Input your search keywords and press Enter.

പാലക്കാട് ജില്ലാ അറിയിപ്പുകള്‍ ( 8/03/2022 )

സ്ത്രീകള്‍ സാമ്പത്തിക സാക്ഷരത കൈവരിക്കണം- ജില്ലാ കലക്ടര്‍.

സ്ത്രീകള്‍ സാമ്പത്തിക സാക്ഷരതയും, സാമ്പത്തിക സ്വാതന്ത്ര്യവും നേടിയെടുക്കണമെന്ന് ജില്ലാ കലക്ടര്‍ മൃണ്‍മയി ജോഷി പറഞ്ഞു. തൊഴില്‍ മേഖലകളില്‍ സ്ത്രീ പ്രാതിനിധ്യത്തില്‍ കേരളം ഏറെ മുന്നിട്ട് നില്‍ക്കുമ്പോഴും, എത്ര സ്ത്രീകള്‍ അവരുടെ ശമ്പളം സ്വയം ചെലവഴിക്കുന്നുണ്ടെന്ന് വിലയിരുത്തേണ്ടതുണ്ട് , ശമ്പളം വീട്ടിലെ പുരുഷന്‍മാരെ ഏല്‍പ്പിക്കുന്ന സ്ത്രീകള്‍ നിരവധിയാണ്. ഈ അവസ്ഥയ്ക്ക് മാറ്റം ഉണ്ടാക്കാന്‍ സ്ത്രീകള്‍ സാമ്പത്തിക സാക്ഷരത കൈവരിക്കണമെന്ന് ജില്ലാ കലക്ടര്‍ മൃണ്‍മയി ജോഷി കൂട്ടി ചേര്‍ത്തു. വനിതാ ദിനത്തോടനുബന്ധിച്ച് ജില്ലാ വനിതാ ശിശു വികസന വകുപ്പ് സംഘടിപ്പിച്ച അന്താരാഷ്ട്ര വനിതാ ദിനാചരണ പരിപാടി ഉദ്ഘാടനം ചെയ്ത്‌സംസാരിക്കുകയായിരുന്നു കലക്ടര്‍.ഡി ആര്‍.ഡി. എ ഹാളില്‍ നടന്ന പരിപാടിയില്‍ ജില്ലാ വനിത ശിശു വികസന ഓഫീസര്‍ എസ്. ശുഭ അധ്യക്ഷയായി.സാമ്പത്തിക സ്വാതന്ത്ര്യം, സാമ്പത്തിക സ്വാശ്രയം,സാമ്പത്തിക സാക്ഷരത എന്നീ വിഷയങ്ങളില്‍,അഡ്വ. കെ. വിജയ, ഫിനാന്‍ഷ്യല്‍ ഓഫീസര്‍ വി. ആര്‍ സതീശന്‍ എന്നിവര്‍ ക്ലാസെടുത്തു.വനിതാദിന സന്ദേശം -‘നല്ലൊരു നാളെക്കായി സുസ്ഥിര ലിംഗസമത്വം ഇന്ന്’ എന്ന ആശയത്തില്‍ധോണി ലീഡ് കോളേജ് വിദ്യാര്‍ത്ഥികള്‍ സിവില്‍ സ്റ്റേഷനില്‍ ഫ്‌ലാഷ് മോബ് അവതരിപ്പിച്ചു.പരിപാടിയുടെ ഭാഗമായി ചിത്രപ്രദര്‍ശനവും നടന്നു. വനിതാ പ്രൊട്ടക്ഷന്‍ ഓഫീസര്‍ വി. എസ്. ലൈജു ,ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.

