സംസ്ഥാനത്തെ ക്വാറികള്‍, ക്രഷറുകള്‍, ധാതുസംഭരണത്തിനുള്ള ഡിപ്പോകള്‍ എന്നിവയുടേതുള്‍പ്പെടെ സകല വിവരങ്ങളും പൊതുജനങ്ങള്‍ക്കും വ്യവസായ സംരംഭകര്‍ക്കും ലഭിക്കും. ഇതിനായി ഖനന ഭൂവിജ്ഞാന വകുപ്പിന്റെ നേതൃത്വത്തില്‍ ഡാഷ്‌ബോര്‍ഡ് ആരംഭിച്ചു. www.dashboard.dmg.kerala.gov.in എന്ന ഡാഷ്‌ബോര്‍ഡില്‍ ക്വാറി, ക്രഷര്‍ എന്നിവയുടെ സ്ഥാനം, ഉടമസ്ഥ വിവരങ്ങള്‍ എന്നിവ ഉപഗ്രഹ/ ഭൂപടത്തില്‍ അടയാളപ്പെടുത്തി കാണാനാവും.
ജില്ല തിരിച്ചുള്ള ഖനനാനുമതികളുടെ എണ്ണവും ലഭ്യമാണ്. ഖനനത്തിന് അനുമതി നല്‍കിയിട്ടുള്ള കാലയളവ്, ഒരു സ്ഥലത്തുനിന്ന് നീക്കം ചെയ്യാവുന്ന പരമാവധി ധാതുവിന്റെ അളവ്, ഇ പാസ് നല്‍കിയതിന്റെ വിശദാംശങ്ങള്‍ എന്നിവയും ഡാഷ്‌ബോര്‍ഡില്‍ നല്‍കിയിട്ടുണ്ട്. കേരള ഓണ്‍ലൈന്‍ മൈനിങ് പെര്‍മിറ്റ് അവാര്‍ഡിങ് സര്‍വീസ് എന്ന വകുപ്പിന്റെ ഇ ഗവേണന്‍സ് സംവിധാനത്തില്‍നിന്നുള്ള വിവരങ്ങളാണ് ഡാഷ്‌ബോര്‍ഡില്‍ ലഭ്യമാക്കിയിരിക്കുന്നത്. സംസ്ഥാനത്ത് നിലവിലുള്ള ക്വാറികളുടെ ഡിജിറ്റല്‍ സര്‍വേ നടത്താന്‍ ഖനന ഭൂവിജ്ഞാന വകുപ്പ് ആലോചിക്കുന്നുണ്ട്.
ഡ്രോണ്‍ ലിഡാര്‍ സര്‍വേ സംവിധാനം, ജിഐഎസ് എന്നിവയുടെ സാധ്യതകള്‍ മനസിലാക്കി വകുപ്പിന്റെ ഇ ഗവേണന്‍സ് സംവിധാനവുമായി സംയോജിപ്പിക്കുന്നതും പരിഗണനയിലാണ്. ഇതിനായി കെല്‍ട്രോണ്‍ പദ്ധതി സമര്‍പ്പിച്ചിട്ടുണ്ട്. ഇതോടൊപ്പം വകുപ്പിന്റെ എല്ലാ ഓഫിസുകളിലും ഇ ഓഫിസ് സംവിധാനം നടപ്പാക്കാനും തീരുമാനിച്ചിട്ടുണ്ട്.
സംസ്ഥാനത്ത് 593 ക്വാറികള്‍/ മൈനുകള്‍, 642 ക്രഷറുകള്‍, 1217 ധാതു ഡിപ്പോകള്‍ എന്നിവയാണുള്ളത്.