Input your search keywords and press Enter.

പാലക്കാട് ജില്ലാ അറിയിപ്പുകള്‍ ( 18/02/2022 )

കഞ്ചിക്കോട് മൂന്ന് മെഗാവാട്ട് സൗരോര്‍ജ്ജ പദ്ധതി ഉദ്ഘാടനം മന്ത്രി കെ കൃഷ്ണന്‍കുട്ടി നിര്‍വഹിക്കും

കഞ്ചിക്കോട് മൂന്ന് മെഗാവാട്ട് സൗരോര്‍ജ്ജ പദ്ധതി ഉദ്ഘാടനം നാളെ (ഫെബ്രുവരി 19) രാവിലെ 11ന്  കഞ്ചിക്കോട് 220 കെ.വി സബ്‌സ്റ്റേഷന്‍ പരിസരത്ത് വൈദ്യുതി വകുപ്പ് മന്ത്രി കെ കൃഷ്ണന്‍കുട്ടി നിര്‍വഹിക്കും. എ. പ്രഭാകരന്‍ എം.എല്‍.എ അധ്യക്ഷനാകും. വി.കെ ശ്രീകണ്ഠന്‍ എം.പി മുഖ്യാതിഥിയായി പങ്കെടുക്കും.

പ്രകൃതിദത്തവും പാരമ്പര്യേതരവുമായ ഊര്‍ജ്ജ സ്രോതസ്സുകളെ ഉപയോഗപ്പെടുത്തുന്നതിന്  കെ.എസ്.ഇ.ബി ലിമിറ്റഡ് ഉടമസ്ഥതയിലുള്ള ഭൂമി ഉപയോഗിച്ച് വൈദ്യുതി ഉത്പാദിപ്പിക്കുന്നതിന്റെ ഭാഗമായി കഞ്ചിക്കോട് 220 കെ.വി സബ്‌സ്റ്റേഷന്‍ കോമ്പൗണ്ടില്‍ 380 വാട്ടിന്റെ 7920 സോളാര്‍ പാനലുകള്‍ സ്ഥാപിച്ച് മൂന്ന് മെഗാവാട്ട് വൈദ്യുതി ഉത്പാദിപ്പിക്കുന്നതിനുള്ള പദ്ധതിയാണ് പൂര്‍ത്തീകരിച്ചിരിക്കുന്നത്. പദ്ധതിയുടെ നിര്‍മ്മാണവും അഞ്ചുവര്‍ഷത്തെ നടത്തിപ്പുചുമതലയും കേരള സര്‍ക്കാര്‍ പൊതുമേഖല സ്ഥാപനമായ ഇന്‍കെല്‍ ലിമിറ്റഡാണ് നിര്‍വഹിക്കുന്നത്.

പരിപാടിയില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് കെ ബിനുമോള്‍, കെഎസ്ഇബി ലിമിറ്റഡ് സ്വതന്ത്ര ഡയറക്ടര്‍ വി മുരുകദാസ്, മലമ്പുഴ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി. ബിജോയ്, പുതുശ്ശേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എന്‍. പ്രസീദ, പാലക്കാട് ജില്ലാ പഞ്ചായത്ത് മെമ്പര്‍ എം പത്മിനി, മലമ്പുഴ ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ കെ സുന്ദരി, പുതുശ്ശേരി ഗ്രാമപഞ്ചായത്ത് മെമ്പര്‍ ആര്‍ മിന്‍മിനി, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍, കെഎസ്ഇബി ലിമിറ്റഡ് റീസ്, സൗര, സ്‌പോര്‍ട്‌സ്, വെല്‍ഫെയര്‍ ഡയറക്ടര്‍ ആര്‍.സുകു, കെ.എസ്. ഇ.ബി ചെയര്‍മാന്‍& മാനേജിങ് ഡയറക്ടര്‍ ബി. അശോക്, ഉദ്യോഗസ്ഥര്‍ പങ്കെടുക്കും.

