Input your search keywords and press Enter.

പാലക്കാട് ജില്ലാ അറിയിപ്പുകള്‍ ( 28/02/2022)

ആസാദികാ അമൃത് മഹോത്സവത്തിന്റെ ഭാഗമായി പി.ആര്‍.ഡി സംഘടിപ്പിക്കുന്ന സാംസ്‌കാരിക പരിപാടിയുടെ ഭാഗമായി കല്ല്യാണസൗഗന്ധികം അരങ്ങുണര്‍ത്തും

സ്വാതന്ത്ര്വത്തിന്റെ 75-ാം വാര്‍ഷിക ദിനത്തിനോടനുബന്ധിച്ച് ആസാദി കാ അമൃത് മഹോത്സവത്തിന്റെ ഭാഗമായി ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് പബ്ലിക് റിലേഷന്‍സ് വകുപ്പ് സംഘടിപ്പിക്കുന്ന പാലക്കാടന്‍ തനത് കലാസാംസ്‌കാരിക പ്രഭാഷണ പരിപാടിയില്‍ തുള്ളല്‍ തിലകം കേരളശ്ശേരി പ്രഭാവതിയും സംഘവും ഓട്ടന്‍തുള്ളലില്‍ കല്യാണസൗഗന്ധികം വിഷയമാക്കി അരങ്ങുണര്‍ത്തും. 45 വര്‍ഷമായി തുള്ളല്‍ കലാരംഗത്തെ സജീവസാന്നിധ്യമാണ് കേരളശ്ശേരി പ്രഭാവതി. ഹാസ്യവും ലാളിത്യവും തനിമയും കൊണ്ട് ജനസ്വീകാര്യത ഏറെയുള്ള കലാരൂപമാണ് തുള്ളല്‍. വരേണ്യതയുടെ കാഴ്ചപ്പാടുകളെ മാറ്റി സാധാരണക്കാരന്റെ ഉള്ളിലേക്ക് ആഴ്ന്നിറങ്ങിയ കലാരൂപം.

തുള്ളലിനോടുള്ള അഭിനിവേശം കൊണ്ട് ഒമ്പതാം വയസ്സില്‍ അരങ്ങേറ്റം കുറിച്ച പ്രഭാവതി അച്ഛന്‍ രാമന്‍കുട്ടി വാര്യര്‍ രചിച്ച കലിയുടെ വികൃതി എന്ന തുള്ളല്‍ അവതരിപ്പിച്ചാണ് കലാരംഗത്തേക്ക് ചുവടുവയ്ക്കുന്നത്. പിന്നീട് തുള്ളല്‍കല ജീവിതത്തിന്റെ ഭാഗമായി മാറി. 1979 ല്‍ തുള്ളല്‍ തിലകം എന്ന കീര്‍ത്തിമുദ്ര ലഭിച്ചു. കേരള സര്‍ക്കാര്‍ സാംസ്‌കാരിക വകുപ്പിന്റെ 2013 ലെ കുഞ്ചന്‍ അവാര്‍ഡ്, 2014 ലെ കലാസാഗര്‍ അവാര്‍ഡ്, കലാ ദര്‍പ്പണ്‍ പുരസ്‌കാരം, തനിമ സാഹിത്യവേദി പുരസ്‌കാരം, ഒടുവില്‍ ഫൗണ്ടേഷന്‍ പുരസ്‌കാരം എന്നിങ്ങനെ നിരവധി പുരസ്‌കാരങ്ങള്‍ ലഭിച്ചിട്ടുണ്ട്. കേരള സര്‍ക്കാരിന്റെ ഫീല്‍ഡ് പബ്ലിസിറ്റിക്ക് വേണ്ടി മദ്യപാനം, സാക്ഷരത, കുടുംബാസൂത്രണം എന്നീ വിഷയങ്ങളെക്കുറിച്ച് അവതരിപ്പിച്ച തുള്ളല്‍ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. പാലക്കാടന്‍ തനത് കലാ സാംസ്‌കാരിക വേദിക്ക് പകിട്ടേകാന്‍ കല്ല്യാണസൗഗന്ധികം കഥയുമായി കേരളശ്ശേരി പ്രഭാവതിയും സംഘവും ഉണ്ടാകും.

