Input your search keywords and press Enter.

ആറ്റുകാൽ പൊങ്കാല: നാളെ (17 ഫെബ്രുവരി) തിരുവനന്തപുരം ജില്ലയ്ക്ക് അവധി

 

ആറ്റുകാൽ പൊങ്കാല മഹോത്സവത്തോടനുബന്ധിച്ച് തിരുവനന്തപുരം നഗരപരിധിക്കുള്ളിൽ നെഗോഷ്യബിൾ ഇൻസ്ട്രുമെന്റ് ആക്ട്, 1881 പ്രകാരം പ്രവർത്തിക്കുന്ന ധനകാര്യ സ്ഥാപനങ്ങൾക്ക് (17 ഫെബ്രുവരി) അവധി അനുവദിച്ച് പൊതുഭരണ വകുപ്പ് ഉത്തരവ് പുറപ്പെടുവിച്ചു.

ആറ്റുകാൽ പൊങ്കാല പ്രമാണിച്ച് തിരുവനന്തപുരം ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ, അർദ്ധസർക്കാർ സ്ഥാപനങ്ങൾക്കും നാളെ (ഫെബ്രുവരി 17) പ്രാദേശിക അവധിയായിരിക്കുമെന്ന് ജില്ലാ കള്കടർ ഡോ.നവ്‌ജ്യോത്‌ഖോസ അറിയിച്ചു.

 

നാളെയാണ് ചരിത്ര പ്രസിദ്ധമായ ആറ്റുകാൽ പൊങ്കാല. രാവിലെ 10.50 ന് പണ്ടാര അടുപ്പിൽ തീ പകരും. കൊവിഡ് മാനദണ്ഡങ്ങൾ അനുസരിച്ചാകും പൊങ്കാല തർപ്പണം എന്നും ട്രസ്റ്റ് ഭാരവാഹികൾ നേരത്തെ വാർത്താസമ്മേളനത്തിൽ അറിയിച്ചു. പൊങ്കാല പണ്ടാര അടുപ്പിൽ മാത്രമായി പരിമിതപ്പെടുത്തിയിട്ടുണ്ട്.

ക്ഷേത്ര പരിസരത്ത് പൊങ്കാല അനുവദിക്കില്ല. ഉച്ചക്ക് 1.20 ന് പൊങ്കാല നിവേദിക്കും. നിവേദ്യത്തിനായി ക്ഷേത്രത്തിൽ നിന്നും പൂജാരിമാരെ പ്രത്യേകമായി നിയോഗിച്ചിട്ടില്ലെന്നും ട്രസ്റ്റ് അറിയിച്ചു. പണ്ടാര ഓട്ടം മാത്രമാണ് നടത്തുക. പുറത്ത് എഴുന്നെള്ളുന്ന സമയത്ത് പറയെടുപ്പ്, പുഷ്പാഭിഷേകം എന്നിവ ഉണ്ടായിരിക്കില്ല. ജില്ലാ ഭരണകൂടത്തിന്റെ ഉത്തരവ് ജനങ്ങൾ പാലിക്കണം എന്നും ട്രസ്റ്റ് ഭാരവാഹികൾ അറിയിച്ചു.

 

ആറ്റുകാൽ പൊങ്കാല: വീട്ടിൽ പൊങ്കാല ഇടുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

കോവിഡ് സാഹചര്യത്തിൽ ആറ്റുകാൽ പൊങ്കാല വീടുകളിൽ ഇടുമ്പോൾ കരുതൽ ആവശ്യമാണെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. ബന്ധുക്കളും സുഹൃത്തുക്കളും അയൽപക്കക്കാരും ഒത്തുകൂടുന്ന സാഹചര്യമുണ്ടായാൽ കോവിഡ് മാർഗനിർദേശങ്ങൾ പാലിക്കണം. തീയിൽ നിന്നും പുകയിൽ നിന്നും സ്വയം സുരക്ഷ നേടണം. കോവിഡ് കേസുകൾ വേഗത്തിൽ കുറഞ്ഞ് വരികയാണെങ്കിലും ഒമിക്രോൺ വകഭേദമായതിനാൽ വളരെ വേഗം പടരും. ഗുരുതരാവസ്ഥ കുറവാണെങ്കിലും കുട്ടികളും പ്രായമായവരും മറ്റസുഖമുള്ളവരും വീട്ടിലുണ്ടെങ്കിൽ അവരെ ശ്രദ്ധിക്കേണ്ടതാണ്. ആരോഗ്യ വകുപ്പിന്റെ മാർഗനിർദേശങ്ങൾ എല്ലാവരും പാലിക്കണമെന്നും മന്ത്രി വ്യക്തമാക്കി.

