Input your search keywords and press Enter.

പാലക്കാട് ജില്ലാ അറിയിപ്പുകള്‍ ( 15/03/2022)

ഭൂമി തരം മാറ്റം അദാലത്ത് : 20 അപേക്ഷകള്‍ തീര്‍പ്പാക്കി

കേരള നെല്‍വയല്‍ തണ്ണീര്‍ത്തട സംരക്ഷണ നിയമ (ഭേദഗതി) പ്രകാരം നല്‍കിയിട്ടുള്ള തരം മാറ്റത്തിനുള്ള അപേക്ഷകളില്‍ തീര്‍പ്പാകാതെ അവശേഷിക്കുന്നവ അതിവേഗത്തില്‍ തീര്‍പ്പാക്കുന്നതിന് ഒറ്റപ്പാലം റവന്യൂ ഡിവിഷന് കീഴില്‍ ഒറ്റപ്പാലം താലൂക്ക് ഓഫീസില്‍ ഭൂമി തരം മാറ്റം അദാലത്ത് സംഘടിപ്പിച്ചു. അദാലത്ത് ഒറ്റപ്പാലം സബ് കലക്ടര്‍ ഇന്‍ചാര്‍ജ് കൂടിയായ അസിസ്റ്റന്റ് കളക്ടര്‍ ഡോക്ടര്‍ അശ്വതി ശ്രീനിവാസ് ഉദ്ഘാടനം ചെയ്തു. സര്‍ക്കാറിന്റെ നൂറ് ദിന കര്‍മ്മ പദ്ധതിയില്‍ ഉള്‍പ്പെട്ടിട്ടുള്ള ഭൂമി തരം മാറ്റത്തിന് കെട്ടിക്കിടക്കുന്ന അപേക്ഷകള്‍ സമയബന്ധിതമായി തീര്‍പ്പാക്കുന്നതിന് ഭാഗമായാണ് അദാലത്ത് സംഘടിപ്പിച്ചത്. ഒറ്റപ്പാലം റവന്യൂ ഡിവിഷന്‍ കീഴിലുള്ള വിവിധ താലൂക്ക് കേന്ദ്രീകരിച്ച് അദാലത്തുകള്‍ നടത്തി.തീര്‍പ്പാകാതെ അവശേഷിക്കുന്ന ഭൂമി തരം മാറ്റത്തിനുള്ള എല്ലാ അപേക്ഷകളിലും അടുത്ത ആറുമാസത്തിനകം നടപടികള്‍ പൂര്‍ത്തിയാക്കുകയാണ് ലക്ഷ്യമെന്ന് അധികൃതര്‍ അറിയിച്ചു. ഒറ്റപ്പാലം താലൂക്കില്‍ നടന്ന അദാലത്തില്‍ ലഭിച്ച 25 അപേക്ഷകളില്‍ 20 അപേക്ഷകള്‍ തീര്‍പ്പാക്കി. ഒറ്റപ്പാലം തഹസില്‍ദാര്‍ സി. എം അബ്ദുള്‍ മജീദ്, ഭൂരേഖ തഹസില്‍ദാര്‍ പോളി മാത്യു , സീനിയര്‍ സൂപ്രണ്ട് എസ്. ശ്രീജിത്ത്, വില്ലേജ് ഓഫീസര്‍മാര്‍ കൃഷി ഓഫീസര്‍മാര്‍, അപേക്ഷകര്‍ എന്നിവര്‍ അദാലത്തില്‍ പങ്കെടുത്തു

ഫോട്ടോ- ഒറ്റപ്പാലം താലൂക്ക് ഓഫീസില്‍ നടന്ന ഭൂമി തരം മാറ്റം അദാലത്ത് ഒറ്റപ്പാലം സബ് കലക്ടര്‍ ഇന്‍ചാര്‍ജ് കൂടിയായ അസിസ്റ്റന്റ് കളക്ടര്‍ ഡോക്ടര്‍ അശ്വതി ശ്രീനിവാസ് ഉദ്ഘാടനം ചെയുന്നു

ഫോട്ടോ- ഒറ്റപ്പാലം താലൂക്ക് ഓഫീസില്‍ നടന്ന ഭൂമി തരം മാറ്റം അദാലത്ത്

പുതുശ്ശേരി സെന്‍ട്രല്‍ വില്ലേജിലെ പൊന്നും വില നടപടി: സര്‍ട്ടിഫിക്കറ്റ് ലഭ്യമാക്കുന്നതിന് പ്രത്യേക സൗകര്യം ഒരുക്കി

