പോലീസ് പട്രോളിങ് ശക്തമാക്കും
ആശ്രാമം മൈതാനം സംരക്ഷിക്കുന്നതിന് നടപടി – ജില്ലാ കലക്ടര്‍
ആശ്രാമം മൈതാനം സംരക്ഷിക്കുന്നതിന് സുശക്ത നടപടികള്‍ സ്വീകരിക്കുമെന്ന് ജില്ലാ കലക്ടര്‍ അഫ്‌സാന പര്‍വീണ്‍. പ്രദേശത്ത് നിയമവിരുദ്ധ പ്രവര്‍ത്തനവും മാലിന്യം ഉപേക്ഷിക്കലും നടക്കുന്നുവെന്ന് പരാതി കിട്ടിയ പശ്ചാത്തലത്തില്‍ സ്ഥലം സന്ദര്‍ശിച്ച ശേഷം ചേംബറില്‍ നടത്തിയ യോഗത്തിലാണ് തീരുമാനം അറിയിച്ചത്.
രാത്രികാലങ്ങളില്‍ ഉണ്ടാകാനിടയുള്ള നിയമവിരുദ്ധ പ്രവര്‍ത്തനങ്ങളുടെ സാധ്യത കണക്കിലെടുത്താണ് പോലീസ് പട്രോളിംഗ് കൂടുതല്‍ ശക്തമാക്കുന്നത്. മൈതാനത്തിനു ചുറ്റും ബയോ ഫെന്‍സിങ് നിര്‍മിക്കാന്‍ സോഷ്യല്‍ ഫോറസ്ട്രി പ്ലാന്‍ തയ്യാറാക്കണം. ഇത് സര്‍ക്കാരിന് സമര്‍പ്പിച്ച് തുടര്‍ നടപടികള്‍ സ്വീകരിക്കും. ശുചിത്വമിഷന്റെ നേതൃത്വത്തില്‍ സന്നദ്ധ സംഘടനകള്‍, വിദ്യാര്‍ത്ഥികള്‍, കോര്‍പ്പറേഷന്‍ തുടങ്ങിയവയെ ഉള്‍പ്പെടുത്തി ഏപ്രില്‍ ആദ്യവാരം ക്ലീനിങ് ഡ്രൈവ് നടത്തും. സ്വാഭാവിക സൗന്ദര്യവത്കരണം നടത്തുന്നതിന് ഡി.ടി.പി.സി പുതിയ പ്ലാന്‍ തയ്യാറാക്കി സമര്‍പ്പിക്കണമെന്നും നിര്‍ദേശിച്ചു.
എ.ഡി.എം എന്‍. സാജിതാ ബീഗം, ഡി.ടി.പി.സി സെക്രട്ടറി ഡോ. രമ്യ ആര്‍. കുമാര്‍, ഹരിത കേരളം മിഷന്‍ ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ എസ്. ഐസക്, തഹസില്‍ദാര്‍ ശശിധരന്‍പിള്ള, ശുചിത്വമിഷന്‍ പ്രോഗ്രാം ഓഫീസര്‍ ഷാനവാസ് തുടങ്ങിയവര്‍ പങ്കെടുത്തു.
തീരസംരക്ഷണ പ്രവര്‍ത്തനങ്ങള്‍ വേഗത്തിലാക്കും: ജില്ലാ കലക്ടര്‍
ആലപ്പാട് പഞ്ചായത്തിലെ കടല്‍ക്ഷോഭബാധിത പ്രദേശങ്ങളില്‍ അടിയന്തരമായി തീരസംരക്ഷണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കുമെന്ന് ജില്ലാ കലക്ടര്‍ അഫ്‌സാന പര്‍വീണ്‍. സി. ആര്‍ മഹേഷ് എം. എല്‍. എയുടെ സാന്നിദ്ധ്യത്തില്‍ ചേമ്പറില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം.
