Input your search keywords and press Enter.

പത്തനംതിട്ട ജില്ലാ അറിയിപ്പുകള്‍ ( 08/03/2022 )

അക്ഷയയുടെ സേവനങ്ങള്‍ വ്യാജമായി നല്‍കുന്ന ഓണ്‍ലൈന്‍ സേവന കേന്ദ്രങ്ങള്‍ക്കെതിരെ കര്‍ശന നടപടി- ജില്ലാ കളക്ടര്‍

 

 

സംസ്ഥാന സര്‍ക്കാരിന്റെ നിയന്ത്രണത്തില്‍ പ്രവര്‍ത്തിക്കുന്ന അക്ഷയ കേന്ദ്രങ്ങളുടെ ലോഗോയും സമാന്തര പേരും, നിറവും ഉപയോഗിച്ച് ജില്ലയില്‍ നിരവധി സ്വകാര്യ ഓണ്‍ലൈന്‍ കേന്ദ്രങ്ങള്‍ പൊതുജനങ്ങളെ അക്ഷയകേന്ദ്രങ്ങളാണെന്ന് തെറ്റിദ്ധരിപ്പിച്ച് അനധികൃതമായി സര്‍ക്കാര്‍ സേവനങ്ങള്‍ നല്‍കുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുള്ളതായും ഇത്തരം കേന്ദ്രങ്ങള്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുന്നതാണെന്നും ജില്ലാ കളക്ടര്‍ ഡോ.ദിവ്യാ എസ്. അയ്യര്‍ അറിയിച്ചു.

 

ഇത്തരം കേന്ദ്രങ്ങളിലൂടെ പൗരന്‍മാരുടെ സര്‍ട്ടിഫിക്കറ്റുകളും രേഖകളും ദുരുപയോഗം ചെയ്യുന്നതായുള്ള പോലീസ് ഇന്റലിജന്‍സ് റിപ്പോര്‍ട്ടും നിലവിലുണ്ട്. ഇത്തരം പ്രവര്‍ത്തനം സംബന്ധിച്ച് സര്‍ക്കാര്‍ മാര്‍ഗനിര്‍ദേശങ്ങളും നിലവിലുണ്ട്. സമാന്തര ഓണ്‍ലൈന്‍ കേന്ദ്രങ്ങള്‍ സര്‍ക്കാര്‍ സംവിധാനത്തിലൂടെ നല്‍കേണ്ട സേവനങ്ങള്‍ ലഭ്യമാക്കുന്നില്ലെന്ന് ജില്ലാതല ഉദ്യോഗസ്ഥരും, വകുപ്പ് മേധാവികളും, തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളും ഉറപ്പു വരുത്തേണ്ടതാണ്. സംസ്ഥാന സര്‍ക്കാരിന്റെ വിവിധ സര്‍ക്കാര്‍ വകുപ്പുകള്‍ ലഭ്യമാക്കിയിട്ടുള്ള സേവനങ്ങള്‍ ഓണ്‍ലൈനായി നല്‍കുന്നതിനുള്ള അംഗീകൃത കേന്ദ്രങ്ങള്‍ അക്ഷയ കേന്ദ്രങ്ങളായിരിക്കെ സര്‍ക്കാര്‍ സേവനങ്ങള്‍ക്കായി ഇത്തരം സ്വകാര്യ ഓണ്‍ലൈന്‍ കേന്ദ്രങ്ങളിലെത്തി പൊതുജനങ്ങള്‍ വഞ്ചിതരാകാന്‍ പാടില്ല. ഇത്തരം ഓണ്‍ലൈന്‍ കേന്ദ്രങ്ങള്‍ ഇ-ജില്ലാ അപേക്ഷകള്‍ കൈകാര്യം ചെയ്യുന്നതായും അമിത ഫീസ് ഈടാക്കുന്നതായും പരാതി ഉയര്‍ന്നിട്ടുണ്ട്.

 

