ഡിജിറ്റല്‍ റീസര്‍വേ സംബന്ധിച്ച് ജനപ്രതിനിധികള്‍ക്കും പൊതുജനത്തിനും അവബോധം സൃഷ്ടിക്കുന്നതിനായി ജില്ലാതലത്തില്‍ ജില്ല, ബ്ലോക്ക്, ഗ്രാമ പഞ്ചായത്ത് മെമ്പര്‍മാര്‍, നഗരസഭാ കൗണ്‍സിലര്‍മാര്‍ എന്നിവര്‍ക്കായി മാര്‍ച്ച് പത്തിന് ഉച്ചയ്ക്ക് മൂന്നിന് ഓണ്‍ലൈനായി ശില്പശാല സംഘടിപ്പിക്കും. ശില്‍പ്പശാലയുടെ ഉദ്ഘാടനം തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി എം. വി. ഗോവിന്ദന്‍ മാസ്റ്റര്‍ നിര്‍വഹിക്കും. റവന്യൂ ഭവന നിര്‍മ്മാണ വകുപ്പ് മന്ത്രി കെ. രാജന്‍ അധ്യക്ഷനാകും. നിയമസഭാ സ്പീക്കര്‍ എം. ബി രാജേഷ്, വൈദ്യുതി വകുപ്പ് മന്ത്രി കെ. കൃഷ്ണന്‍കുട്ടി എന്നിവര്‍ മുഖ്യാതിഥികളാകും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ. ബിനുമോള്‍, സര്‍വ്വേ ആന്‍ഡ് ലാന്‍ഡ് റെക്കോര്‍ഡ്‌സ് ഡയറക്ടര്‍ സീറാം സാംബശിവ റാവു, ജില്ലാ കളക്ടര്‍ മൃണ്‍മയി ജോഷി എന്നിവര്‍ സംസാരിക്കും. ജില്ലയിലെ എംഎല്‍എമാര്‍, നഗരസഭാ ചെയര്‍മാന്‍ മാര്‍, കൗണ്‍സിലര്‍മാര്‍, ജില്ല, ബ്ലോക്ക്, ഗ്രാമ പഞ്ചായത്ത് പ്രസിഡന്റുമാര്‍, വാര്‍ഡ് അംഗങ്ങള്‍ എന്നിവര്‍ പങ്കെടുക്കും.
ആധുനിക സാങ്കേതികവിദ്യ അനുസരിച്ച് പ്രവര്‍ത്തിക്കുന്ന ആര്‍. ടി. കെ. റോവര്‍, റോബോട്ടിക് ഇ. ടി. എസ്., ഡ്രോണ്‍, സി. ഓ.ആര്‍. എസ് തുടങ്ങിയ ഉപകരണങ്ങള്‍ ഉപയോഗിച്ച് പൊതുജന പങ്കാളിത്തത്തോടെയാണ് സര്‍വ്വേ നടപ്പിലാക്കുന്നത്. പൊതുജന പങ്കാളിത്തം ഉറപ്പു വരുത്തുന്നതിലൂടെ റീസര്‍വ്വേ പരാതികളുടെ 80 ശതമാനവും കുറയ്ക്കാനാകുമെന്ന പ്രതീക്ഷയിലാണ് അധികൃതര്‍. സംസ്ഥാനത്തെ 1550 വില്ലേജുകള്‍ നാലുവര്‍ഷംകൊണ്ട് ഡിജിറ്റലായി സര്‍വ്വേ ചെയ്യുന്ന പദ്ധതി റീബില്‍ഡ് കേരള ഇനിഷ്യേറ്റീവില്‍ ഉള്‍പ്പെടുത്തി 807.98 കോടി രൂപയുടെ അംഗീകാരം ലഭിക്കുകയും ആദ്യഘട്ടമായി 339. 438 കോടി രൂപയുടെ ഭരണാനുമതിയും ലഭ്യമായിട്ടുണ്ട്.
വ്യാവസായിക പരിശീലന വകുപ്പിന്റെ ആഭിമുഖ്യത്തില്‍ മലമ്പുഴ ഗവ.ഐ.ടി.ഐയില്‍ മാര്‍ച്ച് 11 ന് ഉച്ചക്ക് രണ്ടിന് സ്പെക്ട്രം-2022 ജില്ലാ തൊഴില്‍ മേള സംഘടിപ്പിക്കും. സര്‍ക്കാര്‍/സ്വകാര്യ ഐ.ടി.ഐ. കളില്‍ നിന്നും തൊഴില്‍ പരിശീലനം നേടിയ ട്രെയ്നികളുടെ തൊഴില്‍ സാധ്യത ഉറപ്പുവരുത്തുന്നതിന്റെ ഭാഗമായാണ് വ്യാവസായിക പരിശീലന വകുപ്പിന്റെ നേതൃത്വത്തില്‍ ജോബ് ഫെയര്‍ മേള സംഘടിപ്പിക്കുന്നത്.സര്‍ക്കാര്‍
സ്പെക്ട്രം-2022 ജില്ലാ തൊഴില്‍ മേള ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ബിനുമോള്‍ ഉദ്ഘാടനം ചെയ്യും. പരിപാടിയില്‍ മലമ്പുഴ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രാധിക മാധവന്‍ അധ്യക്ഷയാകും. മലമ്പുഴ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി.ബിജോയ്, മലമ്പുഴ ബ്ലോക്ക് പഞ്ചായത്ത് അംഗം കാഞ്ചന സുദേവന്‍, കണ്‍വീനര്‍ സി. രതീശന്‍, മലമ്പുഴ ഐ. ടി. ഐ പ്രസിഡന്റ് കെ. മുരളി, വാണിയംകുളം ഐ. ടി. ഐ പ്രിന്‍സിപ്പാള്‍ ആര്‍ സജീവ്, നെന്മാറ ഐ. ടി. ഐ പ്രിന്‍സിപ്പാള്‍ കെ. ബി.അജിമോന്‍, മലമ്പുഴ ഐ.ടി.ഐ സ്റ്റാഫ് സെക്രട്ടറി ടി.ആര്‍ വിനോദ്കുമാര്‍, മലമ്പുഴ ഗവ.ഐ. ടി. ഐ പ്രിന്‍സിപ്പാള്‍ കെ.സി അജിത എന്നിവര്‍ പങ്കെടുക്കും.
