pambavision.com : കോന്നി വകയാര്‍ ആസ്ഥാനമാക്കി പ്രവര്‍ത്തിച്ചു വന്നിരുന്നതും കോടികള്‍ കട്ട് മുടിച്ച ഉടമകള്‍ സ്ഥാപനം പൊളിച്ചതും ഒടുവില്‍ നിയമ നടപടികള്‍ നടക്കുന്നതുമായ പോപ്പുലര്‍ ഫിനാന്‍സിലെ നിക്ഷേപകരായ സാധാരണക്കാര്‍ തങ്ങളുടെ ചെറു സമ്പാദ്യം എന്ന് തിരിച്ചു കിട്ടും എന്നുള്ള ആശങ്കയില്‍ ആണ് .
ഈ കുഞ്ഞു നിക്ഷേപകര്‍ പല പേരുകളില്‍ അറിയപ്പെടുന്ന ബ്രഹത്തായ നിക്ഷേപക കൂട്ടായ്മകളില്‍ ഒന്നും അംഗങ്ങള്‍ അല്ല . കറവ പശുക്കളുടെ പാല് വിറ്റ് കിട്ടുന്ന ചെറിയ തുകകള്‍ നിക്ഷേപിച്ചവര്‍ ആണ് ആ തുക എങ്കിലും മടക്കി കിട്ടുവാന്‍ കാത്തിരിക്കുന്നത് . അവര്‍ക്ക് നിക്ഷേപക കൂട്ടായ്മകളില്‍ അംഗങ്ങളാകുവാനോ കോടതികളില്‍ കേസ് നടത്തുവാനോ ഉള്ള വരുമാനം ഇല്ല .
കോടികള്‍ നിക്ഷേപിച്ചവര്‍ നിക്ഷേപക തുകയില്‍ ആശങ്കപെടുന്നില്ല . അവര്‍ക്ക് കോടികളുടെ നിക്ഷേപം വേറെ ഉള്ളതിനാല്‍ പോയ തുകയ്ക്ക് പുറകെ പോയി സമയം കളയാന്‍ ഇല്ല . ഇതിനു രണ്ടിനും ഇടയില്‍ ഉള്ള നിക്ഷേപകര്‍ നിക്ഷേപക കൂട്ടായ്മയിലൂടെ നിയമ നടപടികളും മറ്റു ചര്‍ച്ചകളുമായി മുന്നേറുന്നു . കേസ് അനന്തമായി നീളുകയാണ് .
കേരളം കണ്ട ഏറ്റവും വലിയ നിക്ഷേപക തട്ടിപ്പ് നടത്തിയ പോപ്പുലര്‍ ഫിനാന്‍സ് വാര്‍ത്തകള്‍ മാധ്യമങ്ങള്‍ ഇപ്പോള്‍ ചര്‍ച്ച ചെയ്യുന്നില്ല . ലോക്കല്‍ പേജുകളില്‍ പോലും വാര്‍ത്തയും ഇല്ല . നിക്ഷേപക കൂട്ടായ്മകള്‍ രൂപീകരിച്ച വാട്സ് ആപ്പ് ഗ്രൂപ്പുകളില്‍ ചര്‍ച്ചകള്‍ സജീവമാണ് എങ്കിലും ഈ കേസ് എന്ന് തീരുമെന്നോ നിക്ഷേപക പണം എന്ന് തിരിച്ചു കിട്ടുമെന്നോ ഉള്ള ഉറപ്പുകള്‍ ആരില്‍ നിന്നും ഇല്ല .അത്ര മാത്രം നിഗൂഡത നിറഞ്ഞ തട്ടിപ്പ് ആണ് പോപ്പുലര്‍ ഫിനാന്‍സ് എന്ന സ്ഥാപനത്തിലും ബ്രാഞ്ചുകളിലും നടന്നത് .
കുറെയേറെ പണവും സ്വര്‍ണ്ണവും വാഹനവും വസ്തുക്കളും കണ്ടു കെട്ടി എങ്കിലും ഉടമകള്‍ അടിച്ചു മാറ്റിയ തുകയുടെ ഒരു അംശം പോലും ആയിട്ടില്ല . നിയമ നടപടികള്‍ വേഗത്തിലാക്കുവാന്‍ എങ്ങു നിന്നും ഒരു നടപടി ഇല്ല .
ആരുടെയൊക്കയോ കറുത്ത കരങ്ങള്‍ ഇതിനു പിന്നില്‍ ഇപ്പോഴും ശക്തമായി പ്രവര്‍ത്തിക്കുന്നു . ലക്ഷങ്ങള്‍ നഷ്ടപെട്ടവര്‍ വളരെ ഏറെ ആശങ്കയില്‍ ആണ് ഇന്നും ഉള്ളത് . കോന്നി വകയാറില്‍ നിന്നുള്ള ഉടമകള്‍ പോലീസ് പിടിയിലായി എങ്കിലും പണം തിരിമറി നടത്തുവാന്‍ കൂട്ടുനിന്ന ഹെഡ് ഓഫീസിലെ ഉന്നത ജീവനകാരായിരുന്നവര്‍ പകല്‍ മാന്യന്മാരായി കോന്നിയിലൂടെ ആഡംബരമായി തന്നെ വിലസുന്നു .
ഇക്കൂട്ടരെ സി ബി ഐ , ഇ ഡി ശെരിയായി ചോദ്യം ചെയ്‌താല്‍ പോയ പണം എത്തിച്ചേര്‍ന്ന ഇടം കണ്ടെത്താം . കോടികള്‍ വില വരുന്ന വകയാറിലെ പോപ്പുലര്‍ ആസ്ഥാന മന്ദിരം ഇതേ നില തുടര്‍ന്നാല്‍ ലേലം വിളി ആകുമ്പോള്‍ കാലപഴക്കം സംഭവിച്ചിരിക്കും .
ഉടമകളുടെ വകയാറിലെ വീടും ഇതേ അവസ്ഥയിലാണ് . സര്‍ക്കാര്‍ ഉടനടി ഇടപെടുകയാണ് വേണ്ടത് . ഈ കേസ് നടപടികള്‍ക്ക് ഇപ്പോള്‍ വേഗത ഇല്ല . നിക്ഷേപക കൂട്ടായ്മകള്‍ ഉണര്‍ന്നു പ്രവര്‍ത്തിക്കണം .അധികാര സ്ഥാനത്തേക്ക് സമര പരിപാടികള്‍ നടത്തിയാല്‍ നിക്ഷേപകര്‍ക്ക് ആത്മ വിശ്വാസം കൂടും . കൃത്യമായ മറുപടികള്‍ നിക്ഷേപകര്‍ക്ക് നല്‍കുവാന്‍ ഉള്ള ശ്രമം ഉണ്ടാകണം .
സാധാരണകാരായ നിക്ഷേപകര്‍ ആണ് ഭൂരിപക്ഷവും .അവരെ നിരാശരാക്കരുത് . പണം എവിടെ പോയി എന്ന് കണ്ടെത്തുവാന്‍ ഇന്ത്യയിലെ ഏറ്റവും വലിയ അന്വേഷണ സംഘമായ സി ബി ഐയ്ക്ക് പോലും ഇതുവരെ കഴിഞ്ഞില്ല എങ്കില്‍ അത്ര മാത്രം ഭദ്രമായ കൈകളില്‍ ആണ് ഈ കോടികള്‍ എത്തിയത് എന്ന് സംശയിക്കുന്നതില്‍ തെറ്റില്ല .ആ കൈകളെ ഉടന്‍ കണ്ടെത്തണം ….