വനം- വന്യജീവി വകുപ്പ് മന്ത്രി എ.കെ ശശീന്ദ്രന്‍ (മാര്‍ച്ച് 25) ന് ജില്ലയിലെ വിവിധ പരിപാടികളില്‍ പങ്കെടുക്കും.
രാവിലെ 10.30 ന് പുല്ലംകുന്നില്‍ മലമ്പുഴ ഡാം- വാളയാര്‍ ഫോറസ്റ്റ് റേഞ്ച് ഓഫീസ് കെട്ടിടോദ്ഘാടനം നിര്‍വഹിക്കും. വൈകിട്ട് മൂന്നിന് മണ്ണാര്‍ക്കാട്, അമ്പലപ്പാറ മാതൃക ഫോറസ്റ്റ് സ്റ്റേഷന്‍ കെട്ടിടങ്ങള്‍, ആനക്കട്ടി ഫോറസ്റ്റ് ചെക്ക് പോസ്റ്റ് സമുച്ചയം, എം.ഇ.എസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ വിദ്യാവനം പദ്ധതി ഉദ്ഘാടനവും മന്ത്രി നിര്‍വഹിക്കും.
റവന്യൂ വകുപ്പ് മന്ത്രി കെ. രാജന്‍ (മാര്‍ച്ച് 25) ജില്ലയിലെ വിവിധ സ്മാര്‍ട്ട് വില്ലേജ് ഓഫീസുകള്‍ ഉദ്ഘാടനം ചെയ്യും. പുതൂര്‍ (രാവിലെ ഒമ്പത്), മണ്ണാര്‍ക്കാട് – 2(ഉച്ചക്ക് 12), കോട്ടോപ്പാടം – 1 (ഉച്ചക്ക് 2.30), ശ്രീകൃഷ്ണപുരം – 2(വൈകീട്ട് 4:30), ഷൊര്‍ണൂര്‍ – 2(വൈകീട്ട് 5:30), തിരുവേഗപ്പുറ(വൈകീട്ട് 6) എന്നീ സ്മാര്‍ട്ട് വില്ലേജ് ഓഫീസുകളുടെ ഉദ്ഘാടനമാണ് മന്ത്രി നിര്‍വഹിക്കുന്നത്.
കാര്‍ഷിക വികസന കര്‍ഷക ക്ഷേമ വകുപ്പിന്റെ നേതൃത്വത്തില്‍ പച്ചക്കറി വികസന പദ്ധതി, കാര്‍ഷിക വിജ്ഞാന വ്യാപനം എന്നിവയില്‍ മികച്ച പ്രവര്‍ത്തനം കാഴ്ചവെച്ച കര്‍ഷകര്‍, ഉദ്യോഗസ്ഥര്‍ക്കുമുള്ള അവാര്‍ഡ് വിതരണ ഉദ്ഘാടനം (മാര്‍ച്ച് 25) രാവിലെ 11.30 ന് ജില്ലാ പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ വൈദ്യുതി വകുപ്പ് മന്ത്രി കെ. കൃഷ്ണന്‍കുട്ടി നിര്‍വഹിക്കും. ഷാഫി പറമ്പില്‍ എം.എല്‍.എ അധ്യക്ഷനാകുന്ന പരിപാടിയില്‍ വി.കെ ശ്രീകണ്ഠന്‍ എം.പി മുഖ്യാതിഥിയാകും.