വികലാംഗനായ സഹോദരനെ മര്‍ദ്ദിച്ചത് ചോദ്യം ചെയ്ത സഹോദരിയെ ദേഹോപദ്രവം ചെയ്തതിന് മറ്റൊരു സഹോദരനെയും ഭാര്യയെ ഒരു വര്‍ഷവും മൂന്ന് മാസവും തടവ് ശിക്ഷയ്ക്കും 11,500 രൂപ പിഴയടയ്ക്കാനും പാലക്കാട് ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കെ. ഇ ഹിസാന തസ്‌നിം ശിക്ഷിച്ചു.
2016 ഏപ്രില്‍ 27ന് വള്ളിക്കോട് പടിഞ്ഞാറെ പാളയത്തില്‍ വികലാംഗനായ രാധാകൃഷ്ണനെ സ്വത്ത് തര്‍ക്കത്തെ തുടര്‍ന്ന് ദേഹോപദ്രവം ഏല്‍പ്പിക്കുന്നത് കണ്ട് തടയാന്‍ ചെന്ന സഹോദര ഭാര്യയെ ധനലക്ഷ്മിയുടെ വീട്ടില്‍ സഹോദരനായ മുരുകേശനും ഭാര്യ ഓമനയും അതിക്രമിച്ചുകയറി മുടിയില്‍ പിടിച്ചു തള്ളി താഴെ ഇടുകയും കവിളത്തും പുറത്തും അടിക്കുകയും റബര്‍ വടികൊണ്ട് കയ്യിലും നെറ്റിയിലും അടിച്ചു പരിക്കേല്‍പ്പിക്കുകയും ചെയ്‌തെന്നാണ് കേസ്. ഹേമാംബിക നഗര്‍ പോലീസ് അന്വേഷണം നടത്തിയ കേസില്‍ പ്രോസിക്യൂഷനു വേണ്ടി പബ്ലിക് പ്രോസിക്യൂട്ടര്‍ ടി. പി. വിനിത ഹാജരായി.
പട്ടാമ്പി താലൂക്കിലെ മരുതൂര്‍ തളി ശിവ ക്ഷേത്രത്തില്‍ ട്രസ്റ്റി നിയമനം നടത്തുന്നു. താല്പര്യമുള്ള ഹിന്ദുമത വിശ്വാസികള്‍ ഏപ്രില്‍ എട്ടിന് വൈകിട്ട് അഞ്ചിനകം മലബാര്‍ ദേവസ്വം ബോര്‍ഡ് മലപ്പുറം അസിസ്റ്റന്റ് കമ്മീഷണര്‍ക്ക് നിശ്ചിത ഫോറത്തില്‍ അപേക്ഷ സമര്‍പ്പിക്കണം. അപേക്ഷാഫോറം മലപ്പുറം അസിസ്റ്റന്റ് കമ്മീഷണറുടെ ഓഫീസിലും ഒറ്റപ്പാലം ഡിവിഷന്‍ ഇന്‍സ്‌പെക്ടറുടെ ഓഫീസിലും ദേവസ്വം ബോര്‍ഡ് വെബ്‌സൈറ്റിലും www.malabardevaswom.kerala.
വിവിധ കാരണങ്ങളാല്‍ 2000 ജനുവരി ഒന്ന് മുതല്‍ 2021ഓഗസ്റ്റ് 31 വരെയുള്ള കാലയളവില്‍ രജിസ്ട്രേഷന്‍ റദ്ദ് ആയവര്‍ക്ക് സീനിയോറിറ്റി നിലനിര്‍ത്തി രജിസ്‌ട്രേഷന്‍ പുതുക്കാന്‍ ഏപ്രില്‍ 30 വരെ അവസരം നല്‍കുമെന്ന് ജില്ലാ സൈനികക്ഷേമ ഓഫീസര്‍ അറിയിച്ചു. രജിസ്ട്രേഷന്‍ കാര്‍ഡില്‍ പുതുക്കേണ്ട മാസം ഒക്ടോബര്‍ 1999 മുതല്‍ ജൂണ്‍ 2021 വരെ കാലയളവില്‍ ജോലി ലഭിച്ച് നിയമാനുസൃതം വിടുതല്‍ സര്‍ട്ടിഫിക്കറ്റ് വാങ്ങി 90 ദിവസത്തിനുള്ളില്‍ രജിസ്‌ട്രേഷന്‍ രേഖകള്‍ ചേര്‍ക്കാതെ സീനിയോറിറ്റി നഷ്ടപ്പെട്ടവര്‍ക്കും പുതുക്കാന്‍ അവസരം ഉണ്ട്.
