Input your search keywords and press Enter.

കൊല്ലം ജില്ലാ അറിയിപ്പുകള്‍ ( 22/3/2022)

അങ്കണവാടികളെല്ലാം ഇനി ഹരിതാഭം
കുഞ്ഞുമനസ്സുകളില്‍ ഐക്യബോധവും ഒത്തൊരുമയും സൃഷ്ടിക്കുന്നതിനായി എല്ലാ അങ്കണവാടികള്‍ക്കും ഒരേ നിറം നല്‍കി അലയമണ്‍ ഗ്രാമപഞ്ചായത്ത്. 22 അങ്കണവാടികള്‍ക്കും പച്ച ചായമടിച്ച് ആകര്‍ഷമാക്കി. പ്രകൃതിയുമായി ചേര്‍ന്ന് നില്‍ക്കുന്ന പച്ച നിറം കുട്ടികള്‍ക്ക് ഇഷ്ടമാകും എന്ന വിലയിരുത്തലിലാണ് ഈ പുതുമയുള്ള മാറ്റം.
ശിശുസൗഹൃദമാക്കുന്നതിന്റെ ഭാഗമായി അങ്കണവാടികളുടെ അകത്തും പുറത്തും കാര്‍ട്ടൂണ്‍ കഥാപാത്രങ്ങള്‍ ചുവര്‍ചിത്രങ്ങളായി ഇടം പിടിച്ചിട്ടുണ്ട്. കളിക്കാനായി പ്രത്യേകം കളിസ്ഥലവുമുണ്ട്. പഞ്ചായത്തിന്റെ പദ്ധതി വിഹിതത്തില്‍ ഉള്‍പ്പെടുത്തി 15 ലക്ഷം രൂപയാണ് സൗന്ദര്യവത്കരണത്തിനായി ചെലവഴിച്ചത്.
ചുവരുകളില്‍ ചായം പൂശിയതിന് പുറമേ ശിശു-സ്ത്രീസൗഹൃദ ശുചിമുറി സംവിധാനവും ഒരുക്കി. അങ്കണവാടിയിലെ വര്‍ക്കര്‍മാര്‍ക്കും ഹെല്‍പ്പര്‍മാര്‍ക്കും പുറത്തുനിന്ന് വരുന്ന മറ്റു സ്ത്രീകള്‍ക്കും ഉപയോഗപ്രദമാകുന്ന തരത്തിലാണ് അവ സജ്ജീകരിച്ചിട്ടുള്ളത്. എല്ലാ അങ്കണവാടികളിലും ജൈവ പച്ചക്കറി കൃഷിയും പച്ചപ്പ്് പരത്തുന്നു. കുഞ്ഞുങ്ങള്‍ക്ക് വിഷരഹിത പച്ചക്കറി നല്‍കുന്നതിനൊപ്പം പച്ചനിറം ഉപയോഗിച്ചുള്ള തീമിന് ചേരും വിധമാണ് കൃഷിയിടം. ഐക്യതയുള്ളപുതുതലമുറയെ വാര്‍ത്തെടുക്കുകയാണ് ഏകീകൃത നിറവിന്യാസത്തിലൂടെ ലക്ഷ്യമിടുന്നതെന്ന് പ്രസിഡന്റ് അസീന മനാഫ് പറഞ്ഞു.

