Input your search keywords and press Enter.

പത്തനംതിട്ട ജില്ലാ വാര്‍ത്തകള്‍ / തൊഴില്‍ അവസരം ( 11-3-22)

ജാഗ്രതാ നിര്‍ദേശം
കെഎസ്ഇബി ലിമിറ്റഡിന്റെ അധീനതയിലുള്ള കക്കാട് പവര്‍ ഹൗസിന്റെ ഭാഗമായ സര്‍ജ് ഷാഫ്ടിന്റെ അറ്റകുറ്റപ്പണികള്‍ പൂര്‍ത്തീകരിച്ചതിനാല്‍ വൈദ്യുതോത്പാദനം പുനരാരംഭിക്കുന്നതിനു വേണ്ടി ഇന്ന് (മാര്‍ച്ച്11) രാവിലെ ആറു മുതല്‍ ടണലിലെ ജലനിരപ്പ് പൂര്‍വസ്ഥിതിയില്‍ എത്തിക്കുന്നതിനായി മൂഴിയാര്‍ ഡാമിന്റെ മൂന്നു ഷട്ടറുകള്‍ പരമാവധി 60 സെന്റീ മീറ്റര്‍ എന്ന തോതില്‍ ഉയര്‍ത്തി 78 കുമെക്‌സ് എന്ന നിരക്കില്‍ മൂന്നു ദിവസത്തേക്ക് ജലം കക്കാട്ട് ആറിലേക്ക് ഒഴുക്കി വിടുന്നതാണ്.
ഇപ്രകാരം തുറന്നു വിടുന്ന ജലം മൂഴിയാര്‍ ഡാമില്‍ നിന്നും കക്കാട് പവര്‍ ഹൗസ് വരെ എത്താന്‍ ഏകദേശം രണ്ടു മണിക്കൂര്‍ സമയം എടുക്കും. ഷട്ടറുകള്‍ ഉയര്‍ത്തുന്നതു മൂലം നദിയില്‍ 25 സെമി വരെ ജലനിരപ്പ് ഉയര്‍ന്നേക്കാം. കക്കാട്ടാറിന്റെയും പ്രത്യേകിച്ച് മൂഴിയാര്‍ ഡാം മുതല്‍ കക്കാട് പവര്‍ ഹൗസ് വരെയുള്ള ഇരു കരകളില്‍ താമസിക്കുന്നവരും ആളുകളും പൊതുജനങ്ങളും ജാഗ്രത പുലര്‍ത്തേണ്ടതും നദികളില്‍ ഇറങ്ങുന്നത് ഏതു സാഹചര്യത്തിലും ഒഴിവാക്കേണ്ടതുമാണെന്ന് ജില്ലാ കളക്ടറും ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയര്‍പേഴ്‌സണുമായ ഡോ. ദിവ്യ എസ്. അയ്യര്‍ അറിയിച്ചു.

വാക്ക് ഇന്‍ ഇന്റര്‍വ്യൂ
വല്ലന സാമൂഹിക ആരോഗ്യ കേന്ദ്രത്തിന്റെ ചുമതലയിലുളള പ്രൈമറി പാലിയേറ്റീവ്  കെയര്‍  പ്രോഗ്രാമിനായി  അനുവദിച്ച ആംബുലന്‍സിന്റെ  ഡ്രൈവര്‍ തസ്തികയിലേക്ക് താത്കാലിക നിയമനം നടത്തുന്നു.  ഒരു ഒഴിവ്. യോഗ്യത: ഹെവി വെഹിക്കിള്‍  ലൈസന്‍സും  ബാഡ്ജും വേണം. (ആംബുലന്‍സ് ഡ്രൈവര്‍/കോണ്‍ട്രാക്ട് വെഹിക്കിള്‍ ഓടിക്കുന്നതില്‍ പ്രവൃത്തി പരിചയം ഉളളവര്‍ക്ക് മുന്‍ഗണന)  പ്രായം 23 നും 35 നും മധ്യേ. വാക്ക് ഇന്‍ ഇന്റര്‍വ്യൂ  ഈ മാസം 22 ന് രാവിലെ 11 ന് സി.എച്ച്.സി വല്ലനയില്‍ നടക്കും. താത്പര്യമുളളവര്‍ അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍, സര്‍ട്ടിഫിക്കറ്റുകളുടെ ഒരു സെറ്റ് പകര്‍പ്പ് എന്നിവ സഹിതം കൂടികാഴ്ചയ്ക്ക് ഹാജരാകണം.

