Input your search keywords and press Enter.

പത്തനംതിട്ട ജില്ലാ വാര്‍ത്തകള്‍ /അറിയിപ്പുകള്‍ ( 23/02/2022)

വില്ലേജുകളെ പട്ടികയില്‍ ഉള്‍പ്പെടുത്താന്‍ കേന്ദ്ര സര്‍ക്കാരില്‍
സമ്മര്‍ദം ചെലുത്തും: മന്ത്രി എ.കെ. ശശീന്ദ്രന്‍

കാട്ടുപന്നികളെ ക്ഷുദ്രജീവികളായി പ്രഖ്യാപിക്കുന്നതിന്റെ ഭാഗമായി പട്ടിക തയാറാക്കിയപ്പോള്‍ ഉള്‍പ്പെടാതെ പോയ വില്ലേജുകളെ പട്ടികയില്‍ ഉള്‍പ്പെടുത്താന്‍ കേന്ദ്രസര്‍ക്കാരില്‍ സമ്മര്‍ദം ചെലുത്തുമെന്ന് സംസ്ഥാന വനം വകുപ്പ് മന്ത്രി എ.കെ. ശശീന്ദ്രന്‍ പറഞ്ഞു. നിയമസഭയില്‍ ശ്രദ്ധ ക്ഷണിക്കലിന്റെ ഭാഗമായി അഡ്വ. പ്രമോദ് നാരായണ്‍ എംഎല്‍എ നല്‍കിയ നോട്ടീസിനുള്ള മറുപടിയായാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.
കേരളത്തില്‍ നിന്നുള്ള എംപിമാരോടും കേന്ദ്ര സര്‍ക്കാരിനോടും ഈ വിഷയം ശ്രദ്ധയില്‍ കൊണ്ടുവരണമെന്ന് സംസ്ഥാന സര്‍ക്കാര്‍ ആവശ്യപ്പെട്ടിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശിച്ചത് അനുസരിച്ചാണ് ആദ്യം നല്‍കിയ എണ്ണത്തില്‍ കുറവ് വരുത്തിയത്. കാട്ടുപന്നിയുടെ ആക്രമണം ഉള്ള പല വില്ലേജുകളും ഇനിയും ചേര്‍ക്കാനുണ്ട്. കൂടുതല്‍ വില്ലേജുകളെ പരിധിയില്‍ ഉള്‍പ്പെടുത്താന്‍ ആവശ്യപ്പെടും. ഈ വര്‍ഷത്തെ ബജറ്റില്‍ മനുഷ്യ – വന്യജീവി സംഘര്‍ഷത്തിന് പരിഹാരം കാണുന്നതിനായി 22 കോടി രൂപ അനുവദിച്ചിട്ടുണ്ട്. ഇതില്‍ 1000 കി.മീ സോളാര്‍ ഫെന്‍സിംഗ്, 200 കി.മീ ദൂരത്തില്‍ വലിയ ആന കിടങ്ങുകളുടെ നിര്‍മാണവും പൂര്‍ത്തീകരിച്ചിട്ടുണ്ട്. എട്ടു കോടി രൂപ നഷ്ടപരിഹാരമായി നല്‍കിയതായും മന്ത്രി പറഞ്ഞു.

പള്ളിയോടങ്ങളുടെ നാട്ടില്‍ സ്വന്തം ബ്രാന്‍ഡ് ഒരുങ്ങുന്നു

ആചാരപ്പെരുമ കൊണ്ട് ചരിത്രപ്രസിദ്ധമായ നാടാണ് ആറന്മുള. ആറന്മുള കണ്ണാടി മുതല്‍ വള്ളസദ്യ വരെ നീണ്ടുകിടക്കുന്ന പാരമ്പര്യപെരുമകളുള്ള മണ്ണ്. ആറന്മുള ബ്രാന്‍ഡ് എന്ന സ്വപ്ന പദ്ധതിയിലൂടെ ആറന്മുളയുടെ പെരുമയെ ലോകത്തിനു മുന്‍പാകെ അവതരിപ്പിച്ച് വനിതാ ശാക്തീകരണത്തിന് പുതിയ മാതൃക സൃഷ്ടിക്കാന്‍ ഒരുങ്ങുകയാണ് പഞ്ചായത്ത് പ്രസിഡന്റ് ഷിജ ടി. ജോജിയുടെ നേതൃത്വത്തില്‍.

