Input your search keywords and press Enter.

കൊല്ലം ജില്ലാ അറിയിപ്പുകള്‍ /വാര്‍ത്തകള്‍ ( 21/02/2022 )

തോട്ടണ്ടിവാങ്ങാന്‍ കൃത്യസമയത്ത് പണം – ധനകാര്യ മന്ത്രി
കശുവണ്ടി മേഖലയ്ക്ക് സമഗ്രപദ്ധതി – മന്ത്രി പി. രാജീവ്

കശുവണ്ടി മേഖലയുടെ നിലനില്‍പ്പ് ലക്ഷ്യമാക്കി സമഗ്രവും ക്രിയാത്മകവുമായ പദ്ധതിക്ക് രൂപം നല്‍കുമെന്ന് വ്യവസായ വകുപ്പ് മന്ത്രി പി. രാജീവ്. കൊട്ടിയത്ത് കശുവണ്ടി വികസന കോര്‍പ്പറേഷന്റെ ഫാക്ടറിയില്‍ തൊഴിലാളികള്‍ക്കുള്ള അഞ്ചുവര്‍ഷത്തെ  ഗ്രാറ്റുവിറ്റി വിതരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

 

വ്യവസായത്തിന്റെ പുരോഗതിക്കായി ഒരു മാസ്റ്റര്‍  പ്ലാനും തയ്യാറാക്കും. വിപണനം, സാമ്പത്തിക കാര്യം എന്നിവയില്‍ വൈദഗ്ധ്യമുള്ളവരെ ഉള്‍പ്പെടുത്തി ബോര്‍ഡ് രൂപീകരിച്ചു മികവ് ഉറപ്പാക്കും. ആധുനീകരണം  മേഖലയില്‍ നടപ്പിലാക്കും. തൊഴില്‍ ഉറപ്പാക്കി ആകും  മാറ്റങ്ങള്‍ വരുത്തുക. ഉല്‍പ്പന്ന വൈവിധ്യവല്‍ക്കരണം വഴി ലാഭകരമായി വ്യവസായം നടത്തുന്നതിനുള്ള അന്തരീക്ഷവും സൃഷ്ടിക്കും. കശുമാവ് കൃഷി വ്യാപനത്തിലൂടെ തോട്ടണ്ടിയുടെ   സ്വയംപര്യാപ്തത കൂടി ലക്ഷ്യമാക്കുന്നു എന്നും അദ്ദേഹം വ്യക്തമാക്കി.

തോട്ടണ്ടിക്ക് വിലകുറയുന്ന സമയത്തുതന്നെ വാങ്ങുന്നതിന് കൃത്യമായി പണം ലഭ്യമാക്കുമെന്ന് അധ്യക്ഷനായ ധനകാര്യവകുപ്പ് മന്ത്രി കെ. എന്‍. ബാലഗോപാല്‍ പറഞ്ഞു. സ്വകാര്യമേഖലയിലെ കടക്കെണി പരിഹരിക്കുന്നതിനും മുന്‍കൈയെടുക്കും. അഞ്ചു വര്‍ഷത്തെ ഗ്രാറ്റുവിറ്റി ഒന്നിച്ച് നില്‍ക്കുന്ന ചരിത്രമുഹൂര്‍ത്തം ആണ് ഇന്നിവിടെ കാണാനാകുന്നത് എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

തൊഴിലാളികളോട് പ്രതിബദ്ധതയുള്ള സര്‍ക്കാരാണ് കേരളത്തില്‍ തുടരുന്നതെന്ന് മുഖ്യ അതിഥിയായി പങ്കെടുത്ത മൃഗസംരക്ഷണ വകുപ്പ് മന്ത്രി ജെ. ചിഞ്ചു റാണി പറഞ്ഞു. എല്ലാ ആനുകൂല്യങ്ങളും തൊഴിലാളികള്‍ക്ക് ലഭ്യമാക്കുന്നത് ഉറപ്പാക്കുമെന്നും  മന്ത്രി കൂട്ടിച്ചേര്‍ത്തു.
എം. നൗഷാദ് എം.എല്‍.എ, മുഖത്തല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബി. യശോദ, മയ്യനാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജെ. ഷാഹിദ, മറ്റു ജനപ്രതിനിധികള്‍ കശുവണ്ടി വികസന  കോര്‍പ്പറേഷന്‍ ചെയര്‍മാന്‍ എസ്. ജയമോഹന്‍, ക്യാപ്പക്‌സ് ചെയര്‍മാന്‍ ശിവശങ്കരപിള്ള, ക്യാപ്പക്‌സ് മാനേജിങ് ഡയറക്ടര്‍ രാജേഷ് രാമകൃഷ്ണന്‍, തൊഴിലാളി സംഘടനാ നേതാക്കള്‍, കശുവണ്ടി തൊഴിലാളികള്‍  തുടങ്ങിയവര്‍ പങ്കെടുത്തു.

