കുറഞ്ഞ വില പറഞ്ഞും നയത്തില്‍ സംസാരിച്ചും വീട്ടുകാരെ പാട്ടിലാക്കുകയും അവര്‍ വേണ്ടെന്ന് പറഞ്ഞാലും കര്‍ട്ടനിട്ട ശേഷം വന്‍ തുക തട്ടിയെടുക്കുകയും ചെയ്യുന്ന സംഘത്തിലെ പ്രധാനികളായ ശൂരനാട് ഇരവിച്ചിറ ഈസ്റ്റ് ഷിബു ഭവനം ബൈജു (30), ചക്കുവള്ളി വടക്ക് പതാരം മിനി ഭവനില്‍ സുധീര്‍ (36), ശൂരനാട് തെക്ക് ഇഞ്ചക്കാട് അജീന മന്‍സിലില്‍ അജി (46), ചക്കുവള്ളി കൊച്ചു തെരുവ് പോരുവഴി താഴെ തുണ്ടില്‍ ബഷീര്‍ (50) എന്നിവരെയാണ് ചെങ്ങന്നൂര്‍ ഡിവൈ.എസ്.പി ഡോ. ആര്‍. ജോസിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം അറസ്റ്റ് ചെയ്തത്.
മാര്‍ച്ച് ഏഴിന് രാവിലെ 8.30 ന് കൊറ്റാര്‍കാവ് ഭാഗത്ത് തനിച്ചു താമസിക്കുന്ന വയോധികയെയാണ് സംഘം കൊള്ളയടിച്ചത്. ആറു പേരാണ് സംഘത്തിലുണ്ടായിരുന്നത്. ബാംബൂ കര്‍ട്ടന്‍ വേണോയെന്ന് ചോദിച്ചാണ് വയോധികയെ ഇവരില്‍ രണ്ടു പേര്‍ സമീപിച്ചത്. വേണ്ടെന്ന് വയോധിക പറഞ്ഞെങ്കിലും പീസൊന്നിന് 570 രൂപ നല്‍കിയാല്‍ മതിയെന്ന് പറഞ്ഞു. ഇതിനിടെ മറ്റു രണ്ടു പേര്‍ വന്ന് വയോധികയോട് അനുവാദം പോലും ചോദിക്കാന്‍ കര്‍ട്ടന്‍ സ്ഥാപിക്കാന്‍ തുടങ്ങി. ഫിറ്റ് ചെയ്തതിന് പിന്നാലെ വയോധിക 2000 രൂപ ഇവര്‍ക്ക് നല്‍കി.
ഇതോടെയാണ് സംഘത്തിന്റെ ഭാവം മാറിയത്. 59,500 രൂപയാണ് കര്‍ട്ടന്റെ വിലയെന്ന് ഇവര്‍ വയോധികയോട് പറഞ്ഞു. തന്റെ കൈയില്‍ വേറെ പണമൊന്നുമില്ലെന്ന് വയോധിക അറിയിച്ചു. ഇതോടെ മറ്റു രണ്ടു പേര്‍ കൂടി വീട്ടിലേക്ക് കടന്നു വന്നു. പണം കിട്ടാതെ തങ്ങള്‍ പോകില്ലെന്നായി ഇവര്‍. പണം തന്നില്ലെങ്കില്‍ തട്ടിക്കളയുമെന്ന് ഭീഷണി മുഴക്കുകയും ചെയ്തു. ഇവര്‍ ബലമായി വയോധികയില്‍ നിന്ന് ഒരു ക്യാഷ് ചെക്ക് എഴുതി വാങ്ങി. ബാങ്കില്‍ ചെന്നപ്പോള്‍ ചെക്ക് ലീഫിന് പിന്നില്‍ ഒപ്പില്ലെന്ന കാരണം പറഞ്ഞ് പണം കിട്ടിയില്ല. തിരികെ വന്ന സംഘാംഗങ്ങള്‍ പുതിയ ചെക്ക് എഴുതി വാങ്ങി പണം മാറിയെടുത്തു. അതിന് ശേഷം സംഘം വീട്ടില്‍ നിന്ന് പോയത്.
വയോധികയുടെ പരാതിയില്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. ആലപ്പുഴ എസ്പി വി. ജയദേവിന്റെ നിര്‍ദേശ പ്രകാരം ചെങ്ങന്നൂര്‍ ഡിവൈ.എസ്പിയുടെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു.