പട്ടികജാതി വികസന വകുപ്പിനു കീഴിലുള്ള ചിറ്റൂര്‍ ഐ. ടി. ഐ യില്‍ അന്താരാഷ്ട്ര വനിതാ ദിനം വിവിധ പരിപാടികളോടെ ആഘോഷിച്ചു. വനിതാ ദിനാഘോഷം ചിറ്റൂര്‍-തത്തമംഗലം മുനിസിപ്പല്‍ ചെയര്‍പേഴ്‌സണ്‍ കെ.എല്‍.കവിത. ഉദ്ഘാടനം ചെയ്തു. വാര്‍ഡ് മെമ്പര്‍ മെമ്പര്‍ അനന്തകൃഷ്ണന്റെ അധ്യക്ഷതയില്‍ നടന്ന പരിപാടിയില്‍ നല്ലേപ്പിള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് എസ്. അനീഷ, പുല്‍പ്പള്ളി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ആര്‍ പ്രസിത, സി. ലില്ലി, പി. അഞ്ജലി.,എസ് നന്ദന. , സ്റ്റാഫ് അംഗം പി. ആര്‍. നിഷ , വി. രാജന്‍ തുടങ്ങിയവര്‍ പങ്കെടുത്തു. ആര്‍ട്‌സ് ക്ലബ് സെക്രട്ടറി സിജോ. എം. സന്തോഷ് വനിതാദിന പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. പരിപാടിയില്‍ സംസ്ഥാനത്തെ മികച്ച ഡ്രാഫ്റ്റ് മാനും പൂര്‍വ വിദ്യാര്‍ത്ഥിയുമായ എസ്. സബിതയെയും ഇന്‍സ്ട്രക്ടര്‍ പി. ആര്‍. നിഷയെയും ആദരിച്ചു. എ.ഐ.ടി.ടി. പരീക്ഷയില്‍ ഉന്നത വിജയം കരസ്ഥമാക്കിയ വനിതാ ട്രെയിനികളേയും പരിപാടിയില്‍ അനുമോദിച്ചു
ഫോട്ടോ :- ചിറ്റൂര്‍ ഐ. ടി. ഐ. യില്‍ സംഘടിപ്പിച്ച വനിതാദിന പ്രതിജ്ഞ
കേരള സംസ്ഥാന യുവജനക്ഷേമ ബോര്‍ഡ് പാലക്കാട് നിയോജക മണ്ഡലത്തില്‍ വനിതാദിനാഘോഷ പരിപാടികള്‍ സംഘടിപ്പിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ. ബിനുമോള്‍ ഉദ്ഘാടനം ചെയ്തു. മലമ്പുഴ പഞ്ചായത്ത് പ്രസിഡന്റ് രാധിക മാധവന്‍, ജനനി സൊസൈറ്റി എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ജിസ ജോമോന്‍, പ്രിയ രാമകൃഷ്ണന്‍, റാണി ശെല്‍വന്‍ , ബി.റസിയ തുടങ്ങിയവര്‍ പങ്കെടുത്തു. സാമൂഹ്യ സേവകരായ ഇ. വി. കോമളം , കാര്‍ത്തികാദേവി, ക്ഷീര കര്‍ഷക നാണമ്മ എന്നിവരെ ആദരിച്ചു. വനിതകളുടെ വിവിധ കലാപരിപാടികളും നടന്നു.
ഫോട്ടോ :- കേരള സംസ്ഥാന യുവജനക്ഷേമ ബോര്‍ഡ് സംഘടിപ്പിച്ച പാലക്കാട് നിയോജക മണ്ഡലം വനിതാ ദിനാഘോഷം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ. ബിനുമോള്‍ ഉദ്ഘാടനം ചെയ്യുന്നു.
ജില്ലയിലെ പോലീസ്, ഫയര്‍ ആന്റ് റെസ്‌ക്യൂ വകുപ്പിലേക്ക് ഹോംഗാര്‍ഡ്സ് ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. അടിസ്ഥാന യോഗ്യത ആര്‍മി,നേവി, എയര്‍ഫോഴ്സ് എന്നീ സേനകളില്‍ നിന്നോ ബി. എസ്.എഫ്, സി.ആര്‍. പി. എഫ്, സി.ഐ. എസ്. എഫ്,എന്‍. എസ്. ജി, എസ്. എസ്. ബി, ആസ്സാം റൈഫിള്‍സ്, ഐ. ടി. ബി. എഫ് തുടങ്ങിയ അര്‍ദ്ധ സൈനിക വിഭാഗങ്ങളില്‍ നിന്നോ പോലീസ്, ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ സര്‍വീസസ്, ഫോറസ്റ്റ്, ജയില്‍ , എക്സൈസ് എന്നീ സംസ്ഥാന സര്‍വീസുകളില്‍ നിന്നോ വിരമിച്ച സേനാംഗമായിരിക്കണം. നിര്‍ദ്ദിഷ്ട യോഗ്യതയുള്ള അഹാഡ്സിലെ ആദിവാസി ജീവനക്കാര്‍ക്കും അപേക്ഷിക്കാം.
