ക്ഷീര മേഖലയിലെ ചെറുകിട കര്‍ഷകര്‍ക്ക് ലാഭകരമായി പ്രവര്‍ത്തിക്കാന്‍ ഉതകുന്ന പരിശീലനവും ബോധവത്ക്കരണവും നല്‍കണമെന്ന് വൈദ്യുതി വകുപ്പ് മന്ത്രി കെ. കൃഷ്ണന്‍കുട്ടി അഭിപ്രായപ്പെട്ടു. ചിറ്റൂര്‍ ബ്ലോക്ക് പഞ്ചായത്ത്, മൃഗ സംരക്ഷണ വകുപ്പുമായി സഹകരിച്ച് നടപ്പാക്കുന്ന സംസ്ഥാനത്തെ രണ്ടാമത്തെ സഞ്ചരിക്കുന്ന മൃഗാശുപത്രി വാഹനത്തിന്റെ ഫ്ളാഗ് ഓഫ് നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. ക്ഷീര കര്‍ഷകര്‍ക്ക് പരിശീലനം നല്‍കാന്‍ പാല്‍ സൊസൈറ്റികളും ഉദ്യോഗസ്ഥരും ബാധ്യതപ്പെട്ടവരാണ്. പരിശീലനം അടുത്ത ദിവസം മുതല്‍ തുടങ്ങണമെന്നും അദ്ദേഹം മന്ത്രി ആവശ്യപ്പെട്ടു. ഒരു ലിറ്റര്‍ പാലില്‍ നിന്ന് വലിയ കമ്പനികള്‍ ഗണ്യമായ ലാഭം ഉണ്ടാക്കുമ്പോള്‍ ക്ഷീര കര്‍ഷകര്‍ക്ക് നേട്ടം ഉണ്ടാക്കാന്‍ കഴിയുന്നില്ല. മൂല്യ വര്‍ദ്ധിത ഉത്പന്നങ്ങള്‍ നിര്‍മ്മിച്ചാലും കുത്തകകള്‍ക്ക് മുന്നില്‍ ചെറുകിട മേഖലയ്ക്ക് പിടിച്ച് നില്‍ക്കാനാവില്ല. ഇത് പരിഹരിക്കാന്‍ ഓരോ കര്‍ഷകനെയും ക്ഷീര മേഖലയില്‍ എങ്ങിനെ പ്രവര്‍ത്തിക്കണമെന്ന് പഠിപ്പിക്കുകയും അറിവുള്ളവരാക്കുകയും ചെയ്യണം. ഉദ്യോഗസ്ഥര്‍ക്ക് ഇക്കാര്യത്തില്‍ വലിയ ചുമതലകള്‍ ഉണ്ടെന്നും അദ്ദേഹം പറഞ്ഞു. ചിറ്റൂര്‍ ബ്ലോക്ക് പഞ്ചായത്തിലെ ക്ഷീര കര്‍ഷകര്‍ക്ക് അവരുടെ വീടുകളില്‍ എത്തി അടിയന്തിര ചികിത്സാ സഹായം, ഡോക്റ്ററുടെ സേവനം മരുന്ന് എന്നിവ സൗജന്യമായി നല്‍കുകയാണ് പദ്ധതി ലക്ഷ്യം. പശു വളര്‍ത്തല്‍ ഉപജീവനമാക്കിയ 7500 ഓളം കര്‍ഷകര്‍ക്ക് പദ്ധതി ഉപകാരപ്രദമാകും. ചിറ്റൂര്‍ ബ്ലോക്ക് കമ്മ്യുണിറ്റി ഹാളില്‍ നടന്ന പരിപാടിയില്‍ ചിറ്റൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി.മുരുകദാസ് അധ്യക്ഷനായി. ജില്ലാ പഞ്ചായത്ത് അംഗങ്ങളായ മിനി മുരളി, മാധുരി പത്മനാഭന്‍, എം. പത്മിനി, പെരുമാട്ടി, എലപ്പുള്ളി ഗ്രാപഞ്ചായത്ത് അധ്യക്ഷമാരായ റിഷാ പ്രേംകുമാര്‍, കെ.രേവതി ബാബു, ചിറ്റൂര്‍ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് എ. സുജാത, ജില്ലാ മൃഗ സംരക്ഷണ ഓഫീസര്‍ ഡോ റെജി വര്‍ഗീസ് ജോര്‍ജ്ജ്, ഡയറി ഡെപ്യുട്ടി ഡയറക്റ്റര്‍ ജെ.എസ് ജയസുധീഷ്, അസിസ്റ്റന്റ് ഡെവലപ്പ്മെന്റ് കമ്മീഷണര്‍ എം.പി രാമദാസ് എന്നിവര്‍ സംസാരിച്ചു. ത്രിതല പഞ്ചായത്ത് ജനപ്രതിനിധികള്‍, ക്ഷീര സംഘം പ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.
