Input your search keywords and press Enter.

പാലക്കാട് ജില്ലാ അറിയിപ്പുകള്‍ / തൊഴില്‍ അവസരം /പ്രാദേശിക അവധി ( 26/02/2022 )

 

 

പി.ആര്‍.ഡിയുടെ സാംസ്‌കാരിക പരിപാടിയില്‍ ഗോത്രവാദ്യ താളവുമായി നഞ്ചിയമ്മയും കൂട്ടരും

സ്വാതന്ത്ര്വത്തിന്റെ 75-ാം വാര്‍ഷിക ദിനത്തിനോടനുബന്ധിച്ച് ആസാദികാ അമൃത് മഹോത്സവത്തിന്റെ ഭാഗമായി ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് പബ്ലിക് റിലേഷന്‍സ് വകുപ്പ് മാര്‍ച്ച് നാലിന് പാലക്കാട് ഹോട്ടല്‍ ഇന്ദ്രപ്രസ്ഥയില്‍ വൈകീട്ട 3.30ന് സംഘടിപ്പിക്കുന്ന പാലക്കാടന്‍ തനത് കലാസാംസ്‌കാരിക പ്രഭാഷണ പരിപാടിയില്‍ ആദിവാസിസംസ്‌കാരത്തിന്റെയും ചരിത്രത്തിന്റെയും ഭാഗമായ പരമ്പരാഗത കലാരൂപങ്ങളും വാദ്യോപകരണങ്ങളും ഉപയോഗിച്ചുള്ള കലാപ്രകടനം നഞ്ചിയമ്മയുടെ നേതൃത്വത്തില്‍ നടക്കും. ഊരിലെ പൊറ, ദവില്‍, കൊഗല്, ജാല്‍ട്ര, ചെലങ്ക തുടങ്ങിയ പ്രധാന ആദിവാസി വാദ്യോപകരണങ്ങള്‍ ഉപയോഗിക്കും. കൃഷിയുമായി ബന്ധപ്പെട്ട ‘കമ്പളം'(വിളവെടുപ്പ്, വിളയിറക്കല്‍ ഉത്സവം), മരണാനന്തരചടങ്ങായ ‘ചീറ്’ എന്നിവയ്ക്ക് ഈ വാദ്യോപകരണങ്ങള്‍ ഉപയോഗിച്ചിരുന്നു. മരണാനന്തരചടങ്ങിന് ഊര് മുറ്റത്ത് മഞ്ചല്‍ ഉണ്ടാക്കി അതില്‍ കിടത്തുന്ന മൃതദേഹത്തിനു ചുറ്റും ആദിവാസിഗാനങ്ങളും വാദ്യമേളവുമായി ഊരുകാര്‍ നൃത്തംവയ്ക്കും. മരണാനന്തരചടങ്ങിനു മാത്രമാണ് ഇപ്പോള്‍ വാദ്യോപകരണങ്ങള്‍ ഉപയോഗിക്കുന്നത്. കോടമഞ്ഞ് മൂടിയ സ്ഥലങ്ങളില്‍ വന്യമൃഗങ്ങളെ അകറ്റാനും ഈ സംഗീതം ഉപയോഗിച്ചിരുന്നു. ഒരു കാലഘട്ടത്തിന്റെ സംസ്‌കാരത്തിന്റെ ഭാഗമായിരുന്ന ഗോത്രവാദ്യം പരിചയപ്പെടുന്നതിനുള്ള അവസരം കൂടിയായിരിക്കും അമൃത് മഹോത്സവില്‍ എത്തുന്നവര്‍ക്ക് ലഭിക്കുക. 16 കലാകാരന്മാരാണ് ഒരു മണിക്കൂര്‍ ദൈര്‍ഘ്യമുള്ള കലാമേളയില്‍ പങ്കെടുക്കുക.

അയ്യപ്പനും കോശിയും എന്ന മലയാള ചലച്ചിത്രത്തിലെ ‘കലകാത്ത’ എന്ന ഹിറ്റ് ഗാനത്തിലൂടെയാണ് മലയാളി മനസ്സുകളിലേക്ക് നഞ്ചിയമ്മ ചേക്കേറിയത്. അട്ടപ്പാടിയിലെ ഗോത്ര കലാരൂപങ്ങളുടെ തനതു കാഴ്ചകള്‍ നേരത്തെ ചലച്ചിത്രങ്ങളില്‍ മിന്നിമറഞ്ഞെങ്കിലും നഞ്ചിയമ്മയുടെ പാട്ട് പതിച്ചത് മലയാളിയുടെ മനസിലേക്കായിരുന്നു. സംസ്ഥാന സര്‍ക്കാരിന്റെ സ്‌പെഷ്യല്‍ ജൂറി പുരസ്‌കാര ജേതാവ് കൂടിയായ നഞ്ചിയമ്മ ലൈഫ് മിഷന്‍ പദ്ധതിയിലൂടെ രണ്ടു ലക്ഷം വീടുകള്‍ പൂര്‍ത്തിയായതിന്റെ ഭാഗമായി കേരള സര്‍ക്കാര്‍ പുറത്തിറക്കിയ ആദിവാസി ഭാഷയിലുള്ള പ്രൊമോഷന്‍ ഗാനവും ആലപിച്ചിട്ടുണ്ട്. ഗോത്രവിഭാഗത്തിന്റെ ഈരടികളും താളവുമായി ആസാദികാ അമൃത് മഹോത്സവില്‍ കാണികളുടെ മനം കവരും.