തൊഴിലാളികള്‍ക്ക് ക്ഷേമനിധി ബോര്‍ഡിന്റെ ഭവനപദ്ധതി
കേരള തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് സംസ്ഥാനത്തെ അഞ്ച്  ജില്ലകളിലായി ഒരു തൊഴിലാളിക്ക് ഒരുവീട് എന്ന നിലയില്‍ ഭവനപദ്ധതി ആവിഷ്‌കരിച്ചു നടപ്പാക്കും. തിരുവനന്തപുരം, ഇടുക്കി, എറണാകുളം, പാലക്കാട്, കോഴിക്കോട് എന്നീ ജില്ലകളിലെ ഒരു തൊഴിലാളിക്ക് വീതമാണ് വീട് നിര്‍മ്മിച്ചു നല്‍കുന്നത്. തൊഴിലാളികളുടെ ക്ഷേമ ആനുകൂല്യങ്ങള്‍ക്കായി 75,87,706 രൂപ ക്ഷേമനിധി ബോര്‍ഡ് അനുവദിച്ചു. ചികിത്സാസഹായം, വിദ്യാഭ്യാസ അവാര്‍ഡുകള്‍, മെഡിക്കല്‍ എഞ്ചിനിയറിംഗ് പരിശീലനസഹായം, അപകടമരണ ധനസഹായം, പെട്ടിമുടി ദുരന്ത ധനസഹായം, പ്രസവാനുകൂല്യ ധനസഹായം, ഭിന്നശേഷി വിഭാഗത്തിലുളളവര്‍ക്കുളള ധനസഹായം എന്നിങ്ങനെ വിവിധ ആനുകൂല്യങ്ങള്‍ക്കായിട്ടാണ് തുക അനുവദിച്ചത്. സംസ്ഥാനത്ത് ഇതാദ്യമായാണ് തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് തൊഴിലാളികള്‍ക്കായി വീട് നിര്‍മിച്ചു നല്‍കുന്ന പദ്ധതി ആരംഭിക്കുന്നത്. ഭവനം നിര്‍മിക്കുന്നതിനായി അഞ്ച്  ലക്ഷം രൂപ ബോര്‍ഡ് നല്‍കും. ആദ്യഘട്ടം എന്ന നിലയിലാണ് ബോര്‍ഡ് ഭവനപദ്ധതി അഞ്ച് ജില്ലകളിലായി തീരുമാനിച്ചത്. അടുത്ത ഘട്ടത്തില്‍ എല്ലാ ജില്ലകളിലും പദ്ധതി നടപ്പാക്കുമെന്ന് കേരള തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് ചെയര്‍മാര്‍ ജയന്‍ ബാബു അറിയിച്ചു.

ഓംബുഡ്സ്മാന്‍ സിറ്റിംഗ് 14 ന്
വടശേരിക്കര ഗ്രാമപഞ്ചായത്ത് കാര്യാലയത്തില്‍ ഈ മാസം 14 ന് രാവിലെ 11 മുതല്‍ ഹിയറിംഗ് നടത്തുന്നതും  പരാതികള്‍  സ്വീകരിക്കുന്നതുമാണെന്ന് മഹാത്മാ ഗാന്ധി എന്‍.ആര്‍.ഇ.ജി.എസ് ഓംബുഡ്സ്മാന്‍  അറിയിച്ചു. ഫോണ്‍ : 9447556949.

കിക്മയില്‍ എം.ബി.എ. അഡ്മിഷന്‍
സംസ്ഥാന സഹകരണ യൂണിയന്റെ തിരുവനന്തപുരത്തെ കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കോ-ഓപ്പറേറ്റീവ് മാനേജ്മെന്റില്‍ (കിക്മ) എം.ബി.എ. (ഫുള്‍ടൈം) 2022-24 ബാച്ചിലേയ്ക്കുള്ള പ്രവേശനം മാര്‍ച്ച് 14 -ന് രാവിലെ 9.30 മുതല്‍ 12.30 വരെ ആറന്മുള സാംസ്‌കാരിക നിലയത്തിലെ കോ-ഓപ്പറേറ്റീവ് ട്രെയിനിംഗ് കോളജില്‍ നടത്തും.
കേരള സര്‍വകലാശാലയുടെയും, എ.ഐ.സി.റ്റി.യുടെയും അംഗീകാരത്തോടെ നടത്തുന്ന ദ്വിവല്‍സര കോഴ്സില്‍ ഫിനാന്‍സ്, മാര്‍ക്കറ്റിംഗ്, ഹ്യൂമന്‍ റിസോഴ്സ്, സിസ്റ്റംസ് എന്നിവയില്‍ ഡ്യൂവല്‍ സ്പെഷ്യലൈസേഷന് അവസരമുണ്ട്. സഹകരണ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവരുടെ ആശ്രിതര്‍ക്കും, ഫിഷറീസ് സ്‌കോളര്‍ഷിപ്പിന് അര്‍ഹതയുളള വിദ്യാര്‍ഥികള്‍ക്കും പ്രത്യേക സീറ്റ് സംവരണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. എസ്.സി./എസ്.റ്റി വിദ്യാര്‍ഥികള്‍ക്ക് സര്‍ക്കാര്‍ യൂണിവേഴ്സിറ്റി നിബന്ധനകള്‍ക്ക് വിധേയമായി ഫീസ് ആനുകൂല്യവും ലഭിക്കും. അവസാന വര്‍ഷ ബിരുദ വിദ്യാര്‍ഥികള്‍ക്കും, ഇതേവരെ അപേക്ഷ ഫോം സമര്‍പ്പിച്ചിട്ടില്ലാത്തവര്‍ക്കും ഈ അഡ്മിഷന്‍ പരിപാടിയില്‍ പങ്കെടുക്കാം.  ഫോണ്‍: 9446835303 / 8547618290 , www.kicmakerala.com .