പട്ടാമ്പി താലൂക്ക് ആശുപത്രിയില്‍
ഡയാലിസിസ് സെന്റര്‍ പ്രവര്‍ത്തനക്ഷമമാക്കും

തസ്തികകള്‍ക്ക് പ്രഥമ പരിഗണന

പട്ടാമ്പി താലൂക്ക് ആശുപത്രിയിലെ  ഡയാലിസിസ് സെന്റര്‍ എത്രയും വേഗം പ്രവര്‍ത്തനക്ഷമമാക്കാന്‍ നിര്‍ദ്ദേശങ്ങള്‍ നല്‍കുമെന്ന് മുഹമ്മദ് മുഹ്സിന്‍ എം.എല്‍.എ പറഞ്ഞു. എം.എല്‍.എയുടെ ആസ്തി വികസന ഫണ്ടില്‍ നിന്നും ഡയാലിസിസ് യൂണിറ്റിനായി നിര്‍മ്മിക്കുന്ന കെട്ടിടം  പൂര്‍ത്തിയായി വരികയാണ്. ഡയാലിസിസ് യൂണിറ്റിനും അനുബന്ധ സൗകര്യങ്ങള്‍ക്കുമായി 99 ലക്ഷം രൂപയാണ് ആസ്തി വികസന
ഫണ്ടില്‍ നിന്നും അനുവദിച്ചത്. ഡയാലിസിസ് നടത്തി കൊണ്ടിരിക്കുന്ന രോഗികളുടെ എണ്ണം  പട്ടാമ്പിയില്‍ താരതമ്യേന കൂടുതലാണെന്നും രോഗികള്‍ ഇപ്പോള്‍ പ്രധാനമായും ഒറ്റപ്പാലം, ഷൊര്‍ണൂര്‍ ആശുപത്രികളെയാണ്  ആശ്രയിക്കുന്നതെന്നും എം.എല്‍.എ പറഞ്ഞു. അതിനാല്‍  രോഗികള്‍ക്ക് സൗകര്യപ്രദമായി രീതിയില്‍ ഡയാലിസിസ് സെന്റര്‍  പ്രവര്‍ത്തനക്ഷമമാക്കാനാണ് തീരുമാനം.

ഡയാലിസിസ് സെന്റര്‍ പ്രവര്‍ത്തനക്ഷമമാകുമ്പോള്‍ ആരോഗ്യ പ്രവര്‍ത്തകരുടെ തസ്തികകള്‍ക്ക് പ്രഥമ പരിഗണന നല്‍കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. താലൂക്ക് ആശുപത്രിയുടെ വികസനത്തിന് സമഗ്ര മാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കുന്നുള്ള നിര്‍ദ്ദേശങ്ങള്‍ക്കായി ജനപ്രതിനിധികളുടെയും ആരോഗ്യപ്രവര്‍ത്തകരുടെയും സംയുക്ത യോഗത്തില്‍ സംസാരിക്കുകയായിരുന്നു എം.എല്‍.എ. മുഹമ്മദ് മുഹ്സിന്‍ എം. എല്‍. എ.യുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍  മുന്‍സിപ്പല്‍ ചെയര്‍പേഴ്സണ്‍ ഒ.ലക്ഷ്മിക്കുട്ടി, വൈസ് ചെയര്‍മാന്‍ ടി.പി ഷാജി എന്നിവര്‍ പങ്കെടുത്തു.

കാങ്കപ്പുഴ റഗുലേറ്റര്‍ കം ബ്രിഡ്ജ് പദ്ധതിക്ക് അംഗീകാരം

മലപ്പുറം-പാലക്കാട് ജില്ലകളെ ബന്ധിപ്പിക്കുന്ന കാങ്കക്കടവ് (കാങ്കപ്പുഴ)റഗുലേറ്റര്‍ കം ബ്രിഡ്ജ്  പദ്ധതിക്ക്  കിഫ്ബി ബോര്‍ഡ് അംഗീകാരം.
125 കോടിയുടെ പദ്ധതിയില്‍ റഗുലേറ്റര്‍ ഉള്‍പ്പെടുന്നതിനാല്‍  കുടിവെള്ള ക്ഷാമം  പരിഹരിക്കുന്നതിനും കൃഷിക്കും ജലസേചനത്തിനുള്ള  പ്രധാന  സ്രോതസ്സ് എന്ന നിലയിലും പദ്ധതി ഏറെ പ്രയോജനപ്പെടും. കാലപ്പഴക്കമേറിയ കുറ്റിപ്പുറം പാലത്തിന് പകരമായി പ്രയോജനപ്പെടുത്താനുമാവും. തൃത്താലയുടെ അടിസ്ഥാന-സൗകര്യ വികസനത്തിന് നാഴികക്കല്ലായി പദ്ധതി മാറുമെന്ന് അധികൃതര്‍ അറിയിച്ചു.
നിയമസഭാ സ്പീക്കറും തൃത്താല എം.എല്‍.എ കൂടിയായ എം.ബി രാജേഷിന്റെ നിരന്തരശ്രമത്താലാണ് കാങ്കക്കടവ് (കാങ്കപ്പുഴ )പദ്ധതി  ഫലം കണ്ടിരിക്കുന്നത്. കിഫ്ബി പദ്ധതികള്‍ അവലോകനം ചെയ്യുന്നതിന് 2021 ഓഗസ്റ്റ് നാലിന്  ധനകാര്യ വകുപ്പ് മന്ത്രി  കെ.എന്‍ ബാലഗോപാലിന്റെ നേതൃത്വത്തില്‍ യോഗം ചേര്‍ന്നിരുന്നു.  യോഗം ചേര്‍ന്ന് ഒരു മാസത്തിനകം കരിയന്നൂര്‍-സൂശീലപ്പടി മേല്‍പ്പാലത്തിന് 40  കോടി രൂപയുടെ ഭരണാനുമതി ലഭിച്ചിരുന്നു.