 

പാലക്കാട് -തൃശ്ശൂര്‍ ജില്ലകളെ ബന്ധിപ്പിക്കുന്ന ലെക്കിടി പാമ്പാടി റെയില്‍വേ മേല്‍പ്പാലം; നടപടിക്രമങ്ങളുടെ ഭാഗമായി മന്ത്രി സന്ദര്‍ശിച്ചു

പാലക്കാട് – തൃശ്ശൂര്‍ ജില്ലകളെ ബന്ധിപ്പിക്കുന്ന ലെക്കിടി – പാമ്പാടി റെയില്‍വേ മേല്‍പ്പാലവും ഭാരതപ്പുഴപ്പാലവും നിര്‍മ്മിക്കുന്നതിന്റെ ഇന്‍വെസ്റ്റിഗേഷന്‍ നടപടികള്‍ ആരംഭിച്ചു. പട്ടികജാതി-പട്ടികവര്‍ഗ്ഗ-പിന്നാക്കക്ഷേമ-വികസന-ദേവസ്വം വകുപ്പ് മന്ത്രി കെ. രാധാകൃഷ്ണന്‍ സ്ഥലം സന്ദര്‍ശിച്ചു. കേരള സര്‍ക്കാര്‍ 10 ലക്ഷം രൂപയാണ് ഇന്‍വെസ്റ്റിഗേഷന്‍ നടപടികള്‍ക്കായി നീക്കി വെച്ചിട്ടുള്ളത്. ഇന്‍വെസ്റ്റിഗേഷന്‍ നടപടികള്‍ വേഗത്തിലാക്കാന്‍ മന്ത്രി ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കി. തൃശ്ശൂര്‍ ജില്ലയിലേക്കുള്ള ഏറ്റവും പ്രധാനപ്പെട്ട പാതയാണിത്. പാലക്കാട് ജില്ലയിലെ ലെക്കിടി-പേരൂര്‍ പഞ്ചായത്തിനെയും തൃശ്ശൂര്‍ ജില്ലയിലെ തിരുവില്വാമല പഞ്ചായത്തിനെയും ബന്ധിപ്പിച്ചാണ് പാലം നിര്‍മ്മിക്കുന്നത്. സംസ്ഥാന ബഡ്ജറ്റില്‍ പാലം നിര്‍മാണത്തിനായി 50 കോടി രൂപ പ്രഖ്യാപിച്ചിരുന്നു. അഡ്വ.കെ. പ്രേംകുമാര്‍ എം.എല്‍.എ, ഒറ്റപ്പാലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശോഭന പ്രസാദ്, ലക്കിടി-പേരൂര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ.സുരേഷ് ജനപ്രതിനിധികള്‍, രാഷ്ട്രീയ പാര്‍ട്ടി നേതാക്കള്‍ എന്നിവര്‍ മന്ത്രിയോടൊപ്പം ഉണ്ടായിരുന്നു.