ഫോട്ടോ- സഞ്ചരിക്കുന്ന മൃഗാശുപത്രി വാഹനത്തിന്റെ ഫ്ളാഗ് ഓഫ് വൈദ്യുതി വകുപ്പ് മന്ത്രി കെ. കൃഷ്ണന്‍കുട്ടി നിര്‍വഹിക്കുന്നു
ഫോട്ടോ- സഞ്ചരിക്കുന്ന മൃഗാശുപത്രി ഉദ്ഘാടനം ചെയ്ത് മന്ത്രി കെ. കൃഷ്ണന്‍കുട്ടി സംസാരിക്കുന്നു
ജില്ലാ ക്ഷീര കര്‍ഷക സംഗമത്തിന്റെ ലോഗോ പ്രകാശനം വൈദ്യുതി വകുപ്പ് മന്ത്രി കെ.കൃഷ്ണന്‍കുട്ടി നിര്‍വഹിച്ചു. ക്ഷീര സംഗമം വൈവിധ്യങ്ങളായ പരിപാടികളോടെ ചിറ്റൂര്‍ ബ്ലോക്കിലെ കോഴിപ്പാറ ക്ഷീര സംഘത്തിന്റെ ആഭിമുഖ്യത്തില്‍ മാര്‍ച്ച് 27,30,31, ഏപ്രില്‍ ഒന്ന് തിയതികളില്‍ നടക്കും. ചിറ്റൂര്‍ ബ്ലോക്ക് പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളില്‍ നടന്ന പരിപാടിയില്‍ ചിറ്റൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി.മുരുകദാസ്, പാലക്കാട് ക്ഷീര വികസന വകുപ്പ് ഡെപ്യുട്ടി ഡയറക്ടര്‍ ജെ.എസ് ജയസുജീഷ്. അസിസ്റ്റന്റ് ഡയറക്ടര്‍ എന്‍.ബിന്ദു, ചിറ്റൂര്‍ ക്ഷീര വികസന ഓഫീസര്‍ എം.എസ് അഫ്സ, കോഴിപ്പാറ ക്ഷീര സംഘം പ്രസിഡന്റ് ദേവസഹായം, ചുള്ളിമട ക്ഷീര സംഘം പ്രസിഡന്റ് ജയകാന്തന്‍, ചിറ്റൂര്‍ ബ്ലോക്ക് പഞ്ചായത്ത് ജനപ്രതിനിധികള്‍,കര്‍ഷകര്‍ എന്നിവര്‍ പങ്കെടുത്തു.
തദ്ദേശസ്വയം ഭരണം -എക്സൈസ് വകുപ്പ് മന്ത്രി എം.വി ഗോവിന്ദന്‍ മാസ്റ്ററുടെ ജില്ലാതല സന്ദര്‍ശനം മാര്‍ച്ച് 21ന് വൈകിട്ട് മൂന്നിന് ഷൊര്‍ണ്ണൂര്‍ ഗസീബോ ഹെറിറ്റേജില്‍ നടക്കുമെന്ന് തദ്ദേശ സ്വയംഭരണ വകുപ്പ് ജോയിന്‍ ഡയറക്ടര്‍ അറിയിച്ചു. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ പദ്ധതി നിര്‍വ്വഹണം, പദ്ധതി പുരോഗതി റിപ്പോര്‍ട്ട്, നിലവില്‍ അഭിമുഖീകരിക്കുന്ന പ്രശ്നങ്ങള്‍, ഏകീകൃത തദ്ദേശ സ്വയംഭരണ വകുപ്പിന്റെ സാധ്യതകള്‍, നവകേരള കര്‍മ്മപദ്ധതി 2 (തെളിനീരൊഴുകും നവകേരളം, ശുചിത്വം, മാലിന്യ സംസ്‌കരണം), 14 പദ്ധതി പരിപ്രേക്ഷ്യം, മനസ്സോടിത്തിരി മണ്ണ് ക്യാമ്പയിന്‍, അതി ദാരിദ്ര ലഘൂകരണം – മൈക്രോ പ്ലാന്‍ തയ്യാറാക്കല്‍, വാതില്‍ പടി സേവനം വിപുലീകരണം, തൊഴിലവസരങ്ങള്‍ സൃഷ്ടിക്കല്‍ 1000 ജനസംഖ്യ അഞ്ച് പേര്‍ക്ക് തൊഴില്‍ എന്നീ വിഷയങ്ങള്‍ ചര്‍ച്ച ചെയ്യും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ. ബിനുമോള്‍ അധ്യക്ഷയാവുന്ന പരിപാടിയില്‍ ജില്ലാ കലക്ടര്‍ മൃണ്‍മയി ജോഷി, തദ്ദേശ സ്വയംഭരണ സ്ഥാപന അധ്യക്ഷന്മാര്‍, സെക്രട്ടറിമാര്‍, വിവിധ വകുപ്പ് ജില്ലാതല ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുക്കും.