കലാ അവതരണത്തിന് ക്വട്ടേഷന്‍ ക്ഷണിച്ചു

സ്വാതന്ത്ര്യത്തിന്റെ 75-ാം വാര്‍ഷികത്തോടനുബന്ധിച്ചുള്ള ആസാദിക അമൃത മഹോത്സവത്തിന്റെ ഭാഗമായി ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസിന്റെ ആഭിമുഖ്യത്തില്‍ നടക്കുന്ന കലാ-സാംസ്‌കാരിക പരിപാടിയില്‍ പൊറാട്ട് നാടകം, നാടന്‍പാട്ട്, ആദിവാസി നൃത്തം, ഓട്ടന്‍തുള്ളല്‍, കണ്യാര്‍കളി എന്നീ കലാരൂപങ്ങള്‍ അവതരിപ്പിക്കുന്നതിന് താത്പര്യമുള്ള കലാകാരന്മാരില്‍ നിന്നും ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ ക്വട്ടേഷന്‍ ക്ഷണിച്ചു. മാര്‍ച്ച് നാലിനാണ് പരിപാടി നടക്കുക. ഒരു മണിക്കൂര്‍ അധികരിക്കാത്ത വിധമാണ് പരിപാടികള്‍ അവതരിപ്പിക്കേണ്ടത്. രാവിലെ 11 മുതല്‍ രാത്രി എട്ട് വരെയാണ് സാംസ്‌കാരിക പരിപാടികള്‍ നടക്കുക. താത്പര്യമുള്ളവര്‍ ഫെബ്രുവരി 25 ന് രാവിലെ 11 ന് കം ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ്, സിവില്‍ സ്റ്റേഷന്‍, പാലക്കാട് വിലാസത്തില്‍ ക്വട്ടേഷന്‍ നല്‍കണം. ഫോണ്‍ – 0491-2505329

തദ്ദേശ സ്വയംഭരണ ദിനാഘോഷം ജില്ലാ തല ഉദ്ഘാടനം  നാളെ(ഫെബ്രുവരി 19)

സംസ്ഥാനതല തദ്ദേശ സ്വയം ഭരണ ദിനാഘോഷത്തിന്റെ ഭാഗമായി നടക്കുന്ന ആഘോഷ പരിപാടിയുടെ ജില്ലാതല ഉദ്ഘാടനം ഫെബ്രുവരി 19 ന് രാവിലെ 10 ന് ജില്ലാ പഞ്ചായത്ത് ഹാളില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ബിനു മോള്‍ നിര്‍വഹിക്കും. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സി.കെ ചാമുണ്ണി അധ്യക്ഷനാകും. ജില്ലാ കലക്ടര്‍ മൃണ്‍മയീ ജോഷി മുഖ്യാതിഥിയായി പങ്കെടുങ്ങും. പരിപാടിയോടനുബന്ധിച്ച് സംസ്ഥാന പ്ലാനിങ് ബോര്‍ഡ് & ഐ. ആര്‍. ടി.സി മുന്‍ ഡയറക്ടര്‍ പ്രൊഫ. പി.കെ രവീന്ദ്രന്‍, പാലക്കാട് മുന്‍സിപ്പാലിറ്റി സെക്രട്ടറി ഡി.ജയകുമാര്‍ എന്നിവര്‍ ‘നവകേരളം കര്‍മ്മ പരിപാടി’, ‘സംയോജിത തദ്ദേശ സ്വയം ഭരണ സര്‍വ്വീസ്’ എന്നീ വിഷയങ്ങളില്‍ സെമിനാര്‍ അവതരിപ്പിക്കും. ഹരിത കേരള മിഷന്‍ ജില്ലാ കോ – ഓര്‍ഡിനേറ്റര്‍ വൈ. കല്യാണകൃഷ്ണന്‍, ശുചിത്വമിഷന്‍ ജില്ലാ കോ – ഓര്‍ഡിനേറ്റര്‍ ടി.ജി  അഭിജിത്ത്, ലൈഫ്മിഷന്‍ ജില്ലാ കോ – ഓര്‍ഡിനേറ്റര്‍ & ദാരിദ്ര്യ ലഘൂകരണ വിഭാഗം പ്രൊജക്ട് ഡയറക്ടര്‍ കെ.പി വേലായുധന്‍, കുടുംബശ്രീ ജില്ലാ മിഷന്‍ കോ – ഓര്‍ഡിനേറ്റര്‍  പി. സെയ്തലവി എന്നിവര്‍ സെമിനാറിന്റെ ഭാഗമാകും.

