Input your search keywords and press Enter.

റെയില്‍വേ അടിപ്പാത സഞ്ചാര യോഗ്യമാക്കാന്‍ നടപടിക്ക് തീരുമാനമായി

 

മഴക്കാലത്ത് വെള്ളക്കെട്ട് രൂപപ്പെടുന്ന കറ്റോട് – തിരുമൂലപുരം, മനയ്ക്കച്ചിറ – കുറ്റൂര്‍ റെയില്‍വേ അടിപ്പാതകള്‍ സഞ്ചാര യോഗ്യമാക്കാനുള്ള നടപടികള്‍ എത്രയും വേഗം സ്വീകരിക്കാന്‍ തീരുമാനമായി. റെയില്‍വേ അടിപ്പാതകളിലെ വെള്ളക്കെട്ടിന് ശാശ്വത പരിഹാരം കാണുന്നതു സംബന്ധിച്ച് ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ് അയ്യരുടെ അധ്യക്ഷതയില്‍ കളക്ടറേറ്റില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം. കഴിഞ്ഞ മാസം അഡ്വ. മാത്യു ടി. തോമസ് എംഎല്‍എയുടെ നേതൃത്വത്തില്‍ നടന്ന റെയില്‍വേ അടിപ്പാതകളുടെ സ്ഥല പരിശോധനയില്‍ തീരുമാനിച്ചതു പ്രകാരമാണ് സാങ്കേതിക വശങ്ങള്‍ ചര്‍ച്ച ചെയ്ത് പരിഹാരം കണ്ടെത്തുന്നതിനായി യോഗം ചേര്‍ന്നത്.

റോഡിന്റെ ഇരുവശത്തുമുള്ള സംരക്ഷണഭിത്തിയിലെ ചോര്‍ച്ച തടയുന്നതിനും മേല്‍ക്കൂരയില്‍ നിന്നും വെള്ളം അടിപ്പാതയിലേക്ക് ഒഴുകി വരാതിരിക്കാനും ആവശ്യമായ നടപടികള്‍ റെയില്‍വേ സ്വീകരിക്കും. അടിപ്പാതയില്‍ കെട്ടിക്കിടക്കുന്ന വെള്ളം നീക്കം ചെയ്യാന്‍ രണ്ടു പമ്പുകള്‍ റെയില്‍വേ സ്ഥാപിക്കും. പിഡബ്ലുഡിയുടേയും കെആര്‍എഫ്ബിയുടേയും അനുബന്ധ റോഡുകളും, കറ്റോട് – തിരുമൂലപുരം, മനയ്ക്കച്ചിറ – കുറ്റൂര്‍ റോഡുകളിലേയും അഴുക്കുചാലിന്റെ വീതി വര്‍ധിപ്പിക്കാനും യോഗത്തില്‍ തീരുമാനമായി. അടിപ്പാതയ്ക്കുള്ളില്‍ വഴി വിളക്ക് സ്ഥാപിക്കുന്നതിനും നടപടിയെടുക്കും.

പൊതുമരാമത്ത്, റെയില്‍വേ, ഇറിഗേഷന്‍, കെഎസ്ഇബി, തിരുവല്ല നഗരസഭ, കുറ്റൂര്‍ പഞ്ചായത്ത് തുടങ്ങിയ വകുപ്പുകളിലെ ഉദ്യോഗസ്ഥര്‍ യോഗത്തില്‍ സംബന്ധിച്ചു.

error: Content is protected !!