Input your search keywords and press Enter.

കൊല്ലം ജില്ലാ അറിയിപ്പുകള്‍ (14/03/2022)

മന്ത്രി കെ. എന്‍. ബാലഗോപാല്‍ ഉദ്ഘാടനം ചെയ്യും
4000 ഒഴിവുകളുമായി തൊഴില്‍ മേള 20ന്

 

കേരള അക്കാദമി ഫോര്‍ സ്‌കില്‍സ് എക്‌സലന്‍സിന്റെ തൊഴില്‍മേള ‘പ്രതീക്ഷ’ ധനകാര്യ വകുപ്പ് മന്ത്രി കെ.എന്‍.ബാലഗോപാല്‍ മാര്‍ച്ച് 20ന് ഫാത്തിമ മാതാ നാഷണല്‍ കോളേജില്‍ ഉദ്ഘാടനം ചെയ്യും. ജില്ലാ ഭരണകൂടവും ജില്ലാ സ്‌കില്‍ കമ്മിറ്റിയും ജില്ലാ പ്ലാനിംഗ് ഓഫീസും സംയുക്തമായാണ് മേള സംഘടിപ്പിക്കുന്നത്.

 

അറുപതിലധികം കമ്പനികള്‍ പങ്കെടുക്കുന്ന മേളയില്‍ 4000 ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. എഞ്ചിനീയറിംഗ്, ഐ.റ്റി, നഴ്‌സിംഗ്, ഐ.ടി.ഐ, ഓട്ടോമൊബൈല്‍, പോളിടെക്‌നിക്, എം.ബി.എ, ബിരുദം, ബിരുദാന്തര ബിരുദം, ഹോട്ടല്‍ മാനേജ്‌മെന്റ് ഡിപ്ലോമ, പാരാമെഡിക്കല്‍, പ്ലസ് ടു, പത്താംതരം, ഹ്രസ്വകാല തൊഴില്‍പരിശീലനങ്ങള്‍ നേടിയവര്‍ക്ക് തൊഴിലവസരമുണ്ടാകും.

ബയോഡേറ്റയുമായി മാര്‍ച്ച് 20 ന് രാവിലെ 9 മണിക്ക് ഫാത്തിമ മാതാ നാഷണല്‍ കോളേജില്‍ എത്തണം. സംസ്ഥാന സര്‍ക്കാരിന്റെ ജോബ് പോര്‍ട്ടലായ [email protected]  വെബ്സൈറ്റ്  മുഖേനയും  രജിസ്റ്റര്‍ ചെയ്യാം. വിശദവിവരങ്ങള്‍ക്ക് 7356179314 നമ്പറിലോ ൗൊശസെശഹഹ.സമലെ@ഴാമശഹ.രീാ  ഇ-മെയില്‍ വിലാസത്തിലോ ബന്ധപ്പെടാം.

 

 