നിയമസഭാ സ്പീക്കര്‍ എം.ബി രാജേഷ് ഉദ്ഘാടനം ചെയ്യും
കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകളുടെ ധനസഹായത്തോടെ സാക്ഷരതാ മിഷന്‍ നടപ്പാക്കുന്ന പഠ്ന ലിഖ്ന അഭിയാന്‍ പഠിതാക്കളുടെ ജില്ലാതല കലാസംഗമവും സെമിനാറും ഇന്ന് (മാര്‍ച്ച് 20) രാവിലെ 9.30 ന് കോട്ടമൈതാനത്ത് നിയമസഭാ സ്പീക്കര്‍ എം.ബി രാജേഷ് ഉദ്ഘാടനം ചെയ്യും. കൂടുതല്‍ പഠിതാക്കളെ ക്ലാസുകളിലേക്ക് എത്തിച്ച തദ്ദേശ സ്ഥാപനങ്ങള്‍ക്കുള്ള പുരസ്‌കാരം വൈദ്യുതി വകുപ്പ് മന്ത്രി കെ. കൃഷ്ണന്‍കുട്ടി വിതരണം ചെയ്യും. ജില്ലയില്‍ പഠ്ന ലിഖ്ന അഭിയാന്‍ പദ്ധതിയില്‍ പട്ടികജാതി-പട്ടികവര്‍ഗ്ഗ-ന്യൂ
ലോക വനദിനാചരണത്തിന്റെ ഭാഗമായി സാമൂഹ്യ വനവത്ക്കരണ വിഭാഗത്തിന്റെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന വനദിനാചരണ സമ്മേളനം മാര്‍ച്ച് 21 ന് രാവിലെ 10 ന് ലീഡ് കോളേജ് ഓഫ് മാനേജ്മെന്റ് ഓഡിറ്റോറിയത്തില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ. ബിനുമോള്‍ ഉദ്ഘാടനം ചെയ്യും. പാലക്കാട് ഈസ്റ്റേണ്‍ സര്‍ക്കിള്‍ ചീഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ കെ വിജയാനന്ദന്‍ അധ്യക്ഷനാകുന്ന പരിപാടിയില്‍ വന്യജീവി വിഭാഗം ചീഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ കെ. വി ഉത്തമന്‍ മുഖ്യപ്രഭാഷണം നടത്തും. വനമിത്ര പുരസ്‌കാരം വിതരണം, മുന്‍ വനമിത്ര ജേതാക്കളെ ആദരിക്കല്‍, കോളേജ് തല ക്വിസ്മത്സര വിജയികള്‍ക്കുള്ള സമ്മാനവിതരണം, പരിസ്ഥിതി ബോധവത്ക്കരണ ക്ലാസ്സ്, പ്രകൃതി നടത്തം എന്നിവ സംഘടിപ്പിക്കും.
വനിതാ കമ്മീഷന്‍ മെഗാ അദാലത്ത് മാര്‍ച്ച് 21 ന് രാവിലെ 10 മുതല്‍ ജില്ലാ പഞ്ചായത്ത് ഹാളില്‍ നടക്കും.
