Input your search keywords and press Enter.

കൊല്ലം ജില്ലാ അറിയിപ്പുകള്‍ ( 28/02/2022)

പ്രവര്‍ത്തനങ്ങള്‍ താഴേ തട്ടിലേക്ക്
‘വിഷന്‍ ബില്‍ഡിംഗ്’ ശില്പശാലയൊരുക്കി കുടുംബശ്രീ

കുടുംബശ്രീയുടെ പ്രവര്‍ത്തനങ്ങള്‍ താഴെ തട്ടിലേക്ക് വ്യാപിപ്പിച്ച് പ്രവര്‍ത്തന മികവൊരുക്കാന്‍ സി. ഡി. എസ്. ചെയര്‍പേഴ്‌സണ്‍മാര്‍ക്കായി ‘വിഷന്‍ ബില്‍ഡിംഗ്’ ശില്പശാല സംഘടിപ്പിച്ചു. സി.കേശവന്‍ മെമ്മോറിയല്‍ ടൗണ്‍ ഹാളില്‍  നടത്തിയ ശില്പശാലയുടെ ഉദ്ഘാടനം കുടുംബശ്രീ മിഷന്‍ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ പി. ഐ. ശ്രീവിദ്യ നിര്‍വഹിച്ചു.
സ്ത്രീകളിലൂടെ ദാരിദ്ര്യ നിര്‍മാര്‍ജനവും സാമ്പത്തിക – സാമൂഹിക ശാക്തീകരണവുമാണ് കുടുംബശ്രീ മിഷന്‍ ലക്ഷ്യമിടുന്നത്. മൂന്ന് വര്‍ഷത്തിലൊരിക്കലാണ് കുടുംബശ്രീ തിരഞ്ഞെടുപ്പ് നടത്തുന്നത്. നിലവില്‍ തിരഞ്ഞെടുപ്പ് പൂര്‍ത്തിയായ സാഹചര്യത്തില്‍, വരുന്ന മൂന്ന് വര്‍ഷ കാലയളവില്‍ കൂട്ടായ തീരുമാനങ്ങള്‍ എടുക്കാന്‍ ഓരോ സി. ഡി. എസിന്റെ നേതൃത്വത്തിലുള്ള ഭരണസംവിധാനത്തിനും കഴിയണം. സംഘടന സംവിധാനത്തിലൂടെ സാമൂഹിക പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്ത് പരിഹരിക്കാനാവും. കുടുംബശ്രീ മുഖേന ലഭ്യമാകുന്ന സഹായ-സഹകരണങ്ങള്‍ എന്തൊക്കെയാണെന്നും അതിനായി ആരെ സമീപിക്കണമെന്നുമുള്ള ധാരണ താഴെ തട്ടില്‍ എത്തിക്കണമെന്നും എക്‌സിക്യൂട്ടീവ് ഡയറക്ടര്‍  പറഞ്ഞു.
കൊല്ലം, തിരുവനന്തപുരം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം ജില്ലകളിലെ വിവിധ ഗ്രാമപഞ്ചായത്തുകളിലെ സി.ഡി.എസ് ചെയര്‍പേഴ്‌സണ്‍മാര്‍ക്കായാണ് പരിപാടി സംഘടിപ്പിച്ചത്.
കുടുംബശ്രീ മുഖേന മൂല്യവര്‍ധിത ഉല്‍പ്പന്നങ്ങളുടെ പ്രോത്സാഹനം, മാര്‍ക്കറ്റിംഗ് സംവിധാനങ്ങള്‍ വിപുലപ്പെടുത്തല്‍, കാര്‍ഷിക – മൃഗസംരക്ഷണ മേഖലയിലെ പദ്ധതികള്‍ നടപ്പിലാക്കുക എന്നിവയിലൂടെ സാമ്പത്തിക – സാമൂഹിക വികസനം എങ്ങനെ സാധ്യമാക്കാം, കുടുംബശ്രീ ചെറുകിട സംരംഭങ്ങള്‍ ആരംഭിക്കുന്നതിന് ആവശ്യമായ സാമ്പത്തിക സഹായം ലഭ്യമാക്കല്‍, ആദിവാസി ഊരുകളിലെയും സ്‌കൂളു കളിലേയും ലഹരി നിര്‍മാര്‍ജനം, സ്ത്രീധന നിരോധനം എന്നീ മേഘലകളിലെ ബോധവല്‍ക്കരണ പരിപാടികളില്‍ കുടുംബശ്രീ പ്രവര്‍ത്തകര്‍ക്കുള്ള പങ്ക് എന്നിവ ശില്പശാലയില്‍ ചര്‍ച്ച ചെയ്തു.
കുടുംബശ്രീ (ഡി.ഡി.യു.ജി.കെ.വൈ) പ്രോഗ്രാം മാനേജര്‍ എന്‍. പി ഷിബു ‘ കുടുംബശ്രീയും ഉപജീവന സാധ്യതകളും’,  പ്രോഗ്രാം മാനേജര്‍ (ജെന്‍ഡര്‍) വി. സിന്ദു ‘ കുടുംബശ്രീയും ജെന്‍ഡറും’, പ്രോഗ്രാം മാനേജര്‍ (സംഘടന) സി.സി നിഷാദ് ‘ കുടുംബശ്രീ പിന്തുണ സംവിധാനവും ഫിനാന്‍സ് മാനേജ്‌മെന്റും’ വിഷയങ്ങളില്‍ ക്ലാസ്സുകള്‍ നയിച്ചു.
അഞ്ച് ജില്ലകളിലെ കുടുംബശ്രീ മിഷന്‍ ജില്ലാ കോ-ഓര്‍ഡിനേറ്റര്‍മാരായ വി. ആര്‍. അജു, കെ. ആര്‍. ഷൈജു, കെ. എച്ച്. സലീന, ജെ. പ്രശാന്ത് ബാബു, അഭിലാഷ് ദിവാകര്‍ എന്നിവര്‍ പങ്കെടുത്തു.