പുതിയ ഓണ്‍ലൈന്‍ കേന്ദ്രങ്ങള്‍ക്ക് അനുമതി നല്‍കുമ്പോള്‍ തദ്ദേശ സ്ഥാപനങ്ങള്‍ നല്‍കിയ ലൈസന്‍സില്‍ പരാമര്‍ശിച്ച സേവനങ്ങള്‍ മാത്രമാണോ നല്‍കുന്നത് എന്ന് പരിശോധിക്കേണ്ടതാണ്. ലൈസന്‍സ് നല്‍കുമ്പോള്‍ അക്ഷയയ്ക്ക് സമാനമായ പേര്, കളര്‍കോഡ്, ലോഗോ എന്നിവ ഉപയോഗിക്കുന്നില്ലെന്നും ഉറപ്പു വരുത്തേണ്ടതാണ്. അക്ഷയ കേന്ദ്രങ്ങള്‍ക്ക് സര്‍ക്കാര്‍ ഫീസ് നിരക്ക് നിശ്ചയിച്ചിട്ടുള്ളതും, ഇത് നിരീക്ഷിക്കുന്നതിന് സംവിധാനം ഉള്ളതുമാണ്. അമിത ഫീസ് ഈടാക്കുന്നവര്‍ക്കെതിരെ അന്വേഷണം നടത്തി ആവശ്യമായ ശിക്ഷാ നടപടികള്‍ സ്വീകരിച്ചു വരുന്നുണ്ട്. എന്നാല്‍, നിയമത്തിന്റെ പരിധിയില്‍ അല്ലാതെ പ്രവര്‍ത്തിക്കുന്ന സ്വകാര്യ ഓണ്‍ലൈന്‍ കേന്ദ്രങ്ങള്‍ക്കെതിരെ നിരീക്ഷണ, നിയന്ത്രണ സംവിധാനം നിലവിലില്ല. ഈ സാഹചര്യത്തില്‍ പൗരന്‍മാരുടെ വിലപ്പെട്ട രേഖകളുടെ സുരക്ഷിതത്വം, പ്രവര്‍ത്തന നിരീക്ഷണത്തിന് വിവിധ തലങ്ങളിലുള്ള സംവിധാനങ്ങള്‍, സര്‍ക്കാര്‍ നിശ്ചയിച്ചിട്ടുള്ള സര്‍വീസ് ചാര്‍ജ് എന്നിവ കണക്കിലെടുത്ത് സര്‍ക്കാരിന്റെ വിവിധ ഓണ്‍ലൈന്‍ സേവനങ്ങള്‍ക്ക് അക്ഷയ കേന്ദ്രങ്ങളുടെ സേവനം പ്രയോജനപ്പെടുത്താന്‍ പൊതുജനങ്ങള്‍ ശ്രദ്ധിക്കണം.

അക്ഷയ കേന്ദ്രങ്ങള്‍ക്ക് സമാനമായ ബോര്‍ഡുകള്‍ / ലോഗോ എന്നിവ ഉപയോഗിച്ച് പൊതുജനങ്ങളെ അക്ഷയ കേന്ദ്രങ്ങളാണെന്ന് തെറ്റിദ്ധരിപ്പിച്ച് സേവനങ്ങള്‍ നല്‍കുകയോ അക്ഷയ കേന്ദ്രങ്ങളുടെ ലോഗിന്‍ ദുരുപയോഗപ്പെടുത്തി ഇ-ജില്ല ഉള്‍പ്പെടെയുള്ള സേവനങ്ങള്‍ നല്‍കുകയോ ചെയ്യുന്നതായി കണ്ടെത്തിയാല്‍ നിയമപരമായ കര്‍ശന നടപടികള്‍ സ്വീകരിക്കുന്നതാണെന്നും ജില്ലാ കളക്ടര്‍ അറിയിച്ചു.
വിവിധ സര്‍ക്കാര്‍ വകുപ്പുകള്‍ ലഭ്യമാക്കിയിട്ടുള്ള ഓണ്‍ലൈന്‍ സേവനങ്ങള്‍ പൊതുജനങ്ങള്‍ക്ക് നല്‍കുന്നതിനുള്ള സെന്ററുകള്‍ അക്ഷയകേന്ദ്രങ്ങള്‍ മാത്രമായിരിക്കും എന്നിരിക്കെ അംഗീകാരമുണ്ട് എന്ന വ്യാജേന പ്രവര്‍ത്തിക്കുന്ന ഓണ്‍ലൈന്‍ കേന്ദ്രങ്ങളില്‍ ഇ ഡിസ്ട്രിക് സേവനങ്ങള്‍ ഉള്‍പ്പെടെ വാണിജ്യാടിസ്ഥാനത്തില്‍ നല്‍കുന്നില്ല എന്ന് ഉറപ്പുവരുത്തേണ്ടതുണ്ട്. ഇതുമായി ബന്ധപ്പെട്ട് തഹസില്‍ദാര്‍മാര്‍ ഇത്തരം ഓണ്‍ലൈന്‍ കേന്ദ്രങ്ങളില്‍ മിന്നല്‍ പരിശോധന നടത്തി നടപടികള്‍ സ്വീകരിക്കേണ്ടതാണെന്നും ജില്ലാ കളക്ടര്‍ അറിയിച്ചു.

സമൂഹം പരിഹരിക്കേണ്ടത് ലിംഗവിവേചനം: ജില്ലാ കളക്ടര്‍

 