ഇറിഗേഷന്‍ വകുപ്പ്, ഐ.ആര്‍.ഇ എന്നിവയുടെ മേല്‍നോട്ടത്തില്‍ പണിക്കര്‍കടവ് പാലം ഉള്‍പ്പെടെ നാല് നിര്‍മാണ പ്രവര്‍ത്തികള്‍ ഉടന്‍ പൂര്‍ത്തീകരിക്കണം. എല്ലാ മാസവും അവലോകനയോഗവും ചേരും. പാറ ലഭ്യതയ്ക്കായി ക്വാറി ഉടമകളുമായി ചര്‍ച്ച നടത്തും. 50 ശതമാനം പാറ സര്‍ക്കാര്‍ ആവശ്യങ്ങള്‍ക്ക് വിട്ടു നല്‍കണമെന്ന ഉത്തരവുണ്ട്. ഇതിന് തയ്യാറാകാത്ത ക്വാറികളുടെ എന്‍.ഒ.സി റദ്ദാക്കുമെന്നും കലക്ടര്‍ പറഞ്ഞു.
ആലപ്പാട് പ്രദേശത്തെ ജനങ്ങളുടെ ജീവിതത്തിന് ആവശ്യമായ സുരക്ഷ ഉറപ്പാക്കണം. ഖനനം നടക്കുന്ന പ്രദേശങ്ങളില്‍ റീഫില്ലിംഗ് നടത്തണം. പണിക്കര്‍ക്കടവ് പാലം ഉള്‍പ്പെടെയുള്ളവ സമയബന്ധിതമായി പൂര്‍ത്തിയാക്കണമെന്നും എം. എല്‍. എ ആവശ്യപ്പെട്ടു.
എ.ഡി.എം എന്‍. സാജിത ബീഗം, ആലപ്പാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് യു. ഉല്ലാസ്, ജില്ലാ പഞ്ചായത്തംഗം വസന്ത രമേശ്, ഓച്ചിറ ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ ഷെര്‍ളി ശ്രീകുമാര്‍, നിഷ അജയകുമാര്‍, കരുനാഗപ്പള്ളി തഹസില്‍ദാര്‍ പി. ഷിബു, ഇറിഗേഷന്‍ ചവറ സബ് ഡിവിഷന്‍ അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ ജി. പി. സുഗേഷ് കൃഷ്ണ, ജില്ലാ ദുരന്ത നിവാരണ അതോറിറ്റി ജൂനിയര്‍ സൂപ്രണ്ട് എ. സന്തോഷ് കുമാര്‍, കെ.എം.എം. എല്‍. – ഐ. ആര്‍. ഇ. ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
ഇ-ലേലം
റൂറല്‍ ജില്ലാ പോലീസ് മേധാവിയുടെ അധീനതയിലുള്ള 13 വാഹനങ്ങളുടെ ലേലം മാര്‍ച്ച് 14ന് രാവിലെ 11 മണി മുതല്‍ ഉച്ചയ്ക്ക് 3.30 വരെ ഓണ്‍ലൈനായി എം.എസ്.ടി.സി ലിമിറ്റഡിന്റെ വെബ് സൈറ്റായ www.mstcecommerce.com
പ്രോജക്ട് അസിസ്റ്റന്റ് നിയമനം
ഇത്തിക്കര ബ്ലോക്ക് പഞ്ചായത്തില്‍ ദിവസവേതനാടിസ്ഥാനത്തില്‍ പ്രോജക്ട് അസിസ്റ്റന്റിനെ നിയമിക്കുന്നു. യോഗ്യത- സംസ്ഥാന പരീക്ഷാ കണ്‍ട്രോളര്‍/ സാങ്കേതിക വിദ്യാഭ്യാസ ബോര്‍ഡ് നടത്തുന്ന മൂന്ന് വര്‍ഷത്തെ ഡിപ്ലോമ ഇന്‍ കൊമേഴ്‌സ്യല്‍ പ്രാക്ടീസ് (ഡി.സി.പി)/ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍ ആന്റ് ബിസിനസ് മാനേജ്‌മെന്റ് അല്ലെങ്കില്‍ കേരളത്തിലെ സര്‍വ്വകലാശാലകള്‍ അംഗീകരിച്ചിട്ടുള്ള ബിരുദവും ഒപ്പം ഒരു വര്‍ഷത്തില്‍ കുറയാതെയുള്ള അംഗീകൃത ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷനോ, പി.ജി.ഡി.സിഎയോ പാസായിരിക്കണം.
