കോവിഡ് 19: ജില്ലയില്‍ ഉത്സവങ്ങള്‍ സംഘടിപ്പിക്കുന്നതിന് മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ച് ഉത്തരവായി
കോവിഡ് മൂന്നാം തരംഗ സാഹചര്യത്തില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ജില്ലയില്‍ മതപരമായ ഉത്സവങ്ങള്‍ സംഘടിപ്പിക്കുന്നതിന് മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ച് ജില്ലാ ദുരന്ത നിവാരണ അതോറിറ്റി ചെയര്‍പേഴ്സണും ജില്ലാ കലക്ടറുമായ മൃണ്‍മയി ജോഷി ഉത്തരവിട്ടു.
1. എല്ലാ മതപരമായ ഉത്സവങ്ങള്‍ക്കും പൊതുസ്ഥലത്തിന്റെ വിസ്തീര്‍ണ്ണം അനുസരിച്ച് 25 ചതുരശ്ര അടിയില്‍ ഒരാള്‍ എന്ന നിലയില്‍ പരാമധി 1500 പേരെ പങ്കെടുപ്പിക്കാം.
2. കോവിഡ് സുരക്ഷാ മാനദണ്ഡങ്ങളായ സാമൂഹിക അകലം പാലിക്കല്‍, മാസ്‌ക് ധരിക്കല്‍, സാനിറ്റെസിങ് എന്നിവ കര്‍ശനമായി പാലിക്കണം
3. 72 മണിക്കൂറിനകം എടുത്ത ആര്‍.ടി.പി.ആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് അല്ലെങ്കില്‍ കഴിഞ്ഞ മൂന്ന് മാസത്തിനകം കോവിഡ് പോസിറ്റീവായ രേഖ കൈയിലുള്ള 18 വയസിന് മുകളിലുള്ളവര്‍ക്ക് ഉത്സവങ്ങളില്‍ പങ്കെടുക്കാം. രോഗലക്ഷണങ്ങളില്ലാത്ത 18 വയസിന് താഴെയുള്ള കുട്ടികള്‍ക്ക് കുടുംബാംഗങ്ങളോടൊപ്പം പങ്കെടുക്കാം.
4. മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങളുടെ അടിസ്ഥാനത്തില്‍ സംഘടിപ്പിക്കുന്ന മതപരമായ ഉത്സവങ്ങളില്‍ കോവിഡ് മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിക്കുന്നുണ്ടെന്ന് ബന്ധപ്പെട്ട സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍മാര്‍, തദ്ദേശ സ്വയംഭരണ സ്ഥാപന സെക്രട്ടറിമാര്‍ ഉറപ്പാക്കണം.
5. ഉത്തരവിലെ അനുമതി സര്‍ക്കാര്‍ കാലാകാലങ്ങളില്‍ പുറപ്പെടുവിക്കുന്ന ഉത്തരവ്, നിര്‍ദ്ദേശങ്ങള്‍ക്ക് വിധേയമായിരിക്കും.
6. നിര്‍ദ്ദേശങ്ങള്‍ ലംഘിക്കുന്ന സംഘാടകര്‍ക്കെതിരെ ദുരന്ത നിവാരണ നിയമം 2005, കേരള പകര്‍ച്ചവ്യാധി നിയമം 2020 പ്രകാരമുള്ള നിയമ നടപടികള്‍ സ്വീകരിക്കുമെന്നും ജില്ലാ കലക്ടര്‍ അറിയിച്ചു.