സമൂഹം അഭിമുഖീകരിക്കുന്ന ഏറ്റവും വലിയ പ്രശ്നമാണ് ലിംഗവിവേചനമെന്ന് ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ്. അയ്യര്‍ പറഞ്ഞു. ജില്ലാ വനിതാ ശിശു വികസന ഓഫീസിന്റെയും ജില്ലാ ലീഗല്‍ സര്‍വീസസ് അതോറിറ്റിയുടെയും സംയുക്താഭിമുഖ്യത്തില്‍ പത്തനംതിട്ടയില്‍ നടത്തിയ വനിതാ ദിനാഘോഷത്തില്‍ സംസാരിക്കുകയായിരുന്നു ജില്ലാ കളക്ടര്‍. ഈ കാലഘട്ടത്തിലും ലിംഗവിവേചനം സമൂഹത്തില്‍ ഉണ്ടെന്നു പറയുന്നത് തന്നെ വേദനാജനകമാണ്. സ്ത്രീകള്‍ എത്ര ശക്തി ആര്‍ജിച്ചാലും ലിംഗവിവേചനം എന്ന വലിയ വിപത്ത് ഒരു കുഞ്ഞിന്റെ ജനനം മുതല്‍ തന്നെ ആരംഭിക്കുന്നു എന്നുള്ളത് നമുക്ക് നിഷേധിക്കാന്‍ സാധിക്കില്ലെന്ന് കളക്ടര്‍ പറഞ്ഞു.
ലിംഗ സങ്കല്‍പങ്ങളില്‍ പുതുതലമുറയെ കെട്ടി ഇടരുതെന്നും നമ്മുടെ ഗൃഹങ്ങളില്‍ നിന്നാണ് മാറ്റങ്ങള്‍ ഉടലെടുക്കേണ്ടതെന്നും കളക്ടര്‍ പറഞ്ഞു. പരസ്പര സ്നേഹത്തിലൂടെയാണ് ശാക്തീകരണം സാധ്യമാകേണ്ടത്. ആണ്‍-പെണ്‍ സന്തുലനാവസ്ഥ ഉണ്ടാവണം. മറ്റൊരാള്‍ നമ്മെ ആഴത്തില്‍ സ്നേഹിക്കുമ്പോഴും മറ്റൊരാളെ നമുക്ക് ആത്മാര്‍ഥമായി സ്നേഹിക്കാന്‍ സാധിക്കുമ്പോഴുമാണ് നമ്മുടെ ഉള്ളിലെ ശക്തി ഉടലെടുക്കുന്നത്. സ്ത്രീത്വത്തിന്റെ സൗന്ദര്യം നമ്മളിലൂടെ മറ്റുള്ളവര്‍ക്ക് പങ്കുവെച്ചു കൊടുക്കാനും നാം ശ്രമിക്കണം. വൈകാരികമായും മാനസികമായുമുള്ള ശക്തി ഉടലെടുക്കേണ്ടത് മനസില്‍ നിന്നുമാണെന്നും നാം മറക്കരുതെന്നും കളക്ടര്‍ പറഞ്ഞു. നല്ലൊരു നാളെക്കായി സുസ്ഥിര ലിംഗസമത്വം ഇന്നേ എന്നതായിരുന്നു ഈ വര്‍ഷത്തെ വനിതാദിന വിഷയം.
അഡ്വ. പ്രമോദ് നാരായണ്‍ എംഎല്‍എ പരിപാടി ഉദ്ഘാടനം ചെയ്തു. ധീര പദ്ധതി പ്രഖ്യാപനവും അദ്ദേഹം നിര്‍വഹിച്ചു. പെണ്‍കുട്ടികളില്‍ ആത്മവിശ്വാസം വളര്‍ത്തുക, മാനസിക, ശാരീരിക ആരോഗ്യം മെച്ചപ്പെടുത്തുക, സ്വയരക്ഷ സാധ്യമാക്കുക എന്നീ ഉദ്ദേശ്യങ്ങളോടെയാണ് സംസ്ഥാന വനിതാ വികസന വകുപ്പിന്റെ ആഭിമുഖ്യത്തില്‍ ധീര പദ്ധതി നടപ്പാക്കുന്നത്. സ്ത്രീകള്‍ തടസങ്ങളെ അതിജീവിക്കാനുള്ള ശക്തി ആര്‍ജിക്കേണ്ടത് ഇന്നിന്റെ ആവശ്യമാണെന്നും മുഖ്യധാരയിലേക്ക് വരണമെന്നും അദ്ദേഹം ഉദ്ഘാടന പ്രസംഗത്തില്‍ പറഞ്ഞു.
പത്തനംതിട്ട നഗരസഭ മുന്‍സിപ്പല്‍ ചെയര്‍മാന്‍ അഡ്വ. ടി. സക്കീര്‍ ഹുസൈന്‍ യോഗത്തില്‍ അധ്യക്ഷനായിരുന്നു. ജീവിതത്തിന്റെ വ്യത്യസ്തങ്ങളായ മേഖലയില്‍ നിന്നും സമൂഹത്തിന്റെ മുന്‍നിരയിലേക്ക് സ്വപ്രയത്നത്താല്‍ കടന്നുവന്ന പി.ആര്‍. ശ്വാമള കുമാരി, മിനി സജി, അന്ധയായ വിദ്യാര്‍ഥിനി പി.ജി. ഷെറിന്‍, രാജ്യാന്തര കായിക താരമായ തങ്കമ്മ, കെ.ആര്‍. ബിന്ദുമോള്‍, പാഴ്‌വസ്തുക്കളില്‍ നിന്നും പ്രയോജനകരമായ നിര്‍മാണ പ്രക്രിയയില്‍ കഴിവ് തെളിയിച്ച സുധാ ഭാസി എന്നിവരെ കളക്ടര്‍ ആദരിച്ചു. സ്ത്രീധനം കാലഹരണപ്പെടും എന്ന വിഷയത്തെ ആസ്പദമാക്കി കോളജ് വിദ്യാര്‍ഥികള്‍ക്കായി നടത്തിയ സംവാദത്തില്‍ പങ്കെടുത്ത് ആദ്യ അഞ്ച് സ്ഥാനത്തെത്തിയ എന്‍എസ്എസ് കോളജ് പന്തളം, സെന്റ് തോമസ് കോളജ് റാന്നി, കാതോലിക്കേറ്റ് കോളജ് പത്തനംതിട്ട, സെന്റ് തോമസ് കോജേ് കോഴഞ്ചേരി, സെന്റ് സിറിള്‍സ് കോളജ് അടൂര്‍ എന്നിവിടങ്ങളില്‍നിന്നുള്ള വിദ്യാര്‍ഥികള്‍ അടങ്ങിയ ടീമുകള്‍ക്ക് സമ്മാനം വിതരണം ചെയ്തു.
സൗജന്യ നിയമസഹായം എങ്ങനെ ലഭ്യമാക്കാം എന്ന വിഷയത്തില്‍ നടന്ന ശില്പശാലയ്ക്ക് ജില്ലാ ലീഗല്‍ സര്‍വീസസ് അതോറിറ്റി സബ് ജഡ്ജിയും സെക്രട്ടറിയുമായ ദേവന്‍ കെ. മേനോന്‍ നേതൃത്വം നല്‍കി. ശില്‍പ്പശാലയില്‍ നിരവധി വനിതകള്‍ പങ്കെടുക്കുകയും സ്ത്രീധനവും സ്ത്രീകള്‍ അഭിമുഖീകരിക്കുന്ന പ്രശ്നങ്ങളിലെ നിയമസഹായത്തെക്കുറിച്ച് സംശയങ്ങള്‍ ദൂരീകരിക്കുകയും ചെയ്തു.
യോഗത്തില്‍ ജില്ലാ വനിതാ ശിശു വികസന ഓഫീസര്‍ പി.എസ്. തസ്നീം, വനിതാ സംരക്ഷണ ഓഫീസര്‍ എച്ച്. താഹിറ ബീവി, ജില്ലാ സാമൂഹ്യ നീതി ഓഫീസര്‍ ഏലിയാസ് തോമസ്, ജില്ലാ വനിതാ ശിശു വികസന ജൂനിയര്‍ സൂപ്രണ്ട് ജി. സ്വപ്ന മോള്‍, ജില്ലാതല ഐസിഡിഎസ് സെല്‍ പ്രോഗ്രാം ഓഫീസര്‍ ആര്‍. നിഷാ നായര്‍, എല്‍സിസി ചെയര്‍പേഴ്സണ്‍ സൂസമ്മ മാത്യു എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.

