Input your search keywords and press Enter.

പത്തനംതിട്ട ജില്ലയിലെ മികച്ച ഗ്രാമപഞ്ചായത്തുകള്‍ക്കുളള സ്വരാജ് ട്രോഫി, മഹാത്മ പുരസ്‌കാരം എന്നിവ വിതരണം ചെയ്തു

 

ജനങ്ങളുടെ പ്രതിഫലനമാണ് തദ്ദേശ സ്വയംഭരണ വകുപ്പെന്ന് ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ് അയ്യര്‍ പറഞ്ഞു. ബല്‍വന്ത്‌റായി മേത്തയുടെ ജന്മദിനത്തോട് അനുബന്ധിച്ച് പത്തനംതിട്ടയില്‍ നടത്തിയ തദ്ദേശ സ്വയംഭരണ ദിനാഘോഷത്തില്‍ ജില്ലയിലെ മികച്ച ഗ്രാമപഞ്ചായത്തുകള്‍ക്കുളള സ്വരാജ് ട്രോഫി, മഹാത്മ പുരസ്‌കാരം എന്നിവ വിതരണം ചെയ്തു സംസാരിക്കുകയായിരുന്നു കളക്ടര്‍.

 

ഒരു കുടുംബം എന്ന വികാരം തദ്ദേശ സ്വയംഭരണ വകുപ്പില്‍ എല്ലാവര്‍ക്കും ഉണ്ടാവണം. എങ്കില്‍ മാത്രമേ ആത്മാര്‍ഥമായി പ്രവര്‍ത്തിക്കാനും അതിനു തക്കതായ ഗുണഫലങ്ങള്‍ ലഭ്യമാകുകയും ചെയ്യുകയുള്ളു. ജനങ്ങള്‍ക്ക് സേവനം അനുഷ്ഠിക്കുക എന്നാല്‍ അവര്‍ക്ക് എന്തെങ്കിലും നല്‍കുക എന്നല്ല, മറിച്ച് അവരുടെ വികാരങ്ങളും, ആശകളും, ആശങ്കകളും ഒപ്പിയെടുക്കാന്‍ കഴിയുക എന്നതാണ്. തൊഴിലുറപ്പ് പദ്ധതിയുടെ വിജയരഹസ്യം ആത്മാര്‍ഥമായി കടന്നു വരുന്ന ഗുണഭോക്താക്കളാണ്. തുടര്‍ന്നും ഏറ്റവും നല്ലരീതിയില്‍ ജനങ്ങള്‍ക്ക് ഉതകുന്ന പ്രകൃതി സൗഹാര്‍ദമായ പ്രോജക്ടുകള്‍ വയ്ക്കുകയും അവയില്‍ ഗുണഭോക്താക്കള്‍ക്ക് നന്നായി പ്രവര്‍ത്തിക്കുവാന്‍ സാധിക്കണമെന്നും കളക്ടര്‍ പറഞ്ഞു.

 

2020-21 വര്‍ഷത്തില്‍ മികച്ച പ്രവര്‍ത്തനം കാഴ്ചവച്ച ജില്ലയിലെ മികച്ച ഗ്രാമ പഞ്ചായത്തുകള്‍ക്കുള്ള സ്വരാജ് ട്രോഫിയില്‍ ഒന്നാം സ്ഥാനം നേടിയ തുമ്പമണ്‍ ഗ്രാമപഞ്ചായത്തിനും രണ്ടാം സ്ഥാനം നേടിയ ഇരവിപേരൂര്‍ ഗ്രാമപഞ്ചായത്തിനും ജില്ലാ കളക്ടര്‍ പുരസ്‌കാരവും സാക്ഷ്യപത്രവും സമ്മാനിച്ചു. ജനപ്രതിനിധികളും, ജീവനക്കാരും ചേര്‍ന്ന് പുരസ്‌കാരം സ്വീകരിച്ചു.

 

മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയില്‍ മികച്ച പ്രവര്‍ത്തനം കാഴ്ചവച്ചവര്‍ക്കുള്ള സംസ്ഥാനതല മഹാത്മാ പുരസ്‌കാരത്തില്‍ ജില്ലാ തലത്തില്‍ ഒന്നാം സ്ഥാനം നേടിയ ഏഴംകുളം, കടമ്പനാട്, മൈലപ്ര, നെടുമ്പ്രം, റാന്നി അങ്ങാടി എന്നീ ഗ്രാമ പഞ്ചായത്തുകള്‍ക്ക് കളക്ടര്‍ പുരസ്‌കാരവും, സാക്ഷ്യപത്രവും നല്‍കി. ജനപ്രതിനിധികളും, ജീവനക്കാരും ചേര്‍ന്ന് പുരസ്‌കാരം സ്വീകരിച്ചു.