അന്വേഷണ സംഘം വയോധികയുടെ വീട്ടിലെത്തി സിസിടിവി ദൃശ്യങ്ങള്‍ ശേഖരിച്ചു. പ്രതികളെ തിരിച്ചറിഞ്ഞ് ചക്കുവള്ളിയില്‍ എത്തിയപ്പോഴേക്കും കടന്നു കളഞ്ഞു. തുടര്‍ന്ന് ഏറെ പണിപ്പെട്ട് ഇവരുടെ ശൂരനാട്ടെ ഒളിത്താവളം കണ്ടെത്തി ഇന്ന് വൈകിട്ടാണ് നാലു പ്രതികളെ അറസ്റ്റ് ചെയ്തത്.ഇവര്‍ വന്ന വാഹനവും പിടിച്ചെടുത്തു.
കൂടുതല്‍ സ്ഥലങ്ങളില്‍ ഇവര്‍ സമാന തട്ടിപ്പുകള്‍ നടത്തിയിട്ടുള്ളതായി വിവരം ലഭിച്ചിട്ടുണ്ട്. തട്ടിപ്പിന് ഇരയായവര്‍ മാവേലിക്കര പോലീസ് സ്‌റ്റേഷനുമായി (0479 234 4342) ബന്ധപ്പെടണമെന്ന് ഡിവൈ.എസ്പി അറിയിച്ചു. ആലപ്പുഴ, പത്തനംതിട്ട ജില്ലകളില്‍ നിരവധി സ്ഥലങ്ങളില്‍ ഇവര്‍ ഈ രീതിയില്‍ തട്ടിപ്പു നടത്തിയിട്ടുണ്ട്. തട്ടിപ്പിന് ഒരു പ്രത്യേക തന്ത്രമാണ് ഇവര്‍ ഉപയോഗിക്കുന്നത്. ഒരു വാഹനത്തില്‍ ആറു പേരോളമടങ്ങുന്ന സംഘമായിട്ടാണ് ഇവര്‍ എത്തുന്നത്. കൂട്ടത്തില്‍ ഒരാള്‍ വീടുകളില്‍ കയറി കര്‍ട്ടന്‍ വേണമോയെന്ന് ചോദിക്കും. സ്‌ക്വയര്‍ ഫീറ്റിന് നിസാര തുകയാകും പറയുക. വീട്ടുകാര്‍ വേണ്ടെന്ന് പറയുമ്പോഴേക്കും രണ്ടാമതൊരാള്‍ കര്‍ട്ടനുമായി വന്ന് ഫിറ്റ് ചെയ്യാന്‍ തുടങ്ങും. ഇതിനിടെ ശേഷിക്കുന്ന രണ്ടു പേര്‍ കൂടി ഫിറ്റിങിന് സഹായിക്കാനെത്തും. മിന്നല്‍ വേഗത്തില്‍ കര്‍ട്ടന്‍ ഫിറ്റ് ചെയ്തിട്ടുള്ള കണക്ക് കൂട്ടലിലാണ് ഇവരുടെ തട്ടിപ്പ്. ആയിരമോ രണ്ടായിരമോ പ്രതീക്ഷിച്ചു നില്‍ക്കുന്ന വീട്ടുകാര്‍ക്ക് ഇവര്‍ നല്‍കുക മുപ്പതിനായിരം മുതല്‍ അരലക്ഷം വരെയുള്ള ബില്‍ ആയിരിക്കും.
ഞെട്ടി നില്‍ക്കുന്ന വീട്ടുകാരെ വിരട്ടി പണവും വാങ്ങി ഇവര്‍ പോകും. വീട്ടുകാര്‍ തട്ടിപ്പ് തിരിച്ചറിഞ്ഞ് ഇവര്‍ നല്‍കുന്ന ബില്ലിലെ നമ്പരിലേക്ക് വിളിക്കുമ്പോള്‍ അത് കര്‍ട്ടന്‍ സപ്ലൈ ചെയ്യുന്ന ഏതെങ്കിലും കടയിലെ ആയിരിക്കും. ഇവിടെ നിരവധി പേര്‍ കര്‍ട്ടന്‍ എടുക്കാന്‍ വരാറുള്ളതിനാല്‍ ആരാണ് പറ്റിച്ചതെന്ന് തങ്ങള്‍ക്ക് അറിയില്ലെന്ന് കടക്കാര്‍ കൈമലര്‍ത്തും. ഇത്തരം നിരവധി സംഘങ്ങള്‍ ശൂരനാട്, നൂറനാട്, താമരക്കുളം, ചക്കുവള്ളി, കറ്റാനം മേഖലകള്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്നുണ്ട്.
എസ്‌ഐമാരായ പി.എസ് അംശു, അലി അക്ബര്‍, സിപിഓമാരായ ആര്‍. വിനോദ് കുമാര്‍, ടി. സുനില്‍കുമാര്‍ എന്നിവര്‍ ചേര്‍ന്നാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.
ഇവരുടെ തട്ടിപ്പിന് ഇരയായവർ ബന്ധപ്പെടണമെന്ന് മാവേലിക്കര പൊലീസ് – 0479 234 4342