പച്ചക്കറി വികസന പദ്ധതി, ഓണത്തിന് ഒരു മുറം പച്ചക്കറി, കൃഷി വിജ്ഞാനവ്യാപനം എന്നിവ പ്രകാരം ജില്ലയില്‍ സമഗ്ര കാര്‍ഷിക വികസന പ്രവര്‍ത്തനങ്ങള്‍ കാഴ്ചവെച്ച മികച്ച കര്‍ഷകര്‍, പച്ചക്കറി ക്ലസ്റ്റര്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, അധ്യാപകര്‍, വിദ്യാര്‍ത്ഥികള്‍, പൊതുമേഖലാ സ്ഥാപനങ്ങള്‍, മട്ടുപ്പാവ് കൃഷി, വകുപ്പിലെ ഉദ്യോഗസ്ഥര്‍ എന്നിവര്‍ക്ക് ജില്ലാതലതലത്തില്‍ അവാര്‍ഡ് വിതരണം സംസ്ഥാനതലത്തില്‍ അവാര്‍ഡ് നേടിയവരെ ആദരിക്കല്‍ എന്നിവ നടക്കും.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ബിനുമോള്‍, പാലക്കാട് ചെയര്‍പേഴ്‌സണ്‍ പ്രിയ അജയന്‍, ജില്ലാ കലക്ടര്‍, ജില്ലാ പഞ്ചായത്ത് വികസനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ പി.സി നീതു, പാലക്കാട് നഗരസഭാ വികസനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ പ്രമീള ശശിധരന്‍, പാലക്കാട് നഗരസഭാ വാര്‍ഡ് കൗണ്‍സിലര്‍ എസ് ഷൈലജ, ഡെപ്യൂട്ടി ഡയറക്ടര്‍ പി. കൃഷ്ണന്‍, കൃഷി ഡെപ്യൂട്ടി ഡയറക്ടര്‍ എസ്.എം നൂറുദ്ദീന്‍, പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍ കെ.ടി ദീപ്തി എന്നിവര്‍ പങ്കെടുക്കും.
ലോക ക്ഷയരോഗ ദിനാചരണ ജില്ലാതല ഉദ്ഘാടനം ജില്ലാ കലക്ടര്‍ മൃണ്‍മയി ജോഷി നിര്‍വഹിച്ചു. ജില്ലാ ടി. ബി സെന്ററിന്റെ നേതൃത്വത്തില്‍ നടപ്പാക്കുന്ന ക്ഷയരോഗ നിര്‍മ്മാര്‍ജ്ജന പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ഗൗരവത്തോടെ ജനങ്ങള്‍ ഏറ്റെടുക്കണമെന്നും യഥാസമയം ചികിത്സ നേടണമെന്നും കലക്ടര്‍ പറഞ്ഞു. ജില്ലാ പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന പരിപാടിയില്‍ ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.കെ.