പാലക്കാട് ഹോട്ടല്‍ ഇന്ദ്രപ്രസ്ഥയില്‍ നടക്കുന്ന പരിപാടിയുടെ ഉദ്ഘാടനം വൈകിട്ട് 3.30ന് വൈദ്യുതി വകുപ്പ് മന്ത്രി കെ. കൃഷ്ണന്‍കുട്ടി നിര്‍വഹിക്കും. തുടര്‍ന്ന് 4.15 മുതല്‍ പാലക്കാടന്‍ തനത് കലാസാംസ്‌കാരിക പരിപാടികള്‍ അരങ്ങിലെത്തും. പ്രവേശനം സൗജന്യമാണ്.


ഗോത്രവാദ്യ താളവുമായി നഞ്ചിയമ്മയ്ക്ക് ഒപ്പം പഴനി സ്വാമിയും

സ്വാതന്ത്ര്വത്തിന്റെ 75-ാം വാര്‍ഷിക ദിനത്തിനോടനുബന്ധിച്ച് ആസാദികാ അമൃത് മഹോത്സവത്തിന്റെ ഭാഗമായി ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് പബ്ലിക് റിലേഷന്‍സ് വകുപ്പ്  സംഘടിപ്പിക്കുന്ന പാലക്കാടന്‍ തനത് കലാസാംസ്‌കാരിക പ്രഭാഷണ പരിപാടിയില്‍ ഗോത്രവാദ്യ താളവുമായി നഞ്ചിയമ്മയ്‌ക്കൊപ്പം പഴനി സ്വാമിയും കാണികളുടെ മനം കവരും. ആദിവാസി സംസ്‌കാരത്തിന്റെയും ചരിത്രത്തിന്റെയും ഭാഗമായ പരമ്പരാഗത കലാരൂപങ്ങളും വാദ്യോപകരണങ്ങളും ഉപയോഗിച്ചുള്ള പ്രകടനത്തില്‍ 16 കലാകാരന്മാര്‍ അണി നിരക്കും.

ആദിവാസി കലാകാരനും അട്ടപ്പാടി സ്വദേശിയുമായ പഴനി സ്വാമി, അയ്യപ്പനും കോശിയും എന്ന ചിത്രത്തിലെ എക്സൈസ് ഇന്‍സ്പെക്ടറുടെ വേഷം ചെയ്തിട്ടുണ്ട്. പഴനി സ്വാമി നേതൃത്വം നല്‍കുന്ന ആസാദ് കലാസംഘത്തില്‍ അംഗമാണ് നഞ്ചിയമ്മ. സ്ത്രീകള്‍ ഉള്‍പ്പെടെ ഒന്നര ഡസനോളം അംഗങ്ങള്‍ സംഘത്തിലുണ്ട്. സംഘം ഡല്‍ഹിയില്‍ നടന്ന നാഷണല്‍ ട്രൈബല്‍ ഫെസ്റ്റിവലില്‍ മൂന്നു തവണ കലാപ്രകടനം കാഴ്ചവച്ചിട്ടുണ്ട്. സിനിമ കൊണ്ടുവന്ന പേരും പെരുമയും തങ്ങളില്‍ ഒതുക്കാതെ മറ്റുള്ളവര്‍ക്ക് കൂടി പ്രയോജനപ്പെടുത്തുക എന്നതാണ് ഇവര്‍ ലക്ഷ്യമിടുന്നത്. പഴശ്ശിരാജ, അന്‍വര്‍, സപ്തമശ്രീ തസ്‌കരാഃ തുടങ്ങിയ ചിത്രങ്ങളില്‍ മുമ്പ് പഴനി സ്വാമി ഭാഗമായിട്ടുണ്ട്. 2012ല്‍ ‘ഗോത്രായനം’ പരിപാടിയില്‍ പ്രത്യേക പുരസ്‌കാരവും 2015ല്‍ സംസ്ഥാന ഫോക് ലോര്‍ അവാര്‍ഡും നേടിയിട്ടുണ്ട്. വനംവകുപ്പില്‍ റിസര്‍വ് ഫോറസ്റ്റ് വാച്ചറാണ് പഴനിസ്വാമി. കലാപ്രകടനത്തില്‍ ഊരിലെ പൊറ, ദവില്‍, കൊഗല്, ജാല്‍ട്ര, ചെലങ്ക തുടങ്ങിയ പ്രധാന ആദിവാസി വാദ്യോപകരണങ്ങള്‍ ഉപയോഗിക്കും.