പ്രായപരിധി 2021 ജനുവരി ഒന്നിന് 18 നും 30 നും ഇടയില്‍. പട്ടികജാതി/പട്ടികവര്‍ഗ വിഭാഗങ്ങള്‍ക്ക് മൂന്ന് വര്‍ഷത്തെ ഇളവുണ്ട്. ബയോഡേറ്റയും സര്‍ട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളും സഹിതം മാര്‍ച്ച് 14ന് വൈകിട്ട് 4.00 മണിക്കകം ബ്ലോക്ക് ഓഫീസില്‍ അപേക്ഷ നല്‍കണം.കൂടുതല്‍ വിവരങ്ങള്‍ക്ക് [email protected] ഫോ
ലക്ഷ്മിനട മുതല്‍ യൂണിറ്റിലൈന്‍ വരെയുള്ള റോഡ് അറ്റകുറ്റപണിക്കായി മാര്‍ച്ച് ഏഴ് മുതല്‍ ഒരു മാസക്കാലയളവിലേക്ക് ലക്ഷ്മിനട-ആല്‍ത്തറമൂട് റോഡില്‍ പൊതുഗതാഗതത്തിന് നിയന്ത്രണം ഏര്‍പ്പെടുത്തിയെന്ന ഹാര്‍ബര്‍ എഞ്ചിനീയറിംഗ് എക്‌സിക്യുട്ടിവ് എഞ്ചിനീയര്‍ അറിയിച്ചു.
റീ ടെണ്ടര്‍
അഞ്ചല്‍ ഐ.സി.ഡി.എസ് ഓഫീസിലേക്ക് 2023 ഫെബ്രുവരി 28 വരെ കരാറടിസ്ഥാനത്തില്‍ വാഹനം വാടകയ്ക്ക് നല്‍കുന്നതിന് റീ ടെണ്ടര്‍ ക്ഷണിച്ചു. മാര്‍ച്ച് ഏഴ് പകല്‍ 11 മണിക്കകം സമര്‍പ്പിക്കണം. വിശദവിവരങ്ങള്‍ അഞ്ചല്‍ ഐ.സി.ഡി.എസ് ഓഫീസിലും 0475 2270716 നമ്പരിലും ലഭിക്കും.
കെല്‍ട്രോണ്‍ കോഴ്‌സുകള്‍
കെല്‍ട്രോണിന്റെ ഒരു വര്‍ഷം ദൈര്‍ഘ്യമുള്ള ടി.ടി.സി, മൂന്നുമാസം/ആറുമാസം ദൈര്‍ഘ്യമുള്ള അക്കൗണ്ടിംഗ് കോഴ്‌സ് എന്നിവയിലേക്ക് അപേക്ഷ ക്ഷണിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് ഹെഡ് ഓഫ് സെന്റര്‍, കെല്‍ട്രോണ്‍ നോളജ് സെന്റര്‍, ടൗണ്‍ അതിര്‍ത്തി കൊല്ലം. ഫോണ്‍ 9072592402.
പരിശീലനം തുടങ്ങി
ഇന്റന്‍സിഫൈഡ് ഹൈപ്പര്‍ ടെന്‍ഷന്‍ കണ്‍ട്രോള്‍ ഇനിഷ്യേറ്റീവ് (ഐ. എച്ച്. സി. ഐ) പ്രോഗ്രാം വിപുലമാക്കുന്നതിന്റെ ഭാഗമായി ഡോക്ടര്‍മാര്‍ക്കുള്ള പരിശീലന പരിപാടി ആരംഭിച്ചു. ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ബിന്ദു മോഹന്‍ ഉദ്ഘാടനം ചെയ്തു. മാര്‍ച്ച് ഏഴ്, ഒമ്പത് തീയതികളില്‍ അടുത്ത രണ്ട് ബാച്ചുകളുടെ പരിശീലനം നടത്തും .
