Input your search keywords and press Enter.

കൊല്ലം ജില്ലാ അറിയിപ്പുകള്‍ / തൊഴില്‍ അവസരം ( 22/02/2022 )

കോവിഡ് മുക്തര്‍ ജാഗ്രത തുടരണം : ഡി. എം. ഒ

കോവിഡ് ബാധിച്ച് ഭേദമായവര്‍ തുടര്‍ ആരോഗ്യ പ്രശ്‌നങ്ങള്‍ക്കെതിരെ ജാഗ്രത തുടരണം എന്ന് ആരോഗ്യവകുപ്പിന്റെ മുന്നറിയിപ്പ്. മൂന്ന് ശതമാനത്തിന് മൂന്ന് മാസം വരെ ആരോഗ്യപ്രശ്‌നങ്ങള്‍  ഉണ്ടാകാം.  സ്ഥായിയായി തുടരുന്നവയ്ക്കും സാധ്യതയുണ്ട്.

 

കടുത്ത ക്ഷീണം, തലവേദന, തളര്‍ച്ച, തലകറക്കം, നെഞ്ചുവേദന, മുടി കൊഴിച്ചില്‍, സ്‌ട്രെസ്, ശ്വാസം എടുക്കുന്നതിനുള്ള ബുദ്ധിമുട്ട്, ന്യൂമോണിയ, മാനസിക സംഘര്‍ഷം, ഉറക്കമില്ലായ്മ, നാഡീ സംബന്ധമായ പ്രശ്‌നങ്ങള്‍, സന്ധിവേദന, ആകാംക്ഷ, വിഷാദം, ഷോക്ക്, ഹൃദയ സംബന്ധമായ പ്രശ്‌നങ്ങള്‍, ചെറിയ സമയത്തേക്കുള്ള ഓര്‍മക്കുറവ്, തൊലിപ്പുറത്ത് ഉണ്ടാകുന്ന കുരുക്കളും പാടുകളും, ഒന്നിലധികം അവയവങ്ങളെ ഒരേസമയം ബാധിക്കുന്ന പ്രവര്‍ത്തനക്ഷമത കുറവ് എന്നിവയാണ് പൊതുവില്‍ അനുഭവപ്പെടുക. ഇങ്ങനെയുളളവര്‍ വിദഗ്ധ ചികിത്സ തേടണം.

 

കുട്ടികളിലും പ്രായമായവരിലും, ഇതര രോഗങ്ങള്‍ക്ക് ചികിത്സ തേടുന്നവരിലും ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് സാധ്യതയുണ്ട്. ബോധക്ഷയം, ശ്വാസതടസം, നെഞ്ചുവേദന, ഒരു കാലില്‍ നീര്, അമിത ക്ഷീണം എന്നീ ലക്ഷണങ്ങള്‍ ഉണ്ടെങ്കില്‍, അടിയന്തര ചികിത്സ തേടണം.
നാല് മുതല്‍ ആറാഴ്ച്ച വരെ കഠിന വ്യായാമമുറകള്‍ പാടില്ല. ആദ്യം 10 മിനുട്ടും ഒന്നോ രണ്ടോ ആഴ്ചയ്ക്ക് ശേഷം അഞ്ച് മിനിറ്റ് വീതം നടത്തം കൂട്ടുകയുമാണ് ഉചിതം. ചൊവ്വ, വ്യാഴം, ശനി ദിവസങ്ങളില്‍ ജില്ലാ ആശുപത്രിയിലും വ്യാഴാഴ്ചകളില്‍ സാമൂഹിക-പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിലും കോവിഡാനന്തര ക്ലിനിക്കുകള്‍ പ്രവര്‍ത്തിക്കുമെന്ന്  ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ബിന്ദു മോഹന്‍ അറിയിച്ചു.

