സ്‌കൂളുകളിലും കോളേജുകളിലും തുടർച്ചയായി മൂന്ന് ദിവസത്തെ വിദ്യാർത്ഥികളുടെ ഹാജർ നില 40 ശതമാനത്തിൽ കുറവാണെങ്കിൽ സ്ഥാപനം ക്ലസ്റ്റർ ആയി കണക്കാക്കി രണ്ടാഴ്ച അടച്ചിടാൻ മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയിൽ ചേർന്ന കോവിഡ് അവലോകന യോഗം തീരുമാനിച്ചു. ജില്ലകളിലെ കോവിഡ് വ്യാപനം കണക്കാക്കുന്നതിന് സ്വീകരിച്ച എ.ബി.സി വർഗീകരണം നാളെ മുതൽ പ്രാബല്യത്തിൽ വരും.
സെറിബ്രൽ പാൾസി, ഓട്ടിസം രോഗങ്ങൾ ഉള്ള കുട്ടികളുടെ മാതാപിതാക്കളിൽ ഒരാൾക്ക് വർക്ക് ഫ്രം ഹോം സംവിധാനത്തിലൂടെ ജോലി ചെയ്യാൻ അനുമതി നൽകും. സംസ്ഥാനത്ത് കോവിഡ് വ്യാപനവും ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നവരുടെ എണ്ണവും വർദ്ധിച്ചിട്ടുണ്ട്. തിരുവനന്തപുരം ജില്ല സി കാറ്റഗറിയിലായി. തിരുവനന്തപുരം ജില്ലയിൽ കൂടുതൽ ശ്രദ്ധ നൽകാനും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ ഏകോപിപ്പിച്ചു നിയന്ത്രണം ശക്തമാക്കാനും മുഖ്യമന്ത്രി നിർദ്ദേശിച്ചു.
സംസ്ഥാനത്ത് 83 ശതമാനം പേർക്ക് രണ്ടാം ഡോസ് വാക്സിനേഷൻ നൽകി. എന്നാൽ കാസർഗോഡ്, മലപ്പുറം, പാലക്കാട്, ഇടുക്കി ജില്ലകൾ സംസ്ഥാന ശരാശരിക്കും താഴെയാണ്. കുട്ടികളുടെ വാക്സിനേഷനിൽ സംസ്ഥാന ശരാശരി 66 ശതമാനമാണ്. എന്നാൽ എറണാകുളം, ഇടുക്കി, മലപ്പുറം, തിരുവനന്തപുരം ജില്ലകളുടെ വാക്സിനേഷൻ ശരാശരി സംസ്ഥാന ശരാശരിയേക്കാൾ കുറവാണ്.
കുട്ടികളുടെ വാക്സിനേഷൻ, രണ്ടാം ഡോസ് വാക്സിനേഷൻ എന്നിവ സംസ്ഥാന ശരാശരിയേക്കാൾ കുറഞ്ഞ ജില്ലകൾ പ്രത്യേക വാക്സിനേഷൻ ഡ്രൈവ് നടത്തണം. ഡയാലിസിസ് ആവശ്യമുള്ള കോവിഡ് രോഗികൾക്ക് എല്ലാ ജില്ലകളിലും സൗകര്യങ്ങൾ ഒരുക്കാൻ മുഖ്യമന്ത്രി ആരോഗ്യ വകുപ്പിന് നിർദ്ദേശം നൽകി. ജില്ലകളിലെ ആവശ്യത്തിനനുസരിച്ച് ഡയാലിസിസ് സൗകര്യങ്ങൾ വർധിപ്പിക്കണം. സെക്രട്ടേറിയറ്റിൽ ജോലിക്ക് ഹാജരാകുന്ന ജീവനക്കാരുടെ എണ്ണം കുറയുന്നത് പരിശോധിക്കണമെന്ന് മുഖ്യമന്ത്രി നിർദ്ദേശിച്ചു.
ആരോഗ്യവകുപ്പും തദ്ദേശ സ്വയംഭരണ വകുപ്പും സംയുക്തമായി റാപ്പിഡ് റെസ്‌പോൺസ് ടീമുകളുടെ (RRT) പരിശീലന പരിപാടി ഓൺലൈൻ ആയി സംഘടിപ്പിച്ചിരുന്നു. ആർ. ആർ. ടി അംഗങ്ങളും പൊതുജനങ്ങളും ഉൾപ്പെടെ 60,000 പേർ പരിശീലന പരിപാടിയിൽ പങ്കെടുത്തു. ഇ- ജാഗ്രതാ പോർട്ടലിൽ വിവരങ്ങൾ സമയബന്ധിതമായി നൽകേണ്ടത് വളരെ പ്രധാനമാണ്. ഓക്‌സിജൻ വിവരങ്ങൾ, കിടക്കയുടെ ലഭ്യത എന്നിവ ആശുപത്രികൾ സമയബന്ധിതമായി നൽകണം.