പദ്ധതിയുടെ ഭാഗമായി 18 വയസിന് മുകളിലുള്ളവരുടെ രക്തസമ്മര്‍ദ്ദവും 30 വയസ്സിന് മുകളിലുള്ളവരുടെ പ്രമേഹ പരിശോധനയും നടത്തി. രോഗം കണ്ടെത്തുന്നവര്‍ക്കുള്ള ചികിത്സ നല്‍കും. പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങള്‍, സാമൂഹ്യ ആരോഗ്യ കേന്ദ്രങ്ങള്‍, താലൂക്ക് ആശുപത്രികള്‍ എന്നിവ കേന്ദ്രീകരിച്ചാണ് രോഗനിര്‍ണയവും ചികിത്സയും നടത്തുന്നത്.
ജില്ലയിലെ 37 സ്ഥാപനങ്ങളില്‍ പദ്ധതി നടപ്പിലാക്കി. ലോകാരോഗ്യ സംഘടനാ സ്റ്റേറ്റ് കണ്‍സള്‍ട്ടന്റ് ഡോ. ഇമ്മാനുവേല്‍, ജില്ലാ നോഡല്‍ ഓഫീസര്‍ ഡോ. സാജന്‍ മാത്യൂസ് എന്നിവരാണ് പരിശീലനം നല്‍കുന്നത്. ഡെപ്യൂട്ടി ഡി. എം. ഒ ഡോ. മണികണ്ഠന്‍, ആര്‍. സി. എച്ച്. ഓഫീസര്‍ ഡോ. അനു, ഡോ. നജീബ്, അഭിഷേക് എന്നിവര്‍ പങ്കെടുത്തു.
ക്യാഷ് അവാര്‍ഡ്
കേരള ഷോപ്‌സ് ആന്‍ഡ് കൊമേഷ്യല്‍ എസ്റ്റാബ്ലിഷ്‌മെന്റ്‌സ് തൊഴിലാളി ക്ഷേമനിധിയില്‍ അംഗമായിട്ടുള്ളവരുടെ കുട്ടികളില്‍ 2020-21 അധ്യയനവര്‍ഷത്തില്‍ പ്രൊഫഷണല്‍ കോഴ്‌സുകള്‍ ഉള്‍പ്പെടെയുള്ള ബിരുദ/ബിരുദാനന്തര, ബിരുദ കോഴ്‌സുകളില്‍ 60 ശതമാനത്തില്‍ കൂടുതല്‍ മാര്‍ക്ക് നേടിയ വിദ്യാര്‍ത്ഥികളില്‍ നിന്നും ക്യാഷ് അവാര്‍ഡിന് അപേക്ഷ ക്ഷണിച്ചു.
സര്‍ട്ടിഫിക്കറ്റുകളുടെയും മാര്‍ക്ക് ലിസ്റ്റുകളുടെയും സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളും ക്ഷേമനിധി തിരിച്ചറിയല്‍ കാര്‍ഡ്, അംഗത്തിന്റെ ആധാര്‍ കാര്‍ഡ് എന്നിവയുടെ പകര്‍പ്പും വിദ്യാര്‍ഥിയുടെ രണ്ട് ഫോട്ടോയും കേരളത്തിന് പുറത്തുള്ള സര്‍വകലാശാലകളിലും ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലും കോഴ്‌സ് പൂര്‍ത്തിയാക്കിയവരാണെങ്കില്‍ കേരളത്തിലെ സര്‍വകലാശാലകള്‍ നല്‍കുന്ന തുല്യതാ സര്‍ട്ടിഫിക്കറ്റും സഹിതം ആനന്ദവല്ലീശ്വരത്തുള്ള ജില്ലാ എക്‌സിക്യൂട്ടീവ് ഓഫീസറുടെ കാര്യാലയത്തില്‍ മാര്‍ച്ച് 31നകം അപേക്ഷ സമര്‍പ്പിക്കണം. വിശദവിവരങ്ങള്‍ക്ക് ഫോണ്‍- 0474 2792248.
