Input your search keywords and press Enter.

പത്തനംതിട്ട ജില്ലാ അറിയിപ്പുകള്‍

 

ശബരിമല കുംഭ മാസ പൂജ: കുള്ളാര്‍ അണക്കെട്ട് തുറക്കും

ശബരിമല കുംഭമാസ പൂജയുമായി ബന്ധപ്പെട്ട് പമ്പാ ത്രിവേണി സ്‌നാന സരസിലും അനുബന്ധ കടവുകളിലും ജല ലഭ്യത ഉറപ്പാക്കുന്നതിനായി കുള്ളാര്‍ അണക്കെട്ടില്‍ നിന്നും ഫെബ്രുവരി 13 മുതല്‍ 17 വരെ പ്രതിദിനം 15,000 ഘന മീറ്റര്‍ ജലം തുറന്നു വിടുന്നതിന് അനുമതി നല്‍കി ജില്ലാ കളക്ടറും ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയര്‍പേഴ്‌സണുമായ ഡോ. ദിവ്യ എസ്. അയ്യര്‍ ഉത്തരവായി. പമ്പാ നദീ തീരങ്ങളിലുള്ളവരും തീര്‍ഥാടകരും ജാഗ്രത പുലര്‍ത്തണം.

 

കര്‍ഷകര്‍ക്ക് ബ്ലോക്ക് തല പരിശീലനം നല്‍കി

തിരുവല്ല കൃഷി അസിസ്റ്റന്റ് ഡയറക്ടറുടെ കാര്യലയത്തിന്റെയും പെരിങ്ങര കൃഷിഭവന്റെയും ആഭിമുഖ്യത്തില്‍ കര്‍ഷകര്‍ക്കായി പരിശീലന പരിപാടി നടത്തി. നെല്‍ക്കൃഷിയിലെ രോഗകീട നിയന്ത്രണം, ശാസ്ത്രീയ വളപ്രയോഗം എന്നീ വിഷയങ്ങളില്‍ മങ്കൊമ്പ് കീട നീരിക്ഷണ കേന്ദ്രം അസിസ്റ്റന്റ് ഡയറക്ടര്‍ ബി. സ്മിത ക്ലാസ് നയിച്ചു.
പുഞ്ചഭൂമിയില്‍ കര്‍ഷകര്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യുകയും ആവശ്യമായ നിര്‍ദേശങ്ങള്‍ നല്‍കുകയും ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് മാത്തന്‍ ജോസഫ് പരിശീലനം ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് ശാന്തമ്മ ആര്‍. നായര്‍ അധ്യക്ഷത വഹിച്ചു. സംയുക്ത പാട ശേഖര സമിതി യോഗത്തില്‍ ഈ മാസം 20 ന് അകം നെല്‍ക്കൃഷി ആനുകൂല്യങ്ങള്‍ക്കായി വിള ഇന്‍ഷുറന്‍സ് പദ്ധതിയില്‍ കര്‍ഷകര്‍ അംഗത്വം എടുക്കണമെന്ന് അറിയിച്ചു.
വികസന സ്റ്റാന്‍ഡിംഗ് കമ്മിറ്റി അംഗം സുഭദ്ര രാജന്‍, മെമ്പര്‍ റിക്കു മോനി വര്‍ഗീസ്, ഡെപ്യൂട്ടി ഡയറക്ടര്‍ ജോയ്സി, അസിസ്റ്റന്റ് ഡയറക്ടര്‍ വി.ജെ. റജി, കൃഷി ഓഫീസര്‍ എസ്. എസ്. സുജിത്ത്, അസിസ്റ്റന്റ് കൃഷി ഓഫീസര്‍ ജേക്കബ്, സാം ഈപ്പന്‍, പാടശേഖര സമിതി കണ്‍വീനര്‍മാര്‍, പ്രസിഡന്റുമാര്‍, സെക്രട്ടറിമാര്‍ തുടങ്ങിയവര്‍ പരിശീലനത്തില്‍ പങ്കെടുത്തു.

ക്വട്ടേഷന്‍

പത്തനംതിട്ട കുടുംബശ്രീ ജില്ലാമിഷന്റെ നേതൃത്വത്തില്‍ തിരുവല്ല ബുക്ക് ഡിപ്പോയില്‍ നിന്നും 2022-2023 അദ്ധ്യയന വര്‍ഷത്തെ വോള്യം 1, വോള്യം 2, വോള്യം 3 സ്‌ക്കൂള്‍ പാഠപുസ്തകങ്ങള്‍ ലഭ്യമാകുന്ന മുറയ്ക്ക് ജില്ലയിലെ വിവിധ സ്‌ക്കൂള്‍ സൊസൈറ്റികളിലേക്ക് വിതരണം ചെയ്യുന്നതിനായി വാഹന ഉടമകളില്‍ നിന്നും കരാര്‍ അടിസ്ഥാനത്തില്‍ (ആവശ്യമുള്ള സമയത്ത്) ഡ്രൈവര്‍, ഡീസല്‍ സഹിതം വാഹനം ലഭ്യമാക്കുന്നതിന് (1 മെട്രിക്ക് ടണ്‍, 1 മുതല്‍ 2 മെട്രിക്ക് ടണ്‍, 2 മുതല്‍ 3 മെട്രിക്ക് ടണ്‍, 3 മുതല്‍ 5 മെട്രിക്ക് ടണ്‍ ശേഷിയുള്ള വാഹനം അഭികാമ്യം) മല്‍സരസ്വഭാവമുള്ള ക്വട്ടേഷനുകള്‍ സീല്‍ ചെയ്ത കവറുകളില്‍ ക്ഷണിച്ചു. ക്വട്ടേഷനുകള്‍ ഈ മാസം 19 ന് വൈകുന്നേരം നാലിനു മുന്‍പായി ജില്ലാമിഷന്‍ ഓഫീസില്‍ സമര്‍പ്പിക്കണം. വിശദവിവരങ്ങള്‍ക്ക് ജില്ലാമിഷന്‍ ഓഫീസുമായി ബന്ധപ്പെടുക. ഫോണ്‍ :
9744253733, 8590406291.