മുതുതല പ്രാഥമികാരോഗ്യകേന്ദ്രം സ്ഥലമേറ്റെടുപ്പ് നടപടികള്‍ പൂര്‍ത്തിയായി
വാടക കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന മുതുതല പ്രാഥമിക ആരോഗ്യ കേന്ദ്രത്തിന് സ്വന്തമായ സ്ഥലം ലഭിക്കുന്നതിനുള്ള നടപടികള്‍ പൂര്‍ത്തിയായതായി മുഹമ്മദ് മുഹസിന്‍ എം.എല്‍.എ അറിയിച്ചു. 25 സെന്റ് സ്ഥലം മുതുതല പഞ്ചായത്തിലെ ഭാര്‍ഗ്ഗവിയമ്മ ഭര്‍ത്താവ് എ. ഗോപാലന്‍ നമ്പ്യാരുടെ സ്മരണാര്‍ഥം സൗജന്യമായി വിട്ടു നല്‍കാന്‍ തീരുമാനിച്ചതോടെയാണ് മുതുതല പഞ്ചായത്തിലെ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിന് സ്വന്തമായ ഒരു കെട്ടിടം എന്ന സ്വപ്നം യാഥാര്‍ഥമാവുന്നത്. ജനങ്ങളുടെ ആവശ്യം പൂര്‍ത്തീകരിക്കുന്നതിനായി ഭാര്‍ഗ്ഗവി അമ്മ തികച്ചും സൗജന്യമായാണ് സ്ഥലം വിട്ടു നല്‍കിയത്. അശുപത്രി കെട്ടിടം അടക്കമുള്ള ഭൗതിക സാഹചര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതിന് മുഹമ്മദ് മുഹസിന്‍ എം.എല്‍.എ 2020-21 സംസ്ഥാന ബജറ്റില്‍ നിര്‍ദ്ദേശം വെച്ചതിനടിസ്ഥാനത്തില്‍ ബജറ്റില്‍ രണ്ട് കോടി രൂപ നീക്കി വച്ചിട്ടുണ്ട്. ബജറ്റില്‍ തുക അനുവദിച്ചിട്ടുള്ളത് കൊണ്ട് പ്രവര്‍ത്തികള്‍ വളരെ വേഗത്തില്‍ പൂര്‍ത്തിയാക്കാന്‍ കഴിയുമെന്ന് എം.എല്‍.എ അറിയിച്ചു. എം.എല്‍.എയുടെ നേതൃത്വത്തില്‍ ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.കെ.പി റീത്ത സ്ഥലം സന്ദര്‍ശിച്ചു. എം.എല്‍.എയോടൊപ്പം പഞ്ചായത്ത് പ്രസിഡന്റ് ആനന്ദവല്ലി, വൈസ് പ്രസിഡന്റ് മുകേഷ്, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ എന്നിവര്‍ പങ്കെടുത്തു.
തൊഴില്‍ദായക പദ്ധതി: ജില്ലാതല ബോധവത്ക്കരണ ക്ലാസ്
സംസ്ഥാന ഖാദി ഗ്രാമ വ്യവസായ ബോര്‍ഡ് ജില്ലാ ഖാദി ഗ്രാമവ്യവസായ ഓഫീസിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന പി.എം.ഇ.ജി.പി (പ്രധാനമന്ത്രി തൊഴില്‍ ദായക പദ്ധതി) ജില്ലാതല ബോധവത്ക്കരണ ക്ലാസ് (ഫെബ്രവരി 18) രാവിലെ 11 ന് ജില്ലാ പഞ്ചായത്ത് ഹാളില്‍ ഖാദി ഗ്രാമ വ്യവസായ ബോര്‍ഡ് വൈസ് ചെയര്‍മാന്‍ പി. ജയരാജന്‍ ഉദ്ഘാടനം ചെയ്യും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ. ബിനുമോള്‍ പരിപാടിയില്‍ അധ്യക്ഷയാവും. ഖാദി ഗ്രാമവ്യവസായ ബോര്‍ഡ് ഡയറക്ടര്‍ കെ.വി. ഗിരീഷ് കുമാര്‍, ഫിനാന്‍ഷ്യല്‍ ലിറ്ററസി കൗണ്‍സിലര്‍ കെ. എ. ചന്ദ്രന്‍ എന്നിവര്‍ ക്ലാസ്സുകള്‍ എടുക്കും. ഖാദി ഗ്രാമ വ്യവസായ ബോര്‍ഡ് സെക്രട്ടറി ഡോ. കെ.എ. രതീഷ്, ജില്ലാ വ്യവസായ കേന്ദ്രം ജനറല്‍ മാനേജര്‍ സി. ജയ, ഖാദി ഗ്രാമ വ്യവസായ കമ്മീഷന്‍ അസിസ്റ്റന്റ് ഡയറക്ടര്‍ പി. സഞ്ജീവ്, ലീഡ് ബാങ്ക് മാനേജര്‍ ആര്‍.പി. ശ്രീനാഥ്, പ്രോജക്ട് ഓഫീസര്‍ പി. എസ്. ശിവദാസന്‍ എന്നിവര്‍ പങ്കെടുക്കും.
