Input your search keywords and press Enter.

സി.പി.ഐ.(എം) സഹായത്തിനെത്തി: ജയലക്ഷ്മി ഡോക്ടറാകും

 

കഷ്ടതകൾക്കു നടുവിൽ നിന്ന് പഠനം നടത്തി മെഡിക്കൽ എൻട്രൻസിൽ റാങ്ക് നേടി അഡ്മിഷൻ ലഭിച്ചിട്ടും പണമില്ലാത്തതിനാൽ പഠിക്കാൻ കഴിയാതിരുന്ന ജയലക്ഷ്മി അർജ്ജുനന് സി.പി.ഐ (എം) സഹായത്താൽ ഇനി ഡോക്ടറാകാം.അരുവാപ്പുലം കോയിപ്രത്ത് മേലേതിൽ അർജ്ജുനൻ്റെയും, രമാദേവിയുടെയും മകളാണ് ജയലക്ഷ്മി.

 

2021 ൽ എൻട്രൻസ് നേടി പാലക്കാട് ദാസ് മെഡിക്കൽ കോളേജിൽ ജയലക്ഷ്മിയ്ക്ക് അഡ്മിഷൻ ലഭിച്ചിരുന്നു.പലരോടും സഹായം അഭ്യർത്ഥിച്ചെങ്കിലും പണം ലഭിക്കാത്തതിനാൽ കോളേജിൽ ചേരാൻ കഴിഞ്ഞില്ല.

 

തുടർന്നും വീട്ടിലിരുന്ന് പഠനം തുടർന്ന ജയലക്ഷ്മി ഈ വർഷവും ആറായിരത്തി എഴുന്നൂറ്റി തൊണ്ണൂറ്റി ഏഴാം റാങ്ക് വാങ്ങി. ഇടുക്കി ജില്ലയിലെ തൊടുപുഴ അൽ അസർ മെഡിക്കൽ കോളേജിൽ അഡ്മിഷനും ലഭിച്ചു.

കോഴ്സിനു ചേരാൻ എൻട്രൻസ് കമ്മീഷണറുടെ പേരിൽ 3 ലക്ഷം രൂപയും, കോളേജിൽ ഫീസായി 4 ലക്ഷം രൂപ നല്കണം. തുക കണ്ടെത്താൻ നിരവധിയാളുകളോട് സഹായം തേടിയെങ്കിലും നിരാശയായിരുന്നു ഫലം.

 

അവസാന ശ്രമമെന്ന നിലയിൽ ജയലക്ഷ്മി അമ്മയേയും കൂട്ടി ഫെബ്രുവരി 6 ന് കോന്നി എം.എൽ.എ ഓഫീസിലെത്തി എം.എൽ.എ അഡ്വ.കെ.യു.ജനീഷ് കുമാറിനെ വിവരം ധരിപ്പിച്ചു.കുട്ടിയുടെ പഠന പ്രതിസന്ധി മനസ്സിലാക്കിയ എം.എൽ.എ വിവരം സി.പി.ഐ (എം) ജില്ലാ സെക്രട്ടറി കെ.പി.ഉദയഭാനുവിനെ അറിയിച്ചു.

 

ഉടൻ തന്നെ കെ.പി.ഉദയഭാനു ആവശ്യമായ എല്ലാ പിൻതുണയും കുട്ടിക്ക് പഠനത്തിനായി നല്കുമെന്നറിയിച്ചു. അഡ്മിഷനെടുക്കാൻ എല്ലാ സഹായവും നല്കുമെന്നും കോളേജിലേക്ക് അഡ്മിഷനായി പോകാൻ തയ്യാറാകാൻ കുട്ടിയെ അറിയിക്കാനും എം.എൽ.എയെ ചുമതലപ്പെടുത്തി.

 

ഫെബ്രുവരി 7 ന് രാവിലെ 7.30 ന് അഡ്വ.കെ.യു.ജനീഷ് കുമാർ എം.എൽ.എയെയും കൂട്ടി സി.പി.ഐ (എം) ജില്ലാ സെക്രട്ടറി കെ.പി.ഉദയഭാനു അരുവാപ്പുലത്തെ വീട്ടിലെത്തി. എൻട്രൻസ് കമ്മീഷണർക്ക് അയ്ക്കുന്നതിനാവശ്യമായ 3 ലക്ഷം രൂപ ജില്ലാ സെക്രട്ടറി ജയലക്ഷ്മിക്ക് കൈമാറി.

 

കോളേജിൽ അടയ്ക്കാനുള്ള 4 ലക്ഷം രൂപയും കണ്ടെത്തി നല്കുമെന്നും ജില്ലാ സെക്രട്ടറി പറഞ്ഞു.പഠനം പൂർത്തിയാക്കാൻ 30 ലക്ഷം രൂപയോളം ചെലവു വരുമെന്നും, ബഹുജന പിൻതുണയോടെ പ0ന ചെലവ് സി.പി.ഐ (എം) ഏറ്റെടുക്കുമെന്നും ജില്ലാ സെക്രട്ടറി പറഞ്ഞു. പണം ഏറ്റുവാങ്ങിയ ശേഷം ജില്ലാ സെക്രട്ടറിയുടെ കാലിൽ തൊട്ട് അനുഗ്രഹം വാങ്ങാൻ ശ്രമിച്ച ജയലക്ഷ്മിയെ നിരുൽസാഹപ്പെടുത്തി ആരുടെയും കാലിൽ വീഴാതെ നിവർന്ന് നിന്ന് മുന്നോട്ടു പോകണമെന്നും ഉപദേശിച്ചു.
തുടർന്ന് അഡ്മിഷൻ എടുക്കുന്നതിനായി എം.എൽ.എയുടെ എഡ്യൂ കെയർ പദ്ധതി കോ-ഓർഡിനേറ്റർ രാജേഷ് ആക്ളേത്ത് ജയലക്ഷ്മിയേയും, മാതാപിതാക്കളെയും കൂട്ടി തൊടുപുഴയിലേക്ക് പോയി.രണ്ടു ദിവസത്തിനുള്ളിൽ അഡ്മിഷൻ നടപടികൾ പൂർത്തിയാക്കും.

