Input your search keywords and press Enter.

പാലക്കാട് ജില്ലാ അറിയിപ്പുകള്‍ ( 23/03/2022)

‘സമൃദ്ധി’ കൃഷി വികസന പദ്ധതി: മന്ത്രി പി. പ്രസാദ് ഉദ്ഘാടനം ചെയ്യും

തരൂര്‍ നിയോജക മണ്ഡലത്തില്‍ നടപ്പാക്കുന്ന സമഗ്ര കൃഷി വികസന പദ്ധതി’സമൃദ്ധി’യുടെ ഉദ്ഘാടനം ഇന്ന് (മാര്‍ച്ച് 24) വൈകിട്ട് അഞ്ചിന് കൃഷി വകുപ്പ് മന്ത്രി പി. പ്രസാദ് ഉദ്ഘാടനം ചെയ്യും. വടക്കഞ്ചേരി ഇ.എം.എസ്. സ്മാരക കമ്മ്യൂണിറ്റി ഹാളില്‍ നടക്കുന്ന പരിപാടിയില്‍ പി.പി. സുമോദ് എം.എല്‍.എ. അധ്യക്ഷനാവും.

ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സി.കെ. ചാമുണ്ണി,  വടക്കഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ലിസ്സി സുരേഷ്, കുഴല്‍മന്ദം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടി.കെ. ദേവദാസ്, ആലത്തൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രജനി ബാബു, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്മാരായ സുമതി ടീച്ചര്‍, ഹസീന ടീച്ചര്‍, രമേഷ് കുമാര്‍, രമണി ടീച്ചര്‍, രാധ മുരളി, പി.ടി. സഹദേവന്‍, എ. സതീഷ്, ജില്ലാ പഞ്ചായത്ത് അംഗങ്ങളായ അനിത പോള്‍സണ്‍, കെ. വി. ശ്രീധരന്‍, അഭിലാഷ് തച്ചങ്കാട്, ജില്ലാ പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍ കെ.ടി ദീപ്തി, ആലത്തൂര്‍ കൃഷി അസിസ്റ്റന്റ് ഡയറക്ടര്‍ മേരി വിജയ, യുവ കര്‍ഷകന്‍ സ്വരൂപ് കുന്നം പുള്ളി, വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ എന്നിവര്‍ പരിപാടിയില്‍ പങ്കെടുക്കും.

 
ജില്ലയില്‍ ആദ്യമായി ആലത്തൂര്‍ ബ്ലോക്ക് പഞ്ചായത്ത് ജെന്‍ഡര്‍ ബജറ്റ് അവതരിപ്പിച്ചു

ജില്ലയില്‍ ആദ്യമായി ആലത്തൂര്‍ ബ്ലോക്ക് പഞ്ചായത്ത് ജെന്‍ഡര്‍ ബജറ്റ് അവതരിപ്പിച്ചു. 2022-23 വര്‍ഷത്തേക്ക് 83.58 കോടി വരവും, 83.55 കോടി ചെലവും, 3.15 ലക്ഷം മിച്ചവും പ്രതീക്ഷിക്കുന്ന ബജറ്റ് ജെന്‍ഡര്‍ ബജറ്റായി ആലത്തൂര്‍ ബ്ലോക്ക് വൈസ് പ്രസിഡന്റും, ധനകാര്യ സ്റ്റാന്‍ഡിംഗ് കമ്മറ്റി ചെയര്‍മാനുമായ കെ.സി.ബിനുവാണ് അവതരിപ്പിച്ചത്. സ്ത്രീകള്‍, കുട്ടികള്‍, ഭിന്നശേഷിക്കാര്‍, വയോജനങ്ങള്‍, പട്ടികജാതി, പട്ടികവര്‍ഗ്ഗ വിഭാഗക്കാര്‍ക്ക് മുന്‍ഗണന നല്‍കിക്കൊണ്ടാണ് ബജറ്റ് തയ്യാറാക്കിയിരിക്കുന്നത്. ഇതിന് ആവശ്യമായ പദ്ധതികള്‍ ബ്ലോക്ക് വിഭാവനം ചെയ്യും. കൂടാതെ ബ്ലോക്ക് പഞ്ചായത്തിനു കീഴിലെ ഗ്രാമപഞ്ചായത്തുകളെ വയോജന, സ്ത്രീ, ഭിന്നശേഷി, ശിശു സൗഹൃദമാക്കുന്നതിനും, കാര്‍ബണ്‍ സന്തുലിതമാക്കുന്നതിനും ബജറ്റിലൂടെ ലക്ഷ്യമിടുന്നു. വനിതകള്‍ക്ക് സംരംഭങ്ങള്‍ ആരംഭിക്കുന്നതിന് 40 ലക്ഷം രൂപ വകയിരുത്തി. കൂടാതെ ഓരോ പദ്ധതിയിലും 50% തുക സ്ത്രീകള്‍ക്കായാണ് വകയിരുത്തിയിരിക്കുന്നത്.