പെണ്‍കുട്ടികള്‍ക്കായുള്ള സ്വയംരക്ഷ സെല്‍ഫ് ഡിഫന്‍സ് പദ്ധതി ഉദ്ഘാടനം ചെയ്തു
വിമുക്തി ലഹരി നിര്‍മാര്‍ജന മിഷന്‍ സംസ്ഥാന വ്യാപകമായി നടപ്പാക്കുന്ന പെണ്‍കുട്ടികള്‍ക്കായുള്ള സ്വയംരക്ഷ സെല്‍ഫ് ഡിഫന്‍സ് പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം മോയന്‍സ് ഗവ. ഗേള്‍സ് ഹൈസ്‌കൂളില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ. ബിനുമോള്‍ നിര്‍വഹിച്ചു. പെണ്‍കുട്ടികള്‍ക്കെതിരെ വര്‍ദ്ധിച്ച് വരുന്ന അതിക്രമങ്ങളില്‍ നിന്നും രക്ഷക്കായി കരാട്ടെ പരിശീലനമാണ് പദ്ധതിയുടെ ലക്ഷ്യമിടുന്നത്. ജില്ലയില്‍ 13 ഹൈസ്‌കൂളുകളിലാണ് പദ്ധതി നടപ്പിലാക്കുന്നത്. പരിപാടിയില്‍ മുന്‍സിപ്പല്‍ കൗണ്‍സിലര്‍ മിനി കൃഷ്ണകുമാര്‍ അധ്യക്ഷനായി. ഇന്‍സ്ട്രക്ടര്‍ അര്‍ജുനന്‍ മാസ്റ്റര്‍ പരിശീലനം നല്‍കി. സംസ്ഥാന യുവജനക്ഷേമ ബോര്‍ഡ് അംഗം എം.പി ഷെനിന്‍, എക്‌സൈസ് ഡെപ്യൂട്ടി കമ്മീഷണര്‍ എം എം നാസര്‍, സ്‌പോര്‍ട്‌സ് കൗണ്‍സില്‍ സെക്രട്ടറി ബിജു ഗ്രിഗറി, വിമുക്തി ജില്ലാ മാനേജര്‍ ഡി മധു, ജിസ ജോമോന്‍, പുഷ്‌കല, അഭിലാഷ് എന്നിവര്‍ പങ്കെടുത്തു.
ഫോട്ടോ: പെണ്‍കുട്ടികള്‍ക്കായുള്ള സ്വയംരക്ഷ സെല്‍ഫ് ഡിഫന്‍സ് പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ ബിനു നിര്‍വഹിക്കുന്നു
പട്ടികജാതി പ്രമോട്ടര്‍ നിയമനം : 28 വരെ
ജില്ലയിലെ വിവിധ ബ്ലോക്ക്/മുനിസിപ്പാലിറ്റി പട്ടികജാതി വികസന ഓഫീസുകളുടെ കീഴിലുള്ള തദ്ദേശസ്ഥാപനങ്ങളില്‍ ഫീല്‍ഡ് തല പ്രവര്‍ത്തനങ്ങള്‍ ചെയ്യുന്നതിന് പട്ടികജാതി പ്രമോട്ടര്‍മാരെ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. 2022 ഏപ്രില്‍ ഒന്ന് മുതല്‍ ഒരു വര്‍ഷക്കാലത്തേക്ക് കരാര്‍ അടിസ്ഥാനത്തിലായിരിക്കും നിയമനം. അതത് പഞ്ചായത്ത് പരിധിയില്‍ സ്ഥിരതാമസമുള്ള 18 നും 30 വയസ്സിനുമിടയിലുള്ള പ്ലസ്ടു/തത്തുല്യ യോഗ്യതയുള്ളവരായിരിക്കണം. യോഗ്യരായവരുടെ അഭാവത്തില്‍ സമീപ പ്രദേശങ്ങളിലുള്ളവരേയും പരിഗണിക്കും . ബ്ലോക്ക്/മുനിസിപ്പാലിറ്റി തലത്തില്‍ എഴുത്തുപരീക്ഷയും , ജില്ല തലത്തില്‍ അഭിമുഖം എന്നിവയുടെ അടിസ്ഥാനത്തിലായിരിക്കും നിയമനം. തെരെഞ്ഞെടുക്കപ്പെടുന്നവര്‍ (കില/ഐ.എം.