കോന്നി ടൂറിസം ഗ്രാമം പദ്ധതി പൊതുമരാമത്ത്-ടൂറിസം വകുപ്പ് മന്ത്രി അഡ്വ. പി. എ. മുഹമ്മദ് റിയാസിനു അഡ്വ. കെ.യു. ജനീഷ് കുമാര്‍ എംഎല്‍എ സമര്‍പ്പിച്ചു.
ഒരു പഞ്ചായത്തില്‍ രണ്ടില്‍ കുറയാത്ത ടൂറിസം പദ്ധതികള്‍ എന്ന സര്‍ക്കാര്‍ നയത്തിന്റെ ചുവടുപിടിച്ചാണ് കോന്നി ടൂറിസം ഗ്രാമം പദ്ധതി നടപ്പാക്കുന്നത്. വിവിധ സര്‍ക്കാര്‍ ഡിപ്പാര്‍ട്ട്മെന്റുകള്‍, ഡിറ്റിപിസി, ടൂറിസം സൊസൈറ്റി തുടങ്ങിയവ വഴി പൊതു, സ്വകാര്യ മൂലധനം മുടക്കിയാണ് കോന്നി ടൂറിസം ഗ്രാമം എന്ന ബ്രഹദ് പദ്ധതി നടപ്പാക്കുന്നത്. പത്ത് വര്‍ഷം കൊണ്ട് പൂര്‍ത്തീകരിക്കത്തക്ക നിലയിലുള്ള മാസ്റ്റര്‍ പ്ലാനാണ് തയാറാക്കിയത്.
5000 പേര്‍ക്ക് തൊഴില്‍ ലഭിക്കുന്ന പദ്ധതിയാണ് കോന്നി ടൂറിസം ഗ്രാമം പദ്ധതി.
കോന്നി സഞ്ചായത്ത് കടവ്, പ്രമാടം നെടുമ്പാറ, കൂടല്‍ രാക്ഷസന് പാറ, സീതത്തോട് ടൂറിസം എന്നീ പദ്ധതികള്‍ ഡിറ്റിപിസിയാണ് നടപ്പാക്കുന്നത്. ചിറ്റാറില്‍ മണ്‍പിലാവ് ട്രക്കിംഗ്, ചതുര കള്ളിപ്പാറ ടൂറിസം പദ്ധതി എന്നിവ നടപ്പാക്കും. തണ്ണിത്തോട്ടില്‍ അടവി വികസന പദ്ധതിക്കൊപ്പം, മണ്ണീറ വെള്ളച്ചാട്ടത്തിലും ടൂറിസം പദ്ധതി നടപ്പാക്കും.
മലയാലപ്പുഴയില്‍ കടവുപുഴ ബംഗ്ലാവ് കേന്ദ്രമാക്കി ടൂറിസം പദ്ധതിയും, പില്‍ഗ്രിം ടൂറിസം സര്‍ക്യൂട്ടും നടപ്പാക്കും. അരുവാപ്പുലം പഞ്ചായത്തില്‍ കൊക്കാത്തോട്ടില്‍ ക്രാഫ്റ്റ് വില്ലേജും, ചെളിക്കുഴി വെള്ളച്ചാട്ടം ടൂറിസം പദ്ധതിയും നടപ്പാക്കും. ഏനാദിമംഗലത്ത് അഞ്ചുമല പാറ ടൂറിസം പദ്ധതിയും, വെല്‍നസ് സോണ്‍ പദ്ധതിയും നടപ്പാക്കും.
മൈലപ്ര, വള്ളിക്കോട് പഞ്ചായത്തുകളിലും നിരവധി പദ്ധതി നിര്‍ദേശങ്ങളുണ്ട്. ജില്ലാ കളക്ടര്‍, ബ്ലോക്ക് – ഗ്രാമ പഞ്ചായത്ത് പ്രസിഡന്റുമാര്‍, ജില്ലാ പഞ്ചായത്ത് അംഗങ്ങള്‍, മാധ്യമ പ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ മുന്‍പാകെയാണ് കരട് നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കുകയും, നിര്‍ദേശങ്ങള്‍ സംബന്ധിച്ച അഭിപ്രായ സ്വരൂപണം നടത്തിയുമാണ് പദ്ധതി തയാറാക്കിയത്.
എംഎല്‍എയെ കൂടാതെ കോന്നി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജിജി സജി, ഗ്രാമ പഞ്ചായത്ത് പ്രസിഡന്റുമാരായ ടി.വി. പുഷ്പവല്ലി, രേഷ്മ മറിയം റോയ്, എന്‍.നവനിത്ത്, അരുവാപ്പുലം പഞ്ചായത്ത് വൈസ് പ്രസിഡന്റ് മണിയമ്മ രാമചന്ദ്രന്, പഞ്ചായത്ത് അംഗങ്ങളായ ഷാന്‍ ഹുസൈന്, ഷീബ, സിന്ധു, സിപിഎം കോന്നി ഏരിയ സെക്രട്ടറി ശ്യാം ലാല്‍, ടൂറിസം അഡൈ്വസറി കമ്മിറ്റിഅംഗങ്ങളായ രാജേഷ് ആക്ലെത്ത്, ബിയോജ് ചേന്നാട്ട്, ബിനോജ് ചേന്നാട്ട് തുടങ്ങിയവര്‍ പങ്കെടുത്തു.