ഉച്ചയ്ക്ക് മൂന്നിന് നടക്കുന്ന പുരസ്‌കാര സമര്‍പ്പണ സമ്മേളനത്തിന്റെ  ഉദ്ഘാടനം വൈദ്യുതി വകുപ്പ് മന്ത്രി കെ. കൃഷ്ണന്‍കുട്ടി നിര്‍വഹിക്കും. ജില്ലയിലെ മികച്ച ഗ്രാമപഞ്ചായത്തുകള്‍ക്കുള്ള സ്വരാജ് ട്രോഫി, മഹാത്മാ ഗാന്ധി തൊഴിലുറപ്പ് പദ്ധതി വിജയകരമായി നടപ്പിലാക്കിയ പഞ്ചായത്തുകള്‍ക്കുള്ള മഹാത്മാ പുരസ്‌കാരം, മികച്ച ഗ്രാമപഞ്ചായത്ത് സെക്രട്ടറിമാര്‍ക്കുള്ള പുരസ്‌കാരം എന്നിവയുടെ വിതരണവും മന്ത്രി നിര്‍വഹിക്കും.

പുരസ്‌കാര സമര്‍പ്പണ സമ്മേളനത്തില്‍ ജില്ലാ പഞ്ചായത്ത് കെ.ബിനുമോള്‍ അധ്യക്ഷത വഹിക്കും. ചില പഞ്ചായത്ത് വൈസ് പ്രസിഡണ്ട് സി കെ ചാമുണ്ണി, എം.പിമാരായ വി.കെ ശ്രീകണ്ഠന്‍, രമ്യ ഹരിദാസ്, എം.എല്‍.എ മാരായ പി. മുഹമ്മദ് മുഹസിന്‍, പി.മമ്മിക്കുട്ടി, കെ ശാന്തകുമാരി, എന്‍. ഷംസുദ്ദീന്‍, എ പ്രഭാകരന്‍, ഷാഫി പറമ്പില്‍, പി.പി. സുമോദ്, കെ ബാബു, പാലക്കാട് മുന്‍സിപ്പാലിറ്റി ചെയര്‍പേഴ്‌സണ്‍ കെ പ്രിയ, കേരള ഗ്രാമപഞ്ചായത്ത് അസോസിയേഷന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി കെ. സുരേഷ്, ജില്ലാ പ്രസിഡന്റ് പ്രേംകുമാര്‍, എക്‌സിക്യൂട്ടീവ് അംഗങ്ങളായ പി എസ് ശിവദാസ്,  പി ഉണ്ണികൃഷ്ണന്‍, പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍ കെ ഗോപിനാഥന്‍ എന്നിവര്‍ പങ്കെടുക്കും.