ജി/ വകുപ്പുതല പരിശീലനം) മുഖേന നടത്തുന്ന 5 ദിവസ പരിശീലനം വിജയകരമായി പൂര്‍ത്തീകരിക്കേണ്ടതാണ്. പ്രമോട്ടര്‍മാരായി നിയമിക്കപ്പെടുന്നവര്‍ക്ക് സ്ഥിരനിയമനത്തിന് അര്‍ഹത ഉണ്ടായിരിക്കുന്നതല്ല. താത്പര്യമുള്ളവര്‍ നിശ്ചിത മാതൃകയിലുള്ള അപേക്ഷ, ജാതി, വിദ്യാഭ്യാസ യോഗ്യത, പ്രായം തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകള്‍, പാസ്പോര്‍ട്ട് സൈസ് ഫോട്ടോ, ബന്ധപ്പെട്ട തദ്ദേശസ്ഥാപന സെക്രട്ടറിയില്‍ നിന്നുള്ള റസിഡന്‍സ് സര്‍ട്ടിഫിക്കറ്റ്, എന്നിവ സഹിതം ഫെബ്രുവരി 28 ന് മുന്‍പായി ജില്ലാ പട്ടികജാതി വികസന ഓഫീസര്‍ക്ക് സമര്‍പ്പിക്കണം. അപേക്ഷാ ഫോറത്തിന്റെ മാതൃകയും ബ്ലോക്ക്/മുനിസിപ്പല്‍ പട്ടികജാതി വികസന ഓഫീസുകള്‍, ജില്ലാ പട്ടികജാതി വികസന ഓഫീസില്‍ നിന്നും ലഭിക്കുമെന്ന് പട്ടികജാതി വികസന ഓഫീസര്‍ അറിയിച്ചു. ഫോണ്‍ : 0491 2505005
മൊബൈല്‍ റിപ്പയറിങ്, ലിഫ്റ്റ് ഇറക്ടര്‍ കോഴ്സ് പ്രവേശനം
കുഴല്‍മന്ദം ഗവ: ഐ ടി ഐയില്‍ ഐ.എം.സിയുടെ കീഴില്‍ ആരംഭിക്കുന്ന മൂന്ന് മാസത്തെ മൊബൈല്‍ റിപ്പയറിങ്,ലിഫ്റ്റ് ഇറക്റ്റര്‍ എന്നീ കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. എസ്.എസ്.എല്‍.സി അടിസ്ഥാന യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം. ഫോണ്‍ 04922 295888, 9995424809
ക്വട്ടേക്ഷന്‍ ക്ഷണിച്ചു
ജില്ലാ പഞ്ചായത്ത്, ജില്ലാ വനിതാ ശിശു വികസന ഓഫീസ് എന്നിവ സംയുക്തമായി നിര്‍വഹിക്കുന്ന മെന്‍സ്ട്രല്‍ കപ്പ് പദ്ധതിയുടെ ഭാഗമായി ജില്ലയില്‍ നിന്നും തെരെഞ്ഞെടുക്കപ്പെട്ട മുന്‍നിര പ്രവര്‍ത്തകര്‍ക്കായി മെന്‍സ്ട്രല്‍ കപ്പ് വിതരണം ചെയ്യുന്നു. ഇതുമായി ബന്ധപ്പെട്ട് പ്രയോജനം സ്ത്രീകളിലേക്ക് എത്തിക്കുന്നതിന് മൂന്ന് മിനിറ്റില്‍ കവിയാത്ത ഹ്രസ്വ ബോധവല്‍ക്കരണ വീഡിയോ ലിങ്ക് ഫെബ്രുവരി 22 നകം [email protected] ലേക്ക് അയക്കണം. വിഷയവുമായി ബന്ധപ്പെട്ട സ്‌ക്രിപിറ്റും, വീഡിയോ തയായറാക്കുന്ന എസ്റ്റിമേറ്റും ജില്ലാ വനിത ശിശു വികസന ഓഫീസര്‍, ജില്ലാ വനിത ശിശു വികസന ഓഫീസ്, ഒന്നാം നില,സിവില്‍ സ്‌റ്റേഷന്‍, പാലക്കാട്-678001 വിലാസത്തില്‍ അയച്ചു നല്‍കുകയോ, നേരില്‍ തരുകയോ ചെയ്യണം. ഫെബ്രുവരി 22 വരെ ക്വട്ടേഷന്‍ സ്വീകരിക്കും .