സുസ്ഥിര വികസനം, സുതാര്യത, തുല്യ പങ്കാളിത്തം, തുല്യനീതി എന്നിവയിലൂടെ കാര്‍ഷിക മേഖലയില്‍ സ്വയം പര്യാപ്തത ലക്ഷ്യമിട്ടുള്ള ‘നിറസമൃദ്ധി’ പദ്ധതിക്ക് 1.25 കോടി രൂപ, ആരോഗ്യ മേഖലയിലെ അടിസ്ഥാന സൗകര്യ വികസനത്തിനായും ആരോഗ്യ സ്ഥാപനങ്ങളെ ജെന്‍ഡര്‍ സൗഹൃദമാക്കുന്നതിനും ‘തളരുന്നവര്‍ക്ക് തണലായി’ പദ്ധതിക്ക് രണ്ട് കോടി, സമ്പൂര്‍ണ്ണ ഭവന നിര്‍മ്മാണ പദ്ധതിക്ക് 1.5 കോടി, അതിദാരിദ്ര്യ ലഘൂകരണത്തിന് 25 ലക്ഷം, ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി മേഖലയില്‍ 66 കോടി തുടങ്ങി വിവിധ പദ്ധതികള്‍ക്ക് മുന്‍ഗണന നല്‍കിക്കൊണ്ടുളള ബജറ്റാണ് അവതരിപ്പിച്ചത്. ക്ഷീര മേഖലയില്‍ സ്വയം പര്യാപ്തതക്കായി ക്ഷീരസാഗരം പദ്ധതിക്ക് 50 ലക്ഷവും വകയിരുത്തി. ഇതില്‍ 20 ലക്ഷം പൂര്‍ണമായും സ്ത്രീകള്‍ക്കായാണ് മാറ്റിയിരിക്കുന്നത്.

ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രജനി ബാബു ബജറ്റ് നയപ്രഖ്യാപനം നടത്തി. ബജറ്റ് അവതരണത്തില്‍ ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മറ്റി അധ്യക്ഷന്‍ വി.വി.കുട്ടികൃഷ്ണന്‍, ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ പ്രേംകുമാര്‍, രമേശ്കുമാര്‍, കവിതാ മാധവന്‍, ജോയിന്റ് ബി.ഡി.ഒ എം കണ്ണന്‍, ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി എ ബഷീര്‍, എന്നിവര്‍ സംസാരിച്ചു.

ഫോട്ടോ: ആലത്തൂര്‍ ബ്ലോക്ക് പഞ്ചായത്തിന്റെ ബജറ്റ് ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.സി ബിനു അവരിപ്പിക്കുന്നു.

 
 
നീരുറവകള്‍ വീണ്ടെടുക്കാനായി തെളിനീരൊഴുകും നവകേരളം

സമ്പൂര്‍ണ്ണ ജല ശുചിത്വയഞ്ജത്തിന്റെ ഭാഗമായി ജലദിനാഘോഷത്തോടനുബന്ധിച്ച് തെളിനീരൊഴുകും നവകേരളം പദ്ധതിയുമായി കപ്പൂര്‍ ഗ്രാമപഞ്ചായത്ത്. പഞ്ചായത്തിന് കീഴിലെ വിവിധ നീര്‍ത്തടങ്ങള്‍, ജല സ്രോതസുകള്‍ വീണ്ടെടുത്ത് ജല സുരക്ഷ ഉറപ്പാക്കുകയാണ് പദ്ധതി ലക്ഷ്യം. പദ്ധതിയുടെ ഭാഗമായി ലോഗോ പ്രകാശനവും നീരുറവകള്‍ വൃത്തിയാക്കലും നടന്നു. കപ്പൂര്‍ പഞ്ചായത്തില്‍ ഹാളില്‍ നടന്ന പരിപാടിയില്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷറഫുദ്ദീന്‍ കളത്തില്‍, വൈസ് പ്രസിഡന്റ് കെ. വി ആമിനകുട്ടി എന്നിവര്‍ ചേര്‍ന്ന് ലോഗോ പ്രകാശനം ചെയ്തു. പരിപാടിയില്‍ ക്ഷേമകാര്യ സ്ഥിരം സമിതി ചെയര്‍പേഴ്‌സണ്‍ വി.യു സുചിത, സെക്രട്ടറി കെ. ജയന്‍, വി. ഒ സജി, ഡോ. കൃഷ്ണകുമാര്‍ എന്നിവര്‍ പങ്കെടുത്തു.  തൊഴിലുറപ്പ് തൊഴിലാളികള്‍ എറവക്കാട്, മണ്ണാരപ്പറമ്പ് വാര്‍ഡുകളിലെ നീര്‍ച്ചാലുകള്‍ വൃത്തിയാക്കി.