പി റീത്ത അധ്യക്ഷയായി. പാലക്കാട് ഗവ. മെഡിക്കല്‍ കോളേജ് കമ്മ്യൂണിറ്റി മെഡിസിന്‍ വിഭാഗം മേധാവി ഡോ. ഷിലു സക്കറിയ ‘ക്ഷയരോഗവും കോവിഡും’ എന്ന വിഷയത്തില്‍ പ്രഭാഷണം നടത്തി. കോവിഡ് കാലത്ത് ക്ഷയ രോഗത്തിന്റെ ലക്ഷണങ്ങള്‍ തിരിച്ചറിഞ്ഞ് കൃത്യസമയത്ത് ചികിത്സ തേടണമെന്നും ഡോ. ഷിലു സക്കറിയ പറഞ്ഞു. രണ്ടാഴ്ചയിലേറെ നീണ്ടുനില്‍ക്കുന്ന ചുമയുള്ളവര്‍ ഡോക്ടറുടെ നിര്‍ദ്ദേശപ്രകാരം ക്ഷയരോഗ നിര്‍ണയ പരിശോധനയ്ക്ക് വിധേയരാകണമെന്നും പ്രഭാഷണത്തില്‍ പറഞ്ഞു. ടി. ബി സെന്റര്‍ ഓഫീസര്‍ ഡോ.എസ് രാധാകൃഷ്ണന്‍, ഐ.എം.എ പാലക്കാട് പ്രസിഡന്റ് ഡോ. എന്‍.എം അരുണ്‍, ജില്ലാ ആശുപത്രി സൂപ്രണ്ട് ഡോ.കെ ശ്രീദേവി, ഡെപ്യൂട്ടി ഡി.എം.ഒ ഡോ. കെ.ആര്‍. ശെല്‍വരാജ്, ഐ.എം.എ പ്രതിനിധി ഡോ. വേലായുധന്‍, ടി. ബി.സെന്റര്‍ സീനിയര്‍ ക്ലര്‍ക്ക് പി.സോംനാഥ് എന്നിവര്‍ സംസാരിച്ചു . പരിപാടിയില്‍ ‘ക്ഷയരോഗ നിവാരണത്തിനായി നിക്ഷേപിക്കാം, ജീവന്‍ സംരക്ഷിക്കാം’ ക്ഷയരോഗ ദിന പ്രതിജ്ഞ ഐ.എം.എ പ്രസിഡന്റ് ഡോ. എന്‍. എം.അരുണ്‍ ചൊല്ലി. ക്ഷയരോഗ സര്‍വേയില്‍ മികച്ച പ്രവര്‍ത്തനം കാഴ്ചവെച്ച നഴ്‌സ് നീതു, ആശാ പ്രവര്‍ത്തക പി ശോഭന, മറ്റ് ടീമംഗങ്ങള്‍, ന്യൂഇന്ത്യ@75 ക്യാമ്പയിനോടനുബന്ധിച്ച് നടത്തിയ ഉപന്യാസ മത്സര വിജയികളായ തെങ്കര ജി.എച്ച്. എസ്. എസ്. ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥി പി. സൗമ്യ, ബിഗ് ബസാര്‍.എച്ച്. എസ്. എസ്. എസ്. വിദ്യാര്‍ത്ഥി ഡാനിയല്‍ അഹമ്മദ്, കുഴല്‍മന്ദം ജി.എച്ച്. എസ്. എസ് വിദ്യാര്‍ത്ഥി ആര്‍. ഗംഗ, മികച്ച ട്രീറ്റ്‌മെന്റ് സപ്പോര്‍ട്ടര്‍ പാലക്കാട് ടി.ബി യൂണിറ്റ് അംഗം എം. ഉഷാകുമാരി (പുതുശ്ശേരി), പാലക്കാട് ജില്ലാ ആശുപത്രി ലബോറട്ടറി ടെക്‌നീഷ്യന്‍ പി. പ്രമോദ് കുമാര്‍,ക്ഷയരോഗം അതിജീവിച്ചവര്‍എന്നിവര്‍ക്ക് സമ്മാനങ്ങളും സര്‍ട്ടിഫിക്കറ്റുകളും ജില്ലാ കലക്ടര്‍ വിതരണം ചെയ്തു. പരിപാടിയുടെ ഭാഗമായി പാലക്കാട് ജില്ലാ ആശുപത്രിയില്‍ ജില്ലാ പഞ്ചായത്തിലേക്ക് ക്ഷയരോഗ നിയന്ത്രണ ബോധവത്ക്കരണ പദയാത്ര നടത്തി. ഉദ്ഘാടന പരിപാടിക്ക് ശേഷം പാലക്കാട് മേഴ്‌സി കോളേജിലെ വിദ്യാര്‍ത്ഥികളുടെ കലാപരിപാടികള്‍ അവതരിപ്പിച്ചു.
ജില്ലാ പഞ്ചായത്ത് 2022 – 23 വര്‍ഷത്തെ ബജറ്റ് യോഗം (മാര്‍ച്ച് 25) രാവിലെ 11 ന് ജില്ലാ പഞ്ചായത്തില്‍ നടക്കും.