കല്ലടയില്‍ ഫ്‌ളോട്ടിംഗ് സോളാര്‍ പദ്ധതി

സംസ്ഥാന ബജറ്റിന്റെ തണലില്‍ വന്‍കിട സൗരോര്‍ജ്ജ പദ്ധതിക്ക് തയ്യാറെടുക്കുകയാണ് പടിഞ്ഞാറെ കല്ലട. ഫ്‌ളോട്ടിങ് സോളാര്‍ പദ്ധതിക്ക് ബജറ്റില്‍ 32 കോടി രൂപയാണ് അധികമായി അനുവദിച്ചത്. 300 കോടി രൂപ ചെലവില്‍ 50 മെഗാവാട്ട് വൈദ്യുതി ലക്ഷ്യമിടുന്ന പദ്ധതി പ്രവര്‍ത്തനത്തിന് 29 കോടി രൂപ പഞ്ചായത്ത് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ പദ്ധതിയുടെ പ്രാധാന്യം ഉള്‍ക്കൊണ്ട് ധനമന്ത്രി മൂന്ന് കോടി രൂപ അധികമായി അനുവദിക്കുകയായിരുന്നു എന്ന് പഞ്ചായത്ത് പ്രസിഡന്റ് ഡോ. സി. ഉണ്ണിക്കൃഷ്ണന്‍ അറിയിച്ചു. സംസ്ഥാനത്തെ ഏറ്റവും വലിയ ഫ്‌ളോട്ടിംഗ് സോളാര്‍ പദ്ധതിയായി പുതുസംരംഭം അറിയപ്പെടും.
മണലെടുത്ത് ഉപയോഗശൂന്യമായ പാടങ്ങളിലാണ് പദ്ധതി നടപ്പാക്കുന്നത്. നാഷണല്‍ ഹൈഡ്രോ ഇലക്ട്രിക്ക് പവര്‍ കോര്‍പ്പറേഷനാണ് നടത്തിപ്പ് ചുമതല. നിര്‍മ്മാണം ഏറ്റെടുത്തിരിക്കുന്നത് ടാറ്റ പവര്‍ സോളാര്‍. ഉദ്പാദിപ്പിക്കുന്ന വൈദ്യുതി കെ.എസ്.ഇ.ബി വാങ്ങും.
ഉദ്്പാദിപ്പിക്കുന്ന വൈദ്യുതിയില്‍ നിന്നുള്ള വരുമാനത്തെ മാത്രം ആശ്രയിച്ചു പദ്ധതി നടത്താന്‍ ആകില്ലെന്ന പഞ്ചായത്തിന്റെ ആവശ്യം മുന്‍നിറുത്തി തുക അനുവദിച്ചത് തുടര്‍പ്രവര്‍ത്തനങ്ങള്‍ ത്വരിതപ്പെടുത്തുന്നതിന് സഹായകമാകും. കെ.എസ്.ഇ.ബി യുമായുള്ള ചര്‍ച്ചകള്‍ പൂര്‍ത്തിയാക്കി. വിനോദ സഞ്ചാരത്തിനും തൊഴില്‍ അവസരങ്ങള്‍ക്കും കൂടി ഈ പദ്ധതി മുതല്‍ക്കൂട്ടാകുമെന്നും പഞ്ചായത്ത് പ്രസിഡന്റ് വ്യക്തമാക്കി.

റീടെന്‍ഡര്‍ ക്ഷണിച്ചു

വെളിനല്ലൂര്‍ സാമൂഹികാരോഗ്യ കേന്ദ്രത്തിലെ മരങ്ങള്‍ നല്‍കുന്നതിനുള്ള റീ ടെന്‍ഡറുകള്‍ ക്ഷണിച്ചു. ലഭിക്കേണ്ട അവസാന തീയതി മാര്‍ച്ച് 23 ഉച്ചയ്ക്ക് 1 മണി. കൂടുതല്‍ വിവരങ്ങള്‍ക്ക് – 04742467167.

ഇ.പി.എഫ് പെന്‍ഷന്‍ അദാലത്ത്

എംപ്ലോയീസ് പ്രോവിഡന്റ് ഫണ്ട് ഓര്‍ഗനൈസേഷന്‍ റീജിയണല്‍ ഓഫീസിന്റെ ആഭിമുഖ്യത്തില്‍ പെന്‍ഷന്‍ പരാതി പരിഹാര അദാലത്ത് സംഘടിപ്പിക്കുന്നു. ഏപ്രില്‍ 11ന് രാവിലെ 11മണിക്ക് ഗൂഗിള്‍മീറ്റ് വഴിയും വൈകുന്നേരം മൂന്ന് മണിക്ക് കൊല്ലം പി.എഫ്.ഓഫീസില്‍ നേരിട്ടുമാണ് അദാലത്ത്. പരാതികള്‍ മൊബൈല്‍ നമ്പര്‍, പി.പി.ഒ നമ്പര്‍ എന്നിവ സഹിതം നിധി ആപ് കെ നികട്, പബ്ലിക് റിലേഷന്‍ ഓഫീസര്‍, ഇ.പി.എഫ്.ഒ , റീജിയണല്‍ ഓഫിസ്, കൊല്ലം വിലാസത്തില്‍ ഏപ്രില്‍ നാലിന് മുമ്പ് അയക്കണം. വിവരങ്ങള്‍ക്ക് 0474 2767645, 0474 2751872.

