Input your search keywords and press Enter.

കോവിഡ് പ്രതിരോധം: മാര്‍ഗനിര്‍ദേശം പുറപ്പെടുവിച്ചു; പത്തനംതിട്ട ജില്ല ബി കാറ്റഗറിയില്‍

 

കോവിഡ് 19 വൈറസിന്റെ ഒമിക്രോണ്‍ വകഭേദത്തെ പ്രതിരോധിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ നടപ്പാക്കുന്നതിന്റെ ഭാഗമായി പത്തനംതിട്ട ജില്ലയെ ബി കാറ്റഗറിയില്‍ ഉള്‍പ്പെടുത്തി ജില്ലാ കളക്ടറും ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയര്‍പേഴ്സണുമായ ഡോ. ദിവ്യ എസ്. അയ്യര്‍ ഉത്തരവായി.

ബി കാറ്റഗറിക്ക് ബാധകമായ നിയന്ത്രണങ്ങള്‍:

 

രാഷ്ട്രീയ, സാമൂഹിക, സാംസ്‌കാരിക, മതപരമായ, സാമുദായിക പൊതുപരിപാടികള്‍ ഉള്‍പ്പെടെ യാതൊരുവിധ കൂടിചേരലുകളും അനുവദിക്കില്ല. മതപരമായ ആരാധനകള്‍ ഓണ്‍ലൈനായി മാത്രം നടത്തേണ്ടതാണ്. വിവാഹം, മരണാനന്തര ചടങ്ങുകള്‍ എന്നിവയ്ക്ക് പരമാവധി 20 ആളുകളെ മാത്രമേ അനുവദിക്കുകയുള്ളു. നിലവിലെ കോവിഡ് 19 സാഹചര്യം കണക്കിലെടുത്ത് ജനുവരി 23, 30 (ഞായറാഴ്ച) എന്നീ തീയതികളില്‍ അവശ്യസര്‍വീസുകള്‍ മാത്രമേ അനുവദിക്കുകയുള്ളൂ.

 

 

 

പൊതുമാര്‍ഗനിര്‍ദേശങ്ങള്‍:
സര്‍ക്കാര്‍/ സ്വകാര്യ സ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്ന രണ്ടു വയസിന് താഴെ പ്രായമുള്ള കുട്ടികളുള്ള അമ്മമാര്‍, ക്യാന്‍സര്‍ രോഗികള്‍, തീവ്രരോഗ ബാധിതര്‍ എന്നിവര്‍ക്ക് വര്‍ക്ക് ഫ്രം ഹോം സംവിധാനത്തിലൂടെ ജോലി ചെയ്യാന്‍ സര്‍ക്കാര്‍ ഡോക്ടറുടെ (അലോപ്പതി) സാക്ഷ്യപത്രത്തിന്റെ അടിസ്ഥാനത്തില്‍ അനുവദിക്കാവുന്നതാണ്. മാളുകള്‍, കല്യാണഹാളുകള്‍, തീം പാര്‍ക്കുകള്‍, മറ്റ് സ്വകാര്യ സ്ഥാപനങ്ങള്‍ എന്നിവിടങ്ങളില്‍ സാനിറ്റൈസര്‍ ഉപയോഗം, സാമൂഹിക അകലം ഉള്‍പ്പടെയുള്ള എല്ലാ കോവിഡ് 19 മാനദണ്ഡങ്ങളും പാലിക്കുന്ന കാര്യം ഉറപ്പാക്കുന്നത് സ്ഥാപന ഉടമയുടെ ഉത്തരവാദിത്തമായിരിക്കും. ഒന്‍പതാം ക്ലാസ് വരെയുള്ള അധ്യയനം 2022 ജനുവരി 21 മുതല്‍ രണ്ടാഴ്ചത്തേക്ക് ഓണ്‍ലൈന്‍ സംവിധാനത്തിലൂടെ മാത്രം നടത്തേണ്ടതാണ്. എന്നാല്‍, തെറാപ്പി അടിസ്ഥാനത്തില്‍ പ്രവര്‍ത്തിക്കുന്ന സ്പെഷ്യല്‍ സ്‌കൂളുകള്‍ക്ക് ഇത് ബാധകമായിരിക്കില്ല.