അസാപ്പ് വാര്‍ഷിക പരിശീലന കലണ്ടര്‍ പ്രകാശനം ചെയ്തു

അസാപ്പ് വാര്‍ഷിക പരിശീലന കലണ്ടറിന്റെ ജില്ലാതല ഉദ്ഘാടനം ജില്ലാ കളക്ടര്‍ ഡോ.ദിവ്യ എസ് അയ്യര്‍ നിര്‍വഹിച്ചു. ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ് അയ്യര്‍ അസാപ്പ് ജില്ലാ പ്രോഗ്രാം മാനേജര്‍ ബാസിലിനു നല്‍കി കലണ്ടര്‍ പ്രകാശനം ചെയ്തു.
അസാപ്പിന്റെ കീഴില്‍ ലഭ്യമാകുന്ന എല്ലാ കോഴ്‌സുകളുടേയും വിശദവിവരങ്ങള്‍ അസാപ്പ് കേരള ആനുവല്‍ ട്രെയ്‌നിംഗ്  2022-23 കലണ്ടറില്‍ ലഭ്യമാണ്. 14 സെക്ടറുകളിലായി 103 കോഴ്‌സുകളുടെ വിവരങ്ങളാണ് കലണ്ടറില്‍ ഉള്ളത്. പ്രോഗ്രാം മാനേജര്‍മാരായ ശ്രീജിത്ത്, ബെന്‍സി, ജിനോയ് എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.

വില്ലേജ് തല ജനകീയ സമിതികള്‍ പുനര്‍രൂപീകരിച്ച് ഉത്തരവിറങ്ങി
പൊതുജനങ്ങളുടെ സഹകരണത്തോടെ വില്ലേജ് ഓഫീസുകളുടെ പ്രവര്‍ത്തനം  കൂടുതല്‍ കാരക്ഷമമാക്കുന്നതിനും ഭൂമി സംബന്ധമായ പ്രവര്‍ത്തനങ്ങള്‍ക്ക് പരിഹാരം കാണുന്നതിനുമായി  എല്ലാ വില്ലേജുകളിലും ജനകീയ സമിതി പുനര്‍രൂപീകരിച്ച് ഉത്തരവിറങ്ങി. വില്ലേജ് ഓഫീസര്‍ കണ്‍വീനറായി ആണ് ജനകീയ സമിതി പുനര്‍ രൂപീകരിച്ചിട്ടുള്ളത്. എല്ലാ മാസവും മൂന്നാമത്തെ വെള്ളിയാഴ്ച്ച വില്ലേജ് തല ജനകീയ സമിതിയുടെ യോഗം ചേരണം.
വില്ലേജ് ഓഫീസുകളുടെ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ കാര്യക്ഷമമാക്കുന്നതിനായി ലാന്‍ഡ് റവന്യു കമ്മീഷണര്‍ സര്‍ക്കാരിലേക്ക് ശുപാര്‍ശ നല്കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് വില്ലേജ്തല ജനകീയ സമിതികള്‍ പുനര്‍രൂപീകരിച്ചത്. ഓരോ വില്ലേജിന്റെയും പരിധിയില്‍ വരുന്ന നിയമസഭാംഗമോ അവരുടെ പ്രതിനിധിയോ അംഗമായിരിക്കും. കൂടാതെ, ഗ്രാമ പഞ്ചായത്ത് മേഖലയിലാണെങ്കില്‍ പഞ്ചായത്ത് പ്രസിഡന്റ്, നഗരസഭാമേഖലയിലാണെങ്കില്‍ നഗരസഭാ ചെയര്‍മാന്‍, കോര്‍പ്പറേഷന്‍ പരിധിയില്‍ കോര്‍പ്പറേഷന്‍ മേയര്‍ എന്നിവര്‍ അംഗങ്ങളാവും. ഇവര്‍ക്കൊപ്പം വില്ലേജ് പരിധിയിലെ ഗ്രാമ, ബ്ലോക്ക്, ജില്ലാ പഞ്ചായത്ത് അംഗങ്ങള്‍, വില്ലേജിന്റെ ചാര്‍ജ് ഓഫീസറായ ഡപ്യൂട്ടി തഹസീല്‍ദാര്‍, നിയമസഭയില്‍ പ്രാതിനിധ്യമുള്ള രാഷ്ട്രീയ പാര്‍ട്ടികളുടെ ഒരു പ്രതിനിധി, സര്‍ക്കാര്‍ നാമനിര്‍ദേശം ചെയ്യുന്ന ഒരു വനിതാ അംഗം, ഒരു പട്ടികജാതി, പട്ടികവര്‍ഗ പ്രതിനിധി എന്നിവരാണ് സമിതിയിലെ മറ്റ് അംഗങ്ങള്‍.