ഗതാഗത നിയന്ത്രണം

പത്തനംതിട്ട സെന്റ് പീറ്റേഴ്സ് ജംഗ്ഷനില്‍ കലുങ്ക് നിര്‍മാണം നടക്കുന്നതിനാല്‍ ഇന്നു മുതല്‍ (ഫെബ്രുവരി 12) ഒരു മാസത്തേക്ക് ഈ ഭാഗത്തെ ഗതാഗതം ഭാഗികമായി നിയന്ത്രിച്ചു. സ്റ്റേഡിയം ജംഗ്ഷനില്‍ നിന്നും വരുന്ന വാഹനങ്ങള്‍ ഹൈമാസ്റ്റ് ലൈറ്റ് ചുറ്റി കളക്ടറേറ്റ് ഭാഗത്തേക്ക് പോകണമെന്ന് പൊതുമരാമത്ത് വകുപ്പ് നിരത്ത് ഉപവിഭാഗം പത്തനംതിട്ട അസി. എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു.

ടെന്‍ഡര്‍ ക്ഷണിച്ചു

പത്തനംതിട്ട കൂടല്‍ ജി.വി.എച്ച്.എസ്.എസിലേക്ക് 2021-22 വര്‍ഷത്തില്‍ വിവിധ കോഴ്സുകള്‍ക്ക് ആവശ്യമായ കമ്പ്യൂട്ടറുകളും അനുബന്ധ ഉപകരണങ്ങളും വാങ്ങുന്നതിനായി ടെന്‍ഡര്‍ ക്ഷണിച്ചു. ടെന്‍ഡര്‍ സ്വീകരിക്കുന്ന അവസാന തീയതി ഈ മാസം 18 ന് ഉച്ചയ്ക്ക് രണ്ടു വരെ. ഫോണ്‍ : 9961866938.

ജിയോളജി വകുപ്പ് ഫയല്‍ തീര്‍പ്പാക്കുന്നു

 

കെട്ടിട നിര്‍മ്മാണത്തിന്റെ ഭാഗമായി മണ്ണ് നീക്കം ചെയ്യുന്നതിനുളള അനുമതിക്കായി മൈനിംഗ് ആന്റ് ജിയോളജി വകുപ്പിന്റെ പത്തനംതിട്ട ജില്ലാ കാര്യാലയത്തില്‍ സമര്‍പ്പിച്ച അപേക്ഷകളില്‍ സ്ഥല പരിശോധന നടത്തി തീര്‍പ്പ് കല്‍പ്പിക്കുന്നതിന് മൂന്ന് സ്‌ക്വാഡുകള്‍ രൂപീകരിച്ചു. ഈ സ്‌ക്വാഡുകള്‍ ഈ മാസം 14 മുതല്‍ 19 വരെ ജില്ലയിലെ വിവിധ താലൂക്കുകളില്‍ അപേക്ഷാ സ്ഥലങ്ങള്‍ സന്ദര്‍ശിച്ച് തുടര്‍നടപടികള്‍ സ്വീകരിക്കുമെന്ന് പത്തനംതിട്ട ജില്ലാ ജിയോളജിസ്റ്റ് അറിയിച്ചു.

ഗതാഗത നിയന്ത്രണം

നവീകരണ പ്രവര്‍ത്തനങ്ങള്‍ നടന്നു വരുന്ന കൈപ്പട്ടൂര്‍-വളളിക്കോട് റോഡില്‍ ഇന്നു മുതല്‍ (ഫെബ്രുവരി 12) ഭാരം കൂടിയ വാഹനങ്ങളുടെ ഗതാഗതം നിയന്ത്രിച്ചതായി പൊതുമരാമത്ത് വകുപ്പ് നിരത്ത് ഉപവിഭാഗം പത്തനംതിട്ട അസി. എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു.

സൗരോര്‍ജ നൈപുണ്യ പരിശീലന പരിപാടിയിലേക്ക് അപേക്ഷ ക്ഷണിച്ചു

 

ഇലക്ടീഷ്യന്മാര്‍ക്കായുള്ള രണ്ടു ദിവസത്തെ പ്രത്യേക സൗരോര്‍ജ നൈപുണ്യ പരിശീലന പരിപാടിയിലേക്ക് അനര്‍ട്ട് അപേക്ഷ ക്ഷണിച്ചു. അപേക്ഷകള്‍ ലഭിക്കുന്ന മുന്‍ഗണനാ ക്രമത്തിലായിരിക്കും സീറ്റുകള്‍ അനുവദിക്കുന്നത്. അപേക്ഷകന്റെ പ്രായം കുറഞ്ഞത് 18 മുതല്‍ 60 വയസ്് വരെ ആയിരിക്കണം. പത്താം ക്ലാസും ഇലക്ടിക്കല്‍ വയര്‍മാന്‍ ലൈസന്‍സ്/ വയര്‍മാന്‍ അപ്രന്റിസ്/ ഇലക്ടീഷ്യന്‍ ട്രേഡില്‍ ഐടിഐ എന്നീ യോഗ്യത ഉള്ളവര്‍ക്ക് അപേക്ഷിക്കാം.
അനെര്‍ട്ടിന്റെ വെബ്സൈറ്റ് ആയ www.anert.gov.in/node/709 സന്ദര്‍ശിച്ച് നിര്‍ദിഷ്ട ലിങ്കില്‍ ക്ലിക്ക് ചെയ്തു ഓണ്‍ലൈന്‍ ആയി അപേക്ഷിക്കണം. പൂരിപ്പിച്ച അപേക്ഷകള്‍ സ്വീകരിക്കുന്ന അവസാന തീയതി ഫെബ്രുവരി 28. പരിശീലന പരിപാടി തൃപ്തികരമായി പൂര്‍ത്തിയാക്കിയ ശേഷം അനെര്‍ട്ട് പങ്കാളിത്ത സര്‍ട്ടിഫിക്കറ്റ് ലഭിക്കുന്നതായിരിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപെടുക 9188119431/ 18004251803.