സ്‌കൂള്‍ കുട്ടികളോട് അപമര്യാദയായ പെരുമാറ്റം; സ്വകാര്യ ബസ് ജീവനക്കാരുടെ ലൈസന്‍സും ബസ് പെര്‍മിറ്റും റദ്ദ് ചെയ്യണമെന്ന് ബാലാവകാശ കമ്മീഷന്‍

കേരളത്തിലെ സ്വകാര്യ സ്റ്റേജ് കാര്യേജ് ബസ് ജീവനക്കാര്‍ കുട്ടികളോട് അപമര്യാദയായും വിവേചനപരമായും പെരുമാറിയാല്‍ ജീവനക്കാരുടെ ലൈസന്‍സും ബസിന്റെ പെര്‍മിറ്റും റദ്ദ് ചെയ്യണമെന്ന് ബാലാവകാശ കമ്മീഷന്‍ ഉത്തരവായി. ഇത്തരം സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്താല്‍ ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണറും സംസ്ഥാന പോലീസ് മേധാവിയും ആവശ്യമായ നിയമ നടപടികള്‍ സ്വീകരിക്കണമെന്നും നിര്‍ദ്ദേശം നല്‍കി. ബാലാവകാശ കമ്മീഷന്‍ അംഗം റെനി ആന്റണി പുറപ്പെടുവിച്ച ഉത്തരവിലാണ് നിര്‍ദ്ദേശം. സ്വകാര്യ ബസുകളില്‍ വിദ്യാര്‍ത്ഥികള്‍ക്ക് യാത്രാ സൗജന്യം നിഷേധിക്കുന്നതും സീറ്റ് ഒഴിഞ്ഞു കിടന്നാലും കുട്ടികളെ ഇരിക്കാന്‍ അനുവദിക്കാത്തതും കമ്മീഷന്‍ ഗൗരവമായാണ് കാണുന്നത്. വിദ്യാര്‍ത്ഥികള്‍ കൈ കാണിച്ചാല്‍ നിര്‍ത്താതെ പോകുന്നതും സീറ്റില്‍ ഇരുന്നുള്ള യാത്ര നിഷേധിക്കുന്നതും കുട്ടികളോടുള്ള കടുത്ത വിവേചനവും കുട്ടികള്‍ക്കായുള്ള ദേശീയവും അന്തര്‍ദേശീയവുമായ അവകാശ നിയമങ്ങളുടെ ലംഘനവുമാണെ് വിലയിരുത്തിയ കമ്മീഷന്‍ ഇത്തരം സംഭവങ്ങളുണ്ടായാല്‍ കര്‍ശന നടപടി സ്വീകരിക്കാനും ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ക്ക് നിര്‍ദ്ദേശം നല്‍കി. കുട്ടികള്‍ക്ക് സ്‌കൂളിലെത്താനുള്ള ബസ്, സ്റ്റോപ്പില്‍ നിര്‍ത്താതെ പോകുന്നു, ബസില്‍ കയറിയാല്‍ ബസ് ജീവനക്കാര്‍ കുട്ടികളോട് അപമര്യാദയായി പെരുമാറുന്നു, കുട്ടികള്‍ക്ക് പരീക്ഷകള്‍ക്ക് സമയത്തിന് എത്താന്‍ കഴിയുന്നില്ല തുടങ്ങിയ പരാതികളുന്നയിച്ച് ഇടുക്കിയിലെ റ്റോം ജോസഫ് ബാലാവകാശ കമ്മീഷന് സമര്‍പ്പിച്ച ഹര്‍ജി പരിഗണിച്ചാണ് ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്.

 
മണപ്പുള്ളിക്കാവ് വേല: ഡ്രൈഡേ പ്രഖ്യാപിച്ചു

മണപ്പുള്ളിക്കാവ് വേലയോടാനുബന്ധിച്ച് മാര്‍ച്ച് മൂന്നിന് പാലക്കാട് നഗരസഭയിലും കണ്ണാടി, മരുതറോഡ് പഞ്ചായത്തുകളിലും ഡ്രൈ ഡേ പ്രഖ്യാപിച്ചതായി  ജില്ലാ കലക്ടര്‍ അറിയിച്ചു.

