Input your search keywords and press Enter.

ശബരിമല കുംഭ മാസപൂജ: കോവിഡ് പ്രോട്ടോക്കോള്‍ പാലിക്കും; ക്രമീകരണങ്ങള്‍ പൂര്‍ണം- ജില്ലാ കളക്ടര്‍

   ശബരിമല  കുംഭ മാസപൂജ തീര്‍ഥാടനത്തിന്  കോവിഡ് പ്രോട്ടോക്കോള്‍ പാലിക്കുമെന്നും ആവശ്യമായ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ടെന്നും ജില്ലാ കളക്ടര്‍  ഡോ. ദിവ്യ എസ്.അയ്യര്‍ പറഞ്ഞു. കുംഭ മാസപൂജയ്ക്കുള്ള ക്രമീകരണങ്ങള്‍ വിലയിരുത്താന്‍ ഓണ്‍ലൈനായി ചേര്‍ന്ന ഉദ്യോഗസ്ഥരുടെയും വിവിധ പ്രതിനിധികളുടെയും യോഗത്തില്‍ അധ്യക്ഷത വഹിച്ചു സംസാരിക്കുകയായിരുന്നു ജില്ലാ കളക്ടര്‍.
വെര്‍ച്വല്‍ ക്യു സംവിധാനത്തില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളവര്‍ക്കാണ് ദര്‍ശനത്തിന് അനുമതിയുള്ളത്. നിര്‍ദേശങ്ങള്‍ പാലിച്ച് പ്രതിരോധ പ്രവര്‍ത്തികള്‍ സ്വീകരിച്ചും ആരോഗ്യ പൂര്‍ണമായ തീര്‍ഥാടനം ഉറപ്പു വരുത്താന്‍ സഹകരിക്കണമെന്നും ജില്ലാ കളക്ടര്‍ പറഞ്ഞു.
ശബരിമല  കുംഭമാസപൂജയുമായി ബന്ധപ്പെട്ട്  ആരോഗ്യവകുപ്പ് നടപടികള്‍ പൂര്‍ത്തിയായി. തീര്‍ഥാടകര്‍ രണ്ട് ഡോസ് കോവിഡ് വാക്‌സിന്‍ സ്വീകരിച്ചതായ സര്‍ട്ടിഫിക്കറ്റോ, 48 മണിക്കൂറിനുളളില്‍ എടുത്ത ആര്‍ടിപിസിആര്‍ പരിശോധനാ സര്‍ട്ടിഫിക്കറ്റോ കരുതണം. രോഗലക്ഷണങ്ങള്‍ ഉള്ളവര്‍ തീര്‍ഥാടനം ഒഴിവാക്കേണ്ടതാണ്.
തീര്‍ഥാടന സമയത്ത് മാസ്‌ക് ശരിയായ രീതിയില്‍ ധരിക്കുകയും, സുരക്ഷിതമായ ശാരീരിക അകലം പാലിക്കുകയും വേണം. ഹോട്ടലുകളിലും, കടകളിലും കൗണ്ടറുകളിലും തിരക്ക് കൂട്ടാതിരിക്കാന്‍  പ്രത്യേകം ശ്രദ്ധിക്കണം.
കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചായിരിക്കും തീര്‍ഥാടനമെന്ന് ദേവസ്വം ബോര്‍ഡ് അധികൃതര്‍ പറഞ്ഞു. പമ്പയില്‍ നിന്ന് തീര്‍ഥാടകര്‍ക്ക് കുടിവെള്ളം കുപ്പിയില്‍ നല്‍കും. നിലയ്ക്കലില്‍ നിന്നു പമ്പയിലേക്ക് ചെയിന്‍ സര്‍വീസ് നടത്തുന്നതിന് 30 ബസുകള്‍ കെഎസ്ആര്‍ടിസി സജ്ജമാക്കിയിട്ടുണ്ട്. വാട്ടര്‍ അതോറിറ്റി കുടിവെള്ള ലഭ്യത ഉറപ്പാക്കും.
അയ്യപ്പസേവാ സംഘം സ്‌ട്രെച്ചര്‍ സര്‍വീസ്,  ശുചീകരണം എന്നിവയ്ക്കായി  വോളന്റിയര്‍മാരെ സജ്ജമാക്കിയിട്ടുണ്ട്. അയ്യപ്പസേവാ സംഘം അന്നദാനം നടത്തും. ഒരു ആംബുലന്‍സും അയ്യപ്പസേവാ സംഘം സജ്ജമാക്കിയിട്ടുണ്ട്. വനം വകുപ്പ് റാപ്പിഡ് റെസ്‌പോണ്‍സ് ടീമിനെ സജ്ജമാക്കും. പമ്പയില്‍നിന്നും സന്നിധാനത്തേക്കും തിരിച്ചും തീര്‍ഥാടകര്‍ക്ക് സഞ്ചരിക്കുന്നതിനുള്ള സുരക്ഷ വനം വകുപ്പ് ഉറപ്പാക്കുമെന്നും കളക്ടര്‍ പറഞ്ഞു. ജില്ലാതല ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
error: Content is protected !!