കേരളത്തെ നവവൈജ്ഞാനിക സമൂഹമാക്കി മാറ്റും: മന്ത്രി വീണാ ജോര്‍ജ്
അഭ്യസ്തവിദ്യരെ ഉള്‍പ്പെടുത്തി സംസ്ഥാനത്തെ നവ വൈജ്ഞാനിക സമൂഹമാക്കി മാറ്റിയെടുക്കുമെന്ന് ആരോഗ്യ കുടുംബക്ഷേമ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ജില്ലാ പഞ്ചായത്ത് ജയന്‍ സ്മാരക ഹാളില്‍ മാലാഖക്കൂട്ടം രണ്ടാംഘട്ടപദ്ധതിയില്‍ പൊതു വിഭാഗത്തിലെ 100 ഉദ്യോഗാര്‍ത്ഥികള്‍ക്കുള്ള നിയമന ഉത്തരവ് കൈമാറി സംസാരിക്കുകയായിരുന്നു മന്ത്രി.
നവ വൈജ്ഞാനിക സമൂഹം സൃഷ്ടിക്കുന്നതുമായി ബന്ധപ്പെട്ട് ക്രിയാത്മകമായ പ്രസ്താവന കഴിഞ്ഞ ബജറ്റില്‍ അവതരിപ്പിച്ചിട്ടുണ്ട്. ആവശ്യമായ ഇടപെടലുകള്‍ നടത്തി വരും വര്‍ഷങ്ങളില്‍ ഇത്തരം ഒരു സമൂഹമാക്കി സംസ്ഥാനത്തെ വാര്‍ത്തെടുക്കും. കേരളത്തിന്റെ ആരോഗ്യ മേഖല ആഗോള തലത്തില്‍ ശ്രദ്ധിക്കപ്പെടുന്നതാണ്. ദേശീയ സുസ്ഥിര വികസന സൂചികയില്‍ സംസ്ഥാനത്തെ ആരോഗ്യ- വിദ്യാഭ്യാസരംഗങ്ങള്‍ ഒന്നാംസ്ഥാനത്താണ്. സര്‍ക്കാര്‍ സ്വീകരിച്ചിട്ടുള്ള വീക്ഷണപരമായ ഇടപെടലുകളും കൂട്ടായ പരിശ്രമവുമാണ് ഇതിലേക്ക് നയിച്ചത്. സംസ്ഥാനത്തെ ആരോഗ്യമേഖലയില്‍ ഏറ്റവും പ്രാധാന്യമര്‍ഹിക്കുന്നത് പ്രഗല്‍ഭരായ ഡോക്ടര്‍മാരും മറ്റ് ആരോഗ്യപ്രവര്‍ത്തകരുമടങ്ങുന്ന മനുഷ്യവിഭവശേഷിക്കാണെന്നും മന്ത്രി പറഞ്ഞു.
ബി.എസ്. സി നേഴ്‌സിങ് പാസായ ഉദ്യോഗാര്‍ത്ഥികള്‍ക്ക് ജില്ലയിലെ സര്‍ക്കാര്‍ ആശുപത്രികളില്‍ രണ്ടുവര്‍ഷം അപ്രന്റിഷിപ്പ് നിയമനം നല്‍കുന്ന പദ്ധതിയാണ് മാലാഖക്കൂട്ടം. പദ്ധതിയുടെ ആദ്യഘട്ടമായി പട്ടികജാതി വിഭാഗത്തില്‍പെട്ട 100 പേര്‍ക്ക് നിയമനം നല്‍കിയിട്ടുണ്ട്. ജനറല്‍ നേഴ്‌സിങ് കഴിഞ്ഞവര്‍ക്ക് 12,500 രൂപയും ബി. എസ്.സി നഴ്‌സിംഗ് കഴിഞ്ഞവര്‍ക്ക് 15,000 രൂപയുമാണ് പ്രതിമാസ വേതനം.
ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സാം കെ. ഡാനിയല്‍ അധ്യക്ഷനായി. സ്റ്റാന്‍ഡിങ് കമ്മിറ്റി അധ്യക്ഷരായ പി. കെ ഗോപന്‍, ജെ. നജീബത്ത്, അനില്‍ എസ്. കല്ലേലിഭാഗം, വസന്ത രമേശ്, സെക്രട്ടറി ബിനുന്‍ വാഹിദ്, ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ബിന്ദു മോഹന്‍, ജില്ലാ പഞ്ചായത്ത് അംഗങ്ങള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
നവകേരളം കര്‍മ്മ പദ്ധതി; പ്രവര്‍ത്തന മാര്‍ഗരേഖ പ്രകാശനം ചെയ്തു
നവകേരളം കര്‍മപദ്ധതിയുടെ പ്രവര്‍ത്തന മാര്‍ഗ രേഖ ജില്ലാ പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സാം കെ. ഡാനിയേല്‍ പ്രകാശനം ചെയ്തു. നവകേരളം പദ്ധതിയുടെ ആദ്യഘട്ടത്തിലെ വികസന മിഷനുകളെല്ലാം യോജിപ്പിച്ചു കൊണ്ടുള്ള ഏകീകൃത പദ്ധതിയാണ് രണ്ടാംഘട്ടത്തില്‍ നടപ്പാക്കുന്നത്.