കോവിഡ് കണക്കുകള്‍ കൃത്യവും വ്യക്തവുമായിരിക്കണം : ജില്ലാ കളക്ടര്‍

കോവിഡ് കണക്കുകള്‍ കൃത്യതയോടെയും വ്യക്തതയോടെയുമാണ് ശേഖരിക്കുന്നതെന്ന് ഉറപ്പ് വരുത്തണമെന്നും അതിനനുസരിച്ചായിക്കും സര്‍ക്കാര്‍ നിഷ്‌കര്‍ഷിക്കുന്ന നിയന്ത്രണങ്ങളിലേക്ക് ജില്ല പ്രവേശിക്കുകയെന്നും ജില്ലാ കളക്ടര്‍ ഡോ.ദിവ്യ എസ്. അയ്യര്‍ പറഞ്ഞു. ഓണ്‍ലൈനായി ചേര്‍ന്ന കോവിഡ് അവലോകന യോഗത്തില്‍ സംസാരിക്കുകയായിരുന്നു ജില്ലാകളക്ടര്‍. കോവിഡ് വ്യാപിക്കുന്ന സാഹചര്യത്തില്‍ ഹോം ഐസോലേഷന്‍ പാലിക്കുന്ന കാര്യത്തില്‍ വീഴ്ച വരരുതെന്നും എത്രയും വേഗത്തില്‍ കരുതല്‍ ഡോസ് വിതരണം ചെയ്യണമെന്നും കളക്ടര്‍ പറഞ്ഞു.

 

 

തദ്ദേശ സ്വയംഭരണസ്ഥാപനങ്ങള്‍ രോഗികള്‍ക്കായുള്ള വാഹന സൗകര്യം, ആശയവിനിമയത്തിനായുള്ള കോള്‍സെന്റര്‍ എന്നിവ ഏര്‍പ്പെടുത്താനും ജില്ലാകളക്ടര്‍ നിര്‍ദ്ദേശം നല്‍കി.
കൗമാരക്കാര്‍ക്കുള്ള വാക്സിനേഷന്‍ 66.77% പൂര്‍ത്തിയാക്കിയതായി ഡിഎംഒ (ആരോഗ്യം) എല്‍ അനിത കുമാരി യോഗത്തില്‍ അറിയിച്ചു.

 

വാര്‍ഡുതല ജാഗ്രതാ സമിതിയില്‍ കുടുംബശ്രീ അംഗങ്ങളെയും ആശാ പ്രവര്‍ത്തകരെയും ഉള്‍ക്കൊള്ളിച്ചുള്ള പ്രവര്‍ത്തനങ്ങളാണ് നടത്തി വരുന്നതെന്ന് ഡിഡിപി കെ ആര്‍ സുമേഷ് യോഗത്തില്‍ അറിയിച്ചു. കോവിഡ് സംബന്ധിച്ച് ജനങ്ങള്‍ക്ക് അവബോധം പൊതുഇടങ്ങളില്‍ നല്‍കണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

 

കോവിഡ് ധനസഹായത്തിനായി 1301 അപേക്ഷകള്‍ ലഭിച്ചതില്‍ 1032 അപേക്ഷകള്‍ പാസാക്കി 887 അപേക്ഷകളില്‍ ധനസഹായം കൈമാറിയതായി ദുരന്തനിവാരണ ഡെപ്യൂട്ടി കളക്ടര്‍ ആര്‍. ഗോപകുമാര്‍ പറഞ്ഞു.
ജില്ലാ പൊലീസ് മേധാവി സ്വപ്നില്‍ മധുകര്‍ മഹാജന്‍, ഡിഎംഒ (ആരോഗ്യം) എല്‍ അനിത കുമാരി, ദുരന്തനിവാരണ ഡെപ്യൂട്ടി കളക്ടര്‍ ആര്‍. ഗോപകുമാര്‍ വിവിധ വകുപ്പ് മേധാവികള്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.