നികുതി ഇളവുകള്‍ പ്രഖ്യാപിച്ച് നഗരസഭ

നികുതിപിരിവ് ഊര്‍ജിതമാക്കാന്‍ വന്‍ ഇളവുകള്‍ നഗരസഭാ കൗണ്‍സില്‍ പ്രഖ്യാപിച്ചു. വിവിധ നികുതി കുടിശിക ഇനത്തില്‍ ഏഴു കോടി രൂപ നഗരസഭയ്ക്ക് ലഭിക്കാനുണ്ട്. കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്ന നഗരസഭ പരമാവധി കുടിശിക പിടിച്ചെടുക്കുക എന്ന ഉദ്ദേശത്തോടെയാണ് ഇളവുകള്‍ പ്രഖ്യാപിച്ചിട്ടുള്ളത്.
മാര്‍ച്ച് മാസം 31-ന് മുമ്പായി വാടക കുടിശിക പൂര്‍ണമായും ഒടുക്കുവരുത്തുന്ന നഗരസഭയുടെ ഉടമസ്ഥതയിലുള്ള കെട്ടിടങ്ങളിലെ വ്യാപാരികള്‍ക്ക് ആറു മാസത്തെ വാടക ഇളവ് ചെയ്തു നല്‍കാന്‍ കൗണ്‍സില്‍ യോഗം ഐക്യകണ്‌ഠേന തീരുമാനിച്ചു. നഗരത്തിലെ കെട്ടിട ഉടമകള്‍ക്ക് കെട്ടിട നികുതി ഇനത്തിലുള്ള കുടിശിക അടയ്ക്കുമ്പോള്‍ പിഴപ്പലിശ പൂര്‍ണമായും ഒഴിവാക്കാനും തീരുമാനമുണ്ട്.

തൊഴില്‍ നികുതി കുടിശിക പൂര്‍ണമായും അടയ്ക്കുന്നവര്‍ക്കും ഈ ആനുകൂല്യങ്ങള്‍ പ്രഖ്യാപിച്ചിട്ടുണ്ട്. നികുതിപിരിവ് കൂടുതല്‍ കാര്യക്ഷമമാക്കുന്നതിനുവേണ്ടി 32 വാര്‍ഡുകളിലും പ്രത്യേക കളക്ഷന്‍ സെന്ററുകള്‍ പ്രവര്‍ത്തിക്കും. ഈ മാസം 16 മുതലാണ് വാര്‍ഡ് അടിസ്ഥാനത്തില്‍ കളക്ഷന്‍ കേന്ദ്രങ്ങള്‍ തുടങ്ങുന്നത്. നികുതി അടയ്ക്കുന്നതിനായി നഗരസഭാ ഓഫീസിലേക്ക് പോകാതെ തന്നെ ഓരോ വാര്‍ഡുകളിലും സൗകര്യമൊരുക്കുന്നതിനാണ് നഗരസഭ കളക്ഷന്‍ സെന്ററുകള്‍ തുടങ്ങുന്നത്. ഓരോ വാര്‍ഡിലും ഓരോ ദിവസം എന്ന ക്രമത്തില്‍ രാവിലെ എട്ടു മുതല്‍ മൂന്നു വരെയാണ് കേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കുന്നത്.

റവന്യൂ വിഭാഗത്തിലെ ഉദ്യോഗസ്ഥരോടൊപ്പം നികുതിദായകരെ സഹായിക്കുന്നതിനായി കുടുംബശ്രീ പ്രവര്‍ത്തകരെയും വോളണ്ടിയര്‍മാരെയും ക്രമീകരിച്ചിട്ടുണ്ട്. വാടക ഇളവ് ലഭിക്കുന്നതിനും പിഴപ്പലിശ ഒഴിവാക്കി കിട്ടുന്നതിനുമായി പരമാവധി ഈ അവസരം ഉപയോഗിക്കണമെന്ന് നഗരസഭാ കൗണ്‍സിലിനു വേണ്ടി ചെയര്‍മാന്‍ അറിയിച്ചു. കോവിഡിന്റെ പശ്ചാത്തലം കൂടി കണക്കിലെടുത്തും വ്യാപാരി സംഘടനകളുടെ നിരന്തരമായ ആവശ്യത്തെ തുടര്‍ന്നുമാണ് ഈ ഇളവുകള്‍ കൗണ്‍സില്‍ യോഗം പ്രഖ്യാപിച്ചിട്ടുള്ളത്.

സൗര സബ്‌സിഡി പദ്ധതിയുടെ ആറന്മുള നിയോജക മണ്ഡല തല ഉദ്ഘാടനം ഇന്ന് (12)

വീടുകളില്‍ സൗരോര്‍ജത്തിലൂടെ കൂടുതല്‍ വൈദ്യുതി ഉപയോഗം എന്നത് ലക്ഷ്യമാക്കി കേരള സര്‍ക്കാര്‍ ഊര്‍ജ കേരള മിഷന്‍ മുഖേന നടപ്പാക്കുന്ന സൗര സബ്‌സിഡി പദ്ധതിയുടെ ആറന്മുള നിയോജക മണ്ഡലതല ഉദ്ഘാടനം ഇന്ന് (ഫെബ്രുവരി 12) രാവിലെ 8.30ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് നിര്‍വഹിക്കും. ഇലന്തൂര്‍ പഞ്ചായത്തിലെ പൂക്കോട് പുതുപറമ്പില്‍ എന്‍. ശിവരാജിന്റെ വീട്ടിലാണ് ആദ്യ ഘട്ടത്തില്‍ സോളാര്‍ നിലയത്തിന്റെ ഉദ്ഘാടനം ആരോഗ്യ മന്ത്രി നിര്‍വഹിക്കുന്നത്. ഗാര്‍ഹിക ഉപയോക്താക്കള്‍ക്ക് സബ്‌സിഡിയോടു കൂടി വീടിന് മുകളില്‍ സോളാര്‍ നിലയങ്ങള്‍ സ്ഥാപിക്കുകയും ഇതില്‍ നിന്ന് സൗരോര്‍ജത്തിലൂടെ വീട്ടിലേക്ക് ആവശ്യമായ വൈദ്യുതി ലഭ്യമാക്കുകയും ചെയ്യുന്നതാണ് പദ്ധതി.
മണ്ഡലത്തില്‍ ആദ്യ ഘട്ടത്തില്‍ 4.8 കിലോവാട്ട് കൊണ്ടാസ് ഓട്ടോമേഷന്‍ സോളാര്‍ നിലയം കമ്മീഷന്‍ ചെയ്തു കൊണ്ടാണ് പദ്ധതി ആരംഭിക്കുന്നത്. ഈ സോളാര്‍ നിലയത്തില്‍ നിന്ന് ഉപയോക്താവിന് പ്രതിമാസം 575 യൂണിറ്റ് വൈദ്യുതി ഉത്പാദിപ്പിക്കാന്‍ സാധിക്കും. വൈദ്യുതി ഉപയോഗത്തിന് ശേഷം വരുന്ന അധിക വൈദ്യുതി യൂണിറ്റിന് നിശ്ചിത വിലയ്ക്ക് കെഎസ്ഇബിക്ക് നല്‍കാം. 2,47,064 രൂപ മുതല്‍ മുടക്കില്‍ സ്ഥാപിച്ച നിലയത്തിന് സബ്‌സിഡി തുകയായ 57,400 കുറച്ച് 1,89,664 രൂപയാണ് ഉപയോക്താവിന് അടയ്‌ക്കേണ്ടി വന്നത്.