വിദ്യാഭ്യാസ യോഗ്യത -എസ്.എസ്.എല്‍.സി /തത്തുല്യ യോഗ്യതയും നല്ല ശാരീരിക ക്ഷമതയും. എസ്.എസ്.എല്‍.സി പാസ്സായവരുടെ അഭാവത്തില്‍ ഏഴാം ക്ലാസ്സ് പാസ്സായിട്ടുള്ളവരെയും പരിഗണിക്കും. പ്രായപരിധി 35-58 വയസ്സ്. ദിവസ വേതനം 780 രൂപ, യൂണിഫോം അലവന്‍സ് 1500 രൂപ.
മാര്‍ച്ച് 31 വരെ എല്ലാ പ്രവൃത്തി ദിവസങ്ങളിലും രാവിലെ 10 മുതല്‍ വൈകീട്ട് 5 വരെ അപേക്ഷാ ഫോറത്തിന്റെ മാതൃക ഫയര്‍ ആന്റ് റെസ്‌ക്യൂ സര്‍വ്വിസസ്, പാലക്കാട് ജില്ലാ ഫയര്‍ ഓഫീസില്‍ നിന്നും ലഭിക്കും.അപേക്ഷ സ്വീകരിക്കുന്ന അവസാന തിയതി മാര്‍ച്ച് 31 ന് വൈകിട്ട് അഞ്ച് വരെ. അപേക്ഷഫോമില്‍ ശരിയായ രീതിയില്‍ പൂരിപ്പിക്കാത്തതും, സമയ പരിധിയ്ക്കുള്ളില്‍ പൂരിപ്പിക്കാത്തതുമായ അപേക്ഷകള്‍ നിരസിക്കും. അപേക്ഷയുടെ രണ്ട് സെറ്റ് നല്‍കണം. യോഗ്യരായ ഉദ്യോഗാര്‍ഥികളെ കായികക്ഷമതാ പരിശോധനയുടേയും സര്‍ട്ടിഫിക്കറ്റ് പരിശോധനയുടെയും അടിസ്ഥാനത്തില്‍ തിരഞ്ഞെടുക്കും. പ്രായം കുറഞ്ഞ ഉദ്യോഗാര്‍ത്ഥികള്‍ക്ക് നിയമനത്തില്‍ മുന്‍ഗ ണന ലഭിക്കും.
കായികക്ഷമതാ പരിശോധന- 100 മീറ്റര്‍ ഓട്ടം (18 സെക്കന്റ്)
മൂന്ന് കിലോമീറ്റര്‍ നടത്തം (30 മിനിട്ട്) പൂര്‍ത്തിയാകണം.
അപേക്ഷയോടൊപ്പം മുന്‍ സേവനം തെളിയിക്കുന്ന രേഖയുടെയും എസ്.എസ്.എല്‍.സി /തത്തുല്യ യോഗ്യതയുടെയും ഗസറ്റഡ് ഓഫീസര്‍ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ് കൊണ്ടുവരണം. ഫോണ്‍ 0491-2505702.
സാങ്കേതികവിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള മരുതറോഡ് ഗവ. കൊമേഴ്സ്യല്‍ ഇന്‍സ്റ്റിറ്റ്യൂട്ടിലേക്ക് അസിസ്റ്റന്റ് ഇന്‍സ്ട്രക്ടര്‍ തസ്തികയിലേക്ക് ദിവസവേതന അടിസ്ഥാനത്തില്‍ നിയമിക്കും. വിദ്യാഭ്യാസ യോഗ്യത ബികോം(റകുലര്‍)ഡിപ്ലോമ ഇന്‍ സെക്രട്ടേറിയല്‍ പ്രാക്ടീസ്, ഡിപ്ലോമ ഇന്‍ ഷോര്‍ട്ഹാന്‍ഡ് ആന്‍ഡ് ടൈപ്പ്‌റൈറ്റിങ്, കമ്പ്യൂട്ടര്‍ വേര്‍ഡ് പ്രോസസ്സിങ് യോഗ്യതയുള്ളവര്‍ മാര്‍ച്ച് 14 ന് രാവിലെ 10 ന് ഒറിജിനല്‍ സര്‍ട്ടിഫിക്കറ്റുമായി ഓഫീസില്‍ കൂടിക്കാഴ്ചക്ക് എത്തണം. ഫോണ്‍ : 04912532371,9497356922
ലോകവനിതാ ദിനത്തോടനുബന്ധിച്ച് സ്ത്രീകള്‍ക്കായി എറണാകുളം വണ്ടര്‍ലായിലേക്ക് കെ.എസ്.ആര്‍.ടി.സി. ഉല്ലാസയാത്ര നടത്തി. കൊച്ചിമെട്രോ, ലുലുമാള്‍ എന്നിവ സന്ദര്‍ശിച്ചായിരുന്നു മടക്കം. പരിപാടിയുടെ ഭാഗമായി യാത്രയില്‍ പങ്കെടുത്ത എല്ലാ വനിതകള്‍ക്കും ആദരപത്രം നല്‍കി. ജില്ലാ ട്രാന്‍സ്‌പോര്‍ട്ട് ഓഫീസര്‍ ടി.എ. ഉബൈദ് ഉല്ലാസയാത്ര ഉദ്ഘാടനം ചെയ്തു. ജില്ലാ കോര്‍ഡിനേറ്റര്‍ വിജയ് ശങ്കര്‍, ഇന്‍സ്‌പെക്ടര്‍ മഹേഷ് എന്നിവര്‍ പങ്കെടുത്തു.