കച്ചവടം കരുതലോടെയാവാം : ഡിഎംഒ

രോഗവ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ വ്യാപാര സ്ഥാപനങ്ങള്‍ ആരോഗ്യവകുപ്പിന്റെ നിര്‍ദ്ദേശങ്ങള്‍ പാലിക്കുന്നതില്‍ വിട്ടുവീഴ്ച പാടില്ല. കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ച്, പരമാവധി മുന്‍ കരുതലുകള്‍ സ്വീകരിച്ച് പ്രവര്‍ത്തിക്കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. എല്‍ അനിതാകുമാരി അറിയിച്ചു.

ഇതിനായി ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍-

കടകളില്‍ ആള്‍ക്കൂട്ടം കുറയ്ക്കാന്‍ നടപടികള്‍ സ്വീകരിക്കുക, പ്രവേശന കവാടത്തില്‍ മാസ്‌ക് , സാനിട്ടൈസര്‍ എന്നിവയുടെ ഉപയോഗവും ലഭ്യതയും ഉറപ്പാക്കുക. തെര്‍മല്‍ സ്‌കാനറുകള്‍ ഉപയോഗിക്കുന്നത് കൂടുതല്‍ സുരക്ഷ ഉറപ്പാക്കുന്നു. കടകളില്‍ എസി പ്രവര്‍ത്തിപ്പിക്കാതിരിക്കുക. തൊഴിലാളികള്‍ നിര്‍ബന്ധമായും മാസ്‌കും ഗ്ലൗസും ഉപയോഗിക്കുക. പണം കൈമാറിയതിന് മുന്‍പും ശേഷവും കൈകള്‍ സാനിട്ടൈസ് ചെയ്ത് അണുവിമുക്തമാക്കുക. കഴിവതും ഓണ്‍ലൈന്‍ മുഖേന പണം അടയ്ക്കുന്നതിന് പ്രോത്സാഹിപ്പിക്കുക. ചെറിയ ലക്ഷണങ്ങളുള്ള തൊഴിലാളികളേയും കടകളില്‍ നിന്ന് താത്കാലികമായി മാറ്റി നിര്‍ത്തുക. ഡോര്‍ ഹാന്‍ഡിലുകള്‍ കൃത്യമായ ഇടവേളകളില്‍ സാനിട്ടൈസ് ചെയ്ത് അണുവിമുക്തമാക്കുക. ഓഫറുകള്‍ പ്രഖ്യാപിച്ച് കടകളില്‍ ആള്‍ക്കൂട്ടം ഉണ്ടാക്കാതെ ഓണ്‍ലൈന്‍ ഓഫറുകള്‍ക്കായി പരിമിതപ്പെടുത്തുക. വ്യാപാര സ്ഥാപനങ്ങളില്‍ എത്തുന്ന പൊതുജനങ്ങളും സുരക്ഷ ഉറപ്പാക്കുന്നതിനുള്ള മാനദണ്ഡങ്ങള്‍ പാലിക്കേണ്ടതാണ്. മുന്‍കൂട്ടി തയ്യാറാക്കിയ ലിസ്റ്റ് പ്രകാരം കടകളില്‍ എത്തുന്നത് കൂടുതല്‍ സമയം കടകളില്‍ ചിലവഴിക്കുന്നത് ഒഴിവാക്കാനാകും.

 

 

ജില്ലയിലെ രോഗവ്യാപന നിരക്ക് സംസ്ഥാന ശരാശരിയോട് അടുക്കുകയാണ്. രോഗവ്യാപനം അടിസ്ഥാനമാക്കി, സര്‍ക്കാര്‍ പുറപ്പെടുവിച്ച ഉത്തരവ് പ്രകാരം കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തേണ്ട ബി കാറ്റഗറിയിലാണ് ജില്ല ഇപ്പോഴുള്ളത്. നിര്‍ദ്ദേശങ്ങളില്‍ പിഴവ് വരുത്തുന്നത് രോഗവ്യാപന തോത് വര്‍ധിക്കുന്നതിനും ജില്ലയില്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്നതിനും കാരണമാകും. അതുകൊണ്ട് ജില്ലയിലെ തീവ്രവ്യാപനം കണക്കിലെടുത്ത് പ്രതിരോധമാര്‍ഗങ്ങള്‍ക്ക് പ്രാധാന്യം നല്‍കി പ്രവര്‍ത്തിക്കണമെന്നും ഡിഎംഒ അറിയിച്ചു.

error: Content is protected !!