പദ്ധതി സ്ഥാപിക്കാനാവശ്യമായ ആകെ തുകയില്‍ മൂന്നു കിലോവാട്ട് വരെ 40 ശതമാനം സബ്‌സിഡിയും മൂന്നു മുതല്‍ 10 കിലോവാട്ട് വരെ 20 ശതമാനം സബ്‌സിഡിയും ലഭിക്കും. 2022 മാര്‍ച്ച് 31 നോടു കൂടി 35,000 ഉപയോക്താക്കളിലായി 100 മെഗാവാട്ട് കപ്പാസിറ്റിയാണ് ആദ്യ ഘട്ടത്തില്‍ ലക്ഷ്യമിടുന്നത്. ആറന്മുള നിയോജക മണ്ഡലത്തില്‍ പൂര്‍ത്തീകരിച്ച മൂന്നു നിലയങ്ങള്‍ ഉള്‍പ്പടെ 27 നിലയങ്ങള്‍ ഇതിനകം പത്തനംതിട്ട സര്‍ക്കിള്‍ കീഴില്‍ പൂര്‍ത്തീകരിച്ചിട്ടുണ്ട്. പദ്ധതിയുടെ ഭാഗമായി സ്ഥാപിക്കുന്ന പാനലുകള്‍ക്ക് 25 വര്‍ഷത്തെ ഗ്യാരന്റിയാണ് കമ്പനി നല്‍കുന്നത്. ഉപയോക്താവിന് മുടക്കു മുതല്‍ ഏകദേശം അഞ്ച്-ആറു വര്‍ഷം കൊണ്ട് തിരികെ ലഭിക്കും.

നീക്കം ചെയ്യണം

ഇലന്തൂര്‍ ഗ്രാമപഞ്ചായത്ത് പ്രദേശത്ത് പൊതു സ്ഥലങ്ങളില്‍ സ്ഥാപിച്ചിട്ടുള്ള അനധികൃതവും അപകടകരവുമായ കൊടികള്‍/ പരസ്യ ബോര്‍ഡുകള്‍/ ബാനറുകള്‍/ ഹോര്‍ഡിംഗുകള്‍/ തുടങ്ങിയവ ഫെബ്രുവരി 14 ന് മുന്‍പായി നീക്കം ചെയ്യണമെന്ന് ഇലന്തൂര്‍ ഗ്രാമപഞ്ചായത്ത് സെക്രട്ടറി അറിയിച്ചു. അല്ലാത്ത പക്ഷം നേരിട്ട് നീക്കം ചെയ്യുന്നതും ബന്ധപ്പെട്ടവര്‍ക്കെതിരെ നിയമ നടപടികള്‍ സ്വീകരിക്കുന്നതുമാണ്.

കോവിഡ് എക്സ്ഗ്രേഷ്യാ തുക വിതരണത്തിന് പ്രത്യേക ഡ്രൈവ് നടത്തണം- ജില്ലാ കളക്ടര്‍

കോവിഡ് എക്സ്ഗ്രേഷ്യാ തുകയ്ക്ക് അര്‍ഹരായ ആശ്രിതരെ കണ്ടെത്തുന്നതിന് ഡ്രൈവ് നടത്തി മൂന്നു ദിവസത്തിനകം വിതരണം ചെയ്യണമെന്ന്് ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ്. അയ്യര്‍ പറഞ്ഞു. കോവിഡ് എക്സ്ഗ്രേഷ്യാ തുക വിതരണം ചെയ്യുന്നതിലെ പുരോഗതി വിലയിരുത്തുന്നതിനു ചേര്‍ന്ന പ്രത്യേക യോഗത്തില്‍ ഓണ്‍ലൈനായി പങ്കെടുത്ത് സംസാരിക്കുകയായിരുന്നു കളക്ടര്‍.

കോവിഡ് എക്സ്ഗ്രേഷ്യാ തുകയ്ക്ക് ഇനിയും അപേക്ഷിക്കാത്ത ആശ്രിതരെ കണ്ടെത്തുന്നതിനായി എല്ലാ വില്ലേജുകളിലും ഡ്രൈവ് നടത്തണം. അതിനായി വില്ലേജ് ഓഫീസര്‍മാരും തഹസില്‍ദാര്‍മാരും പഞ്ചായത്തംഗങ്ങളും മുന്‍കൈ എടുക്കണം. മൂന്നു ദിവസത്തിനുള്ളില്‍ കൃത്യമായ റിപ്പോര്‍ട്ട് ലഭ്യമാക്കണം. പരാതികള്‍ കൃത്യമായി പരിഹരിച്ച് മുന്നോട്ട് പോകണമെന്നും കളക്ടര്‍ പറഞ്ഞു. അര്‍ഹരായ ആശ്രിതരെ കണ്ടെത്തുന്നതിനുള്ള ഡ്രൈവുമായി ജനങ്ങള്‍ സഹകരിക്കണമെന്ന് ജില്ലാ കളക്ടര്‍ അഭ്യര്‍ഥിച്ചു.