നാലു വര്‍ഷം കൊണ്ട് പാല്‍ ഉത്പാദനത്തില്‍ കേരളത്തെ
ഒന്നാമതെത്തിക്കുക ലക്ഷ്യം: മന്ത്രി ജെ. ചിഞ്ചുറാണി

നാലു വര്‍ഷം കൊണ്ട് പാല്‍ ഉത്പാദനത്തില്‍ കേരളത്തെ രാജ്യത്ത് ഒന്നാമതെത്തിക്കുകയാണ് ലക്ഷ്യമെന്ന് ക്ഷീരവികസന, മൃഗസംരക്ഷണവകുപ്പ് മന്ത്രി ജെ. ചിഞ്ചുറാണി പറഞ്ഞു. ക്ഷീര വികസന വകുപ്പിന്റെയും ക്ഷീര സഹകരണ സംഘങ്ങളുടേയും ആഭിമുഖ്യത്തില്‍ ജില്ലാ ക്ഷീരസംഗമത്തോട് അനുബന്ധിച്ച് അടൂര്‍ മാര്‍ത്തോമ യൂത്ത് സെന്ററില്‍ നടത്തിയ പൊതുസമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി.
കേരളം പാല്‍ ഉത്പാദനത്തില്‍ ഇപ്പോള്‍ സംസ്ഥാനത്ത് രണ്ടാംസ്ഥാനത്താണുള്ളത്. മുന്‍പെങ്ങുമില്ലാത്തത്ര പാല്‍ ഉത്പാദനമാണ് സംസ്ഥാനത്ത് നടക്കുന്നത്. കോവിഡ് കാലഘട്ടത്തിലും ഉണര്‍ന്നു പ്രവര്‍ത്തിച്ച വകുപ്പാണ് മില്‍മ. വെള്ളപ്പൊക്കത്തില്‍ കന്നുകാലികള്‍, കോഴികള്‍ എന്നിവ നഷ്ടപ്പെട്ട കര്‍ഷകര്‍ക്കും, പക്ഷിപ്പനി മൂലം താറാവുകള്‍ നഷ്ടപ്പെട്ട കര്‍ഷകര്‍ക്കും നഷ്ടപരിഹാരം വിതരണം ചെയ്തു. സാധാരണ കര്‍ഷകരെ സഹായിച്ചു കൊണ്ടാണ് വകുപ്പ് മുന്‍പോട്ടു പോകുന്നത്. കര്‍ഷകരുടെ ഉത്പാദന ചിലവ് കൂടുതലാണെന്ന് മനസിലാക്കി അവ കുറയ്ക്കുന്നതിനുള്ള ശ്രമം വകുപ്പ് നടത്തി വരികയാണ്. സംസ്ഥാനത്തെ പശുക്കള്‍ക്ക് മുഴുവന്‍ ഇന്‍ഷുറന്‍സ് ഏര്‍പ്പെടുത്തുവാനുള്ള പ്രവര്‍ത്തനം ആരംഭിച്ചു കഴിഞ്ഞുവെന്നും മന്ത്രി പറഞ്ഞു.