ഗ്രാമപഞ്ചായത്തുകളിലെ പൊതു ഇടങ്ങളില്‍ വാട്ടര്‍ എ.ടി.എം സ്ഥാപിക്കാന്‍ പുതിയ പദ്ധതിയുമായി ചിറ്റൂര്‍ ബ്ലോക്ക് പഞ്ചായത്ത് ബജറ്റ്. ചിറ്റൂര്‍ ബ്ലോക്കിലെ ഏഴ് ഗ്രാമപഞ്ചായത്തുകളില്‍ വാട്ടര്‍ എ.ടി.എം. സ്ഥാപിക്കുന്നതിന് 35 ലക്ഷം രൂപയാണ് ബജറ്റില്‍
വകയിരുത്തിയത്. ലിറ്ററിന് ഒരു രൂപ നിരക്കില്‍ ശുദ്ധീകരിച്ച വെള്ളം ശേഖരിക്കാവുന്ന രീതിയിലാണ് വാട്ടര്‍ എ. ടി. എം. മെഷീനുകള്‍ സ്ഥാപിക്കുക. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി. മുരുകദാസിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ വൈസ് പ്രസിഡന്റ് എ. സുജാത ബജറ്റ് അവതരിപ്പിച്ചു.
ചിറ്റൂര്‍ ബ്ലോക്ക് പഞ്ചായത്ത് 2022- 2023 വര്‍ഷത്തില്‍ 11.94 കോടി രൂപ വരവും 11.6 കോടി രൂപയുടെ ചെലവും 34.39 ലക്ഷം രൂപയുടെ മിച്ചവുമാണ് പ്രതീക്ഷിക്കുന്നതെന്ന് വൈസ് പ്രസിഡന്റ് പറഞ്ഞു. കാര്‍ഷികമേഖല, മൃഗസംരക്ഷണം, ക്ഷീര വികസന പദ്ധതികള്‍, വനിതാ വികസനം, ആരോഗ്യപദ്ധതികള്‍, സമ്പൂര്‍ണ്ണ ശുചിത്വം, ഭിന്നശേഷിക്കാര്‍ക്കുള്ള പദ്ധതികള്‍, റോഡ്, കെട്ടിടങ്ങള്‍, റൂഫ് ടോപ്പ് സോളാര്‍, ഇലക്ട്രിക് ചാര്‍ജിങ് സ്റ്റേഷന്‍, ഓപ്പണ്‍ ജിംനേഷ്യം, പട്ടികജാതി-പട്ടികവര്‍ഗ്ഗ വികസന മേഖലയില്‍ പദ്ധതികള്‍ നടപ്പാക്കുന്നതിനും ബജറ്റില്‍ തുക ഉള്‍പ്പെടുത്തിയിരിക്കുന്നത്. കര്‍ഷകര്‍ക്ക് ഉഴവ് കൂലിയിനത്തില്‍ ഏഴ് ഗ്രാമപഞ്ചായത്തുകളിലെ കര്‍ഷകര്‍ക്ക് 35.73 ലക്ഷം, വനിതാ സംഘങ്ങള്‍ക്ക് പശു വാങ്ങി നല്‍കുന്നതിനും കാലിത്തീറ്റ സബ്‌സിഡി നല്‍കുന്നതുമായി 42 ലക്ഷം, സഞ്ചരിക്കുന്ന മൃഗാശുപത്രിയുടെ തുടര്‍ പ്രവര്‍ത്തനങ്ങള്‍ക്ക് 20 ലക്ഷം, വനിതാ ഘടക പദ്ധതിയില്‍ ഉള്‍പ്പെടുത്തി ഗ്രാമപഞ്ചായത്തുകള്‍ക്ക് 21.4 ലക്ഷം, പ്രൈമറി പാലിയേറ്റീവ് കെയര്‍,സെക്കന്‍ഡറി പാലിയേറ്റീവ് കെയര്‍ ആശുപത്രികള്‍ക്ക് മരുന്ന് വാങ്ങാന്‍ 10 ലക്ഷം രൂപ എന്നിങ്ങനെ ബജറ്റില്‍ വകയിരുത്തിയിട്ടുണ്ട്.