ക്ഷീരകര്‍ഷകര്‍ക്കായി ‘തൃണകം’ പദ്ധതി

ക്ഷീരമേഖലയില്‍ ഉദ്പാദന വര്‍ധനയുടെ നേട്ടം സ്വന്തമാക്കാന്‍ പുതു പദ്ധതിയുമായി ഇത്തിക്കര ബ്ലോക്ക് പഞ്ചായത്ത്. ക്ഷീരോല്‍പാദനത്തില്‍ സ്വയംപര്യാപ്തത നേടുന്നതിനോടൊപ്പം ദിവസേന 55000 ലിറ്റര്‍ പാല്‍ അധികം ഉല്‍പാദിപ്പിക്കുന്ന പഞ്ചായത്താണ് നൂതനമായ പദ്ധതിയായ ‘തൃണകം’ പരീക്ഷിക്കുന്നത്.
പുല്ല്, വൈക്കോല്‍, സൈലേജ് എന്നിവ ക്ഷീരസംഘങ്ങളില്‍ ഇറക്കി ഓരോ പഞ്ചായത്തിലേയും ഗുണഭോക്തൃ  ലിസ്റ്റില്‍ ഉള്‍പ്പെട്ടവര്‍ക്ക് വിതരണം ചെയ്യുകയാണ്.  ഒരു കിലോ സൈലേജിന് നാല് രൂപ, പുല്ലിന് മൂന്ന് വൈക്കോലിന് അഞ്ച് രൂപ എന്നിങ്ങനെപരമാവധി 50 ശതമാനം സബ്‌സിഡി നല്‍കുന്നു.  കര്‍ഷകര്‍ക്ക് നല്‍കുന്നത്.  ആവശ്യാനുസരണം സംഘങ്ങളില്‍ നിന്ന് ഇവ ശേഖരിക്കാം.
2021-2022 സാമ്പത്തിക വര്‍ഷം 17 ലക്ഷം രൂപയാണ് പദ്ധതിക്കായി ചിലവഴിച്ചത്. തൊട്ടു മുമ്പത്തെ സമ്പത്തിക വര്‍ഷം പരീക്ഷണാടിസ്ഥാനത്തില്‍ അഞ്ച് ലക്ഷം രൂപ വിനിയോഗിച്ച്  ആരംഭിച്ച പരീക്ഷണം ക്ഷീരകര്‍ഷകര്‍  സ്വീകരിച്ചതോടെയാണ് ഈ വര്‍ഷം അധിക തുക ചെലവഴിച്ച് പദ്ധതി പുനരാവിഷ്‌കരിച്ചത്.
പാല്‍, കാലിതീറ്റ എന്നിവയ്ക്കും സബ്‌സിഡികള്‍ അനുവദിക്കുന്നുണ്ട്. വരും വര്‍ഷങ്ങളില്‍ പദ്ധതി വീണ്ടും വിപുലീകരിക്കും. ക്ഷീരോല്‍പാദന മേഖലയില്‍ സജീവമായി നില്‍ക്കുന്ന രണ്ടായിരത്തോളം കര്‍ഷകര്‍ക്ക് കൈത്താങ്ങാണ് പദ്ധതി. യുവകര്‍ഷകരെ മേഖലയിലേക്ക് ആകര്‍ഷിക്കാന്‍ സാധിച്ചതും നേട്ടമാണെന്ന് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എന്‍.സദാനന്ദന്‍ പിള്ള പറഞ്ഞു.

 

 

ജലസ്രോതസുകളിലെ മാലിന്യം നീക്കം ചെയ്യും: ജില്ലാ കലക്ടര്‍
ജില്ലയിലെ വിവിധ ജലസ്രോതസ്സുകളിലെ ഏക്കല്‍ മാലിന്യം നീക്കം ചെയ്ത് വെള്ളക്കെട്ട് ഒഴിവാക്കുന്നതിനുള്ള നടപടികള്‍ ഉടന്‍ ആരംഭിക്കുമെന്ന് ജില്ലാ കലക്ടര്‍ അഫ്‌സാന പര്‍വീണ്‍. ജില്ലാ ദുരന്തനിവാരണ അതോറിറ്റിയുടെ ഓണ്‍ലൈന്‍ യോഗത്തിലാണ് ചെയര്‍പേഴ്‌സന്‍ കൂടിയായ ജില്ലാ കലക്ടറുടെ തീരുമാനം.
മാലിന്യം നീക്കം ചെയ്യുന്നതിനുള്ള എസ്റ്റിമേറ്റ് കാലതാമസം കൂടാതെ തയാറാക്കി നല്‍കാന്‍ നിര്‍ദ്ദേശം നല്‍കി. നദികള്‍, കല്ലട ജലസേചന പദ്ധതി ഉള്‍പ്പെടെയുള്ളവയുടെ ഭാഗമായ ജലസ്രോതസ്സുകള്‍, തോടുകള്‍ എന്നിവയിലെ ഏക്കല്‍ നീക്കം ചെയ്യാനുള്ള എസ്റ്റിമേറ്റ് ആണ് ആദ്യഘട്ടമായി തയ്യാറാക്കുന്നത്.
മൈനര്‍ ഇറിഗേഷന്റെ പരിധിയിലുള്ള 108 പ്രവര്‍ത്തികളുടെയും കെ. ഐ. പി പദ്ധതിയുമായി ബന്ധപ്പെട്ട പ്രവര്‍ത്തികളുടെയും എസ്റ്റിമേറ്റ് തയ്യാറാക്കിയിട്ടുണ്ട്. കുടിവെള്ള പ്രശ്‌നം പരിഹരിക്കുന്നതിനുള്ള നടപടികളും പുരോഗമിക്കുകയാണ്- ജില്ലാ കലക്ടര്‍ അറിയിച്ചു.
കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഉദ്യോഗസ്ഥര്‍ വിശദീകരിച്ചു. എ.ഡി.എം എന്‍.സാജിതാ ബീഗം, ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ബിന്ദു മോഹന്‍, മറ്റ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