പദ്ധതികള്‍ ഈ സാമ്പത്തിക വര്‍ഷം പൂര്‍ത്തീകരിക്കണം: അഡ്വ. ഓമല്ലൂര്‍ ശങ്കരന്‍
പദ്ധതികള്‍ ഈ സാമ്പത്തിക വര്‍ഷം തീരുന്നതിന് മുന്‍പ് പൂര്‍ത്തീകരിക്കണമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഓമല്ലൂര്‍ ശങ്കരന്‍ പറഞ്ഞു. ജില്ലാ ആസൂത്രണ സമിതി യോഗത്തില്‍ അധ്യക്ഷത വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. ജില്ലയിലെ വിവിധ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ സമര്‍പ്പിച്ച ജനോപകാരമായ പദ്ധതികള്‍ക്കാണ് ആസൂത്രണ സമിതി അംഗീകാരം നല്‍കിയത്. വാര്‍ഷിക പദ്ധതികള്‍ക്ക് അനുവദിച്ചിട്ടുള്ള തുക വിനയോഗിക്കണം. ജില്ലയില്‍ സംയുക്തമായി നടപ്പാക്കുന്ന കാട്ടുപന്നികളില്‍ നിന്നും സംരക്ഷണം നല്‍കുന്ന പദ്ധതി, സമ്പൂര്‍ണ ശുചിത്വ പദ്ധതി എന്നിവ പൂര്‍ത്തീകരിക്കാന്‍ അധികാരപ്പെട്ടവര്‍ ഉത്സാഹിക്കണമെന്നും അദ്ദേഹം പറഞ്ഞു.
പ്രധാനമന്ത്രി ഗ്രാമ സഡക് യോജന( പിഎംജിഎസ്‌വൈ) പദ്ധതി പ്രകാരം റോഡുകള്‍ നിര്‍മിക്കണമെന്നും പഞ്ചായത്തുകള്‍ ഈ പദ്ധതിയെ പ്രോത്സാഹിപ്പിക്കണമെന്നും ജില്ലാ ആസൂത്രണ സമിതി മെമ്പര്‍ സെക്രട്ടറിയായ ജില്ലാകളക്ടര്‍ ഡോ. ദിവ്യ.എസ്.അയ്യര്‍ പറഞ്ഞു. ഒരു രാജ്യത്തിന്റെ സാമ്പത്തിക പുരോഗതിക്ക് അനിവാര്യമായ ഘടകമാണ് ഗുണനിലവാരമുള്ള റോഡ്. കേന്ദ്രം ആവശ്യമായ ഫണ്ട് ഈ പദ്ധതിക്ക് അനുവദിച്ചിട്ടുള്ള സാഹചര്യത്തില്‍ പഞ്ചായത്തുകള്‍ കൃത്യമായി വിനയോഗിക്കണമെന്ന് കളക്ടര്‍ പറഞ്ഞു.
സര്‍ക്കാര്‍ നിര്‍ദേശം അനുസരിച്ച് മാര്‍ച്ച് 10 നകം തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ 2021- 22 വാര്‍ഷിക പദ്ധതി ഭേദഗതി വരുത്തി ആസൂത്രണസമിതി അംഗീകാരത്തിന് സമര്‍പ്പിക്കണമെന്ന് നിര്‍ദേശമുണ്ടായിരുന്നു. ജില്ലയിലെ എല്ലാ തദ്ദേശ ഭരണ സ്ഥാപനങ്ങളും സമയബന്ധിതമായി ഭേദഗതി  പദ്ധതി  അംഗീകാരത്തിനായി സമര്‍പ്പിക്കുകയും ആസൂത്രണ സമിതി അംഗീകാരം നേടുകയും ചെയ്തു.
ജില്ലാ പ്ലാനിംഗ് ഓഫീസര്‍ സാബു.സി.മാത്യു, അസിസ്റ്റന്റ് ജില്ലാ പ്ലാനിംഗ് ഓഫീസര്‍ ജി.ഉല്ലാസ്, ആസൂത്രണ സമിതി അംഗങ്ങളും, ജില്ലയിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ അംഗങ്ങളും യോഗത്തില്‍ ഓണ്‍ലൈനായി പങ്കെടുത്തു.

