Input your search keywords and press Enter.

കെ.എസ്.ടി.പി റോഡ് നിർമ്മാണത്തിലെ ജനങ്ങളുടെയും വ്യാപാരികളുടെയും പരാതിയിൽ ഉടൻ പരിഹാരം ഉണ്ടാക്കും

പാലാരിവട്ടം പാലം പോലെ കോന്നിയിലെ റോഡ് പണി അനുവദിക്കില്ല: അഡ്വ.കെ.യു.ജനീഷ് കുമാർ എം.എൽ.എ

കെ.എസ്.ടി.പി റോഡ് നിർമ്മാണത്തിലെ ജനങ്ങളുടെയും വ്യാപാരികളുടെയും പരാതിയിൽ ഉടൻ പരിഹാരം ഉണ്ടാക്കും.

പച്ചമണ്ണും, പാറയും കടത്തിയെന്ന പരാതി ജില്ലാ കളക്ടർ അന്വേഷിക്കും: പരാതി ശരിയെങ്കിൽ കർശന നടപടി.

കോന്നി: പാലാരിവട്ടം പാലം പോലെ കോന്നിയിലെ റോഡ് പണിയാം എന്ന് കരാർ കമ്പനി കരുതരുത് എന്ന് അഡ്വ.കെ.യു.ജനീഷ് കുമാർ എം.എൽ.എ.യുടെ പരസ്യ ശകാരം. കോന്നിയിലെ കെ.എസ്.ടി . പി .റോഡ് നിർമ്മാണം സംബന്ധിച്ച പരാതി കേൾക്കാൻ പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിൽ എം.എൽ.എ വിളിച്ചുകൂട്ടിയ ജനപ്രതിനിധികളുടെയും, രാഷ്ട്രീയ പാർട്ടി – വ്യാപാരി സംഘടനാ പ്രതിനിധികളുടെയും, ഉദ്യോഗസ്ഥരുടെയും, കരാർ കമ്പനി പ്രതിനിധികളുടെയും യോഗത്തിലാണ് കോന്നി – പുനലൂർ റീച്ചിൻ്റെ നിർമ്മാണം ഏറ്റെടുത്ത കമ്പനി പ്രതിനിധികളെ എം.എൽ.എ ശകാരിച്ചത് –

 

കോന്നി ടൗണിലെ നിർമ്മാണവുമായി ബന്ധപ്പെട്ടും, കോന്നി – പുനലൂർ റീച്ചിൻ്റെ നിർമ്മാണവുമായി ബന്ധപ്പെട്ടും വ്യാപക പരാതികളാണ് ഉയർന്നു വന്നത്.റോഡ് നിർമ്മാണത്തിൻ്റെ ഭാഗമായി എടുത്തു മാറ്റുന്ന പച്ച മണ്ണും, പാറയും കരാർ കമ്പനി സ്വകാര്യ വ്യക്തികൾക്ക് കടത്തി നൽകുന്നു എന്ന പരാതിയാണ് പ്രധാനമായും യോഗത്തിൽ ഉയർന്നത്. ഇത് ഗൗരവമുള്ള പരാതിയാണെന്നും ജില്ലാ കളക്ടറുടെ നേതൃത്വത്തിൽ അന്വേഷണം നടത്തി പത്ത് ദിവസത്തിനകം റിപ്പോർട്ട് വാങ്ങി കർശന നടപടി സ്വീകരിക്കുമെന്ന് എം.എൽ.എ പറഞ്ഞു. ഇതു സംബന്ധിച്ച് അറിയാവുന്ന വിവരങ്ങൾ ജില്ലാ കളക്ടർക്ക് കൈമാറണമെന്നും എം.എൽ.എ പറഞ്ഞു.

 

കോന്നി ടൗൺ മുതൽ എലിയറയ്ക്കൽ വരെയുള്ള ഭാഗത്ത് റോഡിന് വീതി കുറവാണ് എന്ന പരാതി റവന്യൂ സംഘവും, കെ.എസ്.ടി.പി ഉദ്യോഗസ്ഥരും സംയുക്തമായി പരിശോധിക്കും.ഈ ഭാഗത്ത് പുറമ്പോക്ക് ഉൾപ്പടെ എടുത്ത് പരമാവധി വീതിയിൽ റോഡ് വികസിപ്പിക്കണമെന്ന് യോഗം തീരുമാനിച്ചു. മേൽപ്പാലം നിർമ്മിക്കുന്നതിനു കൂടി സഹായകമായ നിലയിൽ വേണം നിർമ്മാണമെന്ന് എം.എൽ.എ പറഞ്ഞു.

കോന്നി പഞ്ചായത്തിലെ ജലനിധി പദ്ധതികളായ ജലധാര, ജലസാഗര, ഇളയാംകുന്ന് എന്നിവയ്ക്ക് റോഡ് നിർമ്മാണം മൂലമുണ്ടായ പ്രശ്നങ്ങൾ പരിഹരിക്കാൻ 10.81 ലക്ഷം രൂപയുടെ എസ്റ്റിമേറ്റ് തയ്യാറായിട്ടുണ്ടെന്നും, ഉടൻ പരിഹാരമാകുമെന്നും കെ.എസ്.റ്റി.പി.എക്സിക്യൂട്ടീവ് എഞ്ചിനീയർ പറഞ്ഞു.