തിരഞ്ഞെടുപ്പ് കമ്മീഷന്റെ വിവിധ മത്സരങ്ങളില്‍ പങ്കെടുക്കാം

ദേശീയ സമ്മതിദായക ദിനാഘോഷത്തിന്റെ ഭാഗമായി ഓരോ വോട്ടിന്റെയും പ്രാധാന്യം പൊതുജനങ്ങള്‍ക്ക് അറിയിക്കുന്നതിന് ‘എന്റെ വോട്ട് എന്റെ ഭാവി – ഒരു വോട്ടിന്റെ ശക്തി’ എന്ന വിഷയത്തില്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഓണ്‍ലൈനായി  വിവിധ മത്സരങ്ങള്‍ സംഘടിപ്പിക്കുന്നു.  ക്വിസ്, ഗാനരചന, വീഡിയോ നിര്‍മ്മാണം, പോസ്റ്റര്‍ ഡിസൈനിംഗ്, മുദ്രാവാക്യ രചന എന്നീ അഞ്ച് വിഭാഗത്തിലാണ് മത്സരം നടക്കുക. അമച്വര്‍, പ്രൊഫെഷണല്‍, സ്ഥാപനങ്ങള്‍ എന്നിങ്ങനെ മൂന്ന് കാറ്റഗറിയിലാണ് മത്സരം. മത്സരിക്കുന്നതിന്  പ്രായ പരിധിയില്ല. സ്‌കൂളുകള്‍, കോളജുകള്‍, സര്‍വ്വകലാശാലകള്‍, കേന്ദ്ര/സംസ്ഥാന നിയമാനുസൃതമായി രജിസ്റ്റര്‍ ചെയ്ത വിവിധ സംഘടനകള്‍/സ്ഥാപനങ്ങള്‍ എന്നിവയ്ക്ക്  സ്ഥാപന വിഭാഗത്തില്‍ മത്സരിക്കാം. വിശദവിവരങ്ങള്‍  https://ecisveep.nic.in/contest/ ല്‍ ലഭിക്കും. മത്സരങ്ങളില്‍ പങ്കെടുക്കാന്‍ താത്പര്യമുള്ളവര്‍ വെബ് സൈറ്റില്‍ പേര്, വിലാസം, ഫോണ്‍ നമ്പര്‍, പങ്കെടുക്കുന്ന ഇനത്തിലെ (ക്വിസ്  മത്സരം ഒഴികെ) സ്വന്തം സൃഷ്ടി സംബന്ധിച്ച് ചെറു വിവരണം  സഹിതം രജിസ്റ്റര്‍ ചെയ്യണം. മത്സരയിനം, പങ്കെടുക്കുന്ന കാറ്റഗറി എന്നിവ വിഷയത്തില്‍ സൂചിപ്പിച്ച് v്[email protected] ല്‍ മാര്‍ച്ച 15 നകം അയക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍ – 0491-2505160, 9961465654

 
പി.എസ്.സി.സര്‍ട്ടിഫിക്കറ്റ് പരിശോധന

ജില്ലയിലെ വിദ്യാഭ്യാസ വകുപ്പില്‍  യു.പി.സ്‌കൂള്‍ ടീച്ചര്‍ (മലയാള മാധ്യമം) (കാറ്റഗറി നമ്പര്‍: 517/2019) തസ്തികയുടെ  തെരെഞ്ഞെടുപ്പിനായി ചുരുക്കപ്പട്ടികയില്‍  ഉള്‍പ്പെട്ട  ഉദ്യോഗാര്‍ത്ഥികളുടെ സര്‍ട്ടിഫിക്കറ്റ് പരിശോധന പാലക്കാട് ജില്ലാ ഓഫീസില്‍ ഫെബ്രുവരി 21 മുതല്‍ 26 വരെയും ഫെബ്രുവരി  28, മാര്‍ച്ച ഒന്ന്  തീയതികളില്‍ (എട്ട് ദിവസങ്ങളിലായി)  നടത്തും. ബന്ധപ്പെട്ട   ഉദ്യോഗാര്‍ത്ഥികള്‍ക്ക് പ്രൊഫൈല്‍/എസ്.എം.എസ് വഴി അറിയിപ്പ്  നല്‍കിയിട്ടുണ്ട്.  പ്രമാണ പരിശോധനയ്ക്ക് എത്തുന്ന  ഉദ്യോഗാര്‍ത്ഥികള്‍  യോഗ്യത, ജനനതീയതി  തെളിയിക്കുന്ന അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍,  എന്‍. സി.എല്‍.സി/സി. സി/എം. സി, ആധാര്‍  ജില്ലാ പി.എസ്.സി ഓഫീസില്‍ നേരിട്ട് നല്‍കണമെന്ന്  ജില്ലാ ഓഫീസര്‍ അറിയിച്ചു. ഫോണ്‍-2505398

 
സര്‍ട്ടിഫിക്കറ്റ് തിരുത്താം

വാണിയംകുളം ഗവ. ഐ.ടി.ഐ യില്‍ 2014 മുതല്‍ അഡ്മിഷന്‍ നേടി എന്‍.സി.വി.റ്റി സര്‍ട്ടിഫിക്കറ്റ് ലഭിച്ച ട്രെയിനികള്‍ സര്‍ട്ടിഫിക്കറ്റിലെ  തിരുത്തലുകള്‍ക്ക്  ഫെബ്രുനരി 22 നകം  ബന്ധപ്പെടണമെന്ന് പ്രിന്‍സിപ്പാള്‍ അറിയിച്ചു. ഫോണ്‍-9495667192, 0466 2227744.