നൂറു ദിവസത്തെ തൊഴിലവസരങ്ങള്‍ ഉറപ്പാക്കണം: ആന്റോ ആന്റണി എംപി
തൊഴിലുറപ്പ് പദ്ധതിയില്‍ നൂറു ദിന തൊഴിലവസരങ്ങള്‍ ഉറപ്പാക്കണമെന്ന് ആന്റോ ആന്റണി എംപി  പറഞ്ഞു. കളക്‌ട്രേറ്റില്‍ നടന്ന ജില്ലാ വികസന ഏകോപന നിരീക്ഷണ സമിതി(ദിഷാ)യോഗത്തില്‍ സംസാരിക്കുകയായിരുന്നു എംപി. തൊഴിലുറപ്പ് പദ്ധതിയെ വിശാലമായ അര്‍ഥത്തില്‍ സമീപിക്കണം. നൂറു ദിവസത്തെ തൊഴിലവസരങ്ങള്‍ ഉറപ്പാക്കണം. സംസ്ഥാന തലത്തില്‍ മഹാത്മ ഗാന്ധി തൊഴിലുറപ്പു പദ്ധതി നടത്തിപ്പില്‍ പുരാസ്‌കാരത്തിന് തിരഞ്ഞെടുത്ത നെടുമ്പം, മൈലപ്ര, റാന്നി അങ്ങാടി, കടമ്പനാട്, ഏഴംകുളം എന്നീ അഞ്ച് പഞ്ചായത്തുകളെ എംപി അഭിനന്ദിച്ചു. തൊഴിലുറപ്പു പദ്ധതി നടത്തിപ്പില്‍ മോശം പ്രകടനം നടത്തിയ പത്തോളം പഞ്ചായത്തുകളെ എംപി വിമര്‍ശിച്ചു. കേന്ദ്ര പദ്ധതികളുടെ പൂര്‍ണമായുള്ള പ്രവര്‍ത്തന നേട്ടം ജില്ലയില്‍ കൈവരിക്കാനാകണമെന്നും പദ്ധതികള്‍ക്ക് അനുവദിക്കുന്ന മുഴുവന്‍ ഫണ്ടും വിനിയോഗിക്കുന്നത് ഉറപ്പാക്കണമെന്നും ജില്ലാ നിര്‍വഹണ ഉദ്യോഗസ്ഥരോട് എംപി പറഞ്ഞു.
എസ്‌സി, എസ്ടി വിഭാഗങ്ങള്‍ തൊഴില്‍ മേഖലയിലെ സാന്നിധ്യം ശക്തമാക്കണം. പട്ടികവര്‍ഗ വിഭാഗത്തിന് 200 ദിവസം തൊഴില്‍ ഉറപ്പാക്കണം. കൂടുതല്‍ പട്ടികവര്‍ഗ കുടുംബങ്ങളെ തൊഴിലുറപ്പ് പദ്ധതിയിലേക്ക് കൊണ്ടുവരാന്‍ കാമ്പയിനുകള്‍ സംഘടിപ്പിക്കണം. പി.എം.ജി.എസ്.വൈ പദ്ധതിയില്‍ ഉള്‍പ്പെടുത്തുന്നതിനായി നിര്‍ദിഷ്ട യോഗ്യതയുള്ള റോഡുകളുടെ ലിസ്റ്റ് ബ്ലോക്ക് പഞ്ചായത്തുകള്‍ കണ്ടെത്തി പിഐയുവിന് കൈമാറണം.  ജില്ലയെ മാതൃകയാക്കാന്‍ പറ്റുന്ന രീതിയില്‍ ശുചിത്വ മിഷന്‍ പ്രവര്‍ത്തനങ്ങള്‍ നടപ്പാക്കണം. ശുചിത്വ മിഷന്റെ ഗാര്‍ബേജ് ഫ്രീ സിറ്റി ആശയം വിപുലീകരിക്കണം. കോടിക്കണക്കിന് തീര്‍ഥാടകര്‍ കടന്നു വരുന്ന ജില്ലയില്‍ ടേക്ക് എ ബ്രേക്ക് പോലുള്ള സംവിധാനങ്ങള്‍ക്ക് ഏറെ പ്രാധാന്യമുണ്ട്.
ജില്ലയിലെ കുടിവെള്ള പ്രശ്നം സംബന്ധിച്ച് ഗൗരവപൂര്‍വമായി മുന്നോട്ടു പോകണം. ജലജീവന്‍ മിഷന്‍ പദ്ധതി നടപ്പാക്കുമ്പോള്‍ വാട്ടര്‍ അതോറിറ്റി ജനപ്രതിനിധികളുമായും ജില്ലാ ഭരണകൂടവുമായും ആലോചിക്കണമെന്ന നിര്‍ദേശം ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് എംപി നല്‍കി.
മറ്റ് വകുപ്പുകളും ജനപ്രതിനിധികളുമായുള്ള സഹകരണത്തിലൂടെ പദ്ധതികള്‍ പൂര്‍ത്തിയാക്കാന്‍ ശ്രമിക്കണമെന്ന് ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ്. അയ്യര്‍ പറഞ്ഞു. ദിഷാ മീറ്റിങ്ങുകള്‍ ഉദ്യോഗസ്ഥരും വകുപ്പുകളും ഗൗരവപൂര്‍വം എടുക്കണമെന്നും കളക്ടര്‍ പറഞ്ഞു. ദിഷാ യോഗത്തിന്റെ കണ്‍വീനര്‍ കൂടിയായ പ്രോജക്ട് ഡയറക്ടര്‍ എന്‍. ഹരി,  വിവിധ വകുപ്പു ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.
ആസാദി കാ അമൃത് മഹോത്സവ്  അന്താരാഷ്ട്ര വനിതാ ദിനാചരണം എന്നിവയോട് അനുബന്ധിച്ച്  ജില്ലയിലെ പഞ്ചായത്തുകളില്‍ നിന്ന് തെരഞ്ഞെടുക്കപ്പെട്ട തൊഴിലുറപ്പു പദ്ധതിയില്‍ വ്യക്തിഗത ആനുകൂല്യം ലഭിച്ച  മികച്ച വനിതാ സംരംഭകരെ യോഗത്തില്‍ വച്ച് ആദരിച്ചു.

