Input your search keywords and press Enter.

ഇതിഹാസ ഗായിക ലതാ മങ്കേഷ്‌കർ അന്തരിച്ചു

 

ഇതിഹാസ ഗായിക ലതാ മങ്കേഷ്‌കർ (92) അന്തരിച്ചു. കൊവിഡ് ബാധിച്ച് ചികിത്സയിലായിരുന്നു. ന്യൂമോണിയ ബാധയെ തുടർന്ന് ഗുരുതരാവസ്ഥയിലാതോടെയാണ് അന്ത്യം. മുംബൈയിലെ ബ്രീച്ച് കാൻഡി ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്.

ജനുവരി ആദ്യവാരമാണ് ലതാ മങ്കേഷ്കറെ കൊവിഡ് ബാധിച്ചതിനെ തുടർന്ന് മുംബൈയിലെ ബ്രീച്ച് കാൻഡി ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ആരോഗ്യനിലയിൽ മാറ്റം വന്നതോടെ ഐ.സി.യുവിൽ നിന്ന് മാറ്റി. എന്നാൽ വീണ്ടും ആരോഗ്യനില മോശമായെന്നും ഐ.സി.യുവിലേക്ക് നിരീക്ഷണത്തിനായി മാറ്റിയിട്ടുണ്ടെന്നും കഴിഞ്ഞ ദിവസം ആശുപത്രി വൃത്തങ്ങൾ അറിയിക്കുകയായിരുന്നു.

ശനിയാഴ്ച സഹോദരങ്ങളായ ആശാ ഭോസ്‌ലെയും ഹൃദയനാഥ് മങ്കേഷ്‌കറും ആശുപത്രിയിൽ എത്തിയിരുന്നു. കുടുംബാംഗങ്ങളെ കൂടാതെ മുഖ്യമന്ത്രി ഉദ്ധവ് താക്കറെയുടെ ഭാര്യ രശ്മി, എംഎൻഎസ് അധ്യക്ഷൻ രാജ് താക്കറെ, ബോളിവുഡ് സംവിധായകൻ മധുര് ഭണ്ഡാർക്കർ, കേന്ദ്രമന്ത്രി പിയൂഷ് ഗോയൽ, ബിജെപി നേതാവ് എം.പി ലോധ ഉൾപ്പെടെയുള്ളവർ ലതയുടെ ആരോഗ്യവിവരം അന്വേഷിക്കാൻ ആശുപത്രിയിലെത്തിയിരുന്നു.

“ഇന്ത്യയുടെ നൈറ്റിംഗേൽ” എന്നറിയപ്പെടുന്ന ലതാ മങ്കേഷ്‌കർ രാജ്യത്തെ പരമോന്നത സിവിലിയൻ ബഹുമതിയായ ഭാരതരത്‌നയ്ക്ക് അർഹയായിരുന്നു. ആറ് പതിറ്റാണ്ടിലേറെ നീണ്ട കരിയറിൽ ലതാ മങ്കേഷ്കർ മൂന്ന് ദേശീയ ചലച്ചിത്ര അവാർഡുകൾ, 15 ബംഗാൾ ഫിലിം ജേർണലിസ്റ്റ്സ് അസോസിയേഷൻ അവാർഡുകൾ, നാല് ഫിലിംഫെയർ മികച്ച വനിതാ പിന്നണി അവാർഡുകൾ, രണ്ട് ഫിലിംഫെയർ സ്പെഷ്യൽ അവാർഡുകൾ, ഫിലിംഫെയർ ലൈഫ് ടൈം അച്ചീവ്മെന്റ് അവാർഡ് തുടങ്ങി നിരവധി പുരസ്കാരങ്ങൾ നേടി.

