Input your search keywords and press Enter.

നെല്ലിന്റെ വൈവിധ്യവത്കരണം ഏറെ പ്രധാനം: ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കര്‍ഷകര്‍ക്ക് കൈതാങ്ങാവുന്ന ധനസഹായ പദ്ധതിയുമായി ജില്ല പഞ്ചായത്ത്

നെല്ലിന്റെ വൈവിധ്യവത്കരണം ഏറെ പ്രധാനമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഓമല്ലൂര്‍ ശങ്കരന്‍ പറഞ്ഞു. കാര്‍ഷിക മേഖലയിലെ വിവിധ പദ്ധതികള്‍ക്ക് നല്‍കുന്ന ധനസഹായത്തിന്റെ ജില്ലാതല വിതരണ ഉദ്ഘാടനം ജില്ലാപഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. കഴിഞ്ഞ വര്‍ഷത്തേതിലും അധികം ഭൂമി ഏറ്റെടുത്തു കൊണ്ട് കൃഷിയെ പ്രോത്സാഹിപ്പിക്കുക എന്ന വലിയ ലക്ഷ്യമാണ് ജില്ലാ പഞ്ചായത്ത് മുന്നോട്ടുവയ്ക്കുന്നത്. നെല്‍ കൃഷിക്കാര്‍ക്കും ഇടവിള കൃഷിക്കാര്‍ക്കും ആണ് ധനസഹായം നല്‍കുന്നത്.
കഴിഞ്ഞ ഒരു വര്‍ഷക്കാലത്തിനിടയില്‍ അടിക്കടി ഉണ്ടായ പേമാരിയും വെള്ളപ്പൊക്കവും നെല്‍കൃഷി മേഖലയില്‍ പ്രതിസന്ധി സൃഷ്ടിച്ചു. പ്രകൃതിക്ഷോഭത്തില്‍ നഷ്ടപ്പെട്ട നെല്‍വിത്തുകള്‍ക്കും ഞാറിനും പകരം വീണ്ടും കൃഷി ഇറക്കേണ്ടി വന്ന കര്‍ഷകര്‍ക്ക് സാമ്പത്തിക നഷ്ടം ഉണ്ടായി. എന്നാല്‍ ഈ പ്രതിസന്ധിയെ അതിജീവിച്ച് മുന്നോട്ടു പോകാന്‍ കര്‍ഷകര്‍ക്ക് കഴിഞ്ഞത് പ്രശംസനീയം ആണെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു. കോവിഡ് മഹാമാരിയും കാര്‍ഷിക മേഖലയില്‍ പ്രതിസന്ധിക്ക് കാരണമായിട്ടുണ്ട്.
ജില്ലയിലെ പടിഞ്ഞാറന്‍ മേഖലയിലാണ് നെല്‍ കൃഷി കൂടുതലായി നടക്കുന്നത്. എങ്കിലും കിഴക്കന്‍ മേഖലയിലും കര്‍ഷകര്‍ ഉത്സാഹത്തോടെ കൃഷി ഏറ്റെടുക്കുന്നുണ്ട്. നെല്ലിന്റെ വൈവിധ്യവല്‍ക്കരണം ലക്ഷ്യം വെച്ചുകൊണ്ടാണ് ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തില്‍ കൊടുമണ്ണില്‍ ആധുനിക രീതിയിലുള്ള റൈസ് മില്ല് സ്ഥാപിക്കാന്‍ തീരുമാനിച്ചതെന്ന്  അദ്ദേഹം വ്യക്തമാക്കി. കര്‍ഷക കൂട്ടായ്മകളും തദ്ദേശ സ്ഥാപനങ്ങളും താല്‍പര്യം കാണിച്ചാല്‍ പടിഞ്ഞാറന്‍ മേഖലയിലും ഈ നിലയില്‍ മില്ല് സ്ഥാപിക്കാന്‍ കഴിയുന്നതാണ്.
ഈ വര്‍ഷം വിവിധ പഞ്ചായത്തുകളില്‍ നിന്ന് നെല്‍കൃഷിക്കുള്ള ചെലവിനത്തില്‍ 2.23 കോടി രൂപയുടെ ധനസഹായം ലഭിക്കണമെന്ന ആവശ്യം ഉന്നയിച്ചിട്ടുണ്ട്. ഇതില്‍ ആദ്യഗഡുവായി 1.72 കോടി രൂപയാണ് വിതരണം ചെയ്തത്. ഈ തുക കര്‍ഷകരുടെ അക്കൗണ്ടിലേക്ക് നേരിട്ട് ലഭിക്കുന്നതാണ്. പെരിങ്ങര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മാത്തന്‍  ജോസഫും ഇരവിപേരൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.ബി. ശശിധരന്‍ പിള്ളയും ജില്ലാ പഞ്ചായത്ത് പ്രസിഡന്റില്‍ നിന്ന് ധനസഹായം ഏറ്റുവാങ്ങി.
ജില്ലയില്‍ ഏറ്റവും കൂടുതല്‍ നെല്‍കൃഷി നടക്കുന്നത്  പെരിങ്ങര പഞ്ചായത്തില്‍ 4900 ഏക്കറിലും ഇരവിപേരൂര്‍ പഞ്ചായത്തില്‍ 350 ഏക്കറിലുമാണ്.  ഇടവിള കൃഷി നടത്തുന്ന കര്‍ഷകര്‍ക്കായി 1.06 കോടി രൂപയും വിതരണം ചെയ്തു. പൊതുവിഭാഗത്തിലും എസ്.സി  വിഭാഗത്തിലുംപെട്ട വര്‍ക്കായി 64 ലക്ഷം രൂപയും വനിതകള്‍ക്ക് 42 ലക്ഷം രൂപയുമാണ് നല്‍കുന്നത്.
ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മറ്റി ചെയര്‍മാന്‍ ജിജി മാത്യുവിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍മാരായ ആര്‍. അജയകുമാര്‍, ബീന പ്രഭ, ലേഖാ സുരേഷ് എന്നിവരും ജില്ലാ പഞ്ചായത്ത് അംഗങ്ങളായ ജോര്‍ജ് എബ്രഹാം, ജിജോ മോഡി, ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ മാത്തന്‍ ജോസഫ്, കെ.ബി.  ശശിധരന്‍പിള്ള
എന്നിവര്‍ സംസാരിച്ചു.  ജില്ലാ പഞ്ചായത്ത് സെക്രട്ടറി വി.ആര്‍. മുരളീധരന്‍ നായര്‍, പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍ എ.ഡി. ഷീല, കൃഷി വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍മാരായ എലിസബത്ത് തമ്പാന്‍, ജോര്‍ജ് ബോബി, കര്‍ഷക പ്രതിനിധി സാം ഈപ്പന്‍ എന്നിവരും സംബന്ധിച്ചു.

error: Content is protected !!