കോവിഡ് മഹാമാരിയെ തുടര്‍ന്ന് ജില്ലയിലെ മാറ്റിവച്ച കുടുംബശ്രീ സംഘടന സംവിധാനത്തിന്റെ തെരഞ്ഞെടുപ്പ് വിജയകരമായി പൂര്‍ത്തീകരിച്ചു. കോവിഡ് മാനദണ്ഡങ്ങള്‍ കൃത്യമായി പാലിച്ച് ക്ലസ്റ്റര്‍ അടിസ്ഥാനത്തിലാണ് തെരഞ്ഞെടുപ്പ് പൂര്‍ത്തീകരിച്ചത്. എ.ഡി.എസ് തലത്തില്‍ നിന്നും തെരഞ്ഞെടുക്കപ്പെട്ട 11 അംഗങ്ങളില്‍ നിന്നും ഒരു സിഡിഎസ് അംഗത്തെ തെരഞ്ഞെടുത്തു. വാര്‍ഡുകളുടെ എണ്ണത്തിന് തുല്യമായ സിഡിഎസ് അംഗങ്ങളില്‍ നിന്നും ചെയര്‍പേഴ്‌സണെയും വൈസ്‌ചെയര്‍പേഴ്‌സണെയും തെരഞ്ഞെടുത്തു.
ബൈലോയില്‍ ഉണ്ടായ ഭേദഗതിയുടെ അടിസ്ഥാനത്തില്‍ ഭൂരിപക്ഷം സിഡിഎസുകളിലും പുതുമുഖങ്ങളാണ് അമരത്തേയ്ക്ക് എത്തിയിരിക്കുന്നത്. ആകെ 58 സിഡിഎസുകളില്‍ 42 സിഡിഎസുകള്‍ പുതുമുഖങ്ങളെ നേതൃസ്ഥാനത്തേക്ക് തെരഞ്ഞെടുത്തു. ജില്ലാകളക്ടര്‍ ഡോ. ദിവ്യ എസ്. അയ്യര്‍ നിയോഗിച്ച ജില്ലാതെരഞ്ഞെടുപ്പ് വരണാധികാരിയും ഇലക്ഷന്‍ ഡപ്യൂട്ടി കളക്ടറുമായ ആര്‍. രാജലക്ഷ്മിയുടെ നേതൃത്വത്തില്‍ തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിന് നേതൃത്വം നല്‍കിയ വരണാധികാരികളും ഉപവരണാധികാരികളുമാണ് സിഡിഎസ് തെരഞ്ഞെടുപ്പ് പൂര്‍ത്തീകരിച്ചത്. വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥര്‍ എഡിഎസ് വരണാധികാരികളായി വാര്‍ഡ്തല തെരഞ്ഞെടുപ്പും അയല്‍ക്കൂട്ടങ്ങളില്‍ നിന്നും തെരഞ്ഞെടുക്കപ്പെട്ട അധ്യക്ഷന്മാര്‍ അയല്‍ക്കൂട്ട തെരഞ്ഞെടുപ്പും പൂര്‍ത്തീകരിച്ചു. ഫെബ്രുവരി 21 ന് ചുമതല ഏല്‍ക്കുന്ന പുതിയ ഭരണ സമിതിയുടെ നേതൃത്വത്തിലായിരിക്കും അടുത്ത മൂന്നു വര്‍ഷ കാലയളലവില്‍ കുടുംബശ്രീയുടെ പ്രവര്‍ത്തനങ്ങള്‍ നടപ്പാക്കുന്നത്.