അന്താരാഷ്ട്ര വനിതാ ദിനാചരണം:
അഭിമാനിനി വനിതാ സംഗമവും സ്ത്രീശക്തി കലാജാഥയും ഉദ്ഘാടനം ചെയ്തു

അന്താരാഷ്ട്ര വനിതാ ദിനാചരണം, സ്ത്രീപക്ഷ നവകേരളം ക്യാമ്പയിനിന്റെ ഭാഗമായി കുടുംബശ്രീ ജില്ലാ മിഷന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച’അഭിമാനിനി’ വനിതാ കൂട്ടായ്മ ജില്ലാ കലക്ടര്‍ മൃണ്‍മയീ ജോഷി ഉദ്ഘാടനം ചെയ്തു. ജില്ലാ ലീഗല്‍ സര്‍വീസസ് അതോറിറ്റി സെക്രട്ടറി വി.ജി. അനുപമ വനിതാദിന സന്ദേശം നല്‍കി. പ്രശസ്ത മാധ്യമ പ്രവര്‍ത്തകയും, നാടക പ്രവര്‍ത്തകയുമായ ജിഷ അഭിനയ, കുടുംബശ്രീ ജില്ലാ മിഷന്‍ കോ-ഓര്‍ഡിനേറ്റര്‍ പി.സെയ്തലവി, ജില്ലാ പ്രോഗ്രാം മാനേജര്‍ ഡാന്‍.ജെ.വട്ടോളി എന്നിവര്‍ സംസാരിച്ചു. ‘തൊഴില്‍ കേന്ദ്രത്തിലേക്ക്’ എന്ന നാടകത്തെ ആസ്പദമാക്കി പ്രശസ്ത സംവിധായകന്‍ എം.ജി. ശശി രചനയും സംവിധാനവും നിര്‍വ്വഹിച്ച് ജില്ലാ പഞ്ചായത്ത് നിര്‍മ്മിച്ച ‘അഭിമാനിനി’ എന്ന സിനിമ പ്രദര്‍ശിപ്പിച്ചു. അഭിമാനിനി നിറഞ്ഞ കയ്യടിയോടെയാണ് സദസ്സ് ഏറ്റെടുത്തത്.

സ്ത്രീപക്ഷ നവകേരളം ക്യാമ്പയിന്റെ പ്രചരണത്തിനായി കുടുംബശ്രീ തിയറ്റര്‍ ഗ്രൂപ്പായ രംഗശ്രീയുടെ ആഭിമുഖ്യത്തില്‍ മാര്‍ച്ച് 9 മുതല്‍ 18 വരെ ജില്ലയിലുടനീളം നടക്കുന്ന സ്ത്രീ ശക്തി കലാജാഥ പ്രയാണത്തിന് തുടക്കമായി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ. ബിനുമോള്‍ കലജാഥ ഉദ്ഘാടനം ചെയ്തു. ഒ.വി വിജയന്‍ സ്മാരകം സെക്രട്ടറി ടി.ആര്‍. അജയന്‍ അധ്യക്ഷനായി. ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ ശാലിനി, നാടക പ്രവര്‍ത്തക ശ്രീജ ആറങ്ങോട്ടുകര എന്നിവര്‍ സംസാരിച്ചു. തുടര്‍ന്ന് രംഗശ്രീയുടെ നാടകാവതരണം നടന്നു. വിവിധ മേഖലകളില്‍ മികവ് തെളിയിച്ച വനിതകളെ സംഗമത്തില്‍ ആദരിച്ചു.