പ്രോജക്ട് അസിസ്റ്റന്റ്  നിയമനം: 22 വരെ അപേക്ഷിക്കാം

അട്ടപ്പാടി ബ്ലോക്ക് പഞ്ചായത്ത് ഓഫീസില്‍ പട്ടികവര്‍ഗ്ഗ വിഭാഗക്കാരില്‍ നിന്നും പ്രോജക്ട് അസിസ്റ്റന്റ്  നിയമനം നടത്തുന്നു. താത്പര്യമുള്ളവര്‍ ഫെബ്രുവരി  22 ന് വൈകിട്ട് അഞ്ചനകം അപേക്ഷിക്കണം. അപേക്ഷകര്‍  ഡിപ്ലോമ ഇന്‍ കമേഴ്‌സ്യല്‍  പ്രാക്ടീസ് (ഡി.സി.പി)/ ഡിപ്ലോമ ഇന്‍ കമ്പൂട്ടര്‍  ആപ്ലിക്കേഷന്‍  ആന്റ് ബിസിനസ്സ് മാനേജ്‌മെന്റ്  അല്ലെങ്കില്‍ അംഗീകൃത സര്‍വ്വകലാശാലകളില്‍  നിന്നുള്ള  ബിരുദവും  ഒരു വര്‍ഷത്തില്‍ കുറയാത്ത  അംഗീകൃത ഡി.സി.എ /പി.ജി.ഡി.സി.എ . പ്രായപരിധി 2021  ജനുവരി ഒന്നിന് 18 നും 30 നും ഇടയില്‍. പട്ടികജാതി, പട്ടികവര്‍ഗ്ഗ വിഭാഗക്കാര്‍ക്ക്  മൂന്ന് വര്‍ഷത്തെ ഇളവ് അനുവദിക്കും.  താത്പര്യമുള്ളവര്‍  ഫെബ്രുവരി 24 ന് രാവിലെ 10.30 ന്  ബ്ലോക്ക് ഓഫീസില്‍ നടക്കുന്ന അഭിമുഖത്തില്‍  അസല്‍ രേഖകള്‍ സഹിതം  എത്തണമെന്ന് സെക്രട്ടറി അറിയിച്ചു. ഫോണ്‍: 04924 254060.

ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍ നിയമനം

അട്ടപ്പാടി ഗവ.ഐ.ടി.ഐയില്‍ ഡ്രാഫ്റ്റ്‌സ്മാന്‍, സിവില്‍ ട്രേഡിലേക്ക് ഗസ്റ്റ്  ഇന്‍സ്ട്രക്ടര്‍ നിയമനം.  ബന്ധപ്പെട്ട വിഷയത്തില്‍ ബിരുദമോ, ത്രിവത്സര ഡിപ്ലോമയോ  അല്ലെങ്കില്‍ ബന്ധപ്പെട്ട  ട്രേഡില്‍  എന്‍.ടി.സി,  മൂന്ന് വര്‍ഷം  പൊതുമേഖല/സര്‍ക്കാര്‍/അര്‍ദ്ധ സര്‍ക്കാര്‍ സ്ഥാപനത്തില്‍ പ്രവര്‍ത്തി പരിചയം. അല്ലെങ്കില്‍ ബന്ധപ്പെട്ട  ട്രേഡില്‍  എന്‍. ടി. സി, എന്‍.എ. സി  പൊതുമേഖല/സര്‍ക്കാര്‍/അര്‍ദ്ധ സര്‍ക്കാര്‍ സ്ഥാപനത്തില്‍ ഒരു വര്‍ഷ പ്രവര്‍ത്തിപരിചയമാണ് യോഗ്യത. താത്പര്യമുള്ളവര്‍ ഫെബ്രുവരി 22 ന് രാവിലെ 10.30 ന് യോഗ്യതാ സര്‍ട്ടിഫിക്കറ്റുകളുടെ അസ്സലുമായി എത്തണമെന്ന്  പ്രിന്‍സിപ്പാള്‍ അറിയിച്ചു.  ഫോണ്‍- 04924 296516