അട്ടപ്പാടിക്കായി കുടുംബശ്രീയുടെ മില്ലറ്റ് കഫെ

അട്ടപ്പാടി ആദിവാസി സമഗ്ര വികസന പദ്ധതിയുടെ ഭാഗമായി പുതൂര്‍ പഞ്ചായത്ത് സമിതിയുടെ കീഴില്‍ ആരംഭിച്ച ഉപജീവന സംരംഭമായ മില്ലറ്റ് കഫേ ശ്രദ്ധേയമാവുന്നു. കുടുംബശ്രീയുടെ നേതൃത്വത്തില്‍ കേരളത്തില്‍ ആദ്യമായാണ് മില്ലറ്റ് കഫേ ആരംഭിച്ചത്. ചെറു ധാന്യങ്ങളുടെ ഉപയോഗവും കൃഷിയും പ്രോല്‍സാഹിപ്പിക്കുക, നല്ല ഭക്ഷണം പ്രാദേശികമായി ലഭ്യമാക്കുക എന്നീ ലക്ഷ്യത്തോടെയാണ് മില്ലറ്റ് കഫേ പ്രവര്‍ത്തിച്ചു വരുന്നത്. കാര്‍ഷിക മേഖലയില്‍ ഹില്‍ വാല്യു ബ്രാന്‍ഡില്‍ ആരംഭിക്കുന്ന 13 മത്തെ സംരംഭമാണ് മില്ലറ്റ് കഫേ. കുടുംബശ്രീയുടെ ഭാഗമായി 1037 ജെ.എല്‍.ജി.കളിലായി 4606 കര്‍ഷകര്‍ വിവിധ വിളകള്‍ കൃഷി ചെയ്യുന്നു. 606.5 ഏക്കറില്‍ ചെറു ധാന്യങ്ങളായ റാഗി, ചാമ, ചോളം, വരഗ്, തിന, കുതിര വാലി എന്നിവ കൃഷി ചെയ്തു വരുന്നു.

2014 മുതലാണ് കാര്‍ഷിക മേഖലയില്‍ മഹിളാ കിസാന്‍ ശാക്തികരണ പരിയോജന പദ്ധതിക്ക് തുടക്കമിട്ടത്. ‘ചിത്ര ശലഭം’ കാര്‍ഷിക സംരംഭ ഗ്രൂപ്പിന്റെ അംഗങ്ങളായ രേശി, ലക്ഷ്മി, ലക്ഷ്മി എന്നിവരാണ് സംരംഭകര്‍. റാഗി അട, പുട്ട്, ചാമ പായസം, ചാമ ബിരിയാണി, വരഗ് ദോശ, റാഗി മുറുക്ക് തുടങ്ങിയ വിഭവങ്ങള്‍ മില്ലറ്റ് കഫേയില്‍ ലഭ്യമാണ്. മില്ലറ്റ് കഫേയുടെ ഉദ്ഘാടനം അട്ടപ്പാടി ബ്ലോക്ക് പ്രസിഡന്റ് മാരുതി മുരുകന്‍ നിര്‍വഹിച്ചു. പുതൂര്‍ പഞ്ചായത്ത് സമിതി സെക്രട്ടറി ശാന്താമണി, വാര്‍ഡ് മെമ്പര്‍ ശാന്തി, അസിസ്റ്റന്റ് പ്രോജക്ട് കോര്‍ഡിനേറ്റര്‍ സൈതലവി, പ്രോജക്ട് മാനേജര്‍ കരുണാകരന്‍, എം കെ എസ് പി കോര്‍ഡിനേറ്റര്‍ സൈജു, കണ്‍സല്‍ട്ടന്റ് ഷെഫീക്ക് തുടങ്ങിയവര്‍ പങ്കെടുത്തു.

 

 

പ്രാദേശിക അവധി പ്രഖ്യാപിച്ചു

അട്ടപ്പാടി മല്ലീശ്വരന്‍ ക്ഷേത്രത്തിലെ ശിവരാത്രിയോടനുബന്ധിച്ച് അട്ടപ്പാടി താലൂക്കിലെ അഗളി, പുതൂര്‍, ഷോളയൂര്‍ പഞ്ചായത്തുകളിലെ എല്ലാ സര്‍ക്കാര്‍ ഓഫീസുകള്‍ക്കും വിദ്യാഭ്യാസസ്ഥാപനങ്ങള്‍ക്കും മാര്‍ച്ച് രണ്ടിനും മണപ്പുള്ളി ക്ഷേത്രത്തിലെ ഉത്സവത്തോടനുബന്ധിച്ച് പാലക്കാട് താലൂക്ക് പരിധിയിലുള്ള എല്ലാ സര്‍ക്കാര്‍ ഓഫീസുകള്‍ക്കും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും മാര്‍ച്ച് മൂന്നിനും ജില്ലാ കലക്ടര്‍ പ്രാദേശിക അവധി പ്രഖ്യാപിച്ചു.

 