അപേക്ഷ ക്ഷണിച്ചു
കേരള സ്റ്റേറ്റ് എയ്ഡ്‌സ് കണ്‍ട്രോള്‍ സൊസൈറ്റിയുടെ പരിധിയിലുള്ള എല്‍.എ.എസ് സുരക്ഷ എം. എസ്. എം. പ്രോജക്ടിലേക്ക് പ്രോജക്ട് കൗണ്‍സിലര്‍, മോണിറ്ററിംഗ് ആന്‍ഡ് ഇവാലുവേഷന്‍-കം-അക്കൗണ്ടന്റ് എന്നീ തസ്തികകളിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ അപേക്ഷ ക്ഷണിച്ചു. മാര്‍ച്ച് ഏട്ടിന് വൈകിട്ട് അഞ്ച് മണിയ്ക്കകം [email protected] ഇ-മെയിലില്‍ ബയോഡേറ്റ അയക്കണം. ഫോണ്‍ – 0474 2790606, 9447712668.
കളക്ഷന്‍ ക്യാമ്പുകള്‍ സംഘടിപ്പിക്കും
2021-22 വര്‍ഷത്തെ കോര്‍പ്പറേഷന്‍ നികുതി പിരിവ് ഊര്‍ജിതപ്പെടുത്തുന്നത്തിന്റെ ഭാഗമായി വിവിധ ഡിവിഷനുകളില്‍ കളക്ഷന്‍ ക്യാമ്പുകള്‍ സംഘടിപ്പിക്കും. മാര്‍ച്ച് ആറിന് കോര്‍പ്പറേഷന്‍ ഓഫീസില്‍ ക്യാമ്പിന്റെ ഉദ്ഘാടനം മേയര്‍ പ്രസന്ന ഏണസ്റ്റ് നിര്‍വഹിക്കും. മാര്‍ച്ച് 31ന് മുമ്പ് നികുതി കുടിശ്ശിക ഒറ്റത്തവണയായി ഒടുക്കുന്നവര്‍ക്ക് പിഴപ്പലിശ ഒഴിവാക്കിയിട്ടുണ്ട്. മാര്‍ച്ച് ആറ്, 12, 13, 20 ,27 ദിവസങ്ങളില്‍ രാവിലെ 10 മണി മുതല്‍ വൈകിട്ട് 3.30 വരെ വിവിധ കളക്ഷന്‍ സെന്ററുകളില്‍ നികുതി സ്വീകരിക്കും.
കരാര്‍ നിയമനം
നെടുങ്ങോലം രാമറാവു മെമ്മോറിയല്‍ താലൂക്ക് ആശുപത്രിയില്‍ ‘സഖി’ വണ്‍ സ്റ്റോപ്പ് സെന്ററിലേക്ക് കേസ് വര്‍ക്കര്‍ (സോഷ്യല്‍ വര്‍ക്കര്‍) തസ്തികയിലേക്ക് ഒരു വര്‍ഷത്തെ കരാര്‍ നിയമനം. 25 നും 42 നുമിടയില്‍ പ്രായമുള്ള ജില്ലയില്‍നിന്നുള്ള വനിതാ ഉദ്യോഗാര്‍ഥികള്‍ക്ക് അപേക്ഷിക്കാം. രണ്ട് ഒഴിവുകളാണുള്ളത്.
നിയമബിരുദം അല്ലെങ്കില്‍ സോഷ്യല്‍ വര്‍ക്കില്‍ പിജിയും സര്‍ക്കാര്‍/ സര്‍ക്കാരിതര പ്രോജക്ട്/പ്രോഗ്രാമുകളില്‍ സ്ത്രീകള്‍ക്ക് നേരെയുള്ള അതിക്രമങ്ങള്‍ക്കെതിരെ പ്രവര്‍ത്തിച്ചതിന്റെ മൂന്ന് വര്‍ഷത്തില്‍ കുറയാതെയുള്ള പരിചയവുമാണ് യോഗ്യത. വിശദമായ ബയോഡേറ്റയും എസ്.എസ്.എല്‍.സി സര്‍ട്ടിഫിക്കറ്റിന്റെ പകര്‍പ്പും വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന രേഖകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളും സഹിതം നിശ്ചിത ഫോമില്‍ അപേക്ഷ മാര്‍ച്ച് 18 ന് വൈകുന്നേരം നാല് മണിയ്ക്കകം ജില്ലാ വനിതാ സംരക്ഷണ ഓഫീസര്‍ക്ക് നേരിട്ടോ തപാല്‍ വഴിയോ നല്‍കണം.