വിഖ്യാത ഗായിക ലതാ മങ്കേഷ്‌കറുടെ വിയോഗത്തില്‍ രാജ്യം രണ്ടുദിവസത്തെ ദുഃഖാചരണം നടത്തും. ലതാജിയോടുള്ള ആദരസൂചകമായി ദേശീയ പതാക രണ്ടുദിവസം താഴ്ത്തിക്കെട്ടും. ലതാ മങ്കേഷ്‌കറുടെ വിടവാങ്ങലിന്റെ ഞെട്ടലിലാണ് ഇന്ത്യന്‍ സിനിമാ ലോകം. രാഷ്ട്രീയ, സാമൂഹിക, സാംസ്‌കാരിക രംഗത്തെ ഒട്ടേറെ പേര്‍ ലതാജിക്ക് ആദരാഞ്ജലിയര്‍പ്പിച്ചു.ലതാ മങ്കേഷ്‌കറിനെ അനുസ്മരിക്കാന്‍ തനിക്ക് വാക്കുകളില്ലെന്നായിരുന്നു പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രതികരണം. നികത്താനാകാത്ത ഒരു വലിയ വിടവ് അവശേഷിപ്പിച്ചാണ് ലത വിടവാങ്ങുന്നതെന്നും പ്രധാനമന്ത്രി ട്വിറ്ററില്‍ കുറിച്ചു. തലമുറകളുടെ വികാരങ്ങള്‍ക്ക് ശബ്ദം നല്‍കിയ പ്രതിഭയാണ് ലതാ മങ്കേഷ്‌കറെന്ന് രാഷ്ട്രപതി രാംനാഥ് കോവിന്ദ് അനുസ്മരിച്ചു. ലതാ മങ്കേഷ്‌കറിന്റെ മരണവാര്‍ത്ത ഹൃദയഭേദകമായിരുന്നെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ആലാപനമാധുരി കൊണ്ട് ലോകത്തിന്റെ ഹൃദയം കീഴടക്കിയ സമാനതയില്ലാത്ത സംഗീതജ്ഞയായിരുന്നു ലതാമങ്കേഷ്‌കര്‍ എന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അനുശോചന സന്ദേശത്തില്‍ പറഞ്ഞു. അവരുടെ പാട്ടിനൊപ്പം വളര്‍ന്ന പല തലമുറകള്‍ ഉണ്ട്. അവരുടെയെല്ലാം മനസ്സില്‍ മായ്ക്കാനാവാത്ത സ്ഥാനമാണ് ലതാമങ്കേഷ്‌കര്‍ക്കുള്ളത്. പല പതിറ്റാണ്ടുകള്‍ മറ്റാരുമായും താരതമ്യപ്പെടുത്താനാവാത്തത്ര ഉയരത്തില്‍ നിന്ന ഈ ഗായിക ഹിന്ദിയില്‍ മാത്രമല്ല ഇന്ത്യയിലെ വ്യത്യസ്തങ്ങളായ നിരവധി ഭാഷകളില്‍ ഗാനങ്ങള്‍ ആലപിച്ചു. മലയാളിക്കും അവരുടെ നാവിന്‍തുമ്പിലെ മലയാളത്തിന്റെ മധുരം അനുഭവിക്കാന്‍ ഭാഗ്യമുണ്ടായി. ലതാ മങ്കേഷ്‌കറുടെ വിയോഗത്തില്‍ ദുഃഖിക്കുന്ന സംഗീത ലോകത്തെയാകെ ദുഃഖം അറിയിക്കുന്നതായി മുഖ്യമന്ത്രി പറഞ്ഞു.

ഇന്ത്യ കണ്ട എക്കാലത്തെയും മികച്ച ഗായിക ലതാ മങ്കേഷ്‌കര്‍ വിടപറയുമ്പോള്‍ പകരംവയ്ക്കാനില്ലാത്ത ശബ്ദമാണ് ഇന്ത്യന്‍ സിനിമാ ലോകത്തിന് നഷ്ടമാകുന്നത്. പ്രായം തളര്‍ത്താത്ത ഇതിഹാസം 92ാം വയസില്‍ അരങ്ങൊഴിയുമ്പോള്‍ ബാക്കിയാകുന്നത് ഒട്ടേറെ മധുരസ്മരണങ്ങളുണര്‍ത്തുന്ന ഗാനങ്ങളാണ്.

error: Content is protected !!