ആരും അനിവാര്യരല്ല; ഒന്നും അനിവാര്യവുമല്ല!
ദിവസവും ഒട്ടേറെ ഇ-മെയിൽ സന്ദേശങ്ങളും, ഫോൺ കോളുകളും അയാളെ തേടിയെത്താറുണ്ടായിരുന്നു! അവയെല്ലാം കൃത്യമായി ശ്രദ്ധിക്കുകയും, മറുപടി നൽകുകയും ചെയ്തിരുന്നു അയാൾ.
ഏതെങ്കിലും സന്ദേശം വിട്ടു പോയെങ്കിൽ, ക്ഷമാപണത്തോടെ പിന്നീടു പ്രതികരിക്കുകയും ചെയ്യുമായിരുന്നു!
അങ്ങനെയിരിക്കെ, അയാൾക്കൊരപകടമുണ്ടായി. ഡോക്ടർ
അയാൾക്കു് രണ്ടാഴ്ചത്തെ കർശന വിശ്രമം നിർദ്ദേശിച്ചു! രണ്ടാഴ്ച കഴിഞ്ഞു നോക്കുമ്പോൾ, ധാരാളം ഇ-മെയിലുകളും, മിസ്ഡ് കോളുകളും, അയാളെ കാത്തിരിക്കുന്നുണ്ടായിരുന്നു! അവയ്ക്കെല്ലാം മറുപടി നൽകുക അസാദ്ധ്യമായി തോന്നിയ അയാൾ, അവയെല്ലാം ഒരുമിച്ചു ഡിലീറ്റു ചെയ്തു. മറുപടി അയയ്ക്കാഞ്ഞാതിൻ്റെ കാരണം,
ഒരാൾ പോലും അന്വേഷിക്കുകയുണ്ടായില്ല! അന്നു മുതൽ, അയാളുടെ തിരക്കും വളരയേറെ കുറഞ്ഞു!
ഒരാൾക്കു മുമ്പിൽ വരുന്നതെല്ലാം, അയാളെ മാത്രം തേടി വരുന്നതാകണമെന്നില്ല. പലരിൽ ഒരാൾ മാത്രമാണു നാമെല്ലാം! ആൾക്കുട്ടത്തിനിടയിൽ, ആരാണനിവാര്യർ? പലരിൽ ഒരാളായി മാത്രം പരിഗണിക്കപ്പെടുന്നിടത്തു്, എന്തിനാണു്, കൺമുമ്പിൽ വരുന്ന എല്ലാറ്റിനോടും, ഒരേ പ്രാധാന്യത്തോടെ പ്രതികരിക്കുന്നതു്? യാതൊരു മുൻഗണനാക്രമവും പാലിക്കാതെ, അടുത്തു വരുന്ന എല്ലാറ്റിനോടു പ്രതികരിച്ചു്, എത്ര ദൂരം സഞ്ചരിക്കാനാകും, ഒരാൾക്കു്?
ആരുടേയും അസാന്നിദ്ധ്യം, ഒരു അസന്നിഗ്ദാവസ്ഥയും ആർക്കും സൃഷ്ടിക്കുകയില്ല! താൻ ഒഴിച്ചുകൂടാനാകാത്ത ഒരാളാണെന്നു്, ആരെങ്കിലും ചിന്തിക്കുന്നുവെങ്കിൽ , അതയാളുടെ അഹന്തയുടെയും, അറിവില്ലായ്മയുടെയും അടയാളമാണ് ! അപ്രധാനമായതിനെ ഒഴിവാക്കാനുള്ള വിവേകം, സുപ്രധാനമായതിനെ ഗൗരവമായെടുക്കാനുള്ള മാർഗ്ഗം!
വേണ്ടുന്നതു മാത്രം ചെയ്താൽ, വേണ്ടതെല്ലാം ചെയ്യാനുള്ള സമയവും സാവകാശവും നമുക്കു ലഭ്യമാകും!
സ്നേഹത്തോടെ പമ്പാ വിഷൻ ടീം