 

കൂലിപ്പണിക്കാരനും രോഗിയുമായ അച്ഛൻ്റെയും, വീട്ടുജോലി ചെയ്യുന്ന അമ്മയുടെയും കഷ്ടപ്പാടുകൾക്കു നടുവിൽ നിന്നാണ് ജയലക്ഷ്മി എൻട്രൻസിൽ മികച്ച വിജയം നേടുന്നത്. കോന്നി റിപ്പബ്ലിക്കൻ വൊക്കേഷണൽ ഹയർ സെക്കൻ്ററി സ്കൂളിൽ നിന്നും എസ്.എസ്.എൽ.സി യും, എലിമുള്ളും പ്ലാക്കൽ സർക്കാർ ഹയർ സെക്കൻ്ററി സ്കൂളിൽ നിന്ന് പ്ലസ്റ്റുവും പാസ്സായ ജയലക്ഷ്മിക്ക് ഡോക്ടറാകുക എന്നതായിരുന്നു സ്വപ്നം. കോച്ചിംഗ് സെൻ്ററുകളിൽ പോകാതെ വീട്ടിലിരുന്നു പഠിച്ചാണ് ജയലക്ഷ്മി ഈ മികച്ച വിജയം നേടിയത്.ജയലക്ഷ്മിയുടെ മാതാപിതാക്കളുടെ കുടുംബത്തിന് ആകെയുള്ള 31 സെൻ്റ് സ്ഥലത്തിന് ആറ് അവകാശികളാണുള്ളത്.വസ്തു ബാങ്കിൽ പണയത്തിലുമാണ്.

 

എം.എൽ.എയെ കണ്ടതോടെയാണ് മകളുടെ ഡോക്ടർ മോഹത്തിന് പ്രതീക്ഷയായ തെന്ന് ജയലക്ഷ്മിയുടെ അമ്മ രമാദേവി പറഞ്ഞു. സി.പി.ഐ (എം) ജില്ലാ സെക്രട്ടറി നല്കിയ പിൻതുണ ഒരിക്കലും മറക്കാൻ കഴിയില്ല. നാട്ടുകാർക്ക് എന്നും സഹായിയായ ഒരു ഡോക്ടറായി മകൾ മാറുമെന്നും അമ്മ രമാദേവി പറഞ്ഞു.

 

പഠനത്തിൽ മിടുക്കരായ പാവപ്പെട്ട കുട്ടികളെ സഹായിക്കാൻ എല്ലാ ഇടപെടീലും നടത്തുമെന്ന് ജില്ലാ സെക്രട്ടറി കെ.പി.ഉദയഭാനു പറഞ്ഞു.ജയലക്ഷ്മിയെപ്പോലെ ധാരാളം കുട്ടികൾ സമൂഹത്തിലുണ്ട്.ഇവർക്ക് സഹായമായി എല്ലാവരും രംഗത്തു വരണമെന്നും ജില്ലാ സെക്രട്ടറി പറഞ്ഞു.
ജയലക്ഷ്മിയുടെ പഠന സഹായത്തിനായി കോന്നി ഫെഡറൽ ബാങ്കിൽ അക്കൗണ്ട് തുടങ്ങിയതായി അഡ്വ. കെ.യു.ജനീഷ് കുമാർ എം.എൽ.എ പറഞ്ഞു. അരുവാപ്പുലം ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് രേഷ്മ മറിയം റോയ്, ജയലക്ഷ്മി എന്നിവരുടെ പേരിൽ ജോയിൻ്റ് അക്കൗണ്ടാണ് തുടങ്ങിയിട്ടുള്ളത്. എസ്.ബി.അക്കൗണ്ട് നമ്പർ 10650100363951. ഐ.എഫ്.എസ്.സി കോഡ്. FDRL0001065. ജയലക്ഷ്മിക്ക് പരമാവധി സഹായം നല്കണമെന്ന് ജില്ലാ സെക്രട്ടറിയും, എം.എൽ.എയും അഭ്യർത്ഥിച്ചു.
ജയലക്ഷ്മിയുടെ വീട്ടിൽ സി.പി.ഐ (എം) ഏരിയാ സെക്രട്ടറി ശ്യാംലാൽ, ബ്ലോക്ക് പഞ്ചായത്തംഗം വർഗ്ഗീസ് ബേബി, കോന്നി വിജയകുമാർ, സന്തോഷ് കുമാർ തുടങ്ങിയവരും എത്തിയിരുന്നു.

error: Content is protected !!