ഭക്ഷ്യ ഭദ്രത: ട്രൈബല്‍ പ്രൊമോട്ടര്‍മാര്‍ക്കായി പരിശീലന പരിപാടി നടത്തി

ഭക്ഷണം ഔദാര്യമല്ല അവകാശമാണ്’ എന്ന ആശയം മുന്‍നിര്‍ത്തി ഗോത്രവര്‍ഗ്ഗ മേഖലയിലെ ഭക്ഷ്യ ഭദ്രത ഉറപ്പാക്കാന്‍ ജില്ലയിലെ ട്രൈബല്‍ പ്രൊമോട്ടര്‍മാര്‍ക്കായി ഭക്ഷ്യ ഭദ്രത നിയമം-2019 സംഘടിപ്പിച്ച പരിശീലന പരിപാടി സംസ്ഥാന ഭക്ഷ്യ കമ്മീഷനംഗം വി.രമേശന്‍ ഉദ്ഘാടനം ചെയ്തു. റേഷന്‍ സാധനങ്ങളുടെ ഗുണനിലവാരം, ലഭ്യത, അളവ് ഉറപ്പുവരുത്തുന്നതിന്റെ ആവശ്യകതയും ഗോത്രവര്‍ഗ്ഗ കുടുംബങ്ങള്‍ക്ക് അര്‍ഹതപ്പെട്ട ഭക്ഷ്യ-ധാന്യങ്ങള്‍ ലഭിക്കുന്നില്ലെങ്കില്‍ ‘ഭാസുര’ പദ്ധതിയിലൂടെ പരിഹാരം കാണാന്‍ കഴിയുമെന്നും ഭക്ഷ്യ സുരക്ഷാ കമ്മീഷനംഗം പരിശീലന പരിപാടിയില്‍ പറഞ്ഞു. ഓരോ ഗോത്രവര്‍ഗ്ഗ കോളനികളിലും വിദ്യാഭ്യാസമുള്ള ഒരാള്‍ ‘ഭാസുര’ കണ്‍വീനറായി പ്രവര്‍ത്തിക്കണമെന്നും ഇതുവഴി ഭക്ഷ്യ രംഗത്തെ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ കഴിയുമെന്നും അദ്ദേഹം നിര്‍ദ്ദേശിച്ചു. പാലക്കാട് തൃപ്തി ഓഡിറ്റോറിയത്തില്‍ നടന്ന യോഗത്തില്‍ എ.ഡി.എം. കെ.മണികണ്ഠന്‍ അധ്യക്ഷനായി. ജില്ലാ സപ്ലൈ ഓഫീസര്‍ വി. ശശിധരന്‍, ജില്ലാ ട്രൈബല്‍ ഡെവലപ്മെന്റ് ഓഫീസര്‍ എസ്.സജു, ഐ.സി.ഡി.എസ്. ജില്ലാ പ്രോഗ്രാം ഓഫീസര്‍ സി.ആര്‍.ലത, വിദ്യാഭ്യാസ വകുപ്പ് സീനിയര്‍ സൂപ്രണ്ട് എസ്. ശിവദാസന്‍, ശിശു വികസന പദ്ധതി ഓഫീസര്‍ കെ.ഗീത, ബ്ലോക്ക് പഞ്ചായത്ത് അംഗം തോമസ് വാഴപ്പിള്ളി, താലൂക്ക് സപ്ലൈ ഓഫീസര്‍ ജെ.എസ്. ഗോകുല്‍ദാസ് എന്നിവര്‍ സംസാരിച്ചു.