വികസനസമിതി യോഗം
സാമ്പത്തികവര്‍ഷം അവസാനമായതിനാല്‍ മാര്‍ച്ച് മാസത്തെ ജില്ലാ വികസനസമിതി യോഗം ഉണ്ടാകില്ലെന്ന് ജില്ലാ പ്ലാനിംഗ് ഓഫീസര്‍ അറിയിച്ചു.

അപേക്ഷ ക്ഷണിച്ചു
ഇത്തിക്കര ബ്ലോക്ക് പഞ്ചായത്തിന്റെ 2021 -22 വര്‍ഷത്തെ പദ്ധതിയായ മെറിറ്റോറിയല്‍ സ്‌കോളര്‍ഷിപ്പിനുള്ള അപേക്ഷകള്‍ മാര്‍ച്ച് 26 ന് വൈകിട്ട് അഞ്ച് മണിക്ക് മുമ്പ് ഇത്തിക്കര ബ്ലോക്ക് പട്ടികജാതി വികസന ഓഫീസില്‍ ലഭ്യമാക്കണമെന്ന് പട്ടികജാതി വികസന ഓഫീസര്‍ അറിയിച്ചു. ഗ്രാമസഭാ ലിസ്റ്റില്‍ പേരുള്ള പട്ടികജാതി വിഭാഗത്തില്‍പ്പെട്ടവര്‍ മാത്രം അപേക്ഷിക്കുക.
സര്‍ക്കാര്‍ എയ്ഡഡ് സ്ഥാപനങ്ങളില്‍ പഠിക്കുന്ന പ്ലസ് വണ്‍, പ്ലസ് ടു, ബിരുദം, ബിരുദാനന്തര ബിരുദം, പ്രൊഫഷണല്‍ കോഴ്‌സുകള്‍, ഐ.ടി.ഐ, ഡിപ്ലോമ എന്നീ കോഴ്‌സുകളില്‍ 2021-2022 അധ്യയന വര്‍ഷം പഠിക്കുന്നവര്‍ക്ക് സ്‌കോളര്‍ഷിപ്പിന് അപേക്ഷിക്കാം. വിശദവിവരങ്ങള്‍ക്ക് : 8547630035, 9446525521 എന്നീ നമ്പരുകളില്‍ ബന്ധപ്പെടുക.

അഭിമുഖം മാറ്റി
പ്രീപ്രൈമറി ടീച്ചര്‍ തസ്തികയിലേക്ക് താല്‍ക്കാലിക അടിസ്ഥാനത്തില്‍ നിയമനത്തിനായി മാര്‍ച്ച് 24ന് രാവിലെ 11 മണിക്ക് കൊല്ലം വിദ്യാഭ്യാസ ഉപഡയറക്ടര്‍ ഓഫീസില്‍ നടത്താന്‍ നിശ്ചയിച്ചിരുന്ന അഭിമുഖം മാറ്റിയാതായി ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടര്‍ അറിയിച്ചു.

അഭിമുഖം 25ന്
ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചില്‍ പ്രവര്‍ത്തിക്കുന്ന എംപ്ലോയബിലിറ്റി സെന്ററില്‍ സ്വകാര്യ സ്ഥാപനങ്ങളിലെ വിവിധ ഒഴിവുകളിലേക്ക് മാര്‍ച്ച് 25ന് രാവിലെ 10ന് അഭിമുഖം നടക്കും. വിദ്യാഭ്യാസ യോഗ്യത- പ്ലസ് ടു. പ്രായപരിധി 18നും 35നും ഇടയില്‍. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍ – 8714835683, 04742740615.

error: Content is protected !!