വഴിയോര വിശ്രമ കേന്ദ്രത്തിന് 50 ലക്ഷം, ഭിന്നശേഷിക്കാര്‍ക്കുള്ള ‘സ്‌കൂട്ടര്‍ വിത്ത് സൈഡ് വീല്‍’ പദ്ധതിക്കും അംഗപരിമിതര്‍ക്ക് ഉപകരണങ്ങള്‍ വാങ്ങുന്നതിനുമായും 10.7 ലക്ഷം, റോഡുകള്‍ സഞ്ചാരയോഗ്യമാക്കുന്നതിന് 2.50 കോടി, ബ്ലോക്കിന് വിട്ടുകിട്ടിയ സ്ഥാപനങ്ങളുടെ നവീകരണം ഭൗതിക സൗകര്യങ്ങള്‍ ഒരുക്കുന്നതിനും ഒരു കോടി, പട്ടികവര്‍ഗ്ഗ കോളനിയില്‍ സൗര പദ്ധതി നടപ്പാക്കുന്നതിനായി 10 ലക്ഷം, പട്ടികജാതി പട്ടികവര്‍ഗ്ഗ വിദ്യാര്‍ത്ഥികള്‍ക്ക് മെറിറ്റോറിയസ് സ്‌കോളര്‍ഷിപ്പ് പഠനമുറി എന്നിവ നല്‍കുന്നതിന് 10 ലക്ഷം വീതവും ബജറ്റില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഇലക്ട്രിക്കല്‍ വാഹനങ്ങള്‍ ഉപയോഗം പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി കെ.എസ്. ഇ.ബി ധനസഹായത്തോടെ വടകരപ്പതി ഗ്രാമപഞ്ചായത്തില്‍ ഇലക്ട്രിക് വെഹിക്കിള്‍ ചാര്‍ജിങ് സ്റ്റേഷന്‍, ബ്ലോക്ക് പരിധിയില്‍ ഓപ്പണ്‍ ജിംനേഷ്യം, ബ്ലോക്ക് പരിധിയിലെ യുവജനങ്ങളെ ഉള്‍പ്പെടുത്തി പ്രകൃതി ദുരന്ത നിവാരണ സേന എന്നിവയും നടപ്പാക്കുമെന്ന് ചിറ്റൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി. മുരുകദാസ് പറഞ്ഞു.
നെഹ്രു യുവ കേന്ദ്രം, നാഷണല്‍ സര്‍വീസ് സ്‌കീം എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ ശാധി മഹല്‍ ഓഡിറ്റോറിയത്തില്‍ നടന്ന ജില്ലാ യുവജന പാര്‍ലമെന്റ് ഷാഫി പറമ്പില്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ബിനുമോല്‍ അദ്ധ്യക്ഷയായ പരിപാടിയില്‍ ഫിറ്റ് ഇന്ത്യ സ്‌പോര്‍ട്‌സ് ഉപകരണങ്ങളുടെ വിതരണം നഗരസഭാ വൈസ് ചെയര്‍മാന്‍ അഡ്വ.ഇ കൃഷ്ണദാസ് നിര്‍വഹിച്ചു. നാഷണല്‍ യൂത്ത് പാര്‍ലമെന്റ് മത്സരവിജയികള്‍ക്ക് ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സി.കെ.ചാമുണ്ണി സമ്മാനം വിതരണം ചെയ്തു. വിവിധ വിഷയങ്ങളില്‍ അഡ്വ. റെബിന്‍ വിന്‍സെന്റ് ഗ്രാലര്‍, സുബിന്‍ എസ് എന്നിവര്‍ ക്ലാസ് എടുത്തു. അസിസ്റ്റന്റ് കലക്ടര്‍ ഡോ. അശ്വതി ശ്രീനിവാസ് , എന്‍.എസ്.എസ് ജില്ലാ കോ-ഓഡിനേറ്റര്‍ മുഹമ്മദ് റഫീക്ക്, എസ്.എസ് അക്കാദമി ഡയറക്ടര്‍ എ സുരേന്ദ്രന്‍, നെഹ്‌റു യുവ കേന്ദ്ര ജില്ലാ യൂത്ത് ഓഫീസര്‍ സി.ബിന്‍സി, എന്‍.വൈ.കെ.പ്രോഗ്രാം ഓഫീസര്‍ കര്‍പകം എന്നിവര്‍ സംസാരിച്ചു.