 
ക്വട്ടേഷന്‍

ശ്രീകൃഷ്ണപുരം ഐ.സി.ഡി.എസ് പ്രോജക്ട്  പരിധിയിലെ ശ്രീകൃഷ്ണപുരം, ചെര്‍പ്പുളശ്ശേരി മുന്‍സിപ്പാലിറ്റി, കാരാകുറിശ്ശി സെക്ടറിലെ  അങ്കണവാടികളിലേക്ക്  പ്രീ- സ്‌കൂള്‍ എഡ്യൂക്കേഷന്‍  കിറ്റ് വിതരണം ചെയ്യുന്നതിന് ക്വട്ടേഷന്‍ ക്ഷണിച്ചു.  ക്വട്ടേഷന്‍
ശ്രീകൃഷ്ണപുരം ഐ.സി.ഡി.എസ് പ്രോജക്ട്  ഓഫീസില്‍ ഫെബ്രുവരി 28 ന്  വൈകിട്ട് മൂന്നിനകം ലഭിക്കണം. ഫോണ്‍: 0466 2961026

 
ദര്‍ഘാസ്

ചൂണ്ടപ്പാറ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍  ലാബ് ഉപകരണങ്ങള്‍ ( ഫിസിക്‌സ്,കെമിസ്ട്രി, ബോട്ടണി,സുവോളജി) വാങ്ങുന്നതിന്  ദര്‍ഘാസ്  ക്ഷണിച്ചു. 2000 രൂപയാണ് നിരതദ്രവ്യം.ഫെബ്രുവരി  21 ന് വൈകിട്ട്  രണ്ട് വരെ ദര്‍ഘാസ് സ്വീകരിക്കും. വിശദവിവരങ്ങള്‍ ടി.എച്ച്.എസ്.ഇ വെബ്‌സൈറ്റിലും നേരിട്ടും ഫോണ്‍ മുഖേനയും ലഭിക്കും. ഫോണ്‍- 9447261031, 7012378558

ഏത്തനൂര്‍ മരുതിഭഗവതി ക്ഷേത്രം ട്രസ്റ്റി നിയമനം:  തുടര്‍നടപടികള്‍ നിര്‍ത്തിവെച്ചു

ചിറ്റൂര്‍ താലൂക്കിലെ ഏത്തനൂര്‍,  മരുതിഭഗവതി ക്ഷേത്രത്തില്‍ പാരമ്പര്യേതര ട്രസ്റ്റി നിയമന നടപടിക്കെതിരെ കേരള ഹൈക്കോടതിയുടെ  അന്തിമ തീര്‍പ്പിന്  വിധേയമായി പാരമ്പര്യേതര ട്രസ്റ്റി നിയമനവുമായി ബന്ധപ്പെട്ട  എല്ലാ തുടര്‍നടപടികളും നിര്‍ത്തിവെച്ചതായി അസിസ്റ്റന്റ് കമ്മീഷണര്‍ അറിയിച്ചു.

സ്റ്റാഫ് നഴ്‌സ്, കൗണ്‍സിലര്‍ നിയമനം

പാലക്കാട് മെഡിക്കല്‍ കോളേജില്‍  കേരള സ്റ്റേറ്റ് എയ്ഡ്‌സ് കണ്‍ട്രോള്‍ സൊസൈറ്റി – യുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ആന്റിറിട്രോവൈറല്‍  തെറാപ്പി (എ.ആര്‍.റ്റി) സെന്ററില്‍ ഒഴിവുള്ള  സ്റ്റാഫ് നേഴ്‌സ്, കൗണ്‍സിലര്‍  തസ്തികയില്‍  നിയമനം നടത്തുന്നു .   താത്പര്യമുള്ളവര്‍ ഡയറക്ടര്‍, പാലക്കാട് ഗവ. മെഡിക്കല്‍ (ഐ.ഐ.എം.എസ്), കുന്നത്തൂര്‍മേട് പോസ്റ്റ്,  പാലക്കാട്  വിലാസത്തില്‍ ഫെബ്രുവരി 24 നകം അപേക്ഷ  നല്‍കണമെന്ന് ഡയറക്ടര്‍ അറിയിച്ചു. എം.എസ്.ഡബ്ലൂ അല്ലെങ്കില്‍  സോഷ്യോളജിയില്‍   ബിരുദമാണ്  കൗണ്‍സിലര്‍ യോഗ്യത.