കഴിഞ്ഞ അഞ്ചു വര്‍ഷങ്ങളായി സമസ്ത മേഖലകളിലും സമഗ്രമായ വികസനമാണ് സര്‍ക്കാര്‍ നടപ്പാക്കിയതെന്ന് അധ്യക്ഷത വഹിച്ച ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ പറഞ്ഞു. ക്ഷീര വകുപ്പിന്റെ എല്ലാ മേഖലകളിലും വന്‍ വളര്‍ച്ചയാണുണ്ടായിട്ടുള്ളത്. പാല്‍ ഉത്പാദനത്തില്‍ കേരളത്തിലുണ്ടായത് ഗണ്യമായ വര്‍ധനവാണ്. കേരളത്തില്‍ പാല്‍ ഉത്പാദനത്തില്‍ സ്വയം പര്യാപ്തതയിലേക്കെത്തുന്ന തരത്തിലുള്ള പ്രവര്‍ത്തനമാണ് നടക്കുന്നതെന്നും ഡെപ്യുട്ടി സ്പീക്കര്‍ പറഞ്ഞു. ചടങ്ങില്‍ മികച്ച ക്ഷീരകര്‍ഷകരേയും, ക്ഷീര സഹകരണ സംഘങ്ങളേയും ആദരിച്ചു.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.ഓമല്ലൂര്‍ ശങ്കരന്‍, അടൂര്‍ നഗരസഭ ചെയര്‍മാന്‍ ഡി.സജി, ജില്ലാ പഞ്ചായത്ത് വികസന കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ബീന പ്രഭ, പറക്കോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആര്‍. തുളസീധരന്‍ പിള്ള, സിപിഐ ജില്ലാ സെക്രട്ടറി എ.പി. ജയന്‍, കേരള ക്ഷീരകര്‍ഷക ക്ഷേമനിധി ബോര്‍ഡ് ചെയര്‍മാന്‍ വി.പി. ഉണ്ണികൃഷ്ണന്‍, ജില്ലാ പഞ്ചായത്ത് അംഗം ശ്രീനാദേവി കുഞ്ഞമ്മ തുടങ്ങിയവര്‍ പങ്കെടുത്തു.

ഗസ്റ്റ് ട്രേഡ്സ്മാന്‍ ഒഴിവ്
പത്തനംതിട്ട ജില്ലയിലെ വെണ്ണിക്കുളം സര്‍ക്കാര്‍ പോളിടെക്നിക്ക് കോളേജില്‍ ഫിറ്റിംഗ് വിഭാഗത്തില്‍ ഗസ്റ്റ് ട്രേഡ്സ്മാന്‍ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. ഈ മാസം 14 ന് രാവിലെ 11 ന് നടക്കുന്ന കൂടിക്കാഴ്ചയില്‍ ഉദ്യോഗാര്‍ഥികള്‍ക്ക് അസല്‍ സര്‍ട്ടിഫിക്കറ്റുകളുമായി പങ്കെടുക്കാം. ഒന്നാം ക്ലാസോടെ ബന്ധപ്പെട്ട ട്രേഡിലുള്ള ഐ.ടി.ഐ (കെ.ജി.സി.ഇ)/ടി.എച്ച്.എസ്.എല്‍.സി ഇവയിലേതെങ്കിലും ആണ് യോഗ്യത.

