ഇനി ഞാനൊഴുകട്ടെ : മൂന്നാം ഘട്ടം
ജില്ലാതല ഉദ്ഘാടനം
ഇനി ഞാനൊഴുകട്ടെ മൂന്നാം ഘട്ടപ്രവര്‍ത്തനങ്ങളുടെ ജില്ലാതല ഉദ്ഘാടനം (മാര്‍ച്ച് 22) വൈകീട്ട് നാലിന് കണ്ണാടി പുഴയോരത്ത് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ ബിനുമോള്‍ നിര്‍വഹിക്കും. കണ്ണാടി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എം.ലത അധ്യക്ഷയാകുന്ന പരിപാടിയില്‍ ജില്ലാ കലക്ടര്‍ മൃണ്‍മയി ജോഷി മുഖ്യാതിഥിയാവും. ഭാരതപ്പുഴ പുനരുജ്ജീവന പദ്ധതി കണ്‍വീനര്‍ പി.കെ സുധാകരന്‍ മാസ്റ്റര്‍ ജല ദിന സന്ദേശം നല്‍കും. ജില്ലാ പഞ്ചായത്ത് അംഗം എം.ശ്രീധരന്‍, കുഴല്‍മന്ദം ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ എന്‍.എം ഇന്ദിര, കണ്ണാടി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ഉദയന്‍ സുകുമാരന്‍, കണ്ണാടി ഗ്രാമ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ കെ.ടി ഉദയകുമാര്‍, കണ്ണാടി ഗ്രാമ പഞ്ചായത്ത് വികസനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ സി.ലത, കണ്ണാടി ഗ്രാമപഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ എം. കലാവതി, കണ്ണാടി ഗ്രാമ പഞ്ചായത്ത് വാര്‍ഡ് അംഗം കെ.ശെല്‍വന്‍, കണ്ണാടി ഗ്രാമ പഞ്ചായത്ത് സെക്രട്ടറി കെ. കിഷോര്‍, ജില്ലാ പഞ്ചായത്ത് സെക്രട്ടറി എം.രാമന്‍കുട്ടി, ഹരിത കേരളം മിഷന്‍ ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ വൈ.കല്ല്യാണകൃഷ്ണന്‍ എന്നിവര്‍ പങ്കെടുക്കും.
ഉദ്യോഗ് മേള ഇന്ന്
പൊതുവിദ്യാഭ്യാസ വകുപ്പിന്റെ വി.എച്ച്.എസ്.ഇ വിഭാഗം കരിയര്‍ ഗൈഡന്‍സ് ആന്‍ഡ് കൗണ്‍സിലിംഗ് സെല്ലിന്റെയും, പാലക്കാട്- മലപ്പുറം ജില്ല എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചുകളുടെയും സംയുക്താഭിമുഖ്യത്തില്‍ ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഉദ്യോഗ് മേള 2022 സംഘടിപ്പിക്കുന്നു. പെരിന്തല്‍മണ്ണ ചോയ്‌സ് കേറ്ററിംഗ് സര്‍വീസില്‍ ഇന്ന് (മാര്‍ച്ച് 22) രാവിലെ 10 മുതല്‍ ഉച്ചയ്ക്ക് ഒന്ന് വരെ മേള നടക്കും.
ഭാര്യാ പീഡനം ഭര്‍ത്താവിന് രണ്ട് വര്‍ഷം കഠിനതടവും പിഴയും
പാലക്കാട് കല്ലിങ്ങാല്‍ പൊഴും കാട് ശ്രീജിത്ത് (34) നെ ഭാര്യയെ പീഡിപ്പിച്ചതിന് വിവിധ വകുപ്പുകള്‍ പ്രകാരം രണ്ട് വര്‍ഷം ഒരു മാസം തടവും 10,500 രൂപ പിഴ അടയ്ക്കാനും ജൂഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി (നമ്പര്‍-3) കെ.ഇ.ഹിസാന തസ്‌നിം ശിക്ഷിച്ചു. ഭാര്യയെ സംശയത്തിന്റെ പേരില്‍ ഉപദ്രവിച്ച കേസിലാണ് ശിക്ഷ വിധിച്ചത്. പിഴ സംഖ്യയില്‍ 8,000രൂപ വിക്ടിം കോമ്പന്‍സേഷന്‍ സ്‌കീം പ്രകാരം അതിജീവിതയ്ക്ക് നല്‍കുവാന്‍ കോടതി ഉത്തരവായി. ടൗണ്‍ സൗത്ത് പോലീസ് അന്വേഷണം നടത്തിയ കേസില്‍ പ്രോസിക്യൂഷന് വേണ്ടി അസിസ്റ്റന്റ് പബ്ലിക് പ്രോസിക്യൂട്ടര്‍ ടി.പി.വിനിത ഹാജരായി.
ലിഫ്റ്റ് ഇറക്ടര്‍ കോഴ്‌സ് പ്രവേശനം
കുഴല്‍മന്ദം ഗവ: ഐ ടി ഐയില്‍ ഐ.എം.സിയുടെ കീഴില്‍ ആരംഭിക്കുന്ന മൂന്ന് മാസത്തെ ലിഫ്റ്റ് ഇറക്റ്റര്‍ കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു. എസ്.എസ്.എല്‍.സി അടിസ്ഥാന യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം. ഫോണ്‍ 04922 295888, 9995424809
സൗജന്യ കലാ പരിശീലനം 30 വരെ അപേക്ഷിക്കാം.
സാംസ്‌കരികവകുപ്പ് തദ്ദേശ സ്ഥാപനങ്ങള്‍ മുഖേന നടപ്പിലാക്കുന്ന വജ്ര ജൂബിലി ഫെലോഷിപ്പ് പദ്ധതിയുടെ ഭാഗമായി ഒറ്റപ്പാലം ബ്ലോക്കിന് കീഴില്‍ കര്‍ണ്ണാടക സംഗീതം, മോഹിനിയാട്ടം, ഓട്ടംതുള്ളല്‍, കഥകളിസംഗീതം, ചിത്രകല – പെയിന്റിംഗ്, മാപ്പിള കല ( ദഫ് മുട്ട്, അറബനമുട്ട് ) തോല്‍പാവ കൂത്ത്, തിറ കളി (അനുഷ്ഠാനകല) എന്നിവയില്‍ സൗജന്യ കലാപരിശീലനം നടത്തുന്നു.
താത്പര്യമുള്ളവര്‍ ഈ മാസം 30 നകം ഒറ്റപ്പാലം ബ്ലോക്ക് പഞ്ചായത്തില്‍ നേരിട്ടോ കണ്‍വീനര്‍, വജ്ര ജൂബിലി ഫെലോഷിപ്പ് പദ്ധതി, ഒറ്റപ്പാലം ബ്ലോക്ക് പഞ്ചായത്ത് 679101 എന്ന വിലാസത്തില്‍ തപാല്‍ മുഖേനയോ അപേക്ഷ സമര്‍പ്പിക്കണം. അപേക്ഷാ ഫോറത്തിന്റെ മാതൃക ബ്ലോക്ക് ഓഫീസിലും ഗ്രാമ പഞ്ചായത്ത് ഓഫീസിലും ലഭിക്കും. അപേക്ഷയോടൊപ്പം തിരിച്ചറിയല്‍ രേഖയുടെ പകര്‍പ്പും ഹാജരാക്കണം