സംസ്ഥാന ഭാഗ്യക്കുറി ഏജന്റുമാര്‍ക്കായി  ബോധവല്‍ക്കരണ ക്ലാസ്
കേന്ദ്ര ലോട്ടറീസ് റെഗുലേഷന്‍ ആക്ട് 1998 പ്രകാരമുള്ള ചട്ടങ്ങള്‍ക്ക് വിരുദ്ധമായി ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ കേരള സംസ്ഥാന ഭാഗ്യക്കുറി ടിക്കറ്റുകളുടെ ഓണ്‍ലൈനിലൂടെയുള്ള വില്‍പ്പന,  വലിയ തോതില്‍ ടിക്കറ്റുകളുടെ അവസാന നാലക്കങ്ങള്‍ ഒരുപോലെ വരുന്ന രീതിയില്‍ സെറ്റായി വില്‍ക്കുക, സോഷ്യല്‍ മീഡിയ വഴി എഴുത്തുലോട്ടറി നടത്തുക തുടങ്ങിയ അനഭിലഷണീയമായ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നതായി സര്‍ക്കാരിന്റെ ശ്രദ്ധയില്‍ പെട്ടിട്ടുണ്ട്. ഇത്തരം പ്രവണതകള്‍ക്കെതിരെ ഏജന്റുമാരെ ബോധവല്‍ക്കരിക്കുന്നതിന്റെ ഭാഗമായി ഭാഗ്യക്കുറി വകുപ്പിന്റെ നേതൃത്വത്തില്‍ ബോധവല്‍ക്കരണ ക്ലാസ് മാര്‍ച്ച് 15 ന് ഉച്ചക്ക് 2.30-ന് പത്തനംതിട്ട ജില്ലാ ഭാഗ്യക്കുറി ഓഫീസിനോട് ചേര്‍ന്നുള്ള ഹാളില്‍ നടത്തും.  സംസ്ഥാന ഭാഗ്യക്കുറി  വകുപ്പ്  വില്‍പന വിഭാഗം ഡെപ്യൂട്ടി ഡയറക്ടര്‍  മായ എന്‍ പിള്ള, ക്ഷേമനിധി ബോര്‍ഡ് അംഗം  റ്റി. ബി. സുബൈര്‍, പത്തനംതിട്ട ജില്ലാ ഭാഗ്യക്കുറി ക്ഷേമനിധി ഓഫീസര്‍, ലോട്ടറി ഉപദേശസമിതി അംഗങ്ങള്‍ എന്നിവര്‍ പങ്കെടുക്കുന്ന  ക്ലാസില്‍ ജില്ലയിലെ 2000-ത്തിലധികം ടിക്കറ്റുകള്‍ വാങ്ങുന്ന എല്ലാ രജിസ്ട്രേര്‍ഡ് ഏജന്റുമാരും പങ്കെടുക്കണമെന്ന് ജില്ലാ ഭാഗ്യക്കുറി ഓഫീസര്‍ എന്‍.ആര്‍. ജിജി അറിയിച്ചു.

യുപി സ്‌കൂള്‍ ടീച്ചര്‍ അഭിമുഖം
പത്തനംതിട്ട ജില്ലയില്‍ വിദ്യാഭ്യാസ വകുപ്പില്‍ യു.പി സ്‌കൂള്‍ ടീച്ചര്‍  (മലയാളം മീഡിയം) (കാറ്റഗറി നം.517/2019) തസ്തികയുടെ 27/08/2021 ല്‍ പ്രസിദ്ധീകരിച്ച ചുരുക്കപ്പട്ടികയില്‍ ഉള്‍പ്പെട്ടവരില്‍ ഇന്റര്‍വ്യൂവിന്റെ ആദ്യഘട്ടത്തില്‍ ഉള്‍പ്പെടുന്ന 60 ഉദ്യോഗാര്‍ഥികള്‍ക്കായി ഈ  മാസം 24 നും   25  നും പത്തനംതിട്ട ജില്ലാ പി.എസ്.സി ഓഫീസില്‍   അഭിമുഖം നടത്തും. ഉദ്യോഗാര്‍ഥികള്‍ക്ക് ഇതു സംബന്ധിച്ച് എസ്.എം.എസ്, പ്രൊഫൈല്‍ മെസേജ്  എന്നിവ മുഖേന അറിയിപ്പു നല്‍കിയിട്ടുണ്ട്. ഉദ്യോഗാര്‍ഥികള്‍ വണ്‍ടൈം വെരിഫിക്കേഷന്‍ സര്‍ട്ടിഫിക്കറ്റിനോടൊപ്പം ജനനതീയതി, ജാതി, യോഗ്യതകള്‍,  എന്നിവ തെളിയിക്കുന്ന അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍, വ്യക്തിവിവരക്കുറിപ്പ് (പ്രൊഫൈലില്‍ ലഭ്യമാക്കിയിട്ടുളളത്) എന്നിവ സഹിതം അഭിമുഖത്തിന് ഹാജരാകണം.  ഔദ്യോഗിക വെബ്സൈറ്റില്‍ ലഭ്യമാക്കിയിട്ടുളള കോവിഡ് 19 സാക്ഷ്യപത്രം പ്രൊഫൈലില്‍ അപ് ലോഡ് ചെയ്യേണ്ടതും ഇതിന്റെ പകര്‍പ്പ് കൈവശം സൂക്ഷിക്കേണ്ടതുമാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് ഉദ്യോഗാര്‍ഥികള്‍ ഒറ്റത്തവണ രജിസ്ട്രേഷന്‍ പ്രൊഫൈല്‍ സന്ദര്‍ശിക്കുക. അഭിമുഖത്തിന് ഹാജരാകുന്ന ഉദ്യോഗാര്‍ഥികള്‍ കോവിഡ് 19 മാനദണ്ഡങ്ങള്‍ നിര്‍ബന്ധമായും പാലിക്കണം. ഫോണ്‍ :  0468 2222665.