 

എന്‍ട്രി; 150  വനിതകള്‍ക്ക് നിയമനം
ജില്ലാ പഞ്ചായത്തിന്റെ എന്‍ട്രി പദ്ധതിയിലൂടെ പട്ടിക ജാതി വിഭാഗത്തില്‍ പെട്ട 150 വനിതാ  ഉദ്യോഗാര്‍ത്ഥികള്‍ക്ക് ജില്ലയിലെ വിവിധ സര്‍ക്കാര്‍ പൊതുമേഖലാ സ്ഥാപനങ്ങളില്‍ ഡേറ്റാ എന്‍ട്രി ഓപ്പറേറ്റര്‍മാരായി  കരാര്‍ നിയമനം ലഭിച്ചു. രണ്ടു വര്‍ഷത്തേക്കാണ് നിയമനം. ജില്ലാ പഞ്ചായത്ത് ജയന്‍ സ്മാരക ഹാളില്‍ നടന്ന ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്  സാം കെ.ഡാനിയല്‍ ഉദ്യോഗാര്‍ത്ഥികള്‍ക്ക് നിയമന ഉത്തരവ് കൈമാറി.
തൊഴില്‍ ദായക പദ്ധതികള്‍ക്ക് മുന്‍ഗണന നല്‍കുമെന്നും  പട്ടിക ജാതി വിഭാഗത്തിലുള്ള ആയിരത്തിലധികം പേര്‍ക്ക്   വിവിധ പദ്ധതികളിലൂടെ  ഈ സാമ്പത്തിക വര്‍ഷം തന്നെ തൊഴില്‍ ലഭ്യമാക്കുന്നതിനുള്ള നടപടി സ്വീകരിക്കുമെന്നും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു.
വൈസ് പ്രസിഡന്റ് അഡ്വ. സുമലാല്‍ അദ്ധ്യക്ഷയായി. ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ അനില്‍ എസ്. കല്ലേലിഭാഗം, വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ജെ. നജീബത്ത്, പൊതുമരാമത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍  വസന്ത രമേശ്,
ആരോഗ്യ വിദ്യാഭ്യാസ സാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ ഡോ. പി.കെ.ഗോപന്‍,ജില്ലാ പഞ്ചായത്ത് അംഗങ്ങളായ ആര്‍. രശ്മി, എസ്. സോമന്‍, സി. അംബിക കുമാരി , ശ്യാമളയമ്മ, ജില്ലാ വനിതാ ക്ഷേമ ഓഫീസര്‍ ആര്‍. സുലജ, ജില്ലാ പഞ്ചായത്ത് സെക്രട്ടറി ബിനുല്‍ വാഹിദ് തുടങ്ങിയവര്‍ പങ്കെടുത്തു.