ഫോട്ടോ: ‘തെളിനീരൊഴുകും നവകേരളം’ പദ്ധതിയുടെ ഭാഗമായി കപ്പൂരില്‍ തൊഴിലുറപ്പ് തൊഴിലാളികള്‍ നീര്‍ച്ചാലുകള്‍ വൃത്തിയാക്കുന്നു

ലോഗോ പ്രകാശനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷറഫുദ്ദീന്‍ കളത്തില്‍, വൈസ് പ്രസിഡന്റ് കെ. വി ആമിനകുട്ടി എന്നിവര്‍ സംയുക്തമായി നിര്‍വ്വഹിക്കുന്നു

 
 
പാര്‍പ്പിട നിര്‍മാണം-കാര്‍ഷിക-വ്യവസായ മേഖലയില്‍ ഊന്നല്‍ നല്‍കി മലമ്പുഴ ബ്ലോക്ക് ബജറ്റ്

പാര്‍പ്പിട നിര്‍മാണം-കാര്‍ഷിക-വ്യവസായ മേഖലയില്‍ ഊന്നല്‍ നല്‍കി മലമ്പുഴ ബ്ലോക്ക് പഞ്ചായത്ത് 2022-23 സാമ്പത്തിക വര്‍ഷത്തെ ബജറ്റ് അവതരിപ്പിച്ചു. 11.57 കോടി വരവും 11.54 കോടി ചെലവും 3.5 ലക്ഷം മിച്ചവും പ്രതീക്ഷിക്കുന്ന ബജറ്റ് മലമ്പുഴ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് എല്‍. ഇന്ദിര അവതരിപ്പിച്ചു. സമൂഹത്തിലെ ദുര്‍ബല വിഭാഗങ്ങള്‍, സ്ത്രീകള്‍, കുട്ടികള്‍, വയോജനങ്ങള്‍ എന്നിവര്‍ക്ക് മുന്‍ഗണന നല്‍കിയാണ് ബജറ്റ് അവതരിപ്പിച്ചത്. കാര്‍ഷിക-പശ്ചാത്തല-വികസന മേഖലയ്ക്ക് ബജറ്റില്‍ കൂടുതല്‍ ഊന്നല്‍ നല്‍കിയിട്ടുണ്ട്.

സമൂഹത്തിലെ ദുര്‍ബല വിഭാഗങ്ങള്‍ക്ക് പാര്‍പ്പിട നിര്‍മാണത്തിനായി 2.39 കോടി, സ്ത്രീകള്‍ കുട്ടികള്‍ എന്നിവര്‍ക്കായി 12 ലക്ഷം, ഭിന്നശേഷിക്കാര്‍ക്ക് 11 ലക്ഷം, വയോജനങ്ങള്‍ക്ക് 6 ലക്ഷം, കൃഷി-ക്ഷീരവികസനം, വ്യവസായ മേഖലക്ക് 1.07 കോടി, ഗ്രാമീണ റോഡ്, പാലം, ഡ്രൈനേജ് റാമ്പുകള്‍, കലുങ്ക് തുടങ്ങിയ പശ്ചാത്തല സൗകര്യ വികസനത്തിന് 175.83 ലക്ഷവുമാണ് വകയിരുത്തിയിരിക്കുന്നത്. ആരോഗ്യ- വിദ്യാഭ്യാസ- കുടിവെള്ള- യുവജനക്ഷേമ  മേഖലകള്‍ക്കും തുക വകയിരുത്തിയിട്ടുണ്ട്.

