Input your search keywords and press Enter.

കഞ്ചാവ് കടത്തിയ കാറിടിപ്പിച്ച് എസ് ഐയെ പരിക്കേൽപ്പിച്ച കേസിൽ നാലാം പ്രതി പിടിയിൽ

 

പത്തനംതിട്ട : തമിഴ്നാട് കമ്പത്തിന് സമീപം പുതുപ്പെട്ടിയിൽനിന്നും കഞ്ചാവ് കടത്തിക്കൊണ്ടുവന്ന കാർ,  വാഹനപരിശോധനയ്ക്കിടെ കൈകാണിച്ചു നിർത്താൻ ശ്രമിച്ച തിരുവല്ല എസ് ഐ അനീഷ് എബ്രഹാമിനെ ഇടിച്ചിട്ട്  കടന്നുപോയതിന് എടുത്ത കേസിൽ നാലാം പ്രതി അറസ്റ്റിൽ.

ഇടുക്കി ഏലപ്പാറ പീരുമേട് ഫയർ ഫീൽഡ് ബോണോവ് എന്ന സ്ഥലത്തുനിന്നും കവിയൂർ കമ്മാളത്തകിടി പുളിൻകീഴിൽ  വീട്ടിൽ സണ്ണി മകൻ ഫിലോമോൻ സണ്ണി (22) യാണ് തിരുവല്ല പോലീസിന്റെ  പിടിയിലായത്.സംഭവത്തിന്‌ ശേഷം  രണ്ടുപ്രതികളെ അറസ്റ്റ് ചെയ്തിരുന്നു, ഇനി ഒരാളെ കൂടി പിടികൂടാനുണ്ട്. കഴിഞ്ഞമാസം രണ്ടാം തിയതി ഉച്ചയ്ക്കുശേഷം  വാഹന പരിശോധന നടത്തിവരവേ ഇരവിപേരൂരിൽ വച്ച് പ്രതികൾ കഞ്ചാവ് കടത്തിക്കൊണ്ട് വന്ന കാർ  കൈകാണിച്ചുനിർത്തി പരിശോധിക്കാൻ തുടങ്ങവേ, പിന്നിലിരുന്ന പ്രതികൾ  ആവശ്യപ്പെട്ടതുപ്രകാരം ഒന്നാം  പ്രതിയായ ഡ്രൈവർ, കാർ പെട്ടെന്ന് പിന്നോട്ടെടുത്തും തുടർന്ന് എസ് ഐയെ ഇടിച്ചിടാൻ ശ്രമിച്ച് അതിവേഗം  മുന്നോട്ട് ഓടിച്ചുപോകുകയുമായിരുന്നു. എസ് ഐ ഒഴിഞ്ഞുമാറിയതിനാൽ കാറിന്റെ സൈഡിലുള്ള കണ്ണാടി  വലതുകയ്യിൽ തട്ടി റോഡിൽ വീണ് പരിക്കേൽക്കുകയാണുണ്ടായത്.

തിരുവല്ല പോലീസ് ഇൻസ്‌പെക്ടർ വിനോദിന്റെ നേതൃത്വത്തിൽ നടത്തിയ അന്വേഷണത്തേതുടർന്ന് അടുത്ത ദിവസം തന്നെ ഒന്നും രണ്ടും പ്രതികളെ പിടികൂടിയിരുന്നു. പ്രതികളുടെ കുറ്റസമ്മതമൊഴി പ്രകാരം, നാലുപേരും ചേർന്ന് കമ്പം പുതുപ്പെട്ടിയിൽ നിന്നും 2 കിലോഗ്രാം കഞ്ചാവ് വാങ്ങി കാറിൽ കടത്തിക്കൊണ്ടുവരും വഴി, വാഹനപരിശോധന നടത്തിയ പോലീസ് സംഘത്തെ വെട്ടിച്ച് രക്ഷപ്പെടുകയും അര കിലോ ഒന്നാം പ്രതി സീറ്റിനടിയിൽ സൂക്ഷിച്ചതായും, അര കിലോ പുറമറ്റത്തുള്ള മൂന്നാം പ്രതിയുടെ ഉടമസ്ഥതയിലുള്ള റബ്ബർ തോട്ടത്തിൽ സൂക്ഷിച്ചതായും, തുടർന്ന് രണ്ടും മൂന്നും പ്രതികൾ ബാക്കി കഞ്ചാവ് നാലായി പൊതിഞ്ഞു കുറ്റിക്കാട്ടിൽ ഒളിപ്പിച്ചു വച്ചതായും വ്യക്തമാകുകയായിരുന്നു. നാലാം പ്രതിയെ സൈബർസെല്ലിന്റെ സഹായത്തോടെയാണ് ഇടുക്കിയിലെ വീട്ടിൽ നിന്നും പോലീസ് പിടികൂടി സ്റ്റേഷനിൽ എത്തിച്ച് വിശദമായി ചോദ്യം ചെയ്തശേഷം ഇന്നലെ അറസ്റ്റ് ചെയ്തത്.

ഇയാൾ നിലവിൽ പോലീസിന്റെ ഔദ്യോഗിക കൃത്യനിർവഹണം തടസ്സപ്പെടുത്തുകയും പൊതുമുതൽ നശിപ്പിക്കുകയും ചെയ്തതിനു രജിസ്റ്റർ ചെയ്ത കേസിലും, തിരുവല്ല എക്സൈസ് എടുത്ത കഞ്ചാവ് കേസിലും പ്രതിയാണ്. അന്വേഷണസംഘത്തിൽ  എസ് സി പി ഒ മാരായ പ്രബോദ് ചന്ദ്രൻ, ജയകുമാർ, സി പി ഒ സുജിത് എന്നിവരാണ് ഉണ്ടായിരുന്നത്.

 

error: Content is protected !!