 

തേക്ക് തടി ചില്ലറ വില്പനയ്ക്ക്

പുനലൂര്‍ ടിമ്പര്‍ സെയില്‍സ് ഡിവിഷന് കീഴിലുള്ള തുയ്യം സര്‍ക്കാര്‍ തടി ഡിപ്പോയില്‍ തേക്ക് തടികളുടെ ചില്ലറവില്‍പ്പന ഫെബ്രുവരി 24 ന് രാവിലെ 10 മുതല്‍ വൈകിട്ട് 5 വരെ നടക്കും. വീട് നിര്‍മ്മിക്കുന്നതിന് വേണ്ടി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ നിന്നും ലഭിച്ച അനുമതിപത്രം, കെട്ടിടത്തിന് അംഗീകൃത പ്ലാന്‍, സ്‌കെച്ച്, പാന്‍കാര്‍ഡ്, തിരിച്ചറിയല്‍ കാര്‍ഡ് എന്നിവയുടെ പകര്‍പ്പും അഞ്ച് രൂപ കോര്‍ട്ട് ഫീ സ്റ്റാമ്പ് എന്നിവ സഹിതം നിശ്ചിത തീയതിമുതല്‍ എല്ലാ പ്രവൃത്തി ദിവസങ്ങളിലും രാവിലെ 10 മണിമുതല്‍ വൈകിട്ട് അഞ്ചുമണി വരെ ഡിപ്പോയില്‍ സമീപിച്ചാല്‍ 5 ക്യു മീറ്റര്‍ വരെയുള്ള തേക്ക് തടി നേരിട്ട് വാങ്ങാം.ഫോണ്‍ തുയ്യം ഡിപ്പോ ഓഫീസര്‍  8547600527. ടിംമ്പര്‍ സെയില്‍സ് ഡിവിഷന്‍,പുനലൂര്‍ 0475 2222617.

 

സ്‌മൈല്‍ വായ്പാപദ്ധതി; അപേക്ഷിക്കാം

കോവിഡ് മൂലം മരണമടഞ്ഞ പട്ടികജാതിയില്‍പ്പെട്ടവരുടെ അടുത്ത കുടുംബാംഗങ്ങള്‍ക്ക് പട്ടികജാതി പട്ടികവര്‍ഗ വികസന കോര്‍പ്പറേഷന്‍ നടപ്പാക്കുന്ന സ്‌മൈല്‍ വായ്പാ പദ്ധതിയില്‍ അപേക്ഷിക്കാം. കോവിഡ് പിടിപെട്ട് മരണമടഞ്ഞ വ്യക്തി കുടുംബത്തിലെ പ്രധാന വരുമാനദായകനാണെങ്കില്‍ അയാളുടെ അടുത്ത കുടുംബാംഗത്തിന് / ആശ്രിതന്  അപേക്ഷിക്കാം. പരമാവധി അഞ്ച് ലക്ഷം രൂപവരെ മുതല്‍മുടക്ക് ആവശ്യമുള്ള സ്വയംതൊഴില്‍ സംരംഭം  ആരംഭിക്കുന്നതിനാണ് വായ്പ. 4.5 ശതമാനമാണ് വാര്‍ഷിക പലിശനിരക്ക്. അഞ്ച് വര്‍ഷമാണ് തിരിച്ചടവ് കാലാവധി. പ്രധാന വരുമാനദായകന്‍ മരിച്ചത് കോവിഡ് മൂലമാണെന്ന് തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റും അപേക്ഷകനും മരിച്ചയാളും തമ്മിലുള്ള ബന്ധം സ്ഥിരീകരിക്കുന്ന രേഖയും ഹാജരാക്കണം. കോര്‍പ്പറേഷന്റെ നിലവിലെ മറ്റ് വായ്പ നിബന്ധനകള്‍ പാലിക്കുന്നതിന് അപേക്ഷകന്‍ ബാധ്യസ്ഥനായിരിക്കും. നിശ്ചിത വിവരങ്ങള്‍ സഹിതം എസ്.സി. എസ്.ടി വികസന കോര്‍പ്പറേഷന്‍ ജില്ലാ ഓഫീസില്‍ ഫെബ്രുവരി 26 ന് മുമ്പായി അപേക്ഷ സമര്‍പ്പിക്കണം. വിശദവിവരങ്ങള്‍ക്ക് ഫോണ്‍: 0474 2764440.