 

ആറന്മുളയുടെ കൈയൊപ്പുള്ള മ്യൂറല്‍ പെയിന്റിംഗ് ചെയ്ത കേരള സാരി, വിവിധ കരകൗശല വസ്തുക്കള്‍, ആര്‍ട്ട് വര്‍ക്കുകള്‍ എന്നിങ്ങനെയുള്ള വൈവിധ്യങ്ങളായ ഉത്പന്നങ്ങള്‍ വിപണിയിലെത്തിക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം.

 

സ്ത്രീകള്‍ക്ക് ജോലിയും മികച്ച വരുമാനവും ലക്ഷ്യമിട്ടാണ് പഞ്ചായത്തിന്റെ നേതൃത്വത്തില്‍ ആറന്മുള ബ്രാന്‍ഡ് എന്ന സ്വപ്നപദ്ധതിയുടെ ആശയരൂപീകരണം നടക്കുന്നത്. സ്ത്രീകള്‍ക്ക് വേണ്ടി പഞ്ചായത്തിന്റെ നേതൃത്വത്തില്‍ എന്തെങ്കിലും ചെയ്യണമെന്ന പഞ്ചായത്ത് പ്രസിഡന്റ് ഷിജ ടി. ജോജിയുടെ ആഗ്രഹമാണ് ആറന്മുള ബ്രാന്‍ഡ് എന്ന പദ്ധതിക്ക് പിന്നില്‍. താത്പര്യമുള്ള പഞ്ചായത്തിലെ വനിതകള്‍ക്ക് പരിശീലനം നല്‍കും. പരിശീലനം ലഭിച്ച വനിതകളെ ചെറു യൂണിറ്റുകളാക്കി തിരിച്ചായിരിക്കും പദ്ധതി നടപ്പാക്കുക. സ്ത്രീകളുടെ നേതൃത്വത്തില്‍ ഒരുക്കുന്ന ഈ ഉത്പന്നങ്ങള്‍ പഞ്ചായത്തിന്റെ നേതൃത്വത്തിലായിരിക്കും വിപണിയിലേക്കെത്തിക്കുക.

 

വിവിധ സ്ഥലങ്ങളില്‍ പഞ്ചായത്തിന്റെ നേതൃത്വത്തില്‍ മേളകള്‍ സംഘടിപ്പിച്ച് ഉത്പന്നങ്ങള്‍ വിറ്റഴിക്കാനും പദ്ധതിയുണ്ട്. ആറന്മുളയിലെ ഉത്പന്നങ്ങളോടുള്ള ജനങ്ങളുടെ ഇഷ്ടത്തെ വരുമാനമാക്കി മാറ്റി പഞ്ചായത്തിലെ വനിതകളുടെ ശാക്തീകരണവും സ്വയംപര്യാപ്തതയുമാണ് ഈ പദ്ധതിയിലൂടെ ലക്ഷ്യമിടുന്നതെന്ന് പ്രസിഡന്റ് പറയുന്നു.

ഡിജിറ്റല്‍ സര്‍വേ റവന്യു വകുപ്പിന്റെ മുഖമുദ്ര: ജില്ലാ കളക്ടര്‍
റവന്യൂ വകുപ്പിന്റെ മുഖമുദ്രയാണ് ഡിജിറ്റല്‍ സര്‍വേയെന്ന് ജില്ല കളക്ടര്‍ ഡോ ദിവ്യ. എസ്. അയ്യര്‍ പറഞ്ഞു. ഡിജിറ്റല്‍ സര്‍വേയുമായി ബന്ധപ്പെട്ട് ജില്ലാതലത്തില്‍ ചേര്‍ന്ന ഓണ്‍ലൈന്‍ അവലോകന യോഗത്തില്‍ സംസാരിക്കുകയായിരുന്നു കളക്ടര്‍. ഡിജിറ്റല്‍ സര്‍വേയ്ക്കായി ജില്ലയില്‍ ആദ്യഘട്ടത്തില്‍ 12 വില്ലേജുകളെയാണ് തിരഞ്ഞെടുത്തിരിക്കുന്നത്.