എക്സ്ഗ്രേഷ്യാ തുകയ്ക്ക് അര്‍ഹരായ ആശ്രിതരെ കണ്ടെത്തി തുക നല്‍കുന്നതിനായി എന്തെല്ലാം നടപടികള്‍ പൂര്‍ത്തിയാക്കണം എന്ന കാര്യത്തിലും കളക്ടര്‍ നിര്‍ദേശം നല്‍കി. മറ്റ് സംസ്ഥാനങ്ങളില്‍ വച്ച് മരിച്ചവര്‍ക്കുള്ള ധനസഹായം സംബന്ധിച്ച് സര്‍ക്കാരിന്റെ പ്രത്യേക ഉത്തരവ് പ്രകാരം നടപടി സ്വീകരിക്കണമെന്നും കളക്ടര്‍ പറഞ്ഞു. ദുരന്തനിവാരണം ഡെപ്യുട്ടി കളക്ടര്‍ ടി.ജി. ഗോപകുമാര്‍, തഹസീല്‍ദാര്‍മാര്‍, വില്ലേജ് ഓഫീസര്‍മാര്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.

എസ്ടി പ്രൊമോട്ടര്‍ ഒഴിവ്

പട്ടികവര്‍ഗ വികസന വകുപ്പില്‍ 1182 എസ്ടി പ്രൊമോട്ടര്‍ ഒഴിവുകളിലേക്ക് പത്താംക്ലാസ് പാസായ പട്ടികവര്‍ഗക്കാരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. അവസാന തീയതി ഫെബ്രുവരി 28. കൂടുതല്‍ വിവരങ്ങള്‍ക്ക്: www.stdd.kerala.gov.in, www.cmdkerala.net.

താത്കാലിക നിയമനം

പത്തനംതിട്ട ജനറല്‍ ആശുപത്രിയിലേക്ക് എച്ച്.എം.സി മുഖേന കാത്ത് ലാബ് സ്‌ക്രബ് നേഴ്സ്, എന്‍.സി.എസ് /ഇ.എം.ജി ടെക്നീഷ്യന്‍, ഡയാലിസിസ് ടെക്നീഷ്യന്‍, ബ്ലഡ് ബാങ്ക് ടെക്നീഷ്യന്‍, ഡ്രൈവര്‍, ഇ.സി.ജി ടെക്നീഷ്യന്‍, ലിഫ്റ്റ് ഓപ്പറേറ്റര്‍, ഓക്സിജന്‍ പ്ലാന്റ് ഓപ്പറേറ്റര്‍ തുടങ്ങിയ എട്ട് തസ്തികകളിലേക്ക് താത്കാലിക നിയമനം നടത്തുന്നു. താത്പര്യമുളളവര്‍ യോഗ്യത, പ്രായം, പ്രവര്‍ത്തി പരിചയം എന്നിവ തെളിയിക്കുന്നതിനുളള അസല്‍ സര്‍ട്ടിഫിക്കറ്റ്, സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍ സഹിതം ഈ മാസം 17 ന് ആശുപത്രി സൂപ്രണ്ടിന്റെ ചേംബറില്‍ ഇന്റര്‍വ്യൂവിന് ഹാജരാകണം. പ്രായപരിധി 40 വയസ്. യോഗ്യത, വിശദ വിവരങ്ങള്‍ എന്നിവ ആശുപത്രി നോട്ടീസ് ബോര്‍ഡില്‍ പതിച്ചിട്ടുണ്ട്.
ഫോണ്‍ : 0468 2222364.

റാങ്ക് പട്ടിക റദ്ദായി

പത്തനംതിട്ട ജില്ലയില്‍ വിദ്യാഭ്യാസ വകുപ്പില്‍ ഫിസിക്കല്‍ എഡ്യൂക്കേഷന്‍ ടീച്ചര്‍-യു.പി സ്‌കൂള്‍ (മലയാളം മീഡിയം) (കാറ്റഗറി നം.013/2014)തസ്തികയിലേക്ക് 07/06/2017 തീയതിയില്‍ പ്രാബല്യത്തില്‍ വന്ന 552/17/എസ്എസ് രണ്ട് നമ്പര്‍ റാങ്ക് പട്ടികയുടെ സ്വാഭാവിക മൂന്നുവര്‍ഷ കാലാവധിയും കെ.പി.എസ്.സി റൂള്‍സ് ഓഫ് പ്രൊസിഡ്യുര്‍, റൂള്‍ 13 പ്രകാരമുളള ഒരു വര്‍ഷത്തെ ദീര്‍ഘിപ്പിച്ച കാലാവധിയും തുടര്‍ന്ന് ദീര്‍ഘിപ്പിക്കപ്പെട്ട അധിക കാലാവധിയും 04/08/2021 അര്‍ദ്ധരാത്രി പൂര്‍ത്തിയായതിനാല്‍ ഈ റാങ്ക് പട്ടിക 05/08/2021 പൂര്‍വാഹ്നത്തില്‍ പ്രാബല്യത്തിലില്ലാതാകും വിധം റദ്ദാക്കിയതായി പത്തനംതിട്ട പി.എസ്.സി ജില്ലാ ഓഫീസര്‍ അറിയിച്ചു. ഫോണ്‍ : 0468 2222665.

റാങ്ക് പട്ടിക റദ്ദായി

പത്തനംതിട്ട ജില്ലയില്‍ വിദ്യഭ്യാസ വകുപ്പില്‍ പാര്‍ട്ട് ടൈം ഹൈസ്‌കൂള്‍ അസിസ്റ്റന്റ് (സംസ്‌കൃതം) (കാറ്റഗറി നം.468/13)തസ്തികയിലേക്ക് 12/12/2017 തീയതിയില്‍ പ്രാബല്യത്തില്‍ വന്ന 1148/2017/എസ് എസ് രണ്ട് നമ്പര്‍ റാങ്ക് പട്ടികയുടെ മൂന്ന് വര്‍ഷ സ്വാഭാവിക കാലാവധിയും കെ.പി.എസ്.സി റൂള്‍സ് ഓഫ് പ്രൊസിഡ്യുര്‍, റൂള്‍ 13പ്രകാരം ദീര്‍ഘിപ്പിച്ച അധിക കാലാവധിയും 13/12/2021 അര്‍ദ്ധരാത്രി പൂര്‍ത്തിയായതിനാല്‍ (11.12.2021 ഉം 12/12/2021 ഉം അവധി ദിവസങ്ങള്‍) റാങ്ക് പട്ടിക 14/12/2021 പൂര്‍വാഹ്നത്തില്‍ പ്രാബല്യത്തിലില്ലാതാകും വിധം റദ്ദാക്കിയതായി പത്തനംതിട്ട പി.എസ്.സി ജില്ലാ ഓഫീസര്‍ അറിയിച്ചു. ഫോണ്‍ : 0468 2222665.