 

ബോധവല്‍ക്കരണ ക്ലാസ് നടത്തി

കൊല്ലം സോഷ്യല്‍ ഫോറസ്ട്രി എക്സ്റ്റന്‍ഷന്‍ യൂണിറ്റിന്റെയും കിളിമാനൂര്‍ ആര്‍.ആര്‍.വി. ബി. വി.എച്ച്.എസ്. എസിന്റെയും സംയുക്താഭിമുഖ്യത്തില്‍ ‘വനം- പരിസ്ഥിതി സംരക്ഷണം’  എന്ന വിഷയത്തില്‍ ബോധവല്‍ക്കരണ ക്ലാസ് നടത്തി. ഹെഡ്മാസ്റ്റര്‍ വേണു ജി. പോറ്റി  ഉദ്ഘാടനം ചെയ്തു. ഡെപ്യൂട്ടി ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ എസ്. ദിനേശ് വിഷയാവതരണം നടത്തി. സെക്ഷന്‍ ഫോറസ്റ്റ് ഓഫീസര്‍മാരായ എം.സതീഷ്, പി. കെ രമേശ്, പി.ആര്‍ ഗോപകുമാര്‍, എം. നൗഷാദ് എന്നിവര്‍ ക്ലാസുകള്‍ക്ക് നേതൃത്വം നല്കി.

 

സൂര്യതേജസ് സ്‌പോട്ട് രജിസ്‌ട്രേഷന്‍ 23 വരെ  

അനെര്‍ട്ടിന്റെ ‘സൗരതേജസ് ‘ പുരപ്പുറ സൗരോര്‍ജ്ജപദ്ധതിയുമായി ബന്ധപ്പെട്ട ബോധവല്‍ക്കരണവും സ്‌പോട്ട് രജിസ്‌ട്രേഷനും ഫെബ്രുവരി 22, 23 തീയതികളില്‍ കൊല്ലം പബ്ലിക് ലൈബ്രറി സാവിത്രി ഹാളില്‍   നടക്കും. ഇതിനു പുറമേ ഉര്‍ജ്ജമിത്ര കേന്ദ്രങ്ങള്‍ ജില്ലയിലെ വിവിധ സ്ഥലങ്ങളിലായി രജിസ്‌ട്രേഷന്‍ നടത്തുന്നുണ്ട്. വിശദ വിവരങ്ങള്‍ക്ക് ഫോണ്‍ അനെര്‍ട്ട് ജില്ലാ ഓഫീസ്: 0474-2797078, 9188119402.

മരങ്ങള്‍ ലേലത്തിന്

പൊതുമരാമത്ത് വകുപ്പ് കേരള റോഡ് ബോര്‍ഡ് – പി.എം.യു കൊല്ലം         എക്‌സിക്യൂട്ടീവ് എന്‍ജിനീയറുടെ ഓഫീസിന്റെ അധികാരപരിധിയിലുള്ള ആയുര്‍ -അഞ്ചല്‍- പുനലൂര്‍ സ്റ്റേറ്റ് ഹൈവേയുടെ അരികില്‍ നില്‍ക്കുന്ന 149 മരങ്ങള്‍ ഫെബ്രുവരി 24ന് 11.30ക്ക് കുരിശുമുക്ക് സൈറ്റ് ഓഫീസ് പരിസരത്ത് ലേലം ചെയ്യും.