 

ഡിജിറ്റല്‍ സര്‍വേ നടത്തുന്ന വില്ലേജ് ഓഫീസര്‍മാര്‍ക്ക് ഏകദിന പരിശീലനം നല്‍കുമെന്നും ആവശ്യമെങ്കില്‍ ഡിജിറ്റല്‍ സര്‍വേയുടെ ഗുണങ്ങളെപ്പറ്റി വാതില്‍ പടി ബോധവത്ക്കരണം നല്‍കാവുന്നതാണെന്നും സര്‍വേ ഡെപ്യൂട്ടി ഡയറക്ടര്‍ എന്‍.ബി. സിന്ധു പറഞ്ഞു. സര്‍ക്കാര്‍ നിര്‍ദേശിച്ചിരിക്കുന്ന ഫെബ്രുവരി മാസം കൊണ്ടു തന്നെ ഡിജിറ്റല്‍ സര്‍വേ കൃത്യമായി പൂര്‍ത്തീകരിക്കാന്‍ സാധിക്കുമെന്ന് യോഗം വിലയിരുത്തി. ചിലയിടങ്ങളില്‍ സാങ്കേതികമായ പ്രശ്നങ്ങള്‍ നേരിടുന്നുണ്ടെങ്കിലും റീസര്‍വേയില്‍ വന്ന പിഴവുകള്‍ തിരുത്തി വരുകയാണെന്നും വില്ലേജ് ഓഫീസര്‍മാര്‍ യോഗത്തെ അറിയിച്ചു.

 

ഡിജിറ്റല്‍ ഭൂസര്‍വേയുടെ ഭാഗമായി ജില്ലയില്‍ ഡ്രോണ്‍ ഉപയോഗിച്ചുള്ള സര്‍വേയുടെ ഉദ്ഘാടനം ഓമല്ലൂര്‍ വില്ലേജില്‍ നിര്‍വഹിച്ചിരുന്നു. സര്‍വേ ഭൂരേഖ വകുപ്പിന്റെ നേതൃത്വത്തില്‍ സര്‍വേ ഓഫ് ഇന്ത്യയാണ് ഡ്രോണ്‍ ഉപയോഗിച്ചുള്ള സര്‍വേ നടത്തുന്നത്. ജില്ലയിലെ ഡിജിറ്റല്‍ സര്‍വേയുടെ പ്രാരംഭ ഘട്ടമായാണ് ഡ്രോണ്‍ സര്‍വേ നടത്തിയത്. ജില്ലയില്‍ ആദ്യഘട്ടമായി കോഴഞ്ചേരി, റാന്നി, കോന്നി താലൂക്കുകളിലെ വിവിധ വില്ലേജുകളാണ് ഡ്രോണ്‍ സര്‍വേയ്ക്കായി തിരഞ്ഞെടുത്തിരിക്കുന്നത്. ഭൂമി സംബന്ധമായ രേഖകള്‍ക്ക് കൃത്യതയും സുതാര്യതയും ഉണ്ടാകുമെന്നതാണ് ഡ്രോണ്‍ സര്‍വേയുടെ പ്രധാന ഗുണം.

 

റവന്യൂ ലാന്‍ഡ് ഇന്‍ഫര്‍മേഷന്‍ സിസ്റ്റം (റീലിസ്), പാക്കേജ് ഫോര്‍ ഇഫക്ടീവ് അഡ്മിനിസ്ട്രേഷന്‍ ഓഫ് രജിസ്ട്രേഷന്‍ ലാന്‍ഡ്, ഇഫക്ടീവ് മാപ്പിംഗ് ആപ്ലിക്കേഷന്‍ പാക്കേജ് ഫോര്‍ സര്‍വയേഴ്സ് എന്നിവയുടെ ഏകോപനം വഴി റവന്യൂ, രജിസ്ട്രേഷന്‍, സര്‍വേ സേവനങ്ങള്‍ ഒരുമിച്ചു ലഭ്യമാകും. ഭൂമി സംബന്ധിച്ച വിവരങ്ങള്‍ വേഗം കിട്ടുന്നതിനും അപേക്ഷ വേഗം തീര്‍പ്പാക്കാനും ഡ്രോണ്‍ സര്‍വേ സഹായിക്കും. എല്‍.ആര്‍ ഡെപ്യുട്ടി കളക്ടറുടെ ചുമതല വഹിക്കുന്ന ആര്‍. രാജലക്ഷമി, എല്‍ആര്‍ തഹസീല്‍ദാര്‍മാര്‍, വിവിധ വില്ലേജ് ഓഫീസര്‍മാര്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.