ജോബ് ഫെയര്‍ (മാര്‍ച്ച് 9)
വ്യാവസായിക പരിശീലന വകുപ്പിന്റെ ആഭിമുഖ്യത്തില്‍ ഐ.ടി.ഐ ട്രെയിനികള്‍ക്കായി പത്തനംതിട്ട ജില്ലാ തല ജോബ് ഫെയര്‍ (09) ന് ഐ.ടി.ഐ ചെന്നീര്‍ക്കരയില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഓമല്ലൂര്‍ ശങ്കരന്‍ ഉദ്ഘാടനം ചെയ്യും. കേരളത്തിന് അകത്തു നിന്നും പുറത്തു നിന്നുമായി നിരവധി കമ്പനികള്‍ ഈ ജോബ്‌ഫെയറില്‍ പങ്കെടുക്കും. ജോബ്‌ഫെയറില്‍ പങ്കെടുക്കാന്‍ താല്പര്യമുള്ള ട്രെയിനികള്‍ www.spectrumjobs.org എന്ന വെബ്‌സൈറ്റില്‍ പേരും മറ്റ് വിവരങ്ങളും രജിസ്റ്റര്‍ ചെയ്തതിനു ശേഷം ഇന്നു രാവിലെ ഒന്‍പതിന് ചെന്നീര്‍ക്കര ഐ.ടി.ഐ യില്‍ എത്തിച്ചേരണം. സ്പോട്ട് രജിസ്‌ട്രേഷന്‍ സൗകര്യം ഉണ്ടായിരിക്കും. ഫോണ്‍: 0468 -2258710.

കെട്ടിട നികുതി ഇളവ്
2022-23 സാമ്പത്തിക വര്‍ഷത്തില്‍ കെട്ടിട നികുതി ഇളവിന് അര്‍ഹതയുളള വിമുക്ത ഭടന്മാര്‍/ഭാര്യമാര്‍/ വിധവകള്‍ ഈ മാസം 31 നകം അപേക്ഷയും ബന്ധപ്പെട്ട രേഖകളും, സത്യവാങ്മൂലം എന്നിവ സഹിതം ഗ്രാമപഞ്ചായത്ത് ഓഫീസില്‍ സമര്‍പ്പിക്കണമെന്ന് പന്തളം തെക്കേക്കര ഗ്രാമപഞ്ചായത്ത് സെക്രട്ടറി അറിയിച്ചു. ഫോണ്‍ : 04734 228498.

സ്ത്രീകള്‍ പരസ്പരം കൈത്താങ്ങാകണം: ജില്ലാ കളക്ടര്‍
സമ്മര്‍ദങ്ങളില്‍ നിന്നും വിമോചിതരാകാന്‍ സ്ത്രീകള്‍ പരസ്പരം കൈത്താങ്ങാകണമെന്ന് ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ് അയ്യര്‍ പറഞ്ഞു. കുടുംബശ്രീ ജില്ലാ മിഷന്റെ ആഭിമുഖ്യത്തില്‍ പത്തനംതിട്ടയില്‍ നടത്തിയ വനിതാ ദിനാഘോഷത്തിന്റെയും സ്ത്രീശക്തി കലാജാഥയുടെയും ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു കളക്ടര്‍. കുടുംബശ്രീയുടെ അന്തസത്തയായ പരസ്പര സ്‌നേഹം നിലനിര്‍ത്താനായാല്‍ സമ്മര്‍ദങ്ങളില്‍ നിന്ന് സ്ത്രീകളെ വിമോചിപ്പിക്കാനും ശാക്തീകരിക്കാനുമാകും. സ്ത്രീകള്‍ തനതായ സ്വത്വത്തില്‍ നില നില്‍ക്കണമെങ്കില്‍ പരസ്പരം കൈത്താങ്ങാകണമെന്നും കളക്ടര്‍ പറഞ്ഞു. സ്ത്രീത്വത്തെ ആഘോഷിക്കാനുള്ള ദിവസമാണ് വനിതാദിനമെന്നും കളക്ടര്‍ പറഞ്ഞു.
പത്തനംതിട്ട നഗരസഭ ചെയര്‍മാന്‍ അഡ്വ. റ്റി. സക്കീര്‍ ഹുസൈന്‍ അധ്യക്ഷത വഹിച്ചു. കുടുംബശ്രീയും നഗരസഭയും സംയുക്തമായി സംഘടിപ്പിച്ച വിളംബര റാലി അദ്ദേഹം ഫ്‌ളാഗ് ഓഫ് ചെയ്തു.
വ്യത്യസ്ത മേഖലകളില്‍ കഴിവ് തെളിയിച്ച ഡോ. എം.എസ്.സുനില്‍, ചിത്രകാരി ഗ്രേസി ഫിലിപ്പ്, വിദ്യാര്‍ഥികളായ സാന്ദ്ര ബിനോയി, അഞ്ജു ശ്രീലാല്‍ വെട്ടൂര്‍ എന്നിവരെ ആദരിച്ചു. വീഡിയോ പ്രദര്‍ശനം, സംവാദം, നാടകാവതരണവും ഇതോട് അനുബന്ധിച്ച് നടത്തി.
കുടുംബശ്രീ ജില്ലാ മിഷന്‍ കോ- ഓര്‍ഡിനേറ്റര്‍ കെ.എച്ച്. സലീന, പഞ്ചായത്ത് പ്രസിഡന്റ് അസോസിയേഷന്‍ പ്രസിഡന്റ് പി.എസ്.മോഹനന്‍, കുടുംബശ്രീ എഡിഎംസി എല്‍.ഷീല, സിഡിഎസ് ചെയര്‍പേഴ്‌സണ്‍ പൊന്നമ്മ ശശി, ചൈല്‍ഡ് ലൈന്‍ കോ – ഓര്‍ഡിനേറ്റര്‍ ആതിര സുകുമാരന്‍, രശ്മി രാജന്‍, കെ.എസ്. ഗായത്രി, എന്‍.എസ് ഇന്ദു, അഡ്വ പി.വി. വിജയമ്മ, പി.ആര്‍. അനുപ തുടങ്ങിയവര്‍ പങ്കെടുത്തു.