അന്താരാഷ്ട്ര വനിതാദിനം അനുബന്ധ വാരാചരണം:
ജില്ലാതല ഉദ്ഘാടനം

മഹാത്മഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ കീഴില്‍ ആസാദികാ അമൃത മഹോത്സവവുമായി ബന്ധപ്പെട്ട് അന്താരാഷ്ട്ര വനിതാദിനം-അനുബന്ധവാരാചരണം ജില്ലാതല ഉദ്ഘാടനം (മാര്‍ച്ച് 9) രാവിലെ 11 ന് അഡ്വ. കെ. ശാന്തകുമാരി എം.എല്‍.എ നിര്‍വഹിക്കും. ജില്ലാ പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ നടക്കുന്ന പരിപാടിയില്‍ ഷാഫി പറമ്പില്‍ എം.എല്‍.എ. അധ്യക്ഷനാകും. എം.എല്‍.എമാരായ മുഹമ്മദ് മുഹസിന്‍, പി.മമ്മിക്കുട്ടി, അഡ്വ.കെ.പ്രേംകുമാര്‍, എന്‍.ഷംസുദ്ദീന്‍, എ.പ്രഭാകരന്‍, കെ.ബാബു, കെ.ഡി.പ്രസേനന്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ ബിനുമോള്‍, ജില്ലാ കലക്ടര്‍ മൃണ്‍മയി ജോഷി, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സി.കെ ചാമുണ്ണി, മുന്‍ എം.എല്‍.എ ഗിരിജാ സുരേന്ദ്രന്‍, കേരള ബ്ലോക്ക് പഞ്ചായത്ത് അസോസിയേഷന്‍ ജില്ലാ പ്രസിഡന്റ് വി.സേതുമാധവന്‍, കേരള ഗ്രാമപഞ്ചായത്ത് അസോസിയേഷന്‍ ഇ.ചന്ദ്രബാബു, കുടുംബശ്രീ ജില്ലാ മിഷന്‍ കോ-ഓര്‍ഡിനേറ്റര്‍ പി.സെയ്തലവി എന്നിവര്‍ പങ്കെടുക്കും. പരിപാടിയില്‍ മഹാത്മഗാന്ധി എന്‍.ആര്‍.ഇ.ജി.എസ് മേറ്റ്മാരെ ആദരിക്കും. മാര്‍ച്ച് 11 ന് തൊഴിലുറപ്പ് പദ്ധതി വ്യക്തിഗത വനിതാ ഗുണഭോക്താക്കളെ ആദരിക്കും. മാര്‍ച്ച് 12 ന് എല്ലാ ഗ്രാമപഞ്ചായത്തുകളും മഹാത്മാഗാന്ധി തൊഴിലാളികളുടെ സന്നദ്ധ ശ്രമദാനം നടക്കും.

സൗജന്യ കലാ പരിശീലനം

സാംസ്‌കാരിക വകുപ്പ്, തദ്ദേശസ്വയംഭരണ വകുപ്പ് എന്നിവയുടെ നേതൃത്വത്തില്‍ വജ്രജൂബിലി ഫെല്ലോഷിപ്പ് പദ്ധതിയുടെ ഭാഗമായി മലമ്പുഴ ബ്ലോക്ക് പഞ്ചായത്ത് പരിധിലുള്ളവര്‍ക്ക് സൗജന്യ കലാ പരിശീലനം നല്‍കുന്നു. കഥകളി, മോഹിനിയാട്ടം, തോല്‍പ്പാവകൂത്ത,് നാടക പരിശീലനത്തിന് പ്രായഭേദമന്യേ അപേക്ഷിക്കാം. താത്പര്യമുള്ളവര്‍ മലമ്പുഴ ബ്ലോക്ക് പഞ്ചായത്ത് ഓഫീസില്‍ മാര്‍ച്ച് 15 നകം അപേക്ഷിക്കണം. ഫോണ്‍ 9744516256,8138096282.