 

വിവരശേഖരണം നടത്തും
സാമ്പത്തിക സ്ഥിതിവിവരക്കണക്ക് വകുപ്പിന്റെ ആഭിമുഖ്യത്തില്‍ സംസ്ഥാനത്തെ കാര്‍ഷിക മേഖല ആശ്രയിക്കുന്ന പൊതു കമ്പോളങ്ങള്‍ അവയുടെ പ്രവര്‍ത്തന രീതികള്‍ എന്നിവയെക്കുറിച്ച്   സമഗ്രപഠനം നടത്തുന്നു. കാര്‍ഷിക ഉല്‍പ്പന്നങ്ങള്‍ വില്‍പ്പന നടത്തുന്ന മൊത്ത /ചില്ലറ വ്യാപാര കമ്പോളങ്ങളുടെ പട്ടിക തയ്യാറാക്കുക, കമ്പോളങ്ങളിലെ അടിസ്ഥാന സൗകര്യങ്ങളുടെയും അനുബന്ധ സേവനങ്ങളുടെയും ലഭ്യത മനസ്സിലാക്കുക, വ്യാപാരികള്‍ ആശ്രയിക്കുന്ന സംഭരണ ശാഖകളുടെ വിവരം തയ്യാറാക്കുക, കാര്‍ഷിക ഉല്പന്നങ്ങളുടെ വിപണന രീതി മനസ്സിലാക്കുക, മാര്‍ക്കറ്റ് ഇന്റലിജന്‍സ് വിഭാഗം ശക്തിപ്പെടുത്തുക എന്നിവയാണ് സര്‍വേയുടെ ലക്ഷ്യങ്ങള്‍.  കമ്പോളങ്ങളില്‍ വിപണനം നടത്തുന്ന സമയം, പ്രാദേശികമായും അയല്‍ജില്ല/ സംസ്ഥാനങ്ങളില്‍ നിന്നും വരുന്ന കാര്‍ഷിക ഉല്‍പ്പന്നങ്ങളുടെ വിവരശേഖരണം, മാസംതോറും വിപണനം ചെയ്യുന്ന ഉല്‍പ്പന്നങ്ങളുടെ അളവ് എന്നിവയുടെ വിവരശേഖരണവും  ലക്ഷ്യമിടുന്നു.
മാര്‍ച്ച് മൂന്നു മുതല്‍ 20 വരെയാണ്  കാലയളവ്. ജില്ല /താലൂക്ക് കേന്ദ്രങ്ങളില്‍ ഉള്ള സ്റ്റാറ്റിസ്റ്റിക്‌സ് ഇന്‍വെസ്റ്റിഗേറ്റര്‍മാര്‍ പൊതു കമ്പോളങ്ങളില്‍ നിന്നും വിവരങ്ങള്‍ ശേഖരിക്കുമെന്ന് ഡെപ്യൂട്ടി ഡയറക്ടര്‍ അറിയിച്ചു.