ധീരകളെ സൃഷ്ടിച്ച് മല്ലപ്പള്ളി ബിആര്‍സി;ആത്മവിശ്വാസം വര്‍ധിപ്പിക്കാന്‍ ആയോധന കലകള്‍ സഹായിക്കും: ജില്ലാ കളക്ടര്‍

നമ്മുടെ സ്വന്തം മനസിനെയും ശരീരത്തെയും ദൃഢപ്പെടുത്താനും ആത്മ വിശ്വാസം വര്‍ധിപ്പിക്കാനും ആയോധന കലകള്‍ സഹായിക്കുമെന്ന് കളക്ടര്‍ പറഞ്ഞു. കുങ്ഫു പരിശീലനം ലഭിച്ച പെണ്‍കുട്ടികള്‍ കവിയൂര്‍ കെഎന്‍എം ഗവ. ഹൈസ്‌കൂളില്‍ നടത്തിയ പ്രദര്‍ശനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു ജില്ലാ കളക്ടര്‍. മല്ലപ്പള്ളി ബ്ലോക്ക് പ്രസിഡന്റ് ബിന്ദു ചന്ദ്രമോഹന്റെ അധ്യക്ഷതയില്‍ നടന്ന പരിപാടിയില്‍ ജില്ലാ പഞ്ചായത്തംഗം സി.കെ. ലതാകുമാരി മുഖ്യാതിഥിയായി.
യോഗത്തില്‍ ബിആര്‍സി കോ-ഓഡിനേറ്റര്‍ വി.അമ്പിളി സ്വാഗതം ആശംസിച്ചു. ഉപഹാര സമര്‍പ്പണം തിരുവല്ല വിദ്യാഭ്യാസ ഓഫീസര്‍ പി.ആര്‍. പ്രസീന,
സര്‍ട്ടിഫിക്കറ്റ് വിതരണം മല്ലപ്പള്ളി എഇഒ എം.ആര്‍. സുരേഷ് എന്നിവര്‍ നിര്‍വഹിച്ചു.
കോട്ടാങ്ങല്‍ പഞ്ചായത്ത് പ്രസിഡന്റ് ബിനു ജോസഫ്, കല്ലൂപ്പാറ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍പേഴ്‌സണ്‍ മനു ഭായ് മോഹന്‍, മല്ലപ്പള്ളി ബ്ലോക്ക് വൈസ് പ്രസിഡന്റ്് റിമി ലിറ്റി, കെഎന്‍എം പിടിഎ പ്രസിഡന്റ് കെ.കെ. ബൈജുകുട്ടന്‍, എസ്എസ്‌കെ ഡിപിഒ എ.കെ. പ്രകാശ്, ഓള്‍ ഇന്ത്യ കുങ്ഫു ഫെഡറേഷന്‍ വൈസ് പ്രസിഡന്റ് എം.ജി. ദിലീപ് കെഎന്‍എം ജിഎച്ച്എസ് പ്രഥമ അധ്യാപിക ജെ.എല്‍. എന്നിവര്‍ സംസാരിച്ചു.
പെണ്‍കുട്ടികളില്‍ ആത്മവിശ്വാസം വളര്‍ത്തുക, മാനസിക- ശാരീരിക ആരോഗ്യം മെച്ചപ്പെടുത്തുക, സ്വയരക്ഷ സാധ്യമാക്കുക എന്നീ ഉദ്ദേശ്യങ്ങളോടെ സംസ്ഥാന സര്‍ക്കാരും സമഗ്ര ശിക്ഷ കേരളയും സര്‍ക്കാര്‍ സ്‌കൂളുകളിലെ ഏഴാം ക്ലാസ് മുതല്‍ 12 -ാം ക്ലാസ് വരെയുള്ള കുട്ടികള്‍ക്കാണ് ഷാവോലിന്‍ കുങ്- ഫുവില്‍ പരിശീലനം നല്‍കിയത്. ധീര എന്ന പേരില്‍ മല്ലപ്പള്ളി ബിആര്‍സിയുടെ പരിധിയില്‍ കവിയൂര്‍ കെഎന്‍എം ഗവ. ഹൈസ്‌കൂള്‍, കീഴ്‌വായ്പൂര്‍ ഗവ. വി.എച്ച്എസ്‌സി സ്‌കൂള്‍, വായ്പൂര്‍ എംആര്‍എസ്എല്‍ വി സ്‌കൂള്‍, പാലയ്ക്കത്തകിടി സെന്റ് മേരീസ് സര്‍ക്കാര്‍ ഹൈസ്‌കൂള്‍ എന്നിവിടങ്ങളിലെ കുട്ടികള്‍ക്ക് കുങ്ഫു സ്‌പോര്‍ട്‌സ് അസോസിയേഷന്റെ പരിശീലകരായ ആര്‍.എല്‍. വിജയന്‍, അദിഭകൃഷ്ണന്‍ എന്നിവരുടെ നേതൃത്വത്തിലാണ് പരിശീലനം നല്‍കിയത്.