ലോട്ടറി ഏജന്റുമാര്‍ക്ക് ബോധവത്കരണ ക്ലാസ് സംഘടിപ്പിച്ചു

ജില്ലാ ഭാഗ്യക്കുറി ഓഫീസിന്റെ ആഭിമുഖ്യത്തില്‍ ലോട്ടറി ഏജന്റുമാര്‍ക്ക് ബോധവത്കരണ ക്ലാസ് സംഘടിപ്പിച്ചു. എഴുത്ത് ലോട്ടറി, ഓണ്‍ലൈന്‍ ലോട്ടറി വില്പന, ക്രമാതീതമായ സെറ്റ് വില്പന തുടങ്ങി ലോട്ടറി മേഖലയിലെ അനഭിലഷണീയ വില്പന രീതികള്‍ അവസാനിപ്പിക്കുന്നതുമായി ബന്ധപ്പെട്ടാണ് ബോധവത്കരണ പരിപാടി സംഘടിപ്പിച്ചത്. ആഭ്യന്തര പരിശോധന വിഭാഗം ഡെപ്യുട്ടി ഡയറക്ടര്‍ എസ്.അനില്‍കുമാര്‍ പരിപാടി ഉദ്ഘാടനം ചെയ്തു. ജില്ലാ ഭാഗ്യക്കുറി ഓഫീസര്‍ കെ.എസ.് ഷാഹിത അധ്യക്ഷയായി. ക്ഷേമനിധി ബോര്‍ഡ് അംഗം എം.കെ ബാലകൃഷ്ണന്‍ മുഖ്യാതിഥിയായി. ജില്ലയിലെ ലോട്ടറി തൊഴിലാളി ട്രേഡ് യൂണിയന്‍ പ്രതിനിധികള്‍, ലോട്ടറി ഏജന്റുമാര്‍ എന്നിവര്‍ പങ്കെടുത്തു.

 

സ്‌പെക്ട്രം 2022: തൊഴില്‍ മേള മാര്‍ച്ച് 11 ന്

വ്യാവസായിക പരിശീലന വകുപ്പിന്റെ ആഭിമുഖ്യത്തില്‍ മലമ്പുഴ ഗവ.ഐ.ടി.ഐയില്‍ മാര്‍ച്ച് 11 ന് ഉച്ചക്ക് രണ്ടിന് നടക്കുന്ന സ്‌പെക്ട്രം-2022 ജില്ലാ തൊഴില്‍ മേള ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ബിനുമോള്‍ ഉദ്ഘാടനം ചെയ്യും. സര്‍ക്കാര്‍/സ്വകാര്യ ഐ.ടി.ഐ. കളില്‍ നിന്നും തൊഴില്‍ പരിശീലനം നേടിയ ട്രെയ്‌നികളുടെ തൊഴില്‍ സാധ്യത ഉറപ്പുവരുത്തുന്നതിന്റെ ഭാഗമായാണ് വ്യാവസായിക പരിശീലന വകുപ്പിന്റെ നേതൃത്വത്തില്‍ ജോബ് ഫെയര്‍ മേള സംഘടിപ്പിക്കുന്നത്. പരിപാടിയില്‍ മലമ്പുഴ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രാധിക മാധവന്‍ അധ്യക്ഷയാകും. മലമ്പുഴ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി.ബിജോയ്, മലമ്പുഴ ബ്ലോക്ക് പഞ്ചായത്ത് അംഗം കാഞ്ചന സുദേവന്‍, കണ്‍വീനര്‍ സി. രതീശന്‍, മലമ്പുഴ ഐ. ടി. ഐ പ്രസിഡന്റ് കെ. മുരളി, വാണിയംകുളം ഐ. ടി. ഐ പ്രിന്‍സിപ്പാള്‍ ആര്‍ സജീവ്, നെന്മാറ ഐ. ടി. ഐ പ്രിന്‍സിപ്പാള്‍ കെ. ബി.അജിമോന്‍, മലമ്പുഴ ഐ.ടി.ഐ സ്റ്റാഫ് സെക്രട്ടറി ടി.ആര്‍ വിനോദ്കുമാര്‍,മലമ്പുഴ ഗവ.ഐ. ടി. ഐ പ്രിന്‍സിപ്പാള്‍ കെ..സി അജിത എന്നിവര്‍ പങ്കെടുക്കും.സര്‍ക്കാര്‍-സ്വകാര്യ ഐ.ടി.ഐകളില്‍ നിന്ന് പരിശീലനം പൂര്‍ത്തിയാക്കിയ വിദ്യാര്‍ഥികള്‍ക്ക് വേണ്ടിയുള്ള തൊഴില്‍ മേളയില്‍ അന്‍പതിലധികം കമ്പനികളും ആയിരത്തിലധികം ഉദ്യോഗാര്‍ഥികളും പങ്കെടുക്കുമെന്ന് അധികൃതര്‍ അറിയിച്ചു. ഉദ്യോഗാര്‍ത്ഥികള്‍ www.spectrumjobs.org എന്ന വെബ്സൈറ്റില്‍ രജിസ്റ്റര്‍ ചെയ്യണം. പങ്കെടുക്കാന്‍ താല്‍പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ 11 ന് രാവിലെ 9 ന് മലമ്പുഴ ഗവ. ഐ.ടി.ഐ യില്‍ എത്തിച്ചേരണം.ഫോണ്‍-0491-2815161.