മികവുത്സവം: പരീക്ഷ സാമഗ്രികള്‍ വിതരണം ചെയ്തു

ജില്ലാ സാക്ഷരതാ മിഷന്റെ പഠ്‌നാ ലിഖ്‌നാ അഭിയാന്‍ മികവുത്സവം പദ്ധതിയുടെ ഭാഗമായി മാര്‍ച്ച് 27 ന് നടക്കുന്ന മികവുത്സവം സാക്ഷരതാ പരീക്ഷാ സാമഗ്രികള്‍   ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ. ബിനുമോള്‍ വിതരണം ചെയ്തു. ജില്ലാ പഞ്ചായത്ത് ഹാളില്‍ നടന്ന യോഗത്തില്‍  വിദ്യാഭ്യാസ-ആരോഗ്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍  ഷാബിറ ടീച്ചര്‍ അധ്യക്ഷയായി. യോഗത്തില്‍ കുത്തനുര്‍, മലമ്പുഴ പഞ്ചായത്തുകള്‍ക്ക് പരീക്ഷ സാമഗ്രഹികള്‍ നല്‍കി. ഡയറ്റ് സീനിയര്‍ ലക്ചറര്‍ സഫീന ബീഗം പരിശീലനത്തിന് നേതൃത്വം നല്‍കി. സാക്ഷരത സമിതി അംഗങ്ങളായ വിജയന്‍ മാസ്റ്റര്‍, ഡോ. പി. സി ഏലിയാമ്മ, ജില്ലാ റിസോഴ്സ് പേഴ്സണ്‍ വിജയരാഘവന്‍, സാക്ഷരതാ മിഷന്‍  ജില്ലാ കോ-ഓര്‍ഡിനേറ്റര്‍  മനോജ് സെബാസ്റ്റ്യന്‍, അസിസ്റ്റന്റ് കോ-ഓഡിനേറ്റര്‍ പി.വി പാര്‍വതി, ജില്ലാ പഞ്ചായത്ത് സെക്രട്ടറി എം.രാമന്‍കുട്ടി, ബ്ലോക്ക് പ്രേരക്മാര്‍, പഞ്ചായത്ത് പ്രേരക്മാര്‍, പഞ്ചായത്ത് റിസോഴ്സ്പേഴ്സണ്‍സ് തുടങ്ങിയവര്‍ പങ്കെടുത്തു.

 
സൗജന്യ നേത്ര പരിശോധന ക്യാമ്പ് സംഘടിപ്പിച്ചു

ഷോളയൂര്‍ കുടുംബാരോഗ്യ കേന്ദ്രം മണ്ണാര്‍ക്കാട് അഹല്യ കണ്ണാശുപത്രിയുമായി സഹകരിച്ച് സൗജന്യ നേത്ര പരിശോധനയും ജീവിത ശൈലി രോഗ നിര്‍ണ്ണയ ക്യാമ്പും സംഘടിപ്പിച്ചു. ഷോളയൂര്‍ ആശുപത്രിയില്‍ നടന്ന ക്യാമ്പില്‍ 53 പേര്‍ പങ്കെടുത്തു. ഇതില്‍ 30 പേര്‍ക്ക് തിമിരമുള്ളതായി കണ്ടെത്തി. ഇവരെ വരുംദിവസം മണ്ണാര്‍ക്കാട് അഹല്യ കണ്ണാശുപത്രിയില്‍ എത്തിച്ച് തിമിര ശസ്ത്രക്രിയ നടത്തി തിരിച്ചെത്തിക്കും. ഷോളയൂര്‍ കുടുംബാരോഗ്യ മെഡിക്കല്‍ ഓഫീസര്‍ ഡോ. മുഹമ്മദ് മുസ്തഫ, ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ എസ്.എസ് കാളിസ്വാമി എന്നിവരുടെ നേതൃത്വത്തില്‍ നടന്ന ക്യാമ്പില്‍ അഹല്യ ആശുപത്രി അഡ്മിനിസ്ട്രേറ്റര്‍ വിജീഷ്, കോ-ഓര്‍ഡിനേറ്റര്‍ സബിക്, ഒപ്റ്റെമെട്രിസ്റ്റ് പ്രജീഷ, സ്റ്റാഫ് നേഴ്സ് അനുമോള്‍, ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ രഞ്ജിത്ത്, ലാലു, ഗോപകുമാര്‍, ഉമേഷ് രാജ്, എസ്. രവി, ജൂനിയര്‍ പബ്ലിക് ഹെല്‍ത്ത് നഴ്സ് ശ്രീമോള്‍ സേതുലക്ഷ്മി, ശിവകാമി, സൂര്യ, അജ്ന യൂസഫ്, ആശാവര്‍ക്കര്‍മ്മാര്‍, ജാഫറലി, മനോജ്, രാജേഷ് എന്നിവര്‍ പങ്കെടുത്തു.