ലേലം
ജില്ലയിലെ കെ.എ.പി രണ്ടാം ബറ്റാലിയന്റെ അധീനതയിലുള്ള ബറ്റാലിയന്‍ ട്രാന്‍സ്‌പോര്‍ട്ട് ഓഫീസില്‍ സൂക്ഷിച്ചിട്ടുള്ള ഉപയോഗ യോഗ്യമല്ലാത്ത വാഹനങ്ങള്‍ ഫെബ്രുവരി 28 ന് രാവിലെ 11 മുതല്‍ വൈകിട്ട് 3.30 വരെ ഓണ്‍ലൈനായി ലേലം ചെയ്യും. ഫോണ്‍ : 04912555191
ലേലം
പാലക്കാട് പൊതുമരാമത്ത് വകുപ്പ് റോഡ് സെക്ഷന്‍ നം.1 ഓഫീസിന്റെ പരിധിയിലെ പാലക്കാട്-പൊന്നാനി റോഡില്‍ .നില്‍ക്കുന്ന നാല് എണ്ണം മഴ മരങ്ങള്‍. പാലക്കാട്-പൊന്നാനി റോഡില്‍ മങ്കര വില്ലേജാഫീസിനു സമീപത്തെ ഒരു അക്കേഷ്യ മരം. കുഴല്‍മന്ദം- മങ്കര റോഡില്‍ മങ്കര പോലീസ് സ്‌റ്റേഷനു സമീപം നില്‍ക്കുന്ന ഒരു ബദാം മരം. ഫെബ്രുവരി 25 ന് രാവിലെ 11 മുതല്‍ അസിസ്റ്റന്റ് എന്‍ജിനീയറുടെ ഓഫീസില്‍ ലേലം ചെയ്യുമെന്ന് അസിസ്റ്റന്റ് എന്‍ജിനീയര്‍ അറിയിച്ചു.
ദര്‍ഘാസ് ക്ഷണിച്ചു
മീന്‍വല്ലം പദ്ധതിയുടെ റിസര്‍വ്വോയറിലെ ഏക്കല്‍ മണ്ണ്, മെക്കാനിക്കല്‍ മാര്‍ഗ്ഗമുള്‍പ്പെടെ ഉപയോഗിച്ച് (ഹൈഡ്രോളിക്ക് എക്‌സകവേറ്റര്‍ / മാന്വല്‍ മുഖേന മുതലായവ) വകുപ്പ് എന്‍ജിനീയറുടെ നിര്‍ദേശമനുസരിച്ച് നീക്കം ചെയ്യുന്നതിന് കരാറുകാരില്‍ നിന്ന് ദര്‍ഘാസ് ക്ഷണിച്ചു. ഫെബ്രുവരി 23 ഉച്ചക്ക് 2.30 വരെ ദര്‍ഘാസ് സ്വീകരിക്കും. ഫെബ്രുവരി 24 ന് രാവിലെ 11 ന് ദര്‍ഘാസ് തുറക്കും. ഫോണ്‍: 0491 2505504
ഫാര്‍മസിസ്റ്റ് കൂടിക്കാഴ്ച
ജില്ലയില്‍ ആരോഗ്യ വകുപ്പിലെ ഫാര്‍മസിസ്റ്റ് ഗ്രേഡ് .2 (പട്ടികവര്‍ഗ്ഗക്കാര്‍ക്കായുള്ള പ്രത്യേക നിയമനം) (കാറ്റഗറി നമ്പര്‍:116/2020) തസ്തികയുടെ തെരെഞ്ഞെടുപ്പിനായി ജനുവരി 29 ന് നടത്തുവാന്‍ നിശ്ചയിച്ചിരുന്ന അഭിമുഖ പരീക്ഷ കോവിഡ് രോഗ വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ മാറ്റിവെച്ചിരുന്നു. അഭിമുഖ പരീക്ഷ മാര്‍ച്ച് 4 ന് രാവിലെ 9.30 ന് കേരള പബ്ലിക് സര്‍വീസ് കമ്മീഷന്റെ എറണാകുളം മേഖലാ ആഫീസില്‍ നടത്തും. അര്‍ഹരായ എല്ലാ ഉദ്യോഗാര്‍ത്ഥികള്‍ക്കും പുതുക്കിയ തീയതി സംബന്ധിച്ച് എസ്. എം.