പാലക്കാടിന്റെ ഗ്രാമീണഭംഗി അടുത്തറിയുന്നതിനായി ഗ്രാമയാത്ര എന്ന പേരില്‍12ന് കല്‍പാത്തിയുടെ ഉള്‍വഴികളിലൂടെ കെ.എസ്.ആര്‍.ടി.സി യാത്ര ഒരുക്കിയിട്ടുണ്ട്. കല്‍പാത്തി ഗ്രാമത്തിലൂടെ സഞ്ചരിച്ച ശേഷം രാമശ്ശേരി വഴി രാമശ്ശേരി ഇഡ്ഡലി കഴിച്ച് രാമശ്ശേരിയിലെ വിവിധ ഭാഗങ്ങള്‍ സന്ദര്‍ശിക്കും. മലയാള മനോരമ കര്‍ഷകശ്രീ അവാര്‍ഡ് ജേതാവ് ഭുവനേശ്വരിയുടെ വീട് സന്ദര്‍ശിക്കും. അവിടെ വനിതാദിനത്തോടനുബന്ധിച്ച് മാതൃത്വത്തിന്റെ പ്രസക്തി വിളിച്ചോതി പൂതപ്പാട്ടിന്റെ ദൃശ്യാവിഷ്‌കാരം സംഘടിപ്പിക്കുമെന്ന് അധ്യകൃതര്‍ അറിയിച്ചു. ശേഷം ചുള്ളിയാര്‍ ഡാം, മുതലമട എന്നിവിടങ്ങള്‍ സന്ദര്‍ശിച്ച് രാത്രി ഒമ്പത് മണിയോടെ മടങ്ങും. ഫോണ്‍-9746203571, 8714062425
ഫോട്ടോ -എറണാകുളം വണ്ടര്‍ലായിലേക്ക് കെ.എസ്.ആര്‍.ടി.സി. നടത്തിയ ഉല്ലാസയാത്രയില്‍ പങ്കെടുത്ത എല്ലാ വനിതകള്‍ക്കും ആദരപത്രം നല്‍കിയപ്പോള്‍
ജില്ലയിലെ എം.എസ്. എം. ഇ സംരംഭങ്ങളുടെ വളര്‍ച്ചയെ ലക്ഷ്യമിട്ട് ജില്ലാ വ്യവസായ കേന്ദ്രം, മാര്‍ച്ച് 11 മുതല്‍ 14 വരെ ഹോട്ടല്‍ ഗസാല ഹാളില്‍ വ്യവസായ ഉല്പന്ന പ്രദര്‍ശന വിപണന മേള ഇന്‍ഡ് എക്‌സ്‌പോ – 2022 നടത്തും. ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ബിനുമോന്‍ നിര്‍വഹിക്കും. സംരംഭകരുടെ ഉല്‍പ്പന്നങ്ങള്‍ ജനങ്ങള്‍ക്ക് പരിചയപ്പെടുത്തുന്നതിനും, വില്‍പ്പന നടത്തുന്നതിനും ഉദ്ദേശിച്ചാണ് മേള സംഘടിപ്പിക്കുന്നത്.
റെഡിമെയ്ഡ് ഗാര്‍മെന്റ്‌സ്, ആയുര്‍വേദിക് ഉല്‍പ്പന്നങ്ങള്‍, നാളികേര ഉല്‍പ്പന്നങ്ങള്‍, ഡോര്‍സ് ആന്‍ഡ് വിന്‍ഡോസ്, ചപ്പല്‍സ്, അഗ്രികള്‍ച്ചറല്‍ ഇപ്ലിമെന്റസ്, ഭക്ഷ്യോത്പന്നങ്ങള്‍, ചൂരല്‍ മുള ഉല്‍പ്പന്നങ്ങള്‍, ബാഗുകള്‍, ഫര്‍ണീച്ചര്‍,എന്നീ സ്റ്റാളുകളും ഉണ്ടാകും.
ചിറ്റൂര്‍ ദേശ കൊങ്ങന്‍പട പ്രമാണിച്ച് മാര്‍ച്ച് 14 ന് ചിറ്റൂര്‍-തത്തമംഗലം നഗരസഭാ പരിധിയിലെ എല്ലാ സര്‍ക്കാര്‍ ഓഫീസുകള്‍ക്കും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധിയായിരിക്കുമെന്നും, മണ്ണാര്‍ക്കാട് പൂരം പ്രമാണിച്ച് മാര്‍ച്ച് 16 ന് മണ്ണാര്‍ക്കാട് താലൂക്കിലെ എല്ലാ സര്‍ക്കാര്‍ ഓഫീസുകള്‍ക്കും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധിയായിരിക്കുമെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു. എന്നാല്‍ മുന്‍ നിശ്ചയ പ്രകാരമുള്ള പൊതു പരീക്ഷകള്‍ക്ക് ഈ അവധി ബാധകമല്ല.