പാലക്കാട് ജില്ലാ പഠ്നാ ലിഖിനാ അഭിയാന്‍ രണ്ടാം ഘട്ട മേഖലാ പരിശീലനം നടത്തി

പാലക്കാട് ജില്ലാ പഠ്നാ ലിഖിനാ അഭിയാന്‍ രണ്ടാം ഘട്ട മേഖലാ പരിശീലനം ജില്ലാ പഞ്ചായത്ത് ഹാളില്‍ സംഘടിപ്പിച്ചു. പാലക്കാട്, കുഴല്‍മന്ദം, ചിറ്റൂര്‍ മലമ്പുഴ ബ്ലോക്കുകളും പാലക്കാട്, ചിറ്റൂര്‍ തത്തമംഗലം മുനിസിപ്പാലിറ്റികളിലേയും റിസോഴ്സ് പേഴ്സണ്‍മാര്‍, പ്രേരക്മാര്‍ എന്നിവര്‍ക്കാണ് പരിശീലനം നൽകിയത്. ജില്ലാ റിസോഴ്സ് പേഴ്സണ്‍മാരായ വിജയന്‍ മാസ്റ്റര്‍, വിജയരാഘവന്‍ മാസ്റ്റര്‍, വേണു പുഞ്ചപ്പാടം എന്നിവര്‍ ക്ലാസ്സുകള്‍ നയിച്ചു. പരിശീലന പരിപാടിയുടെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് കെ.ബിനുമോള്‍ നിര്‍വഹിച്ചു. ജില്ലാ കോര്‍ഡിനേറ്റര്‍ ഡോ. മനോജ് സെബാസ്റ്റ്യന്‍ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന ചുമതലയുള്ള കോര്‍ഡിനേറ്റര്‍ വി.വി.ശ്യാംലാല്‍, അസി. കോര്‍ഡിനേറ്റര്‍ പാര്‍വ്വതി പി.വി, ഡോ. പി.സി. ഏലിയാമ്മ എന്നിവര്‍ സംസാരിച്ചു.

 

കുട്ടികളുടെ ഭാവി സുരക്ഷിതമാക്കാന്‍ ധനസമാഹരണ പദ്ധതികള്‍

കുട്ടികള്‍ക്കായി കേന്ദ്രസര്‍ക്കാര്‍ നടപ്പിലാക്കിവരുന്ന സുകന്യ സമൃദ്ധി യോജന, പബ്ലിക് പ്രൊവിഡന്‍സ് ഫണ്ട് എന്നീ പദ്ധതികളിലേക്ക് അപേക്ഷിക്കാം. പത്തു വയസില്‍ താഴെയുള്ള പെണ്‍കുട്ടികള്‍ക്ക് വേണ്ടിയുള്ള ധനസമാഹരണ പദ്ധതിയാണ് സുകന്യ സമൃദ്ധി യോജന. പ്രതിവര്‍ഷം കുറഞ്ഞത് 250 രൂപ നിക്ഷേപിച്ച് പദ്ധതിയുടെ ഭാഗമാവാം. 7.6% പലിശ ലഭിക്കും. 18 വയസ്സ് പൂര്‍ത്തിയാകാത്ത കുട്ടികള്‍ക്കുള്ള പദ്ധതിയാണ് പബ്ലിക് പ്രൊവിഡന്റ് ഫണ്ട്. പ്രതിവര്‍ഷം കുറഞ്ഞത് 500 രൂപ നിക്ഷേപിച്ച് പദ്ധതിയുടെ ഭാഗമാവാം. 7.1% പലിശ ലഭിക്കും. 15 വര്‍ഷമാണ് പദ്ധതികളുടെ കാലാവധി. പദ്ധതികളെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ അതത് പോസ്റ്റ് ഓഫീസുകളില്‍ ലഭിക്കും. ജില്ലാ ശിശുസംരക്ഷണ യൂണിറ്റ് – 0491-2531098, 8281899468

 

മത്സരപരീക്ഷാ പരിശീലന പരിപാടി

പാലക്കാട് ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച്, വി.ജി യൂണിറ്റിന്റെ ആഭിമുഖ്യത്തില്‍ വിവിധ മത്സര പരീക്ഷകളില്‍ പങ്കെടുക്കുവാന്‍ തയ്യാറെടുക്കുന്ന പട്ടികജാതി പട്ടികവര്‍ഗ്ഗ വിഭാഗത്തില്‍പ്പെടുന്ന വിദ്യാര്‍ത്ഥികള്‍ക്ക് സമന്വയ പദ്ധതി പ്രകാരം സ്‌റ്റൈപ്പെന്റോടു കൂടി മത്സര പരീക്ഷാപരിശീലന പരിപാടി ആരംഭിച്ചു. പങ്കെടുക്കാന്‍ താല്‍പര്യമുള്ളവര്‍ ഒരാഴ്ചയ്ക്കകം ഒഴിവുള്ള സീറ്റുകളിലേക്ക് പാലക്കാട് ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചില്‍ നേരിട്ട് ഹാജരായി അപേക്ഷ സമര്‍പ്പിക്കണമെന്ന് ജില്ലാ എംപ്ലോയ്‌മെന്റ് ഓഫീസര്‍ അറിയിച്ചു. ഫോണ്‍: 04912-505204