ബാങ്ക്പരീക്ഷാ പരിശീലനം
പട്ടിക വര്‍ഗ വികസനവകുപ്പും, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്‍ഡ്യയും സംയുക്തമായി സംഘടിപ്പിക്കുന്ന പട്ടിക വര്‍ഗ വിഭാഗത്തിലെ ഡിഗ്രി പാസായവര്‍ക്ക് നടത്തുന്ന ബാങ്ക്പരീക്ഷാ പരിശീലനം ഈ മാസം 14 മുതല്‍ 30 വരെ റാന്നി  ഡിവിഷണല്‍ ഫോറസ്റ്റ് ഓഫീസ് കോണ്‍ഫറന്‍സ് ഹാളില്‍ നടക്കും.
എസ്.ബി.ഐ എ.ഒ കൊല്ലം ഡെപ്യൂട്ടി ജനറല്‍ മാനേജര്‍ എം.എ മഹേഷ് കുമാര്‍ അധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ പത്തനംതിട്ട ജില്ലാ കളക്ടര്‍ ഡോ.ദിവ്യ എസ്.ആയ്യര്‍ ഉദ്ഘാടനം നിര്‍വഹിക്കും. റാന്നി ഡി.എഫ്.ഒ പി.കെ ജയകുമാര്‍ ശര്‍മ, റാന്നി ട്രൈബല്‍  ഡെവലപ്മെന്റ് ഓഫീസര്‍ എസ്.എസ് സുധീര്‍,  പത്തനംതിട്ട എസ്.ബി.ഐ റീജിയണല്‍ മാനേജര്‍ സി.ഉമേഷ്, ഡി.ജി.എസ്, എസ്.ബി.ഐ.ഒ.എ (കെ.സി) അനില്‍ ശങ്കര്‍, പത്തനംതിട്ട ലീഡ് ബാങ്ക് മാനേജര്‍ സിറിയക്ക് തോമസ്, ജില്ലാ പട്ടികവര്‍ഗ വര്‍ക്കിംഗ് ഗ്രൂപ്പ് അംഗം ജി. രാജപ്പന്‍ എന്നിവര്‍ പങ്കെടുക്കും.

 ആംബുലന്‍സ് ഡ്രൈവര്‍ നിയമനം
പ്രമാടം പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ   ആംബുലന്‍സ്  ഡ്രൈവര്‍  തസ്തികയിലേക്ക് എച്ച്.എം.സി നിയമനം നടത്തുന്നതിനായി യോഗ്യരായവരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു.  താത്പര്യമുളളവര്‍ ഈ മാസം 17 ന് മുന്‍പ് പി.എച്ച്.സി ഓഫീസില്‍ അപേക്ഷ നല്‍കണം. പത്താംക്ലാസ് പാസായിരിക്കണം. ഹെവി വെഹിക്കിള്‍  ലൈസന്‍സ്,  ബാഡ്ജ്, ഫസ്റ്റ് എയിഡ് നോളഡ്ജ്, പോലീസ് ക്ലിയറന്‍സ് ഇവ  ഉണ്ടായിരിക്കണം. രണ്ടു വര്‍ഷത്തെ പ്രവൃത്തി പരിചയം അഭികാമ്യം.   പ്രമാടം പഞ്ചായത്തിലുളളവര്‍ മാത്രം അപേക്ഷിച്ചാല്‍ മതി. ഫോണ്‍ : 0468 2306524.