രജിസ്‌ട്രേഷന്‍ പുതുക്കാം

കൊട്ടാരക്കര ടൗണ്‍ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചില്‍ രജിസ്റ്റര്‍ ചെയ്ത് യഥാസമയം പുതുക്കാന്‍ കഴിയാത്തവര്‍ക്ക്  ( രജിസ്‌ട്രേഷന്‍ ഐഡന്റിറ്റി കാര്‍ഡില്‍ പുതുക്കേണ്ടുന്ന മാസം 10/1999 മുതല്‍ 06/2021 വരെ രേഖപ്പെടുത്തിയിട്ടുള്ളവര്‍ക്ക്) സീനിയോറിറ്റി നിലനിര്‍ത്തിക്കൊണ്ട് ഫെബ്രുവരി 21 മുതല്‍ ഏപ്രില്‍ 30 വരെയുള്ള പ്രവൃത്തി ദിവസങ്ങളില്‍ പുതുക്കാന്‍ അവസരമുണ്ടാകും. www.eemployment.kerala.gov.in  ഓണ്‍ലൈന്‍ പോര്‍ട്ടലിന്റെ ഹോം പേജില്‍ നല്‍കിയിട്ടുള്ള റിന്യൂവല്‍-സ്‌പെഷ്യല്‍ റിന്യൂവല്‍ ഓപ്ഷന്‍, വകുപ്പിന്റെ മൊബൈല്‍ ആപ്ലിക്കേഷന്‍, സ്മാര്‍ട്ട്‌ഫോണ്‍ എന്നിവ മുഖേന രജിസ്‌ട്രേഷന്‍ പുതുക്കാം. ഉദ്യോഗാര്‍ഥികള്‍ക്ക് ഓഫീസില്‍ നേരിട്ട് ഹാജരായും പുതുക്കാം. ജോലി ലഭിച്ച് വിടുതല്‍ സര്‍ട്ടിഫിക്കറ്റ് യഥാസമയം രജിസ്റ്റര്‍ ചെയ്ത് സീനിയോറിറ്റി നിലനിര്‍ത്താന്‍ കഴിയാത്തവര്‍ക്കും ആനുകൂല്യം ലഭിക്കും. ഫോണ്‍:0474 2457212.

 

മികവ് 2021′ വിദ്യാഭ്യാസ അവാര്‍ഡ് വിതരണം ചെയ്യും

കാഷ്യൂ കോര്‍പ്പറേഷനിലെ തൊഴിലാളികളുടെയും ജീവനക്കാരുടെയും മക്കളില്‍ ഉന്നതവിജയം കരസ്ഥമാക്കിയവര്‍ക്ക്  ഏര്‍പ്പെടുത്തിയ വിദ്യാഭ്യാസ അവാര്‍ഡ് ‘മികവ് 2021’ ഇന്ന് (ഫെബ്രുവരി 22) ഉച്ചയ്ക്ക് മൂന്ന് മണിക്ക് കൊല്ലം പ്രസ് ക്ലബ്ബില്‍ നടക്കുന്ന ചടങ്ങില്‍ കൊല്ലം മേയര്‍ പ്രസന്ന ഏണസ്റ്റ് വിതരണം ചെയ്യും. എം.ബി.ബി.എസിന് പ്രവേശനം ലഭിച്ചവര്‍, വിവിധ വിഷയങ്ങളില്‍ റാങ്ക് കരസ്ഥമാക്കിയവര്‍, ജെ. ആര്‍. എഫ് യോഗ്യത നേടിയവര്‍, 2021ലെ എസ്.എസ്.എല്‍.സി, പ്ലസ് ടു പരീക്ഷകളില്‍ ഉന്നത മാര്‍ക്ക് കരസ്ഥമാക്കിയവര്‍ തുടങ്ങിയ 177 പേര്‍ക്ക് ക്യാഷ് അവാര്‍ഡ് നല്‍കും.

 

ടെണ്ടര്‍ ക്ഷണിച്ചു

സപ്ലൈകോ എന്‍.എഫ്.എസ്.എ ഗോഡൗണുകളിലെക്ക് എഫ്. സി. ഐ ഡിപ്പോ, സി. എം. ആര്‍ എന്നിവിടങ്ങളില്‍ നിന്നും റേഷന്‍ സാധനങ്ങള്‍ എടുക്കുന്നതിനും, എന്‍.എഫ്.എസ്.എ ഗോഡൗണുകളില്‍ നിന്നും റേഷന്‍ സാധനങ്ങള്‍ റേഷന്‍ കടകളില്‍ വാതില്‍പ്പടി വിതരണം നടത്തുന്നതിനും ട്രാന്‍സ്‌പോര്‍ട്ടേഷന്‍, ഹാന്‍ഡ്ലിംഗ് ജോലികള്‍ നിര്‍വഹിക്കുന്നതിലേക്കായി കരാറുകാരെ കണ്ടെത്തുന്നതിനായി കേരള സ്റ്റേറ്റ് സിവില്‍ സപ്ലൈസ് കോര്‍പറേഷന്‍ (സപ്ലൈകോ) ടെന്‍ഡര്‍ ക്ഷണിച്ചു. വിശദവിവരങ്ങള്‍ക്ക്  www.etenders.kerala.gov.in  ടെന്‍ഡര്‍ സമര്‍പ്പിക്കേണ്ട അവസാന തീയതി മാര്‍ച്ച് 2 വൈകിട്ട് അഞ്ചുമണി. ഫോണ്‍ 04742761536.

