Input your search keywords and press Enter.

കൊല്ലം ജില്ലാ വാര്‍ത്തകള്‍ /അറിയിപ്പുകള്‍ ( 24/02/2022)

ശബ്ദമലിനീകരണത്തിനെതിരെ നടപടിയെടുക്കും – ജില്ലാ കലക്ടര്‍
ഉച്ചഭാഷിണിയില്‍ നിന്നുള്ള ശബ്ദമലിനീകരണം നിയന്ത്രിക്കാന്‍ സംവിധാനം ഏര്‍പ്പെടുത്തിയെന്ന് ജില്ലാ കലക്ടര്‍ അഫ്‌സാന പര്‍വീണ്‍. ജില്ലയിലെ വിവിധ ആരാധനാലയങ്ങളും സാമൂഹ്യ-സാംസ്‌ക്കാരിക പ്രസ്ഥാനങ്ങളും വ്യക്തികളും പൊതു ജനങ്ങള്‍, രോഗികള്‍, വൃദ്ധജനങ്ങള്‍, വിദ്യാര്‍ത്ഥികള്‍ എന്നിവരുടെ സൈര്യജീവിതത്തിന് ബുദ്ധിമുട്ട് ഉണ്ടാക്കുന്ന തരത്തില്‍ ഉച്ചഭാഷിണി ഉപയോഗിച്ച് ശബ്ദമലിനീകരണം സൃഷ്ടിക്കുന്നതായി പരാതി ഉയര്‍ന്ന പശ്ചാത്തലത്തിലാണ് പ്രത്യേക പരിശോധനാ സംവിധാനം ഏര്‍പ്പെടുത്തിയത്.
ശബ്ദമലിനീകരണം നിയന്ത്രണ ചുമതല ജില്ലാ മജിസ്‌ട്രേറ്റ്, പൊലിസ് മേധാവികള്‍ എന്നിവര്‍ക്കാണ്.  റവന്യൂ താലൂക്ക്, മലിനീകരണ നിയന്ത്രണ ബോര്‍ഡ് ഉദ്യോഗസ്ഥര്‍ എന്നിവരെ ഉള്‍പ്പെടുത്തി താലൂക്ക്തല സ്‌ക്വാഡ് ആണ് പുതുതായി രൂപീകരിച്ചത്. മൂന്ന് ഡെപ്യൂട്ടി തഹസില്‍ദാര്‍മാര്‍, ശബ്ദതീവ്രത പരിശോധനാ വൈദഗ്ധ്യമുള്ള മലിനീകരണ നിയന്ത്രണ ബോര്‍ഡ് ഉദ്യോഗസ്ഥന്‍, പൊലിസ് സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍, രണ്ട് സബ് ഇന്‍സ്‌പെക്ടര്‍മാര്‍ എന്നിവരാണ്  സ്‌ക്വാഡിലുണ്ടാകുക. ഏകോപനത്തിനായി ആറ് തഹസില്‍ദാര്‍മാരെ ചുമതലപ്പെടുത്തി.

 

നേരിട്ട് ലഭിക്കുന്ന പരാതികളും നിര്‍ദ്ദേശ പ്രകാരമുള്ളവയും ആക്‌സ്മിക പരിശോധന വഴിയും ഉച്ചഭാഷിണി ഉപയോഗത്തിലെ നിയമലംഘനം  സംബന്ധിച്ച റിപോര്‍ട്ട് കൈമാറാനാണ് സ്‌ക്വാഡിനെ നിയോഗിച്ചിട്ടുള്ളത്. ഇതിന്റെ അടിസ്ഥാനത്തിലാകും തുടര്‍നടപടികള്‍. ആദ്യം താക്കീതും തെറ്റ് ആവര്‍ത്തിച്ചാല്‍ പ്രോസിക്യൂഷന്‍ നടപടിയും സ്വീകരിക്കും. പൊലിസിന് നിലവിലുള്ളത് പോലെ നേരിട്ട് ലഭിക്കുന്ന പരാതികളില്‍ നടപടി സ്വീകരിക്കാം. പരാതിക്കാരുടെ പേരു വിവരം രഹസ്യമായി സൂക്ഷിക്കണം എന്നും ജില്ലാ കലക്ടര്‍ നിര്‍ദ്ദേശിച്ചു.