സംസ്ഥാന തൊഴില്‍ നൈപുണ്യ വകുപ്പിന്റെ ആഭിമുഖ്യത്തില്‍ മലമ്പുഴ ഐ.ടി.ഐയില്‍ സംഘടിപ്പിച്ച അപ്രന്റീസ്ഷിപ്പ് മേള മലമ്പുഴ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രാധിക മാധവന്‍ ഉദ്ഘാടനം ചെയ്തു. മേളയില്‍ ജില്ലയിലെ വിവിധ സര്‍ക്കാര്‍, അര്‍ദ്ധ സര്‍ക്കാര്‍, സ്വകാര്യ വ്യവസായശാലകള്‍ പങ്കെടുത്തു. മേളയില്‍ പ്രമുഖ സ്ഥാപനങ്ങളെ ആദരിക്കുകയും അപ്രന്റീസ്ഷിപ്പ് സംവിധാനത്തെ സംബന്ധിച്ച് ബോധവത്ക്കരണം നടത്തുകയും ചെയ്തു. പാലക്കാട് മേഖലാ ഇന്‍സ്‌പെക്ടര്‍ ഓഫ് ട്രെയിനിംഗ് സി.രതീശന്‍ അധ്യക്ഷനായ പരിപാടിയില്‍ മലമ്പുഴ ഐ.ടി.ഐ പ്രിന്‍സിപ്പാള്‍ കെ.സി അജിത, ജില്ലാ എംപ്ലോയ്‌മെന്റ് ഓഫീസര്‍ എം.ജി കൃഷ്ണകുമാരി, കഞ്ചിക്കോട് വ്യവസായ ഫോറം ജനറല്‍ സെക്രട്ടറി ആര്‍. കിരണ്‍കുമാര്‍, മലബാര്‍ സിമന്റ്‌സ് മാനേജര്‍ മോഹന്‍കുമാര്‍, കാംകോ മാനേജര്‍ എം.രാജന്‍, സെന്റ് ഗോബയിന്‍ മാനേജര്‍ സി.പവിത്രന്‍, പാലക്കാട് സര്‍ജിക്കല്‍ ഇന്‍ഡസ്ട്രീസ് ജി.എം എം.പ്രദീപ്, പ്രൈവറ്റ് ഐ.ടി.ഐ മാനേജ്‌മെന്റ് അസോസിയേഷന്‍ പ്രതിനിധി കെ.പി രാജേഷ്, അപ്രന്റീസ്ഷിപ്പ് അഡൈ്വസര്‍ പി. വി സുരേന്ദ്രന്‍, ജൂനിയര്‍ അപ്രന്റീസ്ഷിപ്പ് അഡൈ്വസര്‍ ടി. റെജി എന്നിവര്‍ സംസാരിച്ചു.
നവകേരളം കര്‍മ്മ പദ്ധതിയുടെ ഭാഗമായി സംസ്ഥാനത്തെ ജലസ്രോതസ്സുകളെ മാലിന്യ മുക്തമാക്കി സംരക്ഷിക്കുന്നതിനും വൃത്തിയോടെയും ശുചിത്വത്തോടെയും നിലനിര്‍ത്തുന്നതിനുമായ് തെളിനീരൊഴുകും നവകേരളം’ എന്ന പേരില്‍ ക്യാമ്പയിന്‍ ആരംഭിക്കുന്നു. തദ്ദേശ സ്വയംഭരണ വകുപ്പിന്റെ നേതൃത്വത്തില്‍ ഹരിത കേരളം-ശുചിത്വ മിഷന്റെ പങ്കാളിത്തത്തോടെ ആരോഗ്യ-ജലവിഭവ- വിനോദസഞ്ചാര വകുപ്പുകള്‍, കില, കുടുംബശ്രീ, ക്ലിന്‍ കേരള കമ്പനി, തൊഴിലുറപ്പ് പദ്ധതി വിവിധ വിദ്യാര്‍ത്ഥി- യുവജന-സന്നദ്ധ സംഘടനകളുടെ സഹകരണത്തോടെയാണ് ക്യാമ്പയിന്‍ നടപ്പാക്കുന്നത്. പരിപാടിയുടെ സംസ്ഥാനതല ഉദ്ഘാടനം ഏപ്രില്‍ 22 ന് നടക്കും. വീട്, സ്ഥാപനങ്ങള്‍, പൊതുയിടങ്ങളില്‍ മലിനജല സംസ്‌കരണത്തിനും കക്കൂസ് മാലിന്യ നിര്‍മ്മാര്‍ജ്ജനത്തിനും ഖരമാലിന്യ സംസ്‌കരണത്തിനും ശാസ്ത്രീയ സംവിധാനങ്ങളൊരുക്കി ജലസ്രോതസ്സുകളിലെ മാലിന്യം നിക്ഷേപം ഇല്ലാതാക്കി ജലശുചിത്വത്തില്‍ സുസ്ഥിരത കൈവരിക്കുകയാണ് ലക്ഷ്യം. ഇതിലൂടെ ഖര-ദ്രവ മാലിന്യ പരിപാലനത്തില്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെ സമ്പൂര്‍ണ്ണ ശുചിത്വ പദവിയിലെത്തിക്കുക എന്നിവയാണ് ക്യാമ്പയിനിലൂടെ സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. സംസ്ഥാനതലം മുതല്‍ വാര്‍ഡ് തലം വരെയുള്ള ജല സമിതി രൂപവത്കരണം, ജല നടത്തം, ജലസഭ തുടങ്ങിയ മുന്നൊരുക്കങ്ങളോടെയാണ് പദ്ധതി നടപ്പാക്കുന്നത്.