 

ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഓമല്ലൂര്‍ ശങ്കരന്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്‌സ് അസോസിയേഷന്‍ ജില്ലാ പ്രസിഡന്റ് ആര്‍. തുളസീധരന്‍ പിളള, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്‌സ് അസോസിയേഷന്‍ ജില്ലാ പ്രസിഡന്റ് പി.എസ്. മോഹനന്‍, പഞ്ചായത്ത് ഡെപ്യുട്ടി ഡയറക്ടര്‍ കെ.ആര്‍. സുമേഷ്, പിഎയു പ്രോജക്ട് ഡയറക്ടര്‍ എന്‍. ഹരി, തദ്ദേശഭരണ സ്ഥാപന അധ്യക്ഷന്മാര്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

 

പൈതൃകസംരക്ഷണത്തിന് ഊന്നല്‍ നല്‍കുന്ന വികസന മാതൃകയുമായി ആറന്മുള പഞ്ചായത്ത്

 

പെരുമയ്ക്ക് പേര് കേട്ട നാടാണ് ആറന്മുള. ആറന്മുളയെന്ന പേരിനെ അര്‍ഥവത്താക്കുന്നതാണ് ആറന്മുള കണ്ണാടിയും, വള്ളംകളിയും. ടൂറിസത്തിനും കാര്‍ഷികവൃത്തിക്കും ഒരുപോലെ വിളനിലമായ നാട് കൂടിയാണ് ആറന്മുള. വികസനത്തിനൊപ്പം പൈതൃകസംരക്ഷണത്തിനു കൂടി മുന്‍തൂക്കം നല്‍കി ആറന്മുള ഗ്രാമപഞ്ചായത്ത് നടപ്പാക്കുന്ന വികസന പ്രവര്‍ത്തനങ്ങളെപ്പറ്റി ആറന്മുള പഞ്ചായത്ത് പ്രസിഡന്റ് ഷിജ റ്റി. ജോജി സംസാരിക്കുന്നു.

പൈതൃകമുറങ്ങുന്ന നാട്

ഒരുപാട് പൈതൃകങ്ങളും ചരിത്രങ്ങളും ഇഴചേര്‍ന്ന നാടാണ് ആറന്മുള. അതുകൊണ്ട് തന്നെ വികസനത്തിന്് മുന്‍തൂക്കം നല്‍കുമ്പോള്‍ പൈതൃകസംരക്ഷണത്തിന് തനതായ പ്രാധാന്യം നല്‍കും. ആറന്മുളയിലെ പ്രധാന കൃഷി നെല്ലും കരിമ്പുമായിരുന്നു. നിലവില്‍ നെല്‍കൃഷി വ്യാപിപ്പിക്കുന്നതിന് കൃഷി വകുപ്പിന്റെ നേതൃത്വത്തില്‍ നിരവധി പ്രവര്‍ത്തനങ്ങളാണ് നടത്തി വരുന്നത്. ഒരിപ്പൂ, ഇരിപ്പൂ എന്നിങ്ങനെ രണ്ട് കൃഷിരീതിയാണ് ഇവിടെ ഇപ്പോള്‍ പിന്തുടര്‍ന്നു വരുന്നത്. ഇടവിളയായി പലതരം പയറു വര്‍ഗങ്ങള്‍ നട്ടുവരുന്നു.

വികസനപ്രവര്‍ത്തനങ്ങള്‍

ക്ലീന്‍ ആറന്മുളയെന്ന പേരില്‍ മാലിന്യ സംസ്‌കരണത്തിനായി മുപ്പത് ലക്ഷം രൂപയുടെ പദ്ധതി നടപ്പാക്കി. എല്ലാ വാര്‍ഡുകളിലേയും റോഡുകളുടെ അറ്റകുറ്റപ്പണികള്‍ പൂര്‍ത്തിയാക്കി. ജനകീയ ഹോട്ടല്‍ പ്രവര്‍ത്തനം ഏറ്റവും മികച്ച രീതിയിലാണ് നടന്നു വരുന്നത്. സര്‍ക്കാരിന്റെ നിലാവ് പദ്ധതിയുടെ ഭാഗമായി തെരുവുവിളക്കുകള്‍ സ്ഥാപിച്ചു. പള്ളിയോടങ്ങള്‍ക്ക് ഗ്രാന്‍ഡ് കൊടുക്കാന്‍ സാധിച്ചത് പഞ്ചായത്തിനെ സംബന്ധിച്ചിടത്തോളം ഏറ്റവും അഭിമാനകരമായ കാര്യമാണ്.