എസ്/പ്രൊഫൈല്‍ മെസേജ് വഴി അറിയിപ്പ് നല്‍കിയിട്ടുണ്ട്. ഉദ്യോഗാര്‍ത്ഥികള്‍ നിശ്ചിത സമയത്ത് ആവശ്യമായ രേഖകള്‍ സഹിതം നേരിട്ട് എത്തണം. കോവിഡ് മഹാമാരിയുടെ സാഹചര്യം നിലനില്‍ക്കുന്നതിനാല്‍ അഭിമുഖത്തിന് ഹാജരാകുന്ന ഉദ്യോഗാര്‍ത്ഥികള്‍ നിര്‍ബന്ധമായും മാസ്‌കും ഫെയ്‌സ് ഷീല്‍ഡും ധരിച്ചിരിക്കേണ്ടതാണെന്ന് പി.എസ്.സി ജില്ലാ ഓഫീസര്‍ അറിയിച്ചു.
ഗതാഗത നിയന്ത്രണം
കിഴക്കേത്തറ ചുങ്കമന്ദം കല്‍ക്കുളം റോഡില്‍ അറ്റകുറ്റപ്പണി നടക്കുന്നതിനാല്‍ ഇന്നും നാളെയും(ഫെബ്രുവരി 18,19) തിയതികളില്‍ കിഴക്കേത്തറ-കല്‍ക്കുളത്തിനിടയ്ക്കുള്ള വാഹന ഗതാഗതം പൂര്‍ണ്ണമായും നിരോധിച്ചതായി അസിസ്റ്റന്റ് എന്‍ജിനീയര്‍ അറിയിച്ചു. കിഴക്കേത്തറയില്‍ നിന്നും കല്‍ക്കുളം ഭാഗത്തേക്ക് വരുന്നതും പോകുന്നതുമായ വാഹനങ്ങള്‍ കുഴല്‍മന്ദം-കുളവന്‍മുക്ക്-കുത്തന്നൂര്‍ റോഡ് വഴി പോകണം.
മണക്കടവ് വിയറില്‍ ലഭിച്ചത് 3703.73 ദശലക്ഷം ഘനയടി ജലം
മണക്കടവ് വിയറില്‍ 2021 ജൂലൈ ഒന്ന് മുതല്‍ 2022 ഫെബ്രുവരി 16 വരെ 3703.73 ദശലക്ഷം ഘനയടി ജലം ലഭിച്ചു. പറമ്പിക്കുളം ആളിയാര്‍ കരാര്‍ പ്രകാരം 3546.27 ദശലക്ഷം ഘനയടി ജലം ലഭിക്കാനുള്ളതായി സംയുക്ത ജലക്രമീകരണ വിഭാഗം ജോയിന്റ് ഡയറക്ടര്‍ അറിയിച്ചു. പറമ്പിക്കുളംആളിയാര്‍ പദ്ധതി പ്രകാരമുള്ള നിലവിലെ ജലലഭ്യത ദശലക്ഷം ഘനയടിയില്‍ ചുവടെ കൊടുക്കുന്നു. ബ്രാക്കറ്റില്‍ പരമാവധി ജലസംഭരണശേഷി ദശലക്ഷം ഘനയടിയില്‍. ലോവര്‍ നീരാര്‍ 109.70 (274), തമിഴ്നാട് ഷോളയാര്‍ 2695.69 (5392), കേരള ഷോളയാര്‍ 4245.80 (5420), പറമ്പിക്കുളം 16364.11 (17820), തൂണക്കടവ് 556.11 (557), പെരുവാരിപ്പള്ളം 619.21 (620), തിരുമൂര്‍ത്തി 1297.19 (1935), ആളിയാര്‍ 1909.99 (3864).