 

തദ്ദേശസ്ഥാപങ്ങളുടെ പദ്ധതി തുക വിനിയോഗത്തില്‍ ജില്ലയ്ക്ക് രണ്ടാം സ്ഥാനം
2021-22 വര്‍ഷത്തെ പദ്ധതികള്‍ക്ക് ജില്ലാആസൂത്രണ സമിതി യോഗം അംഗീകാരം നല്‍കി
തദ്ദേശ സ്ഥാപനങ്ങളുടെ പദ്ധതി തുക വിനിയോഗത്തില്‍ ജില്ലയ്ക്ക് രണ്ടാം സ്ഥാനം. ജില്ലാ ആസൂത്രണ സമിതി യോഗത്തിലാണ് വിലയിരുത്തല്‍. 68 ശതമാനം തുകയാണ് ജില്ലയിലാകെ തദ്ദേശ സ്ഥാപനങ്ങള്‍ ചെലവഴിച്ചത്. വെട്ടിക്കവല, കരീപ്ര, നീണ്ടകര, തഴവ, കുലശേഖരപുരം പഞ്ചായത്തുകള്‍ 90 ശതമാനത്തില്‍ കൂടുതല്‍ തുക വിനിയോഗിച്ചു.
ബ്ലോക്ക് പഞ്ചായത്തുകളില്‍ 80 ശതമാനം ചെലവഴിച്ച ചവറയാണ് ഒന്നാമത്. കൊല്ലം കോര്‍പ്പറേഷന് സംസ്ഥാനതലത്തില്‍ രണ്ടാം സ്ഥാനവും ജില്ലാ പഞ്ചായത്തിന് നാലാം സ്ഥാനവുമാണ് ഉള്ളത്. ജില്ലയിലെ നഗരസഭകളെല്ലാം അമ്പത് ശതമാനത്തില്‍ കൂടുതല്‍ പദ്ധതി തുക ചെലവഴിച്ചു. വിവിധ തദ്ദേശ സ്ഥാപനങ്ങളുടെ 2021-22 വാര്‍ഷിക ഭേദഗതി പദ്ധതികള്‍ക്ക് അസൂത്രണസമിതി യോഗം അംഗീകാരം നല്‍കി. കൊട്ടാരക്കര നഗരസഭയുടെ അയ്യന്‍കാളി തൊഴിലുറപ്പ് പദ്ധതി ലേബര്‍ ബജറ്റിനും ആക്ഷന്‍ പ്ലാനിനും അംഗീകാരം നല്‍കി.
പദ്ധതി നിര്‍വഹണ ഉദ്യോഗസ്ഥര്‍ക്ക് ഡി.ഡി.ഒ കോഡ് ലഭ്യമല്ലെങ്കില്‍ തദ്ദേശസ്ഥാപനത്തിന്റെ സെക്രട്ടറിയെ നിര്‍വഹണ ഉദ്യോഗസ്ഥനാക്കി ബില്‍ മാറാന്‍ നിര്‍ദ്ദേശം നല്‍കി. പതിനാലാം പഞ്ചവത്സര പദ്ധതിയുടെ വികസനരേഖ, അവസ്ഥാരേഖ എന്നിവയുടെ പുരോഗതിയും വിലയിരുത്തി. ദുരന്തനിവാരണം, പട്ടികജാതി പട്ടികവര്‍ഗ വികസനം, തൊഴില്‍മേഖല എന്നിവയ്ക്ക് പ്രാമുഖ്യം നല്‍കാന്‍ നിര്‍ദ്ദേശിച്ചു.
ജില്ലാ പഞ്ചായത്തിന്റെ ഭരണഘടന സാക്ഷരത ക്യാമ്പയിന്‍ ‘ദി സിറ്റിസണ്‍’ പദ്ധതിയിലെ സെനറ്റര്‍മാര്‍ക്കുള്ള പരിശീലനം മാര്‍ച്ച് 30നകം പൂര്‍ത്തീകരിക്കാനും, തദ്ദേശ സ്ഥാപനതലത്തില്‍ ഏപ്രില്‍ ആദ്യ ആഴ്ച്ചമുതല്‍ ക്ലാസ് തുടങ്ങാനും തീരുമാനിച്ചു. തദ്ദേശ സ്ഥാപങ്ങളുമായി ബന്ധപ്പെട്ട വെറ്റിങ് രണ്ട് ദിവസത്തിനുള്ളില്‍ പൂര്‍ത്തിയാക്കാന്‍ ജില്ലാ മെഡിക്കല്‍ ഓഫീസര്‍ക്ക് യോഗം നിര്‍ദ്ദേശം നല്‍കി.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സാം.കെ.ഡാനിയല്‍ അധ്യക്ഷനായി. ജില്ലാ പ്ലാനിങ് ഓഫീസര്‍ പി. ജെ. ആമിന, ആസൂത്രണ സമിതിയിലെ സര്‍ക്കാര്‍ പ്രതിനിധി എം. വിശ്വനാഥന്‍, മേയര്‍ പ്രസന്ന ഏണസ്റ്റ്, അംഗങ്ങളായ വസന്താരമേശ്, ഡോ. കെ.ഷാജി, ജെ. നജീബത്ത്, ബി.ജയന്തി, എസ്.ആര്‍.രമേശ്, എസ്.ജയന്‍, വിവിധ തദ്ദേശ സ്ഥാപന പ്രതിനിധികള്‍, ജില്ലാതല ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