ശ്രദ്ധിക്കേണ്ട പ്രധാന കാര്യങ്ങൾ

• പുറത്ത് നിന്നുള്ളവർ വീടുകളിൽ എത്തുന്നുണ്ടെങ്കിൽ എല്ലാവരും മാസ്‌ക് ധരിക്കുക.
• പ്രായമായവരുമായും മറ്റസുഖമുള്ളവരുമായും അടുത്തിടപഴകരുത്.
• പുറത്ത് നിന്നും വരുന്നവർ കുഞ്ഞുങ്ങളെ എടുത്ത് ലാളിക്കുന്നത് ഒഴിവാക്കുക.
• തൊണ്ടവേദന, മൂക്കൊലിപ്പ്, ജലദോഷം, പനി തുടങ്ങിയ അസുഖമുള്ളവർ
സന്ദർശനങ്ങൾ ഒഴിവാക്കുക.
• സോപ്പുപയോഗിച്ച് കൈ കഴുകാതെ വായ്, കണ്ണ്, മൂക്ക് എന്നിവ സ്പർശിക്കരുത്.
• ചൂടുകാലമായതിനാൽ തീപിടിക്കാതിരിക്കാൻ അതീവ ശ്രദ്ധ വേണം.
• സാനിറ്റൈസർ തീയുടെ അടുത്ത് സൂക്ഷിക്കരുത്.
• കുട്ടികളെ തീയുടെ അടുത്ത് നിർത്തരുത്.
• കോട്ടൻ വസ്ത്രങ്ങൾ ഉപയോഗിക്കുക.
• അലക്ഷ്യമായി വസ്ത്രം ധരിക്കരുത്.
• ഇടക്കിടയ്ക്ക് വെള്ളം കുടിക്കണം.
• അടുപ്പിനടുത്ത് പെട്ടെന്ന് തീപിടിക്കുന്ന സാധനങ്ങൾ വയ്ക്കരുത്.
• വീട്ടിൽ നിർത്തിയിട്ട വാഹനങ്ങൾക്ക് തൊട്ടടുത്ത് അടുപ്പ് കൂട്ടരുത്.
• തൊട്ടടുത്ത് ഒരു ബക്കറ്റ് വെള്ളം കരുതി വയ്ക്കണം.
• അടുപ്പിൽ തീ അണയും വരെ ശ്രദ്ധിക്കണം.
• ചടങ്ങുകൾ കഴിഞ്ഞ് അടുപ്പിൽ തീ പൂർണമായും അണഞ്ഞു എന്നുറപ്പാക്കണം.
• തീപൊള്ളലേറ്റാൽ പ്രഥമ ശുശ്രൂഷ ചെയ്യേണ്ടതാണ്.
• പൊള്ളലേറ്റ ഭാഗം വെള്ളം ഉപയോഗിച്ച് തണുപ്പിക്കേണ്ടതാണ്.
• വസ്ത്രമുള്ള ഭാഗമാണെങ്കിൽ വസ്ത്രം നീക്കാൻ ശ്രമിക്കരുത്.
• പൊള്ളലേറ്റ ഭാഗത്ത് അനാവശ്യ ക്രീമുകൾ ഉപയോഗിക്കരുത്.
• ആവശ്യമെങ്കിൽ ഡോക്ടറുടെ സേവനം തേടുക.
• ദിശ 104, 1056, ഇ സഞ്ജീവനി എന്നിവ വഴി ഡോക്ടറുടെ ഉപദേശം തേടാവുന്നതാണ്.

error: Content is protected !!