 

 

പിഎംജിഎസ്‌വൈ പ്രവര്‍ത്തന പുരോഗതി വിലയിരുത്തി

പ്രധാനമന്ത്രി ഗ്രാം സഡക് യോജന(പിഎംജിഎസ്‌വൈ) പ്രകാരം ജില്ലയില്‍ നടത്തി വരുന്ന പ്രവര്‍ത്തികളുടെ പുരോഗതി വിലയിരുത്തുന്നതിനുള്ള യോഗം ആന്റോ ആന്റണി എംപിയുടെ സാന്നിധ്യത്തില്‍ കളക്ടറേറ്റില്‍ ചേര്‍ന്നു. എല്ലാ മാസവും പ്രവര്‍ത്തന പുരോഗതി വിശകലനം ചെയ്യണമെന്ന് ആന്റോ ആന്റണി നിര്‍ദേശിച്ചു.

പിഎംജിഎസ്‌വൈ ഒന്ന് പ്രകാരമുള്ള 78 പ്രവൃത്തികളില്‍ 75 എണ്ണം പൂര്‍ത്തീകരിച്ചു. പൂര്‍ത്തിയാകാനുള്ള പറക്കോട് ബ്ലോക്കിലെ പാഴൂര്‍ ചക്കി മുക്ക് റോഡ് നിര്‍മാണം കാലവര്‍ഷത്തിന് മുമ്പ് പൂര്‍ത്തീകരിക്കണമെന്നും എംപി പറഞ്ഞു.

ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ്. അയ്യര്‍ അധ്യക്ഷത വഹിച്ചു. പിഐയു എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ ആര്‍. മായ, അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എന്‍ജിനിയര്‍ സി. അനൂപ്, ജനപ്രതിനിധികള്‍, വിവിധ ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

 

സമയബന്ധിതമായി പദ്ധതികള്‍ പൂര്‍ത്തീകരിക്കാന്‍ ശ്രമം ഉണ്ടാകണം: ജില്ലാ കളക്ടര്‍

ജില്ലയുടെ വികസന പദ്ധതികള്‍ സമയബന്ധിതമായി പൂര്‍ത്തീകരിക്കാന്‍ ശ്രമം ഉണ്ടാകണമെന്ന് ജില്ലാ കളക്ടര്‍ ഡോ. ദിവ്യ. എസ്. അയ്യര്‍ പറഞ്ഞു. അടിസ്ഥാന സൗകര്യ ഏകോപന സമിതി ജില്ലാതല യോഗത്തില്‍ ഓണ്‍ലൈനായി പങ്കെടുത്ത് സംസാരിക്കുകയായിരുന്നു കളക്ടര്‍.

ജില്ലയുടെ സമഗ്ര വികസനം സാധ്യമാകണമെങ്കില്‍ വകുപ്പുകള്‍ തമ്മില്‍ കൃത്യമായ ഏകോപനം ഉണ്ടായിരിക്കണമെന്നും കളക്ടര്‍ പറഞ്ഞു. എന്തുകൊണ്ടാണ് ഒരു പദ്ധതി നടക്കാത്തത്, അല്ലെങ്കില്‍ അതിനു വരുന്ന കാലതാമസത്തിനു കാരണം എന്താണെന്ന് വ്യക്തമാക്കാന്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ ശ്രദ്ധിക്കണമെന്ന് പൊതുമരാമത്ത് ജോയിന്റ് സെക്രട്ടറി ശ്രീറാം സാംബശിവറാവു പറഞ്ഞു. പദ്ധതികളുടെ നടത്തിപ്പ് സംബന്ധിച്ച് സര്‍ക്കാര്‍ തലത്തില്‍ ചെയ്യേണ്ട കാര്യങ്ങള്‍ കൃത്യമായി അറിയിക്കേണ്ടത് ഉദ്യോഗസ്ഥരാണെന്നും സുഗമമായ ആശയവിനിമയം ഇക്കാര്യങ്ങളില്‍ ഉറപ്പുവരുത്താന്‍ ശ്രമിക്കണമെന്നും അദ്ദേഹം പറഞ്ഞു. ജില്ലയിലെ റോഡുകള്‍, പാലങ്ങള്‍, സ്‌കൂളുകള്‍ കെട്ടിടങ്ങള്‍ എന്നിവയുടെ നിര്‍മാണ പുരോഗതി യോഗം വിലയിരുത്തി.