 

ലൈഫ് മിഷന്‍: പുനലൂരിലെ ഫ്‌ലാറ്റ് സമുച്ചയം പൂര്‍ത്തീകരണത്തിലേക്ക്
പുനലൂര്‍ നഗരസഭയിലെ 44 കുടുംബങ്ങളുടെ അടച്ചുറപ്പുള്ള വീടെന്ന സ്വപ്നം സാക്ഷാത്കരിക്കുകയാണ് ലൈഫ് മിഷനിലൂടെ. നഗരസഭയിലെ ഭൂ- ഭവനരഹിതര്‍ക്കാണ് ലൈഫ് മിഷന്റെ ഫ്‌ളാറ്റ് സമുച്ചയമൊരുങ്ങുന്നത്. നാല് നിലകളിലായി  2495.16 ചതുരശ്ര മീറ്റര്‍ വിസ്തീര്‍ണമാണുള്ളത്. 6.25 കോടി  രൂപ ചെലവഴിച്ചാണ് സമുച്ചയം പണി കഴിപ്പിക്കുന്നത്.
ഒരു യൂണിറ്റില്‍ രണ്ട് ബെഡ്‌റൂം,  അടുക്കള, ബാല്‍ക്കണി, ലിവിങ് റൂം, അറ്റാച്ച്ഡ് ബാത്‌റൂം  എന്നിവയാണ് സജ്ജീകരിച്ചിട്ടുള്ളത്. നഗരസഭയുടെ നിയന്ത്രണത്തിലുള്ള പ്ലാച്ചേരിയിലെ 50 സെന്റ് പുരയിടത്തിലെ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ അവസാനഘട്ടത്തിലാണ്.
വസ്തുവും വീടുമില്ലാത്ത നഗരസഭാ പരിധിയിലെ കുടുംബങ്ങളെ സുരക്ഷിതമാക്കുകയാണ് ലക്ഷ്യമിടുന്നത്. വിവിധ സ്ഥലങ്ങളില്‍ വസ്തു കണ്ടെത്തുന്നതിന് പകരം എല്ലാവര്‍ക്കും ഒരു കുടക്കീഴില്‍ അഭയം ഒരുക്കുകയാണ്. മെയ് മാസത്തോടുകൂടി നിര്‍മാണം പൂര്‍ത്തീകരിക്കാനാകുമെന്നും ചെയര്‍പേഴ്‌സണ്‍ നിമ്മി എബ്രഹാം പറഞ്ഞു.