സാധ്യതാ ലിസ്റ്റ് പ്രസിദ്ധീകരിച്ചു
ജില്ലയിലെ എന്‍.സി.സി/ സൈനികക്ഷേമ വകുപ്പിലെ ലോവര്‍ ഡിവിഷന്‍ ക്ലര്‍ക്ക് തസ്തികയുടെ (കാറ്റഗറി നമ്പര്‍: 359/2018  എക്‌സ് സര്‍വീസ്‌മെന്‍)(ഫസ്റ്റ് എന്‍. സി. എ – എസ്. ഐ. യു. സി നാടാര്‍) സാധ്യതാ ലിസ്റ്റ് പി. എസ്. സി ഓഫീസര്‍ പ്രസിദ്ധീകരിച്ചതായി ജില്ലാ പി.എസ്. സി അറിയിച്ചു

ലേലം  
ഇത്തിക്കര ബ്ലോക്ക് പഞ്ചായത്ത് കോമ്പൗണ്ടിലെ 45 അക്വേഷ്യ മരങ്ങള്‍ മുറിച്ചുമാറ്റി  ഏറ്റെടുക്കുന്നതിനുള്ള ലേലം മാര്‍ച്ച് എട്ടിന് ഉച്ചയ്ക്ക് രണ്ട് മണിക്ക് നടത്തും.    കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍  0474 2593260.

സൗജന്യ പരിശീലനം
ജില്ലയിലെ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചുകളില്‍ പേര് രജിസ്റ്റര്‍ ചെയ്തിട്ടുള്ള ഉദ്യോഗാര്‍ത്ഥികളുടെ ഇംഗ്ലീഷ് ആശയ വിനിമയ കഴിവുകള്‍ മെച്ചപ്പെടുത്തുന്നതിനായി കൊട്ടാരക്കര കരിയര്‍ ഡവലപ്പ്‌മെന്റ് സെന്ററില്‍  20 ദിവസത്തെ സൗജന്യ ഇംഗ്ലീഷ് കമ്മ്യൂണിക്കേഷന്‍ ഡവലപ്പ്‌മെന്റ് പ്രോഗ്രാം നടത്തുന്നു. ബിരുദം, ബിരുദാനന്തര ബിരുദം, പ്രൊഫഷണല്‍ ബിരുദം ഉള്ളവര്‍ക്ക് മുന്‍ഗണന. പ്രായ പരിധി 18നും 35നും ഇടയില്‍. 30 പേര്‍ക്കാണ് പ്രവേശനം.
പരിശീലന പരിപാടിയില്‍ പങ്കെടുക്കാന്‍ ബന്ധപ്പെട്ട എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചുകളില്‍ മാര്‍ച്ച് 10നകം അപേക്ഷ നല്‍കണം.  അപേക്ഷ ഫോറം അതാത് എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചുകളില്‍ ലഭ്യമാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍ :0474 2457212

ഇന്‍ഡസ്ട്രിയല്‍ ട്രൈബ്യൂണല്‍ സിറ്റിംഗ്
കൊല്ലം ഇന്‍ഡസ്ട്രിയല്‍ ട്രൈബ്യൂണല്‍ സുനിത വിമല്‍ മാര്‍ച്ച്   എട്ട്, 15, 22 തീയതികളില്‍ പുനലൂരും മറ്റ് പ്രവൃത്തി ദിനങ്ങളില്‍ ആസ്ഥാനത്തും തൊഴില്‍ തര്‍ക്ക കേസുകളും എംപ്ലോയീസ് ഇന്‍ഷുറന്‍സ്, എംപ്ലോയീസ് കോമ്പന്‍സേഷന്‍ കേസുകളും വിചാരണ നടത്തും.