പ്രോജക്ട് അസിസ്റ്റന്റ്  നിയമനം: 25 വരെ അപേക്ഷിക്കാം.

കുഴല്‍മന്ദം ബ്ലോക്ക് പഞ്ചായത്ത് ഓഫീസില്‍ പട്ടികജാതിക്കാരായ ഉദ്യോഗാര്‍ഥികളില്‍ നിന്നും പ്രോജക്ട് അസിസ്റ്റന്റ്  നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. താത്പര്യമുള്ളവര്‍ക്ക് ഫെബ്രുവരി  25 വരെ അപേക്ഷിക്കാം.  യോഗ്യത -ഡിപ്ലോമ ഇന്‍ കമേഴ്സ്യല്‍  പ്രാക്ടീസ് (ഡി.സി.പി)/ ഡിപ്ലോമ ഇന്‍ കമ്പൂട്ടര്‍  ആപ്ലിക്കേഷന്‍  ആന്റ് ബിസിനസ്സ് മാനേജ്മെന്റ്, അല്ലെങ്കില്‍ അംഗീകൃത സര്‍വ്വകലാശാലകളില്‍  നിന്നുള്ള  ബിരുദവും  ഒരു വര്‍ഷത്തില്‍ കുറയാത്ത  അംഗീകൃത ഡി.സി.എ /പി.ജി.ഡി.സി.എ. പ്രായപരിധി 2021  ജനുവരി ഒന്നിന് 18 നും 33 നും ഇടയില്‍. താത്പര്യമുള്ളവര്‍ ഫെബ്രുവരി 28 ന്  രാവിലെ 11 ന് കൂടിക്കാഴ്ചയ്ക്ക് എത്തണമെന്ന്  സെക്രട്ടറി അറിയിച്ചു.

ടെന്‍ഡര്‍ ക്ഷണിച്ചു

കാഞ്ഞിരപ്പുഴ ഉദ്യാനത്തിലെ കുട്ടികളുടെ പാര്‍ക്കിലെ കളി ഉപകരണങ്ങള്‍ അറ്റകുറ്റപ്പണി നടത്തി ഉപയോഗപ്രദമാക്കുന്നതിന് ടെന്‍ഡര്‍ ക്ഷണിച്ചു. ടെന്‍ഡറുകള്‍ ഫെബ്രുവരി 26 ന് വൈകിട്ട് നാലിനകം എക്‌സിക്യൂട്ടീവ് എഞ്ചിനീയറുടെ കാര്യാലയത്തില്‍ നല്‍കണം. അന്നേ ദിവസം വൈകീട്ട് 4:30 ന് ടെന്‍ഡര്‍ തുറക്കും. ഫോണ്‍: 04924 238227

ടെന്‍ഡര്‍

കുഴല്‍മന്ദം സാമൂഹ്യ ആരോഗ്യ കേന്ദ്രത്തില്‍ കോവിഡ് പ്രതിരോധ സാമഗ്രികള്‍ വിതരണം ചെയ്യുന്നതിന് ടെന്‍ഡര്‍ ക്ഷണിച്ചു. ടെന്‍ഡറുകള്‍ ഫെബ്രുവരി 28 ഉച്ചക്ക് 12:30 വരെ സ്വീകരിക്കും. അന്നേ ദിവസം ഉച്ചക്ക് ഒന്നിന് തുറക്കും.

ദര്‍ഘാസ്

പുതുനഗരം ഗ്രാമപഞ്ചായത്തിലെ കാരാട്ടുകുളമ്പ് നാല് സെന്റ് കോളനി മിനി കുടിവെള്ള പദ്ധതി നടപ്പാക്കുന്നതിന് ദര്‍ഘാസ് ക്ഷണിച്ചു. 8900 രൂപയാണ് നിരതദ്രവ്യം. ഫെബ്രുവരി 24 ന് ഉച്ചയ്ക്ക് മൂന്ന് വരെ ദര്‍ഘാസ് സ്വീകരിക്കും. അന്നേദിവസം വൈകീട്ട് നാലിന് ദര്‍ഘാസ് തുറക്കും. ഫോണ്‍: 0491 2528471.

error: Content is protected !!