റോഡുകളിലെ പൈപ്പുകള്‍ മാറ്റി സ്ഥാപിക്കുന്നത് സമയബന്ധിതമായി
പൂര്‍ത്തീകരിക്കണം: അഡ്വ. മാത്യു ടി. തോമസ് എംഎല്‍എ
തിരുവല്ല നിയോജകമണ്ഡലത്തില്‍ റീബില്‍ഡ് കേരള ഇനിഷ്യേറ്റീവ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി നിര്‍മാണ പ്രവൃത്തികള്‍ പുരോഗമിക്കുന്ന മല്ലപ്പള്ളി, കല്ലൂപ്പാറ, പുറമറ്റം പഞ്ചായത്തുകളിലെ റോഡുകളിലെ പൈപ്പുകള്‍ മാറ്റി സ്ഥാപിക്കുന്നത് സംബന്ധിച്ച് കെ എസ്റ്റിപിയുടെയും കേരള വാട്ടര്‍ അതോററ്റിയുടെയും സംയുക്ത അവലോകന യോഗം മാത്യു ടി. തോമസ് എംഎല്‍എയുടെ അധ്യക്ഷതയില്‍ തിരുവല്ല റസ്റ്റ് ഹൗസില്‍ ചേര്‍ന്നു.
നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടന്നു വരുന്ന റോഡുകളില്‍ കുടിവെള്ള പൈപ്പുകള്‍ മാറ്റി സ്ഥാപിക്കുന്നതിനായി വാട്ടര്‍ അതോറിറ്റി തയാറാക്കിയ എസ്റ്റിമേറ്റ് പ്രകാരമുള്ള പ്രവൃ ത്തികള്‍ക്ക് അംഗീകാരം ലഭിച്ചിട്ടുണ്ട്. ഈ പ്രവൃത്തികള്‍ മുന്‍ഗണനാ ക്രമത്തില്‍ സമയ ബന്ധിതമായി പൂര്‍ത്തീകരിക്കണമെന്ന് എംഎല്‍എ നിര്‍ദേശിച്ചു. നിര്‍മാണവുമായി ബന്ധപ്പെട്ട് ഉണ്ടാകുന്ന കേടുപാടുകള്‍ അതത് സമയത്ത് തന്നെ പരിഹരിക്കണമെന്നും എം എല്‍എ ആവശ്യപ്പെട്ടു.
102.89 കോടി രൂപയ്ക്ക് 23 കിലോമീറ്റര്‍ ദൂരത്തില്‍ നിര്‍മിക്കുന്ന റോഡിന്റെ രൂപരേഖ കെ എസ്റ്റിപിക്കു വേണ്ടി ഓസ്‌ട്രേലിയന്‍ കമ്പനിയാണ് തയാറാക്കിയത്. മല്ലപ്പള്ളി കോമളം 5.46 കി.മി, വെണ്ണിക്കുളം – നാരകത്താനി 1.82 കി. മി, കവുങ്ങും പ്രയാര്‍ – പാട്ടക്കാല 3.19 കി.മി, കോമളം – കല്ലൂപ്പാറ 3.8 കി. മി, കല്ലൂപ്പാറ – ചെങ്ങരൂര്‍ 2.22 കി. മി, മൂശാരികവല – പരിയാരം 1.10 കി. മി, കാവിനപ്പുറം – പാലത്തിങ്കല്‍ പടി – 2.33 കി. മി എന്നീ റോഡുകളാണ് ഈ പദ്ധതിയില്‍ ഉള്‍പ്പെട്ടിട്ടുള്ളത്.
യോഗത്തില്‍ കേരള വാട്ടര്‍ അതോറിറ്റി ഡയറക്ടര്‍ ബോര്‍ഡ് അംഗം അലക്‌സ് കണ്ണമല, കെഎസ്റ്റിപി എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ വി.കെ. ജാസ്മിന്‍, അസിസ്റ്റന്റ് എന്‍ജിനീയര്‍ ആന്‍ ശില്പ ജോര്‍ജ്, വാട്ടര്‍ അതോറിറ്റി സൂപ്രണ്ടിംഗ് എന്‍ജിനീയര്‍ ഉഷ രാധാകൃഷ്ണന്‍, എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ കെ.യു. മിനി, കെഎസ്റ്റിപി കണ്‍സള്‍ട്ടന്റ് പി.എ. റാസി കരാറുകാരന്റെ പ്രതിനിധികള്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.

error: Content is protected !!