 

വാര്‍ത്താലാപ്’ മാധ്യമ ശില്‍പശാല

പ്രസ് ഇന്‍ഫര്‍മേഷന്‍ ബ്യുറോ സംഘടിപ്പിക്കുന്ന പ്രാദേശിക മാധ്യമ ശില്‍പശാല ‘വാര്‍ത്താലാപ്’ മാര്‍ച്ച് എട്ടിന്  കൊല്ലം സീ പേള്‍ ഹോട്ടലില്‍ രാവിലെ 11ന് ജില്ലാ കലക്ടര്‍ അഫ്സാനാ പര്‍വീണ്‍ ഉദ്ഘാടനം ചെയ്യും. അഡീഷണല്‍ ഡയറക്ടര്‍ ജനറല്‍ വി. പളനിചാമി, ഡെപ്യൂട്ടി ഡയറക്ടര്‍ എന്‍. ദേവന്‍, അസിസ്റ്റന്റ് ഡയറക്ടര്‍ യു.ആര്‍. നവിന്‍ ശ്രീജിത്ത് എന്നിവര്‍ പങ്കെടുക്കും.  കൊവിഡ് 19 സംസ്ഥാന നോഡല്‍ ഓഫീസര്‍ ഡോ. അമര്‍ എസ്. ഫെറ്റെല്‍, കേരള സ്റ്റേറ്റ് ഡ്രഗ്‌സ് ആന്റ് ഫാര്‍മസ്യൂട്ടിക്കല്‍ സീനിയര്‍ സയന്റിസ്റ്റ് പ്രൊഫ. ഡി. അരവിന്ദാക്ഷന്‍, മാധ്യമ പ്രവര്‍ത്തകനും നിരൂപകനുമായ ഡോ. പി. കെ. രാജശേഖരന്‍ എന്നിവര്‍  ക്ലാസുകള്‍ നയിക്കും.

 

അഭിമുഖം

ജില്ല എംപ്ലോയ്മെന്റ് എക്‌സ്‌ചേഞ്ചിലെ  എംപ്ലോയബിലിറ്റി സെന്ററില്‍  സ്വകാര്യ സ്ഥാപനങ്ങളിലെ ഒഴിവുകളിലേക്ക് അഭിമുഖം നടത്തുന്നു.   പ്ലസ് ടു യോഗ്യതയുള്ള  18നും 35നും ഇടയില്‍ പ്രായമുള്ളവര്‍ക്ക് പങ്കെടുക്കാം. ഫെബ്രുവരി 26ന് രാവിലെ 10 മണിക്ക് ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചില്‍ നേരിട്ടെത്തി രജിസ്റ്റര്‍ ചെയ്യണം. കൂടുതല്‍ വിവരങ്ങള്‍ക്ക്  8714835683, 04742740615.

 

ടെണ്ടര്‍ ക്ഷണിച്ചു

ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടറുടെ ഓഫീസില്‍ മൊബൈല്‍ അക്വാലാബിനായി വാങ്ങുന്ന വാഹനത്തിന്റെ ചേസിസില്‍ ശീതീകരണ സംവിധാനത്തോട് കൂടിയ കണ്ടെയ്‌നര്‍ ക്യാബിന്‍ സ്ഥാപിക്കുന്നതിന് അംഗീകൃത സ്ഥാപനങ്ങളില്‍ നിന്നും മത്സരാധിഷ്ഠിത ടെണ്ടറുകള്‍ ക്ഷണിച്ചു. നികുതി ഉള്‍പ്പെടെയുള്ള തുകയാണ് രേഖപ്പെടുത്തേണ്ടത്.  മാര്‍ച്ച് 10 വൈകുന്നേരം 5 മണിക്കകം നല്‍കണം. കൂടുതല്‍ വിവരങ്ങള്‍ക്ക്  ഫോണ്‍ 0474 2792850, 9447192850, 9496007027.