പൊതു മരാമത്ത് നിരത്ത് വിഭാഗം എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ ബി. വിനു, ജില്ലാ പ്ലാനിംഗ് ഓഫീസര്‍ സാബു സി. മാത്യു, എല്‍എ ഡെപ്യൂട്ടി കളക്ടര്‍ ടി.എസ്. ജയശ്രീ, ഡെപ്യൂട്ടി എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ എസ്.എല്‍ സജി, സ്‌പെഷ്യല്‍ തഹസീല്‍ദാര്‍ എസ്.സിന്ധു, ജൂനിയര്‍ സൂപ്രണ്ട് സാജു. സി. മാത്യു, പൊതുമരാമത്ത്, കെഎസ്ഇബി, വാട്ടര്‍ അതോറിറ്റി, കെആര്‍എഫ്ബി എന്‍ജിനിയര്‍മാര്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

 

തേക്കുമല പട്ടികജാതി കോളനിയില്‍ മണ്ണ് സംരക്ഷണ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമായി

മലയാലപ്പുഴ ഡിവിഷനിലെ കോന്നി ഗ്രാമപഞ്ചായത്തില്‍ ഉള്‍പ്പെട്ട തേക്കുമല പട്ടികജാതി കോളനിയില്‍ നടപ്പാക്കുന്ന മണ്ണ് സംരക്ഷണ പ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് ഡിവിഷന്‍ അംഗം ജിജോ മോഡി നിര്‍വഹിച്ചു. പത്തനംതിട്ട ജില്ലാ പഞ്ചായത്ത് 2021-22 വാര്‍ഷിക പദ്ധതി പ്രകാരം അംഗീകാരം ലഭിച്ച് പത്തനംതിട്ട ജില്ലാ മണ്ണു സംരക്ഷണ ഓഫീസ് മുഖേന നടപ്പാക്കുന്ന പദ്ധതിയാണിത്.
ചടങ്ങില്‍ കോന്നി ഗ്രാമപഞ്ചായത്ത് മെമ്പര്‍ തുളസി മോഹന്‍ അധ്യക്ഷത വഹിച്ചു.
പത്തനംതിട്ട ജില്ലാ മണ്ണു സംരക്ഷണ ഓഫീസര്‍ എസ്. അരുണ്‍ കുമാര്‍ പദ്ധതി പ്രവര്‍ത്തനങ്ങളെക്കുറിച്ച് വിശദീകരിച്ചു. മണ്ണു സംരക്ഷണ ഓഫീസര്‍ കെ. രാമകൃഷ്ണന്‍, വി.പി. സുനു, ശ്യാമള, സുര്‍ജിത് തങ്കന്‍, ശ്യാം കുമാര്‍, പ്രദേശവാസികള്‍, ഗുണഭോക്താക്കള്‍ തുടങ്ങിയവര്‍ പങ്കെടുത്തു. പദ്ധതി പ്രവര്‍ത്തനങ്ങള്‍ക്കായി 15 ലക്ഷം രൂപയാണ് വകയിരുത്തിയിട്ടുളളത്. പ്രത്യേക ഘടക പദ്ധതിയില്‍പ്പെട്ട ഗുണഭോക്താക്കള്‍ക്കായി പദ്ധതി പരിമിതപ്പെടുത്തിയിരിക്കുന്നു.

കൈതക്കര പട്ടികജാതി കോളനിയില്‍ മണ്ണ് സംരക്ഷണ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമായി

കോന്നി ഡിവിഷനിലെ പ്രമാടം ഗ്രാമപഞ്ചായത്തില്‍ ഉള്‍പ്പെട്ട കൈതക്കര പട്ടികജാതി കോളനിയില്‍ നടപ്പാക്കുന്ന മണ്ണ് സംരക്ഷണ പ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് ഡിവിഷന്‍ അംഗം വി.റ്റി. അജോമോന്‍ നിര്‍വഹിച്ചു. പത്തനംതിട്ട ജില്ലാ പഞ്ചായത്ത് 2021-22 വാര്‍ഷിക പദ്ധതി പ്രകാരം അംഗീകാരം ലഭിച്ച് പത്തനംതിട്ട ജില്ലാ മണ്ണു സംരക്ഷണ ഓഫീസ് മുഖേന നടപ്പാക്കുന്ന പദ്ധതിയാണിത്.