 

ഉച്ചഭാഷിണിയില്‍ നിന്നുള്ള ശബ്ദമലിനീകരണവും നിയമ വിരുദ്ധമായുള്ള ഉപയോഗവും സംബന്ധിച്ച പരാതി പൊതുജനങ്ങള്‍ക്ക് ഫോണ്‍ മുഖേന 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂമില്‍ അറിയിക്കാം. കൊല്ലം കലക്ട്രേറ്റ്-1077, കരുനാഗപ്പള്ളി താലൂക്ക് – 04762620223, കൊട്ടാരക്കര – 04742454623, കൊല്ലം – 0474 2742116, കുന്നത്തൂര്‍ 04762830345, പുനലൂര്‍ – 04752222605, പത്തനാപുരം താലൂക്ക് – 0475-2350090.

 

ദേശീയപാത  സ്ഥലം ഏറ്റെടുക്കല്‍
1384 കോടി രൂപ നഷ്ടപരിഹാരമായി നല്‍കി – ജില്ലാ കലക്ടര്‍

ദേശീയപാത വികസനത്തിന്റെ ഭാഗമായി ഏറ്റെടുത്ത ഭൂമിക്കുള്ള നഷ്ടപരിഹാരത്തുക വിതരണം ജില്ലയില്‍ തുടരുന്നു. 1,384 കോടി രൂപയാണ് ഇതുവരെ നല്‍കിയത് എന്ന് ജില്ലാ കലക്ടര്‍ അഫ്‌സാന പര്‍വീണ്‍ അറിയിച്ചു. 60 ശതമാനത്തിലേറെ പുരോഗതിയാണ് കൈവരിക്കാനായത്. ആകെ 3768 കേസുകളാണുള്ളത്.

 

തുക വിതരണം ത്വരിതപ്പെടുത്താന്‍ ദേശീയപാത വിഭാഗത്തില്‍ പ്രത്യേക വിഭാഗം രൂപീകരിച്ച് പ്രവര്‍ത്തിക്കുകയാണ്. ഭൂമി നഷ്ടമായവര്‍ക്ക് അടിയന്തരമായി തുക നല്‍കുന്നതിനാണ് മുന്‍ഗണന. നടപടിക്രമങ്ങളില്‍ മാറ്റം വരുത്തി രണ്ടര മാസത്തിനുള്ളിലാണ് തുക വിതരണത്തില്‍ വലിയ പുരോഗതി സൃഷ്ടിക്കാനായത്. തുടക്കത്തില്‍ 16 കോടി രൂപയായിരുന്നു നല്‍കിയിരുന്നത് എന്നും കലക്ടര്‍ വ്യക്തമാക്കി. പ്രവര്‍ത്തനത്തില്‍ നാഷനല്‍ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യ സംതൃപ്തി അറിയിച്ച് ഉപഹാരവും നല്‍കിയെന്നും ജില്ലാ കലക്ടര്‍ അറിയിച്ചു.
ജില്ലാ വികസന  കമ്മീഷണര്‍ ആസിഫ് കെ. യൂസഫ്, എന്‍.എച്ച് ഡെപ്യൂട്ടി കലക്ടര്‍ ബി. രാധാകൃഷ്ണന്‍, പ്രോജെക്ട് ഡയറക്ടര്‍  പ്രദീപ്, ലെയ്‌സണ്‍ ഓഫീസര്‍  റഹ്മാന്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ അവലോകന യോഗത്തില്‍ പങ്കെടുത്തു.

 

നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കണം: ജില്ലാ കലക്ടര്‍
പുനലൂര്‍ നിയോജക മണ്ഡലത്തില്‍ വിവിധ പദ്ധതികളില്‍ ഉള്‍പ്പെടുത്തി ഹാബിറ്റാറ്റ് ഗ്രൂപ്പ് ഏറ്റെടുത്ത് നടത്തുന്ന നിര്‍മാണ പ്രവൃത്തികള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കണമെന്ന് ജില്ലാ കലക്ടര്‍ അഫ്സാന പര്‍വീണ്‍.  ചേംബറില്‍ ചേര്‍ന്ന അവലോകനയോഗത്തിലാണ് നിര്‍ദ്ദേശം. വിനോദസഞ്ചാര വകുപ്പ് വഴി അനുവദിച്ച തുക വിനിയോഗിച്ച് നടപ്പിലാക്കുന്ന പുനലൂര്‍ സ്‌നാന ഘട്ടത്തിന്റെ പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ മാര്‍ച്ച് 20 നകം പൂര്‍ത്തീകരിക്കണം. നിര്‍മാണ ഘട്ടത്തിലുള്ള 13 പദ്ധതികള്‍ക്ക് ഗതിവേഗം പകരാന്‍ കൂടുതല്‍ തൊഴിലാളികളെ വിനിയോഗിക്കണം.പദ്ധതി പ്രദേശങ്ങള്‍ സന്ദര്‍ശിച്ചു  പുരോഗതി വിലയിരുത്തിയശേഷം  വീണ്ടും യോഗം ചേരുമെന്നും കലക്ടര്‍ പറഞ്ഞു.

 

അസിസ്റ്റന്റ് ഡെവലപ്‌മെന്റ് കമ്മീഷണര്‍ ജനറല്‍ ആര്‍. അജയകുമാര്‍, തിരുവനന്തപുരം ഡിവിഷണല്‍ ഫോറസ്റ്റ് ഓഫീസര്‍ കെ. ഐ. പ്രദീപ്കുമാര്‍, പുനലൂര്‍ ഡിവിഷണല്‍ ഫോറസ്റ്റ് ഓഫീസര്‍  എ. ഷാനവാസ്, വിനോദസഞ്ചാരവകുപ്പ്  ഡെപ്യൂട്ടി ഡയറക്ടര്‍ ഡി. കമലമ്മ, ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സില്‍ സെക്രട്ടറി  ഡോ. രമ്യ ആര്‍. കുമാര്‍, പി. എസ്. സുപാല്‍ എം.എല്‍.എ യുടെ പ്രതിനിധി വൈശാഖ് സി. ദാസ്, ഹാബിറ്റാറ്റ് പ്രോജക്ട് എന്‍ജിനീയര്‍ നവിലാല്‍, എന്‍ജിനീയര്‍ ടി. അശോകന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

 

ജില്ലാ ആശുപത്രിയില്‍ പുതിയ മെഷീനുകള്‍
ജില്ലാ ആശുപത്രിയില്‍ പുതിയ എക്‌സ്‌റേ-ഇ.സി.ജി മെഷീനുകള്‍ സജ്ജമാക്കുന്നു. കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ സെന്‍ട്രല്‍ വെയര്‍ ഹൗസിംഗ് കോര്‍പ്പറേഷന്റെ സാമൂഹ്യ പ്രതിബദ്ധത പദ്ധതിയില്‍ നിന്നുള്ള 9.4 ലക്ഷം രൂപ ചിലവഴിച്ചാണ് മെഷീനുകള്‍ സ്ഥാപിക്കുന്നത്. ആദ്യ ഗഡുവായ 4.7 ലക്ഷം രൂപയുടെ ചെക്ക് ജില്ലാ കലക്ടര്‍ അഫ്സാന പര്‍വീണിന് സെന്‍ട്രല്‍ വെയര്‍ ഹൗസിങ് കോര്‍പറേഷന്‍ ഡയറക്ടര്‍ കെ. വി. പ്രദീപ് കുമാര്‍ ചേംബറില്‍ കൈമാറി.
ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ബിന്ദു മോഹന്‍, ജില്ലാ സര്‍വൈലന്‍സ് ഓഫീസര്‍ ഡോ. ആര്‍ സന്ധ്യ, ഡെപ്യൂട്ടി ഡി.എം.ഒ ഡോ. ജെ. മണികണ്ഠന്‍, സെന്‍ട്രല്‍ വെയര്‍ ഹൗസിങ് കോര്‍പറേഷന്‍ കേരള റീജിയണല്‍ മാനേജര്‍ ബി. ആര്‍. മനീഷ്, എസ്. ഐ.ഒ എ. മന്‍സൂര്‍, കണ്‍സള്‍ട്ടന്റ് ബി. ഉദയഭാനു തുടങ്ങിയവര്‍ പങ്കെടുത്തു.