കോവിഡ് വ്യാപന സാഹചര്യത്തിൽ ആരോഗ്യ വകുപ്പ് പ്രത്യേക ക്യാമ്പയിൻ നടപ്പിലാക്കും.
ജനുവരി 26 ന് ഓൺലൈൻ പരിശീലന പരിപാടി സംഘടിപ്പിക്കും. വീടുകളിൽ ചികിത്സയിൽ കഴിയുന്നവർ, മുതിർന്ന പൗരൻമാർ, കുട്ടികൾ എന്നിവർക്കുള്ള നിർദ്ദേശങ്ങൾ, കോവിഡുമായി ബന്ധപ്പെട്ട മറ്റു പ്രധാന നിർദ്ദേശങ്ങൾ എന്നിവ നൽകുന്ന പരിപാടിയിൽ റെസിഡന്റ്സ് അസോസിയേഷനുകളോടും തദ്ദേശസ്വയംഭരണസ്ഥാപനങ്ങളോടും പങ്കെടുക്കണമെന്ന് നിർദ്ദേശിച്ചിട്ടുണ്ട്.
കൊവിഡ് രോഗികളെ പ്രവേശിപ്പിക്കാത്ത സ്വകാര്യ ആശുപത്രി അധികൃതരെ വിളിച്ച് സംസാരിക്കണം. ടെസ്റ്റുകൾ പരമാവധി ലാബുകളെ ആശ്രയിച്ച് ചെയ്യുന്നതാണ് നല്ലത്. പരിശീലനമില്ലാതെ വീടുകളിൽ സ്വയം നടത്തുന്ന ടെസ്റ്റ് പലപ്പോഴും തെറ്റായ ഫലത്തിലേക്ക് നയിക്കുന്നത് ശ്രദ്ധയിൽ പെട്ടിട്ടുണ്ട്.
സെക്രട്ടറിയേറ്റിൽ ഇ- ഓഫീസ് സംവിധാനം 25 മുതൽ 30 വരെ നവീകരിക്കുന്നതിനാൽ സമാന്തര സംവിധാനം ഏർപ്പെടുത്താൻ മുഖ്യമന്ത്രി ചീഫ് സെക്രട്ടറിയോട് നിർദ്ദേശിച്ചു.
കേരളത്തില്‍ 26,514 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു
എറണാകുളം 4443, തിരുവനന്തപുരം 3256, കോഴിക്കോട് 2979, തൃശൂര്‍ 2687, കൊല്ലം 2421, കോട്ടയം 1900, മലപ്പുറം 1710, പാലക്കാട് 1498, കണ്ണൂര്‍ 1260, ആലപ്പുഴ 1165, പത്തനംതിട്ട 1065, ഇടുക്കി 1033, കാസര്‍ഗോഡ് 573, വയനാട് 524 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.
കഴിഞ്ഞ 24 മണിക്കൂറിനിടെ 55,557 സാമ്പിളുകളാണ് പരിശോധിച്ചത്.
സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 4,31,176 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 4,21,138 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 10,038 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 881 പേരെയാണ് പുതുതായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
നിലവില്‍ 2,60,271 കോവിഡ് കേസുകളില്‍, 3.8 ശതമാനം വ്യക്തികള്‍ മാത്രമാണ് ആശുപത്രി/ഫീല്‍ഡ് ആശുപത്രികളില്‍ പ്രവേശിപ്പിക്കപ്പെട്ടിട്ടുള്ളത്.
കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 13 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതുകൂടാതെ സുപ്രീംകോടതി വിധിപ്രകാരം കേന്ദ്രസര്‍ക്കാരിന്റെ പുതിയ മാര്‍ഗനിര്‍ദേശമനുസരിച്ച് അപ്പീല്‍ നല്‍കിയ 158 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇതോടെ സംസ്ഥാനത്തെ ആകെ മരണം 51,987 ആയി
.
രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 30,710 പേര്‍ രോഗമുക്തി നേടി. തിരുവനന്തപുരം 12,131, കൊല്ലം 1042, പത്തനംതിട്ട 1124, ആലപ്പുഴ 753, കോട്ടയം 1365, ഇടുക്കി 594, എറണാകുളം 6050, തൃശൂര്‍ 1802, പാലക്കാട് 869, മലപ്പുറം 972, കോഴിക്കോട് 2038, വയനാട് 317, കണ്ണൂര്‍ 1100, കാസര്‍ഗോഡ് 553 എന്നിങ്ങനേയാണ് രോഗമുക്തിയായത്. ഇതോടെ 2,60,271 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 53,56,642 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി.