 

ലോക വൃക്കദിനാചരണം നടത്തി
പത്തനംതിട്ട ജില്ലാ മെഡിക്കല്‍ ഓഫീസിന്റെയും നാഷണല്‍ ഹെല്‍ത്ത് മിഷന്റെയും സംയുക്ത ആഭിമുഖ്യത്തില്‍ പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ വച്ച് ലോക വൃക്കദിനത്തിന്റെ ജില്ലാതല ഉദ്ഘാടനം ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) ഡോ.എല്‍. അനിതാ കുമാരി നിര്‍വഹിച്ചു. ആശുപത്രി ഡെപ്യുട്ടി സൂപ്രണ്ട് ഡോ. സി.ആര്‍. ജയശങ്കര്‍ അധ്യക്ഷത വഹിച്ചു. ജില്ലാ നോഡല്‍ ഓഫീസര്‍ ഡോ.പി.എന്‍. പത്മകുമാരി ദിനാചരണ സന്ദേശം നല്‍കി.
പത്തനംതിട്ട ജനറല്‍ ആശുപത്രി എ.ആര്‍.എം.ഒ ഡോ.ജിബി വര്‍ഗീസ്, ഡയറ്റീഷ്യന്‍ കെ.ആര്‍. സരസ്വതി എന്നിവര്‍ ബോധവത്ക്കരണ ക്ലാസുകള്‍ നയിച്ചു. ജില്ലാ ഡെപ്യുട്ടി എഡ്യുക്കേഷന്‍ ആന്‍ഡ് മീഡിയ ഓഫീസര്‍ ആര്‍. ദീപ, നഴ്‌സിംഗ് സൂപ്രണ്ട് അന്നമ്മ, പബ്ലിക് ഹെല്‍ത്ത് നഴ്‌സ് ഗീതാകുമാരി, ഡയാലിസിസ് യൂണിറ്റ് സ്റ്റാഫ് നഴ്‌സ് ദീപാ ജയപ്രകാശ്, പിആര്‍ഒ സുധീഷ് ജി. പിള്ള തുടങ്ങിയവര്‍ സംസാരിച്ചു.

ഫോസ്റ്റര്‍കെയര്‍കുടുംബ സംഗമം

സ്ഥാപനത്തില്‍ സംരക്ഷിച്ചു വരുന്ന കുട്ടികളെ കുടുംബാന്തരീക്ഷത്തില്‍ നിര്‍ത്തുന്നതിനായി പത്തനംതിട്ട ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മറ്റിയും ജില്ലാചൈല്‍ഡ് പ്രൊട്ടക്ഷന്‍ യൂണിറ്റും മുഖേന നടപ്പാക്കുന്ന ഫോസ്റ്റര്‍കെയര്‍ പദ്ധതിയുടെ ഗുണഭോക്താക്കളായ കുടുംബാംഗങ്ങളെ ഉള്‍പ്പെടുത്തി കോഴഞ്ചേരി മാരാമണ്‍ റിട്രീറ്റ്‌സെന്ററില്‍ ഫോസ്റ്റര്‍കെയര്‍ കുടുംബ സംഗമം നടത്തി.  പത്തനംതിട്ട ജില്ലാജഡ്ജ് കെ.ആര്‍. മധു ഉദ്ഘാടനം ചെയ്തു. ഡിഎല്‍എസ്എ സെക്രട്ടറി സബ്ജഡ്ജ് ദേവന്‍ കെ മേനോന്‍ മുഖ്യപ്രഭാഷണം നടത്തി.
പത്തനംതിട്ട ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മറ്റി ചെയര്‍മാന്‍ അഡ്വ. സജിനാഥ് അധ്യക്ഷത വഹിച്ചു. ചൈല്‍ഡ്‌വെല്‍ഫെയര്‍ കമ്മറ്റി മെമ്പര്‍ മീനാകുമാരി, ചൈല്‍ഡ്‌വെല്‍ഫെയര്‍ കമ്മറ്റി മെമ്പര്‍ മുരളീധരന്‍പിള്ള, തോട്ടപ്പുഴശേരി ഗ്രാമപഞ്ചായത്ത് മെമ്പര്‍ രശ്മി ആര്‍. നായര്‍, ജില്ലാ വനിതാശിശുവികസന ഓഫീസര്‍  പി.എസ്. തസ്‌നിം,  ജില്ലാചൈല്‍ഡ് പ്രൊട്ടക്ഷന്‍ ഓഫീസര്‍ നിതാദാസ് എന്നിവര്‍ പരിപാടിയില്‍ പങ്കെടുത്തു. ഹോമിയോപ്പതി വകുപ്പ് സദ്ഗമയ പ്രോജക്ട് സ്റ്റേറ്റ്കണ്‍വീനര്‍ ഡോ.ഷീബ, ഒആര്‍സി പ്രോജക്ട് ജില്ലാതല ട്രെയ്‌നര്‍  വിനോദ് മുളമ്പുഴ എന്നിവര്‍ ക്ലാസുകള്‍ക്ക് നേതൃത്വം നല്‍കി. കൂടാതെ കാര്‍ഷികമേഖലയില്‍ മികവ് തെളിയിച്ച എസ്. ജയലക്ഷ്മി 2020 ലെ ഉജ്ജ്വലബാല്യം പുരസ്‌കാരത്തിന് അര്‍ഹയായി.  കുട്ടികളുടെ മേഖലയില്‍ സ്തുത്യര്‍ഹമായ സേവനം കാഴ്ചവച്ച കുന്നന്താനം പ്രൊവിഡന്‍സ് ഹോം മികച്ച ശിശുസംരക്ഷണ സ്ഥാപനത്തിനുള്ള പുരസ്‌കാരം നേടി.

error: Content is protected !!