അപേക്ഷ ക്ഷണിച്ചു

മാര്‍ച്ചില്‍ നടക്കുന്ന എ.ഐ.ടി.ടി വാര്‍ഷിക പ്രാക്ടിക്കല്‍ എഞ്ചിനീയറിംഗ് ഡ്രോയിങ് സപ്ലിമെന്ററി പരീക്ഷകള്‍ക്ക് പങ്കെടുക്കുന്നതിന് എം.ഐ.എസ് പോര്‍ട്ടല്‍ മുഖേന ഓഗസ്റ്റ് 2018-19, 2018-20, 2019-20, 2019-21 പരിശീലന വര്‍ഷങ്ങളില്‍ പ്രവേശനം നേടിയ ട്രെയിനികളില്‍ നിന്നും പ്രൈവറ്റ് ട്രെയിനികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. അപേക്ഷകര്‍ ഫെബ്രുവരി 28ന് വൈകീട്ട് അഞ്ചിനകം പ്രിന്‍സിപ്പാള്‍ മുമ്പാകെ അപേക്ഷ സമര്‍പ്പിക്കണം. പ്രാക്ടിക്കല്‍ എഞ്ചിനീയറിംഗ് ഡ്രോയിങ് വിഷയങ്ങള്‍ക്ക് റെഗുലര്‍ സപ്ലിമെന്ററി ട്രെയിനികള്‍ക്ക് 170 രൂപയും പ്രൈവറ്റ് ട്രെയിനി വിഭാഗത്തിലുള്ള സപ്ലിമെന്ററി ട്രെയിനികള്‍ക്ക് 1105 രൂപയുമാണ് ഫീസ്. പ്രൈവറ്റ് വിഭാഗത്തില്‍ പരീക്ഷ എഴുതുന്ന ട്രെയിനികള്‍ പരീക്ഷ ഫീസ് ട്രഷറിയില്‍ അടച്ച് രസീതും അപേക്ഷയും തൊട്ടടുത്ത സര്‍ക്കാര്‍ ഐ.ടി.ഐ പ്രിന്‍സിപ്പാളിന് സമര്‍പ്പിക്കണം.

താലൂക്ക് വികസന സമിതി മാര്‍ച്ച് അഞ്ചിന്

ചിറ്റൂര്‍ താലൂക്ക് വികസന സമിതി യോഗം ചിറ്റൂര്‍ താലൂക്ക് മിനി സിവില്‍ സ്റ്റേഷന്‍ ഹാളില്‍ മാര്‍ച്ച് അഞ്ചിന് രാവിലെ 10.30ന് നടക്കും. ബന്ധപ്പെട്ടവര്‍ യോഗത്തില്‍ പങ്കെടുക്കണമെന്ന് തഹസില്‍ദാര്‍ അറിയിച്ചു.

 

യോഗ ഇന്‍സ്ട്രക്ടര്‍ നിയമനം

ഭാരതീയ ചികിത്സാ വകുപ്പിനു കീഴില്‍ സര്‍ക്കാര്‍ ആയുര്‍വേദ ഡിസ്പെന്‍സറികളിലേക്ക് പാര്‍ട്ട് ടൈം യോഗ ഇന്‍സ്ട്രക്ടര്‍ തസ്തികയിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു. യോഗ്യത അംഗീകൃത സര്‍വകലാശാലകളില്‍ നിന്നോ സര്‍ക്കാര്‍ വകുപ്പുകളില്‍ നിന്നോ യോഗയില്‍ നേടിയ ഒരു വര്‍ഷത്തില്‍ കുറയാത്ത അംഗീകൃത സര്‍ട്ടിഫിക്കറ്റ് കോഴ്സ് അല്ലെങ്കില്‍ ഏതെങ്കിലും അംഗീകൃത സര്‍വകലാശാലയില്‍ നിന്നും യോഗയില്‍ ഒരു വര്‍ഷത്തില്‍ കുറയാത്ത പി.ജി ഡിപ്ലോമ. അംഗീകൃത സര്‍വകലാശാലയില്‍ നിന്ന് നേടിയ ബി.എ.എം.എസ്/ബി.എന്‍.വൈ.എസ്/എം.എസ്.സി യോഗ, എം.ഫില്‍ യോഗ യോഗ്യതകള്‍ ഉള്ളവരെ അധികയോഗ്യതയാക്കി പരിഗണിക്കും. പ്രതിമാസം 8000 രൂപ വേതനം ലഭിക്കും. 40 വയസിനു താഴെ പ്രായമുള്ള ഉദ്യോഗാര്‍ത്ഥികള്‍ മാര്‍ച്ച് നാലിന് രാവിലെ 10.30 ന് സുല്‍ത്താന്‍ പേട്ടയിലെ ജില്ലാ ആയുര്‍വേദ ആശുപത്രിയിലെ ഭാരതീയ ചികിത്സാ വകുപ്പ് ജില്ലാ കാര്യാലയത്തില്‍ നടക്കുന്ന കൂടിക്കാഴ്ചയില്‍ അസല്‍ രേഖകളുമായി എത്തണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു.