 
ജാഗ്രത പുലര്‍ത്തണം

പട്ടികവര്‍ഗ്ഗ വിദ്യാര്‍ത്ഥികള്‍ക്ക് കേന്ദ്ര സര്‍ക്കാറിന്റെ വിദ്യാഭ്യാസാനുകൂല്യങ്ങള്‍ നല്‍കുന്നതിന് വ്യക്തമായ മാനദണ്ഡങ്ങള്‍ നിലവിലുള്ളതിനാല്‍ വിവിധ ഏജന്‍സികള്‍ / സ്ഥാപനങ്ങള്‍ മുഖേന അന്യ സംസ്ഥാനങ്ങളിലെ അംഗീകാരമില്ലാത്ത വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ വിവിധ കോഴ്‌സുകള്‍ പഠിക്കുന്ന  വിദ്യാര്‍ഥികള്‍ക്ക്  കേന്ദ്ര സര്‍ക്കാറിന്റെ ആനുകൂല്യങ്ങള്‍ ലഭിക്കുന്നതിന് അര്‍ഹതയില്ലാത്ത സാഹചര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. ഇത്തരം സ്ഥാപനങ്ങളുടെ ചതിയില്‍പെടാതിരിക്കാന്‍ എല്ലാ രക്ഷിതാക്കളും വിദ്യാര്‍ത്ഥികളും ജാഗ്രത പുലര്‍ത്തണമെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു.

 
പാലക്കാട് താലൂക്ക് വികസന സമിതി യോഗം മാര്‍ച്ച് അഞ്ചിന്

പാലക്കാട് താലൂക്ക് വികസന സമിതി യോഗം മാര്‍ച്ച് അഞ്ചിന് രാവിലെ 10.30 ന്  പാലക്കാട് താലൂക്ക് കോണ്‍ഫറന്‍സ് ഹാളില്‍ നടക്കുമെന്ന് തഹസില്‍ദാര്‍ അറിയിച്ചു.

പരിശീലനം

മലമ്പുഴ സര്‍ക്കാര്‍ മൃഗസംരക്ഷണ പരിശീലന കേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ ‘പശുവളര്‍ത്തല്‍’ വിഷത്തില്‍ മാര്‍ച്ച് നാലിന് മലമ്പുഴ മൃഗസംരക്ഷണ പരിശീലന കേന്ദ്രത്തില്‍ രാവിലെ 10 മുതല്‍ വൈകീട്ട് നാല് വരെ പരിശീലനം നടത്തും. പങ്കെടുക്കുന്നവര്‍ കോവിഡ് വാക്‌സിനേഷന്‍ സര്‍ട്ടിഫിക്കറ്റ്, ആധാര്‍ കാര്‍ഡുമായി എത്തണമെന്ന് അസിസ്റ്റന്റ് ഡയറക്ടര്‍ അറിയിച്ചു. പരിശീലനത്തില്‍ പങ്കെടുക്കുന്നവര്‍ 0491 – 2815454 നമ്പറില്‍ മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്യണം.

അഭിമുഖം

ജില്ലയിലെ വിദ്യാഭ്യാസ വകുപ്പില്‍ മലയാളം എല്‍.പി സ്‌കൂള്‍ ടീച്ചര്‍ (കാറ്റഗറി നമ്പര്‍ 516/2019) തസ്തികയുടെ തെരഞ്ഞെടുപ്പിനായി സര്‍ട്ടിഫിക്കറ്റ് പരിശോധനക്ക് ഹാജരായ ഉദ്യോഗാര്‍ഥികളുടെ നാലാംഘട്ട അഭിമുഖം കേരള പബ്ലിക് സര്‍വീസ് കമ്മീഷന്‍ പാലക്കാട് ജില്ലാ ഓഫീസില്‍ മാര്‍ച്ച് മൂന്ന്, നാല്, ഒമ്പത്, 10, 11, 16, 17, 18, 23, 24 തീയതികളില്‍ നടക്കും. ഉദ്യോഗാര്‍ത്ഥികള്‍ വണ്‍ ടൈം വെരിഫിക്കേഷന്‍ സര്‍ട്ടിഫിക്കറ്റും, അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളുമായി കൂടിക്കാഴ്ചക്ക് എത്തണമെന്ന് കേരള പബ്ലിക് സര്‍വീസ് കമ്മീഷന്‍ ജില്ലാ ഓഫീസര്‍ അറിയിച്ചു.

