അച്ഛൻ വിശ്വനാഥൻ നായർ കോളേജിലേക്ക് പഠിക്കാൻ പോയതും ഇവിടെനിന്നാണ്
ഗുരു നിത്യചൈതന്യയതിയും ബാല്യകാലത്ത് നിരവധി തവണ ഇവിടെ വന്നിരുന്നു. നിത്യചൈതന്യയതിയുടെ മാതാവ് വാമാക്ഷിയമ്മയുടെ കുടുംബവീട് കല്ലുഴത്തിൽ തറവാടിന് സമീപമായിരുന്നു.അതിവേഗ ചിത്രകാരനായ ജിതേഷ്ജിയാണ് കല്ലുഴത്തിൽ തറവാട്ടിൽ ഇപ്പോൾ താമസിക്കുന്നത്. ഹരിതാശ്രമം പാരിസ്ഥിതിക ആത്മീയ ഗുരുകുലത്തിന്റെയും എക്കസഫി ആൻഡ് ബയോ ഡൈവേഴ്സിറ്റി സെന്ററിന്റെയും ആസ്ഥാനമാണ് തറവാടിന്റെ പൂമുഖം