പൂവന്‍ കോഴിക്കുഞ്ഞുങ്ങള്‍ വില്‍പ്പനയ്ക്ക്

മൃഗസംരക്ഷണ വകുപ്പിനു കീഴിലുള്ള മലമ്പുഴ മേഖലാ കോഴിവളര്‍ത്തല്‍ കേന്ദ്രത്തില്‍ ഒരു ദിവസം പ്രായമുള്ള ഗ്രാമശ്രീ ഇനം പൂവന്‍ കോഴിക്കുഞ്ഞുങ്ങളെ ലഭിക്കും. ഒന്നിന് 10 രൂപയാണ് വില. ആവശ്യമുള്ളവര്‍ ഫോട്ടോ പതിച്ച ഒരു തിരിച്ചറിയല്‍ രേഖയും എ.ടി.എം കാര്‍ഡും സഹിതം തിങ്കള്‍ മുതല്‍ വെള്ളി വരെ ഓഫീസ് സമയങ്ങളില്‍ നേരിട്ട് എത്തണമെന്ന് അസിസ്റ്റന്റ് ഡയറക്ടര്‍ അറിയിച്ചു. ഫോണ്‍ 8590663540, 9526126636

എസ്.ടി പ്രൊമോട്ടര്‍ നിയമനം

പാലക്കാട് പട്ടികവര്‍ഗ്ഗ വികസന ഓഫീസ് പ്രവര്‍ത്തന പരിധിയിലുള്ള അട്ടപ്പാടി ബ്ലോക്ക് ഒഴികെയുള്ള പ്രദേശങ്ങളില്‍ എസ്.ടി പ്രമോട്ടര്‍ നിയമനത്തിന് പട്ടിക വര്‍ഗ്ഗ വിഭാഗത്തില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. പത്താം ക്ലാസ് ആണ് യോഗ്യത. പി.വി.റ്റി.ജി/ അടിയ / പണിയ / മലമണ്ടാര വിഭാഗങ്ങള്‍ക്ക് എട്ടാം ക്ലാസാണ് യോഗ്യത. പ്രായപരിധി 20നും 35നും മധ്യേ. ഹെല്‍ത്ത് പ്രമോട്ടര്‍ നിയമനത്തിന് നേഴ്സിംഗ്, പാരാമെഡിക്കല്‍ കോഴ്സുകള്‍ പഠിച്ചവര്‍ക്കും, ആയുര്‍വേദം, പാരമ്പര്യവൈദ്യം എന്നിവയില്‍ പ്രാവീണ്യം നേടിയവര്‍ക്കും മുന്‍ഗണന ലഭിക്കും. എഴുത്തുപരീക്ഷയുടെയും അഭിമുഖത്തിന്റെയും അടിസ്ഥാനത്തിലായിരിക്കും നിയമനം. അപേക്ഷകള്‍ ഓണ്‍ലൈനായി www.cmdkerala.net, www.stdd.kerala.gov.in എന്നീ വെബ്സൈറ്റ് മുഖേന നല്‍കാം. അപേക്ഷ നല്‍കുമ്പോള്‍ അപേക്ഷകരുടെ താമസ പരിധിയില്‍പ്പെട്ട ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസ് തെരഞ്ഞെടുക്കണം. അതാത് പരിധിയിലുള്ളവര്‍ക്ക് മുന്‍ഗണന ലഭിക്കും. ഫെബ്രുവരി 28ന് വൈകിട്ട് അഞ്ച് വരെ അപേക്ഷകള്‍ സമര്‍പ്പിക്കാമെന്ന് പട്ടികവര്‍ഗ്ഗ വികസന ഓഫീസര്‍ അറിയിച്ചു. ഫോണ്‍: 0491-2505383, 99496070366, 99496070367, 99496070399