 
ഗതാഗത നിയന്ത്രണം

കല്‍മണ്ഡപം -കല്‍പ്പാത്തി റോഡില്‍ കൊപ്പം ബൈപ്പാസ് ജംഗ്ഷനില്‍ അരിക്ചാല്‍ നിര്‍മാണ പ്രവൃത്തി നടക്കുന്നതിനാല്‍ കൊപ്പം എല്‍.പി.സ്‌കൂള്‍ മുതല്‍ ബൈപ്പാസ് വരെയുള്ള വാഹന ഗതാഗതം മാര്‍ച്ച് അഞ്ച് മുതല്‍ നിരോധിച്ചതായി അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു. ഹെഡ് പോസ്റ്റോഫീസ് ജംഗ്ഷനില്‍ നിന്നും പുത്തൂര്‍ ഭാഗത്തേക്കുള്ള വാഹനങ്ങള്‍ കല്‍മണ്ഡപം- കല്‍പ്പാത്തി ബൈപാസ് വഴി തിരിഞ്ഞ് പോകണം.

സ്പോര്‍ട്സ് അക്കാദമി തെരഞ്ഞെടുപ്പ്

സംസ്ഥാന സ്പോര്‍ട്സ് കൗണ്‍സിലിന് കീഴിലുള്ള വിവിധ ജില്ലകളിലെ സ്‌കൂള്‍, പ്ലസ് വണ്‍, കോളേജ്,സ്പോര്‍ട്സ് അക്കാദമിയിലേക്കും, ഓപ്പറേഷന്‍ ഒളിമ്പിയ സ്‌കീംമിലേക്കും 2022 -23 വര്‍ഷത്തെ പാലക്കാട്, തൃശ്ശൂര്‍ ജില്ലകളിലെ കുട്ടികള്‍ക്കായി ജില്ലാതല തെരഞ്ഞെടുപ്പ് പാലക്കാട് മെഡിക്കല്‍ കോളേജ് ഗ്രൗണ്ടില്‍ മാര്‍ച്ച് ഏഴിന് നടത്തും. ഈ അധ്യയന വര്‍ഷം ആറ്, ഏഴ് ക്ലാസ്സുകളില്‍ പഠിക്കുന്നവര്‍ക്ക് സ്‌കൂള്‍ അക്കാദമി തെരഞ്ഞെടുപ്പിലും പ്ലസ് വണ്ണിലേക്കും ഡിഗ്രി ഒന്നാം വര്‍ഷത്തിലേക്കും ഈ വര്‍ഷം അഡ്മിഷന്‍ ലഭിക്കുന്നവര്‍ക്ക് പ്ലസ് വണ്‍, കോളേജ് സ്പോര്‍ട്സ് അക്കാദമി തെരഞ്ഞെടുപ്പിലും പങ്കെടുക്കാം. താത്പര്യമുള്ളവര്‍ പഠിക്കുന്ന ക്ലാസ്സ്, വയസ്സ് തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ്, സ്പോര്‍ട്സ് പ്രാവീണ്യം നേടിയ സര്‍ട്ടിഫിക്കറ്റ്, രണ്ട് പാസ്പോര്‍ട്ട് സൈസ് ഫോട്ടോ സഹിതം മാര്‍ച്ച് ഏഴിന് രാവിലെ എട്ടിന് ജില്ലാതല സെലക്ഷന് എത്തണം.

ബാസ്‌ക്കറ്റ് ബോള്‍, നീന്തല്‍, ബോക്സിങ്, ജൂഡോ, ഫെന്‍സിങ്, ആര്‍ച്ചറി, റസലിങ്, തൈക്കോണ്ട, സൈക്കിള്‍, ഹോക്കി, കബഡി, ഹാന്‍ഡ് ബോള്‍, നെറ്റ് ബോള്‍, ഖോ-ഖോ, കനോയിംഗ്, കയാക്കിംഗ്, റോവിങ് എന്നിവയിലേക്കുള്ള സോണല്‍ സെലക്ഷന്‍ മാര്‍ച്ച് ഏഴ്, എട്ട് തീയതികളില്‍ തൃശ്ശൂര്‍ കോര്‍പ്പറേഷന്‍ സ്റ്റേഡിയത്തില്‍ നടക്കും. പങ്കെടുക്കുന്നവര്‍ രാവിലെ എട്ടിന് എത്തണമെന്ന് ജില്ലാ സ്പോര്‍ട്സ് കൗണ്‍സില്‍ സെക്രട്ടറി അറിയിച്ചു. ഫോണ്‍: 0491-2505100, 9497145438.

error: Content is protected !!