 

അഞ്ചല്‍ ബ്ലോക്ക് പഞ്ചായത്തില്‍ തേന്‍ സംസ്‌കരണ പ്ലാന്റ്
ശുദ്ധമായ തേന്‍ സംഭരിച്ചു വിതരണം നടത്തുന്നതിന് അഞ്ചല്‍ ബ്ലോക്ക് പഞ്ചായത്തിന്റെ നേതൃത്വത്തില്‍ തേന്‍ സംസ്‌കരണ പ്ലാന്റ് ഒരുങ്ങുന്നു. ഏറം കാര്‍ഷിക വിപണിയോട് ചേര്‍ന്നാണ് സജ്ജീകരിക്കുന്നത്. വിപണിയില്‍ അംഗങ്ങളായിട്ടുള്ള തേനീച്ച കര്‍ഷകരില്‍ നിന്നും തേന്‍ ശേഖരിച്ച് സംസ്‌കരണം നടത്തുകയാണ് ലക്ഷ്യം. തേനിലെ ഈര്‍പ്പവും മെഴുകും നീക്കം ചെയ്ത് ഗുണനിലവാരം ഉറപ്പാക്കും. 1000 ലിറ്റര്‍ വരെ സംഭരണ ശേഷിയുള്ള വിശാലമായ ടാങ്കുകളിലാണ് ശേഖരിക്കുക.
16 ലക്ഷം രൂപ ബ്ലോക്ക് പദ്ധതി വിഹിതവും 16 ലക്ഷം രൂപ ഗുണഭോക്തൃ വിഹിതവും ചേര്‍ത്ത് 32 ലക്ഷം രൂപയാണ് ചെലവ്. ഹോര്‍ട്ടികോര്‍പ്പിനാണ് നിര്‍വഹണ ചുമതല. തേന്‍  ഉല്പാദനവും സംഭരണവും വര്‍ദ്ധിപ്പിക്കുന്നതിനും തേന്‍ ഉല്‍പ്പാദക സംഘങ്ങളെ സഹായിക്കുന്നതിനുമായാണ് സംരംഭം. വരുംവര്‍ഷങ്ങളില്‍ ഹോര്‍ട്ടികോര്‍പ്പുമായി ചേര്‍ന്ന് തേനീച്ച വളര്‍ത്തലിനും പരിപാലനത്തിനും ആവശ്യമായ പദ്ധതികളും നടപ്പിലാക്കുമെന്ന് പ്രസിഡന്റ് രാധാ രാജേന്ദ്രന്‍ പറഞ്ഞു.

 