 
സംസ്ഥാന  ജൈവവൈവിധ്യ ബോര്‍ഡ് വിത്തുത്സവം സംഘടിപ്പിക്കും

സംസ്ഥാന ജൈവവൈവിധ്യ ബോര്‍ഡ് മാര്‍ച്ച് 26 ന് മുണ്ടൂര്‍ എഴക്കാട് യുവക്ഷേത്ര ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് സ്റ്റഡീസ് ഓഡിറ്റോറിയത്തില്‍ വിത്തുത്സവം സംഘടിപ്പിക്കും. മാറിവരുന്ന കാലാവസ്ഥ വ്യതിയാനങ്ങള്‍ കാര്‍ഷിക രംഗത്ത് ഉണ്ടാക്കുന്ന ആഘാതങ്ങളും പ്രതിവിധിയും നാടന്‍ വിത്തുകളുടെ സംരക്ഷണവും ലക്ഷ്യമിട്ട് നടത്തുന്ന വിവിധ സെഷനുകള്‍ കാര്‍ഷിക പ്രദര്‍ശനം വിപണനം സംഘടിപ്പിക്കും. ജില്ലയിലെ തെരഞ്ഞെടുത്ത 250 കര്‍ഷകര്‍ പരിപാടിയില്‍ പങ്കെടുക്കും. വിത്തുത്സവം ഉദ്ഘാടനം മാര്‍ച്ച് 26 ന് രാവിലെ 11 ന് എം.എല്‍.എ എ.പ്രഭാകരന്‍ നിര്‍വഹിക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ. ബിനുമോള്‍ അധ്യക്ഷയാവുന്ന പരിപാടിയില്‍ പാലക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി.സേതുമാധവന്‍, മുണ്ടൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം.വി സജിത, മുണ്ടൂര്‍ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് വി.സി ശിവദാസ്, ജില്ല കോ-ഓര്‍ഡിനേറ്റര്‍ എ. എം ബാബു ബോണവെഞ്ചര്‍ എന്നിവര്‍ സംസാരിക്കും.

ലോക ക്ഷയരോഗ ദിനാചരണം: ജില്ലാതല ഉദ്ഘാടനം ഇന്ന്  

ലോക ക്ഷയരോഗ ദിനാചരണം ജില്ലാതല ഉദ്ഘാടനം ഇന്ന് (മാര്‍ച്ച് 24) രാവിലെ 10 ന് ജില്ലാ പഞ്ചായത്ത് ഹാളില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ബിനുമോള്‍ നിര്‍വഹിക്കും. പരിപാടിയുടെ ഭാഗമായി പാലക്കാട് ജില്ലാ ആശുപത്രി മുന്‍വശത്ത് നിന്നും പുറപ്പെടുന്ന ക്ഷയരോഗ നിയന്ത്രണ ബോധവത്ക്കരണ പദയാത്ര രാവിലെ ഒമ്പതിന് നടക്കും. ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.കെ.പി റീത്ത അധ്യക്ഷയാവുന്ന പരിപാടിയില്‍ ജില്ലാ കലക്ടര്‍ മൃണ്‍മയി ജോഷി മുഖ്യാതിഥിയാകും. പാലക്കാട് ഗവ. മെഡിക്കല്‍ കോളേജ് കമ്മ്യൂണിറ്റി മെഡിസിന്‍ വിഭാഗം മേധാവി ഡോ. ഷിലു സക്കറിയ ക്ഷയരോഗവും കോവിഡും എന്ന വിഷയത്തില്‍ പ്രഭാഷണം നടത്തും. ജില്ലാ ടി. ബി സെന്റര്‍ ഓഫീസര്‍ ഡോ.എസ് രാധാകൃഷ്ണന്‍, ഐ.എം.എ പാലക്കാട് പ്രസിഡന്റ് ഡോ. എന്‍.എം അരുണ്‍, ജില്ലാ ആശുപത്രി സൂപ്രണ്ട് ഡോ.കെ ശ്രീദേവി, സ്ത്രീകളുടേയും കുട്ടികളുടേയും ആശുപത്രി സൂപ്രണ്ട് ഡോ. പി ജയശ്രീ, ഗവ. മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പാള്‍ ഡോ. വിജയലക്ഷ്മി, ഡെപ്യൂട്ടി ഡി.എം.ഒ ഡോ. കെ.ആര്‍ ശെല്‍വരാജ്, പാലക്കാട് എന്‍.എച്ച്.എം ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ. ടി. വി റോഷ്, ആര്‍.സി.എച്ച് ഓഫീസര്‍ ഡോ. എ.കെ അനിത, ഡെപ്യൂട്ടി ഡി.എം.ഒ ഡോ. ടി.എന്‍ അനൂപ്കുമാര്‍, ഗവ. മെഡിക്കല്‍ കോളേജ് കമ്മ്യൂണിറ്റി മെഡിസിന്‍ ഡോ. ഷിലു സക്കറിയ, എ.ആര്‍.ടി മെഡിക്കല്‍ ഓഫീസര്‍ ഡോ. ലേഖ സുകുമാരന്‍, പാലക്കാട് ടി.യു എസ്.ടി.എല്‍ എസ് എസ്.ദീപ എന്നിവര്‍ പങ്കെടുക്കും.