അപേക്ഷാ ഫോം മാതൃക bit.ly/caseworker22 ലിങ്കില്‍ ലഭ്യമാണ്. വിലാസം: വനിതാ സംരക്ഷണ ഓഫീസര്‍, വനിതാ സംരക്ഷണ ഓഫീസ്, സിവില്‍ സ്റ്റേഷന്‍- ഒന്നാംനില, കൊല്ലം 691013. വിശദവിവരങ്ങള്‍ക്ക്: 0474 2916126, 0474 2957827.
റാങ്ക് പട്ടിക റദ്ദാക്കി
ജില്ലയില്‍ വിദ്യാഭ്യാസ വകുപ്പില്‍ എച്ച്.എസ്.എ മാത്തമാറ്റിക്‌സ് – മലയാളം മീഡിയം (ബൈ ട്രാന്‍സ്ഫര്‍) കാറ്റഗറി നമ്പര്‍ 069/20 തസ്തികയുടെ റാങ്ക് പട്ടിക റദ്ദാക്കിയതായി ജില്ലാ പി.എസ്.സി ഓഫീസര്‍ അറിയിച്ചു.
അപേക്ഷ ക്ഷണിച്ചു
ജില്ലാ ശുചിത്വ മിഷന്‍ ഓഫീസിലേക്ക് നഗരസഭകളുടെ സോളിഡ് വേസ്റ്റ് മാനേജ്‌മെന്റ് ആക്ഷന്‍ പ്ലാന്‍, സിറ്റി സാനിട്ടേഷന്‍ ആക്ഷന്‍ പ്ലാന്‍ എന്നിവ തയ്യാറാക്കുന്നതിനായി ബി.ടെക്/എം.ടെക്/സിവില്‍ എന്‍വയോണ്‍മെന്റല്‍ എഞ്ചിനീയറിംഗ് യോഗ്യയുളളവരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. രണ്ട് മാസമാണ് നിയമന കാലാവധി.
ബിരുദമുള്ളവര്‍ക്ക് 10000 രൂപയും ബിരുദാനന്തര ബിരുദമുള്ളവര്‍ക്ക് 15000 രൂപയുമാണ് സ്‌റ്റൈപ്പന്റ്. അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളുമായി മാര്‍ച്ച് എട്ടിന് രാവിലെ 11 മണിക്ക് ജില്ലാ ശുചിത്വ മിഷന്‍ ഓഫീസില്‍ നടത്തുന്ന വോക്ക് ഇന്‍ ഇന്റര്‍വ്യൂവിന് ഹാജരാകണം.
ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതി
രജിസ്‌ടേഷന്‍ വകുപ്പില്‍ രജിസ്റ്റര്‍ ചെയ്യപ്പെട്ടിട്ടുള്ള സംഘടനകളില്‍ (സാംസ്‌കാരിക സംഘടനകള്‍, ക്ലബ്ബുകള്‍, റസിഡന്‍സ് അസ്സോസിയേഷനുകള്‍ മുതലായവ) യഥാസമയം രേഖകള്‍ ഫയല്‍ ചെയ്യാത്തവയ്ക്ക് പിഴത്തുകയില്‍ ഇളവ് നല്‍കുവാനുള്ള ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതി പ്രകാരം മാര്‍ച്ച് 31 വരെ പിഴത്തുകയില്‍ ഇളവ് നേടിക്കൊണ്ട് വാര്‍ഷിക റിട്ടേണുകള്‍ ഫയല്‍ ചെയ്യാം എന്ന് ജില്ലാ രജിസ്ട്രാര്‍ (ജനറല്‍) അറിയിച്ചു. ഫോണ്‍-0474 2793402
തൊഴിലാളി ശ്രേഷ്ഠ പുരസ്‌കാരത്തിന് അപേക്ഷിക്കാം