പദ്ധതിയുടെ പ്രധാന പ്രവര്‍ത്തനങ്ങള്‍
സംസ്ഥാനത്തെ എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപന പരിധിയിലെ മലിനീകരിക്കപ്പെട്ട ജലസ്രോതസ്സുകള്‍ കണ്ടെത്തും
ജലസ്രോതസ്സുകളിലെ മലിനീകരണ ഉറവിടങ്ങള്‍ പട്ടികപ്പെടുത്തി ജനകീയ പങ്കാളിത്തത്തോടെ തദ്ദേശ സ്വയംഭരണ സ്ഥാപനത്തിന്റെ നേതൃത്വത്തില്‍ നീക്കം ചെയ്യും.
ശാസ്ത്രീയ മാലിന്യ സംസ്‌കരണ സംവിധാനങ്ങള്‍ എല്ലാ തലങ്ങളിലൊരുക്കി ജലസ്രോതസ്സുകളിലേക്ക് മാലിന്യം എത്തുന്നത് തടയുക.
ജലസ്രോതസ്സുകളില്‍ മാലിന്യം നിക്ഷേപിക്കുന്നവരെ കണ്ടെത്തി കര്‍ശന നിയമനടപടികള്‍ സ്വീകരിക്കും
ജലസ്രോതസ്സുകള്‍ നമ്മുടെതാണ് അത് മാലിന്യ മുക്തമാക്കി സംരക്ഷിക്കേണ്ടത് ‘ നമ്മുടെ ഉത്തരവാദിത്വമാണെന്ന സന്ദേശം തീവ്ര വിവര- വിജ്ഞാന- വ്യാപന ക്യാമ്പയിനിലൂടെ പൊതുജനങ്ങള്‍ക്ക് നല്‍കും.
സംസ്ഥാന യുവജനക്ഷേമ ബോര്‍ഡിന്റെ നേതൃത്വത്തില്‍ ജില്ലാ യുവജനകേന്ദ്രം അവളിടം ക്ലബ് ഭാരവാഹികള്‍ക്കായി ദ്വദിന ആഭരണ നിര്‍മ്മാണ പരിശീലന ക്യാമ്പ് സംഘടിപ്പിച്ചു. പരിശീലന പരിപാടി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ. ബിനുമോള്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ യൂത്ത് പ്രോഗ്രാം ഓഫീസര്‍ ശ്രീലേഖ അധ്യക്ഷയായ പരിപാടിയില്‍ പ്രിയാ രാമകൃഷ്ണന്‍, ജനനി എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ജിസാ ജോമോന്‍, ഫോര്‍ട്ട് ടൗണ്‍ ലയണ്‍സ് ക്ലബ് വൈസ് പ്രസിഡന്റ് ലയണ്‍ സുരേഷ്, യുവതി ക്ലബ് ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ ബബിത ബാലസുബ്രഹ്മണ്യന്‍ എന്നിവര്‍ സംസാരിച്ചു. വിവിധ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ നിന്നും തിരഞ്ഞെടുത്ത 20 യുവതി ക്ലബ് ഭാരവാഹികള്‍ക്ക് സൗജന്യ പരിശീലനം നല്‍കി.