 

റേഷന്‍ കാര്‍ഡ് ഉടമകളുടെ വിവരശേഖരണം
കഴിഞ്ഞ രണ്ട് മാസക്കാലയളവില്‍ റേഷന്‍ വിഹിതം വാങ്ങാതെ നഷ്ടപ്പെടുത്തിയ എ.എ.വൈ/പി.എച്ച്.എച്ച് റേഷന്‍ കാര്‍ഡ് ഉടമകളുടെ വിവരങ്ങള്‍ ശേഖരിക്കും. പരിശോധനയില്‍ അനര്‍ഹമായവ പൊതു വിഭാഗത്തിലേക്ക് മാറ്റുമെന്ന് ജില്ലാ സപ്ലൈ ഓഫീസര്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍ – 0474 2794818.

 

വോക്ക്-ഇന്‍-ഇന്റര്‍വ്യൂ
കൊല്ലം കേന്ദ്രീയ വിദ്യാലയത്തില്‍ അടുത്ത അധ്യയന വര്‍ഷത്തിലേക്കുള്ള  അധ്യാപകരുടെയും ജീവനക്കാരുടെയും പാനല്‍ തയ്യാറാക്കുന്നതിന് മാര്‍ച്ച് മൂന്ന്, നാല് തീയതികളില്‍ വിദ്യാലയത്തില്‍ വോക്ക്-ഇന്‍-ഇന്റര്‍വ്യൂ നടത്തും. മാര്‍ച്ച് മൂന്നിന് പ്രൈമറി ടീച്ചര്‍, പി.ജി.ടി (കോമേഴ്സ്, ഇക്കണോമിക്‌സ്, കമ്പ്യൂട്ടര്‍ സയന്‍സ്), ടി.ജി.ടി (സോഷ്യല്‍ സയന്‍സ്), കമ്പ്യൂട്ടര്‍ ഇന്‍സ്ട്രക്ടര്‍, മലയാളം ടീച്ചര്‍, യോഗ, ആര്‍ട്ട്  പരിശീലകര്‍ എന്നീ തസ്തികകളിലേക്കും മാര്‍ച്ച് നാലിന് പി.ജി.ടി (ഫിസിക്‌സ്, കെമിസ്ട്രി, ബയോളജി, മാത്‌സ്, ഇംഗ്ലീഷ്, ഹിന്ദി),  ടി.ജി.ടി (ഇംഗ്ലീഷ്, ഹിന്ദി, സംസ്‌കൃതം, മാത്‌സ് ആന്‍ഡ് സയന്‍സ് (ബയോളജി), നഴ്‌സ്, കൗണ്‍സിലര്‍, ഡോക്ടര്‍ എന്നീ  തസ്തികകളിലേക്കും രാവിലെ ഒമ്പത്  മണി മുതല്‍ ഇന്റര്‍വ്യൂ നടത്തും. കൂടുതല്‍ വിവരങ്ങള്‍ക്ക്  https://kollam.kvs.ac.in ഫോണ്‍: 0474-2799494, 0474-2799696.

 

രജിസ്ട്രേഷന്‍ പുതുക്കാം
പുനലൂര്‍ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചില്‍ രജിസ്റ്റര്‍ ചെയ്ത് യഥാസമയം പുതുക്കാന്‍ കഴിയാത്തവര്‍ക്ക്  (രജിസ്ട്രേഷന്‍ ഐഡന്റിറ്റി കാര്‍ഡില്‍ പുതുക്കേണ്ടുന്ന മാസം 10/1999 മുതല്‍ 06/2021 വരെ രേഖപ്പെടുത്തിയിട്ടുള്ളവര്‍ക്ക്) സീനിയോറിറ്റി നിലനിര്‍ത്തി ഏപ്രില്‍ 30 വരെയുള്ള പ്രവൃത്തി ദിവസങ്ങളില്‍ പുതുക്കാന്‍ അവസരമുണ്ടാകും. www.eemployment.kerala.gov.in    ഓണ്‍ലൈന്‍ പോര്‍ട്ടല്‍ മുഖേന രജിസ്ട്രേഷന്‍ പുതുക്കാം. ഓഫീസില്‍ നേരിട്ട് ഹാജരായും പുതുക്കാം. വിടുതല്‍ സര്‍ട്ടിഫിക്കറ്റ് യഥാസമയം രജിസ്റ്റര്‍ ചെയ്ത് സീനിയോറിറ്റി നിലനിര്‍ത്താന്‍ കഴിയാത്തവര്‍ക്കും ആനുകൂല്യം ലഭിക്കും. ഫോണ്‍:0475 2221266.