സഞ്ചാരികളെ വരവേല്‍ക്കാന്‍ പടിഞ്ഞാറേകല്ലട
സഞ്ചാരികളെ വരവേല്‍ക്കാന്‍ പടിഞ്ഞാറെ കല്ലട ഗ്രാമപഞ്ചായത്ത് ഒരുങ്ങുന്നു. ശാസ്താംകോട്ട കായലിനെയും കല്ലടയാറിനെയും ഉള്‍പ്പെടുത്തി ഗ്രാമീണ ടൂറിസം പദ്ധതിയുടെ ഭാഗമാകും വിധമുള്ള തയ്യാറെടുപ്പാണ് നടത്തുന്നത്.  കെ.സോമപ്രസാദ്  എം.പിയുടെ പ്രാദേശിക വികസന ഫണ്ട് വിനിയോഗിച്ച് ഗ്രാമീണ തൊഴില്‍ ഉറപ്പ് പദ്ധതി, ജൈവവൈവിധ്യ ബോര്‍ഡ്, കെ.എസ്.ഇ.ബി, ഫിഷറീസ് വകുപ്പുകള്‍ എന്നിവയുടെ സഹായത്തോടെയാണ്  പദ്ധതി നടപ്പാക്കുന്നത്.
പൂര്‍ണമായും ഹരിത ചട്ടങ്ങള്‍ പാലിച്ചുള്ള പദ്ധതിയുടെ ഭാഗമായി കായല്‍ ബണ്ട് റോഡ് 1.5 കിലോമീറ്റര്‍ നീളത്തിലും, രണ്ട് മീറ്റര്‍ വീതിയിലും ടൈലുകള്‍ പാകും. ഇതിനായി 10 ലക്ഷം രൂപ അനുവദിച്ചു. കായല്‍ ബണ്ടിലെ പാതയുടെ ഇരു വശങ്ങളിലും ഓരോ നൂറു മീറ്ററിലും ബെഞ്ചുകള്‍ സ്ഥാപിക്കും. ഇരു വശങ്ങളിലും കയര്‍ഭൂവസ്ത്രം ഉപയോഗിച്ച് മണ്ണൊലിപ്പ് തടയും. ഇവിടെ കെ.എസ്.ഇ.ബി യുടെ സൗരവൈദ്യുതി പാനലുകള്‍ സ്ഥാപിക്കുന്നത് വഴി വൈദ്യുതി ഉല്പാദനവും ലക്ഷ്യം വെയ്ക്കുന്നു. ചെറിയ മരങ്ങള്‍ നട്ട് മനോഹരമാക്കുന്നതോടെ കായലിന്റെ സൗന്ദര്യം ആസ്വദിച്ചു പ്രഭാത-സായാഹ്ന നടത്തത്തിനുള്ള സൗകര്യം ഒരുങ്ങും.
കായല്‍ ബണ്ടിലേക്കുള്ള കളീലീല്‍ മുക്ക് റോഡിന് മുഖ്യമന്ത്രിയുടെ വികസന ഫണ്ടില്‍ നിന്നും 15 ലക്ഷം രൂപ അനുവദിച്ചിട്ടുണ്ട്. കായല്‍ തീരത്തെ വയലുകള്‍ക്ക് ഇടയിലൂടെയുള്ള മനോഹരയാത്ര സാധ്യമാക്കുന്ന ഐക്കരഴികത്തുമുക്ക് റോഡിന് ഫിഷറീസ് വകുപ്പിന്റെ 45 ലക്ഷം രൂപ ഫണ്ട് ലഭിച്ചു. ഇരു റോഡുകളുടെയും നിര്‍മ്മാണം തുടങ്ങി കഴിഞ്ഞു.
ഡിടിപിസിയുമായി സഹകരിച്ച് കടപുഴ കല്ലടയാറിന്റെ തീരത്തുള്ള  വിനോദസഞ്ചാര പദ്ധതിയും ഇതിന്റെ ഭാഗമാകും. കഫറ്റേറിയ, നാടന്‍ ഭക്ഷണശാല, കുട്ടികളുടെ പാര്‍ക്ക്, കല്ലടയേയും മണ്ട്രോതുരുത്തിനെയും ബന്ധിപ്പിക്കുന്ന ബോട്ട്‌യാത്ര എന്നിവയാണ് ആകര്‍ഷണം. കല്ലട വലിയപള്ളി ഉള്‍പ്പെടെയുള്ള തീര്‍ഥാടനകേന്ദ്രങ്ങളും സന്ദര്‍ശിക്കാം.
തദ്ദേശീയര്‍ക്ക് കൂടുതല്‍ തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിക്കുക കൂടിയാണ് പദ്ധതിയുടെ ലക്ഷ്യമെന്ന് പഞ്ചായത്ത് പ്രസിഡന്റ്  ഡോ. സി ഉണ്ണികൃഷ്ണന്‍ അറിയിച്ചു.

 

അപേക്ഷ ക്ഷണിച്ചു
എഴുകോണ്‍ സര്‍ക്കാര്‍ പോളിടെക്‌നിക് കോളേജില്‍ തുടര്‍ വിദ്യാഭ്യാസ കേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ ആരംഭിക്കുന്ന മൂന്ന് മാസം ദൈര്‍ഘ്യമുള്ള   അലുമിനിയം ഫാബ്രിക്കേഷന്‍, മൊബൈല്‍ ഫോണ്‍ ടെക്‌നോളജി കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. അവസാന തീയതി മാര്‍ച്ച് 23. അപേക്ഷാഫോം തുടര്‍വിദ്യാഭ്യാസ കേന്ദ്രത്തിന്റെ ഓഫീസില്‍ നിന്ന് നേരിട്ട് ലഭിക്കും. വിശദവിവരങ്ങള്‍ക്ക് ഫോണ്‍ 9496846522.