അഭിമാനമായ ടേക്ക് എ ബ്രേക്ക് പദ്ധതി

ജില്ലയിലെ ഏറ്റവും മികച്ച ടേക്ക് എ ബ്രേക്ക് പദ്ധതി ആറന്മുളയിലാണ് പൂര്‍ത്തിയാക്കിയത്. ആറന്മുള ജംഗ്ഷനില്‍ പണി പൂര്‍ത്തിയാക്കിയ ടേക്ക് എ ബ്രേക്കിന്റെ ഉദ്ഘാടനം ഉടന്‍ നടത്തും. എടിഎം, കഫേ യൂണിറ്റ് എന്നിങ്ങനെ താഴത്തെ നിലയിലും മുകളിലത്തെ നിലയില്‍ പ്രകൃതിഭംഗി ആസ്വദിച്ച് ആളുകള്‍ക്ക് വിശ്രമിക്കാനുള്ള സംവിധാനവും ഒരുക്കിയിട്ടുണ്ട്. ടേക്ക് എ ബ്രേക്ക് കെട്ടിടത്തിന് പുറത്ത് ചെടികള്‍ വച്ച് പിടിപ്പിച്ച് വരുന്നു.

പമ്പാനദിക്കൊരു കയര്‍ഭൂവസ്ത്രം

പമ്പാനദിയുടെ തിട്ടയില്‍ വള്ളംകളിയുടെ സ്റ്റാര്‍ട്ടിംഗ് പോയിന്റ് മുതല്‍ ഫിനിഷിംഗ് പോയിന്റ് വരെയുള്ള ഭാഗത്ത് കയര്‍ ഭൂവസ്ത്രം ഉപയോഗിച്ച് ബലപ്പെടുത്തും. തിട്ട ഇടിയാതെ ആളുകള്‍ക്ക് നടക്കാനും പ്രകൃതിഭംഗി ആസ്വദിക്കാനും കഴിയുന്ന തരത്തിലാണ് ഈ പദ്ധതി വിഭാവനം ചെയ്തിട്ടുള്ളത്.

ജനകീയമായ വാതില്‍പ്പടി സേവനം

ആറന്മുള പഞ്ചായത്തില്‍ പൈലറ്റ് പ്രോഗ്രാമായി വാതില്‍പ്പടി സേവനം നടപ്പാക്കി. ജനങ്ങളില്‍ നിന്ന് തന്നെ ഫണ്ട് കണ്ടെത്തി ഏകദേശം 45,000 രൂപ ചെലവിലാണ് ഈ പദ്ധതി നടപ്പാക്കിയത്.

ഗ്യാസ് ക്രിമറ്റോറിയം

ഏഴിക്കാട് കോളനിയില്‍ ജില്ലാ പഞ്ചായത്തിന്റെ സഹകരണത്തോടെ മൃതദേഹങ്ങള്‍ സംസ്‌കരിക്കുന്നതിനായി ആധുനിക ഗ്യാസ് ക്രിമറ്റോറിയം നിര്‍മിക്കും. ഇതിന്റെ നടപടികള്‍ പ്രാരംഭഘട്ടത്തിലാണ്.

ഭാവി പരിപാടികള്‍

കൊറോണയും പ്രളയവും നിരവധി പേരെയാണ് മാനസികമായി തളര്‍ത്തിയത്. അത്തരക്കാര്‍ക്കായി പഞ്ചായത്തിന്റെ നേതൃത്വത്തില്‍ സ്ഥിരമായ ഒരു കൗണ്‍സിലിംഗ് സെന്റര്‍ ആരംഭിക്കും. സ്ത്രീകളുടെ തൊഴിലവസരങ്ങള്‍ ലക്ഷ്യമിട്ട് ചെറുകിട വ്യവസായങ്ങള്‍ക്കുള്ള പരിശീലനം നല്‍കും. ആറന്മുള ക്ഷേത്രത്തിന്റെ പരിപാവനത കാത്ത് സൂക്ഷിച്ചുള്ള ടൂറിസം പദ്ധതികള്‍ ആവിഷ്‌ക്കരിച്ചു വരുന്നു.

error: Content is protected !!