നാടിന്റെ ചരിത്രവും സാംസ്‌കാരിക പൈതൃകവും പുതുതലമുറയ്ക്ക് പരിചയപ്പെടുത്താനായി സര്‍ഗ്ഗകൈരളി പദ്ധതിയുമായി സമഗ്ര ശിക്ഷാ കേരളം. ജില്ലയിലെ 13 കേന്ദ്രങ്ങളിലാണ് പ്രാദേശിക കലാരൂപങ്ങളും സാംസ്‌കാരിക സവിശേഷതകളും വാദ്യേപകരണങ്ങളും അടുത്തറിയുവാനും സഹജമായ താളബോധവും കലാവാസനയും പരിപോഷിപ്പിക്കുവാനുമുള്ള ലക്ഷ്യത്തോടെ സര്‍ഗ്ഗകൈരളി സംഘടിപ്പിക്കുന്നത്. ഏഴു മുതല്‍ പ്ലസ് ടു വരെയുള്ള ക്ലാസുകളിലെ 60 കുട്ടികള്‍ വീതം ഓരോ കേന്ദ്രങ്ങളിലും പങ്കെടുക്കും. ജില്ലാതല ഉദ്ഘാടനം മാര്‍ച്ച് 10 ന് രാവിലെ 10 മണിക്ക് ആലത്തൂര്‍ കോയമ്പുക്കുട്ടി മേനോന്‍ സ്മാരക ഗ്രന്ഥാലയം തരൂര്‍ ക്രേന്ദ്രത്തില്‍ എം. എല്‍. എ പി.പി സുമോദ് നിര്‍വ്വഹിക്കും. അന്യം നില്‍ക്കുന്ന നാടന്‍കലകളും സംഗീത ഉപകരണങ്ങളും കുട്ടികള്‍ക്ക് പരിചയപ്പെടുത്തുന്നതിനാണ് എസ്.എസ്.കെ സര്‍ഗ്ഗകൈരളി സംഘടിപ്പിക്കുന്നത്.ഓരോ ബ്ലോക്ക് തലങ്ങളിലും വൃത്യസ്ത കലാരൂപങ്ങളാണ് അവതരിപ്പിക്കുന്നത്.
കഥകളി, തെയ്യം, കോല്‍ക്കളി, തിറ, ചവിട്ട് നാടകം, കരകാട്ടം, ചവിട്ടുകളി, ഒപ്പന,കരിങ്കാളി തിറ, പൂതക്കളി, പൂതം, കോല്‍ക്കളി, മോഹിനിയാട്ടം, വള്ളുവനാടന്‍തിറ, ദഫ്മുട്ട്, നാടന്‍ പാട്ടും കളിയും, കമ്പടിക്കളി, ഓട്ടംതുള്ളല്‍ (സെമി ക്ലാസിക്കല്‍,തിരുവാതിരക്കളി, മാര്‍ഗ്ഗംകളി, ബാലെ, കാക്കിരിശി നാടകം ഹരികഥാ കാലക്ഷേപം,ചാക്യാര്‍കൂത്ത്, കേരളനടനം, പടയണി, നാടന്‍ കലാരൂപങ്ങളും പാശ്ചാത്യ കലാരൂപങ്ങളും തമ്മിലിണക്കിയ ഫ്യൂഷന്‍ രൂപങ്ങളും നാടന്‍പാട്ട്, പുള്ളുവന്‍പാട്ട്, വട്ടക്കളി, ചിന്തുപാട്ട്, തോറ്റം പാട്ട്, നന്തുണിപാട്ട്, പാണപ്പാട്, തുടി, ചെണ്ട, തബല, അറബന, തായമ്പക, ഇലത്താളം, കുഴല്‍, കൊമ്പ്, മാരിയമ്മന്‍പ്പാട്ട്, വില്ലടിച്ചാന്‍ പാട്ട്, പുള്ളുവന്‍പാട്ട്, തോറ്റം പാട്ട്, ചാറ്റ് പാട്ട്, മാപ്പിള പാട്ട്,ചെണ്ടമേളം, സോപാന സംഗീതം, ജുഗല്‍ബന്ദി തുടങ്ങിയ പരിപാടികളും സര്‍ഗ്ഗകൈരളിയുടെ ഭാഗമായി പുതുതലമുറയുടെ മുന്നിലെത്തും .
മണക്കടവ് വിയറില്‍ 2021 ജൂലൈ ഒന്ന് മുതല്‍ 2022 മാര്‍ച്ച് ഒമ്പത് വരെ 5040.51 ദശലക്ഷം ഘനയടി ജലം ലഭിച്ചു. പറമ്പിക്കുളം – ആളിയാര്‍ കരാര്‍ പ്രകാരം 2209.49 ദശലക്ഷം ഘനയടി ജലം ലഭിക്കാനുള്ളതായി സംയുക്ത ജലക്രമീകരണ വിഭാഗം ജോയിന്റ് ഡയറക്ടര്‍ അറിയിച്ചു. പറമ്പിക്കുളം-ആളിയാര്‍ പദ്ധതി പ്രകാരമുള്ള നിലവിലെ ജലലഭ്യത ദശലക്ഷം ഘനയടിയില്‍ ചുവടെ കൊടുക്കുന്നു. ബ്രാക്കറ്റില്‍ പരമാവധി ജലസംഭരണശേഷി ദശലക്ഷം ഘനയടിയില്‍. ലോവര്‍ നീരാര്‍ 108.50(274), തമിഴ്നാട് ഷോളയാര്‍ 1310.83 (5392), കേരള ഷോളയാര്‍ 3194.50 (5420), പറമ്പിക്കുളം 16007.97 (17820), തൂണക്കടവ് 539.95(557), പെരുവാരിപ്പള്ളം 597.64 (620), തിരുമൂര്‍ത്തി 860.10 (1935), ആളിയാര്‍ 1407.26 (3864).