ദര്‍ഘാസ് ക്ഷണിച്ചു
പുനലൂര്‍ താലൂക്ക് ആശുപത്രിയിലേക്ക് ഏപ്രില്‍ ഒന്നു മുതല്‍ ഒരുവര്‍ഷത്തേക്ക് സ്‌കാനിംഗ് / ലാബ് ടെസ്റ്റുകള്‍ നടത്തുന്നതിന് ദര്‍ഘാസ് ക്ഷണിച്ചു. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി മാര്‍ച്ച് 16 വൈകിട്ട് മൂന്ന് മണിയ്ക്കകം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍ : 0475 2228702

റാങ്ക് പട്ടിക റദ്ദാക്കി
കൊല്ലം ജില്ലയില്‍ വിദ്യാഭ്യാസ വകുപ്പിലെ എച്ച്.എസ്.എ ഫിസിക്കല്‍  സയന്‍സ് (തമിഴ് മീഡിയം) തസ്തികയുടെ  (കാറ്റഗറി നമ്പര്‍ 050/16)   റാങ്ക് പട്ടിക റദ്ദാക്കിയതായി പി.എസ്.സി ജില്ലാ  ഓഫീസര്‍ അറിയിച്ചു.

വോക്ക്-ഇന്‍-ഇന്റര്‍വ്യൂ
കൊല്ലം കേന്ദ്രീയ വിദ്യാലയത്തില്‍ അടുത്ത അധ്യയന വര്‍ഷത്തിലേക്കുള്ള  അധ്യാപകരുടെയും ജീവനക്കാരുടെയും പാനല്‍ തയ്യാറാക്കുന്നതിന് മാര്‍ച്ച് മൂന്ന്, നാല് തീയതികളില്‍ വിദ്യാലയത്തില്‍ വോക്ക്-ഇന്‍-ഇന്റര്‍വ്യൂ നടത്തും. മാര്‍ച്ച് മൂന്നിന് പ്രൈമറി ടീച്ചര്‍, പി.ജി.ടി (കോമേഴ്‌സ്, ഇക്കണോമിക്സ്, കമ്പ്യൂട്ടര്‍ സയന്‍സ്), ടി.ജി.ടി (സോഷ്യല്‍ സയന്‍സ്), കമ്പ്യൂട്ടര്‍ ഇന്‍സ്ട്രക്ടര്‍, മലയാളം ടീച്ചര്‍, യോഗ, ആര്‍ട്ട്  പരിശീലകര്‍ എന്നീ തസ്തികകളിലേക്കും മാര്‍ച്ച് നാലിന് പി.ജി.ടി (ഫിസിക്സ്, കെമിസ്ട്രി, ബയോളജി, മാത്സ്, ഇംഗ്ലീഷ്, ഹിന്ദി),  ടി.ജി.ടി (ഇംഗ്ലീഷ്, ഹിന്ദി, സംസ്‌കൃതം, മാത്സ് ആന്‍ഡ് സയന്‍സ് (ബയോളജി), നഴ്സ്, കൗണ്‍സിലര്‍, ഡോക്ടര്‍ എന്നീ  തസ്തികകളിലേക്കും രാവിലെ ഒമ്പത്  മണി മുതല്‍ ഇന്റര്‍വ്യൂ നടത്തും. കൂടുതല്‍ വിവരങ്ങള്‍ക്ക്     https://kollam.kvs.ac.in .

പെന്‍ഷന്‍ രേഖകള്‍ കൈമാറി
വിരമിക്കുന്ന ദിവസം തന്നെ പെന്‍ഷന്‍ അനുവദിക്കുന്ന പദ്ധതിയായ പ്രയാസ് സ്‌കീം പ്രകാരം കല്‍ത്തുരുത്തി വെന്‍ച്വര്‍ എസ്റ്റേറ്റ് തൊഴിലാളിയായ രാജന്‍, മങ്ങാട് സായി എക്‌സ്‌പോര്‍ട്‌സിലെ തുളസീധരന്‍ എന്നിവര്‍ക്ക് കൊല്ലം പി.എഫ് ഓഫീസില്‍ ഇ.പി.എഫ്.ഒ കൊല്ലം അസിസ്റ്റന്റ് പി.എഫ് കമ്മീഷണര്‍ കെ. ജി വിനോദ് പെന്‍ഷന്‍ രേഖകള്‍ കൈമാറി.

error: Content is protected !!