അസിസ്റ്റന്റ് എഞ്ചിനീയര്‍ നിയമനം

അട്ടപ്പാടി ഐ.ടി.ഡി.പി ഓഫീസിലേക്ക് അസിസ്റ്റന്റ് എഞ്ചിനീയര്‍ തസ്തികയില്‍ ദിവസവേതനാടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു. 21നും 45 നും ഇടയില്‍ പ്രായമുള്ള ബി.എസ്.സി /ബി.ടെക് ഡിഗ്രി ഇന്‍ എന്‍ജിനീയറിംഗ്(സിവില്‍)/ബി.ഇ ഡിഗ്രി (സിവില്‍) യോഗ്യതയുള്ള അട്ടപ്പാടി താലൂക്കില്‍ ഉള്‍പ്പെട്ട പട്ടികവര്‍ഗ്ഗ ഉദ്യോഗാര്‍ത്ഥികള്‍ക്ക് വാക്-ഇന്‍-ഇന്റര്‍വ്യൂവില്‍ പങ്കെടുക്കാം. താല്‍പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ മാര്‍ച്ച് മൂന്നിന് രാവിലെ 11:30ന് അട്ടപ്പാടി അഗളി മിനി സിവില്‍ സ്റ്റേഷന്‍ രണ്ടാം നിലയിലുള്ള അട്ടപ്പാടി ഐ.ടി.ഡി.പി ഓഫീസില്‍ യോഗ്യത, പ്രായം, ജാതി, പ്രവര്‍ത്തി പരിചയം തെളിയിക്കുന്ന രേഖകള്‍ സഹിതം എത്തണമെന്ന് പ്രോജക്ട് ഓഫീസര്‍ അറിയിച്ചു. ഫോണ്‍: 04924-254382

സ്‌പോര്‍ട്‌സ് ഹോസ്റ്റല്‍ സെലക്ഷന്‍ മാര്‍ച്ച് രണ്ട് മുതല്‍

കേരള സ്റ്റേറ്റ് സ്‌പോര്‍ട്‌സ് കൗണ്‍സിലിനു കീഴില്‍ വിവിധ ജില്ലകളില്‍ പ്രവര്‍ത്തിക്കുന്ന സ്‌പോര്‍ട്‌സ് ഹോസ്റ്റലുകള്‍, എലൈറ്റ്, ഓപ്പറേഷന്‍ ഒളിമ്പിയ സ്‌കീമുകളില്‍ 2022-23 അധ്യയന വര്‍ഷത്തേക്ക് ജില്ലാതല, സോണല്‍ സെലക്ഷന്‍ മാര്‍ച്ച് രണ്ടു മുതല്‍ 15 വരെ നടക്കും. 2022-23 അധ്യയന വര്‍ഷത്തെ ഏഴ്, എട്ട് ക്ലാസുകളിലേക്കും പ്ലസ് വണ്‍, കോളേജ് ഡിഗ്രി ഒന്നാം വര്‍ഷത്തേക്കുമാണ് കായികതാരങ്ങളെ തിരഞ്ഞെടുക്കുന്നത്. ബാസ്‌കറ്റ് ബോള്‍, സ്വിമ്മിങ്, ബോക്‌സിങ്, ജൂഡോ, ഫെന്‍സിങ്, ആര്‍ച്ചറി, റസ്ലിങ്, തയ്ക്വാണ്ടോ, സൈക്ലിങ്, നെറ്റ്ബാള്‍, കബഡി, ഖോ ഖോ, കനോയിങ് കയാക്കിങ്, റോവിങ്, ഹോക്കി (പെണ്‍കുട്ടികള്‍ക്ക് സ്‌കൂള്‍, പ്ലസ് വണ്‍ അക്കാഡമികളിലേക്ക് മാത്രം), ഹാന്‍ഡ് ബോള്‍ (പെണ്‍കുട്ടികള്‍ക്ക് സ്‌കൂള്‍, പ്ലസ് വണ്‍ അക്കാഡമികളിലേക്ക് മാത്രം), എന്നീ ഇനങ്ങളിലാണ് സോണല്‍ സെലക്ഷന്‍ നടക്കുക. പാലക്കാട്, തൃശ്ശൂര്‍ ജില്ലകളിലെ കുട്ടികള്‍ക്കായി സെലക്ഷന്‍ മാര്‍ച്ച് ഏഴ്, എട്ട് തീയതികളില്‍ തൃശ്ശൂര്‍ കോര്‍പ്പറേഷന്‍ സ്റ്റേഡിയത്തില്‍ നടത്തും. അത്‌ലറ്റിക്‌സ്, ഫുട്‌ബോള്‍, വോളീബോള്‍ എന്നീ കായികയിനങ്ങളില്‍ പാലക്കാട്, തൃശ്ശൂര്‍ ജില്ലകളിലെ കുട്ടികള്‍ക്ക് സെലക്ഷന്‍ മാര്‍ച്ച് ഏഴിന് പാലക്കാട് മെഡിക്കല്‍ കോളേജ് ഗ്രൗണ്ടിലും നടത്തും.