ആദ്യഘട്ടത്തില്‍ ഉണ്ടായിരുന്ന ലൈഫ് മിഷന്‍, ആര്‍ദ്രം, പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞം, ഹരിത കേരളം എന്നിവയ്‌ക്കൊപ്പം കേരള പുനര്‍നിര്‍മാണ പദ്ധതിയും ഉള്‍പ്പെടുത്തിയാണ് ഏകീകൃത നവകേരളം കര്‍മ്മ പദ്ധതി -2 ആവിഷ്‌കരിച്ചിട്ടുള്ളത്. ഇവയുടെ ഫലപ്രദമായ ഏകോപനവും സംയോജനവും വിലയിരുത്തല്‍ രീതികളും നടപ്പാക്കുകയാണ് ലക്ഷ്യം. പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞം പ്രധാന ലക്ഷ്യങ്ങള്‍ പൂര്‍ത്തീകരിച്ചതിനാല്‍ വിദ്യാകിരണം എന്ന് പുനര്‍നാമകരണം ചെയ്തിട്ടുണ്ട്.
പ്രകാശന ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സുമ ലാല്‍, സ്റ്റാന്‍ഡിങ് കമ്മിറ്റി അധ്യക്ഷരായ പി.കെ ഗോപന്‍, വസന്ത രമേശ്, ജെ.നജീബത്ത്, സെക്രട്ടറി ബിനുന്‍ വാഹിദ്, ഹരിത കേരളം മിഷന്‍ ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ എസ്. ഐസക്, ജില്ലാ പഞ്ചായത്ത് അംഗങ്ങള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
മികച്ച ശുചിത്വനിലവാരം; സര്‍ട്ടിഫിക്കറ്റ് നല്‍കി
ജില്ലയിലെ ഭക്ഷണശാലകള്‍ക്ക് ശുചിത്വനിലവാരം പരിശോധിച്ച് നല്‍കുന്ന ഹൈജീന്‍ റേറ്റിംഗ് സര്‍ട്ടിഫിക്കറ്റ് സുപ്രീം എക്‌സ്പീരിയന്‍സ് എന്ന സ്ഥാപനത്തിന് ജില്ലാകളക്ടര്‍ അഫ്‌സാന പര്‍വീണ്‍ കൈമാറി. ജില്ലയില്‍ ആദ്യമായാണ് ഇത്തരത്തില്‍ സര്‍ട്ടിഫിക്കറ്റ് നല്‍കുന്നത്. വിവിധ മാനദണ്ഡങ്ങള്‍ പരിശോധിച്ചാണ് സര്‍ട്ടിഫിക്കറ്റ് നല്‍കുക. ജീവനക്കാരുടെ ആരോഗ്യസ്ഥിതി, ജലത്തിന്റെ ഗുണനിലവാരം, പൊതുവായ ഭക്ഷ്യ സുരക്ഷാ സംവിധാനങ്ങള്‍, കീടനിയന്ത്രണ സംവിധാനം, അസംസ്‌കൃത വസ്തുക്കളുടെ ഗുണനിലവാരം, പാകം ചെയ്ത ഭക്ഷ്യ വസ്തുക്കളുടെ പരിശോധനാ റിപ്പോര്‍ട്ട്, ജീവനക്കാര്‍ക്ക് നല്‍കിയിട്ടുള്ള പരിശീലനം തുടങ്ങിയ കാര്യങ്ങള്‍ പരിശോധിക്കും. ആദ്യഘട്ടത്തില്‍ 33 ഭക്ഷണശാലകളില്‍ പരിശോധന നടത്തി. ഭക്ഷ്യസുരക്ഷാ അസിസ്റ്റന്റ് കമ്മീഷണര്‍ എസ്.അജി ജില്ലയിലെ വിവിധ ഭക്ഷ്യസുരക്ഷാ ഓഫീസര്‍മാര്‍ ജീവനക്കാര്‍ തുടങ്ങിയവര്‍ സര്‍ട്ടിഫിക്കറ്റ് നല്‍കുന്ന ചടങ്ങില്‍ പങ്കെടുത്തു.
