പത്തനംതിട്ട നഗരസഭയുടെ നഗര പ്രാഥമിക ആരോഗ്യ കേന്ദ്രം 26 ന് വൈകിട്ട് 4 മണിക്ക് നഗരസഭാ ചെയർമാൻ അഡ്വ.ടി.സക്കീർ ഹുസൈൻ ഉദ്ഘാടനം ചെയ്യും. നിർമ്മാണം പൂർത്തീകരിച്ചെങ്കിലും അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കാത്തതിനാൽ ആശുപത്രി പ്രവർത്തനം വാടക കെട്ടിടത്തിലായിരുന്നു. പുതിയ ഭരണസമിതി അധികാരത്തിലെത്തിയശേഷമാണ് ആശുപത്രിക്ക് ആവശ്യമായ അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കിയത്. കുമ്പഴ മാർക്കറ്റിനു സമീപമുള്ള ശുചിമുറി സമുച്ചയത്തിന്റെ ഉദ്ഘാടനവും അന്നേദിവസം നടക്കും. ടേക് എ ബ്രേക്ക് പദ്ധതിയിൽ ഉൾപ്പെടുത്തി നഗരസഭ ഫണ്ട് ഉപയോഗിച്ച് നിർമ്മിച്ചതാണ് ശുചിമുറി സമുച്ചയം. നഗരസഭയുടെ കിഴക്കൻ മേഖലയിലുള്ള ജനങ്ങൾ ആശ്രയിക്കുന്ന ആരോഗ്യ കേന്ദ്രമാണ് എൻ.എച്ച്.എം ആശുപത്രി. കോവിഡ് മൂന്നാം തരംഗം വ്യാപിക്കുന്ന ഘട്ടത്തിൽ പത്തനംതിട്ടയുടെ ഉപനഗരമായ കുമ്പഴ മേഖലയിലെ ആരോഗ്യ പ്രവർത്തനങ്ങളുടെ കേന്ദ്രമായി പ്രാഥമിക ആരോഗ്യകേന്ദ്രം പ്രവർത്തിക്കുമെന്ന് നഗരസഭാ ചെയർമാൻ അറിയിച്ചു.