മികച്ച പ്രവര്‍ത്തനം കാഴ്ച്ച വെക്കുന്ന തൊഴിലാളികള്‍ക്കായി തൊഴില്‍ വകുപ്പ് ഏര്‍പ്പെടുത്തിയ തൊഴിലാളി ശ്രേഷ്ഠ പുരസ്‌കാരത്തിന് അപേക്ഷ ക്ഷണിച്ചു. സെക്യൂരിറ്റി ഗാര്‍ഡ്, ചുമട്ടു തൊഴിലാളി, നിര്‍മ്മാണ തൊഴിലാളി, ചെത്തു തൊഴിലാളി, മരംകയറ്റ തൊഴിലാളി, കയര്‍ തൊഴിലാളി, തയ്യല്‍ തൊഴിലാളി, കശുവണ്ടി തൊഴിലാളി, മോട്ടോര്‍ തൊഴിലാളി, തോട്ടം തൊഴിലാളി, സെയില്‍സ്മാന്‍/ സെയില്‍സ് വുമണ്‍, നഴ്‌സ്, ഗാര്‍ഹിക തൊഴിലാളി, ടെക്‌സ്‌റ്റൈല്‍ മില്‍ തൊഴിലാളി, കരകൗശല വൈദഗ്ദ്ധ്യ പാരമ്പര്യ തൊഴിലാളി, മാനുഫാക്ചറിങ് പ്രോസസിംഗ് മേഖലയിലെ തൊഴിലാളി, മത്സ്യത്തൊഴിലാളി (മത്സ്യബന്ധന, വില്‍പ്പന തൊഴിലാളികള്‍) എന്നീ 17 മേഖലകളില്‍ ഉള്ളവര്‍ക്ക് അപേക്ഷിക്കാം. ഓരോ മേഖലയില്‍ നിന്നും തിരഞ്ഞെടുക്കപ്പെടുന്ന ഒരാള്‍ക്ക് വീതം ഒരു ലക്ഷം രൂപയും പ്രശസ്തിപത്രവും നല്‍കും. അപേക്ഷകള്‍ www.lc.kerala.gov.in ലിങ്ക് വഴി സമര്‍പ്പിക്കണം. അവസാന തീയതി മാര്‍ച്ച് ഏഴ്. ഫോണ്‍-0474 2794820.
ബേക്കറി ഉത്പന്ന നിര്‍മാണത്തില്‍ പരിശീലനം
കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ എന്‍ട്രപ്രണര്‍ഷിപ്പ് ഡവലപ്‌മെന്റ് (കെ.ഐ.ഇ.ഡി) ബേക്കറി ഉല്‍പ്പന്ന നിര്‍മാണത്തില്‍ അഞ്ചുദിവസത്തെ റെസിഡന്‍ഷ്യല്‍ സംരംഭകത്വ വര്‍ക്ക്‌ഷോപ്പ് സംഘടിപ്പിക്കുന്നു. മാര്‍ച്ച് 14 മുതല്‍ 18 വരെ എറണാകുളത്തെ കളമശ്ശേരിയിലുള്ള കെ. ഐ. ഇ. ഡി ക്യാമ്പസ്സില്‍ ആണ് പരിശീലനം.
ഫുഡ് സേഫ്റ്റി ട്രെയിനിങ് ആന്‍ഡ് സര്‍ട്ടിഫിക്കറ്റ് (എഫ്.ഒ.എസ്.ടി.എ.സി) ലഭിക്കുന്ന പരിശീലനത്തില്‍ വിദഗ്ദ്ധര്‍ നയിക്കുന്ന ബേക്കറി ഉല്‍പ്പന്ന നിര്‍മ്മാണത്തിന്റെ തിയറി ക്ലാസ്, പ്രായോഗിക പരിശീലനം, വിവിധ സര്‍ക്കാര്‍ പദ്ധതികള്‍, ബാങ്ക് വഴിയുള്ള സഹായങ്ങള്‍, മേഖലയില്‍ വിജയിച്ച സംരംഭകനുമായുള്ള ചര്‍ച്ച, ഫുഡ് സേഫ്റ്റി രജിസ്‌ട്രേഷന്‍ തുടങ്ങിയ വിഷയങ്ങളിലെ ക്ലാസുകള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട് .
കോഴ്‌സ് ഫീ, സര്‍ട്ടിഫിക്കേഷന്‍, ഭക്ഷണം താമസം ഉള്‍പ്പെടെ 1000 രൂപയാണ് ഫീസ്. ംംം.സശലറ.ശിളീ വഴി ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കാം. ഫോണ്‍-0484 2532890, 2550322, 9605542061.