ചടങ്ങില്‍ പ്രമാടം ഗ്രാമപഞ്ചായത്ത് മെമ്പര്‍ മിനി റജി അധ്യക്ഷത വഹിച്ചു. പത്തനംതിട്ട ജില്ലാ മണ്ണു സംരക്ഷണ ഓഫീസര്‍ എസ്. അരുണ്‍ കുമാര്‍ പദ്ധതി പ്രവര്‍ത്തനങ്ങളെക്കുറിച്ച് വിശദീകരിച്ചു. പ്രമാടം ഗ്രാമപഞ്ചായത്ത് മെമ്പര്‍ എം. വി. ഫിലിപ്പ്, പി.കെ. ഉത്തമന്‍, പൊന്നമ്മ, മണ്ണു സംരക്ഷണ വകുപ്പ് ജീവനക്കാരായ സുര്‍ജിത് തങ്കന്‍, എസ്.ബിന്ദു, ശ്യാം കുമാര്‍, പ്രദേശവാസികള്‍, ഗുണഭോക്താക്കള്‍ തുടങ്ങിയവര്‍ പങ്കെടുത്തു. പദ്ധതി പ്രവര്‍ത്തനങ്ങള്‍ക്കായി 15 ലക്ഷം രൂപയാണ് വകയിരുത്തിയിട്ടുളളത്. പ്രത്യേക ഘടക പദ്ധതിയില്‍പ്പെട്ട ഗുണഭോക്താക്കള്‍ക്കായി പദ്ധതി പരിമിതപ്പെടുത്തിയിരിക്കുന്നു.

സ്വയം തൊഴില്‍വായ്പ
പത്തനംതിട്ട ജില്ലയിലെ സ്ഥിരതാമസക്കാരായ വനിതകള്‍ക്ക് കേരള സംസ്ഥാന വനിതാ വികസന കോര്‍പ്പറേഷന്‍ 30 ലക്ഷം രൂപ വരെ സ്വയം തൊഴില്‍വായ്പ നല്‍കുന്നു. 18നും 55നും ഇടയില്‍ പ്രായമുള്ള തൊഴില്‍രഹിതരായ വനിതകള്‍ക്ക് സ്വയംതൊഴില്‍ ചെയ്യുന്നതിനായി 15 സെന്റില്‍ കുറയാത്ത വസ്തു/ ഉദ്യോഗസ്ഥ ജാമ്യ വ്യവസ്ഥയില്‍ കുറഞ്ഞ പലിശ നിരക്കില്‍ വായ്പ അനുവദിക്കും. www.kswdc.org എന്ന വെബ് സൈറ്റില്‍ നിന്നും അപേക്ഷ ഫോം ലഭിക്കും. പൂരിപ്പിച്ച അപേക്ഷഫോം ആവശ്യമായ രേഖകളോടെ എത്രയും പെട്ടെന്ന് പത്തനംതിട്ട ജില്ലാ ഓഫീസില്‍ നേരിട്ടോ മേഖല മാനേജര്‍ ജില്ലാ ഓഫീസ്, പണിക്കന്റ്‌റത്തു ബില്‍ഡിംഗ് , രണ്ടാം നില, കോളജ്റോഡ്, സ്റ്റേഡിയം ജംഗ്ഷന്‍, പത്തനംതിട്ട എന്ന മേല്‍വിലാസത്തിലോ അയയ്ക്കാം. ഫോണ്‍ :8281552350

 

 

അയിരൂരിന്റെ ജനകീയ ആംബുലന്‍സ്

കോവിഡ് മഹാമാരിയുടെ കാലഘട്ടത്തില്‍ അയിരൂര്‍ ഗ്രാമ പഞ്ചായത്ത് നേരിട്ട ഏറ്റവും വലിയ പ്രതിസന്ധിയായിരുന്നു അത്യാധുനിക സൗകര്യങ്ങളുള്ള ആംബുലന്‍സിന്റെ ദൗര്‍ലഭ്യം. ഇതോടെയാണ് സ്വന്തമായൊരു ആംബുലന്‍സ് പഞ്ചായത്തിന് വേണമെന്ന ആവശ്യം ഉയര്‍ന്നത്. പഞ്ചായത്ത് പ്രസിഡന്റ് അനിത കുറുപ്പിന്റെ നേതൃത്വത്തില്‍ ആംബുലന്‍സ് എന്ന ആവശ്യത്തിനായി പഞ്ചായത്തിലെ ജനങ്ങളെല്ലാം ഒറ്റക്കെട്ടായി അണിനിരന്നു. തുടര്‍ന്ന് ആംബുലന്‍സ് വാങ്ങി നല്‍കാന്‍ കഴിയുന്നവര്‍ക്കായി അന്വേഷണം തുടങ്ങി.
പഞ്ചായത്തിന്റെ ആവശ്യകത അറിഞ്ഞെത്തിയ സിറ്റിസണ്‍ ഇന്ത്യ ഫൗണ്ടേഷന്‍ എന്ന ചാരിറ്റി സംഘടന മുഖേന 15.5 ലക്ഷം രൂപ വിലമതിക്കുന്ന പുതിയ ആംബുലന്‍സ് പഞ്ചായത്തിന് ലഭിച്ചു. സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവര്‍ക്ക് ആംബുലന്‍സ് സേവനം സൗജന്യമായാണ് പഞ്ചായത്ത് അനുവദിച്ചിരിക്കുന്നത്. ബാക്കിയുള്ളവരില്‍ നിന്ന് ചെറിയ തുക ഈടാക്കുന്നുണ്ട്. പദ്ധതി പ്രവര്‍ത്തനങ്ങളില്‍ മുന്‍നിരയില്‍ നില്‍ക്കുന്ന അയിരൂര്‍ പഞ്ചായത്തിന്റെ ജനകീയ പങ്കാളിത്തത്തോടെയുള്ള ക്ഷേമ പ്രവര്‍ത്തനങ്ങളില്‍ പ്രധാനപ്പെട്ടതാണ് ഈ ആംബുലന്‍സിന്റെ സേവനം.