കര്‍ഷകര്‍ക്കുള്ള ജില്ലാതല അവാര്‍ഡ് വിതരണം മാര്‍ച്ച് 25 ന്

കാര്‍ഷിക വികസന കര്‍ഷക ക്ഷേമ വകുപ്പിന്റെ നേതൃത്വത്തില്‍ പച്ചക്കറി വികസന പദ്ധതി, കാര്‍ഷിക വിജ്ഞാന വ്യാപനം എന്നിവയില്‍ മികച്ച പ്രവര്‍ത്തനം കാഴ്ചവെച്ച കര്‍ഷകര്‍, ഉദ്യോഗസ്ഥര്‍ക്കുമുള്ള അവാര്‍ഡ് വിതരണ ഉദ്ഘാടനം മാര്‍ച്ച് 25 ന് രാവിലെ 11.30 ന് പാലക്കാട് ജില്ലാ പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ വൈദ്യുതി വകുപ്പ് മന്ത്രി കെ. കൃഷ്ണന്‍കുട്ടി നിര്‍വഹിക്കും. ഷാഫി പറമ്പില്‍ എം.എല്‍.എ അധ്യക്ഷനാകുന്ന പരിപാടിയില്‍ വി.കെ ശ്രീകണ്ഠന്‍ എം.പി മുഖ്യാതിഥിയാകും.

വകുപ്പ് 2020-21 സാമ്പത്തിക വര്‍ഷത്തില്‍ നടപ്പാക്കിയ വിവിധ പദ്ധതികളായ പച്ചക്കറി വികസന പദ്ധതി, ഓണത്തിന് ഒരു മുറം പച്ചക്കറി, കൃഷി വിജ്ഞാനവ്യാപനം എന്നിവ പ്രകാരം ജില്ലയില്‍ സമഗ്ര കാര്‍ഷിക വികസന പ്രവര്‍ത്തനങ്ങള്‍ കാഴ്ച വച്ച മികച്ച കര്‍ഷകര്‍, പച്ചക്കറി ക്ലസ്റ്റര്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, അധ്യാപകര്‍, വിദ്യാര്‍ത്ഥികള്‍, പൊതുമേഖലാ സ്ഥാപനങ്ങള്‍, മട്ടുപ്പാവ് കൃഷി, വകുപ്പിലെ ഉദ്യോഗസ്ഥര്‍ എന്നിവര്‍ക്ക് ജില്ലാതലതലത്തിലുള്ള അവാര്‍ഡുകളും സംസ്ഥാനതലത്തില്‍ കര്‍ഷകര്‍ നേടിയ അവാര്‍ഡുകളുമാണ് നല്‍കുന്നത്.

ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ബിനുമോള്‍, പാലക്കാട് മുന്‍സിപ്പല്‍ ചെയര്‍പേഴ്സണ്‍ പ്രിയ അജയന്‍, ജില്ലാ പഞ്ചായത്ത് വികസനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ പി.സി നീതു, പാലക്കാട് മുന്‍സിപ്പാലിറ്റി വികസനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ പ്രമീള ശശിധരന്‍, പാലക്കാട് മുനിസിപ്പാലിറ്റി വാര്‍ഡ് കൗണ്‍സിലര്‍ എസ് ഷൈലജ, ജില്ലാ കലക്ടര്‍ മൃണ്‍മയി ജോഷി, വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടര്‍ പി. കൃഷ്ണന്‍, കൃഷി ഡെപ്യൂട്ടി ഡയറക്ടര്‍ എസ്.എം നൂറുദ്ദീന്‍, പാലക്കാട് പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍ കെ.ടി ദീപ്തി എന്നിവര്‍ പങ്കെടുക്കും.

