Input your search keywords and press Enter.

നാനൂറോളം വയോജനങ്ങള്‍ക്ക് “മാതാവായി ” മാറിയ പ്രീഷില്‍ഡയുടെ കഥയറിയാം

 

ആശ്രയമറ്റവരുടെ ആതുരാശ്രമമായ അടൂര്‍ മഹാത്മ ജനസേവനകേന്ദ്രത്തിലേക്ക് അഭയം തേടിയെത്തുന്നവര്‍ക്ക് അഭയവും സാന്ത്വനവുമാകുന്ന കരങ്ങളില്‍ പ്രധാനമാണ് പ്രീഷില്‍ഡ ആന്റണിയെന്ന മഹാത്മയുടെ സെക്രട്ടറിയും, അന്തേവാസികളുടെ മാതൃതുല്യയുമായ സുജ. മഹാത്മ ജനസേവനകേന്ദ്രം ചെയര്‍മാനും, സ്ഥാപകനുമായ രാജേഷ് തിരുവല്ലയുടെ സഹധര്‍മ്മിണിയായ സുജ അദ്ദേഹത്തിന്റെ നിഴല്‍പോലെ കൂടെ നിന്നതാണ് മഹാത്മ ജനഹൃദയങ്ങളില്‍ ഇത്രയേറെ സ്ഥാനം പിടിക്കുവാന്‍ കാരണം. മഹാത്മയിലെ 140-ഓളം സന്നദ്ധ പ്രവര്‍ത്തകരില്‍ നൂറോളം പേര്‍ സ്ത്രീകളാണെന്നതും ഏറെ ശ്രദ്ധേയമാണ്. അവരുടെ നേതൃത്വവും, സുരക്ഷിതത്വവും, സമത്വവും ഏല്ലാം ഉറപ്പുവരുത്തുവാന്‍ സെക്രട്ടറിയെന്ന നിലയില്‍ പ്രീഷില്‍ഡയ്ക്ക് കഴിയുന്നുണ്ട്.

 

നാനൂറോളം വയോജനങ്ങള്‍ക്കും, ഇവരില്‍ ചിലരുടെ കുട്ടികള്‍ ഉള്‍പ്പടെയുളളവര്‍ക്ക് മാതാവായി മാറിയ, 140 ഓളം സന്നദ്ധ പ്രവര്‍ത്തകര്‍ക്ക് നേതൃത്വമേകുന്ന പ്രീഷില്‍ഡയെന്ന സുജ കടന്നു വന്നത് കനല്‍ വഴികളിലൂടെയാണ്. കൊല്ലം ഈസ്റ്റ് കല്ലട, മുട്ടം, ജോണിവിലാസത്തില്‍ ആന്റണിയുടേയും, സ്റ്റാന്‍സിയുടേയും, മൂന്ന് മക്കളില്‍ രണ്ടാമത്തെ ആളാണ് പ്രീഷില്‍ഡ. നേഴ്‌സിംഗ് പഠനം പൂര്‍ത്തിയാക്കി സേവനമേഖലയില്‍ വ്യാപൃതയായിരുന്ന പ്രീഷില്‍ഡയ്ക്ക് വിനയായത് വിവാഹ ജീവിതമാണ്. പൊരുത്തക്കേടുകളുടേയും യാതനയുടെ ദിനങ്ങളില്‍ മാസങ്ങള്‍ മാത്രം പ്രായമുളള കൈക്കുഞ്ഞുമായി എല്ലാവരാലും അവഗണിക്കപ്പെട്ട് അനാഥാലയത്തിന്റെ പടിവാതിലില്‍ അഭയം തേടിയവളുടെ കഥ ഇന്നും ചുട്ടുപൊളളുന്ന ഓര്‍മ്മകളാണ്.

 

അവഗണിച്ചവരോട് പകയില്ലാതെ ജീവിക്കുന്നതിനും ഏറെ ക്ഷമ വേണം. ഒരേ ദുരിതാവസ്ഥയിലായിരുന്നവര്‍ പരസ്പരം കണ്ടുമുട്ടിയത് അനാഥാലയത്തിന്റെ ഇടനാഴിയിലായിരുന്നു. മാതൃത്വം അനുഭവിക്കാത്ത ബാല്യങ്ങളുമായി രാജേഷ് തിരുവല്ലയെന്ന സാമൂഹ്യപ്രവര്‍ത്തകനെ കണ്ടെത്തിയപ്പോള്‍ തുല്യ ദുഃഖിതരായ അവര്‍ ജീവിതത്തിലൊരുമിക്കുവാന്‍ തീരുമാനിച്ചു.

ജീവിതവഴികളില്‍ അനുഭവിച്ച് പഠിച്ച പാഠങ്ങളില്‍ വീണുകിടക്കുന്ന സഹജീവികള്‍ക്കായ് അവര്‍ പരസ്പരം കൈകോര്‍ത്തു പിടിച്ചു. നൂറ് കണക്കിന് ആളുകളെയാണ് മുഖ്യധാര ജീവിതത്തിലേക്ക് രാജേഷ് തിരുവല്ലയും പ്രീഷില്‍ഡയും ചേര്‍ന്ന് കൈപിടിച്ചുയര്‍ത്തിയത്. ആയതിന്റെ ഏറിയ പങ്കും സ്വയം ഏറ്റെടുക്കുകയായിരുന്നു പ്രീഷില്‍ഡ.

സ്വന്തം ജീവിതം കെട്ടിപ്പടുക്കുവാന്‍ അവള്‍ ഒരിക്കലും ശ്രമിച്ചില്ല. ഇക്കാലമത്രയും ഓരോ നിമിഷവും സമൂഹത്തിനായ് മാറ്റിവച്ചു. മഹാത്മയിലെ രോഗാതുരുടെ എല്ലാ പരിചരണത്തിനും നേതൃത്വം കൊടുക്കുന്നത് പ്രീഷില്‍ഡയാണ്. മുറിവുകള്‍ വൃണമായവര്‍, തളര്‍ന്നുപോയവര്‍, മാനസിക വെല്ലുവിളി നേരിടുന്നവര്‍, മാറാരോഗികള്‍ അങ്ങനെയെത്രയോപേര്‍, കഴിഞ്ഞ മാസത്തില്‍ വഴിതെറ്റി കേരളത്തിലെത്തിയ ബീഹാര്‍ സ്വദേശിനി ആശാദേവിയെ അവരുടെ സ്വന്തം വീട്ടില്‍ കുടുംബത്തോടൊപ്പം ചേര്‍ത്തുവച്ചതുവരെയുളള കര്‍മ്മങ്ങള്‍ പ്രീഷില്‍ഡയെന്ന വനിതയുടെ ദൃഡനിശ്ചയവും, ആത്മാര്‍പ്പണവുമാണ്.സമൂഹത്തിനായ് സ്വയം സമര്‍പ്പിച്ച് ജീവിക്കുന്ന ഇവര്‍ എന്നും മികച്ച മാതൃകയാണ്.

error: Content is protected !!