പാലക്കാട് ജില്ലാ എംപ്ലോയബിലിറ്റി സെന്റര്‍ മുഖേന സ്വകാര്യ മേഖലയിലെ സ്ഥാപനങ്ങളിലെ ഒഴിവുകള്‍ നികത്തുന്നതിന് ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചില്‍ മാര്‍ച്ച് 11ന് രാവിലെ 10 ന് തൊഴില്‍മേള നടത്തും.
സിവില്‍ എന്‍ജിനീയര്‍( ബി. ഇ, ബിടെക് സിവില്‍) , ആര്‍ക്കിടെക്റ്റ്( ബി ആര്‍ക്ക്), സ്ട്രക്ച്ചറല്‍ ഡിസൈന്‍ എന്‍ജിനീയര്‍(ബി. ഇ, ബിടെക് സിവില്‍/ സ്ട്രക്ച്ചറല്‍ എന്‍ജിനീയറിങ് ഡിസൈന്‍ ആന്‍ഡ് എസ്റ്റിമേഷന്‍ എന്‍ജിനീയര്‍ ഇലക്ട്രിക്കല്‍ ആന്‍ഡ് പ്ലംബിംഗ്, ബി. ഇ / ബിടെക് മെക്കാനിക്കല്‍ ആന്‍ഡ് ഇലക്ട്രിക്കല്‍), സെയില്‍സ് എക്‌സിക്യൂട്ടീവ് (ബിരുദം) , ഡോക്യുമെന്റ് കണ്‍ട്രോളര്‍/ഡാറ്റാ എന്‍ട്രി( ബിരുദം), അക്കൗണ്ടന്റ്( ബി. കോം), ക്യു എസ് എന്‍ജിനീയര്‍( ബി. ഇ/ ബി. ടെക്) എന്നി ഒഴിവുകളാണുള്ളത്.
കോളേജ് ഓഫ് അപ്ലൈഡ് സയന്‍സ് വടക്കഞ്ചേരിയില്‍ യു ജി സി നെറ്റ് കോച്ചിംഗ് ഹ്യുമാനിറ്റിസ് പേപ്പര്‍ ക്ലാസുകള്‍ മാര്‍ച്ച് 21 മുതല്‍ ആരംഭിക്കും. പിജിക്ക് പഠിക്കുന്നവര്‍ക്കും പിജി കഴിഞ്ഞവര്‍ക്കും അപേക്ഷിക്കാം. ഫീസ് : 5000 / കൂടാതെ 18 % ജി എസ് ടി. വിശദവിവരങ്ങള്‍ക്ക് 9495069307, 8547005042,8547233700.
രൂക്ഷമായ വേനല്‍ചൂട് കാരണം പൊതുജനതാല്പര്യ പ്രകാരം, മാര്‍ച്ച് 11 മുതല്‍ പാലക്കാട് ആര്‍.ടി. ഓഫീസിന് കീഴിലുള്ള വാഹനങ്ങളുടെ കാര്യക്ഷമതാ പരിശോധനയുടെയും ഡ്രൈവിഗ് ടെസ്റ്റിന്റെയും സമയം പുന:ക്രമീകരിച്ചു. വാഹനങ്ങളുടെ ഫിറ്റ്‌നസ്സ് ടെസ്റ്റ് രാവിലെ 7 മുതലും, പുതിയ വാഹനങ്ങളുടെ രജിസ്‌ട്രേഷനും രജിസ്‌ട്രേഷന്‍ പുതുക്കലും രാവിലെ 9.30 മുതല്‍ 10.30 വരെയും ഡ്രൈവിംഗ് ടെസ്റ്റ് രാവിലെ 7.30 മുതലും നടക്കുമെന്ന് റീജിയണല്‍ ട്രാന്‍സ്‌പോര്‍ട്ട് ഓഫീസര്‍ അറിയിച്ചു.
കെ.എസ്.ഇ.ബി.എല്‍- സൗര പുരപ്പുറ സൗരോര്‍ജ്ജ പദ്ധതി ദിദ്വിന സൗജന്യ സ്പോട്ട് രജിസ്ട്രേഷന്‍ മാര്‍ച്ച് 10 , 11 തിയ്യതികളില്‍ രാവിലെ 10 മുതല്‍ അഞ്ച് വരെ എല്ലാ ഇലക്ട്രിക്കല്‍ സെക്ഷന്‍ ഓഫീസുകളിലും നടക്കും. ഗാര്‍ഹിക ഉപഭോക്താക്കള്‍ക്കായി സംസ്ഥാനത്തുടനീളം നടപ്പാക്കി വരുന്ന സൗര പുരപ്പുറ സൗരോജ്ജ പദ്ധതിയില്‍ അംഗമായി വൈദ്യുതി ഉപഭോഗ ചാര്‍ജ് ഒഴിവാക്കുന്നതിനും ഊര്‍ജ്ജ സ്വയം പര്യാപ്തത കൈവരിക്കുന്നതിനുമായാണ് കെ.എസ്.ഇ.ബി.എല്‍ സ്പോട്ട് രജിസ്‌ട്രേഷന്‍ സൗകര്യം ഒരുക്കുന്നത്. പദ്ധതി പ്രകാരം മൂന്ന് കിലോവാട്ട് വരെയുള്ള നിലയത്തിന് എം.എന്‍.ആര്‍. ഇയുടെ പ്രഖ്യാപിച്ചിരിക്കുന്ന ബെഞ്ച്മാര്‍ക്ക് കോസ്റ്റിന്റെ 40 ശതമാനവും അത് കഴിഞ്ഞുള്ള ഓരോ കിലോവാട്ടിനും (10 കിലോവാട്ട് വരെ) 20 ശതമാനം സബ്സിഡി ലഭിക്കും. ഒരു കിലോവാട്ട് പുരപ്പുറ സൗരോര്‍ജ്ജ പ്ലാന്റ് സ്ഥാപിക്കുന്നതിന് തണല്‍ ഇല്ലാത്ത 100 ചതുരശ്രയടി സ്ഥലം ആവശ്യമാണ്. ഒരു കിലോവാട്ട് ശേഷിയുള്ള നിലയത്തില്‍ നിന്നും ഒരു ദിവസം ശരാശരി നാല് യൂണിറ്റ് വൈദ്യുതി ഉല്പാദിപ്പിക്കാന്‍ കഴിയും. കൂടുതല്‍ വിവരങ്ങള്‍ക്ക് അതാത് സെക്ഷന്‍ ഓഫീസുമായി ബന്ധപ്പെടുക .