 

ടെണ്ടര്‍ ക്ഷണിച്ചു
സപ്ലൈകോ എന്‍.എഫ്.എസ്.എ ഗോഡൗണുകളിലേക്ക് എഫ്.സി.ഐ ഡിപ്പോ, സി. എം. ആര്‍ എന്നിവിടങ്ങളില്‍ നിന്നും റേഷന്‍ സാധനങ്ങള്‍ എടുക്കുന്നതിനും, എന്‍.എഫ്.എസ്.എ ഗോഡൗണുകളില്‍ നിന്നും റേഷന്‍ സാധനങ്ങള്‍ റേഷന്‍ കടകളില്‍ വാതില്‍പ്പടി വിതരണം നടത്തുന്നതിനും ട്രാന്‍സ്പോര്‍ട്ടേഷന്‍, ഹാന്‍ഡ്‌ലിംഗ് ജോലികള്‍ നിര്‍വഹിക്കുന്നതിലേക്കായി കരാറുകാരെ കണ്ടെത്തുന്നതിന് സപ്ലൈകോ ടെന്‍ഡര്‍ ക്ഷണിച്ചു. വിശദവിവരങ്ങള്‍ക്ക്   www.etenders.kerala.gov.in.  മാര്‍ച്ച് രണ്ടിന് വൈകിട്ട് അഞ്ചുമണിക്കകം ടെണ്ടര്‍ സമര്‍പ്പിക്കണം. ഫോണ്‍ 04742761536.

 

റാങ്ക് പട്ടിക റദ്ദാക്കി
ജില്ലയില്‍ എക്‌സൈസ് വകുപ്പ് വുമണ്‍ സിവില്‍ എക്‌സൈസ് ഓഫീസര്‍ (ഫസ്റ്റ് എന്‍.സി.എ-എം) (കാറ്റഗറി നമ്പര്‍ 310/16) റാങ്ക് പട്ടിക റദ്ദാക്കിയതായി   പി.എസ്.സി ജില്ലാ ഓഫീസര്‍ അറിയിച്ചു.

 

പി.എസ്.സി അഭിമുഖം
ജില്ലയിലെ എന്‍.സി.സി/സൈനികക്ഷേമവകുപ്പില്‍ ഡ്രൈവര്‍ ജി.ആര്‍-രണ്ട് (എച്ച്ഡി.വി) (എക്‌സ്- സര്‍വീസ്‌മെന്‍  മാത്രം) (കാറ്റഗറി നമ്പര്‍ 327/19) തസ്തികയിലേയ്ക്കുള്ള  അഭിമുഖ പരീക്ഷ മാര്‍ച്ച് രണ്ടിന് പി.എസ്.സി. ജില്ലാ ഓഫീസില്‍ നടത്തും.
ചുരുക്കപ്പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുള്ള  ഉദ്യോഗാര്‍ത്ഥികള്‍ പ്രൊഫൈലില്‍ നിന്നും ഇന്റര്‍വ്യൂ മെമ്മോ ഡൗണ്‍ലോഡ് ചെയ്ത് തിരിച്ചറിയല്‍ കാര്‍ഡ്, വണ്‍ടൈം വെരിഫിക്കേഷന്‍ സര്‍ട്ടിഫിക്കറ്റ്, മറ്റ് പ്രമാണങ്ങള്‍ എന്നിവ സഹിതം ഹാജരാകണം. കൂടുതല്‍ വിവരങ്ങള്‍ക്ക് പി.എസ്.സി പ്രൊഫൈല്‍ പരിശോധിക്കാം  എന്ന് ജില്ലാ പി.എസ്.സി ഓഫീസര്‍ അറിയിച്ചു . ഫോണ്‍ : 0474 2743624.

error: Content is protected !!