ജില്ലാ പഞ്ചായത്ത് ബജറ്റ് 25ന്

ജില്ലാ പഞ്ചായത്ത് 2022 – 23 വര്‍ഷത്തെ ബജറ്റ് യോഗം മാര്‍ച്ച് 25 ന് രാവിലെ 11 ന് ജില്ലാ പഞ്ചായത്തില്‍ നടക്കും.

ഗതാഗത നിയന്ത്രണം

കല്‍മണ്ഡപം – കല്‍പ്പാത്തി റോഡ് കൊപ്പം ബൈപാസ് ജംഗ്ഷനില്‍ അരികുചാല്‍ നിര്‍മ്മാണ പ്രവൃത്തികള്‍ നടക്കുന്നതിനാല്‍ കൊപ്പം എല്‍.പി സ്‌കൂള്‍ മുതല്‍ ബൈപാസ് വരെയുള്ള വാഹനഗതാഗതം മാര്‍ച്ച് 25 മുതല്‍ നിരോധിച്ചതായി അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു. ഹെഡ് പോസ്റ്റോഫീസ് ജംഗ്ഷനില്‍ നിന്നും പൂത്തൂര്‍ ഭാഗത്തേക്കുള്ള വാഹനങ്ങള്‍ കല്‍മണ്ഡപം – കല്‍പ്പാത്തി ബൈപാസ് വഴി തിരിഞ്ഞ് പോകണം.

ലെവല്‍ ക്രോസ് അടച്ചിടും

കഞ്ചിക്കോട്, കൊട്ടേക്കാട് റെയില്‍വേ സ്റ്റേഷനുകള്‍ക്കിടയിലുള്ള ലെവല്‍ ക്രോസിംങ് ഗേറ്റ് (നമ്പര്‍ 156) അറ്റകുറ്റപ്പണികള്‍ക്കായി മാര്‍ച്ച് 25ന് രാവിലെ എട്ട് മുതല്‍ മാര്‍ച്ച് 26 ന് വൈകീട്ട് ആറ് വരെ അടച്ചിടുമെന്ന് സതേണ്‍ റെയില്‍വേ പാലക്കാട് അസിസ്റ്റന്റ് ഡിവിഷണല്‍ എന്‍ജിനീയര്‍ അറിയിച്ചു. വാഹനങ്ങള്‍ പുത്തൂര്‍, കടുക്കാംകുന്നം, മന്തക്കാട്, മലമ്പുഴ വഴി പോകണം.

ഫോറസ്റ്റ് ട്രൈബ്യൂണല്‍ സിറ്റിങ്

കോഴിക്കോട് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഫോറസ്റ്റ് ട്രൈബ്യൂണല്‍ ജില്ലയില്‍ രണ്ട് ഘട്ടങ്ങളിലായി ക്യാമ്പ് സിറ്റിങ് നടത്തും. ഏപ്രില്‍ ഏഴ്, എട്ട് തീയതികളിലും 28, 29 തീയതികളിലും പാലക്കാട് ഡി.ടി.പി.സി കോമ്പൗണ്ടിലാണ് സിറ്റിങ് നടക്കുന്നത്.

വാര്‍ഷിക സ്റ്റോക്കെടുപ്പ് വിതരണം ഏപ്രില്‍ ഒന്ന്, രണ്ട്, നാല് തീയതികളില്‍

വാര്‍ഷിക സ്റ്റോക്കെടുപ്പുമായി ബന്ധപ്പെട്ട് ഏപ്രില്‍ ഒന്ന്, രണ്ട്, നാല് തീയതികളില്‍ ഷൊര്‍ണ്ണൂര്‍ മേഖലാ സ്റ്റേഷനറി ഓഫീസില്‍ സ്റ്റേഷനറി വിതരണം ഉണ്ടായിരിക്കുന്നതല്ലെന്ന് ഷൊര്‍ണൂര്‍ സ്റ്റേഷനറി കണ്‍ട്രോളര്‍ അറിയിച്ചു.