ഗവര്‍മെന്റ് കോളേജ് ചിറ്റൂരില്‍ 2021 -22 അധ്യനവര്‍ഷം ബി എ ഇംഗ്ലീഷ് ഡിഗ്രി രണ്ടാം സെമസ്റ്ററില്‍ നാല് ഒഴിവുകളുണ്ട്. ഓപ്പണ്‍ -രണ്ട് , ലക്ഷദ്വീപ് -ഒന്ന് , ഇ .ടി.ബി – ഒന്ന് എന്നിങ്ങനെയാണ് ഒഴിവുകള്‍. കോളേജ് ട്രാന്‍സ്ഫര്‍ വഴി അഡ്മിഷന് അര്‍ഹതയുള്ള വിദ്യാര്‍ത്ഥികള്‍ മാര്‍ച്ച് 11 വെള്ളിയാഴ്ച ഉച്ചക്ക് ഒന്നിനു മുന്‍മ്പായി കോളേജ് ഓഫീസില്‍ എത്തണം . ഫോണ്‍ 8078042347, 9744694158 .
മൃഗസംരക്ഷണ വകുപ്പിന് കീഴിലുള്ള മലമ്പുഴ മേഖല കോഴിവളര്‍ത്തല്‍ കേന്ദ്രത്തില്‍ ഒരു ദിവസം പ്രായമായ പൂവന്‍ കോഴികുഞ്ഞുങ്ങള്‍ വില്‍പ്പനക്ക്. കോഴിക്കുഞ്ഞു ഒന്നിന് പത്തുരൂപയാണ് വില. ആവശ്യക്കാര്‍ തിരിച്ചറിയല്‍ രേഖയും എ. ടി .എം കാര്‍ഡും സഹിതം തിങ്കള്‍ മുതല്‍ വെള്ളി വരെ ഓഫീസ് സമയങ്ങളില്‍ നേരിട്ട് എത്തണം . ഫോണ്‍ 8590663540 ,9526126646
ആരോഗ്യ ജാഗ്രതാ പകര്‍ച്ചവ്യാധി പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ‘ ആരോഗ്യ സുരക്ഷയ്ക്ക് മാലിന്യമുക്ത പരിസരം’ ക്യാമ്പെയിന്‍ സംഘടിപ്പിക്കുന്നതിന്റെ ഭാഗമായി ജില്ലാതല ശില്‍പ്പശാല ഓണ്‍ലൈന്‍ വഴി നടത്തി. വൈദ്യുതി വകുപ്പ് മന്ത്രി കെ.കൃഷ്ണന്‍കുട്ടി ശില്‍പ്പശാലയുടെ ജില്ലാതല ഉദ്ഘാടനം നിര്‍വഹിച്ചു.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ. ബിനുമോള്‍ അദ്ധ്യക്ഷയായി. ജില്ലാ കളക്ടര്‍ മൃണ്‍മയി ജോഷി , ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ ടി.ജി അബിജിത്, പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍ ഗോപിനാഥ് സംസാരിച്ചു. ശില്പശാലയില്‍ എല്ലാ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെയും അധ്യക്ഷന്മാര്‍, സെക്രട്ടറിമാര്‍, ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍മാര്‍, മെഡിക്കല്‍ ഓഫീസര്‍മാര്‍ (സി. എച്ച്. സി /പി. എച്ച്. സി) ഹെല്‍ത്ത് സൂപ്പര്‍വൈസര്‍മാര്‍, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാര്‍, വിവിധ വകുപ്പുകളുടെ ജില്ലാ മേധാവികള്‍ എന്നിവര്‍ പങ്കെടുത്തു. ജില്ലാ മെഡിക്കല്‍ ഓഫീസര്‍, ജില്ലാ കോഡിനേറ്റര്‍ ശുചിത്വ മിഷന്‍, ജില്ലാ കോര്‍-ഓര്‍ഡിനേറ്റര്‍ ഹരിതകേരളം മിഷന്‍, എന്നിവര്‍ വിഷയാവതരണം നടത്തി.