പുരസ്‌കാരം നേടാന്‍ അവസരം
ശുചിത്വ മാലിന്യ സംസ്‌കരണ മേഖലയില്‍ മികച്ച പ്രവര്‍ത്തനങ്ങള്‍ നടത്തിയിട്ടുള്ള വ്യക്തികള്‍, സംഘടനകള്‍, ഗ്രൂപ്പുകള്‍ തുടങ്ങിയവയ്ക്ക് ദേശീയ തലത്തില്‍ പുരസ്‌കാരം നേടാന്‍ അവസരം. നടത്തിയിട്ടുള്ള പ്രവര്‍ത്തനങ്ങളെ സംബന്ധിച്ച് അഞ്ച് മിനിറ്റില്‍ അധികരിക്കാതെയുള്ള വീഡിയോ തയ്യാറാക്കി മാര്‍ച്ച് 29ന് വൈകിട്ട് 5 മണിക്ക് മുമ്പായി കൊല്ലം സിവില്‍ സ്റ്റേഷനിലെ മൂന്നാം നിലയില്‍ പ്രവര്‍ത്തിക്കുന്ന ശുചിത്വ മിഷന്‍ ജില്ലാ കോ ഓഡിനേറ്ററുടെ കാര്യാലയത്തില്‍ നല്‍കണം. ഫോണ്‍ – 0474 2791910.
അനിമേഷന്‍ വീഡിയോ പ്രകാശനം ചെയ്തു
ജില്ലാ ഭക്ഷ്യസുരക്ഷാ വിഭാഗം ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി നിര്‍മ്മിച്ച അനിമേഷന്‍ വീഡിയോയുടെ പ്രകാശനം ജില്ലാ കലക്ടര്‍ അഫ്‌സാന പര്‍വീണ്‍ നിര്‍വഹിച്ചു. ലേബല്‍ വിവരങ്ങള്‍ രേഖപ്പെടുത്താതെ വിപണിയില്‍ ഇറക്കുന്ന ഭക്ഷ്യ ഉല്‍പ്പന്നങ്ങള്‍ വാങ്ങുന്നതിനെതിരെ പൊതുജനങ്ങള്‍ക്ക് അവബോധം സൃഷ്ടിക്കലാണ് ലക്ഷ്യം. പാക്കറ്റ് ഭക്ഷ്യവസ്തുക്കളില്‍ ലേബല്‍ ശരിയായി രേഖപ്പെടുത്താത്തത് അഞ്ചു ലക്ഷം രൂപ വരെ പിഴ ലഭിക്കാവുന്ന കുറ്റമാണ്. ചടങ്ങില്‍ കൊല്ലം ജില്ലാ ഭക്ഷ്യസുരക്ഷാ അസിസ്റ്റന്റ് കമ്മീഷണര്‍ എസ്. അജി ജില്ലയിലെ വിവിധ ഭക്ഷ്യസുരക്ഷാ ഓഫീസര്‍മാര്‍, ജീവനക്കാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
ക്വട്ടേഷന്‍ ക്ഷണിച്ചു
കുളത്തൂപ്പുഴ എം.ആര്‍.എസ് സ്‌കൂളിലെ വിദ്യാര്‍ത്ഥികള്‍ക്ക് ആവശ്യമായ മൂന്ന് ജോഡി വീതം യൂണിഫോം തുണി തുന്നി നല്‍കുന്നതിന് ടൈലറിംഗ് സ്ഥാപനങ്ങള്‍, വ്യക്തികളില്‍ നിന്നും ക്വട്ടേഷന്‍ ക്ഷണിച്ചു. അവസാന തീയതി മാര്‍ച്ച് 30 ഉച്ചയ്ക്ക് 12 മണി. അപേക്ഷകള്‍ എം.ആര്‍.എസ് ഓഫീസില്‍ നല്‍കണം. ഫോണ്‍ 0475 2312020.
സൗജന്യ കോഴ്‌സിന് അപേക്ഷിക്കാം
സംസ്ഥാന സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള കരുനാഗപ്പള്ളി മോഡല്‍ പോളിടെക്‌നിക് കോളേജില്‍ എസ്.സി. വിദ്യാര്‍ഥികള്‍ക്ക് സര്‍ട്ടിഫിക്കറ്റ് കോഴ്‌സ് ഇന്‍ ഡേറ്റാ എന്‍ട്രി ആന്‍ഡ് ഓഫീസ് ഓട്ടോമേഷന്‍ സൗജന്യ കോഴ്‌സ് ആരംഭിക്കുന്നു. പ്ലസ് ടു 50 ശതമാനം മാര്‍ക്ക് അല്ലെങ്കില്‍ ഐ.ടി.ഐയാണ് വിദ്യാഭ്യാസ യോഗ്യത. ഫോണ്‍ 9447488348