 

പൊതു മേഖലയെ സംരക്ഷിക്കാന്‍ ഒരുമിച്ച് പണം നല്‍കും – മന്ത്രി പി. രാജീവ്

പൊതുമേഖല സ്ഥാപനങ്ങളുടെ നിലനില്‍പ്പിന് അടിയന്തര ഘട്ടത്തില്‍ ആവശ്യമായ പണം ഗഡുക്കളായി നല്‍കുന്നതിന് പകരം ഒന്നിച്ച് നല്‍കുന്നത് പരിഗണനയിലെന്ന് വ്യവസായ വകുപ്പ് മന്ത്രി പി. രാജീവ്. ചാത്തന്നൂരിലെ കൊല്ലം സഹകരണ സ്പിന്നിംഗ് മില്‍ രണ്ടാംഘട്ട നവീകരണ പദ്ധതിയുടെ ഉദ്ഘാടനവും ഗ്രാറ്റുവിറ്റി വിതരണവും നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. രാജ്യത്തിന് മാതൃകയായ പൊതുമേഖലയാണ് കേരളത്തിലേത്. അത് നിലനിര്‍ത്തുന്നതിന് എല്ലാ പിന്തുണയും സര്‍ക്കാര്‍ നല്‍കി വരികയാണ്. അത് ഇനിയും തുടരും. എന്നാല്‍ ഉല്‍പ്പാദനക്ഷമത വര്‍ധനയ്ക്ക് പ്രാമുഖ്യം നല്‍കേണ്ടതുണ്ട്. മത്സരാധിഷ്ഠിത അന്തരീക്ഷത്തില്‍ മുന്നിട്ടു എന്നാല്‍ മാത്രമേ നിലനില്‍പ്പ് സാധ്യമാവുകയുള്ളൂ. അതിനായി തൊഴിലാളികളുടെ പ്രയത്‌നവും ആധുനീകരണവും പ്രധാനമാണ്. ഇത് മുന്നില്‍ കണ്ട് തയ്യാറാക്കിയ മാസ്റ്റര്‍ പ്ലാന്‍ പ്രാവര്‍ത്തികമാക്കി വരികയാണ്. അത് ലക്ഷ്യം കാണുന്നതിന് ഉദാഹരണമാണ് സമീപകാല കേരള ചരിത്രത്തിലാദ്യമായി 5 സ്പിന്നിംഗ് മില്ലുകള്‍ ലാഭത്തിലായത്. ഉന്നതനിലവാരം ഉല്‍പ്പന്നത്തിന് ഉറപ്പാക്കാന്‍ ആയാല്‍ മികച്ച നിലയില്‍ മുന്നോട്ടു പോകാനാകും എന്നും മന്ത്രി പറഞ്ഞു.

 

ആധുനീകരണം നടപ്പാക്കുന്നതിന് ഒപ്പം വികസന പരിപാടികള്‍ വിപുലീകരിച്ച് പൊതുമേഖലയെ നിലനിര്‍ത്തുമെന്ന് കുടിശ്ശിക വിതരണത്തിന് പങ്കെടുത്ത ധനകാര്യവകുപ്പ് മന്ത്രി കെ.എന്‍. ബാലഗോപാല്‍ പറഞ്ഞു.

ജി. എസ്. ജയലാല്‍ എം.എല്‍.എ അധ്യക്ഷനായി. തദ്ദേശ ഭരണ സ്ഥാപന ഭാരവാഹികളായ ടി. ദിജു, ശ്രീജ ഹരീഷ്, എ.ദസ്തക്കിര്‍, വ്യവസായ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി എ. പി. എം മുഹമ്മദ് ഹനീഷ്, സ്പിന്നിങ് മില്‍ ചെയര്‍മാന്‍ എ. ആര്‍. ബഷീര്‍, ടെക്‌സ്‌ഫെഡ് മാനേജിങ് ഡയറക്ടര്‍ എം. കെ. സലീം തുടങ്ങിയവര്‍ പങ്കെടുത്തു.

error: Content is protected !!