മങ്കര പോലീസ് സ്‌റ്റേഷന്‍ പരിധിയിലെ തേനൂര്‍ അത്താഴംപൊറ്റക്കാവ് ദേശവേല ഉത്സവത്തോടനുബന്ധിച്ച് പത്തിരിപ്പാല-പാലക്കാട് റൂട്ടില്‍ ട്രാഫിക്ക് ബ്ലോക്ക് ഒഴിവാക്കുന്നതിന് ഇന്ന് (മാര്‍ച്ച് 20) വൈകിട്ട് 5.30 മുതല്‍ രാത്രി (10.30) വരെ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തി. പത്തിരിപ്പാല ഭാഗത്തു നിന്നും വരുന്ന വാഹനങ്ങള്‍ മങ്കര-കാളികാവ് പാലം-ഓടനൂര്‍ വഴി പാലക്കാടേക്കും പാലക്കാട് നിന്നും എടത്തറ വഴി വരുന്ന വാഹനങ്ങള്‍ പറളി-ചന്തപ്പുര ജംങ്ക്ഷനില്‍ നിന്നും പറളി- ഓടനൂര്‍ വഴി തിരിഞ്ഞ് പോകണമെന്നും മങ്കര പോലീസ് സ്‌റ്റേഷന്‍ ഹൗസ് ഓഫീസര്‍ അറിയിച്ചു.
കോട്ടത്തറ ഗവ.ട്രൈബല്‍ സ്‌പെഷ്യാലിറ്റി ആശുപത്രിയില്‍ ആക്രി വസ്തുക്കള്‍ മാര്‍ച്ച് 22 ന് വൈകിട്ട് മൂന്നിന് ലേലം ചെയ്യുമെന്ന് സൂപ്രണ്ട് അറിയിച്ചു. ലേലത്തില്‍ പങ്കെടുക്കാന്‍ താത്പര്യമുള്ളവര്‍ 1500 രൂപ കെട്ടിവെക്കണം. ഫോണ്‍ :4924-254392
കോട്ടത്തറ ഗവ.ട്രൈബല്‍ സ്‌പെഷ്യാലിറ്റി ആശുപത്രിയില്‍ 13 താറാവുകളെ മാര്‍ച്ച് 22 ന് ഉച്ചയ്ക്ക് 12 ന് ലേലം ചെയ്യുമെന്ന് സൂപ്രണ്ട് അറിയിച്ചു. ലേലത്തില്‍ പങ്കെടുക്കാന്‍ താത്പര്യമുള്ളവര്‍ 2000 രൂപ കെട്ടിവെക്കണം. ഫോണ്‍ :4924-254392
കോട്ടത്തറ ഗവ. ട്രൈബല്‍ സ്‌പെഷ്യാലിറ്റി ആശുപത്രി ലബോറട്ടറിയിലേക്ക് ഹോര്‍മോണ്‍ അനലൈസര്‍ മെഷീന്‍ ഇന്‍സ്റ്റാള്‍ ചെയ്ത് റീ ഏജന്റ് വിതരണം ചെയ്യുന്നതിന് അംഗീകൃത സ്ഥാപനങ്ങളില്‍ നിന്നും ദര്‍ഘാസ് ക്ഷണിച്ചു. ദര്‍ഘാസ് മാര്‍ച്ച് 23 ഉച്ചക്ക് 12 നകം നല്‍കണം. അന്നേദിവസം വൈകിട്ട് മൂന്നിന് ദര്‍ഘാസ് തുറക്കും. 5000 രൂപയാണ് നിരതദ്രവ്യം.
