Input your search keywords and press Enter.

കൊമ്പന്മാരില്‍ വമ്പനായി കാങ്കറേജ്:ബാഹുബലിയിലെ പശുക്കളെ കണ്ട് അതിശയിച്ച് സ്‌കൂള്‍ കുട്ടികള്‍

ജില്ലയെ അറിയാന്‍ പഠന യാത്രയുമായി കോന്നി ഗവ. എല്‍.പി.എസ്

കൊമ്പന്മാരില്‍ വമ്പനായി കാങ്കറേജ്:ബാഹുബലിയിലെ പശുക്കളെ കണ്ട് അതിശയിച്ച് സ്‌കൂള്‍ കുട്ടികള്‍

നീണ്ടു വളര്‍ന്ന് വളഞ്ഞ കൊമ്പില്‍ തീയും കൊളുത്തി നിരനിരയായി വരുന്ന വലിയ പശുക്കളെ ബാഹുബലി സിനിമയുടെ രണ്ടാം ഭാഗത്ത് കണ്ടിട്ടുണ്ട്. എന്നാല്‍ അതേ പശുക്കളെ നേരില്‍ കണ്ട ത്രില്ലിലായിരുന്നു കോന്നി ഗവ. എല്‍.പി.എസിലെ നൂറ്റിമുപ്പതോളം കുട്ടികളും അവരുടെ അധ്യാപകരും. എഴുമറ്റൂര്‍ അമൃതധാര ഗോശാലയിലേക്ക് നടത്തിയ പഠന യാത്രയിലാണ് അവര്‍

ബാഹുബലിയിലെ പശു ഇനമായ കാങ്കറേജിനെ നേരിട്ടു കണ്ടത്. കൊമ്പിന്റെ പ്രത്യേകതയാണ് കാങ്കറേജിനെ വ്യത്യസ്ഥമാക്കുന്നത്.അതു മാത്രമായിരുന്നില്ല കൗതുകങ്ങള്‍. വെച്ചൂര്‍ കുള്ളന്‍, ഗീര്‍, സഹിവാള്‍ തുടങ്ങി ഇന്ത്യയുടെ വടക്കേയറ്റം മുതല്‍ തെക്കേയറ്റം വരെയുളള സംസ്ഥാനങ്ങളിലെ വംശനാശം നേരിട്ടു കൊണ്ടിരിക്കുന്നത് അടക്കമുള്ള നാടന്‍ പശുക്കളെ നേരില്‍ കണ്ടു. അവയുടെ കിടാങ്ങള്‍ക്കൊപ്പം തുള്ളിക്കളിച്ചു. കുട്ടികള്‍ അവരുടെ വീടിന് ചുറ്റുപാടമുള്ള സങ്കര ഇനം പശുക്കളെ മാത്രം കണ്ടു പരിചയച്ചവരാണ്. നാടന്‍ പശുക്കളും സങ്കര ഇനങ്ങളും തമ്മിലുളള വ്യത്യാസം ഗോശാല ഉടമ കൂടിയായ അജയകുമാര്‍ വല്യൂഴത്തില്‍ കുട്ടികള്‍ക്ക് വിവരിച്ചു നല്‍കി. അധ്യാപകര്‍ക്കും അതൊക്കെ പുതിയ അറിവുകളായിരുന്നു.

 

കുട്ടികളില്‍ പലരുടെയും വീടുകളില്‍ പശുക്കളും ആടുകളുമുണ്ട്. എന്നാല്‍, അവയുടെ ഇനമേതെന്നോ നാടനാണോ വിദേശിയാണോ സങ്കര ഇനമാണോ എന്നീ കാര്യങ്ങളൊന്നും അവര്‍ക്ക് അറിയില്ലായിരുന്നു. നാടന്‍ പശുക്കളുടെ പ്രതിരോധ ശേഷി, പാലിന്റെയും ചാണകത്തിന്റെയും മേന്മ, ഗോമൂത്രത്തിലും ചാണകത്തിലും നിന്നും ഉല്‍പാദിപ്പിക്കുന്ന വളങ്ങള്‍, സാമ്പ്രാണിത്തിരി പോലെയുള്ള മറ്റ് ഉല്‍പന്നങ്ങള്‍, ലേപനങ്ങള്‍ എന്നിവ കണ്ട് കുട്ടികള്‍ക്കൊപ്പം അധ്യാപകരും അത്ഭുതം കൂറി. ജൈവകൃഷിയുടെ പ്രചാരകന്‍ കൂടിയാണ് അജയകുമാര്‍ വല്യുഴത്തില്‍. അതു കൊണ്ടു തന്നെ ജൈവവൈവിധ്യ ബോര്‍ഡിന്റെ പഠന കേന്ദ്രം കൂടിയാക്കി തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട് അമൃത ധാര ഗോശാല. ജില്ലയിലെ വിവിധ സ്‌കൂളുകളില്‍ നിന്നും നാടന്‍ പശുക്കളെ കാണാനും ജൈവകൃഷി രീതിയെ കുറിച്ച് അറിയാനും കുട്ടികള്‍ ഇവിടേക്ക് പഠന യാത്ര നടത്തുന്നു.

കോന്നി സ്‌കൂളില്‍ നിന്നും പ്രധാന അധ്യാപിക പി. സുജ, പി.ടി.എ പ്രസിഡന്റ് അഡ്വ. സുനില്‍ എന്നിവരുടെ നേതൃത്വത്തിലാണ് കുട്ടികള്‍ എത്തിയത്. 580 കുട്ടികള്‍ പഠിക്കുന്ന ജില്ലയിലെ തന്നെ ഏറ്റവും വലിയ എല്‍.പി സ്‌കൂളാണ് കോന്നിയിലേത്. ജില്ലയെ അറിയാന്‍ എന്ന പേരില്‍ സംഘടിപ്പിക്കുന്ന പഠനയാത്രയുടെ ഭാഗമായിട്ടായിരുന്നു അമൃതധാര ഗോശാലയിലെ സന്ദര്‍ശനം

error: Content is protected !!