 

കൂടിക്കാഴ്ച മാര്‍ച്ച് 21 ന്
മദ്രാസ് റെജിമെന്റില്‍ സേവനമനുഷ്ഠിച്ച വിമുക്തഭട•ാര്‍, വീര്‍നാരികള്‍ എന്നിവരുമായി കൂടിക്കാഴ്ച നടത്തുന്നതിന് റെജിമെന്റ് പ്രതിനിധികള്‍ മാര്‍ച്ച് 21 ന് സംസ്ഥാന എക്‌സ് സര്‍വീസ് ലീഗിന്റെ കടപ്പാക്കടയിലുള്ള ജില്ലാ ഓഫീസില്‍ എത്തും. എല്ലാവരും പങ്കെടുക്കണമെന്ന് ജില്ലാ സൈനിക ക്ഷേമ ഓഫീസര്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍ 9446266096, 8281103386.

 

ദീപങ്ങള്‍’ വോക്ക്-ഇന്‍-ഇന്റര്‍വ്യൂ
കൊല്ലം കോര്‍പ്പറേഷന്‍ പരിധിയില്‍ ബി. എസ്. സി നഴ്‌സിംഗ്  ജനറല്‍ നഴ്‌സിംഗ്  കോഴ്‌സുകള്‍ പാസായവര്‍ക്ക് മെഡിക്കല്‍ കോളജുകളിലും സര്‍ക്കാര്‍ ആശുപത്രികളിലും വിവിധ സി. എച്ച്. സി, പി.എച്ച്.സികളിലും അര്‍ബന്‍ ഹെല്‍ത്ത് സെന്ററുകളിലും രണ്ടു വര്‍ഷത്തേക്ക് പെയ്ഡ് ഇന്റേണ്‍ഷിപ് നല്‍കുന്നതിനു വേണ്ടിയുള്ള ‘ദീപങ്ങള്‍’പദ്ധതിയിലേക്കുള്ള വോക്ക്-ഇന്‍-ഇന്റര്‍വ്യൂ മാര്‍ച്ച് 16ന് രാവിലെ 10.30 ന് സി. കേശവന്‍ മെമ്മോറിയല്‍ ടൗണ്‍ഹാള്‍ അനക്‌സില്‍ നടത്തും. നിശ്ചിത യോഗ്യതയുള്ള,  കോര്‍പ്പറേഷന്‍ പരിധിയില്‍ സ്ഥിരതാമസക്കാരായ 19 നും 40 നും ഇടയില്‍ പ്രായമുള്ളവര്‍ക്ക് അപേക്ഷിക്കാം. കൂടുതല്‍ വിവരങ്ങള്‍ക്ക് 0474 2742192.

 

സ്‌കില്‍ ടെക്’ വോക്ക്-ഇന്‍-ഇന്റര്‍വ്യൂ
കൊല്ലം കോര്‍പ്പറേഷന്‍ പരിധിയില്‍ സിവില്‍, ഇലക്ട്രിക്കല്‍, മെക്കാനിക്കല്‍, സോഫ്റ്റ്വെയര്‍, ഇലക്ട്രോണിക്‌സ് എന്‍ജിനീയറിങ് ബിരുദം പാസായവര്‍ക്കും പോളിടെക്‌നിക്, ഐ.ടി.ഐ പാസായവര്‍ക്കും രണ്ടു വര്‍ഷത്തേക്ക് പെയ്ഡ് ഇന്റേണ്‍ഷിപ്  നല്‍കുന്നതിന് വേണ്ടിയുള്ള പദ്ധതിയായ ‘സ്‌കില്‍ ടെക് ‘  ഇന്റര്‍വ്യൂ മാര്‍ച്ച് 18 ന് രാവിലെ 10.30 ന് സി.കേശവന്‍ മെമ്മോറിയല്‍ ടൗണ്‍ഹാള്‍ അനക്‌സില്‍ നടത്തും. 19 നും 40 നും ഇടയില്‍ പ്രായമുള്ള നിശ്ചിത യോഗ്യതയുള്ളവര്‍ അസ്സല്‍ രേഖകള്‍ സഹിതം ഹാജരാകണം. കൂടുതല്‍ വിവരങ്ങള്‍ക്ക് 0474 2742192.