ലൈഫ് മിഷന്‍ ഓഫീസില്‍ ഡാറ്റ എന്‍ട്രി ഓപ്പറേറ്റര്‍-കം-മള്‍ട്ടി ടാസ്‌ക് പേഴ്‌സണ്‍ തസ്തികയില്‍ താത്കാലിക ഒഴിവ്. ദിവസ വേതനാടിസ്ഥാനത്തില്‍ ജോലി ചെയ്യാന്‍ താത്പര്യമുള്ളവര്‍ക്ക് അപേക്ഷിക്കാം.അംഗീകൃത സര്‍വ്വകലാശാല ബിരുദം,ഡി.സി.എ തത്തുല്യം, എം.എസ്.ഓഫീസ്, ഇംഗ്ലീഷ് മലയാളം ടൈപ്പിംങ്ങില്‍ പ്രാവീണ്യം, മൂന്ന് വര്‍ഷത്തെ പ്രവൃത്തി പരിചയമുള്ളവര്‍ക്ക് മുന്‍ഗണന. അപേക്ഷകര്‍ യോഗ്യത, പ്രവൃത്തി പരിചയ സര്‍ട്ടിഫിക്കറ്റ്, ബയോഡേറ്റയുമായി മാര്‍ച്ച് 30 ന് വൈകിട്ട് നാലിനകം ജില്ലാ ലൈഫ് മിഷന്‍ കോ-ഓര്‍ഡിനേറ്റര്‍, ദാരിദ്ര്യ ലഘൂകരണ വിഭാഗം, സിവില്‍ സ്റ്റേഷന്‍, പാലക്കാട് – 678001 വിലാസത്തില്‍ അപേക്ഷ നല്‍കണം. കവറിന് മുകളില്‍ ലൈഫ് മിഷന്‍ ഡാറ്റ എന്‍ട്രി ഓപ്പറേറ്റര്‍-കം-മള്‍ട്ടി ടാസ്‌ക് പേഴ്‌സണ്‍ എന്ന് എഴുതണമെന്ന് ലൈഫ് മിഷന്‍, ജില്ലാ കോര്‍ഡിനേറ്റര്‍ അറിയിച്ചു.
പട്ടികവര്‍ഗ്ഗ വികസന വകുപ്പിന് കീഴില്‍ എസ്.ടി. പ്രൊമോട്ടര്‍ നിയമനത്തിന് ഓണ്‍ലൈനായി അപേക്ഷ നല്‍കിയവരും അഗളി, പുതൂര്‍, ഷോളയൂര്‍ പഞ്ചായത്തുകള്‍ പ്രവര്‍ത്തന മേഖലയായി തിരഞ്ഞെടുത്ത ഉദ്യോഗാര്‍ത്ഥികള്‍ക്കുള്ള എഴുത്ത് പരീക്ഷ മാര്‍ച്ച് 27 ന് രാവിലെ 11 ന് അഗളി ജി.എച്ച്.എസില്‍ നടക്കും. ഉദ്യോഗാര്‍ത്ഥികള്‍ക്ക് അഡ്മിറ്റ് കാര്‍ഡ് ഇ-മെയില്‍, തപാല്‍ മുഖേന നല്‍കിയിട്ടുണ്ട്. അഡ്മിറ്റ് കാര്‍ഡ് ലഭ്യമാകാത്തവര്‍ മാര്‍ച്ച് 26 നകം ബന്ധപ്പെട്ട ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസില്‍ നേരിട്ടെത്തി ഹാള്‍ടിക്കറ്റ് കൈപ്പറ്റണമെന്ന് പ്രൊജക്ട് ഓഫീസര്‍ അറിയിച്ചു.
ചിറ്റൂര്‍ താലൂക്ക് വികസന സമിതി യോഗം ഏപ്രില്‍ രണ്ടിന് രാവിലെ 10.30 ന് ചിറ്റൂര്‍ താലൂക്ക് മിനി സിവില്‍ സ്റ്റേഷന്‍ ഹാളില്‍ ചേരുമെന്ന് തഹസില്‍ദാര്‍ അറിയിച്ചു. ബന്ധപ്പെട്ട ഓഫീസ് മേധാവികള്‍, പ്രതിനിധികള്‍ യോഗത്തില്‍ പങ്കെടുക്കണം.