പദ്ധതി നിര്‍വഹണത്തില്‍ അയിരൂര്‍ ഗ്രാമപഞ്ചായത്തിന് രണ്ടാം സ്ഥാനം;
പൊതുശ്മശാനം വരും, ജൈവ വൈവിധ്യ പാര്‍ക്കിന് നടപടി

പദ്ധതി നിര്‍വഹണത്തില്‍ പത്തനംതിട്ട ജില്ലയില്‍ അയിരൂര്‍ പഞ്ചായത്ത് രണ്ടാം സ്ഥാനത്ത്. പഞ്ചായത്തിലെ പദ്ധതി പ്രവര്‍ത്തനങ്ങള്‍, വികസന, ക്ഷേമ പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയവ സംബന്ധിച്ച് അയിരൂര്‍ പഞ്ചായത്ത് പ്രസിഡന്റ് അനിത കുറുപ്പ് സംസാരിക്കുന്നു.

കുടിവെള്ളം
ജലജീവന്‍ മിഷനില്‍ ഉള്‍പ്പെടുത്തി 95 ശതമാനം വീടുകളിലും കുടിവെള്ളം എത്തിക്കാന്‍ പഞ്ചായത്തിന് കഴിഞ്ഞുവെന്നത് അഭിമാനകരമായ നേട്ടമാണ്. പദ്ധതിയുടെ രണ്ടാംഘട്ടം പഞ്ചായത്ത് പൂര്‍ത്തീകരിച്ച് കഴിഞ്ഞു. മൂന്നാംഘട്ടത്തിലേക്ക് കടക്കാനുള്ള തയാറെടുപ്പുകള്‍ നടത്തി വരുകയാണ്. പട്ടികജാതി കോളനികളിലും കുടിവെള്ളം എത്തിച്ചു. പഞ്ചായത്തിന് ഐസ്ഒ സര്‍ട്ടിഫിക്കേഷന്‍ നേടുന്നതിനുള്ള പ്രവര്‍ത്തനം നടന്നുവരുകയാണ്.

തെരുവ് വിളക്കുകള്‍, സ്മാര്‍ട്ട് സ്‌കൂളുകള്‍
പഞ്ചായത്തിലെ തെരുവു വിളക്കുകളുടെ പരിപാലനം ഏറ്റവും മികച്ച രീതിയിലാണ് നടത്തുന്നത്. എംഎല്‍എ ഫണ്ട് ഉപയോഗിച്ച് പഞ്ചായത്തിന്റെ വിവിധ ഇടങ്ങളില്‍ ഹൈമാസ്റ്റ് ലൈറ്റുകള്‍ സ്ഥാപിച്ചു. തെരുവ് വിളക്കുകള്‍ക്ക് മീറ്റര്‍ റീഡിംഗ് ഏര്‍പ്പെടുത്തി. പഞ്ചായത്തിലെ സ്‌കൂളുകള്‍ സ്മാര്‍ട്ട് സ്‌കൂളുകളാക്കി.

ജൈവവൈവിധ്യ പാര്‍ക്ക്
ജൈവവൈവിധ്യ ഉദ്യാനം എക്കാലത്തേയും വലിയ സ്വപ്നമാണ്. അതിനായുള്ള നടപടികള്‍ പൂര്‍ത്തീകരിച്ചു വരുകയാണ്. ജൈവവൈവിധ്യ ബോര്‍ഡിന്റെ സഹായത്തോടെ പമ്പാനദിയുടെ തീരത്ത് വൃക്ഷത്തൈകള്‍ വച്ചുപിടിപ്പിച്ചു.