 

ജോലി ഒഴിവ്
ജില്ലയിലെ സര്‍ക്കാര്‍ സ്ഥാപനത്തില്‍ ഓപ്പണ്‍ മുന്‍ഗണനാ വിഭാഗത്തിന് വേണ്ടി സംവരണം ചെയ്തിട്ടുള്ള കെയര്‍ടെക്കറുടെ ഒരു ഒഴിവുണ്ട്. യോഗ്യത- എസ.്എസ്.എല്‍.സി/തത്തുല്യം, സാമൂഹിക ക്ഷേമവകുപ്പിന്റെ അംഗീകാരമുള്ള ഹോസ്റ്റലുകളില്‍ വാര്‍ഡനായുള്ള മൂന്ന് വര്‍ഷത്തെ പ്രവൃത്തി പരിചയം. സ്ത്രീകളും ഭിന്നശേഷിക്കാരും അപേക്ഷിക്കേണ്ടതില്ല. പ്രായപരിധി  18 നും 41 നുമിടയില്‍. (നിയമാനുസൃത ഇളവ് ബാധകം). ശമ്പളം- 22500/-
മുന്‍ഗണനാ വിഭാഗത്തിന്റെ അഭാവത്തില്‍ മറ്റുള്ളവരെയും  പരിഗണിക്കും. നിശ്ചിത യോഗ്യതയുള്ളവര്‍  അസല്‍ സര്‍ട്ടിഫിക്കറ്റുകളുമായി തൊട്ടടുത്തുള്ള എംപ്ലോയ്‌മെന്റ് എക്‌സേഞ്ചുകളില്‍ പേര് രജിസ്റ്റര്‍ ചെയ്യേണ്ടതാണ്. അവസാന തീയതി മാര്‍ച്ച് 24.

 

രജിസ്‌ട്രേഷന്‍ ക്യാമ്പ്
കരുനാഗപ്പള്ളി ടൗണ്‍ എംപ്ലോയ്മെന്റ് എക്‌സ്‌ചേഞ്ചില്‍ മാര്‍ച്ച് 17ന് എപ്ലോയബിലിറ്റി സെന്ററിന്റെ ആഭിമുഖ്യത്തില്‍   രജിസ്ട്രേഷന്‍ ക്യാമ്പ് നടത്തുന്നു. രജിസ്റ്റര്‍ ചെയ്യുന്ന ഉദ്യോഗാര്‍ത്ഥികള്‍ക്ക് അഭിമുഖങ്ങള്‍ നേരിടുന്നതിനും  ആത്മവിശ്വാസം, കമ്പ്യൂട്ടര്‍ പരിജ്ഞാനം തുടങ്ങിയവയിലും പരിശീലനം നല്‍കും. പ്ലസ്ടു യോഗ്യതയുള്ള 18നും 35നും ഇടയില്‍ പ്രായമുള്ളവര്‍  മാര്‍ച്ച് 17 ന് രാവിലെ 10 മണിക്ക് ആധാര്‍ കാര്‍ഡുമായി കരുനാഗപ്പള്ളി ടൗണ്‍ എംപ്ലോയ്മെന്റ് എക്‌സ്‌ചേഞ്ചില്‍ എത്തണം. ഫോണ്‍- 8714835683, 7012212473.

 

സൗജന്യ പരിശീലനം
സാംസ്‌ക്കാരിക വകുപ്പും തദ്ദേശസ്വയംഭരണ വകുപ്പും സംയുക്തമായി   നടപ്പിലാക്കുന്ന വജ്രജൂബിലി ഫെലോഷിപ്പ് പദ്ധതിയുടെ ഭാഗമായി ചവറ ബ്ലോക്ക് പഞ്ചായത്ത് പരിധിയിലെ  ചവറ, തേവലക്കര, പ•ന, നീണ്ടകര, തെക്കുംഭാഗം പഞ്ചായത്തുകളില്‍  ഉള്ളവര്‍ക്ക്  കഥകളി, ശാസ്ത്രീയസംഗീതം, നാടന്‍പാട്ട് എന്നിവയില്‍ സൗജന്യ പരിശീലനം നേടാന്‍ അവസരം.  അഞ്ച് വയസിന് മുകളില്‍ പ്രായമുള്ള എല്ലാവര്‍ക്കും അപേക്ഷിക്കാം. സൗജന്യ അപേക്ഷഫോം ബ്ലോക്ക് പഞ്ചായത്തില്‍ നിന്ന് ലഭിക്കും. അവസാന തീയതി മാര്‍ച്ച് 25. കൂടുതല്‍ വിവരങ്ങള്‍ക്ക് 8921796504, 9544427267, 7025388931.

 

 

 

 

 

error: Content is protected !!