പട്ടയ വിതരണത്തിന് സ്പെഷ്യല്‍ ഡ്രൈവ്

അര്‍ഹരായ മുഴുവന്‍ പേര്‍ക്കും പട്ടയം നല്‍കും മുഹമ്മദ് മുഹസിന്‍

പട്ടാമ്പി മണ്ഡലത്തിലെ അര്‍ഹരായ മുഴുവന്‍ ആളുകള്‍ക്കും പട്ടയം നല്‍കുന്നതിന് മണ്ഡലത്തില്‍ സ്പെഷ്യല്‍ ഡ്രൈവ് സംഘടിപ്പിക്കുമെന്ന് മുഹമ്മദ് മുഹസിന്‍ എം.എല്‍.എ അറിയിച്ചു.നിലവില്‍ പട്ടയം ലഭിക്കാന്‍ സാങ്കേതിക പ്രശനമുള്ളവരുടെയും നാല് സെന്റ് കോളനിയില്‍ താമസിക്കുന്ന പട്ടയമില്ലാത്ത ആളുകള്‍ക്കും മുന്‍ഗണന നല്‍കിയാണ് സ്പെഷ്യല്‍ ഡ്രൈവ് സംഘടിപ്പിക്കുന്നത്.
പട്ടയം ഇല്ലാത്തവരുടെ അപേക്ഷകള്‍ മാര്‍ച്ച് 11 വരെ സ്വീകരിക്കാന്‍ റവന്യു ജീവനക്കാര്‍ക്ക് എം.എല്‍.എ നിര്‍ദേശം നല്‍കി. പഞ്ചായത്തുകളുടെ സഹായത്തോടെയാണ് അപേക്ഷ സ്വീകരിക്കുക. ലഭിച്ച അപേക്ഷകളില്‍ തീരുമാനമെടുക്കാന്‍ റവന്യൂ വകുപ്പിനു കൈമാറും. പത്ത് ദിവസത്തിനകം പഞ്ചായത്തുകള്‍ നടപടി പൂര്‍ത്തിയാക്കാനും നിര്‍ദേശം നല്‍കിയിട്ടുണ്ട്. സ്പെഷ്യല്‍ ഡ്രൈവിന്റെ ഭാഗമായി നൂറിലധികം അപേക്ഷകളില്‍ തീര്‍പ്പാക്കാനാണ് ലക്ഷ്യമിടുന്നത്. ഇതോടൊപ്പം ലാന്‍ഡ് ട്രിബ്യൂണല്‍ പട്ടയങ്ങളും പരിഗണിക്കുമെന്ന് മുഹമ്മദ് മുഹസിന്‍ എം.എല്‍.എ പറഞ്ഞു.പട്ടാമ്പി താലൂക്ക് കോണ്‍ഫറന്‍സ് ഹാളില്‍ മുഹമ്മദ്.മുഹസിന്‍ എം.എല്‍.എയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍
നഗരസഭാ ചെയര്‍പേഴ്സണ്‍ ഒ.ലക്ഷ്മിക്കുട്ടി, ഓങ്ങല്ലൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രതി ഗോപാലകൃഷ്ണന്‍, കുലുക്കല്ലൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.രമണി, മുതുതല പഞ്ചായത്ത് വൈസ് പ്രസിഡന്റ് സി.മുകേഷ്, തഹസില്‍ദാര്‍ ടി.പി കിഷോര്‍, ഡെപ്യൂട്ടി തഹസില്‍ദാര്‍ സൈദ് മുഹമ്മദ് എന്നിവരും വില്ലേജ് ഓഫീസര്‍മാര്‍ എന്നിവര്‍ പങ്കെടുത്തു.