മാലിന്യ സംസ്‌കരണം
ദ്രവമാലിന്യ സംസ്‌കരണത്തിനുള്ള പ്രധാനപദ്ധതി തയാറാക്കി. മാലിന്യ സംസ്‌കരണത്തിനായി എല്ലാ വാര്‍ഡുകളിലും മിനി എംസിഎഫ് സ്ഥാപിച്ചു കഴിഞ്ഞു.

സ്റ്റേഡിയം വികസനം
പഞ്ചായത്തിന്റെ നേതൃത്വത്തില്‍ കായികവകുപ്പില്‍നിന്നു ലഭിച്ച ഫണ്ട് ഉപയോഗിച്ച് സ്റ്റേഡിയം വികസനത്തിനായുള്ള നടപടി പുരോഗമിക്കുന്നു.

സോളാര്‍ സംവിധാനം
പഞ്ചായത്തില്‍ സോളാര്‍ സംവിധാനം സ്ഥാപിക്കുന്നതിനുള്ള പ്രവര്‍ത്തനം നടത്തി വരുന്നു.
എംഎല്‍എ ഫണ്ടില്‍ നിന്ന് അനുവദിച്ച തുക ഉപയോഗിച്ച് പഞ്ചായത്ത് അങ്കണത്തില്‍ കെട്ടിടനിര്‍മാണം നടത്തി. കുടുംബശ്രീയുടെ നേതൃത്വത്തില്‍ പതിനൊന്ന് അംഗങ്ങളടങ്ങുന്ന തയ്യല്‍ യൂണിറ്റ് പഞ്ചായത്ത് കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്നുണ്ട്.

പൊതുശ്മശാനം
ജനങ്ങളുടെ ഏറ്റവും വലിയ ആവശ്യവും പരാതിയുമായിരുന്നു പഞ്ചായത്തിന് പൊതുശ്മശാനം വേണമെന്നുള്ളത്. അതിനുള്ള എല്ലാ നടപടിക്രമങ്ങളും പൂര്‍ത്തിയാക്കി വരുകയാണ്. ടേക്ക് എ ബ്രേക്ക് പദ്ധതി ഉടന്‍ പൂര്‍ത്തിയാക്കും.

അയിരൂര്‍ കഥകളി ഗ്രാമം
കഥകളി ഗ്രാമമെന്ന പെരുമ സ്വന്തമായ ഇടമാണ് അയിരൂര്‍ ഗ്രാമപഞ്ചായത്ത്. കഥകളി കലാകാരന്മാര്‍ക്ക് ഒരുപാട് സഹായങ്ങള്‍ പഞ്ചായത്തിന്റെ നേതൃത്വത്തില്‍ ചെയ്തു വരുന്നുണ്ട്. അയിരൂരില്‍ പ്രവര്‍ത്തിക്കുന്ന കഥകളി ക്ലബിന് പഞ്ചായത്ത് ഗ്രാന്റ് അനുവദിച്ചിട്ടുണ്ട്. എല്ലാ വര്‍ഷവും 15,000 രൂപയാണ് നല്‍കുന്നത്.

കഥകളി മ്യൂസിയം
അയിരൂര്‍ കഥകളി ഗ്രാമത്തില്‍ സംസ്ഥാന വിനോദ സഞ്ചാര വകുപ്പ്് കഥകളി മ്യൂസിയം സ്ഥാപിക്കും. തദ്ദേശ സ്ഥാപനത്തില്‍ ഒരു ഡെസ്റ്റിനേഷന്‍ എന്ന ലക്ഷ്യത്തോടെ നടപ്പാക്കുന്ന പദ്ധതിയിലാണ് അയിരൂര്‍ കഥകളി ഗ്രാമത്തെ തിരഞ്ഞെടുത്തിരിക്കുന്നത്. ചെറുകോല്‍പ്പുഴ പാലം ജംഗ്ഷനിലുളള ക്ലബ്ബ് വക സ്ഥലത്താണ് മ്യൂസിയം നിര്‍മിക്കുക. ഇതിന്റെ പ്രൊപ്പോസല്‍ പഞ്ചായത്തില്‍ നിന്ന് നല്‍കി കഴിഞ്ഞു.

 

error: Content is protected !!