 
കുടുംബ-സാന്ത്വന പെന്‍ഷന്‍: ഓഗസ്റ്റ് 31 വരെ അപേക്ഷിക്കാം

സംസ്ഥാന കള്ള് വ്യവസായ തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് അംഗങ്ങളായ തൊഴിലാളികള്‍ മരണപ്പെട്ടാലുള്ള  സാന്ത്വന പെന്‍ഷന്‍, പെന്‍ഷന്‍ ലഭിച്ചിരുന്ന തൊഴിലാളികള്‍ മരണപ്പെട്ടാലുള്ള കുടുംബ പെന്‍ഷന്‍ എന്നിവയ്ക്കുള്ള അപേക്ഷകള്‍ തൊഴിലാളി മരണപ്പെട്ട് ആറ് മാസത്തിനകം നല്‍കണമെന്ന് അധികൃതര്‍ അറിയിച്ചു. 2017 ജൂലൈ മാസത്തിന് മുന്‍പും 2017 ജൂലൈ മാസത്തിന് ശേഷം 2022 ഫെബ്രുവരി വരെ മരണപ്പെട്ട തൊഴിലാളികളുടെ ആശ്രിതര്‍ക്ക് കുടുംബ സാന്ത്വന പെന്‍ഷന്‍ അപേക്ഷ നല്‍കേണ്ട അവസാന തീയതി ഓഗസ്റ്റ് 31 വരെയാണ്. 31 ന് ശേഷം ലഭിക്കുന്ന അപേക്ഷകള്‍ പരിഗണിക്കുന്നതല്ല.

 
വാഹനനികുതി കുടിശ്ശിക: ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതി മാര്‍ച്ച് 31 വരെ ദീര്‍ഘിപ്പിച്ചു

വാഹനനികുതി കുടിശ്ശികയുള്ള വാഹനങ്ങള്‍ക്കായി ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതി മാര്‍ച്ച് 31 വരെ ദീര്‍ഘിപ്പിച്ചതായി റീജിയണല്‍ ട്രാന്‍സ്പോര്‍ട്ട് ഓഫീസര്‍ അറിയിച്ചു. ട്രാന്‍സ്പോര്‍ട് വാഹനങ്ങള്‍ക്ക് നാല് വര്‍ഷത്തെ കുടിശ്ശികയുടെ 30 ശതമാനവും സ്വകാര്യ വാഹനങ്ങള്‍ക്ക് 40 ശതമാനവും അടച്ചാല്‍ മതിയാകും. കൂടുതല്‍ വിവരങ്ങള്‍ ബന്ധപ്പെട്ട ആര്‍.ടി ഓഫീസുകളില്‍ ലഭിക്കും. ഫോണ്‍: 0491-2505741

ജൈവകൃഷിയില്‍ പരിശീലനവും ഫാം സന്ദര്‍ശനവും 25ന്

ജില്ലാ കൃഷി വിജ്ഞാനകേന്ദ്രം മാര്‍ച്ച് 25 ന് ജൈവകൃഷിയില്‍ പരിശീലനവും ഫാം സന്ദര്‍ശനവും സംഘടിപ്പിക്കും. ഫോണ്‍: 6282937809

ദര്‍ഘാസ്

കോട്ടത്തറ ട്രൈബല്‍ സ്പെഷ്യാലിറ്റി ആശുപത്രിയില്‍  മുട്ട, ബ്രെഡ് എന്നിവ  വിതരണം ചെയ്യുന്നതിന്  ദര്‍ഘാസ് ക്ഷണിച്ചു. മാര്‍ച്ച് 30 ന് ഉച്ചക്ക് ഒന്ന് വരെ ദര്‍ഘാസ് സ്വീകരിക്കും. അന്നേദിവസം വൈകിട്ട് മൂന്നിന് ദര്‍ഘാസ് തുറക്കും. ഫോണ്‍: 8129543698,9447238912

റീ-വാല്യൂവേഷന്‍ ഫീസ് കൈപ്പറ്റണം

ഷൊര്‍ണൂര്‍ ഐ.പി.ടി ആന്റ് ജി.പി.ടി കോളേജില്‍ 2020 വരെയുള്ള ഡിപ്ലോമ പരീക്ഷാ റീ-വാല്യുവേഷന്‍ ഫീസ് തിരികെ ലഭിക്കാനുളളവര്‍ മാര്‍ച്ച് 30 നകം തിരിച്ചറിയല്‍ രേഖയുമായി സ്ഥാപനത്തിലെത്തി കൈപ്പറ്റണമെന്ന്  പ്രിന്‍സിപ്പാള്‍ അറിയിച്ചു. ഫോണ്‍:04662220450, 04662220440

error: Content is protected !!