തദ്ദേശ ഉപതിരഞ്ഞെടുപ്പ് : 42 വാര്‍ഡുകളില്‍ വോട്ടര്‍ പട്ടിക പുതുക്കുന്നു
സംസ്ഥാനത്തെ 12 ജില്ലകളിലെ 42 തദ്ദേശ വാര്‍ഡുകളില്‍ ഉപതിരഞ്ഞെടുപ്പ് നടത്തുന്നതിന് മുന്നോടിയായി വോട്ടര്‍പട്ടിക പുതുക്കാന്‍ തീരുമാനിച്ചതായി സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണര്‍ എ. ഷാജഹാന്‍ അറിയിച്ചു. ഇതിനായി കരട് വോട്ടര്‍പട്ടിക ഫെബ്രുവരി 16 ന് പ്രസിദ്ധീകരിക്കും. കരട് പട്ടിക സംബന്ധിച്ച അപേക്ഷകളും ആക്ഷേപങ്ങളും മാര്‍ച്ച് മൂന്നിന് വൈകുന്നേരം അഞ്ച് വരെ സ്വീകരിക്കും. അന്തിമ വോട്ടര്‍പട്ടിക മാര്‍ച്ച് 16 ന് പ്രസിദ്ധീകരിക്കും. പത്തനംതിട്ട ജില്ലയില്‍ കോന്നി ഗ്രാമപഞ്ചായത്തിലെ ചിറ്റൂര്‍, കൊറ്റനാട് ഗ്രാമപഞ്ചായത്തിലെ വൃന്ദാവനം, റാന്നി അങ്ങാടി ഗ്രാമപഞ്ചായത്തിലെ ഈട്ടിച്ചുവട് എന്നീ വാര്‍ഡുകളിലെ ഉപതിരഞ്ഞെടുപ്പിനാണ് വോട്ടര്‍പട്ടിക പുതുക്കുന്നത്.
വോട്ടര്‍പട്ടികയില്‍ പേര് ചേര്‍ക്കുന്നതിന് 2022 ജനുവരി ഒന്നിനോ അതിന് മുമ്പോ 18 വയസ് തികഞ്ഞിരിക്കണം. പേര് ചേര്‍ക്കുന്നതിനുള്ള അപേക്ഷകള്‍ www.sec.kerala.gov.in എന്ന വെബ്‌സൈറ്റില്‍ ഓണ്‍ലൈനായി സമര്‍പ്പിക്കണം. കരട് പട്ടികയിലെ ഉള്‍ക്കുറിപ്പുകളില്‍ തിരുത്തലുകളോ, സ്ഥാനമാറ്റമോ വരുത്തുന്നതിനുള്ള അപേക്ഷകളും ഓണ്‍ലൈനായി വേണം നല്‍കേണ്ടത്. പേര് ഒഴിവാക്കുന്നതിനുള്ള ആക്ഷേപങ്ങള്‍ നിശ്ചിത ഫാറത്തില്‍ അതത് ഇലക്ടറല്‍ രജിസ്‌ട്രേഷന്‍ ഓഫീസര്‍ക്ക് നേരിട്ടോ തപാലിലൂടെയോ നല്‍കണം.
കരട് വോട്ടര്‍പട്ടിക ബന്ധപ്പെട്ട പഞ്ചായത്ത്/നഗരസഭാ ഓഫീസിലും വില്ലേജ് ഓഫീസിലും താലൂക്ക് ഓഫീസിലും പ്രസിദ്ധീകരിക്കും. കമ്മീഷന്റെ വെബ്‌സൈറ്റിലും അവ പരിശോധനയ്ക്ക് ലഭ്യമാണ്.

കമ്മീഷന്‍ സിറ്റിംഗ് 16ന്

 

ക്രിസ്ത്യന്‍ ന്യൂനപക്ഷങ്ങളുടെ പ്രശ്‌നങ്ങള്‍ പഠിക്കുന്നതിനായുള്ള ജസ്റ്റിസ് ജെ.ബി. കോശി കമ്മീഷന്റെ സിറ്റിംഗ് ഫെബ്രുവരി 16 ന് രാവിലെ 11 മുതല്‍ പത്തനംതിട്ട സര്‍ക്കാര്‍ അതിഥിമന്ദിരത്തില്‍ നടക്കും. കോവിഡ്-19 പ്രോട്ടോക്കോള്‍ അനുസരിച്ച് 50 പേര്‍ക്ക് മാത്രമേ പ്രവേശനം ഉണ്ടായിരിക്കുകയുള്ളൂ. നിവേദനങ്ങള്‍ നല്‍കിയിട്ടുള്ളവര്‍ക്ക് അതില്‍ പറയുന്നകാര്യങ്ങള്‍ സംബന്ധിച്ച് തെളിവുകള്‍ ഹാജരാക്കാം. അന്ന് ഹാജരാകുവാന്‍ ഉദ്ദേശിക്കുന്നവര്‍ 0484-2993148 എന്ന ഫോണ്‍ നമ്പരില്‍ കമ്മീഷന്‍ ഓഫീസില്‍ മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്യണം. ആദ്യം രജിസ്റ്റര്‍ ചെയ്യുന്ന 50 പേര്‍ക്കായിരിക്കും പ്രവേശനം. കോവിഡ്-19 നിയന്ത്രണങ്ങള്‍ക്ക് വിധേയമായി എല്ലാവരുടെയും സഹകരണം പ്രതീക്ഷിക്കുന്നു.