ഷീപാഡുമായി തൃത്താല ബ്ലോക്ക് പഞ്ചായത്ത്

പെണ്‍കുട്ടികളില്‍ ആര്‍ത്തവശുചിത്വവും ശാരീരിക മാനസിക ആരോഗ്യവും ഉറപ്പ് വരുത്തുകയെന്ന ലക്ഷ്യത്തോടെ ത്രിത്താല ബ്ലോക്ക് പഞ്ചായത്തില്‍ ഷീപാഡ് പദ്ധതിക്ക് തുടക്കമായി. തൃത്താല ബ്ലോക്ക് പഞ്ചായത്തിന്റെ 2021-22 വാര്‍ഷിക പദ്ധതിയിലുള്‍പ്പെടുത്തി നടപ്പാക്കുന്ന പദ്ധതിയുടെ ബ്ലോക്ക് തല വിതരണോദ്ഘാടനം മേഴത്തൂര്‍ ഹയര്‍സെക്കന്ററി സ്‌കൂളില്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.വി.പി. റജീന നിര്‍വ്വഹിച്ചു. തൃത്താല ബ്ലോക്കിലെ മുഴുവന്‍ ഹൈസ്‌ക്കൂളിലുമായി പത്ത് ലക്ഷം രൂപ ചെലവിലാണ് പദ്ധതി നടപ്പാക്കുന്നത്. സംസ്ഥാന വനിതാ വികസന കോര്‍പ്പറേഷന്‍ വഴിയാണ് വിതരണം. ബ്ലോക്ക് പഞ്ചായത്തിലെ മുഴുവന്‍ ഹൈസ്‌കൂള്‍ പെണ്‍കുട്ടികള്‍ക്കും ഇതിന്റെ പ്രയോജനം ലഭിക്കും. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.ആര്‍ കുഞ്ഞുണ്ണി അധ്യക്ഷനായ പരിപാടിയില്‍ ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ എ കൃഷ്ണകുമാര്‍, വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ പ്രിയ, ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ ഷെറീന, സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ബാലകൃഷ്ണന്‍, സ്റ്റാഫ് സെക്രട്ടറി ബഷീര്‍, പി.ടി.എ പ്രസിഡന്റ് പി.നാരായണന്‍ എന്നിവര്‍ പങ്കെടുത്തു.

 

താത്ക്കാലിക നിയമനം

ഒറ്റപ്പാലം താലൂക്ക് ആശുപത്രിയില്‍ ഇ.സി.ജി. ടെക്നിഷ്യന്‍, ഓപ്പറേഷന്‍ തിയേറ്റര്‍ ടെക്നീഷന്‍, ഓക്സിജന്‍ പ്ലാന്റ് ഓപ്പറേറ്റര്‍ തസ്തികകളില്‍ താല്‍ക്കാലിക നിയമനം. പ്രായ പരിധി 18 -40. യോഗ്യതകള്‍- അംഗീകൃത ഡിപ്ലോമ ഇന്‍ കാര്‍ഡിയോ വാസ്‌കുലാര്‍ ടെക്നോളജി അല്ലെങ്കില്‍ വി.എച്ച്.എസ്.സി (ഇ.സി.ജി & ഓഡിയോമെട്രിക് ടെക്നീഷന്‍, ഗവ അംഗീകൃത ഡിപ്ലോമ ഇന്‍ തിയ്യറ്റര്‍ ടെക്നിഷ്യന്‍ അല്ലെങ്കില്‍ ഡിപ്ലോമ ഇന്‍ അനസ്തീഷ്യ ടെക്നീഷ്യന്‍, പ്ലസ് ടു സയന്‍സ് & മെഡിക്കല്‍ ഓക്സിജന്‍ കൈകാര്യം ചെയ്യുന്ന സ്ഥാപനങ്ങളില്‍ നിന്നുമുള്ള ഒരു വര്‍ഷത്തില്‍ കുറയാത്ത പ്രവൃത്തിപരിചയം. താത്പര്യമുള്ളവര്‍ യോഗ്യതാ സര്‍ട്ടിഫിക്കറ്റ്, ബയോഡാറ്റ സഹിതം മാര്‍ച്ച് 11 ന് രാവിലെ 11 ന് ഒറ്റപ്പാലം താലൂക്ക് ആശുപത്രിയില്‍ നേരിട്ട് എത്തണം. ഫോണ്‍ 0466 2344053 .