റോഡ് നിർമ്മാണം മൂലം പൈപ്പ് തകർന്ന് ജലവിതരണം തടസ്സപ്പെട്ട സ്ഥലങ്ങളിലെ ആളുകൾക്ക് ടാങ്കറിൽ കരാർ കമ്പനി ജലം എത്തിച്ചു നല്കണമെന്ന് എം.എൽ.എ നിർദ്ദേശിച്ചു. പൊടിശല്യം ഒഴിവാക്കാൻ 4 തവണ റോഡ് നനയ്ക്കണം.

വീടുകളിലേക്കും, കടകളിലേക്കും കയറാൻ നിർമ്മാണം മൂലം തടസ്സമുണ്ടാകുന്നു എന്ന പരാതികൾക്ക് അടിയന്തിര പരിഹാരം ഉണ്ടാക്കാൻ ഉദ്യോഗസ്ഥർ പ്രത്യേകം ശ്രദ്ധിക്കണം. കിഴവള്ളൂർ ശില്പശാലാ ഭാഗത്തെ ഉപ റോഡ് ഗതാഗതയോഗ്യമാക്കി നല്കണം.

കോന്നിയിലെ വ്യാപാരികൾക്ക് തടസ്സമുണ്ടാകാതിരിക്കാൻ ഉദ്യോഗസ്ഥരും, കരാർ കമ്പനിയും പരമാവധി ഇടപെടീൽ നടത്തണം. പോസ്റ്റ് മാറ്റുന്നതുമൂലമുണ്ടാകുന്ന വൈദ്യുതി തടസ്സം പ്രതിസന്ധിയാകുന്നു എന്ന വ്യാപാരികളുടെ പരാതി കെ.എസ്.ഇ.ബിയുടെ ശ്രദ്ധയിൽ പെടുത്തും

കലഞ്ഞൂർ ഗവ.ഹയർ സെക്കൻ്ററി സ്കൂൾ ഭാഗത്തെ നിർമ്മാണ പ്രശ്നങ്ങൾക്ക് ഉടൻ പരിഹാരമുണ്ടാക്കണം. കോന്നി മാരൂർ പാലത്ത് വെള്ളപ്പൊക്കം മൂലം ഗതാഗത തടസ്സമുണ്ടാക്കുന്നത് പരിഹരിക്കണമെന്ന ആവശ്യവും യോഗത്തിൽ ഉയർന്നു.കലഞ്ഞൂർ ഐ.എച്ച്.ആർ.ഡി കോളേജിൻ്റെ വസ്തു ഏറ്റെടുത്ത ഭാഗത്തെ സംരക്ഷണഭിത്തി കോൺക്രീറ്റ് ചെയ്ത് നിർമ്മിക്കണമെന്ന കോളേജ് അധികൃതരുടെ ആവശ്യം പരിഗണിക്കണമെന്ന് എം.എൽ.എ നിർദ്ദേശം നല്കി.
പ്രധാന ടൗൺ ഭാഗങ്ങളിൽ രാത്രി കാല നിർമ്മാണത്തിന് മുൻഗണന നൽകണം. ട്രാഫിക്ക് തടസ്സം ഒഴിവാക്കാൻ കൂടുതൽ ജീവനക്കാരെ ഉപയോഗിക്കുകയും, പോലീസിൻ്റെ സഹായം തേടുകയും ചെയ്യണം. റോഡ്നിർമ്മാണം സമയബന്ധിതമായി തീർക്കണമെന്നും എം.എൽ.എ നിർദ്ദേശിച്ചു.

 

യോഗ തീരുമാനങ്ങളിൽ കൈക്കൊണ്ട നടപടികൾ പത്ത് ദിവസങ്ങൾ കൂടുമ്പോൾ പരിശോധിക്കുമെന്ന് എം.എൽ.എ പറഞ്ഞു.ജനങ്ങളുടെയും, ജനപ്രതിനിധികളുടെയും, സംഘടനകളുടെയും സഹായത്തോടെ പരമാവധി കുറ്റമറ്റ നിലയിൽ നിർമ്മാണം നടത്താനാണ് പരിശ്രമിക്കുന്നതെന്നും, എല്ലാവരും സഹകരിക്കണമെന്നും എം.എൽ.എ അഭ്യർത്ഥിച്ചു.

ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് ജിജി സജി, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻ്റ് റോജി ഏബ്രഹാം, സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർമാൻമാരായ ഫൈസൽ, ആനി സാബു, ഗ്രാമപഞ്ചായത്തംഗങ്ങളായ കെ.ജി.ഉദയകുമാർ, സിന്ധു സന്തോഷ്, ഡപ്യൂട്ടി കളക്ടർ റ്റി.എസ്. ജയശ്രീ, കെ.എസ്.റ്റി.പി.എക്സിക്യൂട്ടീവ് എഞ്ചിനീയർ വി.കെ. ജാസ്മിൻ, അഡീഷണൽ തഹസീൽദാർ മഞ്ജുഷ, മറ്റ് ജനപ്രതിനിധികൾ, കരാർ കമ്പനി പ്രതിനിധികൾ,വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ, വ്യാപാരി-വ്യവസായി സംഘടനാ പ്രതിനിധികൾ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.

error: Content is protected !!