ചൊവ്വ, വ്യാഴം ദിവസങ്ങളില്‍ രണ്ട് മുതല്‍ വൈകിട്ട് നാല് വരെ രേഖകള്‍ ലഭ്യമാകും

പുതുശ്ശേരി സെന്‍ട്രല്‍ വില്ലേജില്‍ നിന്നും കിന്‍ഫ്രക്കായി ഏറ്റെടുക്കുന്ന ഭൂമിയുമായി ബന്ധപ്പെട്ട കുടിക്കട സര്‍ട്ടിഫിക്കറ്റ്, ആധാരങ്ങളുടെ പകര്‍പ്പുകള്‍ ഭൂ ഉടമകള്‍ക്ക് വേഗത്തില്‍ ലഭ്യമാക്കുന്നതിന് പാലക്കാട് സബ് രജിസ്ട്രാര്‍ ഓഫീസില്‍ പ്രത്യേക സംവിധാനം ഒരുക്കിയതായി ജില്ലാ കളലക്ടര്‍ മൃണ്‍മയി ജോഷി അറിയിച്ചു. ആധാരത്തിന്റെ അസല്‍ നഷ്ടപ്പെട്ടവര്‍, കുടിക്കട സര്‍ട്ടിഫിക്കറ്റ് ലഭിക്കാത്തവര്‍, ആധാരങ്ങളുടെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ് ആവശ്യമുള്ള ഭൂ ഉടമകള്‍ ഓണ്‍ലൈനായി മുന്‍ഗണനാ ഫീസ് അടച്ച്, അപേക്ഷ നമ്പറുമായി പാലക്കാട് സിവില്‍ സ്റ്റേഷനില്‍ പ്രവര്‍ത്തിക്കുന്ന സബ് രജിസ്ട്രാര്‍ ഓഫീസില്‍ ചൊവ്വ, വ്യാഴം ദിവസങ്ങളില്‍ ഉച്ചയ്ക്ക് രണ്ട് മുതല്‍ വൈകിട്ട് നാല് വരെയുള്ള സമയത്ത് എത്തിയാല്‍ രേഖകള്‍ വേഗം ലഭ്യമാകുന്നതാണ്. ഈ ദിവസങ്ങളില്‍ പുതിയ അപേക്ഷകളും സ്വീകരിക്കും. സ്പെഷ്യല്‍ തഹസില്‍ദാര്‍ ഓഫീസില്‍ രേഖകള്‍ ഹാജരാക്കാത്ത ഭൂ ഉടമകളുടെ നഷ്ടപരിഹാരത്തുക ഇനിയൊരറിയിപ്പില്ലാതെ കോടതിയില്‍ അടവാക്കുന്നതാണെന്ന് സ്പെഷ്യല്‍ ഡെപ്യൂട്ടി കലക്ടര്‍(എല്‍.എ) അറിയിച്ചു.

ലോക ഉപഭോക്തൃ വാരാചരണം: ഓണ്‍ലൈന്‍ സെമിനാര്‍ സംഘടിപ്പിച്ചു

ലോക ഉപഭോക്തൃ ദിനാചരണത്തോടനുബന്ധിച്ച് ഭക്ഷ്യ-പൊതുവിതരണ-ഉപഭോക്തൃകാര്യ വകുപ്പ്, ലീഗല്‍ മെട്രോളജി വകുപ്പുമായി സഹകരിച്ച് ഓണ്‍ലൈന്‍ സെമിനാര്‍ സംഘടിപ്പിച്ചു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സി.കെ ചാമുണ്ണി ഓണ്‍ലൈന്‍ സെമിനാര്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ ഉപഭോക്തൃ തര്‍ക്ക പരിഹാര കമ്മീഷന്‍ പ്രസിഡന്റ് വിനയമേനോന്‍ അധ്യക്ഷനായ പരിപാടിയില്‍ ജില്ലാ ഉപഭോക്ത തര്‍ക്ക പരിഹാര കമ്മീഷന്‍ അംഗം അഡ്വ. വിദ്യ, മുന്‍ ഉപഭോക്തൃ തര്‍ക്ക പരിഹാര കമ്മീഷന്‍ അംഗം അനന്ത നാരായണന്‍, സപ്ലൈകോ മേഖലാ മാനേജര്‍ ശിവകാമി അമ്മാള്‍, ഹുസുര്‍ ശിരസ്തദാര്‍ ലത്തിഫ്, കണ്‍സ്യൂമര്‍ സംഘടനാ പ്രതിനിധികളായ അഡ്വ. സുരേന്ദ്രന്‍, ജയകുമാര്‍, പഴണിമല, സി.കെ പ്രേംകുമാര്‍, രാമചന്ദ്രന്‍, ജില്ലാ സപ്ലൈ ഓഫീസര്‍ വി.കെ ശശിധരന്‍, ലീഗല്‍ മെട്രോളജി ഡെപ്യൂട്ടി കണ്‍ട്രോളര്‍ വിനോദ് കുമാര്‍ എന്നിവര്‍ സംസാരിച്ചു. ഉപഭോക്തൃ സംരക്ഷണ നിയമം 2019 ന്റെ പ്രാധാന്യം, ഉപഭോക്താവിന്റെ അവകാശങ്ങള്‍ എന്നീ വിഷയങ്ങളില്‍ ബോധവത്ക്കരണ ക്ലാസ്സ്, ഇ.സി ആക്ട്, കണ്‍സ്യൂമര്‍ പ്രൊട്ടക്ഷന്‍ ആക്ട് ശക്തിപ്പെടുത്തുന്നതുമായി ബന്ധപ്പെട്ട് ഓണ്‍ലൈന്‍ സംവാദവും നടത്തി.