 

തീറ്റപ്പുല്‍ കൃഷി  പരിശീലനം

ഓച്ചിറ ക്ഷീരോത്പന്ന നിര്‍മ്മാണ പരിശീലന വികസന കേന്ദ്രത്തിന്റെ നേതൃത്വത്തില്‍ തീറ്റപ്പുല്‍കൃഷി പരിശീലനം ഫെബ്രുവരി 25, 26 തീയതികളില്‍ നടത്തും. ആദ്യം രജിസ്റ്റര്‍ ചെയ്യുന്ന 25 പേര്‍ക്ക് മാത്രം പ്രവേശനം. ഫോണ്‍ വഴി രജിസ്റ്റര്‍ ചെയ്യാം. രജിസ്‌ട്രേഷന്‍ ഫീസ് 20 രൂപ.ആധാര്‍ കാര്‍ഡ്, ബാങ്ക് പാസ് ബുക്കിന്റെ പകര്‍പ്പ്, രണ്ട് ഡോസ് വാക്‌സിന്‍ എടുത്തതിന്റെ സര്‍ട്ടിഫിക്കറ്റ് എന്നിവ ഹാജരാക്കണം.ഫോണ്‍: 0476 2698550, 8075028868

 

വണ്‍ ടൈം വെരിഫിക്കേഷന്‍

വിവിധ കമ്പനി/ബോര്‍ഡ്/കോര്‍പ്പറേഷനുകളിലെ ഡ്രൈവര്‍-കം-ഓഫീസ് അറ്റന്‍ഡന്റ് (മീഡിയം/ഹെവിപാസഞ്ചര്‍/ഗുഡ്സ് വെഹിക്കിള്‍ കാറ്റഗറി നമ്പര്‍ 129/2018) തസ്തികയുടെ പ്രായോഗിക പരീക്ഷയില്‍ പങ്കെടുത്ത ഉദ്യോഗാര്‍ത്ഥികളുടെ വണ്‍ ടൈം വെരിഫിക്കേഷന്‍ ഫെബ്രുവരി 25,26,28 മാര്‍ച്ച് 2,3,4 തീയതികളില്‍ മേഖലാ ഓഫീസില്‍ നടത്തും.
ഉദ്യോഗാര്‍ത്ഥികള്‍ ജനനതീയതി, യോഗ്യത, ജാതി, മെഡിക്കല്‍ സര്‍ഫിക്കറ്റ് (ഫിറ്റ്‌നസ്) മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് (കാഴ്ച്ച) എന്നിവ തെളിയിക്കുന്ന പ്രമാണങ്ങള്‍ പ്രൊഫൈലില്‍ അപ്ലോഡ് ചെയ്ത ശേഷം അസല്‍ പ്രമാണങ്ങളുമായി പ്രോഫൈല്‍ സന്ദേശം മുഖേന അറിയിച്ച തീയതിയില്‍ തന്നെ ഹാജരാകണമെന്ന് പി. എസ്. സി. ജില്ലാ ഓഫീസര്‍ അറിയിച്ചു. ഫോണ്‍ 04742745674.

 

ദര്‍ഘാസ് ക്ഷണിച്ചു

പുനലൂര്‍ താലൂക്ക് ആശുപത്രിയിലേക്ക് നിയോനാറ്റല്‍ റിസസ്റ്റ്യേഷന്‍ സിസ്റ്റം നൈസ് വിതരണം ചെയ്യുന്നതിന് ദര്‍ഘാസ് ക്ഷണിച്ചു. ഫെബ്രുവരി 20 വൈകിട്ട് മൂന്നിനകം നല്‍കണം. ഫോണ്‍ 0475 2222702.

 

ആദ്യ താക്കോല്‍ദ്വാര ശസ്ത്രക്രിയ

ഗര്‍ഭപാത്രം താക്കോല്‍ദ്വാര ശസ്ത്രക്രിയ വഴി നീക്കുന്ന ജില്ലയിലെ ആദ്യ സര്‍ക്കാര്‍ ആശുപത്രിയായി കൊട്ടാരക്കര താലൂക്ക് ആശുപത്രി. ഡോക്ടര്‍മാരായ റീന, വിനു, സജീവ്, മനു, സുബി എന്നിവരാണ് നേതൃത്വം നല്‍കിയത്. പിത്താശയം നീക്കുന്നത് ഉള്‍പ്പടെ 60 ലധികം താക്കോല്‍ദ്വാര ശസ്ത്രക്രിയകള്‍ ഇവിടെ നടത്തിയിട്ടുണ്ടെന്ന് സൂപ്രണ്ട് ഡോ. കെ. ആര്‍. സുനില്‍ കുമാര്‍ അറിയിച്ചു

error: Content is protected !!