കോവിഡ് 19 വിശകലന റിപ്പോര്‍ട്ട്
· വാക്‌സിനേഷന്‍ എടുക്കേണ്ട ജനസംഖ്യയുടെ 100 ശതമാനം പേര്‍ക്ക് ഒരു ഡോസ് വാക്‌സിനും (2,67,54,285), 83 ശതമാനം പേര്‍ക്ക് രണ്ട് ഡോസ് വാക്‌സിനും (2,22,70,156) നല്‍കി.
· 15 മുതല്‍ 17 വയസുവരെയുള്ള ആകെ 63 ശതമാനം (10,20,601) കുട്ടികള്‍ക്ക് വാക്‌സിന്‍ നല്‍കി.
· ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ വാക്‌സിനേഷന്‍/ ദശലക്ഷം ഉള്ള സംസ്ഥാനം കേരളമാണ് (14,14,614)
· ജനുവരി 14 മുതല്‍ 23 വരെയുള്ള കാലയളവില്‍, ശരാശരി 1,95,258 കേസുകള്‍ ചികിത്സയിലുണ്ടായിരുന്നതില്‍ 0.7 ശതമാനം പേര്‍ക്ക് മാത്രമാണ് ഓക്‌സിജന്‍ കിടക്കകളും 0.4 ശതമാനം പേര്‍ക്ക് മാത്രമാണ് ഐസിയുവും ആവശ്യമായി വന്നത്. ഈ കാലയളവില്‍, കഴിഞ്ഞ ആഴ്ചയുമായി താരതമ്യം ചെയ്യുമ്പോള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന പുതിയ കേസുകളില്‍ ഏകദേശം 1,70,977 വര്‍ധനവ് ഉണ്ടായി. പുതിയ കേസുകളുടെ വളര്‍ച്ചാ നിരക്കില്‍ മുന്‍ ആഴ്ചയുമായി താരതമ്യപ്പെടുത്തുമ്പോള്‍ 183 ശതമാനം വര്‍ധനവ് ഉണ്ടായിട്ടുണ്ട്. നിലവില്‍ രോഗം സ്ഥിരീകരിച്ച് ചികിത്സയിലുള്ള രോഗികള്‍, ആശുപത്രികള്‍, ഫീല്‍ഡ് ആശുപത്രികള്‍, ഐസിയു, വെന്റിലേറ്റര്‍, ഓക്‌സിജന്‍ കിടക്കകള്‍ എന്നിവിടങ്ങളിലെ രോഗികളുടെ എണ്ണം എന്നിവ മുന്‍ ആഴ്ചയുമായി താരതമ്യപ്പെടുത്തുമ്പോള്‍ ഈ ആഴ്ചയില്‍ യഥാക്രമം 189%, 99%, 120%, 59%, 28% 120% വര്‍ധിച്ചിട്ടുണ്ട്.
കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ ജീവിതശൈലി രോഗങ്ങളുള്ള മുതിര്‍ന്ന പൗരന്മാര്‍ക്കും ബിപിഎല്‍ വിഭാഗത്തില്‍പ്പെട്ട ജനവിഭാഗങ്ങള്‍ക്കും അനുബന്ധ രോഗങ്ങളുള്ളവര്‍ക്കും വീടുകളില്‍ സൗജന്യമായി മരുന്നുകള്‍ എത്തിച്ചു നല്‍കുന്നതിനായി ആരോഗ്യ വകുപ്പ് പദ്ധതിയാവിഷ്‌ക്കരിച്ച് നടപ്പിലാക്കി വരുന്നു. സംസ്ഥാന ജീവിതശൈലി രോഗ നിയന്ത്രണ പദ്ധതിയുടെ ഭാഗമായി ആശ പ്രവര്‍ത്തകരുടേയും പാലിയേറ്റീവ് കെയര്‍ പ്രവര്‍ത്തകരുടേയും സന്നദ്ധപ്രവര്‍ത്തകരുടേയും സഹായത്തോടു കൂടിയാണ് ഈ വിഭാഗങ്ങളിലുള്ളവരുടെ വീടുകളില്‍ മരുന്നുകള്‍ എത്തിച്ചു നല്‍കുന്നത്. സാധാരണ ജനങ്ങള്‍ക്ക് പ്രത്യേകിച്ച് അവശത അനുഭവിക്കുന്ന ജനവിഭാഗത്തിന് മരുന്നുകള്‍ വീട്ടില്‍ എത്തിച്ച് നല്‍കാനുള്ള പദ്ധതി ഊര്‍ജ്ജിതമായി ആരോഗ്യ വകുപ്പ് നടപ്പിലാക്കും. കോവിഡ് കാലത്ത് ആശുപത്രിയിലെത്തുമ്പോള്‍ ഉണ്ടാകുന്ന സമ്പര്‍ക്കം ഒഴിവാക്കുക എന്ന ലക്ഷ്യത്തോടെയാണ് പദ്ധതിയാവിഷ്‌ക്കരിച്ചത്.