ഫോട്ടോ- ലോക ഉപഭോക്തൃ ദിനാചരണത്തോടനുബന്ധിച്ച് ഭക്ഷ്യ-പൊതുവിതരണ-ഉപഭോക്തൃകാര്യ വകുപ്പ്, ലീഗല്‍ മെട്രോളജി വകുപ്പുമായി സഹകരിച്ച് ഓണ്‍ലൈന്‍ സെമിനാര്‍ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സി.കെ ചാമുണ്ണി ഉദ്ഘാടനം ചെയ്ത് സംസാരിക്കുന്നു

ദുരന്ത നിവാരണ പ്രവര്‍ത്തനങ്ങള്‍ : മോക്ക് ഡ്രില്‍ സംഘടിപ്പിക്കും

പ്രകൃതി ദുരന്തങ്ങള്‍ സംഭവിക്കുമ്പോള്‍ സ്വീകരിക്കേണ്ട ദുരന്ത നിവാരണ പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ച് പൊതുജനങ്ങളെ ബോധവത്ക്കരിക്കുന്നതിനായി ഇന്ന് (മാര്‍ച്ച് 16) ഉച്ചയ്ക്ക് രണ്ടിന് ചിറ്റൂര്‍ താലൂക്കിലെ വല്ലങ്ങി വില്ലേജില്‍ ചേരുംകാട്ടില്‍ മോക്ക് ഡ്രില്‍ സംഘടിപ്പിക്കുന്നു. പാലക്കാട് ജില്ലാ ഫയര്‍ ഓഫീസറുടെ നേതൃത്വത്തില്‍ റവന്യു, പോലീസ്, ഫയര്‍ ആന്‍ഡ് റസ്‌ക്യൂ, തദ്ദേശ സ്വയംഭരണം, ഇറിഗേഷന്‍, ആരോഗ്യം, പൊതുമരാമത്ത്, ഫോറസ്റ്റ് വകുപ്പുകളുടെ സംയുക്ത സഹകരണത്തോടെയാണ് മോക്ക് ഡ്രില്‍ നടത്തുന്നത്. പരിപാടിയില്‍ പൊതുജനങ്ങള്‍ക്ക് പങ്കെടുക്കാം.

സൗജന്യ കലാ പരിശീലനം: 28 വരെ അപേക്ഷിക്കാം

കേരള സാംസ്‌കാരിക വകുപ്പ്, തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങള്‍ സംയുക്തമായി വജ്ര ജൂബിലി ഫെല്ലോഷിപ്പ് പദ്ധതിയുടെ ഭാഗമായി പാലക്കാട് ബ്ലോക്ക് പഞ്ചായത്തിന് കീഴില്‍ സൗജന്യ കലാ പരിശീലനം നടത്തുന്നു. മോഹിനിയാട്ടം, ചിത്രരചന, കോല്‍ക്കളി, മൃദംഗം, ചെണ്ട, നാടന്‍പാട്ട് എന്നീ മേഖലകളിലാണ് പരിശീലനം. പ്രായ ഭേദമന്യേ എല്ലാവര്‍ക്കും സൗജന്യമായി കലകളില്‍ അഭ്യസിക്കാം. പാലക്കാട് ബ്ലോക്ക് പഞ്ചായത്ത് പരിധിയില്‍ വരുന്നവര്‍ക്ക് അപേക്ഷിക്കാം. അപേക്ഷാ ഫോറം അതത് പഞ്ചായത്ത് ബ്ലോക്ക് ഓഫീസില്‍ നിന്നും ലഭിക്കും. പൂരിപ്പിച്ച അപേക്ഷകള്‍ മാര്‍ച്ച് 28 ന് വൈകിട്ട് അഞ്ചിനകം പാലക്കാട് ബ്ലോക്ക് പഞ്ചായത്തില്‍ നേരിട്ടോ, തപാല്‍ മുഖേനയോ, ഇ-മെയില്‍ [email protected] മുഖേനയോ നല്‍കാം. ഫോണ്‍ : 9495396101,9544493677

പഠ്ന ലിഖ്ന അഭിയാന്‍: മികവുത്സവം സംഘാടക സമിതി യോഗം ഇന്ന്

പഠ്ന ലിഖ്ന അഭിയാന്‍ സാക്ഷരതാ പദ്ധതി മികവുത്സവത്തിന് മുന്നോടിയായി ഇന്ന് (മാര്‍ച്ച് 16 ) രാവിലെ 10.30 ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റിന്റെ ചേംബറില്‍ സംഘാടക സമിതി യോഗം ചേരും. പഠിതാക്കളുടെ ജില്ലാതല സംഗമം, പദ്ധതി മികവുത്സവം- സാക്ഷരത പരീക്ഷ സംബന്ധിച്ച് യോഗത്തില്‍ ചര്‍ച്ച ചെയ്യും.

error: Content is protected !!