കെ.എസ്.ആര്‍.ടി.സിയും കെ.എസ്.ഐ.എന്‍.സിയും സംയുക്തമായി നടത്തുന്ന മുന്നാം ഘട്ട ആഡംബര കപ്പല്‍ യാത്ര ഏപ്രില്‍ 9 ന് പാലക്കാട് നിന്ന് ആരംഭിക്കുന്നു. പാലക്കാട് കെ.എസ്.ആര്‍.ടി.സി. ബജറ്റ് ടൂറിസം സെല്‍ മാര്‍ച്ച് 26 ന് രണ്ടാം ഘട്ട കപ്പല്‍ യാത്ര നടത്തും. പത്തു വയസ്സിന് മുകളിലുള്ളവര്‍ക്ക് 3499 രൂപയും, അഞ്ചിനും, പത്തിനും ഇടയിലുള്ളവര്‍ക്ക് 1999 രൂപയുമാണ് നിരക്ക്. അഞ്ച് വയസ്സില്‍ താഴെയുള്ളവര്‍ക്ക് യാത്ര സൗജന്യമാണ്. യാത്രയില്‍ പങ്കെടുക്കുന്നവര്‍ നിര്‍ബന്ധമായും ആധാര്‍ കാര്‍ഡ് കയ്യില്‍ കരുതണം, ബുക്കിംഗ് സമയത്ത് ആധാറിന്റെ പകര്‍പ്പ് നല്‍കേണ്ടതാണ്. അഞ്ച് വയസ്സില്‍ താഴെയുള്ളവരുടെ തിരിച്ചറിയല്‍ രേഖയും നിര്‍ബന്ധമാണ്.യാത്ര ഏപ്രില്‍ 9 ന് ഉച്ചയ്ക്ക് 1.30 ന് പാലക്കാട് കെ.എസ്.ആര്‍.ടി.സി ബസ്സ് സ്റ്റേഷനില്‍ നിന്നും പുറപ്പെട്ട് അഞ്ച് മണിയോടെ എറണാകുളം എത്തിച്ചേര്‍ന്ന്, വൈകിട്ട് 5.30 മുതല്‍ 10.30 വരെ അഞ്ച് മണിക്കൂര്‍ നേരം ആഡംബര കപ്പല്‍ യാത്രയോടൊപ്പമുള്ള വിവിധ വിനോദങ്ങള്‍ ആസ്വദിച്ച്, സൂര്യാസ്തമയം, അത്താഴം കഴിഞ്ഞ് രാത്രി 10 ഓടെ മടങ്ങുകയും പുലര്‍ച്ചെ 2.30 ഓടെ പാലക്കാട് തിരികെ എത്തുന്ന വിധമാണ് യാത്ര ക്രമീകരിച്ചിരിക്കുന്നത്. കൂടുതല്‍ വിവരങ്ങള്‍ക്കും ബുക്കിംഗിനുമായി 871 4062 425, 9947086128 രാവിലെ 10 മുതല്‍ വൈകിട്ട് അഞ്ചിനും ഇടയില്‍ ബന്ധപ്പെടാം.
ഭാരതപ്പുഴയിലെ ജല ലഭ്യതയ്ക്കായി കാഞ്ഞിരപ്പുഴ ഡാമിന്റെ റിവര്‍ സ്ലുയിസ് മാര്‍ച്ച് 26 ന് രാവിലെ 10 ന് 30 സെന്റീമീറ്റര്‍ തുറക്കുമെന്ന് എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ അറിയിച്ചു. പുഴയില്‍ ജലനിരപ്പ് ഉയരാന്‍ സാധ്യതയുള്ളതിനാല്‍ പുഴയുടെ തീരപ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ ജാഗ്രതപാലിക്കണം.