ചിറ്റാറിലെ ആയിരത്തിലധികം കുടുംബങ്ങള്‍ ഭൂമിക്ക് അവകാശികളാകും:പതിറ്റാണ്ടുകള്‍ നീണ്ട ഭൂപ്രശ്‌നത്തിന് പരിഹാരമായതായി അഡ്വ. കെ.യു.ജനീഷ് കുമാര്‍ എംഎല്‍എ

ചിറ്റാര്‍ പഞ്ചായത്തില്‍ എസ്റ്റേറ്റ് ഭൂമി വാങ്ങി താമസക്കാരായ ആയിരത്തിലധികം കുടുംബങ്ങളുടെ ഭൂപ്രശ്‌നത്തിന് പരിഹാരമായതായി അഡ്വ. കെ.യു. ജനീഷ് കുമാര്‍ എംഎല്‍എ അറിയിച്ചു. പതിറ്റാണ്ടുകളായി നിലനിന്ന പോക്കുവരവ്, കരമടയ്ക്കല്‍, കൈവശാവകാശ സര്‍ട്ടിഫിക്കറ്റ് ലഭ്യമാക്കല്‍ എന്നീ പ്രശ്‌നങ്ങള്‍ക്കാണ് റവന്യൂ മന്ത്രിയുടെ ഇടപെടലിലൂടെ പരിഹാരമായത്.

 

സ്വന്തം ഭൂമിക്ക് കരം അടക്കാന്‍ സാധിക്കാതെ ആയിരത്തിലധികം കുടുംബങ്ങള്‍ ദുരിതത്തിലായിരുന്നു. 1963ലെ ഭൂപരിഷ്‌കരണ നിയമ പ്രകാരം എസ്റ്റേറ്റ് ഭൂമി വിലയ്ക്ക് വാങ്ങിയാല്‍ പോക്കുവരവ് ചെയ്ത് കരം തീര്‍ത്ത് നല്കുവാന്‍ കഴിയില്ല എന്ന നിയമപ്രശ്‌നമാണ് ഭൂമി വാങ്ങിയ തൊഴിലാളികള്‍ ഉള്‍പ്പടെയുള്ള ആയിരത്തിലധികം കുടുംബങ്ങള്‍ക്ക് പ്രതിസന്ധിയായി മാറിയത്. അനുകൂല കോടതി വിധിയിലൂടെ ചിലയാളുകള്‍ പോക്കുവരവ് ചെയ്യിച്ചു എങ്കിലും ബഹുഭൂരിപക്ഷവും നിയമത്തിന്റെ നൂലാമാലയില്‍ പെട്ട് വില കൊടുത്ത് വാങ്ങിയ ഭൂമിയുടെ അവകാശികളല്ലാതെ തുടരുകയായിരുന്നു.

റവന്യൂ മന്ത്രി കെ.രാജന്‍ എംഎല്‍എമാര്‍ക്ക് പരാതി സമര്‍പ്പിക്കാന്‍ ആരംഭിച്ച മിഷന്‍ ആന്റ് വിഷന്‍ ഡാഷ് ബോര്‍ഡ് പദ്ധതിയില്‍ ചിറ്റാറിലെ ഭൂപ്രശ്‌നം പരാതിയായി അഡ്വ. കെ.യു. ജനീഷ് കുമാര്‍ എംഎല്‍എ എത്തിച്ചതോടെയാണ് പ്രശ്‌ന പരിഹാരത്തിന് വഴിതെളിഞ്ഞത്. പരാതിയെ തുടര്‍ന്ന് പ്രശ്‌നം പരിഹരിക്കുന്നതിന് തുടര്‍ച്ചയായ ഇടപെടല്‍ മന്ത്രിയുടെ ഭാഗത്തു നിന്നും ഉണ്ടായി. വിഷയത്തിന്റെ ഗൗരവം മനസിലാക്കി പ്രശ്‌ന പരിഹാരത്തിനായി ജില്ലാ കളക്ടര്‍ ഡോ. ദിവ്യ.എസ്.അയ്യരും സജീവമായി ഇടപെട്ടു.

ചിറ്റാറിലെ 1016 ഏക്കര്‍ എസ്റ്റേറ്റ് ഭൂമി തിരുവിതാംകൂര്‍ ദിവാനായിരുന്ന പി.രാജഗോപാലന്‍ ആചാരി ബ്രട്ടീഷ് കമ്പനിയായ റാണി എസ്റ്റേറ്റിന് തീറാധാരം നടത്തി നല്കുകയായിരുന്നു. തുടര്‍ന്ന് 1946ല്‍ കൊല്ലം സബ് രജിസ്ട്രാര്‍ ഓഫീസില്‍ ആധാരം രജിസ്റ്റര്‍ ചെയ്ത് എവിടി കമ്പനി എസ്റ്റേറ്റ് വിലയ്ക്ക് വാങ്ങി. 1993 ല്‍ കൊല്ലം സ്വദേശിയും, 2005 ല്‍ വി.കെ.എല്‍ ഗ്രൂപ്പും എസ്റ്റേറ്റ് ഭൂമി എ.വി.ടി കമ്പനിയില്‍ നിന്നും പകുത്തു വാങ്ങി. പിന്നീട് ഇവരില്‍ നിന്നാണ് ആയിരത്തിലധികം കുടുംബങ്ങളിലേക്ക് ഈ ഭൂമി എത്തുന്നത്.

