ഉറവിട മാലിന്യ സംസ്‌കരണത്തിനായി ആയിരം റിംഗ് കമ്പോസ്റ്റ് യൂണിറ്റുകളും, നൂറ് ബയോബിന്നുകളും സബ്‌സിഡിയോടെ പത്തനംതിട്ട നഗരസഭ വിതരണം ചെയ്തു തുടങ്ങി. ബയോബിന്നുകളുടെ വിതരണ ഉദ്ഘാടനം നഗരസഭാ ചെയര്‍മാന്‍ അഡ്വ. ടി.സക്കീര്‍ ഹുസൈന്‍ നിര്‍വഹിച്ചു. ഉപാധ്യക്ഷ ആമിന ഹൈദരാലി, ആരോഗ്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ ജെറി അലക്‌സ്, വികസന സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ കെ.ആര്‍.അജിത് കുമാര്‍, ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ അംബിക വേണു, കൗണ്‍സിലര്‍മാരായ ആര്‍.സാബു, സി.കെ. അര്‍ജുനന്‍, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ അനീസ്.പി.മുഹമ്മദ് തുടങ്ങിയവര്‍ പങ്കെടുത്തു.
500 കി.ഗ്രാം ജൈവ മാലിന്യം സംസ്‌കരിക്കാന്‍ കഴിയുന്ന ബയോഗ്യാസ് പ്ലാന്റ് നഗരസഭാ മാര്‍ക്കറ്റില്‍ പൂര്‍ത്തിയായി വരുകയാണ്. മാലിന്യ സംസ്‌കരണത്തിനുള്ള മാര്‍ഗങ്ങള്‍ സ്വീകരിക്കാതെ പൊതുനിരത്തില്‍ മാലിന്യം നിക്ഷേപിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി നഗരസഭ സ്വീകരിക്കും. കഴിഞ്ഞ രണ്ടു ദിവസങ്ങളായി 30 കേസുകള്‍ രജിസ്റ്റര്‍ ചെയ്യുകയും വാഹനങ്ങള്‍ പിടിച്ചെടുക്കുകയും ചെയ്തു. അറവു മാലിന്യം നിക്ഷേപിക്കാന്‍ എത്തിയ വാഹനവും നഗരസഭ ആരോഗ്യവിഭാഗം കസ്റ്റഡിയിലെടുത്തു.