ട്രസ്റ്റി നിയമനം

ഒറ്റപ്പാലം താലൂക്കിലെ ഷൊര്‍ണ്ണൂര്‍ മുണ്ടക്കോട്ടുകുറുശ്ശി തൃക്കാരമണ്ണ ക്ഷേത്രത്തില്‍ ട്രസ്റ്റി നിയമനം നടത്തുന്നു. താല്‍പര്യമുള്ള ഹിന്ദുമത വിശ്വാസികള്‍ മാര്‍ച്ച് ഒമ്പതിന് വൈകിട്ട് അഞ്ചിനകം മലബാര്‍ ദേവസ്വം ബോര്‍ഡ് പാലക്കാട് അസിസ്റ്റന്റ് കമ്മീഷണര്‍ക്ക് നിശ്ചിത ഫോറത്തില്‍ അപേക്ഷ സമര്‍പ്പിക്കണം. അപേക്ഷാഫോറം പാലക്കാട് അസിസ്റ്റന്റ് കമ്മീഷണറുടെ ഓഫീസിലും ഒറ്റപ്പാലം ഡിവിഷന്‍ ഇന്‍സ്പെക്ടറുടെ ഓഫീസിലും ദേവസ്വം ബോര്‍ഡ് വെബ്സൈറ്റിലും www.malabardevaswom.kerala.gov.in ലഭിക്കും. ഫോണ്‍: 0491- 2505777

മൃതദേഹം സംസ്‌കരിച്ചു

പാലക്കാട് ജംഗ്ഷന്‍ റെയില്‍വേ സ്റ്റേഷനില്‍ അവശനിലയില്‍ കണ്ടെത്തുകയും ജില്ലാ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ മരണപ്പെടുകയും ചെയ്ത 60 വയസ് പ്രായം തോന്നിക്കുന്ന പുരുഷന്റെ മൃതദേഹം പത്രപരസ്യം നല്‍കി വിവരങ്ങള്‍ ലഭിക്കാത്ത സാഹചര്യത്തില്‍ സംസ്‌കരിച്ചതായി റെയില്‍വേ പോലീസ് സ്റ്റേഷന്‍ സബ് ഇന്‍സ്പെക്ടര്‍ അറിയിച്ചു. 163 സെ.മീ ഉയരം, വെളുത്തനിറം, കാവി ലുങ്കി, വെളുത്ത ഷര്‍ട്ട്, ബ്രൗണ്‍ നിറത്തിലുള്ള ബാഗ് എന്നിവയാണ് അടയാളങ്ങള്‍.

ദര്‍ഘാസ്

കോട്ടത്തറ ഗവ. ട്രൈബല്‍ സ്പെഷ്യാലിറ്റി ആശുപത്രിയില്‍ ലബോറട്ടറി ഫോര്‍മോണ്‍ അനലൈസര്‍ മെഷീന്‍, റീ ഏജന്റ് വിതരണം ചെയ്യുന്നതിന് ദര്‍ഘാസ് ക്ഷണിച്ചു. 5000 രൂപയാണ് നിരതദ്രവ്യം. ദര്‍ഘാസുകള്‍ ഫെബ്രുവരി 28 ന് ഉച്ചയ്ക്ക് 12 വരെ സ്വീകരിക്കും. അന്നേദിവസം ഉച്ചയ്ക്ക് മൂന്നിന് തുറക്കും. ഫോണ്‍: 8129543698, 9447238912

ക്വട്ടേഷന്‍

അട്ടപ്പാടി ഗവ. ഐ.ടി.ഐയുടെ കീഴിലെ ഡ്രൈവിങ് സ്‌കൂളിലേക്ക് ബജാജ് എം-80 സ്‌കൂട്ടര്‍ ലഭ്യമാക്കുന്നതിന് ക്വട്ടേഷന്‍ ക്ഷണിച്ചു. ക്വട്ടേഷന്‍ മാര്‍ച്ച് മൂന്നിന് വൈകീട്ട് നാലിനകം ഐ.ടി.ഐ ഓഫീസില്‍ ലഭിക്കണം. ഫോണ്‍: 04924 296516

പുനര്‍ ദര്‍ഘാസ്

വനിതാ ശിശുവികസന വകുപ്പ് ഐ.സി.ഡി.എസ് മണ്ണാര്‍ക്കാടിനു കീഴില്‍ വരുന്ന 130 അങ്കണവാടികള്‍ക്ക് കണ്ടിജന്‍സി സാധനങ്ങള്‍ വിതരണം ചെയ്യുന്നതിന് പുനര്‍ ദര്‍ഘാസ് ക്ഷണിച്ചു. 2600 രൂപയാണ് നിരതദ്രവ്യം. മാര്‍ച്ച് രണ്ടിന് ഉച്ചക്ക് രണ്ട് വരെ ദര്‍ഘാസ് സ്വീകരിക്കും. അന്നേ ദിവസം ഉച്ചക്ക് മൂന്നിന് ദര്‍ഘാസ് തുറക്കും. കൂടുതല്‍ വിവരങ്ങള്‍ ഓഫീസില്‍ ലഭിക്കും. ഫോണ്‍: 9747798418

error: Content is protected !!