ആട് വളര്‍ത്തലില്‍ സൗജന്യ പരിശീലനം

മലമ്പുഴ സര്‍ക്കാര്‍ മൃഗസംരക്ഷണ പരിശീലന കേന്ദ്രത്തില്‍ സൗജന്യ ആട് വളര്‍ത്തലില്‍ പരിശീലനം നല്‍കുന്നു. മാര്‍ച്ച് 10 ന് രാവിലെ 10 മുതല്‍ വൈകിട്ട് നാല് വരെ നടക്കുന്ന പരിശീലനത്തില്‍ പങ്കെടുക്കാന്‍ ഫോണ്‍ വഴി മുന്‍കൂട്ടി ബുക്ക് ചെയ്യണം. താത്പര്യമുള്ളവര്‍ കോവിഡ് വാക്സിനേഷന്‍ സര്‍ട്ടിഫിക്കറ്റ്,ആധാര്‍ കാര്‍ഡ് എന്നിവ സഹിതം എത്തണം. ഫോണ്‍ 0491 2815454

പട്ടികജാതി-പട്ടിക ഗോത്രവര്‍ഗ്ഗ കമ്മീഷന്‍: പരാതി പരിഹാര അദാലത്ത്

സംസ്ഥാന പട്ടികജാതി-പട്ടിക ഗോത്രവര്‍ഗ്ഗ കമ്മീഷന്‍ നിലവിലുള്ള പരാതികളില്‍ തീര്‍പ്പാക്കുന്നതിന് മാര്‍ച്ച് 11 ന് രാവിലെ 10 മുതല്‍ വൈകിട്ട് അഞ്ച് വരെ ജില്ലാ പഞ്ചായത്ത് ഹാളില്‍ പരാതി പരിഹാര അദാലത്ത് നടത്തും. കമ്മീഷന്‍ മുമ്പാകെ സമര്‍പ്പിച്ചിട്ടുള്ളതും വിചാരണയിലിരിക്കുന്നതുമായ കേസുകളില്‍ പരാതിക്കാരെയും ബന്ധപ്പെട്ട ഉദ്യോഗസ്ഥരെയും കമ്മീഷന്‍ നേരില്‍ കേള്‍ക്കും. ഫോണ്‍ :04912505005

പശുവളര്‍ത്തലില്‍ പരിശീലനം

പട്ടാമ്പി കൃഷി വിജ്ഞാന കേന്ദ്രത്തില്‍ മാര്‍ച്ച് 14,15,16 തിയതികളില്‍ പശുവളര്‍ത്തലില്‍ പരിശീലനം നല്‍കുന്നു. പരിശീലനത്തിന്റെ ഭാഗമായി മാര്‍ച്ച് 16 ന് തിരുവിഴാംകുന്ന് ഫാം സന്ദര്‍ശിക്കും. താത്പര്യമുള്ളവര്‍ 0466-2212279, 2912008, 6282937809 നമ്പറില്‍ ബന്ധപ്പെടണമെന്ന് പ്രോഗ്രാ കോ-ഓഡിനേറ്റര്‍ അറിയിച്ചു.

error: Content is protected !!