കേരള ഭൂപരിഷ്‌കരണ നിയമം 1963 നെ ദുര്‍ബലപ്പെടുത്തുന്ന രീതിയില്‍ ഭൂമി മുറിച്ചു വില്‍ക്കുന്നത് തടയാനായി പോക്കുവരവും ആവശ്യമെങ്കില്‍ രജിസ്‌ട്രേഷനും നിര്‍ത്തിവയ്ക്കുവാനും ലാന്‍ഡ് ബോര്‍ഡ് ഉത്തരവായിരുന്നു. ഭൂമിയുടെ ഉടമകള്‍ ഹൈക്കോടതിയെ സിംഗിള്‍ ബഞ്ചിനെ സമീപിച്ച് ചില അനുകൂല വിധികള്‍ സമ്പാദിച്ചിരുന്നു എങ്കിലും ഇത്തരത്തില്‍ ഭൂമി കൈമാറ്റം ചെയ്യുന്നത് വസ്തുവിന്റെ തരം മാറ്റം ആകുമെന്നും ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് നിരീക്ഷിച്ചിരുന്നു. കക്ഷികളുടെ അപേക്ഷയിന്മേല്‍ ഭൂമി പോക്കുവരവ് ചെയ്ത് നല്‍കണമെന്ന് ഹൈക്കോടതി സിംഗിള്‍ ബെഞ്ച് വിധിക്കെതിരെ കോടതി ഡിവിഷന്‍ ബെഞ്ചിന് അപ്പീല്‍ പോകുവാന്‍ അഡീഷണല്‍ ചീഫ് സെക്രട്ടറി കോന്നി ഭൂരേഖാ തഹസീല്‍ദാരെ ചുമതലപ്പെടുത്തിയിരുന്നു. വകുപ്പ് 81 പ്രകാരം ഇളവ് ലഭിച്ച ഭൂമി തരം മാറ്റി മുറിച്ചു വില്‍പ്പന നടത്തുന്ന ഉടമസ്ഥന് എതിരെ കേസെടുക്കുവാന്‍ സ്റ്റേറ്റ് ലാന്‍ഡ് ബോര്‍ഡ് സെക്രട്ടറിയും നിര്‍ദേശിച്ചിരുന്നു.
ഈ സാഹചര്യത്തില്‍ പ്രശ്‌ന പരിഹാരത്തിന് കോന്നി ഉപതെരഞ്ഞെടുപ്പിനു ശേഷം എംഎല്‍എയുടെ നേതൃത്വത്തില്‍ പരിശ്രമങ്ങള്‍ ആരംഭിച്ചിരുന്നു. തുടര്‍ന്ന് പൊതുതെരഞ്ഞെടുപ്പിനു ശേഷം റവന്യൂ മന്ത്രിയുടെ ഡാഷ് ബോര്‍ഡ് പദ്ധതിയിലേക്ക് എംഎല്‍എ സമര്‍പ്പിച്ച കോന്നി നിയോജക മണ്ഡലത്തില്‍ അടിയന്തിര പരിഹാരം കാണേണ്ട അഞ്ച് പ്രധാന പ്രശ്‌നങ്ങളില്‍ ചിറ്റാറിലെ ഭൂപ്രശ്‌നത്തിന് പ്രഥമ പരിഗണന നല്കി.

തുടര്‍ന്നാണ് സ്റ്റേറ്റ്‌ലാന്റ് ബോര്‍ഡിന്റെ 2021 ഒക്ടോബര്‍ 23 ലെ സര്‍ക്കുലര്‍ അടിസ്ഥാനത്തില്‍ പ്രശ്‌ന പരിഹാരത്തിന് മന്ത്രി നിര്‍ദേശം നല്കിയത്. ഇതിന്റെ അടിസ്ഥാനത്തില്‍ രജിസ്‌ട്രേഷന്‍ നടത്തിയിട്ടുള്ള ഭൂമികളുടെ പോക്കുവരവ്, കരംഅടവ്, കൈവശ സര്‍ട്ടിഫിക്കറ്റ് നല്‍കല്‍ എന്നിവ നിഷേധിക്കരുതെന്ന് കാട്ടി വില്ലേജ് ഓഫീസര്‍ക്ക് റവന്യൂ വകുപ്പ് നിര്‍ദേശം നല്‍കിയിട്ടുണ്ട്.
ഇതോടെ ചിറ്റാര്‍ എസ്റ്റേറ്റ് ഭൂമിയിലെ ആയിരത്തോളം കുടുംബങ്ങള്‍ക്ക് കരം അടയ്ക്കാനുള്ള അവസരം ലഭിച്ചിരിക്കുകയാണ്. നിലവിലുള്ള മുഴുവന്‍ അപേക്ഷകര്‍ക്കും ഭൂമി പേരില്‍ കൂട്ടി കരം തീര്‍ത്ത് ഉടന്‍ ലഭ്യമാകുമെന്നും എംഎല്‍എ പറഞ്ഞു.

 

മാലിന്യം തള്ളിയവര്‍ക്ക് പിഴ ഈടാക്കി

 

ഏഴംകുളം ഗ്രാമപഞ്ചായത്തിലെ ഏനാത്ത് ജംഗ്ഷന് സമീപം എംസി റോഡിനെ പഴയ കവലയുമായി ബന്ധിപ്പിക്കുന്ന റോഡിന്റെ സമീപം പഞ്ചായത്ത് ഹരിതകര്‍മ്മ സേനയുടെ ഉപയോഗത്തിനായി സ്ഥാപിച്ചിട്ടുള്ള മെറ്റീരിയല്‍ കളക്ഷന്‍ ഫെസിലിറ്റിയുടെ പരിസരത്ത് ഉണ്ടായിരുന്ന മാലിന്യം പഞ്ചായത്ത് അംഗത്തിന്റെ നേതൃത്വത്തില്‍ പൊതുജനങ്ങള്‍ കഴിഞ്ഞദിവസം നീക്കംചെയ്തു. വൃത്തിയാക്കല്‍ കഴിഞ്ഞ് അരമണിക്കൂറിനകം മാലിന്യവുമായി എത്തിയ വാഹനം നാട്ടുകാര്‍ തടഞ്ഞുവച്ച് പോലീസില്‍ ഏല്‍പ്പിച്ചു.

പഞ്ചായത്ത് അധികൃതര്‍ ഏനാത്ത് പോലീസില്‍ രേഖാമൂലം പരാതിനല്‍കി. മാലിന്യം തള്ളിയ സമീപ കട ഉടമയ്ക്ക് പതിനായിരം രൂപയുടെ പിഴ ചുമത്തുകയും ചെയ്തു. നിരീക്ഷണം ശക്തമാക്കാനും കുറ്റക്കാര്‍ക്കെതിരെ നടപടി എടുക്കുമെന്നും ഏഴംകുളം ഗ്രാമപഞ്ചായത്ത് സെക്രട്ടറി അറിയിച്ചു.

 

error: Content is protected !!