കോവിഡ് പ്രതിസന്ധിയാലോ മറ്റ് കാരണങ്ങളാലോ മുദ്ര പതിക്കാന്‍ വൈകിയ അളവുതൂക്ക ഉപകരണങ്ങള്‍, ഓട്ടോ മീറ്റര്‍ എന്നിവ അദാലത്തില്‍ ഉള്‍പ്പെടുത്തി മുദ്രവയ്ക്കാന്‍ ലീഗല്‍ മെട്രോളജി താലൂക്ക് ഓഫീസുകളില്‍ ഏപ്രില്‍ 10 വരെ അപേക്ഷ സ്വീകരിക്കും. ഫോണ്‍ :04912505268
ജില്ലാ ആശുപത്രിയിലേക്ക് മെഡിക്കല്‍ ഗ്യാസ് ഒരുവര്‍ഷ കാലത്തേക്ക് വിതരണം ചെയ്യുന്നതിന് ഇ-ടെന്‍ഡര്‍ ക്ഷണിച്ചു.1,00,000 രൂപയാണ് നിരതദ്രവ്യം. ഇ- ടെന്‍ഡര്‍ നമ്പര്‍ :A5/2897/2022, ടെന്‍ഡര്‍ ഐഡി:2022-DHS4830971, ടെന്‍ഡര്‍ ഏപ്രില്‍ 19 ന് വൈകിട്ട് ആറ് വരെ സ്വീകരിക്കുമെന്ന് സൂപ്രണ്ട് അറിയിച്ചു. ഫോണ്‍ :0491-2533327
സംസ്ഥാന ന്യൂനപക്ഷ വികസന ധനകാര്യ കോര്‍പ്പറേഷന്‍ ജില്ലകളിലെ ന്യൂനപക്ഷ വിഭാഗത്തിലെ മുസ്ലിം, ക്രിസ്ത്യന്‍, സിക്ക്, ബുദ്ധ, പാഴ്‌സി, ജൈന മത വിദ്യാര്‍ത്ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. ഫോണ്‍.04933 297017
ലോക മാതൃഭാഷാദിനത്തോടനുബന്ധിച്ച് ജില്ലയിലെ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കായി സംഘടിപ്പിച്ച കൈയ്യെഴുത്ത് മത്സരത്തില്‍ മലമക്കാവ് ഗവ.എല്‍.പി സ്‌കൂള്‍ ഹെഡ്മാസ്റ്റര്‍ സി. പ്രിയദര്‍ശനന്‍, മണ്ണാര്‍ക്കാട് വില്ലേജ് സ്‌പെഷ്യല്‍ വില്ലേജ് ഓഫീസര്‍ ജി.ഷാജി, സഹകരണസംഘം അസിസ്റ്റന്റ് രജിസ്ട്രാര്‍ സ്‌പെഷ്യല്‍ ഗ്രേഡ് ഇന്‍സ്‌പെക്ടര്‍ പി.ഡി അനില്‍കുമാര്‍ എന്നിവര്‍ ഒന്ന്, രണ്ട്, മൂന്ന് സ്ഥാനങ്ങള്‍ കരസ്ഥമാക്കി. മത്സരത്തില്‍ 176 ഉദ്യോഗസ്ഥര്‍ പങ്കെടുത്തു. ജില്ലാ കലക്ടറുടെ ചേമ്പറില്‍ നടന്ന പരിപാടിയില്‍ ജില്ലാ കലക്ടര്‍ മൃണ്‍മയി ജോഷി വിജയികള്‍ക്ക് സര്‍ട്ടിഫിക്കറ്റും ഉപഹാരങ്ങളും വിതരണം ചെയ്തു. എ.ഡി. എം കെ.മണികണ്ഠന്‍ പരിപാടിയില്‍ പങ്കെടുത്തു.
പാലക്കാട് പൊതുമരാമത്ത് വകുപ്പ് റോഡ് സെക്ഷന്‍ പരിധിയിലെ പത്തിരിപ്പാല എച്ച്.പി പെട്രോള്‍ പമ്പിന് സമീപത്തെ കി. മി.21/00 ല്‍ നാല് മഴമരങ്ങള്‍ മാര്‍ച്ച്23 രാവിലെ 11 ന് പുനര്‍ലേലം ചെയ്യുമെന്ന് അസിസ്റ്റന്റ് എന്‍ജിനീയര്‍ അറിയിച്ചു. 1000 രൂപയാണ് നിരതദ്രവ്യം.
പട്ടാമ്പി മിനി സിവില്‍ സ്റ്റേഷന്‍ പരിസരത്തെ മഹാഗണി, പട്ടാമ്പി വില്ലേജ് ഓഫീസ് പരിസരത്തെ തേക്ക് എന്നീ മരങ്ങള്‍ ഏപ്രില്‍ 28 ന് രാവിലെ 11 ന് പട്ടാമ്പി താലൂക്ക് ഓഫീസില്‍ ലേലം ചെയ്യുമെന്ന് തഹസില്‍ദാര്‍ അറിയിച്ചു. ഫോണ്‍ :0466-2214300